عَنْ جَابِرٍ، قَالَ: أَتَى
النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلٌ فَقَالَ: يَا رَسُولَ اللهِ،
مَا الْمُوجِبَتَانِ؟ فَقَالَ: مَنْ مَاتَ لاَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ
الْجَنَّةَ، وَمَنْ مَاتَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ النَّارَ- رواه مسلم
ജാബിര്‍ رضي اللَّهُ عنهما പറഞ്ഞു: നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ അടുക്കല്‍ ഒരാള്‍ വന്നു ചോദിച്ചു, അല്ലാഹുവിന്‍റെ റസൂലേ..രണ്ട് നിര്‍ബന്ധ കാര്യങ്ങള്‍ ഏതാണ്? റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ആരെങ്കിലും അല്ലാഹുവില്‍ യാതൊന്നിനേയും പങ്കു ചേര്‍ക്കാതെ മരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും, ആരെങ്കിലും അല്ലാഹുവില്‍ വല്ലതിനേയും പങ്കു ചേര്‍ത്ത് മരിച്ചാല്‍ അവന്‍ നരകത്തില്‍ പ്രവേശിക്കും.
വിവരണം
- തൗഹീദ്, ശിര്‍ക്ക് എന്നീ വിഷയങ്ങളുടെ പ്രാധാന്യവും ഗൗരവവും അറിയിക്കുന്ന ഹദീസ് ആണിത്.
- الْمُوجِبَتَانِ എന്നാല്‍ സ്വര്‍ഗ്ഗവും നരകവും ലഭിക്കല്‍ നിര്‍ബന്ധമാക്കുന്ന രണ്ട് കാര്യങ്ങള്‍ എന്നാണ് അര്‍ത്ഥം. അപ്പോള്‍ ഒന്നാമത്തെ الْمُوجِبَة എന്നത് സ്വര്‍ഗ്ഗം നിര്‍ബന്ധമാക്കുന്ന കാര്യത്തേയും, രണ്ടാമത്തെ الْمُوجِبَة എന്നത് നരകം നിര്‍ബന്ധമാക്കുന്ന കാര്യത്തേയും അറിയിക്കുന്നു.
- സ്വഹാബികള്‍ മതവിജ്ഞാനത്തിന്‍റെ കാര്യത്തില്‍ വളരെ മാതൃകാ യോഗ്യരായിരുന്നു. അവര്‍ക്ക് അറിയാത്തതും, വ്യക്തമായി അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുക എന്നത് അവരുടെ ചര്യയായിരുന്നു.
- ചോദിച്ച് മനസ്സിലാക്കുന്ന കാര്യങ്ങള്‍ അവര്‍ കൃത്യമായി ജീവിതത്തില്‍ നടപ്പിലാക്കുമായിരുന്നു.
- വിശ്വാസ കാര്യങ്ങളില്‍ വളരെ ഉറച്ച ബോധ്യമുള്ളവരായിരുന്നു സ്വഹാബിമാര്‍.
- ഈമാനോടെ മരിക്കുന്ന ആള്‍ക്ക് സ്വര്‍ഗ്ഗവും, സത്യനിഷേധിയായി മരിക്കുന്ന ആള്‍ക്ക് നരകവും നിര്‍ബന്ധമാകും എന്നാണ് ഹദീസ് പഠിപ്പിക്കുന്നത്.
مَنْ مَاتَ لاَ يُشْرِكُ بِاللَّهِ شَيْئًا
دَخَلَ الْجَنَّةَ
ആരെങ്കിലും അല്ലാഹുവില്‍ യാതൊന്നിനേയും പങ്കു ചേര്‍ക്കാതെ മരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും
അല്ലാഹുവില്‍ പങ്ക് ചേര്‍ക്കാതെ മരണപ്പെടുക എന്നത് വലിയ സൗഭാഗ്യമാണ്. അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും, അവരുടെ ജീവിതത്തില്‍ മറ്റു തിന്‍മകള്‍ ഉണ്ടെങ്കിലും ശരി. ഒന്നുകില്‍ അല്ലാഹു അവ അവര്‍ക്ക് പൊറുത്ത് കൊടുക്കുകയോ അല്ലെങ്കില്‍ അതിനുള്ള ശിക്ഷ നല്‍കുകയോ ചെയ്തേക്കാം. എന്നിരുന്നാലും അവസാനം അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും.
ü ഒരാള്‍ لاَ إِلَهَ إِلاَّ اللَّهُ എന്ന് പറയുകയും തന്‍റെ ഹൃദയത്തില്‍ അണുത്തൂക്കം നന്‍മയുണ്ടാവുകയും ചെയ്താല്‍ അവന്‍ നരകത്തില്‍ നിന്ന് പുറത്തേക്ക് വരും എന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്.
ü അന്ത്യദിനത്തില്‍ നബി ഴയുടെ ശഫാഅത്ത് ലഭിക്കാന്‍ ഭാഗ്യം ലഭിക്കുന്നവര്‍ لاَ إِلَهَ إِلاَّ اللَّهُ എന്ന് ആത്മാര്‍ത്ഥമായി പ്രഖ്യാപിച്ച് ജീവിതത്തില്‍ നടപ്പിലാക്കുന്നവരാണ്. എങ്ങനെയെങ്കിലും അത് പറഞ്ഞാല്‍ പോരാ എന്നര്‍ത്ഥം.
üഹൃദയത്തില്‍ സത്യസന്ധമായി لاَ إِلَهَ إِلاَّ اللَّهُ مُحَمَّد رَسُولُ اللَّهِ എന്ന് സാക്ഷ്യപ്പെടുത്തുന്നവന് നരകം നിഷിദ്ധമാണ് എന്നും റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്..
üആരാധനയുടെ എല്ലാ ഇനങ്ങളും അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് ജീവിക്കല്‍ ഓരോരുത്തര്‍ക്കും നിര്‍ബന്ധമാണ്. അല്ലാഹുവിന് നല്‍കേണ്ട ആരാധനാ കാര്യങ്ങളില്‍ അല്ലാഹുവിനെ ഏകനാക്കണം. അതാണ് ഈ ഹദീസിന്‍റെ പൊരുള്‍.
مَنْ مَاتَ يُشْرِكُ بِاللَّهِ شَيْئًا
دَخَلَ النَّارَ
ആരെങ്കിലും അല്ലാഹുവില്‍ വല്ലതിനേയും
പങ്കു ചേര്‍ത്ത് മരിച്ചാല്‍ അവന്‍ നരകത്തില്‍ പ്രവേശിക്കും.
ശിര്‍ക്കിന്‍റെ ഗൗരവവും അപകടവും ഈ വചനം ബോധ്യപ്പെടുത്തുന്നു. അല്ലാഹുവിന് സമന്‍മാരെ നിശ്ചയിക്കുകയും അവര്‍ക്ക് ആരാധനയുടെ ഇനങ്ങള്‍ സമര്‍പ്പിക്കലുമാണ് ശിര്‍ക്ക്. അല്ലാഹു അവന്‍റെ എല്ലാ കാര്യങ്ങളിലും ഏകനാണ്. അവന് ഒരു പങ്കാളിയുമില്ല എന്നാണ് വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും നമ്മെ ആവര്‍ത്തിച്ച് അറിയിച്ചിട്ടുള്ളത്. എന്നിട്ടും പലരും അല്ലാഹുവില്‍ പങ്കുകാരെ ഉണ്ടാക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. ഇത് വളരെ വലിയ അപരാധമാണ്.
ശിര്‍ക്ക് വന്നു പോയാല്‍ നമ്മള്‍ ചെയ്ത എല്ലാ കര്‍മങ്ങളും പാഴായിപ്പോകുമെന്നാണ് അല്ലാഹു അറിയിച്ചിരിക്കുന്നത്. (സൂറത്തുസ്സുമര്‍:65).
ശിര്‍ക്ക് അല്ലാഹു ഒരിക്കലും പൊറുത്ത് കൊടുക്കുകയില്ല എന്ന് സൂറത്തുന്നിസാഇല്‍ 48, 116 ആയത്തുകളില്‍ അല്ലാഹു അറിയിച്ചിട്ടുണ്ട്.
ശിര്‍ക്ക് ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗം നിഷിദ്ധവും നരകം അവരുടെ അഭയ കേന്ദ്രവുമാകും എന്ന് സൂറത്തുല്‍ മാഇദ 72-ാം വചനത്തില്‍ അല്ലാഹു അറിയിച്ചു.
അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവന്‍ ആകാശത്ത് നിന്ന് വീണവനെപ്പോലെയാണ്. അത് വലിയ അക്രമവും അത് ചെയ്യുന്നവര്‍ അക്രമികളുമാണ്.
അല്ലാഹുവിന് മാത്രം നല്‍കണമെന്ന് മതം പഠിപ്പിച്ച എല്ലാ ആരാധനകളും അല്ലാഹുവിന് മാത്രം നല്‍കണം. അതിന്‍റെ നേര്‍ വിപരീതമാണ് ശിര്‍ക്ക്.
അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കല്‍, സൃഷ്ടികള്‍ക്ക് നേര്‍ച്ചകളും വഴിപാടുകളും അര്‍പ്പിക്കല്‍, അവരുടെ പേരില്‍ ബലി അറുക്കല്‍ അല്ലാഹുവിനെ സ്നേഹിക്കുന്നത് പോലെ സൃഷ്ടികളെ സ്നേഹിക്കലും അവരില്‍ ഭരമേല്‍പ്പിക്കലും, കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി അവരെ ഭയപ്പെടലും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
അല്ലാഹുവിന്‍റെ റുബൂബിയ്യത്തിലും ഉലൂഹിയ്യത്തിലും അസ്മാഉ വസ്സ്വിഫാതിലും അവന്‍ ഏകനാണ്. അവയില്‍ പങ്കാളികളെ നിശ്ചയിക്കാന്‍ നമുക്ക് അധികാരമില്ല.
ഈ പ്രപഞ്ചം നിയന്ത്രിക്കുന്നതും പരിപാലിക്കുന്നതും അല്ലാഹു മാത്രമാണെന്ന് മക്കാ മുശ്രിക്കുകള്‍ക്ക് പോലും അറിയുമായിരുന്നെന്ന് ക്വുര്‍ആന്‍ അറിയിക്കുന്നുണ്ട്. എന്നാല്‍ ഈ കാലത്ത് നമ്മുടെ ചുറ്റുമുള്ള മുസ്ലിം നാമധാരികളും പണ്ഡിത വേഷധാരികളും ഈ കാര്യത്തില്‍ വരെ പിഴച്ച് പോയ ദയനീയ കാഴചകളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വിശേഷ ബുദ്ധിയും വകതിരവുമില്ലാത്ത ആളുകളെ ഔലിയാക്കളായി കണക്കാക്കി അവരെ ജനങ്ങള്‍ക്കിടയില്‍ അല്ലാഹുവിനെ പോലെ അവതരിപ്പിക്കുന്നത് അത്യന്തം അപകടകരമായ കാര്യം തന്നെ. അല്ലാഹുവിന്‍റെ കഴിവുകെല്‍പ്പുകളെ പറ്റി അവര്‍ മനസ്സിലാക്കുകയും തൗഹീദിലേക്ക് അവര്‍ മടങ്ങി വരികയും ചെയ്യേണ്ടതുണ്ട്.

No comments:
Post a Comment