عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഇഹ്റാമിലുള്ള ആള്‍ക്ക് തല കഴുകിക്കൊണ്ട് കുളിക്കാമോ ?
بابُ الغُسْلِ للمُحْرِمِ
ഇഹ്‌റാമിലുള്ള ആളുടെ കുളി
245 - عَنْ عَبْدِ اللَّهِ بْنِ حُنَيْنٍ: (أَنَّ عَبْدَ اللَّهِ بْنَ عَبَّاسٍ وَالْمِسْوَرَ بْنَ مَخْرَمَةَ اخْتَلَفَا
بِالأَبْوَاءِ. فَقَالَ ابْنُ عَبَّاسٍ: يَغْسِلُ الْمُحْرِمُ رَأْسَهُ. وَقَالَ
الْمِسْوَرُ: لا يَغْسِلُ رَأْسَهُ. قَالَ: فَأَرْسَلَنِي ابْنُ عَبَّاسٍ إلَى
أَبِي أَيُّوبَ الْأَنْصَارِيِّ رضي الله عنه. فَوَجَدْتُهُ يَغْتَسِلُ بَيْنَ
الْقَرْنَيْنِ، وَهُوَ يُسْتَرُ بِثَوْبٍ. فَسَلَّمْت عَلَيْهِ. فَقَالَ: مَنْ
هَذَا؟ فَقُلْت: أَنَا عَبْدُ اللَّهِ بْنُ حُنَيْنٍ، أَرْسَلَنِي إلَيْكَ ابْنُ
عَبَّاسٍ، يَسْأَلُكَ: كَيْفَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَغْسِلُ رَأْسَهُ وَهُوَ مُحْرِمٌ؟ فَوَضَعَ أَبُو أَيُّوبَ يَدَهُ عَلَى
الثَّوْبِ، فَطَأْطَأَهُ، حَتَّى بَدَا لِي رَأْسُهُ. ثُمَّ قَالَ لإِنْسَانٍ
يَصُبُّ عَلَيْهِ الْمَاءَ: اُصْبُبْ، فَصَبَّ عَلَى رَأْسِهِ. ثُمَّ حَرَّكَ
رَأْسَهُ بِيَدَيْهِ، فَأَقْبَلَ بِهِمَا وَأَدْبَرَ. ثُمَّ قَالَ: هَكَذَا
رَأَيْتُهُ صلى الله عليه وسلم يَغْتَسِلُ)) .
وَفِي رِوَايَةٍ " فَقَالَ الْمِسْوَرُ لابْنِ عَبَّاسٍ: لا أُمَارِيكَ
أَبَداً ".
അബ്ദുല്ലാഹി ബ്നു ഹുനൈനിൽ നിന്ന് നിവേദനം: അബ്ദുല്ലാഹി ബ്നു അബ്ബാസും മിസ്‌വർ ബിൻ മഖ്‌റമയും 'അബ്‌വാഅ്' എന്ന സ്ഥലത്തുവെച്ച് (ഒരു കാര്യത്തിൽ) അഭിപ്രായവ്യത്യാസത്തിലായി. ഇഹ്‌റാമിലുള്ള ആൾക്ക് തന്‍റെ തല കഴുകാമെന്ന് ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു. എന്നാൽ തല കഴുകാൻ പാടില്ലെന്ന് മിസ്‌വർ رضي الله عنه വാദിച്ചു.
അബ്ദുല്ലാഹിബ്നു ഹുനൈൻ പറയുന്നു: "തുടർന്ന് ഇബ്നു അബ്ബാസ് رضي الله عنه എന്നെ അബൂ അയ്യൂബ് അൽ അൻസ്വാരി رضي الله عنه വിന്‍റെ അടുത്തേക്ക് അയച്ചു. ഞാൻ അവിടെ എത്തുമ്പോൾ അദ്ദേഹം കിണറിന്‍റെ രണ്ട് തൂണുകൾക്കിടയിൽ ഒരു തുണികൊണ്ട് മറച്ച് കുളിക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തിന് സലാം പറഞ്ഞു. അദ്ദേഹം ചോദിച്ചു: 'ഇത് ആരാണ്?'. ഞാൻ പറഞ്ഞു: 'ഞാൻ അബ്ദുല്ലാഹിബ്നു ഹുനൈൻ ആണ്. നബി صلى الله عليه وسلم ഇഹ്‌റാമിലായിരിക്കെ എങ്ങനെയാണ് തല കഴുകാറുള്ളതെന്ന് ചോദിക്കാൻ ഇബ്നു അബ്ബാസ് رضي الله عنهما എന്നെ അയച്ചതാണ്'.
അപ്പോള്‍ അബൂ അയ്യൂബ് رضي الله عنه തന്‍റെ തല വെളിവാകത്തക്ക രീതിയിൽ മറച്ചിരുന്ന തുണി കൈകൊണ്ട് താഴ്ത്തി. എന്നിട്ട് വെള്ളം ഒഴിച്ചുകൊടുക്കുന്ന ആളോട് 'ഒഴിക്കുക' എന്ന് പറഞ്ഞു. അയാൾ അദ്ദേഹത്തിന്‍റെ തലയിൽ വെള്ളമൊഴിച്ചു. അബൂ അയ്യൂബ് رضي الله عنه തന്‍റെ രണ്ട് കൈകൾ കൊണ്ടും തല (മുടിക്കിടയിലൂടെ) മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: 'ഇപ്രകാരമാണ് നബി صلى الله عليه وسلم കുളിക്കുന്നത് ഞാൻ കണ്ടത്'."
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്: "ഇതുകണ്ടപ്പോൾ മിസ്‌വർ رضي الله عنه ഇബ്നു അബ്ബാസിനോട് പറഞ്ഞു: 'ഇനി മേലിൽ ഞാൻ നിങ്ങളോട് തർക്കിക്കില്ല'."
- القرنانِ: കിണറിലെ കപ്പി ഘടിപ്പിക്കുന്ന മരത്തടി ഉറപ്പിച്ചു നിർത്തുന്ന രണ്ട് തൂണുകൾ.
- الأَبواء: മക്കക്കും മദീനക്കും ഇടയിലുള്ള ഒരു സ്ഥലം.
- طأطأه: മറ നീക്കി (താഴ്ത്തി).
- لا أُماريك: ഞാൻ നിങ്ങളോട് തർക്കിക്കില്ല.
വിവരണം
സ്വഹാബികൾ ചിലപ്പോൾ ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം പുലർത്തിയിരുന്നുവെങ്കിലും, അത്തരം സന്ദർഭങ്ങളിൽ നബി صلى الله عليه وسلم അവരെ പഠിപ്പിച്ച മര്യാദകൾ അവർ കൃത്യമായി പാലിച്ചിരുന്നു.
മക്കക്കും മദീനയ്ക്കും ഇടയിലുള്ള (മദീനയിൽ നിന്ന് തെക്കുപടിഞ്ഞാറായി ഏകദേശം 250 കി.മീ ദൂരെയുള്ളതും നബി صلى الله عليه وسلم യുടെ മാതാവിന്‍റെ ഖബ്ർ സ്ഥിതി ചെയ്യുന്നതുമായ) 'അബ്‌വാഅ്' എന്ന സ്ഥലത്ത് താമസിക്കുമ്പോൾ, ഇഹ്‌റാമിലുള്ള ഒരാൾക്ക് തല കഴുകാമോ എന്ന കാര്യത്തിൽ അബ്ദുല്ലാഹി ബ്നു അബ്ബാസ് رضي الله عنهما മിസ്‌വർ ബിൻ മഖ്‌റമ رضي الله عنه എന്നീ രണ്ട് മഹത്തുക്കളായ സ്വഹാബികൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടായതായി താബിഈ വര്യനായ അബ്ദുല്ലാഹി ബ്നു ഹുനൈൻ رحمه الله ഈ ഹദീസിലൂടെ വിവരിക്കുന്നു. ഹജ്ജിനോ ഉംറക്കോ ആയി ഇഹ്‌റാമിൽ പ്രവേശിച്ചയാൾക്ക് തല കഴുകുന്നത് അനുവദനീയമാണെന്ന് ഇബ്നു അബ്ബാസ് رضي الله عنهما അഭിപ്രായപ്പെട്ടപ്പോൾ, അത് പാടില്ലെന്നായിരുന്നു മിസ്‌വർ رضي الله عنه യുടെ പക്ഷം. അതിനാൽ അവർ രണ്ടുപേരും ചേർന്ന് അക്കാര്യത്തിൽ വ്യക്തത തേടുന്നതിനായി അബ്ദുല്ലാഹി ബ്നു ഹുനൈന്‍ رحمه الله യെ അബൂ അയ്യൂബ് അൽ അൻസ്വാരി رضي الله عنه വിന്‍റെ അടുത്തേക്ക് അയച്ചു. ഇബ്നു ഹുനൈൻ رحمه الله അവിടെ എത്തുമ്പോൾ, കിണറിലെ കപ്പി ഘടിപ്പിക്കുന്ന മരത്തടി ഉറപ്പിച്ചു നിർത്തുന്ന രണ്ട് തൂണുകൾക്കിടയിൽ മറകെട്ടി കുളിക്കുകയായിരുന്നു അദ്ദേഹം.
അബൂ അയ്യൂബ് رضي الله عنه കുളിക്കുമ്പോൾ ഒരു തുണികൊണ്ട് മറച്ചിരുന്നു. അബ്ദുല്ലാഹിബ്നു ഹുനൈൻ رحمه الله അദ്ദേഹത്തിന് സലാം പറയുകയും സ്വയം പരിചയപ്പെടുത്തുകയും ചെയ്ത ശേഷം, ഇഹ്‌റാമിലായിരിക്കെ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم എങ്ങനെയാണ് തല കഴുകാറുള്ളതെന്ന് ചോദിച്ചു. അദ്ദേഹം കുളിക്കുന്നത് കണ്ടപ്പോൾ തന്നെ ഇഹ്‌റാമിൽ കുളിക്കാം എന്ന മറുപടി ലഭിച്ചുവെങ്കിലും, വെറുംകൈയോടെ മടങ്ങാതെ കൂടുതൽ അറിവ് നേടാനാണ് ആ രീതിയെക്കുറിച്ച് അദ്ദേഹം ചോദിച്ചത്. ഉടനെ അബൂ അയ്യൂബ് رضي الله عنه വാക്കുകളേക്കാൾ ഫലപ്രദമായ പ്രവർത്തിയിലൂടെ അത് പഠിപ്പിച്ചു കൊടുത്തു. താൻ മറയായി ഉപയോഗിച്ചിരുന്ന തുണിയിൽ കൈവെച്ച് തന്‍റെ തല വെളിവാകത്തക്കവിധം അദ്ദേഹം അത് താഴ്ത്തി. എന്നിട്ട് വെള്ളം ഒഴിച്ചു കൊടുക്കുന്നയാളോട് "ഒഴിക്കുക" എന്ന് പറയുകയും അയാൾ തലയിൽ വെള്ളമൊഴിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം തന്‍റെ രണ്ട് കൈകളും തലയുടെ മുൻഭാഗത്തുനിന്ന് പിന്നിലേക്കും പിന്നീട് തിരിച്ച് മുൻഭാഗത്തേക്കും ചലിപ്പിച്ചു. ഇപ്രകാരമാണ് നബി صلى الله عليه وسلم തന്‍റെ തല കഴുകുന്നത് ഞാൻ കണ്ടതെന്ന് അദ്ദേഹം ഇബ്നു ഹുനൈന്‍ رحمه الله യെ അറിയിക്കുകയും ചെയ്തു.
ഇഹ്‌റാമിലുള്ള ഒരാൾക്ക് ഉറക്കത്തിൽ സ്വപ്നസ്ഖലനം ഉണ്ടായാൽ ശരീരം മുഴുവൻ കഴുകി കുളിക്കൽ നിർബന്ധമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ഈ വിഷയത്തിൽ മിസ്‌വർ رضي الله عنه അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാൻ ചില കാരണങ്ങൾ ഉണ്ടാകാം. (ഒരുപക്ഷേ, തല കഴുകുമ്പോൾ മുടി കൊഴിഞ്ഞുപോയേക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടിട്ടുണ്ടാകാം. കാരണം മുടി നീക്കം ചെയ്യുന്നത് മുഹ്‌രിമിന് വിലക്കപ്പെട്ട കാര്യമാണ്). ഏതായാലും, ഇഹ്‌റാമിലായിരിക്കെ നബി صلى الله عليه وسلم തന്‍റെ തല കഴുകിയിരുന്ന രീതി അബൂ അയ്യൂബ് رضي الله عنه വ്യക്തമായി കാണിച്ചു കൊടുത്തു. പ്രസ്തുത രീതിയാണ് മുസ്‌ലിംകൾ പിന്തുടരേണ്ട സുന്നത്ത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- ഇഹ്‌റാമിലുള്ള ആൾക്ക് തന്‍റെ തല കഴുകുന്നതിനും കൈകൾ കൊണ്ട് തല തടവുന്നതിനും അനുവാദമുണ്ട്.
2- കുളിക്കുമ്പോൾ മുടി പറിച്ചെടുക്കുകയോ കൊഴിക്കുകയോ ചെയ്യാത്ത രീതിയിൽ തലയിലൂടെ കൈകൾ ചലിപ്പിക്കുന്നത് അനുവദനീയമാണ്.
3- സത്യം വെളിപ്പെടുന്നതിനായി മതപരമായ കാര്യങ്ങളിൽ അറിവുള്ളവർ തമ്മിൽ ചർച്ചകളും സംവാദങ്ങളും നടത്തുന്നത് ഉചിതമാണ്.
4- മതപരമായ കാര്യങ്ങളിൽ വിശ്വസ്തനായ ഒരാൾ നൽകുന്ന വിവരങ്ങൾ സ്വീകാര്യമാണ്. സ്വഹാബികൾക്കിടയിൽ ഇത് സർവ്വസാധാരണമായിരുന്നു.
5- അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ശരീഅത്ത് പ്രമാണങ്ങളിലേക്ക് (ഖുർആൻ, ഹദീസ്) മടങ്ങണം. വ്യക്തമായ തെളിവുള്ളപ്പോൾ സ്വന്തം അഭിപ്രായങ്ങൾക്കും അനുമാനങ്ങൾക്കും (ഖിയാസ്) മുൻഗണന നൽകരുത്.
6- അറിവുള്ളവരോട് സംശയങ്ങൾ ചോദിച്ചറിയാൻ വിശ്വസ്തനായ ഒരാളെ പ്രതിനിധിയായി അയക്കാവുന്നതാണ്.
7- ഇബ്നു അബ്ബാസ് رضي الله عنهما ക്ക് ഈ വിഷയത്തിൽ നേരത്തെ തന്നെ അറിവുണ്ടായിരുന്നു. അതുകൊണ്ടാണ് "നബി صلى الله عليه وسلم തല കഴുകാറുണ്ടോ?" എന്ന് ചോദിക്കുന്നതിന് പകരം "എങ്ങനെയാണ്" നബി صلى الله عليه وسلم തല കഴുകാറുള്ളതെന്ന് ചോദിച്ചത്.
8- വുളൂഅ് ചെയ്യുമ്പോഴോ കുളിക്കുമ്പോഴോ ഒരാൾക്ക് സലാം പറയുന്നതിനും ആവശ്യമെങ്കിൽ സംസാരിക്കുന്നതിനും വിരോധമില്ല.
9- ഔറത്ത് (മറയ്ക്കേണ്ട ഭാഗങ്ങൾ) കൃത്യമായി മറച്ചിട്ടുണ്ടെങ്കിൽ മറ്റുള്ളവരുടെ സാന്നിധ്യത്തിൽ കുളിക്കുന്നത് അനുവദനീയമാണ്.
10- കുളിക്കുമ്പോൾ മറയുണ്ടാകൽ സുന്നത്താണ്. ആരെങ്കിലും കാണാൻ സാധ്യതയുള്ള സാഹചര്യമാണെങ്കിൽ മറ നിർബന്ധവുമാണ് (വാജിബ്).
11- ശുദ്ധി വരുത്തുന്ന കാര്യങ്ങളിൽ (ഉദാഹരണത്തിന് വെള്ളമൊഴിച്ചു തരാൻ) മറ്റൊരാളുടെ സഹായം തേടാവുന്നതാണ്.
12- "ആരാണ്?" എന്ന് ചോദിക്കുമ്പോൾ "ഞാനാണ്" എന്ന് മാത്രം പറയാതെ സ്വന്തം പേര് പറഞ്ഞു പരിചയപ്പെടുത്തുന്നതാണ് ഉചിതമായ രീതി.
13- പ്രവർത്തിയിലൂടെ കാര്യങ്ങൾ പഠിപ്പിക്കുന്നത് കൂടുതൽ ഫലപ്രദമാണ്. ഇത് കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാനും ഓർമ്മയിൽ നിൽക്കാനും സഹായിക്കും.
14- അറിവുള്ളവരുടെയോ ശ്രേഷ്ഠരായവരുടെയോ മഹത്വം അംഗീകരിച്ചു കൊടുക്കുക എന്നത് വിശ്വാസിയുടെ ഗുണമാണ്.
No comments:
Post a Comment