ഫോളോ ചെയ്യാം

Monday, 6 July 2026

622 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 362 دروس الحديث - കള്ളുകുടിയനുള്ള ശിക്ഷ

 



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


കള്ളുകുടിയനുള്ള ശിക്ഷ 

بَابُ حَدِّ الْخَمْرِ

മദ്യപാനത്തിനുള്ള ശിക്ഷ

362 - عَنْ أَنَسِ بْنِ مَالِكٍ رضي الله عنه (أَنَّ النَّبِيَّ صلى الله عليه وسلم أُتِيَ بِرَجُلٍ قَدْ شَرِبَ الْخَمْرَ، فَجَلَدَهُ بِجَرِيدَةٍ نَحوَ أَرْبَعِينَ).

അനസു ബ്നു മാലിക് رضي الله عنه നിവേദനം, മദ്യം കഴിച്ച ഒരു വ്യക്തിയെ നബി صلى الله عليه وسلم യുടെ അടുക്കൽ കൊണ്ടുവരപ്പെട്ടു. അപ്പോൾ അദ്ദേഹം ഈന്തപ്പനമടൽ കൊണ്ട് ഏകദേശം നാൽപതോളം അടി അദ്ദേഹത്തിന് നൽകുകയുണ്ടായി.

വിവരണം

 മദ്യപാനം ശിക്ഷ അർഹിക്കുന്ന പാപങ്ങളിലും കുറ്റകൃത്യങ്ങളിലും പെട്ടതാണ്. തെറ്റ് ചെയ്തവന് മേൽ ശിക്ഷ നടപ്പാക്കുന്നത് അവനെ പാപത്തിൽ നിന്ന് ശുദ്ധീകരിക്കലാകുന്നു. ശിക്ഷക്ക് ശേഷം കുറ്റവാളിയെ വഴിപിഴവുകളിൽ നിന്നും തിന്മകളിൽ നിന്നും അകറ്റി നിർത്താൻ സമൂഹം അവനെ കൈപിടിച്ചുയർത്തുകയാണ് വേണ്ടത്. അല്ലാതെ അവനെ ആക്ഷേപിക്കുകയോ മോശക്കാരനാക്കുകയോ ചെയ്യരുത്.

 ഈ ഹദീസിൽ അനസ് رضي الله عنه നിവേദനം ചെയ്യുന്നു: മദ്യം കഴിച്ച ഒരു വ്യക്തിയെ നബി صلى الله عليه وسلم യുടെ അടുക്കൽ കൊണ്ടുവരപ്പെട്ടു. ലഹരിയുണ്ടാക്കുന്നതും ബുദ്ധിയെ മറക്കുന്നതുമായ എല്ലാറ്റിനും മദ്യം എന്ന് പറയപ്പെടുന്നു. 

 മദ്യപിച്ച വ്യക്തിക്ക് ഈന്തപ്പനമടൽ കൊണ്ട് ഏകദേശം നാൽപതോളം അടി നൽകിയതായി ഈ ഹദീസ് വ്യക്തമാക്കുന്നു. ഖലീഫ അബൂബക്കർ رضي الله عنه തന്‍റെ ഭരണകാലത്തും ഇതേ രീതി തന്നെയാണ് പിന്തുടർന്നത്.

 മറ്റൊരു റിപ്പോര്‍ട്ടില്‍ അബൂഹുറൈറ رضي الله عنه പറയുന്നു: "അങ്ങനെ ഞങ്ങളിൽ ചിലർ കൈകൊണ്ടും, ചിലർ ചെരുപ്പുകൊണ്ടും, ചിലർ വസ്ത്രങ്ങൾ ചുരുട്ടിക്കൂട്ടി (വേദന ഉണ്ടാക്കുന്ന വിധത്തിൽ) അടിച്ചും അവനെ ശിക്ഷിച്ചു."

 ശിക്ഷ പൂർത്തിയായി ആ വ്യക്തി മടങ്ങിപ്പോകാൻ നേരം, വന്നവരിൽ ഒരാൾ - അത് ഉമറുബ്നുൽ ഖത്താബ് رضي الله عنه ആണെന്ന് പറയപ്പെടുന്നു- ഇപ്രകാരം പറഞ്ഞു: "അല്ലാഹു നിന്നെ അപമാനിതനാക്കട്ടെ!" നബി صلى الله عليه وسلم അവരെ അതിൽ നിന്ന് വിലക്കി. കാരണം, അത് ആ വ്യക്തിയുടെ മേൽ പിശാച് വിജയം നേടാൻ കാരണമായേക്കാം. അതിനാൽ നബി صلى الله عليه وسلم പറഞ്ഞു: "അവനെതിരെ നിങ്ങൾ പിശാചിനെ സഹായിക്കരുത്." ബുഖാരിയുടെ മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "നിങ്ങളുടെ സഹോദരനെതിരെ നിങ്ങൾ പിശാചിന്‍റെ സഹായികളാകരുത്." കാരണം, തെറ്റുകൾ ഭംഗിയാക്കി കാണിച്ചുകൊണ്ട് ആ വ്യക്തി അപമാനിതനാകാനാണ് പിശാച് ആഗ്രഹിക്കുന്നത്. അപ്പോൾ നിങ്ങൾ അവന് ശാപപ്രാർത്ഥന നടത്തുമ്പോൾ പിശാചിന്‍റെ ലക്ഷ്യം പൂർത്തീകരിക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കിൽ, നിങ്ങളിൽ നിന്ന് അത്തരം വാക്കുകൾ കേൾക്കുമ്പോൾ അവൻ വീണ്ടും പാപങ്ങളിൽ മുഴുകാനും, വാശിയും കോപവും കാരണം തെറ്റിൽ തന്നെ തുടരാനും അത് കാരണമായേക്കാം; അങ്ങനെ നിങ്ങളുടെ ആ പ്രാർത്ഥന അവനെ വഴിപിഴപ്പിക്കുന്നതിൽ പിശാചിനുള്ള സഹായമായി മാറും.


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- മദ്യപാനത്തിന് ശിക്ഷാവിധി സ്ഥിരപ്പെട്ടിട്ടുണ്ട് എന്നത് ഭൂരിഭാഗം പണ്ഡിതന്മാരുടെയും ഏകോപിത അഭിപ്രായമാണ്.

2- നബി صلى الله عليه وسلم യുടെ കാലത്ത് മദ്യപാനത്തിനുള്ള ശിക്ഷ ഏകദേശം നാൽപത് അടിയായിരുന്നു, അബൂബക്കർ رضي الله عنه അദ്ദേഹത്തിന്‍റെ ഭരണകാലത്ത് ഇതേ രീതി തന്നെയാണ് പിന്തുടർന്നത്.

3- ഉമർ رضي الله عنه സ്വഹാബികളുമായി കൂടിയാലോചിച്ച ശേഷം, കുറ്റവാളികളെ നിയന്ത്രിക്കുന്നതിനായുള്ള ശിക്ഷയായി അത് എൺപത് അടിയാക്കി നിശ്ചയിച്ചു.

4- വിധിവിവരണങ്ങളിൽ ഇജ്തിഹാദ് (ഗവേഷണം) നടത്തുന്നതും അതിനായി പണ്ഡിതന്മാരുമായി കൂടിയാലോചിക്കുന്നതും സത്യത്തിന്‍റെ മാർഗ്ഗത്തിലുള്ളവരുടെയും ശരിയായ വഴി തേടുന്നവരുടെയും രീതിയാണ്.

5- ഇത്തരത്തിലുള്ള തിന്മകൾ സംഭവിക്കുന്നത് അത്ഭുതപ്പെടേണ്ട ഒന്നല്ല; കാരണം നബി صلى الله عليه وسلم യുടേയും സ്വഹാബികളുടെയും കാലത്തും ഇവ സംഭവിച്ചിട്ടുണ്ട്. എന്നാൽ അക്കാലത്ത് ഇത് വളരെ കുറവായിരുന്നു എന്ന് മാത്രം.

6- ഒരാൾ എത്രതന്നെ ബുദ്ധിമാനാണെങ്കിൽ പോലും കൂടിയാലോചന (شورى) നടത്തുന്നത് ശരീഅത്തിൽ അനുവദിക്കപ്പെട്ടതും പ്രോത്സാഹിപ്പിക്കപ്പെട്ടതുമായ കാര്യമാണ്.

7- മദ്യപിച്ചവനെ ശപിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നുവെന്നും, അവൻ ഇസ്‌ലാമിക മാർഗ്ഗത്തിൽ നിന്ന് പുറത്തുപോകുന്നില്ലെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു.

8- കുറ്റവാളിക്ക് ശിക്ഷ നടപ്പാക്കിയ ശേഷം അവനെ ആക്ഷേപിക്കാതിരിക്കുക വഴി, അവന്‍റെ മാനസികാവസ്ഥയെ ശരീഅത്ത് എത്രത്തോളം പരിഗണിക്കുന്നുണ്ടെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

9- തെറ്റ് ചെയ്തവനെ ശപിക്കുകയോ തരംതാഴ്ത്തുകയോ ചെയ്യുമ്പോൾ അവൻ കൂടുതൽ വാശിയിലാവുകയും പിശാചിന്‍റെ വലയിൽ വീഴുകയും ചെയ്യും. അതിനാൽ അവനെ തിരുത്താൻ പ്രാർത്ഥിക്കുകയാണ് വേണ്ടത്.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...