عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
അന്‍സ്വാറുകളേ..
നിങ്ങള്‍ ക്ഷമിക്കുക
അബ്ദുല്ലാഹിബ്‌നു സൈദ് ബ്‌നു ആസ്വിം رضي الله عنه നിവേദനം ചെയ്യുന്നു: "ഹുനൈൻ യുദ്ധദിവസം അല്ലാഹു തന്‍റെ റസൂലിന് യുദ്ധമുതലുകൾ നൽകിയപ്പോൾ, അദ്ദേഹം അത് ജനങ്ങൾക്കിടയിലും 'മുഅല്ലഫത്തു ഖുലൂബിനും' (ഇസ്‌ലാമിനോട് ഹൃദയം ഇണക്കപ്പെട്ടവർ) ഇടയിൽ വീതിച്ചു നൽകി. എന്നാൽ അൻസ്വാറുകൾക്ക് അതിൽ നിന്ന് യാതൊന്നും നൽകിയില്ല. ജനങ്ങൾക്ക് ലഭിച്ചത് തങ്ങൾക്ക് ലഭിക്കാത്തതിൽ അവർക്ക് മനസ്സിൽ അല്പം പ്രയാസം (സങ്കടം/ദേഷ്യം) തോന്നി. അപ്പോൾ പ്രവാചകൻ صلى الله عليه وسلم അവരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗിച്ചു: 'ഓ അൻസ്വാറുകളേ, നിങ്ങൾ വഴിപിഴച്ചവരായിരിക്കെ എന്നിലൂടെ അല്ലാഹു നിങ്ങൾക്ക് സന്മാർഗ്ഗം നൽകിയില്ലേ? നിങ്ങൾ ഭിന്നിച്ചു നിൽക്കുന്നവരായിരിക്കെ എന്നിലൂടെ അല്ലാഹു നിങ്ങളെ ഇണക്കിയില്ലേ? നിങ്ങൾ ദരിദ്രരായിരിക്കെ എന്നിലൂടെ അല്ലാഹു നിങ്ങൾക്ക് ഐശ്വര്യം നൽകിയില്ലേ?' നബി صلى الله عليه وسلم ഓരോ കാര്യം പറയുമ്പോഴും അവർ പറഞ്ഞു: 'അല്ലാഹുവും അവന്‍റെ റസൂലുമാണ് ഞങ്ങളോട് ഏറ്റവും കൂടുതൽ ഔദാര്യം കാണിച്ചവർ'.
തുടർന്ന് നബി صلى الله عليه وسلم ചോദിച്ചു: 'അല്ലാഹുവിന്‍റെ റസൂലിന് മറുപടി നൽകുന്നതിൽ നിന്ന് നിങ്ങളെ തടയുന്നത് എന്താണ്?' അവർ വീണ്ടും പറഞ്ഞു: 'അല്ലാഹുവും അവന്‍റെ റസൂലുമാണ് ഏറ്റവും വലിയ ഔദാര്യമുള്ളവർ'. നബി صلى الله عليه وسلم പറഞ്ഞു: 'നിങ്ങൾ ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് ഇപ്രകാരം പറയാമായിരുന്നു: താങ്കൾ ഇന്നയിന്ന അവസ്ഥയിൽ (ആരും സഹായിക്കാനില്ലാത്ത നിലയിൽ) ഞങ്ങളുടെ അടുക്കൽ വന്നു (ഞങ്ങൾ സഹായിച്ചു) എന്ന്. ജനങ്ങൾ ആടുകളെയും ഒട്ടകങ്ങളെയും കൊണ്ട് പോകുമ്പോൾ, നിങ്ങൾ അല്ലാഹുവിന്‍റെ റസൂലിനെ നിങ്ങളുടെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിൽ നിങ്ങൾ സംതൃപ്തരല്ലേ? ഹിജ്‌റ എന്ന പുണ്യം ഇല്ലായിരുന്നെങ്കിൽ ഞാൻ അൻസ്വാറുകളിൽ പെട്ട ഒരാളാകുമായിരുന്നു. ജനങ്ങൾ ഒരു താഴ്‌വരയിലൂടെയോ മലയിടുക്കിലൂടെയോ സഞ്ചരിക്കുകയാണെങ്കിൽ ഞാൻ അൻസ്വാറുകളുടെ താഴ്‌വരയിലൂടെയും മലയിടുക്കിലൂടെയുമായിരിക്കും സഞ്ചരിക്കുക. അൻസ്വാറുകൾ ശരീരത്തോട് ചേർന്നുനിൽക്കുന്ന ഉൾവസ്ത്രം പോലെയാണ്, മറ്റുള്ളവർ അതിനു മുകളിലുള്ള പുറംവസ്ത്രം പോലെയും. എനിക്ക് ശേഷം നിങ്ങൾക്ക് അവഗണനകളും വിവേചനങ്ങളും നേരിടേണ്ടി വരും. അതിനാൽ ഹൗളുൽ കൗസറിൽ വെച്ച് എന്നെ കണ്ടുമുട്ടുന്നത് വരെ നിങ്ങൾ ക്ഷമിക്കുക'."
ഹുനൈൻ (حنين): മക്കയ്ക്കും ത്വാഇഫിനും ഇടയിലുള്ള ഒരു താഴ്‌വര.
(أفاء): നൽകി (യുദ്ധമുതലായി നൽകി).
മുഅല്ലഫത്തു ഖുലൂബ് (المؤلفة قلوبهم): യുദ്ധമുതലുകളിൽ നിന്നോ സ്വദഖയിൽ നിന്നോ നൽകിക്കൊണ്ട് ഇസ്‌ലാമിനോട് ഹൃദയം ഇണക്കപ്പെട്ടവർ.
(وجدوا): അവരുടെ മനസ്സിൽ പ്രയാസം (ദേഷ്യം) തോന്നി.
(عالة): ദരിദ്രർ.
(أمنَّ): ഏറ്റവും കൂടുതൽ ഔദാര്യമുള്ളവർ.
(شعار): ശരീരത്തോട് നേരിട്ട് ചേർന്നുനിൽക്കുന്ന ഉൾവസ്ത്രം.
(دثار): ശിആറിന് മുകളിലായി ധരിക്കുന്ന പുറംവസ്ത്രം.
(أثرَة): പൊതുവായ കാര്യങ്ങളിൽ മറ്റുള്ളവരെ ഒഴിവാക്കി സ്വന്തം താല്പര്യങ്ങൾക്ക് മുൻഗണന നൽകുക (വിവേചനം).
വിവരണം
നബി صلى الله عليه وسلم അൻസാറുകൾ തനിക്ക് നൽകിയ സഹായങ്ങൾക്കും (നുസ്റത്ത്) പിന്തുണയ്ക്കും വലിയ വില കൽപ്പിക്കുകയും അവരോടുള്ള കടപ്പാട് അറിയിക്കുകയും ചെയ്തിരുന്നു. അവർക്കായി നബി صلى الله عليه وسلم വസ്വിയ്യത്ത് ചെയ്യുകയും അവർക്കും അവരുടെ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. നബി صلى الله عليه وسلم യുടെ കാലത്തും അതിനുശേഷമുള്ള ഖലീഫമാരുടെ കാലത്തും യുദ്ധങ്ങളിൽ മുന്നണിയിൽ നിൽക്കാൻ അവർ ഒട്ടും മടിച്ചിരുന്നില്ല.
അബ്ദുള്ളാഹിബ്‌നു സൈദ് رضي الله عنه വിവരിക്കുന്നു: ഹിജ്‌റ എട്ടാം വർഷം മക്ക വിജയത്തിന് ശേഷം നടന്ന ഹുനൈൻ യുദ്ധത്തിൽ ലഭിച്ച യുദ്ധമുതലുകൾ നബി صلى الله عليه وسلم വിതരണം ചെയ്തു. മക്ക വിജയത്തിന് ശേഷം ഇസ്‌ലാം സ്വീകരിച്ചവരും എന്നാൽ വിശ്വാസം ഹൃദയത്തിൽ ദൃഢമാകാത്തവരുമായ 'മുഅല്ലഫത്തു ഖുലൂബിന്' അവരെ ഇസ്‌ലാമിലേക്ക് കൂടുതൽ ആകർശിക്കാൻ വേണ്ടി പ്രവാചകൻ صلى الله عليه وسلم വിഹിതം നൽകി. എന്നാൽ അൻസ്വാറുകൾക്ക് ഒന്നും നൽകിയില്ല. ഇതിൽ അവർക്ക് സങ്കടം തോന്നി.
ഇതറിഞ്ഞ പ്രവാചകൻ صلى الله عليه وسلم അവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു: "അൻസാറുകളെ, നിങ്ങൾ വഴിപിഴച്ചവരായിരിക്കെ എന്നിലൂടെ അല്ലാഹു നിങ്ങൾക്ക് സന്മാർഗ്ഗം നൽകിയില്ലേ?" ശിർക്കിലായിരുന്ന നിങ്ങൾക്ക് ഈമാനിലേക്ക് വരാൻ ഞാൻ കാരണമായില്ലേ? "നിങ്ങൾ പരസ്പരം പോരടിക്കുന്നവരായിരിക്കെ എന്നിലൂടെ അല്ലാഹു നിങ്ങളെ ഒന്നിപ്പിച്ചില്ലേ?" ബുആസ് യുദ്ധം പോലെ പോരടിച്ചും ഭിന്നിച്ചും നിന്നിരുന്ന നിങ്ങളെ അല്ലാഹു ഇണക്കിയില്ലേ? "നിങ്ങൾ ദരിദ്രരായിരിക്കെ എന്നിലൂടെ അല്ലാഹു നിങ്ങൾക്ക് ഐശ്വര്യം നൽകിയില്ലേ?"
നബി صلى الله عليه وسلم ഓരോന്ന് പറയുമ്പോഴും അൻസ്വാറുകൾ അത്യന്തം മര്യാദയോടെ പറഞ്ഞു: "അല്ലാഹുവിനും അവന്‍റെ റസൂലിനുമാണ് ഏറ്റവും ഔദാര്യമുള്ളത്." അതായത്, നബി صلى الله عليه وسلم അവരിലേക്ക് വന്നില്ലായിരുന്നെങ്കിൽ അവർ മറ്റുള്ളവരെപ്പോലെ ആകുമായിരുന്നു.
തുടർന്ന് നബി صلى الله عليه وسلم ചോദിച്ചു: "നിങ്ങൾക്ക് എനിക്ക് മറുപടി നല്‍കാന്‍ എന്താണ് തടസ്സം?" അതായത്, നിങ്ങൾ എന്നെ സഹായിച്ചതും എനിക്ക് അഭയം നൽകിയതും നിങ്ങൾക്ക് ഓർമ്മിപ്പിക്കാമായിരുന്നു. അവർ നിശബ്ദരായപ്പോൾ നബി صلى الله عليه وسلم തന്നെ അവർക്ക് വേണ്ടി പറഞ്ഞു: "നിങ്ങൾ ഉദ്ദേശിച്ചാൽ ഇപ്രകാരം പറയാമായിരുന്നു: താങ്കൾ ജനങ്ങളാൽ നിഷേധിക്കപ്പെട്ടപ്പോൾ ഞങ്ങൾ താങ്കളെ വിശ്വസിച്ചു, ആരും സഹായിക്കാനില്ലാത്തപ്പോൾ ഞങ്ങൾ സഹായിച്ചു, നാട്ടിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ ഞങ്ങൾ അഭയം നൽകി, ദരിദ്രനായിരുന്നപ്പോൾ ഞങ്ങൾ താങ്കളെ സഹായിച്ചു."
ഇത് നബി صلى الله عليه وسلم യുടെ വിനയത്തെയും നീതിബോധത്തെയുമാണ് കാണിക്കുന്നത്. ശേഷം നബി صلى الله عليه وسلم അവരുടെ മനസ്സിനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു: "ജനങ്ങൾ ആടുകളെയും ഒട്ടകങ്ങളെയും മറ്റ് ലൗകിക വിഭവങ്ങളെയും കൊണ്ട് അവരുടെ വീടുകളിലേക്ക് മടങ്ങുമ്പോൾ, അല്ലാഹുവിന്‍റെ റസൂലിനെ നിങ്ങളുടെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിൽ നിങ്ങൾ തൃപ്തരല്ലേ?"
പിന്നീട് നബി صلى الله عليه وسلم പറഞ്ഞു: "ഹിജ്‌റ എന്ന പുണ്യം എനിക്ക് ലഭിച്ചിട്ടില്ലായിരുന്നെങ്കിൽ ഞാൻ അൻസ്വാറുകളിൽ ഒരാളാകുമായിരുന്നു." ജനങ്ങൾ ഒരു വഴിയിലൂടെയും അൻസ്വാറുകൾ മറ്റൊരു വഴിയിലൂടെയുമാണ് പോകുന്നതെങ്കിൽ ഞാൻ അൻസ്വാറുകളുടെ വഴിയേ പോകുമായിരുന്നു. അത്രമേൽ അടുത്തവരാണ് അവർ. അൻസ്വാറുകൾ ശരീരത്തോട് ചേർന്നുനിൽക്കുന്ന 'ശിആർ' (ഉൾവസ്ത്രം) പോലെയാണ്, മറ്റുള്ളവർ 'ദിസാർ' (പുറംവസ്ത്രം) പോലെയും.
അവസാനമായി നബി صلى الله عليه وسلم അവർക്ക് ഒരു വസ്വിയ്യത്ത് നൽകി: "എനിക്ക് ശേഷം നിങ്ങൾക്ക് ഭരണാധികാരികളിൽ നിന്ന് അവഗണനകളും വിവേചനങ്ങളും നേരിടേണ്ടി വരും. അതിനാൽ പരലോകത്ത് ഹൗളുൽ കൗസറിൽ വെച്ച് എന്നെ കണ്ടുമുട്ടുന്നത് വരെ നിങ്ങൾ ക്ഷമിക്കുക." ഈ ലോകത്തെ താൽക്കാലിക ലാഭങ്ങൾക്ക് വേണ്ടി കലഹിക്കാതെ ക്ഷമിച്ചാൽ പരലോകത്ത് അല്ലാഹുവിൽ നിന്ന് വലിയ പ്രതിഫലം ലഭിക്കുമെന്ന് നബി صلى الله عليه وسلم അവരെ ആശ്വസിപ്പിച്ചു.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment