ഫോളോ ചെയ്യാം

Tuesday, 25 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 158 دروس الحديث - നിഷിദ്ധസമ്പാദ്യങ്ങളെ സൂക്ഷിക്കുക

 


നിഷിദ്ധസമ്പാദ്യങ്ങളെ സൂക്ഷിക്കുക

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «لَيَأْتِيَنَّ عَلَى النَّاسِ زَمَانٌ، لاَ يُبَالِي المَرْءُ بِمَا أَخَذَ المَالَ، أَمِنْ حَلاَلٍ أَمْ مِنْ حَرَامٍ»- رواه البخاري

അബൂഹുറൈറ رضي اللهُ عنه നിവേദനം, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഒരാള്‍ സമ്പത്ത് സ്വീകരിച്ചത് ഹലാലില്‍ (അനുവദനീയമായതില്‍) നിന്നാണോ അതല്ല ഹറാമില്‍ (നിഷിദ്ധമായതില്‍) നിന്നാണോ എന്നത് ഗൗനിക്കാത്ത ഒരു കാലം ജനങ്ങള്‍ക്ക് വരിക തന്നെ ചെയ്യും.

വിവരണം


  ഹലാലായ സമ്പാദ്യങ്ങള്‍ അന്വേഷിക്കല്‍ എല്ലാ മുസ്ലിമിനും നിര്‍ബന്ധമാണ്. ഹറാമുകളില്‍ സമ്പാദ്യം തേടുന്ന കാര്യത്തിന്‍റെ ഗൗരവം ഈ ഹദീസ് സൂചിപ്പിക്കുന്നു.


  സമ്പാദനത്തിന് കൃത്യമായ നിബന്ധനകളും അതിര്‍ വരമ്പുകളും ഇസ്ലാം നിര്‍ണ്ണയിച്ചിട്ടുണ്ട്. അത് പാലിക്കല്‍ ഒരോരുത്തര്‍ക്കും അനിവാര്യമാണ്. പിശാചിന്‍റെ കാലടിപ്പാടുകള്‍ പിന്തുടരരുത് എന്ന് അല്ലാഹു വ്യക്തമായി അറിയിച്ചിട്ടുണ്ട്.


  ഹറാമായ സമ്പാദ്യവും, സമ്പാദനവും ഇസ്ലാം വിരോധിച്ചിട്ടുണ്ട്. അത് അതിന്‍റെ ആളുകള്‍ക്ക് ഫിത്നയും പരീക്ഷണവുമാണ്. ഹൃദയം കടുത്ത് പോകാനും ഈമാനിന്‍റെ വെളിച്ചം നഷ്ടപ്പെടാനും അത് കാരണമാകും. അത് പോലെ അല്ലാഹുവിന്‍റെ കോപം ലഭിക്കാനും പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കപ്പെടാതിരിക്കാനും കാരണമാകും.


  നിഷിദ്ധമായ സമ്പാദ്യങ്ങള്‍ സമൂഹത്തിന് തന്നെ ദോഷമായി ഭവിക്കും. ഈ കാര്യം മൂലം മോശമായ സ്വഭാവങ്ങളും ആചാരങ്ങളും സമൂഹത്തില്‍ വ്യാപിക്കും. മോഷണവും കൈക്കൂലിയും കൊള്ളലാഭവും ചൂതാട്ടവും ചതിയും വഞ്ചനയും അളവിലും തൂക്കത്തിലുമുള്ള കൃത്രിമത്വങ്ങളും പൂഴ്ത്തിവെപ്പും അനാഥയുടെ സ്വത്ത് അപഹരിക്കലും പൊതുമുതല്‍ കൈവശപ്പെടുത്തലും പോലെയുള്ളത് ഹറാമായ സമ്പാദനത്തിന്‍റെ മാര്‍ഗ്ഗങ്ങളാണ്. ഇത് സമൂഹത്തിലെ ആളുകളെ ഒന്നടങ്കം ബാധിക്കുന്നവയായിത്തീരും.


  അവസാന കാലത്ത് സമ്പാദനത്തിന്‍റെ മാനദണ്ഡങ്ങള്‍ പരിഗണിക്കാത്ത ആളുകള്‍ ഉണ്ടാകും എന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിരിക്കുന്നു. ഈ കാലത്ത് നമ്മള്‍ ഈ കാര്യങ്ങള്‍ നേരില്‍ കണ്ട് കൊണ്ടിരിക്കുകയും ചെയ്യുന്നു.


  ഹറാമും ഹലാലും വ്യക്തമാണെന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്. അവക്കിടയില്‍ സംശയമുള്ള (പരസ്പര സാദൃശ്യമുള്ള) ചില കാര്യങ്ങളുണ്ട്, അവയില്‍ സൂക്ഷ്മത പാലിക്കണമെന്നും നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ അധ്യാപനമുണ്ട്.


  ഹറാമായ സമ്പാദനത്തിന്‍റെ കാരണം അല്ലാഹുവിനെ ഭയമില്ലാത്തതും ലജ്ജയില്ലായ്മയുമാണ്.


  വേഗത്തില്‍ പണമുണ്ടാക്കണം എന്ന ചിന്ത മനുഷ്യനെ ഹറാമുകളിലെത്തിക്കുന്നു. അപ്പോള്‍ അവന്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ തയ്യാവുകയാണ്.


  നാളെ സമ്പത്തിനെ കുറിച്ച് ഏവിടെ നിന്ന് സമ്പാദിച്ചു, എവിടെയെല്ലാം ചിലവഴിച്ചു എന്ന് ചോദ്യം ചെയ്യപ്പെടുമെന്ന ഭയമില്ലായ്മ അനര്‍ഹമായ സമ്പാദ്യത്തിലേക്കെത്തിക്കും.


  ഒരു മുസ്ലിം തനിക്ക് കിട്ടിയ അനുഗ്രഹങ്ങളില്‍ ആത്മ സംതൃപ്തിയുള്ളവനാവണം. അതില്ലാതിരിക്കുമ്പോഴാണ് ഹറാമുകള്‍ തേടുന്ന അവസ്ഥ വരുന്നത്.


ഹറാമായ സമ്പാദനത്തിന്‍റെ ദോഷങ്ങള്‍


1- ഹൃദയത്തില്‍ അന്ധകാരമുണ്ടാകല്‍.

2- നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അലസത ഉണ്ടാകല്‍.

3- ആയുസ്സിലും ഭൗതിക വിഭവത്തിലും ബറകത്ത് നഷ്ടപ്പെടല്‍.

4- അല്ലാഹുവിന്‍റെ കോപം ഉണ്ടാകല്‍.

5- പ്രാര്‍ത്ഥന സ്വീകരിക്കപ്പെടാതിരിക്കല്‍.

6- സല്‍കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാതിരിക്കല്‍.

7- ആ സമ്പാദ്യം നല്ല നിലക്ക് ഉായോഗിക്കാന്‍ സാധിക്കാതിരിക്കല്‍.

8- നരകത്തില്‍ പ്രവേശിപ്പിക്കപ്പെടല്‍.


  ഈ കാര്യങ്ങളെല്ലാം നിഷിദ്ധമായ സമ്പാദനത്തിനാല്‍ ഉണ്ടാകുന്ന കുഴപ്പങ്ങളാണെന്ന് മനസ്സിലാക്കി അനര്‍ഹമായതൊന്നും എന്നിലില്ല എന്ന് ഉറപ്പിക്കാന്‍ നമുക്ക് സാധിക്കണം.


ഹറാമില്‍ നിന്ന് ഉണ്ടായ ശരീര ഭാഗത്തിന് നരകമാണ് ഏറ്റവും അര്‍ഹമായത് എന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്. അതും നമ്മുടെ ഓര്‍മകളില്‍ ഉണ്ടായിരിക്കണം.

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...