ഫോളോ ചെയ്യാം

Monday, 17 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 150 دروس الحديث - ടാറ്റൂ , പ്ലക്കിംഗ് , പല്ലിന് വിടവുണ്ടാക്കല്‍

 


ടാറ്റൂ , പ്ലക്കിംഗ് , 

പല്ലിന് വിടവുണ്ടാക്കല്‍ 

عَنْ عَلْقَمَةَ، قَالَ عَبْدُ اللَّهِ: «لَعَنَ اللَّهُ الوَاشِمَاتِ وَالمُسْتَوْشِمَاتِ، وَالمُتَنَمِّصَاتِ، وَالمُتَفَلِّجَاتِ لِلْحُسْنِ، المُغَيِّرَاتِ خَلْقَ اللَّهِ تَعَالَى» مَالِي لاَ أَلْعَنُ مَنْ لَعَنَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَهُوَ فِي كِتَابِ اللَّهِ: {وَمَا آتَاكُمُ الرَّسُولُ فَخُذُوهُ} [الحشر: 7]-رواه البخاري

അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തന്നവരായ പച്ച കുത്തുന്ന സ്ത്രീകളേയും പച്ച കുത്താന്‍ ആവശ്യപ്പെടുന്ന സ്ത്രീകളേയും, പുരികം വടിക്കുന്ന സ്ത്രീകളേയും, ഭംഗിക്ക് വേണ്ടി പല്ലിന് വിടവുണ്ടാക്കുന്ന സ്ത്രീകളേയും അല്ലാഹു ശപിച്ചിരിക്കുന്നു.  നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ശപിച്ചവരെ ശപിക്കാതിരിക്കാന്‍ എനിക്കാവില്ല. അത് അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലുണ്ട്: (റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ ഏതൊന്ന് കൊണ്ട് വന്നുവോ അത് നിങ്ങള്‍ സ്വീകരിക്കുക). (ബുഖാരി)

വിവരണം

  • അല്ലാഹുവിന്‍റെ ശാപം ലഭിക്കുന്ന ധാരാളം കാര്യങ്ങള്‍ ഉണ്ട്. അവയില്‍ പെട്ട ചില കാര്യങ്ങളാണ് ഈ ഹദീസിലൂടെ പഠിപ്പിക്കുന്നത്. ഭംഗി കൂട്ടാന്‍ സ്ത്രീകള്‍ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആണ് ശാപത്തിന് കാരണമായിട്ടുള്ളത്.
  • ശാപം എന്നാല്‍ നന്‍മകളില്‍ നിന്നും അകറ്റി നിര്‍ത്തലാണത്. നന്‍മകള്‍ക്കുള്ള അവസരങ്ങളും നന്‍മകളും നിഷിദ്ധമാക്കപ്പെടുന്ന അവസ്ഥയാണത്. അല്ലാഹു ഒരാളെ ശപിക്കുന്നത് വളരെ ഗുരുതരമായ കാര്യമാണ്. അതിനുള്ള കാരണങ്ങള്‍ ആരിലും വന്ന് കൂടാ.
  • وَشْم എന്നാല്‍ ടാറ്റൂ പോലെയുള്ള കാര്യങ്ങളാണിതില്‍ പെടുന്നത്. പച്ച കുത്തല്‍ എന്ന് ഇത് പറയപ്പെടും.
  • نَمْص എന്നാല്‍ കണ്‍പുരികം പ്ലക്ക് ചെയ്യലാണ്. പുരികം വടിച്ച് അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുന്നത് അല്ലാഹുവിന്‍റെ ശാപത്തിന് കാരണമാകുന്നതാണ്.
  • فَلَج എന്നാല്‍ പല്ലിനെ അകറ്റല്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഭംഗിക്ക് വേണ്ടി ഇങ്ങനെ ചെയ്യുന്നത് വലിയ തെറ്റാണ്.

ഈ കാര്യങ്ങള്‍ ചെയ്യുന്നതും ചെയ്യിക്കുന്നതും ശാപത്തിന് കാരണമാണ്.

  • അബ്ദുല്ലാഹി ബ്നു മസ്ഊദ് رضي اللهُ عنه ഈ ഹദീസ് പറയുന്നത് കേട്ട് ബനൂഅസദിലെ ഉമ്മു യഅ്ക്വൂബ് എന്ന സ്ത്രീ അബ്ദുല്ലാഹ് رضي اللهُ عنه വിന്‍റെ അടുക്കലെത്തി പറഞ്ഞു: താങ്കള്‍ ഇന്ന കാര്യങ്ങള്‍ ചെയ്യുന്ന സ്ത്രീകളെ ശപിക്കുന്നതായ ഒരു ഹദീസ് എനിക്ക് കിട്ടിയിട്ടുണ്ടല്ലോ.. അപ്പോള്‍ അബ്ദുല്ലാഹ് പറഞ്ഞു: നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ശപിച്ചതായ ആളെ ഞാന്‍ ശപിക്കാതിരിക്കണോ?!. അനന്തരം അദ്ദേഹം ആ സ്ത്രീക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്തികൊടുക്കുകയുണ്ടായി.

  • ഇബ്നു മസ്ഊദ് رضي اللهُ عنه നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യെ പിന്‍പറ്റുന്നതില്‍ കണിശത കാണിക്കുന്നവരായിരുന്നു.

  • ശാപത്തിന് കാരണമാകുന്ന കാര്യങ്ങളില്‍ ജാഗ്രത കൈക്കൊള്ളണമെന്ന് ഹദീസ് പഠിപ്പിക്കുന്നു. ഇവ വന്‍പാപങ്ങളാണ്.
  • ശാപത്തിന് അര്‍ഹരല്ലാത്തവരെ ശപിക്കാന്‍ നമുക്ക് അവകാശമില്ല. അത് ശ്രദ്ധിക്കണം. ശാപവാക്കുകള്‍ വാരാതെ നാവിനെ സൂക്ഷിക്കണം.
  • ശരീരത്തിലെ ഒരു സ്ഥലത്തും പച്ച കുത്താന്‍ പാടില്ല. അത് ചെയ്ത് കൊടുക്കുന്നതും വന്‍പാപമാണ്.
  • പുരികം പ്ലക്ക് ചെയ്യുന്നതും ചെയ്യിക്കുന്നതും വലിയ പാപമാണെന്ന് ഹദീസ് സൂചിപ്പിക്കുന്നു. പുരികത്തിന് പുറമേ സ്ത്രീയുടെ മുഖത്ത് ഉണ്ടാകുന്ന താടിരോമം, മീശ പോലുള്ളത് നീക്കം ചെയ്യാവുന്നതാണ്.

  • ഭംഗി കൂട്ടാന്‍ വേണ്ടി പല്ലിനെ അകറ്റല്‍ ശാപാര്‍ഹമായ കാര്യമാണ്. എന്നാല്‍ പല്ല് ക്രമം തെറ്റിയോ മറ്റോ ആയതിനാല്‍ നേരെയാക്കല്‍ ആവശ്യമാണെങ്കില്‍ അതിന് കുഴപ്പമില്ല.
  • ശാപാര്‍ഹമായതോ പാപമായതോ ആയ കാര്യങ്ങളില്‍ സഹായിക്കാന്‍ പാടില്ല, അങ്ങനെ സഹായിക്കുന്നവര്‍ക്കും ശിക്ഷയുണ്ടാകുമെന്ന് ഹദീസ് വ്യക്തമാക്കുന്നു.
  • മനുഷ്യരെ വഴി തെറ്റിക്കാന്‍ പിശാച് ശപഥം ചെയ്തിട്ടുണ്ട്. അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്താന്‍ കല്‍പിക്കുമെന്ന് അവന്‍ ശപഥം ചെയ്തതായി ക്വുര്‍ആന്‍ അറിയിക്കുന്നു:

(وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الْأَنْعَامِ وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ وَمَنْ يَتَّخِذِ الشَّيْطَانَ وَلِيًّا مِنْ دُونِ اللَّهِ فَقَدْ خَسِرَ خُسْرَانًا مُبِينًا) النساء: ١١٩

അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു.


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...