ഫോളോ ചെയ്യാം

Tuesday, 11 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 144 دروس الحديث - ഒരാള്‍ നോമ്പുകാരനായി മരണപ്പെട്ടാല്‍


 

ഒരാള്‍ നോമ്പുകാരനായി മരണപ്പെട്ടാല്‍

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ» - رواه البخاري ومسلم

ആഇശ رَضِيَ اللَّهُ عَنْهَا നിവേദനം. റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ആരെങ്കിലും നോമ്പുള്ളവനായി മരണപ്പെട്ടാല്‍ അവന്‍റെ വലിയ്യ് (അടുത്ത ആള്‍) അവന് വേണ്ടി നോമ്പനുഷ്ടിക്കണം. (ബുഖാരി, മുസ്ലിം)

വിവരണം

  •  റമദ്വാനിലും അല്ലാത്തപ്പോഴും നോമ്പിന് ശ്രേഷ്ടതയുണ്ട്. വലിയ പ്രതിഫലമാണ് നോമ്പിനുള്ളതെന്ന് നമ്മള്‍ മനസ്സിലാക്കി കഴിഞ്ഞു.
  •  ഒരാള്‍ നോമ്പുകാരനായിരിക്കെ മരിച്ചാല്‍ അയാളുടെ അടുത്ത ബന്ധു അയാളുടെ നോമ്പ് നോറ്റ് വീട്ടണം.

  •  നിര്‍ബന്ധ നോമ്പും, നേര്‍ച്ചയാക്കിയ നോമ്പും, പ്രായശ്ചിത്തമായി അനുഷ്ടിക്കാനുള്ള നോമ്പും ഇതില്‍ പെടും. അവയെല്ലാം മയ്യിത്തിനോട് അടുത്ത് നില്‍ക്കുന്ന ആള്‍ നോല്‍ക്കണം.
  •  ഇനി ബന്ധുക്കളല്ലാത്ത ആളുകള്‍ നോറ്റു വീട്ടിയാലും അത് മതിയാകുന്നതാണ്.

നോമ്പിന്‍റെ ചില വിധിവിലക്കുകള്‍

  •  മതപരമായ കാരണത്താല്‍ റമദ്വാനില്‍ നോമ്പ് നോല്‍ക്കാതിന്നാല്‍ അവ പിന്നീട് നോറ്റ് വീട്ടല്‍ നിര്‍ബന്ധമാണ്. എത്ര ദിവസങ്ങളിലാണോ നോമ്പ് ഒഴിവാക്കിയത് അത്രയും ദിവസങ്ങളില്‍ പിന്നീട് നോറ്റ് വീട്ടേണ്ടതാണ്.

  •   ഒരു റമദ്വാനിലെ നോറ്റു വീട്ടേണ്ട നോമ്പുകള്‍ അടുത്ത റമദ്വാനിന് മുമ്പായി നോറ്റുവീട്ടാവുന്നതാണ്. കാരണമില്ലാതെ അതിന് ശേഷം നോറ്റ് വീട്ടാന്‍ നില്‍ക്കരുത്. അങ്ങനെ വൈകിപ്പിക്കാന്‍ പാടില്ല.
  •  നോറ്റുവീട്ടാനുള്ള നോമ്പുകള്‍ വൈകിപ്പിക്കാതെ വേഗം തന്നെ നോറ്റു വീട്ടുന്നതാണ് നല്ലത്.

  •  ഒരാള്‍ക്ക് പത്ത് നോമ്പുകള്‍ നോറ്റു വീട്ടാനുണ്ടെങ്കില്‍ അവ തുടര്‍ച്ചയായോ നോറ്റ് വീട്ടാവുന്നതാണ്.
  •  നോറ്റ് വീട്ടാനുള്ള നോമ്പുകള്‍ അനുഷ്ടിച്ചതിന് ശേഷം ശവ്വാലിലെ ആറ് നോമ്പ് എടുക്കുന്നതാണ് കൂടുതല്‍ നല്ലത്.
  •  റമദ്വാനില്‍ മതപരമായ കാരണം കൊണ്ട് നോമ്പ് അനുഷ്ടിക്കാതിരിക്കുന്നതില്‍ രണ്ട് അവസ്ഥകളുണ്ട്.

1- ശിഫയാകാത്ത വിധമുള്ള രോഗം കാരണത്താല്‍ നോമ്പ് ഒഴിവാക്കല്‍. അത്തരത്തിലുള്ളവര്‍ ഓരോ ദിവസത്തിനും ഓരോ സാധുവിന് വീതം ഭക്ഷണം നല്‍കണം.

  •  ഇത്തരത്തില്‍ ധാന്യമായി നല്‍കുകയാണെങ്കില്‍ അര സ്വാഅ് (ഏകദേശം 1.250 ഗ്രാം) വീതം ഓരോ ദിവസത്തിനും നല്‍കണം. അദ്ദേഹം പ്രായശ്ചിത്തം ചെയ്യാതെ മരിച്ചാല്‍ അടുത്ത ബന്ധുവിന് അത് നോറ്റ് വീട്ടാവുന്നതാണ്. അല്ലെങ്കില്‍ അവര്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഓരോ ദിവസത്തിലേയും നോമ്പിന് അര സ്വാഅ് വീതം ഭക്ഷണം വിതരണം ചെയ്യണം.

2- യാത്ര കാരണമോ ഭേദമാകുന്ന അസുഖം കാരണമോ നോമ്പ് ഒഴിവാക്കല്‍. ഇതിന് രണ്ട് അവസ്ഥകളുണ്ട്:


1- മതപരമായ കാരണത്താല്‍ നോമ്പ് ഒഴിവാക്കി അദ്ദേഹം മരണപ്പെടല്‍. അദ്ദേഹത്തിന്‍റെ പേരില്‍ നോമ്പ് നോറ്റു വീട്ടുകയോ പ്രായശ്ചിത്തം നല്‍കുകയോ ചെയ്യേണ്ടതില്ല.


2- കാരണത്താല്‍ നോമ്പ് ഒഴിവാക്കിയ ശേഷം അത് നോറ്റ് വീട്ടാന്‍ സമയം ലഭിക്കല്‍. അവന്‍ വേഗം നോറ്റ് വീട്ടാന്‍ ശ്രദ്ധിക്കണം. 

  •  നോറ്റ് വീട്ടുന്നതില്‍ വീഴ്ച വരുത്തി അയാള്‍ മരണപ്പെട്ടാല്‍ അടുത്ത ബന്ധുക്കള്‍ക്ക് അത് നോറ്റ് വീട്ടുകയോ അല്ലെങ്കില്‍ ഓരോ ദിവസത്തിനും അര സ്വാഅ് വീതം ഓരോ സാധുവിന് ഭക്ഷണം വിതരണം ചെയ്യുകയോ ചെയ്യാം.
  •  മരിച്ച ആള്‍ക്ക് ഒന്നില്‍ കൂടുതല്‍ അടുത്ത ബന്ധുക്കളുണ്ടെങ്കില്‍ അവര്‍ക്കെല്ലാം നോറ്റ് വീട്ടുന്നതില്‍ പങ്കാളികളാകാം.
  •  ജീവിച്ചിരിക്കുന്ന ആള്‍ക്ക് വേണ്ടി മറ്റൊരാള്‍ നോമ്പ് നോല്‍ക്കുന്നത് അനുവദനീയമല്ല. അവര്‍ പ്രായശ്ചിത്തം നല്‍കിയാല്‍ മതി.


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...