ഫോളോ ചെയ്യാം

Wednesday, 5 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 138 دروس الحديث - ക്വബ്റിലെ ശിക്ഷ യാഥാര്‍ത്ഥ്യമാണ്

 


ക്വബ്റിലെ ശിക്ഷ യാഥാര്‍ത്ഥ്യമാണ്

عَنْ أَنَسٍ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: لَوْلاَ أَنْ لاَ تَدَافَنُوا لَدَعَوْتُ اللَّهَ أَنْ يُسْمِعَكُمْ مِنْ عَذَابِ الْقَبْرِ- رواه مسلم 

 അനസ് رضي الله عنه നിവേദനം. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിങ്ങള്‍ പരസ്പരം മറമാടല്‍ നടത്തുന്നില്ലായിരുന്നെങ്കില്‍ ക്വബ്ര്‍ ശിക്ഷയില്‍ നിന്ന് അല്ലാഹു നിങ്ങളെ കേള്‍പ്പിക്കാന്‍ അല്ലാഹുവോട് ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. (മുസ്ലിം)

വിവരണം

  • ക്വബ്റിലെ ശിക്ഷകളെ കുറിച്ച് ഈ ഹദീസ് അറിയിക്കുന്നു. ക്വബ്ര്‍ ശിക്ഷയെ നിഷേധിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഇത്.
  •    ക്വബ്റിലെ ശിക്ഷയില്‍ നിന്ന് അല്ലാഹുവിനോട് രക്ഷ നേടാന്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ കല്‍പിക്കാറുണ്ടായിരുന്നു.
  • മനുഷ്യരല്ലാത്ത മറ്റു ജീവജാലങ്ങള്‍ ക്വബ്ര്‍ ശിക്ഷയുടെ ശബ്ദങ്ങള്‍ കേള്‍ക്കും.
  • ക്വബ്ര്‍ ശിക്ഷയെ കുറിച്ച് അല്ലാഹുവും അറിയിച്ചിട്ടുണ്ട്. അതിനെ നിഷേധിക്കുന്നവര്‍ ക്വുര്‍ആന്‍ നിഷേധികളാണ്. അല്ലാഹു പറയുന്നു:

 (يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ وَيُضِلُّ اللَّهُ الظَّالِمِينَ وَيَفْعَلُ اللَّهُ مَا يَشَاءُ) إبراهيم: ٢٧

ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്. അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു.

  • നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഈ ആയത്ത് അവതരിച്ചത് ക്വബ്ര്‍ ശിക്ഷയുടെ വിഷയത്തിലാണ്. നിന്‍റെ റബ്ബ് ആരാണെന്ന് ക്വബ്റില്‍ ചോദിക്കപ്പെടും, അപ്പോള്‍ അവന്‍ പറയും എന്‍റെ റബ്ബ് അല്ലാഹുവാണ്, എന്‍റെ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ മുഹമ്മദ് ആണ്.. അതാണ് ഈ വചനത്തില്‍ അറിയിക്കുന്നത്. (മുസ്ലിം)

(النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ) غافر: ٤٦

നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔന്‍റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക. (എന്ന് കല്‍പിക്കപ്പെടും).

  • ക്വബ്റിലെ ശിക്ഷയുടെ ശബ്ദങ്ങള്‍ മനുഷ്യര്‍ കേട്ടിരുന്നു എങ്കില്‍ മയ്യിത്തുകളെ മറമാടാന്‍ ആളുകളെ കിട്ടുകയില്ല എന്നതിനാലാണ് അത് ആളുകളെ കേള്‍പിക്കാതിരിക്കുന്നത് എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.

  • ക്വബ്ര്‍ ഒന്നുകില്‍ സ്വര്‍ഗ്ഗത്തിലെ തോട്ടം കണക്കെ സുഖകരമായിരിക്കും. അല്ലെങ്കില്‍ നരകത്തിലെ കുഴികളില്‍ പെട്ട ഒരു കഴി ആയിരിക്കും.

  • നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ രണ്ട് ക്വബ്റുകളുടെ അരികിലൂടെ നടന്നു, അവര്‍ രണ്ട് പേരും ശിക്ഷിക്കപ്പെടുകയായിരുന്നു. അവരില്‍ ഒരാള്‍ ഏഷണി പറയുന്നവനും മറ്റേ ആള്‍ മൂത്രമൊഴിച്ച് ശുദ്ധി വരുത്താത്തവനുമായിരുന്നു എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. അപ്പോള്‍ ഇത്തരത്തിലുള്ള ചില കാര്യങ്ങള്‍ക്ക് ക്വബ്റില്‍ പ്രത്യേകം ശിക്ഷകളുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം.

  • ഭൂരിഭാഗം ക്വവാരിജുകളും, മുഅ്തസിലുകളും, ഹദീസ് നിഷേധികളും ക്വബ്ര്‍ ശിക്ഷയെ നിഷേധിക്കുന്നവരാണ്. അവര്‍ വിശുദ്ധ ക്വുര്‍ആനിലെ ആയത്തുകളേയും സ്വഹീഹായ ഹദീസുകളേയും തള്ളിക്കളയുന്നവരാണ്.

  • അഹ്ലുസ്സുന്ന വല്‍ജമാഅ അതിനെ അംഗീകരിക്കുകയും അത് സംഭവിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. പരലോക ശിക്ഷയുടെ ചെറിയൊരു ഭാഗം മാത്രമാണതെന്ന് വിശുദ്ധ ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
നാല് കാര്യങ്ങളില്‍ നിന്ന്  അല്ലാഹുവോട് രക്ഷ ചോദിക്കാന്‍ നബി  صَلَّى اللَّهُ عَلَيْهِ وَسَلَّمَ  കല്‍പിക്കാറുണ്ടായിരുന്നു.

അബൂ ഹുറൈറ رضي الله عنه നിവേദനം ചെയ്യുന്നു. റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിങ്ങള്‍ നരക ശിക്ഷയില്‍ നിന്ന് രക്ഷ ചോദിക്കുക, നിങ്ങള്‍ ക്വബ്ര്‍ ശിക്ഷയില്‍ നിന്നും രക്ഷ ചോദിക്കുക, മസീഹുദ്ദജ്ജാലില്‍ നിന്നും നിങ്ങള്‍ രക്ഷ ചോദിക്കുക, ജീവിതത്തിന്‍റേയും മരണത്തിന്‍റേയും കുഴപ്പത്തില്‍ നിന്ന് നിങ്ങള്‍ രക്ഷ ചോദിക്കുക (തിര്‍മിദി).

  • ഒരാളെ ക്വബ്റില്‍ മറമാടിക്കഴിഞ്ഞ് ആളുകള്‍ മടങ്ങിപ്പോകുന്നതോടെ ക്വബ്റില്‍ രണ്ട് മലക്കുകള്‍ വരികയും മൂന്ന് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും എന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്. മൂന്ന് ചോദ്യങ്ങള്‍: നിന്‍റെ റബ്ബ് ആരാണ്? നിന്‍റെ മതം ഏതാണ്? നിന്‍റെ നബി ആരാണ്? എന്നിവയാണ്. യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് മാത്രമേ ഇതിന് കൃത്യമായ മറുപടി പറയാന്‍ സാധിക്കുകയുള്ളു. മറുപടി നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ അത് മുതല്‍ അവന് ശിക്ഷകള്‍ അനുഭവിക്കേണ്ടി വരും.

  • ക്വബ്റിലെ ശിക്ഷ ആത്മാവിനും ശരീരത്തിനും ഉണ്ടായിരിക്കുമെന്ന് അഹ്ലുസ്സുന്ന വല്‍ജമാഅ വിശ്വസിക്കുന്നു. അവ രണ്ടിനും തനിച്ചും, ഒന്നിച്ചും അവ അനുഭവിക്കേണ്ടി വരും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാണ്.

 

 

 


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...