ഫോളോ ചെയ്യാം

Tuesday, 4 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 137 دروس الحديث - ലോകമാന്യം ചെറിയ ശിര്‍ക്കാണ്‌

 


ലോകമാന്യം ചെറിയ ശിര്‍ക്കാണ്‌

عنْ مَحْمُودِ بْنِ لَبِيدٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمْ الشِّرْكُ الْأَصْغَرُ قَالُوا وَمَا الشِّرْكُ الْأَصْغَرُ يَا رَسُولَ اللَّهِ قَالَ الرِّيَاءُ يَقُولُ اللَّهُ عَزَّ وَجَلَّ لَهُمْ يَوْمَ الْقِيَامَةِ إِذَا جُزِيَ النَّاسُ بِأَعْمَالِهِمْ اذْهَبُوا إِلَى الَّذِينَ كُنْتُمْ تُرَاءُونَ فِي الدُّنْيَا فَانْظُرُوا هَلْ تَجِدُونَ عِنْدَهُمْ جَزَاءً -رواه أحمد في مسنده، صحيح


മഹ്മൂദ് ബ്നു ലബീദ് رضي الله عنه നിവേദനം, റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിശ്ചയം ഞാന്‍ നിങ്ങളുടെ കാര്യത്തില്‍ ഭയക്കുന്നതില്‍ ഏറ്റവും അധികം ഭയക്കുന്ന കാര്യം ചെറിയ ശിര്‍ക്ക് ആണ്. സ്വഹാബത്ത് ചോദിച്ചു: ചെറിയ ശിര്‍ക്ക് എന്താണ് റസൂലേ.. റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ലോകമാന്യമാണത്. അന്ത്യദിനത്തില്‍ ആളുകള്‍ക്ക് അവരുടെ കര്‍മങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടാല്‍ അല്ലാഹു ഇവരോട് (ലോകമാന്യം കാണിച്ചവരോട്) പറയും: ദുന്‍യാവില്‍ നിങ്ങള്‍ ലോകമാന്യം കാണിച്ചതാര്‍ക്കാണോ അവരുടെ പക്കല്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം ഉണ്ടോ എന്ന് പോയി നോക്കുക.. (അഹ്മദ്)

 

വിവരണം

  • ബഹുഭൂരിഭാഗവും ആളുകളിലും ഉണ്ടാകുന്ന വലിയൊരു ദൂഷ്യമാണ് ലോകമാന്യം. വാക്കിലൂടെയോ പ്രവര്‍ത്തനത്തിലൂടെയോ ചിന്താഗതികളിലൂടെയോ മനുഷ്യനില്‍ ഇത് പ്രകടമാകും.
  • ലോകമാന്യം വലിയ പാപമാണ്. ശിര്‍ക്കിലേക്ക് ആണ് അതിനെ ചേര്‍ത്ത് പറഞ്ഞിട്ടുള്ളത്. ലോകമാന്യം കാരണം മതത്തില്‍ നിന്ന് പുറത്ത് പോവുകയില്ലെങ്കിലും ശ്രദ്ധിക്കേണ്ട ഗുരതര രോഗമാണിത്.
  • കര്‍മങ്ങള്‍ സ്വീകരിക്കാനുള്ള രണ്ട് നിബന്ധനകളില്‍ ഒന്ന് ഇഖ്ലാസ്വ് ആണ്. അഥവാ കര്‍മങ്ങള്‍ അല്ലാഹുവിന് മാത്രം ആയി ചെയ്യലാണിത്.
  • വാക്കിലും പ്രവൃത്തിയിലും ഇഖ്ലാസ്വ് നഷ്ടപ്പെടലാണ് ലോകമാന്യം, ഈ അവസരത്തില്‍ അവന്‍ അല്ലാഹുവിന്‍റെ പ്രതിഫലം കാംക്ഷിച്ച് കര്‍മം ചെയ്യുന്നവനല്ലാതായിത്തീരുന്നു.
  • ഇത്തരക്കാരുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ല. മാത്രമല്ല ആരെയാണോ അവര്‍ കാണിച്ച് ചെയ്തത് അവരിലേക്ക് പ്രതിഫലത്തിനായി പോയിക്കൊള്ളാന്‍ അല്ലാഹു പറയുകയും ചെയ്യും. പരലോകത്ത് കര്‍മങ്ങള്‍ക്ക് പ്രതിഫലം നല്‍കാന്‍ അല്ലാഹു അല്ലാതെ മറ്റാരുണ്ട്.
  • ദജ്ജാലിന്‍റെ കുഴപ്പത്തേക്കാള്‍ വലിയ കുഴപ്പമാണ് ഗോപ്യമായ ശിര്‍ക്ക് (രിയാഅ്) മുഖേന ഉണ്ടാകുന്നത് എന്ന് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്. എന്താണ് ഗോപ്യമായ ശിര്‍ക്ക് എന്ന് സ്വഹാബത്ത് ചോദിച്ചു: അപ്പോള്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഒരാള്‍ നിസ്കരിക്കമ്പോള്‍ വേറെ ആള്‍ കാണാന്‍ വേണ്ടി അവന്‍റെ നമസ്കാരം ഭംഗിയാക്കലാണ് ഗോപ്യമായ ശിര്‍ക്ക്. (ഇബ്നുമാജ:4204)
  • രിയാഅ് യഥാര്‍ത്ഥത്തില്‍ സല്‍പേരല്ല അതിന്‍റെ ആള്‍ക്ക് സമ്മാനിക്കുന്നത്. മറിച്ച് നിന്ദ്യതയും, അല്‍പത്വവും മാത്രമാണ്.
  • പരലോകത്തിന് വേണ്ടിയുള്ള കര്‍മങ്ങള്‍ ഭൗതിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി ആരെങ്കിലും ചെയ്താല്‍ അവന് പരലോകത്തില്‍ യാതൊരു ഓഹരിയും ഉണ്ടാവുകയില്ല.
  • അല്ലാഹുവിന്‍റെ സഹായം ആത്മാര്‍ത്ഥതയിലൂടെയും നിഷ്കളങ്കതയിലൂടെയും മാത്രമേ നേടാനാകൂ.
  • ലോകമാന്യം കപട വിശ്വാസികളുടെ സ്വഭാവത്തില്‍ പെട്ടതാണ്. അല്ലാഹു പറയുന്നു:

(إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَى يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا) النساء: ١٤٢ 

തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവര്‍ നമസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ.

  • എല്ലാ സല്‍കര്‍മങ്ങള്‍ ചെയ്യുമ്പോഴും ദഅ്വത്ത് നടത്തുമ്പോഴുമെല്ലാം രിയാഇനെ സൂക്ഷിക്കേണ്ടതുണ്ട്. അല്ലാഹുവിന്‍റെ പ്രതിഫലം മാത്രം പ്രതീക്ഷിച്ച് കര്‍മങ്ങള്‍ ചെയ്യല്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. അല്ലാഹു പറയുന്നു: 

(فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا) \  الكهف: ١١٠

വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.


ലോകമാന്യം എന്ന വിപത്തില്‍ നിന്നൊഴിഞ്ഞ് കര്‍മങ്ങള്‍ അല്ലാഹുവിന് മാത്രം ആക്കാന്‍ ഉള്ള വഴികള്‍

1- അല്ലാഹു തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് ബോധ്യമുണ്ടാകല്‍. നാം ചെയ്യുന്ന ഏതൊരു കര്‍മവും അല്ലാഹു നിരീക്ഷിക്കുന്നു എന്ന ബോധ്യത്തിലൂടെ ഇത് സാധ്യമാകും.

2- നമ്മുടെ സല്‍കര്‍മങ്ങള്‍ക്ക് ആളുകളുടെ നല്ല വാക്ക് പ്രതീക്ഷിക്കാതിരിക്കുക. അവര്‍ നല്ലത് പറഞ്ഞാലും ഇല്ലെങ്കിലും നമുക്ക് പ്രശ്നമാകേണ്ടതില്ല.

3- പരമാവധി കര്‍മങ്ങള്‍ രഹസ്യമാക്കാന്‍ ശരദ്ധിക്കുക. അല്ലാഹുവും അടിമയും മാത്രമറിയുന്ന ധാരാളം നന്‍മകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക.

4- വലിയ ശിര്‍ക്കോ ചെറിയ ശിര്‍ക്കോ ജീവിതത്തില്‍ കടന്ന് വരാതിരിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക.

5- ലോകമാന്യമുള്ള പ്രവര്‍ത്തനങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ല. അത് തള്ളപ്പെടുന്നതാണ് എന്ന ബോധമുണ്ടാകല്‍.


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...