ഫോളോ ചെയ്യാം

Thursday, 20 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 153 دروس الحديث - ഓരോ മാസവും മൂന്ന് നോമ്പ് നോല്‍ക്കല്‍



 ഓരോ മാസവും 

മൂന്ന് നോമ്പ് നോല്‍ക്കല്‍

عَنْ أَبِي ذَرٍّ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: مَنْ صَامَ ثَلَاثَةَ أَيَّامٍ مِنْ كُلِّ شَهْرٍ، فَذَلِكَ صَوْمُ الدَّهْرِ، فَأَنْزَلَ اللَّهُ عَزَّ وَجَلَّ تَصْدِيقَ ذَلِكَ فِي كِتَابِهِ: (مَنْ جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا)- الأنعام: 160 ، فَالْيَوْمُ بِعَشْرَةِ أَيَّامٍ - رواه ابن ماجه - 1708- صحيح

അബൂദര്‍ رضي اللهُ عنه നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ആരെങ്കിലും എല്ലാ മാസവും മൂന്ന് ദിവസങ്ങളില്‍ നോമ്പനുഷ്ടിച്ചാല്‍ അത് ഒരു വര്‍ഷത്തെ നോമ്പാണ്. അതിനെ സത്യപ്പെടുത്തി അല്ലാഹു അവന്‍റെ വിശുദ്ധ ഗ്രന്ഥത്തില്‍ (ആയത്ത്) അവതരിപ്പിച്ചു: (ആരെങ്കിലും ഒരു നന്‍മ കൊണ്ടു വന്നാല്‍ അവന് അതിന്‍റെ പത്ത് ഇരട്ടി (പ്രതിഫലം) ഉണ്ട്. (അന്‍ആം:160). അപ്പോള്‍ ഒരു ദിവസമെന്നത് പത്ത് ദിവസങ്ങളാണ്.

വിവരണം

നോമ്പിന്‍റെ മഹത്വം അറിയിക്കുന്ന ഹദീസ് ആണിത്. ഫര്‍ദ്വും സുന്നത്തുമായ എല്ലാ നോമ്പുകളും വളരെ മഹത്വമേറിയതാണ്.


നോമ്പിന്‍റെ ചില ശ്രേഷ്ടതകള്‍

 എല്ലാ സല്‍കര്‍മങ്ങള്‍ക്കും അല്ലാഹു ആണ് പ്രതിഫലം നല്‍കുന്നത്. എന്നാല്‍ നോമ്പിനെ കുറിച്ച് അല്ലാഹു പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. അല്ലാഹു പറഞ്ഞു: 'നോമ്പ് എനിക്കുള്ളതാണ് ഞാന്‍ അതിന് പ്രതിഫലം നല്‍കുന്നതാണ്'. അഥവാ കണക്കറ്റ പ്രതിഫലം അതിന് അല്ലാഹു നല്‍കുന്നതാണ്.


 നോമ്പുകാരന് രണ്ട് സന്തോഷ വേളകള്‍ ഉണ്ട്. ഒന്ന് നോമ്പ് തുറക്കുമ്പോഴും മറ്റൊന്ന് അല്ലാഹുവിനെ കണ്ടു മുട്ടുമ്പോഴും.


  പരലോകത്ത് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ നോമ്പ് കാരണം അവന് പ്രത്യേകം സന്തോഷിക്കാം എന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം.


 നോമ്പുകാരന്‍റെ വായയയുടെ ഗന്ധം അല്ലാഹുവിന്‍റെ അടുക്കല്‍ വളരെ സുഗന്ധമുള്ളതാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. അല്ലാഹുവിനെ അനുസരിച്ച് വ്രതമനുഷ്ടിച്ചതിനാല്‍ വായയില്‍ ഉണ്ടാകുന്ന ഗന്ധ മാറ്റമാണത്.


 നോമ്പുകാര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ റയ്യാന്‍ എന്ന പ്രത്യേക കവാടം അല്ലാഹു ഏര്‍പ്പെടുത്തിയിരിക്കുന്നു. നോമ്പുകാര്‍ മാത്രമേ അതിലൂടെ പ്രവേശിക്കുകയുള്ളൂ..


 അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഒരു നോമ്പ് അനുഷ്ടിച്ചാല്‍ 70 വര്‍ഷത്തെ വഴിദൂരം അല്ലാഹു അവനെ നരകത്തില്‍ നിന്ന് അകറ്റുന്നതാണ്.


 നോമ്പ് തിന്‍മകളില്‍ നിന്നും മനുഷ്യരെ തടുത്തു നിര്‍ത്തുന്ന പരിചയാണ്.


 നോമ്പ് പാപങ്ങളെ മായ്ക്കുന്നതോടൊപ്പം വിവിധ കുഴപ്പങ്ങളില്‍ നിന്ന് അത് മനുഷ്യന് സംരക്ഷണം നല്‍കും. തന്‍റെ കുടുംബത്തിലും സന്താനത്തിലും സമ്പത്തിലും ഉണ്ടാകുന്ന ഫിത്നകള്‍ക്കും  അയല്‍ക്കാരനില്‍ നിന്നുണ്ടാകുന്ന ഫിത്നകള്‍ക്കും നോമ്പ് പരിഹാരമാണ്.


 നോമ്പ് അതിന്‍റെ ആള്‍ക്ക് വേണ്ടി പരലോകത്ത് ശുപാര്‍ശ ചെയ്യുന്നതാണ്.


തുടങ്ങി ധാരാളം പ്രത്യേകതകള്‍ നോമ്പിനുണ്ട്. നാം കൂടുതല്‍ പഠിക്കുകയും നമ്മുടെ കര്‍മങ്ങള്‍ നന്നാക്കുകയും ചെയ്യുന്നവരാവുക.


റമദാനിന്‍റെ പ്രത്യേകതകള്‍


 റമദ്വാനിലാണ് അല്ലാഹു ക്വുര്‍ആന്‍ അവതരിപ്പിച്ചത്.


 റമദ്വാനിലെ എല്ലാ ദിവസവും നോമ്പ് അനുഷ്ടിക്കല്‍ അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു.


 ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ടമായ ലൈലത്തുല്‍ ക്വദ്ര്‍ അല്ലാഹു നിശ്ചയിച്ചിരിക്കുന്നത് ഈ മാസത്തിലാണ്.


 റമദാനിലെ നോമ്പ് കൊണ്ട് മുമ്പ് ചെയ്ത പാപങ്ങളെല്ലാം അല്ലാഹു പൊറുത്ത് കൊടുക്കുന്നതാണ്.


 റമദാനിലെ രാത്രി നമസ്കാരം (തറാവീഹ്) കൊണ്ട് മുമ്പ് ചെയ്ത പാപങ്ങളെല്ലാം അല്ലാഹു പൊറുത്ത് കൊടുക്കുന്നതാണ്.


 റമദ്വാനില്‍ അല്ലാഹു സ്വര്‍ഗ്ഗത്തിന്‍റെ കവാടങ്ങള്‍ തുറന്ന് വെക്കുന്നതാണ്.


 അത് പോലെ ഈ മാസത്തില്‍ നരകത്തിന്‍റെ കവാടങ്ങള്‍ എല്ലാം അടക്കപ്പെടുകയും പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യുന്നതാണ്.


 റമദ്വാനിലെ എല്ലാ ദിനങ്ങളിലും ധാരാളം ആളുകള്‍ നരകത്തില്‍ നിന്ന് മോചിപ്പിക്കപ്പെടും.


 ഒരു റമദ്വാന്‍ കൊണ്ട് അതിനു മുമ്പുള്ള റമദ്വാനിനിടക്കുള്ള പാപങ്ങള്‍ മായ്ക്കപ്പെടാന്‍ കാരണമാകുന്നതാണ്.


 റമദ്വാനില്‍ ഇമാമിനോടൊപ്പം അദ്ദേഹം നമസ്കാരത്തില്‍ നിന്ന് വിരമിക്കുന്നത് വരെ രാത്രി നമസ്കാരം (തറാവീഹ്) നമസ്കരിച്ചാല്‍ അത് രാത്രി മുഴുവന്‍ നിന്ന് നമസ്കരിച്ച പോലയാണ്.


 റമദ്വാനിലെ നോമ്പ് നിര്‍ബന്ധ ബാധ്യതയാണ്.


 റമദ്വാനിലെ ഉംറക്ക് ഹജ്ജിന്‍റെ പ്രതിഫലമാണ്.


റമദ്വാനിന് പുറമെ ഐച്ഛികമായി നിര്‍വ്വഹിക്കാന്‍ നിശ്ചയിക്കപ്പെട്ട നോമ്പുകളുടെ ചുരുക്ക വിവരം താഴെ കൊടുക്കുന്നു:


1- ശവ്വാലിലെ ആറ് നോമ്പുകള്‍


2- ദുല്‍ഹിജ്ജ മാസത്തിലെ ആദ്യത്തെ 1 മുതല്‍ 9 വരെയുള്ള ദിനങ്ങളിലെ നോമ്പ്. ദുല്‍ഹിജ്ജ 9 നാണ് പ്രബലമായ അറഫാ നോമ്പ്.


3- മുഹറം 9, 10 ദിനങ്ങളിലെ താസൂആഉം ആശൂറാഉം.


4-ശഅ്ബാനിലെ നോമ്പ്. ഈ മാസത്തില്‍ റമദാനിന്‍റെ തൊട്ട് മുമ്പ് ഒന്ന് രണ്ട് ദിവസങ്ങള്‍ ഒഴികെ ബാക്കി എല്ലാ ദിനങ്ങളിലും നോമ്പ് സുന്നത്താണ്. എന്നാല്‍ ശഅ്ബാന്‍ പകുതി ആയതിന് ശേഷം പ്രത്യേകമായി ഈ നോമ്പുകള്‍ അനുഷ്ടിച്ച് തുടങ്ങാവതല്ല.


5- അയ്യാമുല്‍ ബീദ്വ്, അഥവാ എല്ലാ അറബി മാസത്തിലേയും 13,14,15 ദിനങ്ങളിലെ നോമ്പ്. ദുല്‍ഹിജ്ജ 13 ന് ഈ ഗണത്തിലെ നോമ്പ് നോല്‍ക്കാന്‍ പാടില്ല.


6- എല്ലാ തിങ്കളാഴ്ചയും വ്യാഴായ്ചയും നോമ്പെടുക്കല്‍.


7- ഒന്നിടവിട്ട ദിനങ്ങളില്‍ നോമ്പനുഷ്ടിക്കല്‍.


8- ഈ ഹദീസില്‍ വന്നത് പോലെ എല്ലാ മാസവും 3 നോമ്പ് അനുഷ്ടിക്കല്‍. ഇത് അയ്യാമുല്‍ബീദ്വ് കണക്കാക്കിയോ അല്ലാതെയോ ആകാം എന്ന് ഫുക്വഹാക്കള്‍ അറിയിച്ചിട്ടുണ്ട്.


ഒരു വര്‍ഷം മുഴുവന്‍ നോമ്പെടുത്ത പ്രതിഫലം ലഭിക്കുന്ന രണ്ട് സാഹചര്യങ്ങള്‍:


1- റമദ്വാനിലെ മുഴുവന്‍ നോമ്പുകളും ശവ്വാലിലെ ആറു നോമ്പുകളും നോല്‍ക്കുന്നതിലൂടെ.


2- ഓരോ മാസത്തിലും മൂന്ന് നോമ്പുകള്‍ അനുഷ്ടിക്കുന്നതിലൂടെ.


ഒരു നോമ്പിന് പത്ത് നോമ്പിന്‍റെ പ്രതിഫലം ആണ് നല്‍കപ്പെടുന്നത് എന്നതാണ് ഇതിന് കാരണം.


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...