عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ബലി മൃഗത്തിന്‍റെ മാംസം, തോല്‍ മുതലാവ ദാനം ചെയ്യല്‍
243 - عَنْ عَلِيِّ بْنِ أَبِي طَالِبٍ رضي
الله عنه قَالَ: (أَمَرَنِي رَسُولُ اللَّهِ صلى الله عليه وسلم أَنْ
أَقُومَ عَلَى بُدْنِهِ، وَأَنْ أَتَصَدَّقَ بِلَحْمِهَا وَجُلُودِهَا
وَأَجِلَّتِهَا، وَأَنْ لا أُعْطِيَ الْجَزَّارَ مِنْهَا شَيْئًا) . وَقَالَ: نَحْنُ نُعْطِيهِ مِنْ عِنْدِنَا.
അലിയ്യു ബ്നു അബീ ത്വാലിബ് رضي الله عنه വിൽ നിന്ന് നിവേദനം: "അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم തന്‍റെ ബലിമൃഗങ്ങളുടെ (കാര്യങ്ങൾ നോക്കിനടത്താൻ) എന്നെ ചുമതലപ്പെടുത്തി. അവയുടെ മാംസവും തോലുകളും അവയുടെ പുറത്തിടുന്ന പുതപ്പുകളും (أَجِلَّة) ദാനം ചെയ്യാനും, അവ അറുത്ത കശാപ്പുകാരന് അതിൽ നിന്ന് യാതൊന്നും (കൂലിയായി) നൽകരുതെന്നും എന്നോട് കൽപ്പിച്ചു."
അദ്ദേഹം (അലി رضي الله عنه) പറഞ്ഞു: "ഞങ്ങൾ അവന് (കശാപ്പുകാരന്) ഞങ്ങളുടെ പക്കൽ നിന്നാണ് (കൂലി) നൽകിയിരുന്നത്."
- أَجِلَّتِهَا: 'ജുല്ല്' (جُلٍّ) എന്നതിന്‍റെ ബഹുവചനമാണിത്. ഒട്ടകത്തിന്‍റെ പുറത്ത് വിരിക്കുന്ന തുണിയോ പുതപ്പോ പോലുള്ളവയെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ ഹദീസിലൂടെ അലിയ്യു ബ്നു അബീ ത്വാലിബ് رضي الله عنه അറിയിക്കുന്നത്: ഹജ്ജ് വേളയിൽ നബി صلى الله عليه وسلم ബലിയർപ്പിക്കാനായി നിശ്ചയിച്ച ഒട്ടകങ്ങളെ (ബദൻ) അറുക്കുന്നതിനും അവ ദരിദ്രർക്കിടയിൽ വിതരണം ചെയ്യുന്നതിനും വേണ്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തി. ബുഖാരിയുടെ ഒരു നിവേദനത്തിൽ 'നബി صلى الله عليه وسلم നൂറ് ഒട്ടകങ്ങളെയാണ് ബലിക്കായി സമർപ്പിച്ചത്' എന്ന് കാണാം. സ്വഹീഹ് മുസ്‌ലിമിലെ ജാബിർ رضي الله عنهما നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്: "നബി صلى الله عليه وسلم അറുപത്തിമൂന്ന് ഒട്ടകങ്ങളെ സ്വന്തം കൈകൊണ്ട് അറുത്തു, ബാക്കിയുള്ളവ അറുക്കാൻ അലി رضي الله عنه വിനെ ഏൽപ്പിക്കുകയും തന്‍റെ ബലിമൃഗങ്ങളിൽ അദ്ദേഹത്തെ പങ്കാളിയാക്കുകയും ചെയ്തു."
'ബദൻ' എന്നാൽ അല്ലാഹുവിനോടുള്ള സാമീപ്യം ആഗ്രഹിച്ച് കഅ്ബയിലേക്ക് നേർച്ചയാക്കി അയക്കുന്ന കന്നുകാലികളാണ്. ഇത് പ്രധാനമായും ഒട്ടകങ്ങൾക്കാണ് പറയപ്പെടാറുള്ളത്; പശു ഇനത്തില്‍ പെട്ടവയെയും ഇതിൽ ഉൾപ്പെടുത്താമെന്നും അഭിപ്രായമുണ്ട്.
അവയുടെ മാംസം പാവങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ നബി صلى الله عليه وسلم അലി رضي الله عنه വിനോട് കൽപ്പിച്ചു. തുടർന്ന് അവയുടെ പുതപ്പുകളും (ജി ലാൽ) തോലുകളും കൂടി ദാനം ചെയ്യാൻ കൽപ്പിച്ചു. 'ജിലാൽ' എന്നാൽ മൃഗത്തിന്‍റെ പുറത്ത് വിരിക്കുന്ന തുണിയോ അല്ലെങ്കിൽ അലങ്കാരമായി തൂക്കുന്ന മാലകളോ ആണ്.
ബലിക്കായി നിശ്ചയിച്ചതില്‍ നിന്നും യാതൊന്നും തനിക്ക് തന്നെ മടങ്ങിവരാതിരിക്കാനാണ് നബി صلى الله عليه وسلم ഇപ്രകാരം ചെയ്തത്.
ഹാഫിള് (ഇബ്നു ഹജർ അൽ-അസ്ഖലാനി) رحمه الله പറഞ്ഞു: ബലിമൃഗത്തിന്‍റെ തോൽ വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു എന്നതിന് ഈ ഹദീസ് തെളിവായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഇമാം ഖുർത്വുബി رحمه الله പറഞ്ഞു: "ബലിമൃഗത്തിന്‍റെ മാംസത്തിന് നൽകിയിട്ടുള്ള അതേ വിധി തന്നെ തോലിനും പുതപ്പിനും നൽകിയിട്ടുള്ളതിലൂടെ അവ വിൽക്കാൻ പാടില്ല എന്നതിന് ഇതിൽ തെളിവുണ്ട്. ബലിമാംസം വിൽക്കാൻ പാടില്ല എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്. അതുപോലെതന്നെയാണ് തോലിന്‍റെയും പുതപ്പിന്‍റെയും കാര്യവും." ഇമാം അഹ്മദ് رحمه الله, ഖതാദ ബിൻ നുഅ്മാൻ رضي الله عنه വിൽ നിന്ന് മർഫൂആയി നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്: "നിങ്ങൾ ഉള്ഹിയ്യത്തിന്‍റെയും ഹദ്‌യിന്‍റെയും മാംസങ്ങൾ വിൽക്കരുത്. മറിച്ച് അത് ധർമ്മം ചെയ്യുകയും, ഭക്ഷിക്കുകയും, അതിന്‍റെ തോലുകൾ ഉപയോഗിച്ച് ഗുണമെടുക്കുകയും ചെയ്യുക. എന്നാൽ അവ വിൽക്കരുത്. അതിന്‍റെ മാംസത്തിൽ നിന്ന് നിങ്ങൾ മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്നുണ്ടെങ്കിൽ, നിങ്ങൾക്കും അതിൽ നിന്ന് ഇഷ്ടാനുസരണം ഭക്ഷിക്കാവുന്നതാണ്." فتح الباري 3/556
അതുപോലെതന്നെ, അറുത്ത കശാപ്പുകാരന് അവന്‍റെ അധ്വാനത്തിന് പകരമായി (കൂലിയായി) ഇതിൽ നിന്ന് യാതൊന്നും നൽകരുതെന്നും നബി صلى الله عليه وسلم കൽപ്പിച്ചു. കാരണം, കശാപ്പുകാരന് ബലിമാംസത്തിൽ നിന്ന് അവന്‍റെ ജോലിക്ക് പകരമായി എന്തെങ്കിലും നൽകുന്നത് ഒരുതരം കച്ചവടമായി കണക്കാക്കപ്പെടും. ബലിമാംസം വിൽക്കുന്നത് അനുവദനീയമല്ല. എന്നാൽ അവന് ദാനമായോ (സ്വദഖ) സമ്മാനമായോ (ഹദിയ) അല്ലെങ്കിൽ അവന്‍റെ നിശ്ചിത കൂലിക്ക് പുറമെയുള്ള വർദ്ധനവായോ നൽകുന്നതിൽ തെറ്റില്ല.

No comments:
Post a Comment