ഫോളോ ചെയ്യാം

Saturday, 29 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 162 دروس الحديث - പ്രാര്‍ത്ഥനയും സലാം പറയലും

 


പ്രാര്‍ത്ഥനയും സലാം പറയലും

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَعْجَزُ النَّاسِ مَنْ عَجَزَ عَنِ الدُّعَاءِ، وَأَبْخَلُ النَّاسِ مَنْ بَخِلَ بِالسَّلَامِ»- أمثال الحديث لأبي الشيخ الأصبهاني  - صحيح الجامع الصغير: 1924

അബൂഹുറൈറ  رضي اللهُ عَنه നിവേദനം, റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: പ്രാര്‍ത്ഥനയെ തൊട്ട് അശക്തനായവന്‍ ജനങ്ങളില്‍ വെച്ച് ഏറ്റവും ബലഹീനനും, സലാം പറയുന്നതില്‍ പിശുക്ക് കാണിക്കുന്നവന്‍ ജനങ്ങളില്‍ ഏറ്റവും പിശുക്കനുമാകുന്നു.

വിവരണം

  പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ ശ്രദ്ധിക്കാതിരിക്കലും സലാം പറയുന്നതില്‍ പിശുക്ക് കാണിക്കലും വിശ്വാസിയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണെന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്.

أعْجَزُ النَّاس എന്നാല്‍ മനുഷ്യരില്‍ ഏറ്റവും ബലഹീനനായവന്‍ എന്നാണര്‍ത്ഥം. ശരീരം കൊണ്ട് ശക്തിയുണ്ടായാല്‍ മാത്രം പോരാ.. മറിച്ച് മനസ്സിന്‍റെ പ്രവര്‍ത്തനങ്ങളെ നല്ലതിലേക്ക് തിരിച്ചു വിടാനുള്ള ശക്തിയാണ് യഥാര്‍ത്ഥ ശക്തി എന്ന് ഹദീസ് പഠിപ്പിക്കുന്നു.


  സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ ദൗര്‍ബല്യം ഉള്ളവനില്‍ പ്രാര്‍ത്ഥനക്കും ദൗര്‍ബല്യമുണ്ടാകും.


  അല്ലാഹുവിനോട് മാത്രമേ പ്രാര്‍ത്ഥിക്കാവൂ. സൃഷ്ടികളോട് പ്രാര്‍ത്ഥിക്കല്‍ കൊടിയ ശിര്‍ക്കും വലിയ അക്രമവുമാണ്.

 നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം എന്ന് അല്ലാഹു നമ്മെ അറിയിച്ചിട്ടുണ്ട്. (ഗ്വാഫിര്‍:65)


  ജീവിതത്തില്‍ തിന്‍മകള്‍ വരാതെ സൂക്ഷിക്കണം. തിന്‍മകളാണ് പ്രാര്‍ത്ഥനയില്‍ നിന്ന് മനുഷ്യനെ തടയുന്നത്. ചെയ്ത് പോയ പാപങ്ങളില്‍ നിന്ന് തൗബയും ഇസ്തിഗ്ഫാറും ചെയ്ത് അല്ലാഹുവിലേക്ക് മടങ്ങാന്‍ കഴിഞ്ഞാല്‍ വിശ്വാസിക്ക് നന്‍മകളില്‍ മുന്നേറാന്‍ സാധിക്കും.


  പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കപ്പെടാതിരിക്കാനുളള കാരണങ്ങള്‍ ജീവിതത്തില്‍ വരാതിരിക്കാനും നാം ശ്രദ്ധിക്കണം. ഹറാമുകളില്‍ കഴിയലും മറ്റുള്ളവരോട് മോശം രൂപത്തില്‍ ഇടപെടലുമെല്ലാം പ്രാര്‍ത്ഥന സ്വീകരിക്കപ്പെടാതിരിക്കാനുള്ള കാരങ്ങളില്‍ പെട്ടതാണ്.


  നന്‍മയുടെ പ്രത്യേക സന്ദര്‍ഭങ്ങളിലും അല്ലാത്തപ്പോഴുമെല്ലാം മനസ്സിന്‍റെ ഉള്ളില്‍ നിന്ന് പ്രാര്‍ത്ഥനകള്‍ ഉയര്‍ന്ന് വരണം. അത് അടിമക്ക് വിജയത്തിനുള്ള കാരണമായി ഭവിക്കും.

പ്രാര്‍ത്ഥനയുടെ ശ്രേഷ്ടതകള്‍

1- പ്രാര്‍ത്ഥന അല്ലാഹുവിന്‍റെ വസ്വിയ്യത്ത് ആകുന്നു.

2- നബിമാര്‍ അല്ലാഹുവിനോട് നിരന്തരം പ്രാര്‍ത്ഥിക്കുന്നവരായിരുന്നു.

3- അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും ആദരണീയമായ കാര്യമാണ് പ്രാര്‍ത്ഥന.

4-അല്ലാഹുവിനോട് ചോദിക്കാത്തവരോട് അല്ലാഹു കോപിക്കും.

5-ഒരു അടിമ തന്നിലേക്ക് കൈ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചാല്‍ വെറും കയ്യോടെ മടക്കുന്നത് അല്ലാഹുവിന് ലജ്ജയുള്ള കാര്യമാണ് എന്ന് ഹദീസില്‍ വന്നിട്ടുണ്ട്.

6-ഒരാള്‍ നല്ല കാലത്ത് പ്രാര്‍ത്ഥനകള്‍ വര്‍ദ്ധിപ്പിച്ചാല്‍ കഷ്ട കാലത്ത് അല്ലാഹു അവന് ഉത്തരം നല്‍കാന്‍ കൂടുതല്‍ സാധ്യതയുണ്ട്.

7- അല്ലാഹു ഉത്തരം നല്‍കും എന്ന ഉറപ്പോടെ പ്രാര്‍ത്ഥിക്കണം, അശ്രദ്ധമായിട്ടുള്ള പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കുകയില്ല.

8- പ്രാര്‍ത്ഥന ആരാധനയാണ്. ആയതിനാല്‍ അല്ലാഹുവിനോട് മാത്രമേ പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ.

തുടങ്ങി ധാരാളം ശ്രേഷ്ടതകളും മഹത്വങ്ങളും പ്രാര്‍ത്ഥനക്കുണ്ട്.


സലാം പറയല്‍

  സലാം പറയല്‍ ഇസ്ലാമിന്‍റെ ഒരു ചിഹ്നവും മഹത്വമേറിയ കാര്യവുമാണ്. എല്ലായിടങ്ങളിലും സലാം വ്യാപിപ്പിക്കാന്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ചിട്ടുണ്ട്. അറിയുന്നവരോടും അല്ലാത്തവരോടുമെല്ലാം സലാം പറയണം.

  സലാം പറയല്‍ വിശ്വാസികള്‍ക്കിടയില്‍ സ്നേഹവും ഐക്യവും ഉണ്ടാകാനുള്ള പ്രധാന കാരണമാണെന്നാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ചത്.

  ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ഏറ്റവും പ്രധാനപ്പെട്ട ബാധ്യതകളില്‍ ഒന്നാമത്തേത് കണ്ടുമുട്ടിയാല്‍ സലാം പറയുക എന്നതാണ്.

  സലാം പറയുന്നതിലൂടെ ധാരാളം നന്‍മകള്‍ നേടാന്‍ വിശ്വാസികള്‍ക്കാവും.

  നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ കുറവ് വരുത്തല്‍ വലിയ പിശുക്ക് ആണ് എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. കാരണം സലാം പറയുന്നതില്‍ കുറവ് വരുത്തുന്നവന്‍ ജനങ്ങളില്‍ ഏറ്റവും പിശുക്കനാണെന്നാണ് അറിയിച്ചിരിക്കുന്നത്. പിശുക്ക് മോശം സ്വഭാവങ്ങളില്‍ പെട്ടതാണെന്ന് നമുക്കറിയാമല്ലോ.

  സലാം പറയല്‍ ഒരു പ്രാര്‍ത്ഥനയാണ്. അല്ലാഹുവില്‍ നിന്നുള്ള രക്ഷയും സമാധാനവും ലഭിക്കട്ടെ എന്നാണ് അതിന്‍റെ അര്‍ത്ഥം. ആയതിനാല്‍ എല്ലായിടങ്ങളിലും നാം സലാം വ്യാപിപ്പിക്കുക. അതിന്‍റെ മര്യാദകളും രീതികളുമെല്ലാം നാം മനസ്സിലാക്കി ഇതിന് ജീവിതത്തില്‍ ഏറ്റവും വലിയ സ്ഥാനം നല്‍കാന്‍ ശ്രമിക്കുക.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...