ഫോളോ ചെയ്യാം

Monday, 3 November 2025

380 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 120- دروس الحديث - നിര്‍ബന്ധ നമസ്കാരം ആവര്‍ത്തിച്ച് നമസ്കരിക്കല്‍

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

നിര്‍ബന്ധ നമസ്കാരം ആവര്‍ത്തിച്ച് നമസ്കരിക്കല്‍

120 - عَنْ جَابِرِ بْنِ عَبْدِ اللَّهِ (أَنَّ مُعَاذَ بْنَ جَبَلٍ: كَانَ يُصَلِّي مَعَ رَسُولِ اللهِ صلى الله عليه وسلم عِشَاءَ الآخِرَةِ. ثُمَّ يَرْجِعُ إلَى قَوْمِهِ، فَيُصَلِّي بِهِمْ تِلْكَ الصَّلاةَ) .

ജാബിര്‍ ബ്നു അബ്ദില്ലാ رضي الله عنهما യില്‍ നിന്ന് നിവേദനം: മുആദ് ബ്നു ജബല്‍ رضي الله عنه അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم ക്കൊപ്പം ഇശാഅ' നമസ്കാരം നമസ്കരിക്കുമായിരുന്നു. ശേഷം അദ്ദേഹം തന്‍റെ ആളുകളിലേക്ക്  മടങ്ങിപ്പോവുകയും, അവര്‍ക്ക് ആ നമസ്കാരം ഇമാമായി നമസ്കരിക്കുകയും ചെയ്യുമായിരുന്നു."

വിവരണം

    ഈ ഹദീസില്‍, ജാബിര്‍ ബിന്‍ അബ്ദുല്ല (റ) വിവരിക്കുന്നത്: "മുആദ് ബിന്‍ ജബല്‍ (റ) അല്ലാഹുവിന്‍റെ റസൂല്‍ (സ) യുടെ കൂടെ عِشَاء الآخِرَةِ 'ഇശാഉല്‍ ആഖിറ' (അവസാനത്തെ ഇശാ) നമസ്കരിക്കുമായിരുന്നു".  മഗ്‌രിബ് നമസ്കാരത്തില്‍ നിന്ന് ഇശാഅ' നമസ്കാരത്തെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇപ്രകാരം പ്രയോഗിച്ചത്. കാരണം അവര്‍ (ആദ്യകാലത്ത്) മഗ്‌രിബിനെയും 'ഇശാഅ' എന്ന് വിളിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ജനത (അദ്ദേഹം ഇമാമായി) അവര്‍ക്ക് ഇശാഅ' നമസ്കരിക്കാന്‍ വേണ്ടി അദ്ദേഹം വരുന്നത് വരെ കാത്തിരിക്കുമായിരുന്നു. 

    "അത് അദ്ദേഹത്തിന് സുന്നത്തും" അതായത്, ഐച്ഛികമായ (നഫ്ല്‍) നമസ്കാരമായിരുന്നു. അദ്ദേഹം ഫര്‍ള് (നിര്‍ബന്ധ) നമസ്കാരം നബി (സ) യുടെ കൂടെ നമസ്കരിച്ചു കഴിഞ്ഞിരുന്നതിനാലാണ് അങ്ങനെ ആവുന്നത്. "ജനങ്ങള്‍ക്ക് അത് നിര്‍ബന്ധ നമസ്കാരവും" ആയിരുന്നു. 

 ഇമാമിന്‍റെയും പിന്നില്‍ നമസ്കരിക്കുന്നവന്‍റെയും നിയ്യത്തുകള്‍ (ലക്ഷ്യങ്ങള്‍) വ്യത്യസ്തമാവുന്നത് അനുവദനീയമാണോ എന്ന കാര്യത്തില്‍ കര്‍മ്മശാസ്ത്ര പണ്ഡിതര്‍ (ഫുഖഹാക്കള്‍)ക്കിടയില്‍ പല അഭിപ്രായങ്ങളുണ്ട് (മദ്ഹബുകളുണ്ട്).

    അതില്‍ ഏറ്റവും വിശാലമായ അഭിപ്രായം, അത് നിരുപാധികം അനുവദനീയമാണ് എന്നതാണ്.

    അതനുസരിച്ച്, ഫര്‍ള് നമസ്കരിക്കുന്നവന് സുന്നത്ത് നമസ്കരിക്കുന്നവനെ തുടര്‍ന്ന് നമസ്കരിക്കാം, അതിന്‍റെ വിപരീതവും (സുന്നത്ത് നമസ്കരിക്കുന്നവന് ഫര്‍ള് നമസ്കരിക്കുന്നവനെ തുടരലും) അനുവദനീയമാണ്. അതുപോലെ, ഖളാഅ് (നഷ്ടപ്പെട്ട നമസ്കാരം) വീട്ടുന്നവന് അദാഅ് (യഥാസമയം) നമസ്കരിക്കുന്നവനെ തുടരാം, അതിന്‍റെ വിപരീതവും ആകാം.

    (ഇമാമിന്‍റെയും മഅ്മൂമിന്‍റെയും) രണ്ട് നമസ്കാരങ്ങളും ഒന്നായാലും അല്ലെങ്കിലും ശരി, (നമസ്കാരത്തിന്‍റെ) ബാഹ്യമായ കര്‍മ്മങ്ങളില്‍ (പ്രവൃത്തികളില്‍) വ്യത്യാസമുണ്ടാവരുത് എന്നതൊഴിച്ചാല്‍ (ഈ തുടര്‍ച്ച സാധുവാണ്). ഇതാണ് ശാഫി മദ്ഹബ് (ഇമാം ശാഫിഈ رحمه الله യുടെ അഭിപ്രായം).

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ജമാഅത്ത് നമസ്കാരം  അതിന്‍റെ ആദ്യ സമയത്തില്‍ നിന്ന് പിന്തിക്കാതിരിക്കുക.
2- ഈ ഹദീസില്‍ ആരാധനാപരമായ കാര്യങ്ങളില്‍ ജനങ്ങളുടെ അവസ്ഥകള്‍ പരിഗണിക്കാനുള്ള പ്രോത്സാഹനമുണ്ട്.
3- ഇമാമിന്‍റെയും മഅ്മൂമിന്‍റെയും നിയ്യത്തുകള്‍ വ്യത്യസ്തമാവാന്‍ പാടുണ്ട്: ഇവിടെ മുആദ് رضي الله عنه വിന്‍റെ നമസ്കാരം സുന്നത്തും, അദ്ദേഹത്തെ തുടര്‍ന്ന് നമസ്കരിക്കുന്ന ജനങ്ങളുടെ നമസ്കാരം ഫര്‍ളും ആയിരുന്നു. ഫര്‍ള് നമസ്കരിക്കുന്നവര്‍ സുന്നത്ത് നമസ്കരിക്കുന്നവരെ തുടര്‍ന്ന് നമസ്കരിക്കുന്നത് സാധുവാകുമെന്നതിന് ഇത് തെളിവാണ്.
4- ആവശ്യമെങ്കില്‍ ഒരു നമസ്കാരം തന്നെ വ്യത്യസ്ത നിയ്യത്തുകളോടെ രണ്ട് തവണ നിര്‍വഹിക്കാം: മുആദ് رضي الله عنه ഇശാ നമസ്കാരം ഫര്‍ള് എന്ന നിയ്യത്തില്‍ നബി صلى الله عليه وسلم യുടെ പിന്നിലും, ശേഷം സുന്നത്ത് എന്ന നിയ്യത്തില്‍ (തന്‍റെ ജനതയ്ക്ക് ഇമാമായും നമസ്കരിച്ചു.
5- ജമാഅത്ത് നമസ്കാരത്തിന്‍റെ ശ്രേഷ്ഠതയും അതിലുള്ള താല്‍പര്യവും: ആദ്യം നബി صلى الله عليه وسلم യുടെ കൂടെ നമസ്കരിക്കാനുള്ള മുആദ് رضي الله عنه വിന്‍റെ താല്‍പര്യത്തിലും, പിന്നീട് തന്‍റെ ജനതയ്ക്ക് ഇമാമായി ജമാഅത്ത് നടത്താനുള്ള അദ്ദേഹത്തിന്‍റെ താല്‍പര്യത്തിലും, അതുപോലെ അദ്ദേഹത്തെ കാത്ത് നിന്ന് അദ്ദേഹത്തിന്‍റെ കൂടെ ജമാഅത്തായി നമസ്കരിക്കാനുള്ള ജനങ്ങളുടെ താല്‍പര്യത്തിലും ഇത് വ്യക്തമാവുന്നു.
6- നബി صلى الله عليه وسلم യുടെ പിന്നില്‍ ഫര്‍ള് നമസ്കരിക്കാന്‍ മുആദ് رضي الله عنه താല്പര്യപ്പെട്ടതില്‍ നിന്ന് ഏറ്റവും ശ്രേഷ്ഠനും, വിവരമുള്ളവനും, അല്ലാഹുവിനെ ഭയപ്പെടുന്നവനുമായ ഇമാമിന്‍റെ പിന്നില്‍ നമസ്കരിക്കുന്നത് അഭികാമ്യമാണ് എന്ന് അറിയിക്കുന്നു.
7- മുആദ് رضي الله عنه മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍ താമസിച്ചിരുന്ന തന്‍റെ ജനതയുടെ (ബനൂ സലമ) സ്ഥിരം ഇമാം ആയിരുന്നു.
8- ഒരേ നാട്ടില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഒന്നിലധികം ജമാഅത്തുകള്‍ ആകാം: നബി صلى الله عليه وسلم യുടെ പള്ളിയില്‍ ഒരു ജമാഅത്തും, മുആദ് رضي الله عنه വിന്‍റെ ജനതയുടെ പള്ളിയില്‍ മറ്റൊരു ജമാഅത്തും നടന്നു. ഇത് വ്യത്യസ്ത പള്ളികളിലായി ഒന്നിലധികം ജമാഅത്തുകള്‍ സംഘടിപ്പിക്കാം എന്നതിന് തെളിവാണ്.
9- അറിവ് തേടുകയും പിന്നീട് അത് ജനങ്ങളിലേക്ക് പകരുകയും ചെയ്യുന്നതിന്‍റെ ശ്രേഷ്ഠത: മുആദ് رضي الله عنه നബി صلى الله عليه وسلم യില്‍ നിന്ന് അറിവ് പഠിക്കുകയും, ശേഷം തന്‍റെ ജനതയിലേക്ക് മടങ്ങിപ്പോയി അവര്‍ക്ക് ആ അറിവും കര്‍മ്മവും പകര്‍ന്നു കൊടുക്കുകയും ചെയ്തിരുന്നു.
10- ഇശാഅ' നമസ്കാരത്തെ "ഇശാഉല്‍ ആഖിറ" (അവസാനത്തെ ഇശാഅ') എന്ന് വിളിക്കാവുന്നതാണ്‌. നേരത്തെ വിശദീകരണത്തില്‍ പറഞ്ഞതുപോലെ, മഗ്‌രിബ് നമസ്കാരത്തില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ വേണ്ടിയായിരുന്നു ഇത്. കാരണം അവര്‍ മഗ്‌രിബിനെ "ഇശാഉല്‍ ഊലാ" (ആദ്യത്തെ ഇശാഅ') എന്നും വിളിക്കാറുണ്ടായിരുന്നു.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...