ഫോളോ ചെയ്യാം

Friday, 14 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 147 دروس الحديث - ഭക്ഷണ മര്യാദ

 


ഭക്ഷണ മര്യാദ

عَنْ أَنَسٍ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَكَلَ طَعَامًا لَعِقَ أَصَابِعَهُ الثَّلَاثَ، قَالَ: وَقَالَ: «إِذَا سَقَطَتْ لُقْمَةُ أَحَدِكُمْ فَلْيُمِطْ عَنْهَا الْأَذَى وَلْيَأْكُلْهَا، وَلَا يَدَعْهَا لِلشَّيْطَانِ»، وَأَمَرَنَا أَنْ نَسْلُتَ الْقَصْعَةَ، قَالَ: «فَإِنَّكُمْ لَا تَدْرُونَ فِي أَيِّ طَعَامِكُمُ الْبَرَكَةُ»- رواه مسلم

അനസ് رضي الله عنه നിവേദനം, നിശ്ചയം നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ തന്‍റെ മൂന്ന് വിരലുകള്‍ നക്കുമായിരുന്നു, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിങ്ങളില്‍ ഒരാളുടെ ഭക്ഷണ ഉരുള നിലത്ത് വീണാല്‍ അതെടുത്ത് അതിലെ ഉപദ്രവം നീക്കി അവനത് ഭക്ഷിക്കട്ടെ, അതിനെ പിശാചിനായി വിട്ടേക്കരുത്. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ഞങ്ങളോട് ഭക്ഷണ തളിക വടിക്കാനും കല്‍പിച്ചു. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിങ്ങളുടെ ഏത് ഭക്ഷണത്തിലാണ് ബറകത് (അനുഗ്രഹം) എന്ന് നിങ്ങള്‍ക്ക് അറിയുകയില്ല. (മുസ്ലിം)

വിവരണം

  • ഭക്ഷണം അല്ലാഹുവിന്‍റെ വലിയ അനുഗ്രഹമാണ്. അതുമായി ബന്ധപ്പെട്ട് നാം ശ്രദ്ധിക്കേണ്ട മര്യാദകളെ കുറിച്ചാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്.
  • ഭക്ഷണം പാഴാക്കി പിശാചിന് സൗകര്യം ചെയ്ത് കൊടുക്കരുത് എന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പഠിപ്പിക്കുന്നു. ഒരു ചെറിയ ഭാഗം പോലും നഷ്ടപ്പെടുത്താതെ ഭക്ഷിക്കണമെന്നാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചിരിക്കുന്നത്.

ഹദീസില്‍ നിന്നുള്ള പാഠങ്ങളും ഭക്ഷണ മര്യാദകളും

1- ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിന് മുമ്പായി കൈ വിരലുകള്‍ നക്കി തുടക്കല്‍.

2- മൂന്ന് വിരലുകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അങ്ങനെ കഴിച്ചിരുന്നു എന്ന് ഹദീസുകളില്‍ കാണാം. അതിന് കഴിയില്ലെങ്കില്‍ ആരും പ്രയാസപ്പെടേണ്ടതുമില്ല.

3- സമ്പത്ത് സംരക്ഷിക്കുന്നതിന് ഇസ്ലാം പ്രാധാന്യം നല്‍കുന്നു, അത് എത്ര കുറച്ചാണെങ്കിലും പാഴാക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്നു.

4- നിലത്ത് വീണ ഭക്ഷണം എടുത്ത് വൃത്തിയാക്കി ഭക്ഷിക്കാന്‍ നിര്‍ദേശിക്കുന്നു. ഇത് ബറകത്തിന് കാരണവും വിനയത്തിന്‍റെ ലക്ഷണവുമാണ്.

5- ഇസ്ലാം വൃത്തിക്ക് പ്രാധാന്യം നല്‍കുന്നു. നിലത്ത് വീണ ഭക്ഷണം വൃത്തിയാക്കി കഴിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

6- മതപരമായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ പിശാചും ഭക്ഷണത്തില്‍ പങ്ക് ചേരും. ബിസ്മി ചൊല്ലലും ഭക്ഷണം പാഴാക്കാതിരിക്കലും സുരക്ഷാ മാര്‍ഗ്ഗങ്ങളില്‍ പെട്ടതാണ്.

7- ജനങ്ങളുടെ നന്‍മകളില്‍ ഇസ്ലാം പരിഗണന നല്‍കുന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ ഹദീസ്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളാണ് മതം അറിയിക്കുന്നത്.

8- നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ സുന്ദരമായ അധ്യപാനമാണ് ഇതിലുള്ളത്. കാര്യങ്ങള്‍ വ്യക്തമായി പഠിപ്പിച്ച് കൊടുക്കുന്ന ശൈലിയാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടേത്. കറഞ്ഞ വാക്കില്‍ വലിയ ആശയങ്ങള്‍ നല്‍കുന്നവയാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ അധ്യാപനങ്ങള്‍.

9- ഭക്ഷണത്തിലൂടെ മനുഷ്യന് ബറകത്തുകള്‍ ലഭിക്കും. ഭക്ഷണത്തിന്‍റെ ഏത് അംശത്തിലൂടെയാണ് അത് ലഭിക്കുക എന്ന് ആര്‍ക്കുമറിയില്ല. ആയതിനാല്‍ ഭക്ഷണം പരിപൂര്‍ണ്ണമായും കഴിക്കണം. വിരലുകളും പാത്രവും നക്കി തുടക്കുകയും വേണം. അത് ബറകത്തിന് കാരണമാകുന്നു.

10- قصعة എന്നാല്‍ പത്ത് ആളുകള്‍ക്ക് കഴിക്കാന്‍ പാകത്തിലുള്ള പാത്രമാണ്. അവര്‍ ഒന്നിച്ച് ഒരു തളികയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവരായിരുന്നു എന്നും, നാം കഴിക്കുന്ന പാത്രത്തിലെ ഭക്ഷണം വടിച്ച് കഴിക്കണമെന്നും നാം മനസ്സിലാക്കണം.

11- ഭക്ഷണമെന്ന അനുഗ്രഹത്തിന് നന്ദി കാണിക്കുന്നതില്‍ പെട്ടതാണ് അതിനെ ആദരിക്കലും അത് പാഴാക്കി കളയാതിരിക്കലും നിലത്ത് വീണാല്‍ അത് എടുക്കലും അതിന് കുഴപ്പമാക്കുന്ന കാര്യങ്ങളില്‍ നിന്ന് അതിനെ സംരക്ഷിക്കലും.


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...