ഒന്നാമതായി വിചാരണ
ചെയ്യപ്പെടുന്ന കര്‍മം
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ
قَالَ: "أَوَّلُ مَا يُحَاسَبُ بِهِ الْعَبْدُ صَلَاتُهُ، فَإِنْ كَانَ أَكْمَلَهَا
وَإِلَّا قَالَ اللَّهُ عَزَّ وَجَلَّ: انْظُرُوا لِعَبْدِي مِنْ تَطَوُّعٍ، فَإِنْ
وُجِدَ لَهُ تَطَوُّعٌ. قَالَ: أَكْمِلُوا بِهِ الْفَرِيضَةَ"-رواه النسائي، صحيح
അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഒരു അടിമക്ക് ഒന്നാമതായി ചോദ്യം ചെയ്യപ്പെടുന്നത് അവന്‍റെ നമസ്കാരമാണ്. അത് പരിപൂര്‍ണമാണെങ്കില്‍ (അവന്‍ വിജയിക്കും), അത് പരിപൂര്‍ണമല്ലെങ്കില്‍ അല്ലാഹു പറയും: എന്‍റെ അടിമക്ക് ഐച്ഛിക കാര്യങ്ങള്‍ ഉണ്ടോ എന്ന് നോക്കൂ.. അവന് ഐച്ഛിക കാര്യങ്ങള്‍ കാണപ്പെട്ടാല്‍ അല്ലാഹു പറയും: അത് കൊണ്ട് (ഐച്ഛിക കാര്യങ്ങള്‍) അവന്‍റെ നിര്‍ബന്ധ നമസ്കാരത്തെ പരിപൂര്‍ണ്ണമാക്കൂ.. (നസാഇ)
വിവരണം
- നിര്‍ബന്ധ നമസ്കാരത്തിന്‍റേയും ഐച്ഛിക കര്‍മങ്ങളുടേയും ശ്രേഷ്ടതയും പ്രാധാന്യവുമറിയിക്കുന്ന ഹദീസ് ആണിത്.
- നമസ്കാരം ഏറ്റവും ശ്രേഷ്ടമായ ആരാധനയാണ്. അതിന്‍റെ കാര്യത്തില്‍ അതീവ കണിശത നാം കാണിക്കേണ്ടതുണ്ട്.
- നമസ്കാരം ഉപേക്ഷിക്കുന്നവന്‍ കാഫിര്‍ (സത്യ നിഷേധി) ആണെന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്.
- പരലോകത്ത് ഒന്നാമതായി വിചാരണ ചെയ്യപ്പെടുന്ന കര്‍മം നമസ്കാരമാണ്. അതില്‍ വിജയിച്ചാല്‍ ബാക്കിയുള്ളവയിലെല്ലാം വിജയിക്കുന്നവനാകും എന്ന് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്. അതില്‍ പരാജിതനായാല്‍ ബാക്കിയുള്ളവയിലും പരാജിതനാകും.
നമസ്കാരത്തിന്‍റെ മറ്റു ചില ശ്രേഷ്ടതകള്‍
1- നമസ്കാരം നീചവൃത്തികളില്‍ നിന്നും തിന്‍മകളില്‍ നിന്നും മനുഷ്യനെ അകറ്റും . അല്ലാഹു പറയുന്നു:
(إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ ) العنكبوت: ٤٥
നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു.
2- രണ്ട് സാക്ഷ്യ വാക്യങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ശ്രേഷ്ടകരമായ കര്‍മം നമസ്കാരമാണെന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്. അബ്ദുല്ലാഹി ബ്നു മസ്ഊദ് رضي اللهُ عنه വിന്‍റെ ചോദ്യത്തിന് മറുപടിയായിട്ടാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അത് വ്യക്തമാക്കിയത്.
3- നമസ്കാരം പാപങ്ങളില്‍ നിന്ന് മനുഷ്യനെ ശുദ്ധമാക്കും. അഞ്ച് നേരം കൃത്യമായി നമസ്കരിക്കുന്നവന്‍റെ മനസ്സില്‍ തിന്‍മകള്‍ ബാക്കിയുണ്ടാവില്ല എന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ നമുക്ക് ബോധ്യമാക്കി തന്നിട്ടുണ്ട്.
4- നിര്‍ബന്ധ നമസ്കാരങ്ങള്‍ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണ്.
5- അഞ്ച് നേരത്തെ നമസ്കാരങ്ങളെ ആരെങ്കിലും സൂക്ഷിച്ച് നിര്‍വ്വഹിക്കുന്നു എങ്കില്‍ അവന് അന്ത്യദിനത്തില്‍ അത് വെളിച്ചവും, പ്രമാണവും, രക്ഷയുമായിരിക്കും. അതിനെ സൂക്ഷിച്ച് ചെയ്യാത്തവര്‍ക്ക് അതൊന്നുമുണ്ടാവുകയില്ലെന്ന് മാത്രമല്ല അവര്‍ അന്ത്യദിനത്തില്‍ അല്ലാഹുവിന്‍റെ ശത്രുക്കളായ ക്വാറൂന്‍, ഫിര്‍ഔന്‍, ഹാമാന്‍, ഉബയ്യു ബ്നു ഖലഫ് എന്നിവരോടൊപ്പമായിരിക്കും എന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്.
6- നമസ്കാരം പദവികള്‍ ഉയര്‍ത്തുകയും പാപങ്ങള്‍ മായ്ച്ച് കളയുകയും ചെയ്യും
7- റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ സഹവാസം സ്വര്‍ഗ്ഗത്തില്‍ ലഭിക്കാന്‍ ധാരാളം സുജൂദ് വര്‍ധിപ്പിക്കാന്‍ റബീഅത്തു ബ്നു കഅബ് അല്‍ അസ്ലമി رضي اللهُ عنه വിനോട് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞതായി ഹദീസിലുണ്ട്. അഥവാ അതിനായി ധാരാളം നമസ്കരിക്കാന്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ കല്‍പിക്കുകയാണുണ്ടായത്.
8- നമസ്കാരത്തിന് പള്ളിയിലേക്ക് പോകുമ്പോഴും വരുമ്പോഴുമെല്ലാം അല്ലാഹു അവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ വിരുന്ന് ഒരുക്കുമെന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഓരോ കാലടി വെക്കുമ്പോഴും നന്‍മകള്‍ വര്‍ദ്ധിക്കുകയും തിന്‍മകള്‍ മാഞ്ഞ് പോവുകയും ചെയ്യും എന്നും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.
9- നമസ്കാരം പ്രതീക്ഷിച്ച് ശുദ്ധിയോടെ പള്ളിയില്‍ ഇരിക്കുന്നവന്‍ അവന്‍ എത്ര സമയം പ്രതീക്ഷിച്ചിരിക്കുന്നുവോ അത്രയും സമയം നമസ്കാരത്തിലെന്ന പോലെയായിരിക്കും. അവന് വേണ്ടി മലക്കുകള്‍ കാരുണ്യത്തിനും, പാപമോചനത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുകയും ചെയ്യും.
ഐച്ഛിക കര്‍മങ്ങള്‍
- ഐച്ഛിക കര്‍മങ്ങള്‍ നമുക്ക് വളരെയധികം വേണ്ടപ്പെട്ടതാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.
- നിര്‍ബന്ധ നമസ്കാരം ഒന്നാമതായി വിചരണക്കെടുക്കുമ്പോള്‍ അതില്‍ വല്ല ന്യൂനതകളുമുണ്ടെങ്കില്‍ അതിനെ പരിഹരിക്കാന്‍ നമ്മുടെ ഐച്ഛിക കര്‍മങ്ങള്‍ മതിയാകുമെന്നാണ് ഈ ഹദീസിലുള്ളത്.
- ഇത് അല്ലാഹു മനുഷ്യര്‍ക്ക് നല്‍കുന്ന വലിയ ഔദാര്യമാണ്.
- വലുതോ ചെറുതോ ആയ ഐച്ഛിക കാര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നമുക്ക് കഴിയണം. അല്ലാഹു പറയുന്നത് നോക്കൂ:
(فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ) الزلزلة: ٧
അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും.
- ഇങ്ങനെ ചെയ്യുന്ന കര്‍മങ്ങള്‍ അവനവന് ഗുണമാണ്. അവരോട് അല്ലാഹു നന്ദി കാണിക്കും. അല്ലാഹു പറയുന്നു:
(وَمَنْ تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ) البقرة: ١٥٨
ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.
( فَمَنْ تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَهُ) البقرة: ١٨٤
എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു.
- വിചാരണയില്‍ വിജയിക്കാന്‍ നമ്മുടെ കര്‍മങ്ങള്‍ മാത്രമാണ് നമുക്ക് തുണയായിട്ടുള്ളത്. ആയതിനാല്‍ നിര്‍ബന്ധ കാര്യങ്ങളും അവയോടൊപ്പം ഐച്ഛിക കാര്യങ്ങളും വര്‍ദ്ധിപ്പിക്കാന്‍ നാം പരിശ്രമിക്കുക.

No comments:
Post a Comment