ഫോളോ ചെയ്യാം

Saturday, 21 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 246 دروس الحديث - അല്ലാഹുവിന്‍റെ അടിമകളേ.. നിങ്ങള്‍ സഹോദരന്മാരാവുക

 

الأربعون النووية-حديث: 35


അല്ലാഹുവിന്‍റെ അടിമകളേ.. നിങ്ങള്‍ സഹോദരന്മാരാവുക

عَنْ أَبِي هُرَيْرَةَ رضي الله عنه  قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم "لَا تَحَاسَدُوا، وَلَا تَنَاجَشُوا، وَلَا تَبَاغَضُوا، وَلَا تَدَابَرُوا، وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَكُونُوا عِبَادَ اللَّهِ إخْوَانًا، الْمُسْلِمُ أَخُو الْمُسْلِمِ، لَا يَظْلِمُهُ، وَلَا يَخْذُلُهُ، وَلَا يَكْذِبُهُ، وَلَا يَحْقِرُهُ، التَّقْوَى هَاهُنَا، وَيُشِيرُ إلَى صَدْرِهِ ثَلَاثَ مَرَّاتٍ، بِحَسْبِ امْرِئٍ مِنْ الشَّرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ، كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ: دَمُهُ وَمَالُهُ وَعِرْضُهُ" .

رَوَاهُ مُسْلِمٌ [رقم:2564].  

അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിങ്ങള്‍ പരസ്പരം അസൂയ കാണിക്കരുത്, (കച്ചവട വസ്തുക്കള്‍ക്ക്) നിങ്ങള്‍ പരസ്പരം വില കൂട്ടി പറയരുത്, നിങ്ങള്‍ പരസ്പരം വിദ്വേഷം കാണിക്കരുത്, നിങ്ങള്‍ പരസ്പരം പിണങ്ങരുത്, നിങ്ങള്‍ നിങ്ങളില്‍ ഒരാളുടെ കച്ചവടത്തിന് മേല്‍ കച്ചവടം നടത്തരുത്. അല്ലാഹുവിന്‍റെ അടിമകളേ.. നിങ്ങള്‍ പരസ്പരം സഹോദരന്‍മാരാവുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്‍റെ സഹോദരനാണ്. അവന്‍ അവനെ അക്രമിക്കുകയോ, അവനെ കൈവിടുകയോ, അവനോട് കളവ് പറയുകയോ, അവനെ നിന്ദിക്കുകയൊ ഇല്ല.  റസൂല്‍ صلى الله عليه وسلم തന്‍റെ നെഞ്ചിലേക്ക് മൂന്ന് തവണ ചൂണ്ടിക്കൊണ്ട് പറഞ്ഞു: തഖ്‌വ (സൂക്ഷ്മത) ഇവിടെയാകുന്നു. ഒരാള്‍ തന്‍റെ മുസ്‌ലിമായ സഹോദരനെ നിന്ദിക്കുന്നത് അവന് തിന്മയായി മതിയായതാണ്. എല്ലാ മുസ്‌ലിമിനും മറ്റൊരു മുസ്‌ലിമിന്‍റെ രക്തവും, സമ്പത്തും അഭിമാനവും പവിത്രമായതാണ്. 

വിവരണം
    ഒരു മുസ്‌ലിം മറ്റു മുസ്‌ലീംകളോട് കാണിക്കേണ്ട സ്വഭാവ ഗുണങ്ങളെ കുറിച്ചാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്. മുസ്‌ലീംകള്‍ പരസ്പരം സ്നേഹത്തിലും സഹകരണത്തിലും ആയിരിക്കണം എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. 

വിവിധ വിഷയങ്ങള്‍ ഈ ഹദീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അവ:

لَا تَحَاسَدُوا നിങ്ങള്‍ പരസ്പരം അസൂയ കാണിക്കരുത്
    മറ്റൊരാളുടെ അനുഗ്രഹം ഇല്ലാതാകാന്‍ ആഗ്രഹിക്കലാണ് അസൂയ. വളരെ മോശവും അപകടകാരിയുമായ ദൂഷ്യമാണ് ഇത്. മറ്റുള്ളവരുടെ അടുക്കല്‍ നല്ലത് കാണുമ്പോള്‍ അത് ഇല്ലാതായി കാണാന്‍ ആഗ്രഹിക്കാന്‍ പാടില്ല. അതില്‍ സന്തോഷിക്കുകയും അല്ലാഹു ബറകത്ത് നല്‍കട്ടെഎന്ന് പ്രാര്‍ഥിക്കുകയുമാണ്‌ വേണ്ടത്. 

    അസൂയക്കാരന്‍ ഒരിക്കലും നിലക്കാത്ത ദുഖത്തിലും, പ്രതിഫലമില്ലാത്ത വിപത്തുകളിലും ആയിരിക്കും. അത് പോലെ അവന്‍ നിന്ദ്യനും ആക്ഷേപാര്‍ഹനും ആയിരിക്കും. അവന് നന്മകളുടെ വാതിലുകള്‍ അടക്കപ്പെടും.

وَلَا تَنَاجَشُوا കച്ചവട സാധനങ്ങള്‍ക്ക് നിങ്ങള്‍ അമിതമായി വില കൂട്ടി പറയരുത്
    കച്ചവട വസ്തുക്കളില്‍ വില കൂട്ടി പറയലാണ് نجش. അഥവാ സാധനം വാങ്ങാന്‍ ഉദ്ദേശിക്കാത്ത ഒരാള്‍ കച്ചവട സ്ഥലത്തെത്തി സാധനങ്ങളുടെ വില കൂട്ടി പറയുന്നു. ഒന്നുകില്‍ അദ്ദേഹം കച്ചവടക്കാരന് ഗുണം ഉണ്ടാകാന്‍ ആണ് ഉദ്ദേശിക്കുന്നത്, അല്ലെങ്കില്‍ വാങ്ങുന്നവന് ബുദ്ധിമുട്ട് ഉണ്ടാക്കാനായിരിക്കാം. ഇത് കച്ചവടക്കാരന്‍ അറിഞ്ഞ് ചെയ്യുന്നതും അറിയാതെ ചെയ്യുന്നതും ആവാം. ഇത്തരം സ്വഭാവങ്ങള്‍ ഉണ്ടാകരുത് എന്നാണ് മതത്തിന്‍റെ വിലക്ക്.

وَلَا تَبَاغَضُوا നിങ്ങള്‍ പരസ്പരം വിദ്വേഷം കാണിക്കരുത്
    കോപത്തിനും വിദ്വേഷത്തിനും കാരണമായ ഒരു കാര്യവും നമ്മിലുണ്ടാകാന്‍ പാടില്ല. മുസ്‌ലീംകള്‍ പരസ്പരം വിദ്വേഷം വെച്ച് നടക്കല്‍ നിഷിദ്ധമാണ്. സ്നേഹത്തിലും പരസ്പര സഹകരണത്തിലുമാണ് വിശ്വാസികള്‍ കഴിയേണ്ടത്. 

وَلَا تَدَابَرُوا നിങ്ങള്‍ പരസ്പരം പിണങ്ങരുത്
    ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനോട് പിണങ്ങി നില്‍ക്കാന്‍ പാടില്ല. അവര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ തിരിഞ്ഞു കളയുന്ന അവസ്ഥയുണ്ടാകരുത്. ഒരാള്‍ തന്‍റെ സഹോദരനോട് മൂന്ന് ദിവസത്തില്‍ കൂടുതല്‍ പിണങ്ങി നില്‍ക്കാന്‍ പാടില്ലെന്ന് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുമുണ്ട്. പിണക്കങ്ങള്‍ നമുക്ക് അല്ലാഹു നല്‍കുന്ന അനുഗ്രഹങ്ങള്‍ തടയപ്പെടാന്‍ കാരണമാകും. അല്ലെങ്കില്‍ നമ്മുടെ നന്മകളുടെ പ്രതിഫലം തടയപ്പെടുന്ന അവസ്ഥയുണ്ടാകും. 

وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ നിങ്ങള്‍ നിങ്ങളില്‍ ഒരാളുടെ കച്ചവടത്തിന് മേല്‍ കച്ചവടം നടത്തരുത്
    ഒരാള്‍ ചെയ്യുന്ന കച്ചവടത്തിന് മേല്‍ മറ്റൊരാള്‍ കച്ചവടം ചെയ്യല്‍ വിരോധിക്കപ്പെട്ടതാണ്. ഇതിന്‍റെ രൂപം: ഒരാള്‍ ഒരു കടയില്‍ വന്ന് ഒരു സാധനത്തിന്‍റെ വിലയന്വേഷിച്ച് വാങ്ങാന്‍ തയ്യാറാകുന്നു, അപ്പോള്‍ മറ്റൊരാള്‍ വന്ന് സാധനം വാങ്ങാന്‍ തയ്യാറായ ആളോട് പറയുന്നു: ഞാന്‍ നിനക്ക് അതിനേക്കാള്‍ നല്ലത് അതെ വിലക്ക് നല്‍കാം എന്ന്. അയാള്‍ ആദ്യത്തെ കച്ചവടക്കാരന്‍റെ കച്ചവടം ഇല്ലാതാക്കി അത് ഈ നിലക്ക് സ്വന്തത്തിലേക്ക് മാറ്റുന്നു. ഇത് പാടില്ലാത്തതാണ്. 

മറ്റൊരു രൂപം: ഒരാള്‍ ഒരു കടയില്‍ കയറി സാധനം വാങ്ങാന്‍ നില്‍ക്കുമ്പോള്‍ മറ്റൊരാള്‍ അതെ കടയില്‍ വന്ന് ഞാന്‍ ആ സാധനം കൂടുതല്‍ വിലക്ക് വാങ്ങാം എന്ന് പറഞ്ഞ് ഇടപെടുന്നു. ഇതും നിഷിദ്ധമായ കാര്യമാണ്. 

അല്ലാഹുവിന്‍റെ അടിമകളേ.. നിങ്ങള്‍ സഹോദരന്മാരാവുക
    മുസ്‌ലീംകള്‍ പരസ്പരം സഹോദരന്മാരാകാനാണ് റസൂല്‍ صلى الله عليه وسلم കല്‍പിക്കുന്നത്. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്‍റെ സഹോദരനാണ്. അവന്‍ അവനെ അക്രമിക്കുകയോ വഞ്ചിക്കുകയോ അവനോട് കളവ് പറയുകയോ അവനെ നിന്ദിക്കുകയോ ഇല്ല. അഥവാ ഇതൊന്നും മുസ്‌ലീംകള്‍ പരസ്പരം ചെയ്യാന്‍ പാടില്ല. ഈ കാര്യങ്ങളിലൊക്കെയും അല്ലാഹുവിനെ സൂക്ഷിക്കണം.  തഖ്‌വയുടെ സ്ഥാനം ഹൃദയത്തിലാണ്. മനസ്സറിഞ്ഞ് ആയിരിക്കണം ഈ കാര്യങ്ങള്‍ ഓരോരുത്തരും നടപ്പിലാക്കേണ്ടത്. അല്ലാതെ പ്രത്യക്ഷത്തിലുള്ള വെറും പ്രകടനങ്ങള്‍ കൊണ്ട് കാര്യമില്ല എന്നതാണ് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത് 
    ഒരു മുസ്‌ലിം തന്‍റെ മുസ്‌ലിമായ സഹോദരനെ നിന്ദിക്കാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നത് വലിയ തിന്മയാണ് എന്നാണ് ഹദീസ് അറിയിക്കുന്നത്. മുസ്‌ലിമിന്‍റെ രക്തവും സമ്പത്തും അഭിമാനവുമെല്ലാം പവിത്രമാണ്, അവ സംരക്ഷിക്കപ്പെടേണ്ടതാണ്. അവക്ക് അന്യായമായി ക്ഷതം ഏല്‍പിക്കാന്‍ പാടുള്ളതല്ല.  

    ഇസ്‌ലാം എന്നാല്‍ വിശ്വാസവും ആരാധനയും മാത്രമല്ല, മറിച്ച് സ്വഭാവങ്ങളും പെരുമാറ്റങ്ങളും എല്ലാം അതിന്‍റെ ഭാഗമാണ്. ഏറ്റവും ഉത്കൃഷ്‌ടമായ സ്വഭാവ ഗുണങ്ങള്‍ എല്ലാവരിലുമുണ്ടാകണം. ചതിയും, വഞ്ചനയും, അക്രമവും, നിന്ദിക്കലും പോലെയുള്ള ഒരു ദൂഷ്യ സ്വഭാവവും മുസ്‌ലിമില്‍ ഉണ്ടാവാന്‍ പാടില്ല. 
    അസൂയ, വസ്തുക്കളുടെ വില കൂട്ടിപ്പറയല്‍, വിദ്വേഷം, പിണക്കം, ഒരാളുടെ കച്ചവടത്തിന് മേല്‍ കച്ചവടം നടത്തല്‍ പോലുള്ളവ നിഷിദ്ധമായ കാര്യങ്ങളാണ്.
    വിശ്വാസപരമായ സാഹോദര്യം വളര്‍ത്താനും കാത്തു സൂക്ഷിക്കാനും മുസ്‌ലീംകള്‍ ശ്രദ്ധിക്കണം. ഇത് റസൂല്‍ صلى الله عليه وسلم യുടെ കല്‍പനയാണ്. 
    ഇസ്‌ലാം വിമര്‍ശിച്ചതും ആക്ഷേപിച്ചതുമായ ദൂഷ്യ സ്വഭാവങ്ങള്‍ വലിയ കുറ്റങ്ങളാണ്. 
    ഓരോ കര്‍മങ്ങളിലും നാം നമ്മുടെ നിയ്യത്തുകള്‍ ശരിയാക്കണം. കര്‍മങ്ങളല്ല പ്രധാനം, അവ ചെയ്യുമ്പോഴുള്ള മനസ്സിന്‍റെ ഉദ്ദേശ്യമാണ് പരിഗണിക്കപ്പെടുന്നത്. നല്ല ഉദ്ദേശത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയാണ് വേണ്ടത്. 
    ഹൃദയമാണ് അല്ലാഹുവിനെ സൂക്ഷിക്കുന്നതിന്‍റെ ഉറവിടം. മനസ്സില്‍ തഖ്‌വ കാത്തുസൂക്ഷിക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കണം.  

Friday, 20 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 245 دروس الحديث - തിന്‍മകളെ കഴിവനുസരിച്ച് തടയുക

 

الأربعون النووية-حديث: 34


തിന്‍മകളെ 

കഴിവനുസരിച്ച് തടയുക

عَنْ أَبِي سَعِيدٍ الْخُدْرِيّ رضي الله عنه قَالَ سَمِعْت رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: "مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإِيمَانِ" .

رَوَاهُ مُسْلِمٌ [رقم:49].  

അബൂ സഈദില്‍ ഖുദ്'രി رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും ഒരു തിന്‍മ കണ്ടാല്‍ അവന് അവന്‍റെ കൈ കൊണ്ട് അതിനെ എതിര്‍ക്കട്ടെ. അവന് അതിന് കഴിയുന്നില്ലെങ്കില്‍ അവന്‍റെ നാവ് കൊണ്ട് തടുക്കട്ടെ, അവന് അതിനും കഴിയുന്നില്ലെങ്കില്‍ അവന്‍റെ ഹൃദയം കൊണ്ട്  തടുക്കട്ടെ. അത് ഈമാനിന്‍റെ ഏറ്റവും ദുര്‍ബലമായ കാര്യങ്ങളില്‍ പെട്ടതാണ്. 


വിവരണം

നന്‍മ കല്‍പിക്കലും തിന്‍മ വിരോധിക്കലും ഇസ്‌ലാമില്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഒരാളുടെ കഴിയും സാഹചര്യവും അനുസരിച്ച് അവ അവന്‍ നിറവേറ്റണം. 

ഈമാനിന്‍റെ ഏറ്റവും ശക്തമായ ഭാഗവും ദുര്‍ബലമായ ഭാഗവും നന്‍മ കല്‍പിക്കലിലും തിന്‍മ വിരോധിക്കലിലും ഉണ്ട്. തിന്‍മയെ കൈക്കൊണ്ട് തടുക്കാന്‍ സാധിച്ചാല്‍ അത് ഈമാനിന്‍റെ ശക്തമായ ഭാഗമാണ്. എന്നാല്‍ ഒരാള്‍ക്ക് തിന്‍മ കാണുമ്പോള്‍ അതിനെ ഹൃദയം കൊണ്ട് വെറുക്കാന്‍ മാത്രമാണ് സാധിക്കുന്നത് എങ്കില്‍ അത് ഈമാനിന്‍റെ ഏറ്റവും ദുര്‍ബലമായ ശാഖയാണ്‌. (അല്‍ക്വുസ്വരി, ഫൈദുല്‍ ഖദീര്‍)

ആരങ്കിലും തിന്‍മ ചെയ്യുന്നതായി ഒരാള്‍ കണ്ടാല്‍ ആ തിന്‍മയെ തടുക്കലും എതിര്‍ക്കലും വിശ്വാസികളായ ആളുകള്‍ ചെയ്യേണ്ടതാണ്. മറ്റുള്ളവര്‍ തിന്മകളിലേക്ക് പോകുമ്പോള്‍ അവരെ അതില്‍ നിന്ന് തടയല്‍ അവര്‍ക്കുള്ള നസ്വീഹത്താണ്. അവര്‍ തിന്മകളില്‍ കഴിഞ്ഞ് ശിക്ഷാര്‍ഹരാകുകയോ അവരുടെ ജീവിതം നശിച്ചു പോവുകയോ ചെയ്യാതിരിക്കാനാണ് അതിനെ തടുക്കുന്നത്. മറ്റുള്ളവര്‍ അപകടത്തില്‍ ചെന്ന് ചാടുമ്പോള്‍ അവരെ രക്ഷപ്പെടുത്തുക എന്നത് മാനുഷികമായ കാര്യം കൂടിയാണ്. തിന്മകളിലും നിഷിദ്ധങ്ങളിലും അകപ്പെട്ടു പോകല്‍ ഏറ്റവും വലിയ അപകടമായിട്ടാണ് ഇസ്‌ലാം കാണുന്നത്. 

തിന്മകള്‍ കാണുമ്പോള്‍ തിന്‍മ ചെയ്യുന്നവരുടെ കൈകള്‍ പിടിച്ച് അത് ചെയ്യരുത് എന്ന് പറയലാണ് ഇതിന്‍റെ ഏറ്റവും ശ്രേഷ്ടമായ ഭാഗം. തിന്‍മയെ കൈ കൊണ്ട് തടുക്കുക എന്നാല്‍ തിന്‍മയെ നേരിട്ട് ഇല്ലായ്മ ചെയ്യാന്‍ പ്രയത്നിക്കലാണ്. മദ്യപാനം കാണുമ്പോള്‍ മദ്യം എടുത്ത് കളയലും, തിന്മകള്‍ വീണ്ടും ചെയ്യാനുള്ള വാതിലുകള്‍ അടക്കലും എല്ലാം ഇതില്‍ പെടും.

ഈ നിലക്ക് തിന്‍മയെ തടുക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്ന് വരില്ല. കാരണം അതിന് ശക്തിയും സമൂഹത്തില്‍ സ്ഥാനമാനങ്ങളും എല്ലാം ആവശ്യമായി വരും. ഇല്ലെങ്കില്‍ അവന്‍റെ ആ പ്രവര്‍ത്തനം അവന് തന്നെ ദോഷമായി ഭവിക്കും. അവനവന്‍റെ കഴിവും യോഗ്യതയും അനുസരിച്ചായിരിക്കും ഈ കാര്യം നടപ്പിലാക്കാന്‍ സാധിക്കുക..

അങ്ങനെ ഒരാള്‍ക്ക് കൈകൊണ്ട് തിന്‍മയെ തടുക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ അവന്‍റെ നാവ് കൊണ്ട് തിന്‍മയെ തടുക്കാം. അഥവാ തിന്‍മയെ കുറിച്ച് അവര്‍ക്ക് താക്കീത് നല്‍കലും അത് ചെയ്താലുള്ള അപകടത്തെ കുറിച്ച് അവരെ ബോധവാന്മാരാക്കലും എല്ലാം ഇതില്‍ പെടുന്നു. 

ഭയം കാരണമോ ഉപദ്രവം ഉണ്ടാകുമെന്ന് വിചാരിച്ചോ ആ രൂപത്തിലും തിന്‍മയെ തടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവന്‍ ആ തിന്മയെയും അത് ചെയ്യുന്നതിനെയും ഇഷ്ടപ്പെടുന്നില്ലെന്നും അത് അവന് വെറുപ്പാണ് എന്നും മനസ്സിലാകുന്ന വിധം അവന്‍ ഇടപെടണം. അങ്ങനെയാണ് ഹൃദയം കൊണ്ട് തിന്‍മയെ എതിര്‍ക്കല്‍. 

തിന്മയുമായി ഒരു നിലക്കും സമരസപ്പെടാന്‍ പാടില്ല എന്ന് ഈ ഹദീസ് വ്യക്തമാക്കുകയാണ്. ഓരോരുത്തരും അവരവരുടെ കഴിവ് അനുസരിച്ച് തിന്‍മയെ എതിര്‍ക്കാന്‍ ശ്രദ്ധിക്കണം. തിന്മകളെ എതിര്‍ക്കല്‍ ഇസ്‌ലാമിന്‍റെ അടിസ്ഥാന കാര്യങ്ങളില്‍ പെട്ടതാണ് എന്ന് തെളിവുകള്‍ നമ്മെ അറിയിക്കുന്നുണ്ട്.   

ഈ ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- തിന്മയെ എതിര്‍ക്കല്‍ നിര്‍ബന്ധമാണ്‌ എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.

2- ഓരോരുത്തര്‍ക്കും അവനവന്‍റെ കഴിവ് അനുസരിച്ചാണ് തിന്‍മയെ തടുക്കാന്‍ സാധിക്കുക. 

3- നിര്‍ബന്ധമായ ഈ കാര്യത്തെ വിവിധ ഘട്ടങ്ങളായി അറിയിച്ചത് ഇസ്‌ലാമിന്‍റെ എളുപ്പത്തെ സൂചിപ്പിക്കുന്നു. ഇസ്‌ലാം ആര്‍ക്കും ചെയ്യാന്‍  സാധിക്കാത്ത കാര്യങ്ങള്‍ ഒരിക്കലും അടിച്ചേല്‍പിക്കില്ല. ഓരോരുത്തരുടെയും കഴിവ് അനുസരിച്ചാണ് ഓരോരുത്തരും ഇസ്‌ലാമിന്‍റെ കാര്യങ്ങള്‍ ചെയ്യേണ്ടത്.

4- നന്‍മ കല്‍പിക്കലും തിന്‍മ വിരോധിക്കലും ഈമാനുമായി ബന്ധപ്പെട്ടതാണ് എന്ന് ഹദീസ് അറിയിക്കുന്നു.  ഈമാനുള്ളവര്‍ക്ക് മാത്രമേ ഈ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ. 

5- ഈമാന്‍ കൂടുകയും കുറയുകയും ചെയ്യും എന്ന് ഹദീസില്‍ നിന്ന് മനസ്സിലാക്കാം. 

6- തിന്‍മയെ തടുക്കുന്നതിന്‍റെ ഘട്ടങ്ങളെ ഈ ഹദീസ് അറിയിക്കുന്നു. ഓരോരുത്തര്‍ക്കും ഓരോ സന്ദര്‍ഭത്തില്‍ ഈ ഘട്ടങ്ങള്‍ മാറിമാറി വരും.ചില തിന്മകളെ കൈകൊണ്ട് തടയാന്‍ സാധിക്കുന്നവയാകും, ചിലത് നാവ് കൊണ്ടും മറ്റു ചിലത് ഹൃദയം കൊണ്ടുമായിരിക്കും തടുക്കാന്‍ സാധിക്കുക. 

7- നന്‍മ കല്‍പിക്കാനും തിന്‍മ വിരോധിക്കാനും അറിവ് അത്യാവശ്യമാണ്. ഇസ്‌ലാം പഠിപ്പിച്ച നന്മകള്‍ അറിയല്‍ നന്‍മ കല്‍പിക്കാന്‍ അത്യാവശ്യമാണ്. അത് പോലെ ഇസ്‌ലാം തിന്മകളായി പരിചയപ്പെടുത്തിയവയെ കുറിച്ചും നല്ല ധാരണ തിന്‍മ വിരോധിക്കുന്നവന് ഉണ്ടായിരിക്കണം.

8- തിന്‍മ വിരോധിക്കുമ്പോള്‍ കൂടുതല്‍ തിന്മയിലേക്ക് പോകുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അത് കൊണ്ടാണ് അതിന് വിവിധ ഘട്ടങ്ങള്‍ പഠിപ്പിക്കപ്പെട്ടത്. കൈകൊണ്ട് തടുക്കാന്‍ സാധിക്കാത്ത ആള്‍ തിന്മയെ കൈകൊണ്ട് തടുക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. സമയവും സന്ദര്‍ഭങ്ങളും മനസ്സിലാക്കി വേണം ഇത് നടപ്പിലാക്കാന്‍.

9- നന്‍മ കല്‍പിക്കാനും തിന്‍മ വിരോധിക്കനും ഇസ്‌ലാം ചില മാനദണ്ഡങ്ങളും നിബന്ധനകളും മര്യാദകളും വെച്ചിട്ടുണ്ട്. അവ അറിഞ്ഞിരിക്കല്‍ അത്യാവശ്യമാണ്. 

10- തിന്‍മയെ തടുക്കുമ്പോള്‍ ഈ ഹദീസില്‍ പറയപ്പെട്ട ക്രമം പാലിച്ച് അത് ചെയ്യണം. കൈകൊണ്ട് തിന്‍മയെ തടുക്കാന്‍ കഴിയുന്നവന്‍ ഹൃദയം കൊണ്ട് വെറുത്താല്‍ പോരാ.

11- ഒരാള്‍ ഹൃദയം കൊണ്ട് പോലും തിന്‍മയെ തടുത്തില്ലെങ്കില്‍ അവന് ഈമാനില്ല എന്ന് പറയാന്‍ നമുക്ക് കഴിയില്ല. 


Thursday, 19 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 244 دروس الحديث - പ്രശ്നങ്ങളില്‍ തെളിവുകളിലേക്ക് മടങ്ങണം

 

الأربعون النووية-حديث: 33

പ്രശ്നങ്ങളില്‍ 

തെളിവുകളിലേക്ക് മടങ്ങണം

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: "لَوْ يُعْطَى النَّاسُ بِدَعْوَاهُمْ لَادَّعَى رِجَالٌ أَمْوَالَ قَوْمٍ وَدِمَاءَهُمْ، لَكِنَّ الْبَيِّنَةَ عَلَى الْمُدَّعِي، وَالْيَمِينَ عَلَى مَنْ أَنْكَرَ" .

حَدِيثٌ حَسَنٌ، رَوَاهُ الْبَيْهَقِيّ [في"السنن" 10/252]، وَغَيْرُهُ هَكَذَا، وَبَعْضُهُ فِي "الصَّحِيحَيْنِ". 

  • دَعْوَى  : അവകാശവാദം
  • الْبَيِّنَة  : വ്യക്തമായ തെളിവ്
  • الْيَمِين :സത്യം ചെയ്യല്‍
  • أَنْكَرَ  : നിഷേധിച്ചു

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: ജനങ്ങള്‍ക്ക് അവരുടെ  അവകാശവാദങ്ങള്‍ കൊണ്ട് (കാര്യങ്ങള്‍) നല്‍കപ്പെടുകയാണെങ്കില്‍ ആളുകള്‍ മറ്റുള്ളവരുടെ സമ്പത്തുക്കളും രക്തങ്ങളും ആവശ്യപ്പെടുക തന്നെ ചെയ്യുമായിരുന്നു. എന്നാല്‍ വാദിക്കുന്നവന് മേല്‍ (അതിന്‍റെ) വ്യക്തമായ തെളിവും, അത് നിഷേധിക്കുന്നവന്‍റെ മേല്‍ സത്യം ചെയ്യലും നിശ്ചയിച്ചിരിക്കുന്നു. 


വിവരണം:

ജനങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ കൃത്യവും നിഷ്പക്ഷവുമായ വിധി നടപ്പിലാക്കല്‍ അത്യാവശ്യമാണ്. അത് എങ്ങനെയായിരിക്കണം എന്നാണ് ഈ ഹദീസ് അറിയിക്കുന്നത്. 

ആളുകള്‍ക്ക് അവരുടെ കേവലം വാദപ്രകാരം ഓരോന്ന് നല്‍കാന്‍ പാടില്ല. തെളിവുകളും സാക്ഷികളും മുന്‍ നിര്‍ത്തിയാവണം വിധി കല്‍പിക്കല്‍. ഇല്ലെങ്കില്‍ ഓരോരുത്തര്‍ അവരവര്‍ക്ക് വേണ്ട വിധം മറ്റുള്ളവരുടെ സമ്പത്തുകളിലും രക്തങ്ങളിലുമെല്ലാം അവകാശ വാദങ്ങള്‍ ഉന്നയിച്ചേക്കാം എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത്. മനുഷ്യന്‍റെ പൊതുവായ സ്വഭാവ പ്രകൃതത്തെയാണ്‌ ഈ ഹദീസ് സൂചിപ്പിക്കുന്നത്. ആളുകളില്‍ കൂടുതലും സ്വാര്‍ത്ഥതയും ഭൗതിക കാര്യങ്ങളില്‍ ആര്‍ത്തിയുള്ളവരുമാണ്. അതിനാല്‍ തന്നെ അവരുടെ സമീപനങ്ങള്‍ അതിന് യോജിച്ചവയായിരിക്കും. ആളുകളുടെ സമ്പത്തും രക്തവുമെല്ലാം സംരക്ഷിക്കാന്‍  ഇസ്‌ലാം ചില മാനദണ്ഡങ്ങള്‍ വെക്കുകയാണ്.

ഒരാളുടെ വാദം കൊണ്ടോ അവകാശമുന്നയിക്കല്‍ കൊണ്ടോ ഒരു വസ്തു അവന് ലഭിക്കില്ല. മറിച്ച് തെളിവുകളുടെയും സാക്ഷികളുടെയും ബലത്തിലായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക.

ഇല്ലെങ്കില്‍ ഓരോരുത്തരും അവരവരുടെ ഇച്ഛകള്‍ക്കനുസരിച്ച് മറ്റുള്ളവരുടെ വിഭവങ്ങള്‍ കൈവശപ്പെടുത്തുന്ന അവസ്ഥയുണ്ടാകും. 

വാദിക്കുന്നവന്‍ വ്യക്തമായ തെളിവുകള്‍ നിരത്തുമ്പോള്‍ വാദിക്കപ്പെടുന്നവന് തന്‍റെ ഭാഗം തെളിയിക്കാനുള്ള അവസരവുമുണ്ട്. വാദിക്കുന്നവന് കൃത്യമായ തെളിവുകള്‍ ഇല്ലെങ്കില്‍ വാദിക്കപ്പെട്ടവന് തന്‍റെ ഭാഗമാണ് ശരി എന്ന് സത്യം ചെയ്ത്  ബോധിപ്പിക്കാവുന്നതാണ്‌.

ഈ ഹദീസ് അറിയിക്കുന്ന പാഠങ്ങള്‍

1- ഇസ്‌ലാമിക ശരീഅത്ത് ജനങ്ങളുടെ സ്വത്തിനും രക്തത്തിനും സുരക്ഷ നല്‍കുന്ന മതമാകുന്നു.  

2- ഒരാള്‍ക്കും അവന്‍റെ അവകാശ വാദം കൊണ്ട് മാത്രം അവന് വാദിക്കുന്നത് നല്‍കപ്പെടില്ല.

3- ഒരു കാര്യത്തില്‍ ആരെങ്കിലും അവകാശവാദമുന്നയിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കേണ്ടതാണ്.

4- ഇസ്ലാമിക നിയമ വ്യവസ്ഥയിൽ "ബയ്യിന" (തെളിവ്) വളരെ പ്രധാനപ്പെട്ടതാണ്. ഒരാളെ കുറ്റക്കാരനായി കണക്കാക്കാൻ മതിയായ തെളിവ് ഉണ്ടായിരിക്കണം.

5- വാദിക്കപ്പെടുന്നവന് വാദിക്കുന്നവന്‍റെ വാദങ്ങള്‍ക്ക് മേല്‍ നിഷേധം പ്രകടിപ്പിക്കുകയാണെങ്കില്‍ സത്യം ചെയ്ത് അവന്‍റെ കാര്യത്തെ ബലപ്പെടുത്താവുന്നതാണ്. 

6- ഒരു വിധികര്‍ത്താവ് രണ്ടാളുടെയും വാദങ്ങളും നിഷേധങ്ങളും മനസ്സിലാക്കി തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് വ്യക്തമായതിലാണ് വിധി നടപ്പാക്കേണ്ടത്.  

7- തെളിവുകള്‍ സമര്‍പ്പിക്കാതെ ആരെങ്കിലും ഏതെങ്കിലും കാര്യത്തില്‍ അവകാശവാദമുന്നയിച്ചാല്‍ അവന്‍റെ വാദം തള്ളപ്പെടുന്നതാണ്. 

  

Wednesday, 18 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 243 دروس الحديث - ഇസ്‌ലാമില്‍ ഉപദ്രവങ്ങളും ഉപദ്രവിക്കലും പാടില്ല

 

الأربعون النووية-حديث: 32


ഇസ്‌ലാമില്‍ ഉപദ്രവങ്ങളും ഉപദ്രവിക്കലും പാടില്ല

عَنْ أَبِي سَعِيدٍ سَعْدِ بْنِ مَالِكِ بْنِ سِنَانٍ الْخُدْرِيّ رضي الله عنه أَنَّ رَسُولَ اللَّهِ صلى الله عليه وسلم  قَالَ: " لَا ضَرَرَ وَلَا ضِرَارَ" .

حَدِيثٌ حَسَنٌ، رَوَاهُ ابْنُ مَاجَهْ [راجع رقم:2341]، وَالدَّارَقُطْنِيّ [رقم:4/228]، وَغَيْرُهُمَا مُسْنَدًا. وَرَوَاهُ مَالِكٌ [2/746] فِي "الْمُوَطَّإِ" عَنْ عَمْرِو بْنِ يَحْيَى عَنْ أَبِيهِ عَنْ النَّبِيِّ صلى الله عليه وسلم مُرْسَلًا، فَأَسْقَطَ أَبَا سَعِيدٍ، وَلَهُ طُرُقٌ يُقَوِّي بَعْضُهَا بَعْضًا. 

അബൂ സഈദ് സഅ'ദു ബ്നു മാലികു ബ്നു സിനാന്‍ അല്‍ ഖുദ്'രി رضي الله عنه നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: (ഇസ്‌ലാമില്‍) ഉപദ്രവവും ഉപദ്രവിക്കലും ഇല്ല.

വിവരണം

 വളരെ പ്രധാനപ്പെട്ട ഒരു ഹദീസ് ആണിത്. 

രണ്ട് കാര്യങ്ങളാണ് ഇതില്‍ വിരോധിക്കുന്നത്. 

ഒന്ന്: മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കല്‍

രണ്ട്: ഉപദ്രവമുണ്ടായാല്‍ പ്രതികാരമായി ഉപദ്രവിക്കാതിരിക്കല്‍.

എല്ലാ തരം ഉപദ്രവങ്ങളെയും ദ്രോഹങ്ങളെയും ഈ ഹദീസ് നിഷേധിക്കുന്നു. ആരും ആര്‍ക്കും ഒരു ദ്രോഹവും ഉണ്ടാക്കരുത് എന്നാണ് ഹദീസ് അറിയിക്കുന്നത്. 

ഉപദ്രവമുണ്ടാക്കലില്‍ രണ്ട് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. 

ഒന്ന്: നന്‍മ നഷ്ടപ്പെടുത്തല്‍ 

രണ്ട്: ദ്രോഹം ഉണ്ടാക്കല്‍

ഈ രണ്ടും മറ്റുള്ളവര്‍ക്ക് ദ്രോഹമുണ്ടാക്കുന്നവയാണ്. 

ഇടപാടുകളിലെ വഞ്ചനയും, കച്ചവടത്തില്‍ സാധനങ്ങളുടെ ന്യൂനതകള്‍ മറച്ച് വെക്കലും പോലെയുള്ള കച്ചവട-ഇടപാടുകളിലെ മോശം സമീപനങ്ങളെല്ലാം ഉപദ്രവങ്ങളില്‍ ഉള്‍പ്പെടും.

ഒരാള്‍ തന്‍റെ സ്വന്തത്തിനും മറ്റുള്ളവര്‍ക്ക് മേലെയും ഉപദ്രവങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. അരുതായ്മകളിലും, നിഷിദ്ധങ്ങളിലും ഒരാള്‍ ഇടപെടുന്നത് സ്വന്തത്തിന് ദ്രോഹമുണ്ടാക്കലാണ്. അത് മുഖേന മറ്റുള്ളവര്‍ക്കും ദ്രോഹമുണ്ടാകുന്ന അവസ്ഥയുണ്ടാകും. 

ഉപദ്രവങ്ങളുണ്ടാക്കല്‍ വിവിധ തരത്തിലാണ്, സമ്പത്തിലും, അഭിമാനത്തിലും, വ്യക്തികളിലുമെല്ലാം ഇതുണ്ടാകും. 

ഇസ്‌ലാം ഉപദ്രവങ്ങള്‍ ഉണ്ടാകുന്നതിനെ വെറുക്കുന്നു. അഥവാ ഉപദ്രവങ്ങളും ദ്രോഹങ്ങളും ഉണ്ടായാല്‍ ഉടന്‍ തന്നെ അത് ഇല്ലാതിരിക്കാനുള്ള വഴികള്‍ തേടാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. 

ഒരാള്‍ മറ്റൊരാള്‍ക്ക് ഉപദ്രവമുണ്ടാക്കിയാല്‍ അയാള്‍ ഉപദ്രവമുണ്ടാക്കിയവന് വിട്ടുവീഴ്ച ചെയ്യണം എന്നാണ് ഇസ്‌ലാമിന്‍റെ നിര്‍ദേശം. 

ഇസ്‌ലാമിന്‍റെ കല്‍പനാ നിര്‍ദേശങ്ങളില്‍ ഒരു നിലക്കുമുള്ള ദ്രോഹങ്ങള്‍ ഇല്ല. എല്ലാ കാര്യങ്ങളും ഇസ്‌ലാമിന്‍റെ ആളുകള്‍ക്ക് ചെയ്യാന്‍ എളുപ്പമുള്ളവയാണ്. എന്നാല്‍ മതത്തില്‍ പുതുതായി കൂട്ടിച്ചേര്‍ക്കുന്ന ആചാരങ്ങളില്‍ കൂടുതലും മനുഷ്യന് ദ്രോഹമുള്ളവയാണ് എന്ന് കാണാന്‍ കഴിയും. അത്തരത്തില്‍ സ്വശരീരങ്ങളെ ബുദ്ധിമുട്ടിക്കുന്നവര്‍ ചെയ്യുന്നത് റസൂല്‍ صلى الله عليه وسلم യുടെ ഈ പ്രസ്താവനക്ക് വിരുദ്ധമായാണ്. 

മതം എന്നത് എളുപ്പമാണ്. ഒരാളോടും അവന് സാധിക്കാത്തത് ഇസ്‌ലാം കല്‍പിച്ചിട്ടില്ല. മതത്തില്‍ അതിരുവിടല്‍ പ്രതിഫലങ്ങള്‍ നഷ്ടപ്പെടാനും ശിക്ഷക്ക് അര്‍ഹാരാകാനും അവസരമൊരുക്കും.

വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കം ചെയ്യുന്നത് വരെ ഇസ്‌ലാം വലിയ കാര്യമായി കണ്ടിട്ടുണ്ട്. അതിനെ ഈമാനിന്‍റെ ശാഖകളില്‍ പെട്ട ഒരു ശാഖയായിട്ടാണ് ഇസ്‌ലാം പരിചയപ്പെടുത്തിയത്. അത്തരത്തിലെ ഉപദ്രവങ്ങള്‍ പോലും പാടില്ലെന്നാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. 

വിശുദ്ധ ക്വുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ വിവിധ ഉപദ്രവങ്ങളെ വിമര്‍ശിക്കുന്നതും എതിര്‍ക്കുന്നതുമായ നിരവധി ആയത്തുകള്‍ നമുക്ക് കാണാന്‍ സാധിക്കും. 

അവയില്‍ ചിലത് താഴെ കൊടുക്കുന്നു:

·     ﴿ وَلَا تُضَارُّوهُنَّ لِتُضَيِّقُوا عَلَيْهِنَّ ﴾ [الطلاق: 6]

·     ﴿ لَا تُضَارَّ وَالِدَةٌ بِوَلَدِهَا وَلَا مَوْلُودٌ لَهُ بِوَلَدِهِ ﴾ [البقرة: 233]

·     ﴿ مِنْ بَعْدِ وَصِيَّةٍ يُوصَى بِهَا أَوْ دَيْنٍ غَيْرَ مُضَارٍّ ﴾ [النساء: 12]

·     ﴿ وَلَا يُضَارَّ كَاتِبٌ وَلَا شَهِيدٌ وَإِنْ تَفْعَلُوا فَإِنَّهُ فُسُوقٌ بِكُمْ ﴾ [البقرة: 282]

·     ﴿ وَالَّذِينَ اتَّخَذُوا مَسْجِدًا ضِرَارًا وَكُفْرًا وَتَفْرِيقًا بَيْنَ الْمُؤْمِنِينَ وَإِرْصَادًا لِمَنْ حَارَبَ اللَّهَ وَرَسُولَهُ مِنْ قَبْلُ ﴾ التوبة: 10


പരസ്പരം ദ്രോഹമുണ്ടാകരുതെന്നും അഥവാ ഉണ്ടായാല്‍ തന്നെ ഉടന്‍ പരിഹരിക്കണമെന്നും പരസ്പരം വിട്ടുവീഴ്ച ചെയ്യണം എന്നുമാണ് ഇസ്‌ലാം പഠിപ്പിച്ചത്. അതിലൂടെ ഉപദ്രവങ്ങളുടെ വ്യാപനം തടയാന്‍ സാധിക്കും എന്നും സമാധാനവും നല്ല അവസ്ഥകളുമാണ് വേണ്ടതെന്നും ഇസ്‌ലാം അറിയിക്കുന്നു.

Tuesday, 17 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 242 دروس الحديث - അല്ലാഹുവിന്‍റെയും ജനങ്ങളുടെയും ഇഷ്ടം ലഭിക്കാന്‍

 

الأربعون النووية-حديث: 31


അല്ലാഹുവിന്‍റെയും ജനങ്ങളുടെയും 

ഇഷ്ടം ലഭിക്കാന്‍

عَنْ أَبِي الْعَبَّاسِ سَهْلِ بْنِ سَعْدٍ السَّاعِدِيّ رضي الله عنه قَالَ: جَاءَ رَجُلٌ إلَى النَّبِيِّ صلى الله عليه وسلم فَقَالَ: يَا رَسُولَ اللَّهِ .. دُلَّنِي عَلَى عَمَلٍ إذَا عَمِلْتُهُ أَحَبَّنِي اللَّهُ وَأَحَبَّنِي النَّاسُ؛ فَقَالَ: "ازْهَدْ فِي الدُّنْيَا يُحِبُّك اللَّهُ، وَازْهَدْ فِيمَا عِنْدَ النَّاسِ يُحِبُّك النَّاسُ" .

حديث حسن، رَوَاهُ ابْنُ مَاجَهْ [رقم:4102]، وَغَيْرُهُ بِأَسَانِيدَ حَسَنَةٍ. 

അബുല്‍ അബ്ബാസ് സഹ്ലു ബ്നു സഅ'ദിസ്സാഇദി رضي الله عنه പറഞ്ഞു: ഒരാള്‍ നബി صلى الله عليه وسلم യുടെ അടുക്കല്‍ വന്നു പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ...  എനിക്ക് ഒരു ഒരു കര്‍മം അറിയിച്ചു തന്നാലും, ഞാന്‍ അത് ചെയ്‌താല്‍ അല്ലാഹുവും ജനങ്ങളും എന്നെ ഇഷ്ടപ്പെടുന്ന വിധത്തിലുള്ളതായിരിക്കണം അത്. അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: നീ ദുന്‍യാവില്‍ വിരക്തി കാണിക്കുക, എങ്കില്‍ അല്ലാഹു നിന്നെ ഇഷ്ടപ്പെടും. നീ ജനങ്ങളുടെ പക്കലുള്ളത്തില്‍ വിരക്തി കാണിക്കുക, എങ്കില്‍ ജനങ്ങളും നിന്നെ ഇഷ്ടപ്പെടും.

വിവരണം

അല്ലാഹുവിന്‍റെയും ജനങ്ങളുടെയും ഇഷ്ടം ലഭിക്കാന്‍ കാരണമാകുന്ന ഒരു കര്‍മത്തെ കുറിച്ചാണ് സഹ്ല്‍ رضي الله عنه ചോദിച്ചത്. അല്ലാഹുവിന്‍റെ ഇഷ്ടം നമുക്ക് അനിവാര്യമാണ്. എന്നാല്‍ ജനങ്ങളുടെ ഇഷ്ടം ഉണ്ടാകുന്നത് ഒരു സാമൂഹ്യജീവി എന്ന നിലയില്‍ നല്ലതാണ്. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ജനങ്ങളുടെ ഇഷ്ടം നോക്കി ചെയ്യാന്‍ നമുക്ക് പറ്റില്ല. എന്നാല്‍ ഇസ്‌ലാം പഠിപ്പിച്ച കാര്യങ്ങളിലൂടെ ജനങ്ങള്‍ക്ക് നമ്മോട് ഇഷ്ടമാണെങ്കില്‍ അത് അല്ലാഹു നല്‍കുന്ന ഔദാര്യമാണ്‌. അത് പ്രശംസനീയവുമാണ്. 

അല്ലാഹുവിന്‍റെ ഇഷ്ടം ലഭിക്കാന്‍
    അല്ലാഹുവിന്‍റെയും ജനങ്ങളുടെയും ഇഷ്ടം ലഭിക്കാന്‍ കാരണമാകുന്ന കാര്യം ഭൗതിക വിരക്തിയാണ്. ഈ ലോകത്തിലെ സുഖാനുഭൂതികളോട് അടങ്ങാത്ത ആഗ്രഹം ഉണ്ടായാല്‍ ജീവിതത്തില്‍ ശരിയും തെറ്റും അറിയാത്ത അവസ്ഥയുണ്ടാകും. അപ്പോള്‍ അല്ലാഹുവിന്‍റെ ഇഷ്ടം നമുക്കുണ്ടാവില്ല. എന്നാല്‍ ഭൗതിക കാര്യങ്ങളോട് വിരക്തി ഉള്ളവരാണെങ്കില്‍ മത വിഷയങ്ങളോട് കൂടുതല്‍ അടുപ്പമുണ്ടാകാനും അതുവഴി അല്ലാഹുവിന്‍റെ ഇഷ്ടം ലഭിക്കാനും കാരണമാകും.
    ഭൗതിക വിരക്തി എന്നാല്‍ പരലോകത്തില്‍ ഉപകാരപ്പെടാത്ത കാര്യങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കലാണ്. ഇതില്‍ നാല് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു: 
ഒന്ന്: നിഷിദ്ധമായ കാര്യങ്ങള്‍
രണ്ട്: മക്റൂഹ് ആയ (ഒഴിവാക്കുന്നത് നന്മയാകുന്ന) കാര്യങ്ങള്‍
മൂന്ന്: ശരിയോ തെറ്റോ എന്ന് സംശയമുള്ള കാര്യങ്ങള്‍.
നാല്: അനുവദനീയമായവ തന്നെ ആവശ്യത്തില്‍ അധികമാവുന്നത്. 
    ഈ കാര്യങ്ങളില്‍ നിന്നൊക്കെ വിട്ട് നില്‍ക്കാന്‍ കഴിയലാണ് യഥാര്‍തത്തില്‍ ഭൗതിക വിരക്തി എന്ന് പറയുന്നത്. ഈ കാര്യങ്ങള്‍ ചെയ്ത് കൊണ്ട് ഭൗതിക വിരക്തിയുള്ളവനാകാന്‍ ഒരിക്കലും സാധിക്കില്ല.  

ജനങ്ങളുടെ ഇഷ്ടം ലഭിക്കാന്‍
    ഭൗതിക വിരക്തിയിലൂടെ അല്ലാഹുവിന്‍റെ ഇഷ്ടം ലഭിക്കുമെങ്കില്‍ ജനങ്ങളുടെ ഇഷ്ടം ഉണ്ടാകാനുള്ള കാരണം അവരുടെ പക്കലുള്ള കാര്യങ്ങളില്‍ നാം വിരക്തി കാണിക്കലാണ്. മറ്റുള്ളവര്‍ക്ക് അല്ലാഹു നല്‍കിയ ഭൗതിക വിഭവങ്ങളില്‍ നാം അസൂയപ്പെടുകയോ, അല്ലാഹു എനിക്ക് നല്കിയില്ലല്ലോ എന്ന പരിഭവമോ ഒന്നും നമുക്ക് ഉണ്ടായിക്കൂടാ.. ജനങ്ങള്‍ക്ക് കിട്ടിയതില്‍ അവര്‍ക്ക് സന്തോഷമുണ്ടാകുമെന്നത് തീര്‍ച്ചയാണ്. അവരോട് മത്സരിക്കാനോ ശത്രുതക്കോ അസൂയ കാണിക്കാനോ നില്‍ക്കുന്നത് അവര്‍ക്ക് ഇഷ്ടമുണ്ടാകില്ല. അവരുടെ പക്കലുള്ളതില്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കി തനിക്ക് കിട്ടിയതില്‍ തൃപ്തിപ്പെടല്‍ അത്യാവശ്യമാണ്. അത് ജനങ്ങളുടെ ഇഷ്ടം ലഭിക്കാന്‍ കാരണമാകുന്നതാണ്. 
    ജനങ്ങളുടെ കൈകളിലുള്ളതില്‍ നീ മോഹം കാണിക്കാത്തിടത്തോളം അവരുടെ അടുക്കല്‍ നീ ആദരണീയനാകും, അവര്‍ നിന്നെ ബഹുമാനിക്കുകയും ചെയ്യും,  പക്ഷേ, നീ അവരുടെ കൈയിലുള്ളതിലേക്ക് മോഹം കാണിച്ചാൽ, അവർ നിന്നെ നിന്ദിക്കുകയും, നിന്‍റെ സംസാരത്തെ അവഗണിക്കുകയും, നിന്നോട് വിദ്വേഷം കാണിക്കുകയും ചെയ്യും.
    ഒരാള്‍ക്ക് ഉന്നതനാകുവാൻ കഴിയുക അദ്ദേഹത്തിനുള്ളില്‍ ഈ രണ്ടു ഗുണങ്ങള്‍ ഉണ്ടായിരിക്കുമ്പോഴാണ്: 
ഒന്ന്: ജനങ്ങളുടെ കൈകളിലുളളതില്‍ ചാരിതാര്‍ത്ഥ്യമുള്ളവനാവല്‍. 
രണ്ട്: മറ്റുള്ളവരില്‍ നിന്നുള്ള (ദ്രോഹങ്ങള്‍) വിട്ടുകളയുകയും ചെയ്യല്‍. അഥവാ അത്തരം ദ്രോഹങ്ങളില്‍ ക്ഷമിക്കല്‍. 
    മറ്റുള്ളവരുടെ കൈകളിലുള്ളതില്‍ നിന്ന് വിരക്തി കാണിച്ച്, ചാരിത്ര്യം കാണിക്കുന്നവനെ ജനങ്ങള്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യും. അതുവഴി അവന്‍ അവരുടെ മേല്‍ പ്രതാപം നേടുകയും ചെയ്യും.
    ഒരിക്കല്‍ ബസ്വറക്കാരോട് ഒരു ഗ്രാമീണന്‍ ചോദിച്ചു:
 "ഈ ഗ്രാമത്തിലെ പ്രതാപശാലി ആരാണ്?"
അവര്‍ പറഞ്ഞു: "അത് ഹസന്‍ رحمه الله  ആണ് .."
അയാള്‍ ചോദിച്ചു: "അദ്ദേഹം എങ്ങനെ പ്രതാപം നേടി?"
അവര്‍ പറഞ്ഞു: "മറ്റുള്ളവര്‍ക്ക് അദ്ദേഹത്തിന്‍റെ അറിവ് ആവശ്യമുണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തിന് അവരുടെ ഭൗതിക വിഭവങ്ങള്‍ ആവശ്യമില്ലായിരുന്നു".
    ഈ  ഒരു സംഭവം നമ്മുടെയെല്ലാം ജീവിതത്തില്‍ വെളിച്ചം വീശേണ്ടതാണ്. 

    മനുഷ്യന്‍റെ പ്രകൃതിയില്‍ പെട്ട കാര്യമാണ് അവന് മറ്റുള്ളവരുടെ ഇഷ്ടം കിട്ടാന്‍ ആഗ്രഹിക്കുക എന്നത്. എന്നാല്‍ അല്ലാഹുവിന്‍റെ ഇഷ്ടം ലഭിക്കല്‍ പ്രധാനമാണ് എന്ന് ഓരോരുത്തരും അറിയണം. മറ്റുള്ളവരുടെ ഇഷ്ടം മത വിഷയങ്ങള്‍ ശരിയായി ചെയ്യുന്നതിന് തടസ്സമാകാന്‍ പാടില്ല. 
    അല്ലാഹുവിന്‍റെ ഔദാര്യത്തില്‍ നിന്ന് ലഭിക്കാന്‍ ഒരാള്‍ക്ക് ആഗ്രഹമുണ്ടാവുന്നത് തെറ്റല്ല. പക്ഷെ അത് ലഭിക്കലാവരുത് അവന്‍റെ ജീവിത ലക്ഷ്യം. ഭൗതിക കാര്യങ്ങള്‍ അവന്‍റെ മത വിഷയങ്ങള്‍ക്ക് ഒരു തരത്തിലും തടസ്സമാവുന്ന അവസ്ഥ നമുക്ക് ഉണ്ടായിക്കൂടാ. അവ നിസാരവും ക്ഷണികവുമാണ് എന്ന് നാം മനസ്സിലാക്കണം. സമ്പത്തിന് അതിന്‍റേതായ മാനം നല്‍കാന്‍ നമുക്ക് സാധിക്കണം. മതം പഠിപ്പിച്ച വിധത്തില്‍ അവയില്‍ ഇടപെടാന്‍ കഴിയുകയും വേണം. 

Monday, 16 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 241 دروس الحديث - മതവിധികളില്‍ ഒതുങ്ങി ജീവിക്കുക

 

الأربعون النووية-حديث: 30


മതവിധികളില്‍ 

ഒതുങ്ങി ജീവിക്കുക

عَنْ أَبِي ثَعْلَبَةَ الْخُشَنِيِّ جُرْثُومِ بن نَاشِبٍ رضي الله عنه عَنْ رَسُولِ اللَّهِ صلى الله عليه وسلم  قَال: "إنَّ اللَّهَ تَعَالَى فَرَضَ فَرَائِضَ فَلَا تُضَيِّعُوهَا، وَحَدَّ حُدُودًا فَلَا تَعْتَدُوهَا، وَحَرَّمَ أَشْيَاءَ فَلَا تَنْتَهِكُوهَا، وَسَكَتَ عَنْ أَشْيَاءَ رَحْمَةً لَكُمْ غَيْرَ نِسْيَانٍ فَلَا تَبْحَثُوا عَنْهَا".

حَدِيثٌ حَسَنٌ، رَوَاهُ الدَّارَقُطْنِيّ ْ"في سننه" [4/184]، وَغَيْرُهُ. 

അബൂ ഥഅ'ലബ അല്‍ഖുശനി ജുര്‍സൂമു ബ്നു നാശിബ് رضي الله عنه  നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിശ്ചയം അല്ലാഹു നിങ്ങള്‍ക്ക് ചില ഫര്‍ദ്വുകള്‍ (നിര്‍ബന്ധ കാര്യങ്ങള്‍) നിര്‍ബന്ധമാക്കിയിരിക്കുന്നു, അത് നിങ്ങള്‍ പാഴാക്കാതിരിക്കുക. അവന്‍ നിങ്ങള്‍ക്ക് ചില അതിരുകള്‍ നിശ്ചയിച്ചിരിക്കുന്നു, അത് നിങ്ങള്‍ ലംഘിക്കാതിരിക്കുക. അവന്‍ ചില കാര്യങ്ങളെ നിഷിദ്ധമാക്കിയിരിക്കുന്നു, അവ നിങ്ങള്‍ ചെയ്യാതിരിക്കുക. മറവി പറ്റാതെയും നിങ്ങള്‍ക്ക് കാരുണ്യമായും ചില കാര്യങ്ങളില്‍ അവന്‍ മൗനം പാലിച്ചിരിക്കുന്നു, നിങ്ങള്‍ അതിനെ കുറിച്ച് അന്വേഷിക്കാതിരിക്കുകയും ചെയ്യുക. 

വിവരണം

വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട നാല് സുപ്രധാന കാര്യങ്ങളെ കുറിച്ചും അവയില്‍ എന്ത് നിലപാട് സ്വീകരിക്കണ,മെന്നതിനെ കുറിച്ചുമാണ് ഈ ഹദീസ് അറിയിക്കുന്നത്. അവ:
 
ഒന്ന്: അല്ലാഹു ചില കാര്യങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അവ പാഴാക്കാതെ കൃത്യമായി ചെയ്യണം.
    അഞ്ച് നേരത്തെ നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍, ബന്ധങ്ങള്‍ ചേര്‍ക്കല്‍ പോലെയുള്ള നിര്‍ബന്ധ കാര്യങ്ങളാണ് ഇതില്‍ പറയപ്പെട്ട ഫര്‍ദ്വുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവ ഒരാള്‍ തന്‍റെ ജീവിതത്തില്‍ നിര്‍ബന്ധമായും കൃത്യമായും നടപ്പിലാക്കണം.  
    നാം ജീവിതത്തില്‍ നടപ്പിലാക്കേണ്ട ധാരാളം നിര്‍ബന്ധ കാര്യങ്ങള്‍ വിശുദ്ധ ക്വുര്‍ആനും തിരു സുന്നത്തും നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. അവയെല്ലാം നാം മനസ്സിലാക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും വേണം. 
    
രണ്ട്: അല്ലാഹു നമ്മുടെ ജീവിതത്തില്‍ ചില അതിര്‍ വരമ്പുകള്‍ വെച്ചിട്ടുണ്ട്. അവ നാം മാനിക്കുകയും അതിനെ വിട്ടു കടക്കാതിരിക്കുകയും വേണം.
    ഇസ്‌ലാമിലെ അതിര്‍ വരമ്പുകള്‍ എന്നാല്‍ അല്ലാഹുവും റസൂല്‍ صلى الله عليه وسلم യും നിശ്ചയിച്ചവയാണ്. അല്ലാഹു നിര്‍ബന്ധമാക്കുകയും വിലക്കുകയും ചെയ്ത കാര്യങ്ങള്‍ എങ്ങനെ നടപ്പിലാക്കണം എന്ന നിബന്ധനകളും വ്യവസ്ഥകളും ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. ഓരോന്നും എങ്ങനെയാവണം എന്ന കൃത്യമായ അധ്യാപനം ഇസ്‌ലാം നല്‍കുന്നുണ്ട്. അവയില്‍ ഒതുങ്ങി നിന്നായിരിക്കണം അവ ചെയ്യേണ്ടത്. 
    നമസ്കാരം നിര്‍ബന്ധമാക്കിയപ്പോള്‍ അതിന് സമയം നിശ്ചയിക്കുകയും എങ്ങനെ നമസ്കരിക്കണം എന്ന് പഠിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട ശര്‍ത്വുകളും വാജിബുകളും സുനനുകളും എല്ലാം പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ കാര്യവും പഠിപ്പിക്കപ്പെട്ടവിധം മിതമായും സൂക്ഷ്മമായും ചെയ്യണം. ഈ കാര്യങ്ങളില്‍ അതിരു കടക്കാനോ വെട്ടിച്ചുരുക്കാനോ പാടുള്ളതല്ല. 

മൂന്ന്: ചില കാര്യങ്ങള്‍ അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ട്. അവയില്‍ അടുക്കാതെ അകന്ന് നില്‍ക്കാന്‍ നമുക്കാവണം.
    അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളിലേക്ക് നാം അടുത്ത് പോകാന്‍ പോലും പാടില്ല. ശിര്‍ക്ക്, വ്യഭിചാരം, മദ്യം, മാതാപിതാക്കളെ വേദനിപ്പിക്കല്‍, കൊലപാതകം, മോഷണം തുടങ്ങിയ ധാരാളം കാര്യങ്ങള്‍ അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ട്. അവ വലിയ പാപങ്ങളാണെന്ന് മനസ്സിലാക്കി അവയില്‍ നിന്ന് അകന്നു നില്‍ക്കണം. അവ ചെയ്‌താല്‍ വലിയ ശിക്ഷകള്‍ക്ക് അര്‍ഹാനാകും എന്ന വിശ്വാസം ഉണ്ടാവുകയും വേണം. 

നാല്:  വേറെ ചില കാര്യങ്ങളില്‍ അല്ലാഹു മൗനം പാലിച്ചിട്ടുണ്ട്. അഥവാ അവയുടെ വിവരണം നമുക്ക് ലഭ്യമല്ല. അത് പറയാന്‍ മറന്നതല്ല, മറിച്ച് നമുക്ക് കാരുണ്യമായിട്ടാണ് പറയാതിരുന്നത്. അത്തരം കാര്യങ്ങളില്‍ നാം ഗവേഷണം നടത്തേണ്ടതില്ല. 
    നിര്‍ബന്ധ കാര്യങ്ങളും അവയുടെ അതിര്‍വരമ്പുകളും നിഷിദ്ധങ്ങളും അറിയിച്ചതോടൊപ്പം അല്ലാഹു ചില കാര്യങ്ങളെ അറിയിക്കാതെ മൗനം പാലിച്ചിട്ടുണ്ട്. അവ മറന്ന് പോയതല്ല, മറിച്ച് അടിമകള്‍ക്ക് കാരുണ്യമായിട്ടാണ് എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത്. 
    അങ്ങനെ പറയാതെ വിട്ട്പോയ കാര്യങ്ങളില്‍ അമിതമായ ചോദ്യങ്ങളും ഗവേഷണങ്ങളും വേണ്ട എന്നാണ് മതം അറിയിക്കുന്നത്. അങ്ങനെ അവയില്‍ ചികഞ്ഞ് അന്വേഷിക്കുന്ന അവസ്ഥ ഉണ്ടായാല്‍ അത് വിശ്വാസികള്‍ക്ക് ദോഷമായി ഭവിക്കും എന്നാണ് മനസ്സിലാക്കേണ്ടത്. പഠിപ്പിക്കപ്പെട്ടവ അതേപടി സ്വീകരിക്കുകയാണ് യഥാര്‍ത്ഥ അടിമകള്‍ ചെയ്യേണ്ടത്. 
    നമുക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും അല്ലാഹു അറിയിച്ചവയില്‍ ഉണ്ട്. പറയാതെ വിട്ട് പോയവ നമുക്ക് ആവശ്യമില്ലാത്തവയാണ് എന്നാണ് നാം മനസ്സിലാക്കേണ്ടത്. മത വിഷയങ്ങളില്‍ അനാവശ്യമായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് മുഖേന നാശം ഉണ്ടാകും എന്ന് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുണ്ട്. 
    ആവശ്യമല്ലാത്ത കാര്യങ്ങളില്‍ ഇടപെടാതെ ഉപേക്ഷിക്കല്‍ ഒരാളുടെ നല്ല ഇസ്‌ലാമിന്‍റെ അടയാളമാണെന്ന് റസൂല്‍ صلى الله عليه وسلم പറഞ്ഞിട്ടുമുണ്ട്. 

Sunday, 15 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 240 دروس الحديث - സ്വര്‍ഗ്ഗം നേടാനും നരകത്തില്‍ നിന്ന് അകലാനും

 

الأربعون النووية-حديث: 29


സ്വര്‍ഗ്ഗം നേടാനും 

നരകത്തില്‍ നിന്ന് അകലാനും

عَنْ مُعَاذِ بْنِ جَبَلٍ رضي الله عنه قَالَ: قُلْت يَا رَسُولَ اللَّهِ! أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ وَيُبَاعِدْنِي مِنْ النَّارِ، قَالَ: "لَقَدْ سَأَلْت عَنْ عَظِيمٍ، وَإِنَّهُ لَيَسِيرٌ عَلَى مَنْ يَسَّرَهُ اللَّهُ عَلَيْهِ: تَعْبُدُ اللَّهَ لَا تُشْرِكْ بِهِ شَيْئًا، وَتُقِيمُ الصَّلَاةَ، وَتُؤْتِي الزَّكَاةَ، وَتَصُومُ رَمَضَانَ، وَتَحُجُّ الْبَيْتَ، ثُمَّ قَالَ: أَلَا أَدُلُّك عَلَى أَبْوَابِ الْخَيْرِ؟ الصَّوْمُ جُنَّةٌ، وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ، وَصَلَاةُ الرَّجُلِ فِي جَوْفِ اللَّيْلِ، ثُمَّ تَلَا: " تَتَجَافَى جُنُوبُهُمْ عَنِ الْمَضَاجِعِ " حَتَّى بَلَغَ "يَعْمَلُونَ"، ثُمَّ قَالَ: أَلَا أُخْبِرُك بِرَأْسِ الْأَمْرِ وَعَمُودِهِ وَذُرْوَةِ سَنَامِهِ؟ قُلْت: بَلَى يَا رَسُولَ اللَّهِ. قَالَ: رَأْسُ الْأَمْرِ الْإِسْلَامُ، وَعَمُودُهُ الصَّلَاةُ، وَذُرْوَةُ سَنَامِهِ الْجِهَادُ، ثُمَّ قَالَ: أَلَا أُخْبِرُك بِمَلَاكِ ذَلِكَ كُلِّهِ؟ فقُلْت: بَلَى يَا رَسُولَ اللَّهِ، فَأَخَذَ بِلِسَانِهِ وَقَالَ: كُفَّ عَلَيْك هَذَا. قُلْت: يَا نَبِيَّ اللَّهِ وَإِنَّا لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ؟ فَقَالَ: ثَكِلَتْك أُمُّك وَهَلْ يَكُبُّ النَّاسَ عَلَى وُجُوهِهِمْ -أَوْ قَالَ عَلَى مَنَاخِرِهِمْ- إلَّا حَصَائِدُ أَلْسِنَتِهِمْ؟!" .

رَوَاهُ التِّرْمِذِيُّ [رقم:2616] وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ.  

മുആദു ബ്നു ജബല്‍ رضي الله عنه പറഞ്ഞു:  അല്ലാഹുവിന്‍റെ റസൂലേ... എന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നതും നരകത്തില്‍ നിന്ന് അകറ്റുന്നതുമായ ഒരു കര്‍മം എനിക്ക് അറിയിച്ച് തന്നാലും അല്ലാഹുവിന്‍റെ റസൂലേ എന്ന് ഞാന്‍ ചോദിച്ചു. റസൂല്‍ صلى الله عليه وسلم പറഞ്ഞു: 'നീ ചോദിച്ചത് വലിയ ഒരു കാര്യത്തെ കുറിച്ചാണ്, എന്നാല്‍ അല്ലാഹു അത് എളുപ്പമാക്കിയവര്‍ക്ക് അത് നിസാരമായ കാര്യം തന്നെയാണ്'. ''നീ അല്ലാഹുവില്‍ ഒന്നിനേയും പങ്കു ചേര്‍ക്കാതെ അല്ലാഹുവിനെ മാത്രം ആരാധിക്കുക, നീ നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും റമദാനില്‍ നോമ്പ് നോല്‍ക്കുകയും (അല്ലാഹുവിന്‍റെ) ഭവനത്തില്‍ ചെന്ന് ഹജ്ജ് ചെയ്യുകയും ചെയ്യുക''. പിന്നെ റസൂല്‍ صلى الله عليه وسلم പറഞ്ഞു: ''നന്മയുടെ കവാടങ്ങള്‍ ഞാന്‍ താങ്കള്‍ക്ക് അറിയിച്ചു തരട്ടെയോ? നോമ്പ് പരിചയാണ്, വെള്ളം തീയിനെ കെടുത്തുന്നത് പോലെ ദാനവും രാത്രിയുടെ അന്ത്യയാമത്തിലുള്ള നമസ്കാരവും പാപത്തെ കെടുത്തിക്കളയും,  പിന്നെ റസൂല്‍ صلى الله عليه وسلم പാരായണം ചെയ്തു:

(تَتَجَافَى جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنْفِقُونَ * فَلَا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ) سجدة: 16-17

(ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാർത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങൾ വിട്ട് അവരുടെ പാർശ്വങ്ങൾ അകലുന്നതാണ്. അവർക്ക് നാം നൽകിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യും.  * എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം  കാര്യങ്ങളാണ് അവർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല).

പിന്നെ റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഞാന്‍ നിനക്ക് കാര്യത്തിന്‍റെ തലഭാഗവും അതിന്‍റെ തൂണും ഉന്നത ശ്രേണിയും അറിയിക്കട്ടേ... ഞാന്‍ പറഞ്ഞു: അതെ അല്ലാഹുവിന്‍റെ റസൂലേ... റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഈ കാര്യത്തിന്‍റെ തലഭാഗം ഇസ്‌ലാം ആണ്, അതിന്‍റെ തൂണ്‍ നമസ്കാരവും അതിന്‍റെ ഉന്നത ശ്രേണി ധര്‍മ സമരവുമാണ്. പിന്നെ റസൂല്‍ صلى الله عليه وسلم പറഞ്ഞു: അതെല്ലാം അധീനമാക്കാനുള്ള ഒരു കാര്യം ഞാന്‍ നിനക്ക് അറിയിച്ചു തരട്ടെയോ? ഞാന്‍ പറഞ്ഞു: അതെ .. അല്ലാഹുവിന്‍റെ റസൂലേ... അപ്പോള്‍ റസൂല്‍ صلى الله عليه وسلم തന്‍റെ നാവ് പിടിച്ചിട്ട് പറഞ്ഞു: നീ ഇതിനെ തടഞ്ഞു വെക്കുക, ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ പ്രവാചകരേ... ഇത് കൊണ്ട് സംസാരിക്കുന്നത് മുഖേന ഞങ്ങള്‍ ശിക്ഷിക്കപ്പെടുമോ?  അപ്പോള്‍ റസൂല്‍  صلى الله عليه وسلم പറഞ്ഞു: ثكلتك أمك (നിന്‍റെ മാതാവ് നിന്നില്‍ നിന്ന് വേര്‍പെട്ടിരിക്കുന്നു), ജനങ്ങളുടെ നാവുകള്‍ കൊയ്തെടുത്തത് അല്ലാതെ ജനങ്ങളെ മുഖം കുത്തി- അല്ലെങ്കില്‍ മൂക്ക് കുത്തി വീഴ്ത്തുന്നത് മറ്റെന്താണ്? 


വിവരണം

ഉപദേശങ്ങള്‍ ഉള്‍പെട്ട ഹദീസ് ആണിത്. ചോദ്യോത്തര ശൈലിയിലാണ് ഈ ഹദീസില്‍ കാര്യങ്ങള്‍ വിവരിക്കപ്പെട്ടത്. സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നതും നരകത്തില്‍ നിന്ന് അകറ്റുന്നതുമായ കാര്യങ്ങള്‍ ആണ് ഇതില്‍ അറിയിക്കപ്പെട്ടിരിക്കുന്നത്. 

ഈ ഹദീസിന്‍റെ സംഗ്രഹം ഇങ്ങനെ നമുക്ക് മനസ്സിലാക്കാം: 

1- ഇസ്‌ലാമിന്‍റെ നിര്‍ബന്ധ കാര്യങ്ങള്‍ കൃത്യതയോടെ നടപ്പിലാക്കുക.

2- നന്മയുടെ കവാടങ്ങളായ നോമ്പ്, ദാനം, രാത്രി നമസ്കാരം എന്നീ ഐച്ഛീക കാര്യങ്ങള്‍ ചെയ്യാന്‍ പരിശ്രമിക്കല്‍. അവയില്‍ നരകത്തില്‍ നിന്നും തിന്മകളില്‍ നിന്നുമുള്ള സുരക്ഷയുണ്ട്, 

3- ദീനിന്‍റെ എടുപ്പ് എന്താണെന്ന് വ്യക്തമാക്കാല്‍ (ഒരു ഒട്ടകത്തിന്‍റെ ഉപമയാണ് ഇതില്‍ ഉള്ളത്), തല ഇസ്‌ലാമും, തൂണുകള്‍ നമസ്കാരവും, അതിന്‍റെ ഉയര്‍ന്ന ഭാഗം ധര്‍മസമരവുമാണ്

4- മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാവാനുള്ള കാര്യമാണ് നാലാമത്തേത്. അതാണ്‌ നാവിനെ സൂക്ഷിക്കല്‍.

മതത്തിന്‍റെ ഓരോ കാര്യങ്ങളും വലിയതും മഹത്വമേറിയതുമാണ്. അത് ചെയ്യാന്‍ മനസ്സിനെ പാകപ്പെടുത്തിയ, അല്ലാഹു ഭാഗ്യം നല്‍കിയ ആളുകള്‍ക്ക് അത് ചെയ്യാന്‍ വളരെ എളുപ്പമായിരിക്കും. 

ഇസ്‌ലാമിലെ നിര്‍ബന്ധ കാര്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടവ ഈ ഹദീസില്‍ അറിയിക്കുന്നു. അവ കുറവുകള്‍ വരുത്താത്തെ ഭംഗിയായി നടപ്പിലാക്കാന്‍ സാധിക്കല്‍ സ്വര്‍ഗ്ഗ പ്രവേശനത്തിനും നരകത്തില്‍ നിന്ന് അകലാനും അത്യാവശ്യമാണ്. 

നിര്‍ബന്ധ കാര്യങ്ങള്‍ക്കൊപ്പം ഐച്ഛീക കാര്യങ്ങളും ആവശ്യമാണ്‌. അതിലൂടെ കൂടുതല്‍ പദവികള്‍ നേടിയെടുക്കാന്‍ സാധിക്കും. ഹദീസില്‍ പറയപ്പെട്ട മൂന്ന് കാര്യങ്ങളും രഹസ്യ സ്വഭാവത്തില്‍ നടപ്പിലാക്കാവുന്ന നന്മകളാണ്. രഹസ്യ ജീവിതം നന്നാക്കല്‍ സ്വര്‍ഗ്ഗ പ്രവേശനത്തിന് ഏറെ സഹായിക്കുന്നതാണ്. നോമ്പും, ദാനവും, രാത്രി നമസ്കാരവും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് തെളിവുകള്‍ നമ്മെ അറിയിക്കുന്നു. 

ഇസ്‌ലാമിലെ മറ്റു കാര്യങ്ങളും, നമസ്കാരവും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലെ ധര്‍മ സമരവും ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്തവയാണ്. ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ നടപ്പിലാക്കേണ്ട കാര്യങ്ങളാണ് അവ. 

ഈ കര്‍മങ്ങളുടെയെല്ലാം പ്രതിഫലങ്ങള്‍ ലഭിക്കാനും, തിന്മകളില്‍ നിന്ന് അകലാനും ഉള്ള ഒരു വഴി റസൂല്‍ صلى الله عليه وسلم നമ്മെ ഈ ഹദീസിലൂടെ പഠിപ്പിക്കുന്നു. നാവിനെ സൂക്ഷിക്കലാണ് അത്. നാവാണ് മനുഷ്യനെ തകര്‍ക്കുന്ന കാര്യം. നാവ് കൊണ്ട് സമ്പാദിച്ചവയാണ് മനുഷ്യനെ നരകത്തിലേക്ക് മുഖം കുത്തി വീഴ്ത്തുന്നത്.

പ്രബോധകന്‍ പ്രബോധിതര്‍ക്ക് നല്ല രീതിയിലും ശൈലിയിലും കാര്യങ്ങള്‍ പഠിപ്പിച്ച് കൊടുക്കണം. നല്ല കാര്യങ്ങള്‍ക്ക് പ്രോത്സാഹനം ലഭിക്കുന്ന വിധേനയും തിന്മകളില്‍ നിന്നും മുകതരാകാന്‍ പ്രേരിപ്പിക്കുന്ന വിധേനയുമായിരിക്കണം പ്രബോധനം. വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന വിധമുള്ള വ്യക്തമായതും സരളമായതുമായ പദങ്ങള്‍ ഉപയോഗിക്കുന്നത് പ്രവാചക ശൈലിയില്‍ പെട്ടതാണ്.

ثكلتك أمك (നിന്‍റെ മാതാവ് നിന്നില്‍ നിന്ന് വേര്‍പെട്ടിരിക്കുന്നു) എന്നത് അറബികള്‍ പണ്ട് മുതലേ പ്രയോഗിക്കുന്ന ഒരു പ്രയോഗമാണ്.  അത്ഭുതമുള്ളതും പ്രാധാന്യമുള്ളതുമായ കാര്യങ്ങള്‍ പറയുമ്പോഴാണ് അറബികള്‍ ثكلتك أمك എന്ന് പറയാറുള്ളത്.



​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...