ഫോളോ ചെയ്യാം

Wednesday, 19 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 152 دروس الحديث - കര്‍മങ്ങള്‍ കുറച്ചാണെങ്കിലും പതിവായി ചെയ്യുക

 


കര്‍മങ്ങള്‍ കുറച്ചാണെങ്കിലും 

പതിവായി ചെയ്യുക 

عَنْ عَنْ عَائِشَةَ: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «سَدِّدُوا وَقَارِبُوا، وَاعْلَمُوا أَنْ لَنْ يُدْخِلَ أَحَدَكُمْ عَمَلُهُ الجَنَّةَ، وَأَنَّ أَحَبَّ الأَعْمَالِ إِلَى اللَّهِ أَدْوَمُهَا وَإِنْ قَلَّ» رواه البخاري ومسلم

ആഇശ رضي اللهُ عنها നിവേദനം. റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിങ്ങള്‍ (കാര്യങ്ങള്‍) നേരാംവണ്ണം ചെയ്യുകയും (പൂര്‍ണതയോട്) അടുപ്പിക്കുകയും ചെയ്യുക, നിങ്ങളുടെയൊന്നും കര്‍മം (മാത്രം) നിങ്ങളെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയില്ല എന്ന് നിങ്ങള്‍ അറിയുകയും ചെയ്യുക. നിശ്ചയം കര്‍മങ്ങളില്‍ അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടത് സ്ഥിരമായി ചെയ്യുന്നവയാണ്, അത് കുറച്ച് ആണെങ്കിലും ശരി. (ബുഖാരി, മുസ്ലിം)

വിവരണം

  • സ്വര്‍ഗ്ഗം നേടല്‍ വളരെ പരിശ്രമമുള്ള കാര്യമാണ്. ജീവിതത്തിന്‍റെ ഓരോ സന്ദര്‍ഭങ്ങളിലും മനുഷ്യന്‍ അതിനായി പരിശ്രമിച്ച് കൊണ്ടേയിരിക്കണം.
  • തന്‍റെ കര്‍മങ്ങള്‍ മാത്രം ഒരാളെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയില്ല, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ക്ക് പോലും അങ്ങനെയാണ് അവസ്ഥ എന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്. അല്ലാഹുവിന്‍റെ മഹത്തായ ഔദാര്യവും കാരുണ്യവും അതിന് അത്യന്താപേക്ഷിതമാണ്.
  • കര്‍മങ്ങള്‍ പരമാവധി ഭംഗിയാക്കി പരിപൂര്‍ണ്ണതയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുക. അവ മിതത്വത്തോടെ ചെയ്യലാണ് അതിന്‍റെ ഉദ്ദേശം. മടുക്കുന്ന വിധവും ഇടക്ക് വെച്ച് നിര്‍ത്തിപ്പോകുന്ന വിധത്തിലുമല്ല കര്‍മങ്ങള്‍ ചെയ്യേണ്ടത്. പഠിപ്പിക്കപ്പെട്ട വിധം നേരെ ചൊവ്വേ ചെയ്യുകയാണ് വേണ്ടത്.
  • കര്‍മങ്ങളില്‍ മയവും നൈര്‍മല്യവും കാത്തു സൂക്ഷിക്കണം. അതിരു വിടുന്ന വിധത്തില്‍ കര്‍മങ്ങള്‍ ചെയ്യാന്‍ മതം പഠിപ്പിച്ചിട്ടില്ല. ചെയ്യാന്‍ കഴിയുന്ന വിധവും പതിവാക്കാന്‍ പറ്റുന്ന വിധവുമാണ് ഇസ്ലാമിലെ കര്‍മങ്ങള്‍, അത് അതേ പടി ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയണം.
  • ചില ആളുകള്‍ കര്‍മങ്ങള്‍ അമിതാവേശത്തില്‍ ചെയ്യുകയും പിന്നെ അത് പാടെ ഉപേക്ഷിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാറുണ്ട്. അത് കൊണ്ട് കാര്യമില്ല.
  • അല്ലാഹുവിന് ഏറ്റവും ഇഷ്ടം പതിവായി ചെയ്യുന്ന കാര്യങ്ങളാണ്, അത് കുറച്ചാണെങ്കിലും ശരി. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ കര്‍മങ്ങളെ കുറിച്ച് ആഇശ رضي اللهُ عنها ചോദിക്കപ്പെട്ടു. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ കര്‍മങ്ങള്‍ പതിവായി ചെയ്യുന്നവയായിരന്നു എന്ന് അപ്പോള്‍ ആഇശ رضي اللهُ عنها മറുപടി കൊടുത്തു.
  • സല്‍കര്‍മങ്ങള്‍ പതിവാക്കല്‍ വിശ്വാസികളായ അല്ലാഹുവിന്‍റെ അടിമകളുടെ വിശേഷണങ്ങളില്‍ പെട്ടതാണ്. അല്ലാഹു പറയുന്നു:

 (الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ) المعارج: ٢٣

അതായത് തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍.

  • നമസ്കാരവും സകാത്തും ജീവിച്ചിരിക്കുന്ന കാലമത്രയും ചെയ്യാന്‍ അല്ലാഹു വസ്വിയ്യത്ത് നല്‍കുന്നു:

(وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا) مريم: ٣١

ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു.

  • മരണം വരേയും ഇബാദത്തുകളില്‍ മുഴുകേണ്ടവരാണ് നാം. അല്ലാഹു പറയുന്നു:

(وَاعْبُدْ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ) الحجر: ٩٩

ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്‍റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക.

  • റമദ്വാനില്‍ പരിശീലിച്ച നന്‍മകള്‍ റമദ്വാനിന് ശേഷവും പതിവാക്കുക. അങ്ങനെ ചെയ്യുന്നു എങ്കില്‍ റമദ്വാനിലെ നമ്മുടെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്നതായി എന്ന് നമുക്ക് ആശ്വസിക്കാം. റമദ്വാന്‍ വിട പറയുന്നതോട് കൂടി മത വിഷയങ്ങളില്‍ നിന്ന് അകന്ന് പോകുന്നു എങ്കില്‍ നമ്മുടെ റമദ്വാന്‍ കൊണ്ട് നമുക്ക് കാര്യമായ മാറ്റമുണ്ടായിട്ടില്ല എന്ന് നാം മനസ്സിലാക്കണം. അങ്ങനെയൊരു സാഹചര്യം നമുക്ക് വന്നാല്‍ അതില്‍ വലിയ ദൗര്‍ഭാഗ്യം വേറേതുണ്ട്..!


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...