ഫോളോ ചെയ്യാം

Tuesday, 18 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 151 دروس الحديث - ഉറങ്ങുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍

 


ഉറങ്ങുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍

عَنْ عَائِشَةَ: "أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ جَمَعَ كَفَّيْهِ، ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا: قُلْ هُوَ اللَّهُ أَحَدٌ وَقُلْ أَعُوذُ بِرَبِّ الفَلَقِ وَقُلْ أَعُوذُ بِرَبِّ النَّاسِ، ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ، يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقْبَلَ مِنْ جَسَدِهِ يَفْعَلُ ذَلِكَ ثَلاَثَ مَرَّاتٍ "-رواه البخاري

ആഇശ رضي الله عنها നിവേദനം. എല്ലാ രാത്രിയിലും കിടക്കാനായി വിരിപ്പിലെത്തിയാല്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ തന്‍റെ രണ്ട് കൈപടങ്ങളും ചേര്‍ത്ത് വെക്കുകയും അതില്‍ ഊതുകയും അവ രണ്ടിലും (قُلْ هُوَ اللَّهُ أَحَدٌ), (قُلْ أَعُوذُ بِرَبِّ الفَلَقِ), (قُلْ أَعُوذُ بِرَبِّ النَّاسِ) എന്നീ സൂറത്തുകള്‍ ഓതുകയും ചെയ്യുമായിരുന്നു. എന്നിട്ട് അവ രണ്ടും കൊണ്ട് ശരീരത്തില്‍ സാധിക്കുന്നത്ര തടവുമായിരുന്നു. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ തല, മുഖം, ശരീരത്തിന്‍റെ മുന്‍ഭാഗം എന്നിവയില്‍ നിന്ന് തടവല്‍ തുടങ്ങും. അത് മൂന്ന് തവണ ചെയ്യുമായിരുന്നു. (ബുഖാരി)

വിവരണം

 ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. നമ്മുടെ ഭൗതികവും ആത്മീയവുമായ നന്‍മകള്‍ക്ക് ഉതകുന്ന കാര്യങ്ങളാണവ. നാം അവ പഠിക്കുകയും പതിവാക്കുകയും ചെയ്യണം. അതില്‍ പെട്ട ഒരു കാര്യമാണ് ഈ ഹദീസില്‍ വിവരിക്കുന്നത്.
 ഒരു വിശ്വാസി അല്ലാഹുവിനെ എല്ലായ്പ്പോഴും ഓര്‍ക്കണം. ജീവിതത്തിന്‍റെ എല്ലാ സന്ദര്‍ഭങ്ങളിലും അതുണ്ടാവണം. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ എല്ലാ അവസ്ഥകളിലും അല്ലാഹുവിനെ ഓര്‍ക്കാറുണ്ടായിരുന്നു.
 ഉറങ്ങാന്‍ കിടക്കുമ്പോള്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ചെയ്യാറുണ്ടായിരുന്ന ഒരു കാര്യത്തെയാണ് ആഇശ رضي الله عنها നമുക്ക് അറിയിച്ച് തരുന്നത്. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ഇത് ചെയ്യല്‍ പതിവാക്കിയിരുന്നു. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ക്ക് രോഗമായാല്‍ ആഇശ رضي الله عنها യോട് ഇത് ചെയ്ത് കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു എന്ന് ആഇശ رضي الله عنها തന്നെ അറിയിക്കുന്ന ഹദീസിലുണ്ട്.
 കൈ ചേര്‍ത്ത് വെച്ച് ആദ്യം അതില്‍ ഊതുകയും പിന്നെ സൂറതുല്‍ ഇക്വ്ലാസ്വും, മുഅവ്വിദതൈനിയും ഓതുകയും ചെയ്യും. എന്നിട്ട് കൈകൊണ്ട് സാധിക്കുന്നത്ര സ്ഥലത്ത് തടവുകയും ചെയ്യുമായിരുന്നു. ഇങ്ങനെ മൂന്ന് തവണ ചെയ്തതിന് ശേഷമാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ രാത്രി ഉറങ്ങിയിരുന്നത്.
 ഇതില്‍ പറയപ്പെട്ട സൂറത്തുകള്‍ അതിന്‍റെ ആളുകള്‍ക്ക് സംരക്ഷണമാകും എന്ന് ഹദീസ് സൂചിപ്പിക്കുന്നു.
 സാധാരണ പ്രാര്‍ത്ഥനക്ക് ശേഷം മുഖവും കൈകാലുകളും തടവാന്‍ തെളിവുകളില്ല. തെളിവുകളില്‍ വന്നവ മാത്രം ചെയ്യുന്നവരാകാന്‍ നാം ശ്രദ്ധിക്കണം.
 ഈ സന്ദര്‍ഭത്തില്‍ ഓതലാണോ, ഊതലാണോ ആദ്യം ചെയ്യേണ്ടത് എന്ന് ശൈഖ് ഇബനു ഉസൈമീന്‍ رحمه الله ചോദിക്കപ്പെട്ടു. മറുപടി: ഈ ഹദീസിന്‍റെ പ്രത്യക്ഷാര്‍ത്ഥം ഓതുന്നതിന്‍റെ മുമ്പ് ഊതല്‍ ആണ്. എന്നാല്‍ ആ കാര്യം വിശാലമാണ് ഇന്‍ ശാ അല്ലാഹ് (ലിക്വാഉല്‍ ബാബില്‍ മഫ്തൂഹ്).

ഉറങ്ങുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍
1- വിളക്കോ, തീയോ കത്തിച്ചതുണ്ടെങ്കില്‍ അണക്കല്‍, ബിസ്മി ചൊല്ലി വാതില്‍ അടക്കല്‍
2- പാത്രങ്ങള്‍ അടച്ച് വെക്കല്‍
3- ഉറങ്ങുന്നതിന് മുമ്പ് വുദ്വൂഅ് ചെയ്യല്‍
4- കിടക്കുന്നതിന് മുമ്പായി വിരിപ്പ് നന്നായി കുടയല്‍
5- വലത് ഭാഗത്തേക്ക് ചെരിഞ്ഞ് കിടക്കലും, വലത് കൈ കവിളിന് താഴെ വെക്കലും.
6- ഉറങ്ങുമ്പോഴുള്ള ദിക്റുകള്‍ ചൊല്ലല്‍
7- ഉറങ്ങുന്നതിന് മുമ്പ് ജനാബത്തുകാരനായാല്‍ വുദ്വൂഅ് ചെയ്യല്‍, കുളിക്കുകയാണെങ്കില്‍ കൂടുതല്‍ നല്ലതായി.
8- നേരത്തെ ഉറങ്ങല്‍

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...