عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
യാത്രയിൽ
നമസ്കാരം ചുരുക്കൽ (ഖസ്റ്)
بابُ قصرِ الصلاة في السفرِ
139 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي
الله عنهما قَالَ: ((صَحِبْتُ رَسُولَ اللَّهِ صلى الله عليه وسلم فَكَانَ لا
يَزِيدُ فِي السَّفَرِ عَلَى رَكْعَتَيْنِ، وَأَبَا بَكْرٍ وَعُمَرَ وَعُثْمَانَ
كَذَلِكَ)) .
അബ്ദുല്ലാഹ് ഇബ്നു ഉമർ رضي الله عنهما വിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: "ഞാൻ അല്ലാഹുവിൻ്റെ റസൂല്‍ صلى الله عليه وسلم യോടൊപ്പം സഹവസിച്ചിട്ടുണ്ട് (യാത്ര ചെയ്തിട്ടുണ്ട്). യാത്രയിൽ അവിടുന്ന് രണ്ട് റക്അത്തിൽ കൂടുതൽ (നമസ്കാരം) വർദ്ധിപ്പിക്കാറുണ്ടായിരുന്നില്ല. അബൂബക്കര്‍ رضي الله عنه വും ഉമര്‍ رضي الله عنه വും ഉസ്മാന്‍ رضي الله عنه വും അതുപോലെത്തന്നെയായിരുന്നു (ചെയ്തിരുന്നത്)."
വിവരണം
ഇസ്‌ലാം ഉദാരമായ (വിട്ടുവീഴ്ചയുള്ള) മതമായതിനാൽ, ജനങ്ങൾക്ക് അവരുടെ മതപരവും ഭൗതികവുമായ കാര്യങ്ങൾ എളുപ്പമാക്കുന്ന കാര്യങ്ങളിൽ നിന്ന് അത് മാറിനിന്നിട്ടില്ല. ഈ എളുപ്പമാക്കലിന്‍റെ ഭാഗമായാണ്, അല്ലാഹു തൻ്റെ അടിമകൾക്ക് നിർബന്ധമാക്കിയ കാര്യങ്ങൾ (ഫർളുകൾ) നിർവ്വഹിക്കുന്നത് ലഘൂകരിക്കുന്നതിന്, റബ്ബിൽ നിന്നുള്ള ഒരു സമ്മാനമായി ഇളവുകൾ വന്നത്.
ഈ ഹദീസിൽ അബ്ദുല്ലാഹ് ഇബ്നു ഉമർ رضي الله عنهما പറയുന്നു: അദ്ദേഹം നബി صلى الله عليه وسلم യോടൊപ്പം സഹവസിച്ചിട്ടുണ്ട് (യാത്ര ചെയ്തിട്ടുണ്ട്). അവിടുന്ന് യാത്രയിൽ രണ്ട് റക്അത്തിൽ കൂടുതൽ വർദ്ധിപ്പിക്കാറുണ്ടായിരുന്നില്ല. അതായത്, നാല് റക്അത്തുള്ള നമസ്കാരങ്ങളായ ളുഹ്‌ർ, അസ്ർ, ഇശാഅ് എന്നിവ ചുരുക്കി (ഖസ്റാക്കി) രണ്ട് റക്അത്തായിട്ടാണ് അവിടുന്ന് നമസ്കരിച്ചിരുന്നത്. എന്നാൽ മഗ്'രിബ് നമസ്കാരം അത് മൂന്ന് റക്അത്തായി തന്നെ നമസ്കരിക്കും. അദ്ദേഹം (യാത്രയിൽ) റവാത്തിബ് സുന്നത്തുകൾ (ഫർളിന് മുമ്പും പിമ്പുമുള്ള സുന്നത്തുകൾ) നമസ്കരിക്കാറുണ്ടായിരുന്നില്ല.
അബൂബക്കർ رضي الله عنه, ഉമർ رضي الله عنه, ഉസ്മാൻ رضي الله عنه എന്നിവരും -അവരവരുടെ ഭരണകാലഘട്ടങ്ങളിൽ- നബി صلى الله عليه وسلم യുടെ ചര്യ പിൻപറ്റിക്കൊണ്ട് യാത്രയിൽ നമസ്കാരം ചുരുക്കാറുണ്ടായിരുന്നു.
എന്നാൽ ബുഖാരിയിലും മുസ്‌ലിമിലും വന്ന മറ്റൊരു നിവേദനത്തിൽ, ഇബ്നു ഉമർ رضي الله عنهما ഉസ്മാന്‍ رضي الله عنه വിനെ കുറിച്ച് ഇപ്രകാരം പറയുന്നുണ്ട്: "തൻ്റെ ഭരണത്തിൻ്റെ ആദ്യകാലത്ത് അദ്ദേഹം രണ്ട് റക്അത്തായിരുന്നു (യാത്രയിൽ) നമസ്കരിച്ചിരുന്നത്. പിന്നീട് അദ്ദേഹം അത് നാലായി പൂർത്തിയാക്കി നമസ്കരിച്ചു."
ഇതിനെക്കുറിച്ച് (പണ്ഡിതന്മാർ) ഇപ്രകാരം പറഞ്ഞിട്ടുണ്ട്: മക്കയിലെ മിന അല്ലാത്ത ഉസ്മാൻ رضي الله عنه വിൻ്റെ മറ്റ് യാത്രകളെക്കുറിച്ചായിരിക്കാം ഇബ്നു ഉമർ رضي الله عنهما ഈ ഹദീസിൽ (ആദ്യം ചുരുക്കിയിരുന്നു എന്ന്) ഉദ്ദേശിച്ചത്. കാരണം അദ്ദേഹം പൂർത്തിയാക്കി നമസ്കരിച്ചത് മിനയിൽ വെച്ചായിരുന്നു. അല്ലെങ്കിൽ ഇങ്ങനെയും പറയപ്പെട്ടിട്ടുണ്ട്: അദ്ദേഹം (യാത്രയിൽ) ഒരിടത്ത് ഇറങ്ങി താമസിക്കുകയാണെങ്കിൽ പൂർത്തിയാക്കി നമസ്കരിക്കും,സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ചുരുക്കി നമസ്കരിക്കും.
(യാത്രയിൽ സുന്നത്തുകൾ ഒഴിവാക്കാം എന്ന) ഈ സാമാന്യനിയമത്തിൽ നിന്ന് ഫജ്റിലെ (സുബ്ഹിയിലെ) രണ്ട് റക്അത്ത് സുന്നത്ത് ഒഴിവാക്കപ്പെട്ടിരിക്കുന്നു. നബി رضي الله عنه യാത്രയിൽ അത് ഉപേക്ഷിക്കാറുണ്ടായിരുന്നില്ല. ഒരിക്കൽ യാത്രയിൽ സൂര്യൻ ഉദിക്കുന്നത് വരെ ഉറങ്ങിപ്പോയപ്പോൾ പോലും അദ്ദേഹം അത് ഖളാഅ് വീട്ടിയിട്ടുണ്ട് (അബൂ ഹുറൈറ رضي الله عنه വിൽ നിന്ന് മുസ്‌ലിം റിപ്പോർട്ട് ചെയ്തതുപോലെ).
അതുപോലെത്തന്നെയാണ് വിത്ർ നമസ്കാരവും. നബി صلى الله عليه وسلم യാത്രയിൽ ഒട്ടകപ്പുറത്ത് വെച്ച് വിത്ർ നമസ്കരിക്കാറുണ്ടായിരുന്നു (ബുഖാരിയിലും മുസ്‌ലിമിലും ഇബ്നു ഉമര്‍ رضي الله عنهما യിൽ നിന്ന് വന്നതുപോലെ).
ഒരു മനുഷ്യൻ യാത്രയിലായിരിക്കുന്നിടത്തോളം കാലം, ആ യാത്ര എത്ര നീണ്ടുപോയാലും അവൻ രണ്ട് റക്അത്താണ് (ചുരുക്കി) നമസ്കരിക്കേണ്ടത്. "ഞാൻ നബി صلى الله عليه وسلم യോടൊപ്പം യാത്രയിൽ സഹവസിച്ചിട്ടുണ്ട്, അവിടുന്ന് രണ്ട് റക്അത്തിൽ കൂടുതൽ വർദ്ധിപ്പിച്ചിരുന്നില്ല" എന്ന ഇബ്നു ഉമര്‍ رضي الله عنهما യുടെ വാക്കാണ് തെളിവ്. ഇതാണ് സുന്നത്ത്. എന്നാൽ ഒരാൾ (പൂർത്തിയാക്കി നമസ്കരിക്കുന്ന) ഇമാമിന് പിന്നിലാണ് നമസ്കരിക്കുന്നതെങ്കിൽ അവൻ പൂർത്തിയാക്കി നമസ്കരിക്കണം. ഇമാമിനെ പിന്തുടർന്നുകൊണ്ട് നമസ്കരിക്കുമ്പോള്‍ പൂർത്തിയാക്കൽ നിർബന്ധമാണ്.
യാത്രയിൽ നമസ്കാരം ചുരുക്കുക (ഖസ്റ്) എന്നത് നബി صلى الله عليه وسلم യുടെയും സച്ചരിതരായ ഖലീഫമാരുടെയും ചര്യയായിരുന്നു (സുന്നത്തായിരുന്നു). അബ്ദുല്ലാഹി ബ്നു ഉമർ رضي الله عنهما മൂന്ന് ഖലീഫമാരെ (അബൂബക്കർ رضي الله عنه, ഉമർ رضي الله عنه, ഉസ്മാൻ رضي الله عنه) എണ്ണിപ്പറഞ്ഞിട്ടുണ്ട്. ഉസ്മാന്‍ رضي الله عنه വിനെ കുറിച്ച് "അല്ലാഹു അദ്ദേഹത്തെ മരിപ്പിക്കുന്നത് വരെ" എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്, അദ്ദേഹം യാത്രയിലായിരിക്കുമ്പോൾ (ചുരുക്കിയിരുന്നു) എന്നാണ്. എന്നാൽ മിനയിലെ വിഷയം ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണ്. കാരണം ഉസ്മാൻ رضي الله عنه തന്‍റെ ഭരണത്തിന്‍റെ അവസാന കാലത്ത് (മിനയിൽ) നമസ്കാരം പൂർത്തിയാക്കിയിരുന്നു.
നബി صلى الله عليه وسلم യുടെ എല്ലാ പ്രവർത്തികളിലും അദ്ദേഹത്തെ മാതൃകയാക്കണം. (തെളിവില്ലാതെ) ഇത് നബിക്ക് മാത്രം ബാധകമായ 'പ്രത്യേകതയാണ്' (ഖുസ്വൂസിയ്യത്ത്) എന്ന വാദത്തിന് ഇവിടെ പ്രസക്തിയില്ല. കാരണം നബി صلى الله عليه وسلم യെ മാതൃകയാക്കുക എന്നതാണ് അടിസ്ഥാന നിയമം. തെളിവ് വരുന്നത് വരെ ഒരു കാര്യവും നബി صلى الله عليه وسلم ക്ക് മാത്രമുള്ള പ്രത്യേകതയാണെന്ന് പറയാൻ പാടില്ല.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1. യാത്രയിൽ നാല് റക്അത്തുള്ള നമസ്കാരങ്ങൾ (ളുഹ്‌ർ, അസ്ർ, ഇശാഅ്) രണ്ട് റക്അത്തായി ചുരുക്കി നമസ്കരിക്കുന്നത് നബിചര്യയാണ് (സുന്നത്ത്). നബി صلى الله عليه وسلم യും, അബൂബക്കർ رضي الله عنه, ഉമർ رضي الله عنه, ഉസ്മാൻ رضي الله عنه തുടങ്ങിയ ഖലീഫമാരും ഇത് പിന്തുടർന്നിരുന്നു.
2. യാത്രക്കാർക്ക് അവരുടെ പ്രയാസങ്ങൾ ലഘൂകരിക്കാൻ അല്ലാഹു നൽകിയ ഇളവാണ് ഖസ്റ്. ഇസ്‌ലാം പ്രയാസങ്ങളുടെ മതമല്ല, മറിച്ച് എളുപ്പമുള്ള മതമാണെന്ന് ഇത് തെളിയിക്കുന്നു.
3. യാത്രയിൽ ഫർള് നമസ്കാരങ്ങൾ ചുരുക്കുന്നതോടൊപ്പം, റവാത്തിബ് സുന്നത്തുകൾ (ളുഹ്‌ർ, അസ്ർ, ഇശാഅ് എന്നിവയുടെ കൂടെയുള്ള സുന്നത്തുകൾ) ഒഴിവാക്കാവുന്നതാണ്. നബി صلى الله عليه وسلم യാത്രയിൽ അവ നമസ്കരിച്ചിരുന്നില്ല. എന്നാൽ സുബ്ഹിയുടെ സുന്നത്തും വിത്ർ നമസ്കാരവും യാത്രയിലും ഒഴിവാക്കാതിരിക്കല്‍ ഉത്തമമാണ്.
4. യാത്രക്കാരൻ പൂർത്തിയാക്കി നമസ്കരിക്കുന്ന ഒരു ഇമാമിന് (മുഖീമായ ഇമാം) പിന്നിലാണ് നമസ്കരിക്കുന്നതെങ്കിൽ, ഇമാമിനെ പിൻതുടര്‍ന്ന്‍ 4 റക്അത്തും പൂർത്തിയാക്കിത്തന്നെ നമസ്കരിക്കണം.
5. ഫജ്ര്‍ നമസ്കാരം, മഗ്'രിബ് നമസ്കാരം എന്നിവ ചുരിക്കി നമസ്കരിക്കാന്‍ പാടില്ല. ഫജ്ര്‍ നമസ്കാരം ജംഅ' ചെയ്യാനും പാടുള്ളതല്ല.

No comments:
Post a Comment