ഫോളോ ചെയ്യാം

Saturday, 22 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 155 دروس الحديث - ഭാഹ്യരൂപങ്ങളിലേക്കല്ല.. ഹൃദയങ്ങളിലേക്കാണ് അല്ലാഹു നോക്കുക

 


ഭാഹ്യരൂപങ്ങളിലേക്കല്ല.. ഹൃദയങ്ങളിലേക്കാണ് അല്ലാഹു നോക്കുക

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: إِنَّ اللَّهَ لاَ يَنْظُرُ إِلَى صُوَرِكُمْ وَأَمْوَالِكُمْ، وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَأَعْمَالِكُمْ.- صحيح مسلم

അബൂഹുറൈറ رضي اللَّهُ عنه പറഞ്ഞു: റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിരിക്കുന്നു: നിശ്ചയം അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കോ, സമ്പത്തുകളിലേക്കോ അല്ല നോക്കുന്നത്, എന്നാല്‍ അവന്‍ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കും കര്‍മങ്ങളിലേക്കുമാണ്.

വിവരണം

  ഹൃദയവിശുദ്ധി കാത്തു സൂക്ഷിക്കുന്നതിന്‍റെ പ്രാധാന്യമറിയിക്കുന്ന ഹദീസ് ആണിത്. ഹൃദയ വിശുദ്ധിക്ക് പ്രാധാന്യം നല്‍കല്‍ നിര്‍ബന്ധമാണ്.

   ഹൃദയത്തിനുള്ളില്‍ ഇഖ്ലാസ് ആണോ അതോ രിയാഅ് (ലോകമാന്യം) ആണോ എന്നതാണ് അല്ലാഹു നോക്കുന്നത്.

    ഭൗതികമായ കാട്ടിക്കൂട്ടലുകളല്ല സല്‍ക്കര്‍മങ്ങള്‍, മറിച്ച് അവ ഹൃദയത്തിനുള്ളില്‍ നിന്ന് വരുന്നതും സ്വന്തത്തിനും കൂടെയുളളവര്‍ക്കും ഗുണങ്ങള്‍ സമ്മാനിക്കുന്നവയുമാണ്.

    ഓരോ കര്‍മം ചെയ്യുമ്പോഴും മനസ്സിന്‍റെ ഉള്ളിലുള്ള ഉദ്ദേശവും ചെയ്യുന്നതിലുള്ള സൂക്ഷമതയുമാണ് അല്ലാഹു നോക്കുന്നത്. പ്രകടനങ്ങള്‍ കൊണ്ട് തക്വ്'വ ഉണ്ടാവല്‍ കുറവായിരിക്കും.

   ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പോലും മനസ്സറിഞ്ഞ് പ്രതിഫലം പ്രതീക്ഷിച്ച് കൃത്യമായി ചെയ്യാന്‍ സാധിക്കേണ്ടതുണ്ട്.

    ഒരാള്‍ ഒരു കര്‍മം വളരെ ഭക്തിനിര്‍ഭരമെന്ന് തോന്നിക്കുന്ന വിധം ചെയ്യുകയും എന്നാല്‍ അത് അവന്‍റെ മനസ്സിലേക്ക് ഇറങ്ങാതിരിക്കുകയും ചെയ്താല്‍ ആ കര്‍മം ഉപകാരപ്രദമാവുകയില്ല. ആളുകളെ കാണിക്കാന്‍ വേണ്ടി നടത്തുന്ന ബാഹ്യ പ്രകട രൂപങ്ങള്‍ കര്‍മങ്ങളെ നിഷ്ഫലമാക്കും.

    വേറൊരാള്‍ വലിയ തുക ദാനം ചെയ്യുന്നു, എന്നാല്‍ അത് നല്ല മനസ്സോടെയല്ല നല്‍കുന്നത്, അവന്‍റെ സമ്പത്തിലേക്കല്ല അല്ലാഹു നോക്കുന്നത്.. അവന്‍ ചിലവഴിക്കുമ്പോഴുള്ള അവന്‍റെ മനസ്സിന്‍റെ ശുദ്ധതയിലേക്കാണ്, ഉദ്ദേശത്തിലേക്കാണ്.

    കൊടുക്കുന്നത് നിസാരമായ കാര്യമാണെങ്കില്‍ പോലും ആത്മാര്‍ത്ഥതക്കനുസരിച്ച് വലിയ പ്രതിഫലത്തിനര്‍ഹനാകും.

    കര്‍മങ്ങള്‍ സ്വീകരിക്കാന്‍ നിയ്യത്ത് നന്നാകണം എന്നത് നമുക്ക് അറിവുള്ള കാര്യമാണ്. ആ നിയ്യത്താണ് അല്ലാഹു പരിഗണിക്കുന്നത്. അതിന്‍റെ സ്ഥാനം ഹൃദയമാണ്. അത് കൊണ്ടാണ് അല്ലാഹു ഹൃദയത്തിലേക്കാണ് നോക്കുന്നത് എന്ന് പറഞ്ഞത്.

    എന്നാല്‍ ചിലര്‍ ഈ ഹദീസിലെ ആശയത്തെ വിപരീതമായി മനസ്സിലാക്കാറുണ്ട്. അഥവാ മതം പഠിപ്പിച്ച കാര്യങ്ങളില്‍ അലസത കാണിക്കുന്നവനെ അവ ഉണര്‍ത്തിയാല്‍ അവന്‍ പറയും, അല്ലാഹു ഹൃദയത്തിലേക്കാണ് നോക്കുക, മറ്റുള്ളവയിലേക്കല്ല എന്ന്. താടി വടിക്കുന്ന ആളെ അത് ഹറാമാണെന്ന് ബോധ്യപ്പെടുത്തുമ്പോള്‍ അവന്‍ പറയുകയാണ് അല്ലാഹു താടിയിലേക്കല്ല നോക്കുന്നത് ഹൃദയത്തിലേക്കാണ് എന്ന്. എന്നാല്‍ അല്ലാഹുവും റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ യും പഠിപ്പിച്ച കാര്യങ്ങള്‍ ഒഴിവാക്കി ഇത്തരം ന്യായങ്ങള്‍ പറയല്‍ കുറ്റകരമാണ്. ആ തെളിവ് പിടിക്കല്‍ പൈശാചികവും നിരര്‍ത്ഥകവുമായതാണ്.

    ഹൃദയം നന്നാകുന്നതോടെ കര്‍മങ്ങള്‍ നന്നാകും, കര്‍മങ്ങള്‍ വിശുദ്ധ ക്വുര്‍ആനിനും തിരു സുന്നത്തിനും അനുസൃതമാകലാണ് കര്‍മങ്ങളുടെ നന്നാകല്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. അല്ലാതെ ഓരോരുത്തരുടേയും യുക്തിക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുക എന്നതല്ല.

    ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്, അത് നന്നായാല്‍ ശരീരം മൊത്തം നന്നായി എന്ന് ഹദീസിലുണ്ട്. ആ മാംസക്കഷ്ണമാണ് ഹൃദയം.

    കര്‍മങ്ങളിലേക്ക് അല്ലാഹു നോക്കുക എന്നാല്‍ കര്‍മങ്ങളുടെ കൃത്യതയാണ് ഉദ്ദേശം. ഹൃദയം നന്നാകുമ്പോഴാണ് കര്‍മങ്ങള്‍ കൃത്യമാകുന്നത്.

   കറുത്തവനെന്നോ, വെളുത്തവനെന്നോ, അറബിയെന്നോ, അനറബിയെന്നോ പരിഗണനകളൊന്നും കര്‍മങ്ങള്‍ സ്വീകരിക്കുന്നിടത്തില്ല. ഓരോരുത്തരും എങ്ങനെ ചെയ്യുന്നു എന്ന് മാത്രമേ പരിഗണനയുള്ളൂ.

    പല ആളുകളുടേയും കര്‍മങ്ങള്‍ പ്രത്യക്ഷത്തില്‍ നല്ലതായി തോന്നാം, പക്ഷേ അവ സ്വീകരിക്കപ്പെടുകയില്ല എന്ന് ഹദീസുകളില്‍ കാണാം. 

കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാനുള്ള രണ്ട് നിബന്ധനകള്‍ അതിന് അത്യാവശ്യമാണ്.

ഒന്ന്: ഇഖ്'ലാസ്വ് (അഥവാ അല്ലാഹുവിന് മാത്രമുള്ള കര്‍മമാക്കി ചെയ്യല്‍),

രണ്ട്: ഇത്തിബാഅ് (നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യെ പിന്‍പറ്റിക്കൊണ്ട് കര്‍മം ചെയ്യല്‍).

ഇതില്ലാതെ ചെയ്യുന്ന കര്‍മങ്ങള്‍ വെറും പാഴ് പ്രവര്‍ത്തനങ്ങളാണ്.

അപ്പോള്‍ കര്‍മങ്ങള്‍ സ്വീകരിക്കാന്‍ ഇങ്ങനെയുള്ള മാനദണ്ഡങ്ങളും നിരീക്ഷണങ്ങളും ഉണ്ട് എന്ന് നമ്മള്‍ മനസ്സിലാക്കണം.

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...