നല്ല മരണത്തിനായി തയ്യാറെടുക്കുക
عَنْ عَبْدِ اللَّهِ بْنِ
بُرَيْدَةَ، عَنْ أَبِيهِ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
قَالَ: «المُؤْمِنُ يَمُوتُ بِعَرَقِ الجَبِينِ»- رواه الترمذي:982 –
صحيح
ബുറൈദത്തു ബ്നുല്‍ ഹസ്വീബ് رضي اللَّهُ عنه നിവേദനം. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: വിശ്വാസി നെറ്റിത്തടത്തിലെ വിയര്‍പ്പോട് കൂടിയായിരിക്കും മരിക്കുന്നത്.
വിവരണം
നല്ല മരണത്തിന്‍റെ അടയാളങ്ങളില്‍ പെട്ട ഒരു അടയാളമാണ് ഈ ഹദീസില്‍ പഠിപ്പിക്കപ്പെടുന്നത്
വിശ്വാസിയുടെ മരണ വേളയിലുള്ള അവസ്ഥയാണ് വിവരിക്കുന്നത്. മരണത്തിന്‍റെ കാഠിന്യത്താല്‍ നെറ്റിത്തടത്തില്‍ വിയര്‍പ്പുണ്ടാകും എന്ന് ഈ ഹദീസിനെ വിശദീകരിച്ചവര്‍ പറഞ്ഞിട്ടുണ്ട്. മരണത്തിന്‍റെ വേദനയും കാഠിന്യവും എല്ലാവരും അനുഭവിക്കേണ്ടതാണ്. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പോലും അത് അനുഭവിച്ചിട്ടുണ്ട് എന്ന് ഹദീസുകളില്‍ കാണാം.
നിരന്തരം കര്‍മങ്ങള്‍ ചെയ്യുന്ന ആള്‍ തന്‍റെ നന്‍മയിലുള്ള പരിശ്രമത്തിനിടയില്‍ മരണപ്പെടുമ്പോഴുള്ള വിയര്‍പ്പാണ് ഇതിന്‍റെ ഉദ്ദേശം എന്നും പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. രണ്ടായാലും വിശ്വാസിയുടെ മരണത്തിന്‍റെ അവസ്ഥയെ ഈ ഹദീസ് സൂചിപ്പിക്കുന്നു.
നല്ല മരണത്തിന്‍റെ ലക്ഷണങ്ങള്‍
1- മരിക്കുമ്പോള്‍ ശഹാദത്ത് ചൊല്ലല്‍
2- വെള്ളിയാഴ്ച രാത്രിയിലോ പകലിലോ മരിക്കല്‍
3- അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മ സമരം ചെയ്യുമ്പോള്‍ മരിക്കല്‍
4-ഒരു വിശ്വാസി പ്ലേഗ് മൂലമോ, വയറിലെ രോഗം കാരണമോ, മുങ്ങിയോ, കെട്ടിടമോ മറ്റോ തകര്‍ന്നോ, തീപിടുത്തത്തിലോ മരിച്ചാല്‍
5- ഒരു സ്ത്രീ പ്രസവ സമയത്ത് മരണപ്പെടല്‍
6- അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ട് മരണം വരിക്കല്‍
7- സല്‍ക്കര്‍മത്തിലായിരിക്കെ മരിക്കല്‍ തുടങ്ങിയവ നല്ല മരണത്തിന്‍റെ ലക്ഷണങ്ങളാണ്.
നല്ല പര്യവസാനത്തിനുള്ള കാരണങ്ങള്‍ വിശ്വാസി ചെയ്തിരിക്കണം. അവന്‍ എല്ലായ്പ്പോഴും അല്ലാഹുവിനെ അനുസരിച്ച് കര്‍മങ്ങള്‍ ചെയ്യുന്ന അവസ്ഥയിലായെങ്കിലേ നല്ല മരണത്തിന് അവസരം ഉണ്ടാവുകയുള്ളൂ.. ദുര്‍നടപ്പുകാരായ ആളുകള്‍ക്ക് മേല്‍പറഞ്ഞ വിധം മരണമുണ്ടായാലും അവര്‍ ഈ ഗണത്തില്‍ പെടുകയില്ല.
അത് പോലെ നല്ല മരണം ലഭിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കണം. ഈമാനിലും തക്വ്വയിലുമായി മരിപ്പിക്കാന്‍ അവന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം.
ഒരു വ്യക്തി അവന്‍റെ അകവും പുറവും നന്നാക്കാന്‍ പരിശ്രമിക്കല്‍ നല്ല പര്യവസാനത്തിന് അത്യാവശ്യമാണ്.
ആരെങ്കിലും മരിക്കുമ്പോള്‍ നല്ല മരണത്തിന്‍റെ അടയാളങ്ങള്‍ കണ്ടാല്‍ അവര്‍ സ്വര്‍ഗ്ഗത്തിലാണെന്ന് പറയാന്‍ നമുക്ക് പറ്റില്ല. അത് പോലെ മോശം മരണം സംഭവിച്ച ആള്‍ നരകത്തിലാണെന്നും നമുക്ക് പറയാവതല്ല. സ്വര്‍ഗ്ഗവും നരകവും നല്‍കുന്നത് അല്ലാഹുവാണ്. അത് അല്ലാഹുവിന്‍റെ മശീഅത്തില്‍ (ഉദ്ദേശത്തില്‍) പെട്ട കാര്യമാണ് എന്ന് നാം അറിഞ്ഞിരിക്കണം.
നല്ല മരണത്തിന്‍റെ കാരണങ്ങള്‍
1- മതത്തില്‍ നേരേ ചൊവ്വേ നിലകൊള്ളല്‍ (ഇസ്തിക്വാമ).
2- അല്ലാഹുവിനെ കുറിച്ചുള്ള നല്ല വിചാരം.
3- സൂക്ഷ്മതാ ബോധം.
4- സത്യസന്ധത.
5- പശ്ചാത്താപം.
6- സല്‍കര്‍മങ്ങള്‍ പതിവാക്കല്‍.
7- മരണത്തെ ഓര്‍ക്കലും ഭൗതിക കാര്യങ്ങളിലെ അമിതമായ ആഗ്രഹങ്ങള്‍ ഒഴിവാക്കലും.
8- ദുര്‍മരണത്തിന്‍റെ കാരണങ്ങളെ ഭയപ്പെടല്‍.
ദുര്‍മരണത്തിന്‍റെ കാരണങ്ങള്‍
1- പിഴച്ച വിശ്വാസങ്ങളുമായി ജീവിക്കല്‍.
2- ദുന്‍യാവിന് അമിതമായ താല്‍പര്യം നല്‍കല്‍.
3- നന്‍മയില്‍ നിന്നും സന്‍മാര്‍ഗ്ഗത്തില്‍ നിന്നും പിന്തിരിഞ്ഞ് നില്‍ക്കല്‍.
4- തിന്‍മകളില്‍ നിന്ന് പിന്‍മാറാതെ ഉറച്ച് നില്‍ക്കല്‍.
5- തൗബയും ഇസ്തിഗ്ഫാറും ഒഴിവാക്കല്‍.
6- മരണത്തെ ഓര്‍ക്കന്നത് ഒഴിവാക്കല്‍
ഇഹലോകത്ത് നിന്ന് വിട പറയുമ്പോള്‍ നല്ല മരണം വരിച്ച് വിടപറയാന്‍ നാം അല്ലാഹുവിനോട് സദാ പ്രാര്‍ത്ഥിക്കന്നവരും പ്രവര്‍ത്തിക്കുന്നവരുമാകുക.

No comments:
Post a Comment