عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഖുത്ബയുടെ വേളയില്‍ സംസാരിക്കല്‍
143 - عَنْ أَبِي هُرَيْرَةَ رضي الله عنه: أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: ((إذَا قُلْتَ
لِصَاحِبِكَ: أَنْصِتْ يَوْمَ الْجُمُعَةِ وَالإِمَامُ يَخْطُبُ - فَقَدْ
لَغَوْتَ)) .
അബൂ ഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "വെള്ളിയാഴ്ച ഇമാം ഖുതുബ നിർവ്വഹിച്ചു കൊണ്ടിരിക്കെ നിൻ്റെ കൂടെയുള്ളവനോട് 'മിണ്ടാതിരിക്കൂ' എന്ന് നീ പറഞ്ഞാൽ, നീ അനാവശ്യം പ്രവർത്തിച്ചു."
لَغَوْتَ - അനാവശ്യം പ്രവർത്തിച്ചു): അതായത്, ഉപകാരമില്ലാത്ത മോശമായ സംസാരം നീ സംസാരിച്ചു.
വിവരണം
ജുമുഅക്ക് ഒരു മുസ്‌ലിം പാലിക്കേണ്ട ചില മര്യാദകളുണ്ട്. ഈ മര്യാദകളിൽ പെട്ടതാണ്: ഖത്വീബ് ഖുത്ബ നിർവ്വഹിക്കുമ്പോൾ നിശബ്ദനായി ശ്രദ്ധിക്കുക എന്നത്. ഈ ഹദീസിൽ നബി صلى الله عليه وسلم ആ കാര്യം ഉണർത്തിയിട്ടുണ്ട്.
അവിടുന്ന് പറഞ്ഞു: "വെള്ളിയാഴ്ച ഇമാം ഖുത്ബ നിർവ്വഹിച്ചുകൊണ്ടിരിക്കെ, ഖുത്ബ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് നിന്‍റെ കൂട്ടുകാരനോട് 'നീ മിണ്ടാതിരിക്കൂ' (ശ്രദ്ധിക്കൂ) എന്ന് പറഞ്ഞാൽ, നീയും അനാവശ്യം (لَغْو) പ്രവർത്തിച്ചു."
അവനെ 'സ്വാഹിബ്' (കൂട്ടുകാരൻ) എന്ന് വിളിക്കാൻ കാരണം, ഖുത്ബയുടെ വേളയില്‍ അവൻ ഇയാളോട് കൂട്ടുചേർന്നു ഇരിക്കുന്നത് കൊണ്ടാണ്.
'لَغْو' എന്നാൽ അസാധുവായ, നിലവാരമില്ലാത്ത സംസാരമാണ്. അതുകൊണ്ട് ഉദ്ദേശിക്കുന്നത്: നീ ഖുത്ബ സമയത്ത് അനാവശ്യമായ കാര്യമാണ് പ്രവർത്തിച്ചത് എന്നാണ്.
ഖുത്ബയുടെ സമയത്തുള്ള എല്ലാത്തരം സംസാരങ്ങളെയും ഇതിൽ വിരോധിച്ചിരിക്കുന്നു. അത് മറ്റുള്ളവർക്ക് ഉപദേശം നൽകുന്നതാണെങ്കിൽ പോലും, അല്ലെങ്കിൽ കുറഞ്ഞ സംസാരമാണെങ്കിൽ പോലും (അത് പാടില്ല).
"മിണ്ടാതിരിക്കൂ" എന്ന പദം പ്രത്യേകം എടുത്തുപറയാൻ കാരണം, അതൊരു വലിയ സംസാരമല്ല എന്നതുകൊണ്ടും, അതിൽ 'നന്മ കൽപ്പിക്കൽ' ഉണ്ട് എന്നതുകൊണ്ടുമാണ്. അത് അനുവദിച്ചിട്ടില്ലെങ്കിൽ, അതിനേക്കാൾ കൂടുതൽ സംസാരിക്കുന്നതും, നന്മ കൽപ്പിക്കലില്ലാത്തതുമായ മറ്റ് സംസാരങ്ങൾ അനുവദിക്കപ്പെടില്ല എന്നത് തീർച്ചയാണല്ലോ.
എന്നാൽ ആളുകൾ സംസാരിക്കുകയും അവരെ മിണ്ടാതിരുത്താതെ ഖുത്ബ കേൾക്കാൻ സാധിക്കാത്ത അവസ്ഥയുമാണെങ്കിൽ, അവര്‍ മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അടുത്തുള്ളവന് ആംഗ്യം കാണിക്കാവുന്നതാണ്. ആംഗ്യം കൊണ്ട് അവർ നിർത്തിയില്ലെങ്കിൽ, വളരെ ചുരുങ്ങിയ വാക്കുകളിൽ അവരോട് സംസാരിക്കാവുന്നതാണ്. കാരണം "മിണ്ടാതിരിക്കൂ" എന്ന് പറയുന്നത് വിരോധിച്ചതിന്‍റെ യുക്തി തന്നെ, ജനങ്ങൾ ഖുതുബ കേൾക്കണം എന്നതാണല്ലോ (സംസാരം കാരണം കേൾക്കാൻ പറ്റുന്നില്ലെങ്കിൽ അത് തടയണം).
ലജ്നത്തുദ്ദാഇമയുടെ ഫത്'വകളിൽ (8/242) ഇപ്രകാരം വന്നിരിക്കുന്നു:
"പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിൽ വെച്ച് ശരിയായത് അനുസരിച്ച്, ഇമാം ഖുത്ബ നിർവ്വഹിക്കുമ്പോൾ തുമ്മിയവന് മറുപടി പറയലോ, സലാം മടക്കലോ അനുവദനീയമല്ല. കാരണം അത് രണ്ടും 'സംസാരം' ആണ്. ഇമാം ഖുത്ബ നിർവ്വഹിക്കുമ്പോൾ സംസാരിക്കുന്നത്, ഹദീസിലെ പൊതുവായ വിധി പ്രകാരം നിഷിദ്ധമാണ്."
അതുപോലെ അതിൽ (8/243) ഇപ്രകാരം വന്നിരിക്കുന്നു:
"വെള്ളിയാഴ്ച ഇമാം ഖുത്ബ നിർവ്വഹിച്ചുകൊണ്ടിരിക്കെ ഒരാൾ പള്ളിയിൽ പ്രവേശിക്കുകയും, അയാൾക്ക് ഖുത്ബ കേൾക്കാൻ കഴിയുന്നുണ്ടെങ്കിൽ (ഖുത്ബ നടന്നു കൊണ്ടിരിക്കേ), പള്ളിയിലുള്ളവരോട് സലാം പറയാൻ തുടങ്ങുന്നത് അനുവദനീയമല്ല. അതുപോലെ, ഇമാം ഖുത്ബ നടത്തി കൊണ്ടിരിക്കെ പള്ളിയിലുള്ളവർക്ക് അത് മടക്കാനും പാടുള്ളതല്ല."
അതുപോലെ അതിൽ (8/244) ഇപ്രകാരം വന്നിരിക്കുന്നു:
"ജുമുഅ ഖുത്ബ നിർവ്വഹിച്ചുകൊണ്ടിരിക്കെ സംസാരിക്കുന്നത് അനുവദനീയമല്ല; അത്യാവശ്യ കാര്യത്തിന് ഖത്വീബിനോട് സംസാരിക്കുന്നവർക്ക് ഒഴികെ."
ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു:
"ജുമുഅ ഖുത്ബയുടെ സമയത്ത് സലാം പറയുന്നത് ഹറാമാണ് (നിഷിദ്ധമാണ്). അതിനാൽ, ഇമാം പ്രസംഗിച്ചുകൊണ്ടിരിക്കെ ഒരാൾ പള്ളിയിൽ പ്രവേശിച്ചാൽ അയാൾ സലാം പറയാൻ പാടില്ല. അത് മടക്കുന്നതും ഹറാമാണ്." (ഫതാവ ഇബ്നു ഉസൈമീൻ 16/100).
'ലഗ്‌വ്' (അനാവശ്യ കാര്യം) എന്നത് സംസാരം കൊണ്ടും പ്രവൃത്തി കൊണ്ടും ഉണ്ടാകാം. സ്വഹീഹ് മുസ്‌ലിമിൽ അബൂ ഹുറൈറ رضي الله عنه വിൽ നിന്നുള്ള ഹദീസിൽ, നബി صلى الله عليه وسلم പറഞ്ഞു:
"ആരെങ്കിലും വുളൂഅ് ചെയ്യുകയും അത് നന്നാക്കുകയും, ശേഷം ജുമുഅക്ക് വരികയും, (ഖുത്ബ) കേൾക്കുകയും മൗനം പാലിക്കുകയും ചെയ്താൽ, അവനും അടുത്ത ജുമുഅക്കും ഇടയിലുള്ളതും കൂടാതെ മൂന്ന് ദിവസത്തെയും (പാപങ്ങൾ) അവന് പൊറുക്കപ്പെടും. ആരെങ്കിലും (തറയിലെ) ചരൽക്കല്ലുകൾ തൊട്ടാൽ (അതില്‍ അനാവശ്യമായി കളിച്ചാൽ) അവൻ 'ലഗ്‌വ്' പ്രവർത്തിച്ചു." (മുസ്‌ലിം).
അതുകൊണ്ട് ചരൽക്കല്ലുകൾ കൊണ്ടോ, തസ്ബീഹ് മാല കൊണ്ടോ, താക്കോലുകൾ കൊണ്ടോ മറ്റോ കളിക്കുന്നത് 'ലഗ്‌വ്' ആയി പരിഗണിക്കപ്പെടുന്ന അനാവശ്യ പ്രവർത്തിയാണ്.
ചരൽക്കല്ലുകൾ അല്ലാത്ത മറ്റ് ഏത് വസ്തുക്കൾ കൊണ്ട് കളിക്കുന്നതും ഇതിന്‍റെ അർത്ഥത്തിൽ തന്നെയാണ് വരുന്നത്. ഉദാഹരണത്തിന് വാച്ച്, മൊബൈൽ ഫോൺ തുടങ്ങിയ ഉപകരണങ്ങൾ കൊണ്ട് കളിക്കുക, അല്ലെങ്കിൽ സിവാക്ക് (പല്ല് തേക്കുന്ന കമ്പ്) കൊണ്ട് കളിക്കുക തുടങ്ങിയവയെല്ലാം. ഇവയെല്ലാം ലഗ്‌വിന്‍റെ അർത്ഥത്തിൽ വരുന്ന അനാവശ്യ പ്രവര്‍ത്തനങ്ങളാണ്.
വെള്ളിയാഴ്ച ജനങ്ങളുടെ തോളുകൾ ചാടിക്കടന്ന് പോകുന്നതും അവരെ ഉപദ്രവിക്കുന്നതും 'ലഗ്‌വ്' ആയിട്ടാണ് പരിഗണിക്കപ്പെടുന്നത്. നബി صلى الله عليه وسلم യുടെ വചനം അതിന് തെളിവാണ്: "ആരെങ്കിലും ലഗ്‌വ് പ്രവർത്തിക്കുകയും ജനങ്ങളുടെ തോളുകൾ ചാടിക്കടക്കുകയും ചെയ്താൽ, അത് അവന് ളുഹ്‌ർ (നമസ്കാരം) ആയിട്ടേ ഉണ്ടാവുകയുള്ളൂ (ജുമുഅയുടെ പ്രതിഫലം ലഭിക്കില്ല)." (അബൂ ദാവൂദ്) അൽബാനി ഈ ഹദീസിനെ 'ഹസൻ' എന്ന് വിശേഷിപ്പിച്ചു.
ഇമാം ഖുത്ബ നിർവ്വഹിക്കുമ്പോൾ ചരൽക്കല്ലുകൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നതും, കൈവിരലുകൾ ഞൊട്ടൊടിക്കുന്നതും ഇക്'രിമ വിരോധിക്കാറുണ്ടായിരുന്നു. (അബ്ദുറസാഖ്).
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- ഈ ഹദീസില്‍ ഖുത്ബ ശ്രദ്ധിക്കാതിരിക്കുന്നതിനും, മറ്റുകാര്യങ്ങളിൽ ഏർപ്പെടുന്നതിനും എതിരെയുള്ള താക്കീതുണ്ട്.

No comments:
Post a Comment