عَنْ عُثْمَانَ بْنِ عَفَّانَ قَالَ كَانَ النَّبِىُّ صلى الله عليه وسلم
إِذَا فَرَغَ مِنْ دَفْنِ الْمَيِّتِ وَقَفَ عَلَيْهِ فَقَالَ «اسْتَغْفِرُوا لأَخِيكُمْ
وَسَلُوا لَهُ التَّثْبِيتَ فَإِنَّهُ الآنَ يُسْأَلُ»-رواه أبو داود، صحيح
ഉസ്മാനു ബ്നു അഫ്ഫാന്‍ رضي الله عنه പറഞ്ഞു: മയ്യിത്തിനെ മറമാടുന്നതില്‍ നിന്ന് വിരമിച്ചാല്‍ നബി صلى الله عليه وسلم അവിടെ നിന്ന് പറയുമായിരുന്നു: നിങ്ങള്‍ നിങ്ങളുടെ സഹോദരന് വേണ്ടി പാപ മോചനത്തിന് പ്രാര്‍ത്ഥിക്കുക, അവന് വേണ്ടി സ്ഥിരതക്ക് വേണ്ടി ചോദിക്കുകയും ചെയ്യുക, നിശ്ചയം ഇപ്പോള്‍ അവന്‍ ചോദ്യം ചെയ്യപ്പെടും. (അബൂദാവൂദ്)
വിവരണം
- മനുഷ്യന്‍ മരിച്ച് കഴിഞ്ഞാലും മറ്റുള്ളവര്‍ക്ക് അവനുമായിട്ടുള്ള ബന്ധങ്ങള്‍ നിലക്കുന്നില്ല. അവര്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം അവര്‍ ചെയ്യണം.
- ഒരാള്‍ മരിച്ചാല്‍ അവന്‍റെ ജനാസയെ അനുഗമിക്കല്‍ മുസ്ലീംകള്‍ക്ക് ബാധ്യതയാണെന്ന് നബി صلى الله عليه وسلم അറിയിച്ചിട്ടുണ്ട്.
- മരണം സംഭവിച്ചാല്‍ ഉടനെ തന്നെ മയ്യിത്ത് കുളിപ്പിക്കുകയും കഫ്ന്‍ ചെയ്യുകയും, മയ്യിത്ത് നമസ്കാരത്തിന് ശേഷം മറമാടുകയും വേണം.
- മറവ് ചെയ്തതിന് ശേഷം അവന് വേണ്ടി പാപമോചനത്തിനും ക്വബ്റിലെ ചോദ്യങ്ങളില്‍ സ്ഥിരത ലഭിക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണം. ക്വബ്റില്‍ ചോദ്യങ്ങളുണ്ടെന്നും, രക്ഷയും ശിക്ഷയും ഉണ്ടെന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. ഈ ഭീതിജനകമായ സന്ദര്‍ഭത്തില്‍ അവന് സ്ഥൈര്യം ലഭിക്കാന്‍ നാം പ്രാര്‍ത്ഥിക്കണം. എല്ലാവര്‍ക്കും വരാന്‍ പോകുന്ന ഒരു രംഗമാണത് എന്ന് നാം അറിഞ്ഞിരിക്കണം.
- അവന്‍ ഇപ്പോള്‍ മൂന്ന് പ്രധാന ചോദ്യങ്ങളെ നേരിടാനിരിക്കുകയാണ്.
- ഇസ്തിഗ്ഫാര്‍ ചോദിക്കുക എന്ന് പറഞ്ഞാല്‍ അതില്‍ രണ്ട് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 1- പാപങ്ങള്‍ മറച്ച് വെക്കാന്‍ ചോദിക്കല്‍, 2- പാപങ്ങളില്‍ നിന്നുള്ള രക്ഷ ചോദിക്കല്‍.
- ചോദ്യങ്ങളിലും ക്വബ്റിലെ അനുഭവങ്ങളിലും സ്ഥൈര്യം ലഭിക്കാനും അവന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നബി صلى الله عليه وسلم കല്‍പിക്കുന്നു.
- എന്നാല്‍ മറമാടാന്‍ തന്നെ അധികമാളുകളും നില്‍ക്കാറില്ല. ചിലര്‍ മയ്യിത്ത് കണ്ട് മടങ്ങും, നമസ്കരിക്കാന്‍ പോലും നില്‍ക്കില്ല. ചിലര്‍ നമസ്കരിച്ച് മടങ്ങും. എന്നാല്‍ മറമാടിക്കഴിഞ്ഞ് അവന് വേണ്ടി പാപമോചനത്തിനും സ്ഥൈര്യം ലഭിക്കാനും പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് മടങ്ങേണ്ടത്.
- അങ്ങനെ ചെയ്യുന്നവര്‍ക്ക് രണ്ട് ക്വീറാത്വ് പ്രതിഫലം ലഭിക്കും എന്ന് റസൂല്‍ صلى الله عليه وسلم പറഞ്ഞിരിക്കുന്നു. അഥവാ വലിയ രണ്ട് മലകള്‍ കണക്കെയുള്ള പ്രതിഫലമാണത്.
- അവന് നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ആവശ്യക്കാരനാകുന്ന പ്രധാനപ്പെട്ട സന്ദര്‍ഭമാണത്. അത് നിസാരമായി കാണരുത്.
- ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ പിന്നെ അവന് വേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് അവന് വേണ്ടി പ്രാര്‍ത്ഥിക്കല്‍. അത് എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്നതാണ്.അതില്‍ പിശുക്ക് കാണിക്കുന്നവരാകരുത് നാം.
- തസ്ബീത്തിനുള്ള പ്രാര്‍ത്ഥനയുടെ രൂപം ഹദീസുകളില്‍ വന്നിട്ടില്ല. പാപമോചനത്തിനും തസ്ബീത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനയായാല്‍ മതി. അത് എല്ലാവരും തനിച്ച് ചൊല്ലുകയാണ് വേണ്ടത്. ഒരാള്‍ ചൊല്ലിക്കൊടുത്ത് മറ്റുള്ളവര്‍ ഏറ്റ് ചൊല്ലലല്ല.
മയ്യിത്തുമായി ബന്ധപ്പെട്ട ചില മസ്അലകള്‍
1- മയ്യിത്ത് കുളിപ്പിക്കല്‍ പുണ്യമുള്ള കാര്യമാണ്. ഒരാള്‍ മയ്യിത്തിനെ കുളിപ്പിക്കുകയും മയ്യിത്തിന്‍റെ ന്യൂനത മറച്ച് വെക്കുകയും ചെയ്താല്‍ അവന് നാല്‍പത് തവണ അല്ലാഹു പൊറുത്ത് കൊടുക്കുന്നതാണ് എന്ന് ഹദീസില്‍ ഉണ്ട്. (സ്വഹീഹുത്തര്‍ഗീബി വത്തര്‍ഹീബ്)
2- ക്വബ്ര്‍ കുഴിക്കുന്നതും ശ്രേഷ്ടമായ കാര്യമാണ്. ആരെങ്കിലും തന്‍റെ സഹോദരന് ക്വബ്ര്‍ കുഴിച്ച് അതില്‍ പ്രവേശിപ്പിച്ചാല്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നത് വരെ അവന് താമസ സ്ഥലമുണ്ടാക്കിയവനെപ്പോലെയാണ് അവന്‍ എന്നും ഹദീസിലുണ്ട്. (അല്‍ഹാകിം)
3-ഒരാള്‍ മരിച്ചാല്‍ മറ്റുള്ളവര്‍ അദ്ദേഹത്തിന് വേണ്ടി കാരുണ്യത്തിനും, പാപ മോചനത്തിനും, അവന് വിട്ടു വീഴ്ച നല്‍കാനും, സ്വര്‍ഗ്ഗത്തില്‍ അവന്‍റെ പദവികള്‍ വര്‍ദ്ധിക്കാനും പോലെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം.
4- അവന് കടങ്ങളുണ്ടെങ്കില്‍ അത് വീട്ടാന്‍ ബന്ധപ്പെട്ടവര്‍ ധൃതി കാണിക്കണം. മരിച്ച ആള്‍ക്ക് സമ്പത്ത് ഉണ്ടെങ്കില്‍ അതില്‍ നിന്നോ ഇല്ലെങ്കില്‍ അടുത്ത ആളുകളുടെ പണം കൊണ്ടോ അത് വീട്ടണം.
5- മരിച്ച ആളുടെ പേരില്‍ അയാളുടെ സ്വത്തില്‍ നിന്നോ അല്ലാതെയോ അടുത്ത ബന്ധുക്കള്‍ ദാനം നല്‍കിയാല്‍ അത് മയ്യിത്തിന് ഗുണം ചെയ്യുന്ന കാര്യമാണ്.
6- അത് പോലെ മരിച്ച ആള്‍ക്ക് വേണ്ടി ഹജ്ജും ഉംറയും പകരം ചെയ്യാവുന്നതാണ്. എന്നാല്‍ മയ്യിത്തിനരികിലോ മയ്യിത്തിന്‍റെ ക്വബ്റിനരികിലോ വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യല്‍ പുണ്യമാണെന്ന് സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടില്ല.
7- മറവ് ചെയ്തതിന് ശേഷമുള്ള തല്‍ക്വീന്‍ ഒഴിവാക്കേണ്ടതാണ്. മരണാസന്നമാകുന്ന സമയത്താണ് തല്‍ക്വീന്‍ (لا إله إلا الله) ചൊല്ലിക്കൊടുക്കേണ്ടത്.
8- ഒരാള്‍ മരിച്ചാല്‍ അയാളുടെ ബന്ധുക്കള്‍ക്ക് മറ്റുള്ളവര്‍ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് സുന്നത്താണ്. എന്നാല്‍ മരിച്ച ആളുടെ ബന്ധുക്കള്‍ മറ്റുള്ളവരെ സല്‍കരിക്കുന്നത് മതത്തില്‍ തെളിവില്ലാത്ത പുത്തനാചാരമാണ്.

No comments:
Post a Comment