ഫോളോ ചെയ്യാം

Friday, 7 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 140 دروس الحديث - മനസ്സില്‍ തോന്നലുണ്ടാകുന്ന കാര്യങ്ങള്‍ക്ക് ശിക്ഷയില്ല


 

മനസ്സില്‍ തോന്നലുണ്ടാകുന്ന കാര്യങ്ങള്‍ക്ക് ശിക്ഷയില്ല


عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ اللَّهَ تَجَاوَزَ لِي عَنْ أُمَّتِي مَا وَسْوَسَتْ بِهِ صُدُورُهَا، مَا لَمْ تَعْمَلْ أَوْ تَكَلَّمْ»- رواه البخاري

അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിരിക്കുന്നു: നിശ്ചയം പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത, ഹൃദയങ്ങളില്‍ മന്ത്രിക്കുന്ന കാര്യങ്ങള്‍ എന്‍റെ സമുദായത്തില്‍ നിന്ന് അല്ലാഹു വിട്ടു പൊറുത്ത് നല്‍കിയിരിക്കുന്നു. (ബുഖാരി)

വിവരണം

  • അല്ലാഹുവിന്‍റെ കാരുണ്യം അതി വിശാലമാണ്. അത് എല്ലാ സൃഷ്ടിജാലങ്ങളും ഓരോ നിമിഷത്തിലും അനുഭവിച്ച് കൊണ്ടിരിക്കുന്നു.
  • അല്ലാഹു മനുഷ്യര്‍ക്ക് നല്‍കുന്ന അനേകം കാരുണ്യങ്ങളില്‍ ഒന്നിനെ കുറിച്ചാണ് ഈ ഹദീസില്‍ പ്രതിപാദിക്കുന്നത്.
  • മനസ്സില്‍ ഒരു തിന്‍മ വിചാരിക്കുകയും അത് പറയുകയോ ചെയ്യുകയോ ചെയ്യാത്തിടത്തോളം അവന് അതിന് ശിക്ഷ ലഭിക്കുകയില്ല. ഇത് അല്ലാഹു അടിമകളോട് ചെയ്യുന്ന വലിയ ഔദാര്യമാണ്.
  • മതത്തിന്‍റെ എല്ലാ വിഷയങ്ങളിലും ഇത് ബാധകമാണ്. ഒരാള്‍ തന്‍റെ ഭാര്യയെ ഞാന്‍ ത്വലാക്വ് ചെയ്തിരിക്കുന്നു എന്ന് മനസ്സില്‍ പറഞ്ഞാല്‍ അത് ത്വലാക്വ് ആവുകയില്ല, അത് വ്യക്തമായി പറയുന്നത് വരെ.
  • എന്നിരുന്നാലും തിന്‍മകള്‍ ചിന്തിക്കാതിരിക്കലും അതിലേക്ക് എത്തിച്ചേരുന്ന വഴികള്‍ അടക്കലും ശ്രദ്ധിക്കേണ്ട കാര്യമാണ്.
  • തിന്‍മകള്‍ പറയുകയോ ചെയ്യുകയോ ചെയ്താല്‍ അവക്ക് ശിക്ഷയുണ്ടാകും എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.
  • തിന്‍മക്കുള്ള അനന്തര ഫലം ഇഹലോകത്തും പരലോകത്തും അനുഭവിക്കേണ്ടി വരുമെന്നത് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.
  • ഇബ്നു ഹജര്‍ ൃ പറഞ്ഞു: മുഹമ്മദ് നബി ഴ യുടെ ഉമ്മത്തിന് മഹത്തരമായ സ്ഥാനം ഉണ്ടെന്ന് ഈ ഹദീസില്‍ സൂചനയുണ്ട്. (ഫത്ഹുല്‍ ബാരി 11/552)
  • ഹൃദയത്തില്‍ ചൊറിച്ചിലും പ്രയാസവും ഉണ്ടാക്കുന്ന എല്ലാം തിന്‍മയാണ്. അത് ചിന്തിക്കാനോ പറയാനോ പ്രവര്‍ത്തിക്കാനോ നില്‍ക്കരുത്. അത് ചിന്തിച്ചത് കൊണ്ട് ശിക്ഷ ലഭിക്കില്ലെങ്കിലും അതിന്‍റെ പ്രയാസം നാം അനുഭവിക്കേണ്ടി വരും. തിന്‍മകള്‍ മനുഷ്യന് തുടര്‍ച്ചയായ മോശം അനന്തര ഫലങ്ങള്‍ സമ്മാനിക്കുന്നവയാണ്.
  • നന്‍മകള്‍ പ്രവര്‍ത്തിച്ചാല്‍ ഇരട്ടിയായി അവ രേഖപ്പെടുത്തപ്പെടും. എന്നാല്‍ തിന്‍മ ഒരു തിന്‍മയായി മാത്രമേ രേഖപ്പെടുത്തപ്പെടുകയുള്ളൂ. 

അല്ലാഹു പറയുന്നു:

(مَنْ جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا وَمَنْ جَاءَ بِالسَّيِّئَةِ فَلَا يُجْزَى إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ) الأنعام: ١٦٠

വല്ലവനും ഒരു നന്‍മ കൊണ്ടു വന്നാല്‍ അവന്ന് അതിന്‍റെ പതിന്‍മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്‍മകൊണ്ടു വന്നാല്‍ അതിന് തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല.

അല്ലാഹു പറയുന്നു:

(مَنْ عَمِلَ سَيِّئَةً فَلَا يُجْزَى إِلَّا مِثْلَهَا وَمَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَأُولَئِكَ يَدْخُلُونَ الْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ) غافر: ٤٠

ആരെങ്കിലും ഒരു തിന്‍മ പ്രവര്‍ത്തിച്ചാല്‍ തത്തുല്യമായ പ്രതിഫലമേ അവന്നു നല്‍കപ്പെടുകയുള്ളൂ സത്യവിശ്വാസിയായികൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. കണക്കുനോക്കാതെ അവര്‍ക്ക് അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കും.

  • ഒരാള്‍ നന്‍മ വിചാരിക്കുകയും അത് ചെയ്യാതിരിക്കുകയും ചെയ്താല്‍ അല്ലാഹു അവന്‍റെ അടുക്കല്‍ അത് ഒരു പരിപൂര്‍ണ്ണ നന്‍മയായി രേഖപ്പെടുത്തും. ഇനി അത് ചെയ്യുക കൂടി ചെയ്താല്‍ പത്ത് മുതല്‍ എഴുന്നൂറ് വരെ ഇരട്ടികളായി അതിനെ രേഖപ്പെടുത്തും. ഇനി തിന്‍മ ചെയ്യാന്‍ വിചാരിക്കുകയും അത് ചെയ്യാതെ മാറി നില്‍ക്കുകയും ചെയ്താല്‍ അത് പരിപൂര്‍ണ്ണ നന്‍മയായി അല്ലാഹു രേഖപ്പെടുത്തുകയും ചെയ്യും എന്നും ഹദീസിലുണ്ട്.


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...