عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: يَا رَسُولَ اللَّهِ، مَنْ أَحَقُّ النَّاسِ بِحُسْنِ صَحَابَتِي؟ قَالَ: «أُمُّكَ» قَالَ: ثُمَّ مَنْ؟ قَالَ: «ثُمَّ أُمُّكَ» قَالَ: ثُمَّ مَنْ؟ قَالَ: «ثُمَّ أُمُّكَ» قَالَ: ثُمَّ مَنْ؟ قَالَ: «ثُمَّ أَبُوكَ»-متفق عليه
അബൂഹുറൈറ رضي الله عنه പറഞ്ഞു: ഒരാള്‍ റസൂല്‍ صلى الله عليه وسلم യുടെ അടുക്കല്‍ വന്ന് ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ.. ജനങ്ങളില്‍ ആരാണ് എന്‍റെ നല്ല സഹവാസത്തിന് ഏറ്റവും അര്‍ഹനായിട്ടുള്ളത്?
റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിന്‍റെ ഉമ്മ. അദ്ദേഹം ചോദിച്ചു: പിന്നെ ആരാണ്? റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിന്‍റെ ഉമ്മ. അദ്ദേഹം ചോദിച്ചു: പിന്നെ ആരാണ്? റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിന്‍റെ ഉമ്മ. അദ്ദേഹം ചോദിച്ചു: പിന്നെ ആരാണ്? റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിന്‍റെ പിതാവ്.
പാഠങ്ങള്‍:
മാതാപിതാക്കളോട് നല്ല രീതിയില്‍ പെരുമാറണമെന്ന് ക്വുര്‍ആനും, ഹദീസുകളും വ്യക്തമാക്കുന്നുണ്ട്. അവരെ ഒരു നിലക്കും പ്രയാസപ്പെടുത്താന്‍ പാടില്ല. മാതാപിതാക്കളെ പ്രയാസപ്പെടുത്തുന്നതിന്‍റെ ചില പ്രകട രൂപങ്ങള്‍ താഴെ കൊടുക്കുന്നു.
1- അവരെ ദുഖിപ്പിക്കലും കരയിപ്പിക്കലും.
2- അവരുടെ മേല്‍ കയര്‍ത്ത് സംസാരിക്കലും അമിത ശബ്ദത്തില്‍ അവരോട് സംസാരിക്കലും.
3- അവര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കാതിരിക്കലും അവരോട് 'ഛെ' എന്ന രൂപത്തിലുള്ള പദപ്രയോഗങ്ങള്‍ നടത്തലും (ഇസ്റാഅ്:23)
4- അവരോട് മുഖം ചുളിക്കലും നല്ല മുഖത്തോടെ അവരെ അഭി സംബോധന ചെയ്യാതിരിക്കലും
5- അവരെ നിന്ദ്യതയോടെ നോക്കല്‍
6- അവരോട് കാര്‍ക്കശ്യ രൂപത്തില്‍ കാര്യങ്ങള്‍ ചെയ്ത് തരാന്‍ കല്‍പ്പിക്കല്‍
7- അവര്‍ ചെയ്ത കാര്യങ്ങളെ കുറ്റപ്പെടുത്തല്‍. (അവരു???ണ്ടാക്കിയ ഭക്ഷണത്തെ കുറ്റപ്പെടുത്തുന്നത് പോലെ)
8- അവരുടെ ജോലികളില്‍ അവരെ സഹായിക്കാതിരിക്കല്‍.
9- അവര്‍ സംസാരിക്കുമ്പോള്‍ അതിന് മുഖം കൊടുക്കാതെ വേഗം തിരിഞ്ഞ് കളയലും അവരോട് തര്‍ക്കിക്കലും.
10- അവരോട് അഭിപ്രായമാരായല്‍ ഒഴിവാക്കല്‍, ഇനി അവര്‍ അഭിപ്രായം പറഞ്ഞാലും അതിനെ നിസ്സാരമായി ക???ണ്ട് തള്ളിക്കളയല്‍.
11- വീട്ടില്‍ നിന്ന് പോകുമ്പോഴും വരുമ്പോഴും, ഏത് കാര്യങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുമ്പോഴും അവരോട് അനുവാദം ചോദിക്കാതിരിക്കൽ.
12- മാതാപിതാക്കളുടെ മുമ്പില്‍ മക്കള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും തര്‍ക്കിക്കുകയും ചെയ്യലും അതിലൂടെ അവരെ വേദനിപ്പിക്കലും.
13- മറ്റുള്ളവരുടെ മുമ്പില്‍ സ്വന്തം മാതാപിതാക്കളെ കുറ്റപ്പെടുത്തി സംസാരിക്കല്‍.
14- അവരെ ചീത്ത വിളിക്കലും ശാപവാക്കുകള്‍ പറയലും.
15- തിന്‍മകള്‍ എപ്പോഴും ഒഴിവാക്കേണ്ടതാണ്, പ്രത്യേകിച്ച് മാതാപിതാക്കളുടെ മുമ്പില്‍ തിന്‍മകള്‍ ചെയ്യല്‍ അവരെ നിന്ദിക്കല്‍ കൂടിയാണ്. ചില മക്കള്‍ അവരുടെ മുമ്പില്‍ പുകവലിക്കുന്നത് കാണാവുന്നതാണ്.
16- മാതാപിതാക്കള്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടല്‍
17- മാതാപിതാക്കള്‍ക്ക് ബാധ്യതകള്‍ ഉണ്ടാക്കിവെക്കല്‍. ഉദാ:- മക്കള്‍ കടം വാങ്ങി അത് വീട്ടാതിരിക്കലും മാതാപിതാക്കളുടെ മേല്‍ അത് ബാധ്യതയാവലും.
18- മാതാപിതാക്കളില്‍ നിന്ന് വിട്ട് ദിനങ്ങളോളം അനാവശ്യമായി പുറത്ത് കഴിയല്‍.
19- ധാരാളം ആവശ്യങ്ങള്‍ പറഞ്ഞ് അവരെ ബുദ്ധിമുട്ടിക്കല്‍.
20- മാതാപിതാക്കളുടെ മുമ്പില്‍ അമിതമായി ഭാര്യയെ സ്നേഹിക്കലും മാതാപിതാക്കളെ ശ്രദ്ധിക്കാതിരിക്കലും, ഭാര്യയുടെ വാക്കിനൊത്ത് മാതാപിതാക്കളെ പ്രയാസപ്പെടുത്തലും.
21- എന്ത് കാരണത്തിനായാലും അവരെ ദേഹോപദ്രവം ഏല്‍പിക്കല്‍.
22- അവരെ വൃദ്ധസദനങ്ങളില്‍ പാര്‍പ്പിക്കല്‍.
23- അവരോട് മിണ്ടാതിരിക്കലും അവരോട് ഗുണകാംക്ഷയില്ലാതിരിക്കലും.
24- മാതാപിതാക്കളോട് പിശുക്ക് കാണിക്കല്‍.
25- മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്തത് എടുത്ത് പറഞ്ഞ് അവരെ പ്രയാസപ്പെടുത്തല്‍.
26- മാതാപിതാക്കളുടെ സമ്പത്തില്‍ നിന്ന് ഏതെങ്കിലും രൂപത്തില്‍ മോഷ്ടിക്കല്‍.
27- മക്കള്‍ അവര്‍ക്ക് മുമ്പില്‍ വേദന പ്രകടിപ്പിക്കല്‍. അത് അവര്‍ക്കും വേദനയുണ്ടാക്കും, പ്രത്യേകിച്ച് ഉമ്മാക്ക്. കഴിയുന്നതും അത് തടഞ്ഞ് വെക്കാന്‍ ശ്രദ്ധിക്കണം.
28- മാതാപിതാക്കളുടെ അനുവാദമില്ലാതെ അവന്‍റെ ആവശ്യങ്ങള്‍ക്കായി മറ്റു നാടുകളില്‍ പോയി താമസിക്കല്‍.
29- മാതാപിതാക്കള്‍ മരിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കല്‍
30- അവരെ പീഡിപ്പിക്കാനും വധിക്കാനും ശ്രമിക്കല്‍.
.jpg)
No comments:
Post a Comment