عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
നോമ്പുകാരന് ജനാബത്തോടെ സ്വുബ്'ഹി ബാങ്ക് വിളിക്കപ്പെട്ടാല്‍
188 - عَنْ عَائِشَةَ وَأُمِّ سَلَمَةَ رضي الله عنهما: (أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُدْرِكُهُ الْفَجْرُ وَهُوَ جُنُبٌ مِنْ أَهْلِهِ ثُمَّ يَغْتَسِلُ وَيَصُومُ)) .
ആയിഷ رضي الله عنها, ഉമ്മു സൽമ رضي الله عنها എന്നിവരിൽ നിന്ന് നിവേദനം: "അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم തന്‍റെ പത്നിമാരുമായുള്ള ബന്ധം കാരണം വലിയ അശുദ്ധിയുള്ള അവസ്ഥയിൽ (കുളി നിർബന്ധമായ അവസ്ഥയിൽ) പ്രഭാതത്തെ അഭിമുഖീകരിക്കാറുണ്ടായിരുന്നു. പിന്നീട് റസൂൽ صلى الله عليه وسلم കുളിക്കുകയും നോമ്പ് തുടരുകയും (നോമ്പ് നോൽക്കുകയും) ചെയ്യുമായിരുന്നു."
വിവരണം
"റസൂല്‍ صلى الله عليه وسلم ചിലപ്പോഴൊക്കെ തന്‍റെ പത്നിമാരുമായി ബന്ധപ്പെട്ട ശേഷം വലിയ ആശുദ്ധിയുള്ള അവസ്ഥയില്‍ തന്നെ സുബ്ഹി സമയം (പ്രഭാതം) ആകാറുണ്ടായിരുന്നു. പിന്നീട് റസൂല്‍ صلى الله عليه وسلم കുളിക്കുകയും നോമ്പ് നോൽക്കുകയും (തുടരുകയും) ചെയ്യുമായിരുന്നു. സുബ്ഹിക്ക് ശേഷം റസൂല്‍ صلى الله عليه وسلم ഒന്നും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ (ആ നോമ്പ് സാധുവാണ്). കുളിക്കുന്നതിന് മുൻപ് തന്നെ വലിയ ആശുദ്ധിയുള്ള അവസ്ഥയിൽ ഒരാൾക്ക് നോമ്പ് തുടങ്ങാമെന്നതിന്‍റെ നിയമപരമായ സാധുതയാണ് ഇത് വ്യക്തമാക്കുന്നത്. ശുദ്ധിയാകുന്നത് വരെ നമസ്കാരവും മറ്റ് ആരാധനകളും ഒഴിവാക്കേണ്ടി വരുന്നത് കൊണ്ടാണ് സ്ഖലനം ഉണ്ടായവനോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവനോ 'ജുനുബ്' (വലിയ അശുദ്ധിയുള്ളവൻ) എന്ന് വിളിക്കപ്പെടുന്നത്."
മർവാനു ബ്നുല്‍ ഹകം ഈ കാര്യത്തെക്കുറിച്ച് ചോദിച്ചറിയാൻ വേണ്ടി ആളയച്ചപ്പോൾ അവർ (ആഇശ رضي الله عنها യും ഉമ്മു സലമ رضي الله عنها യും) നൽകിയ മറുപടിയായിരുന്നു ഇത്. ഈ വിധി റമദാനിലെ നോമ്പിനും അല്ലാത്ത (സുന്നത്ത്) നോമ്പുകൾക്കും ഒരുപോലെ ബാധകമാണ്.
സ്വഹാബികളുടെ കാലഘട്ടത്തിൽ മുസ്‌ലീംകൾ ചില വിഷയങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടും അഭിപ്രായ വ്യത്യാസങ്ങൾ പുലർത്താറുണ്ടായിരുന്നു. എങ്കിലും, നബി صلى الله عليه وسلم അവരെ പഠിപ്പിച്ചു കൊടുത്ത അഭിപ്രായ വ്യത്യാസങ്ങളുടെ മര്യാദകൾ (ആദാബുൽ ഖിലാഫ്) പാലിച്ചുകൊണ്ടായിരുന്നു അവർ പരസ്പരം ഇടപെട്ടിരുന്നത്.
ഈ ഹദീസിൽ താബിഈ ആയ അബ്ദുറഹ്മാൻ ബിനുൽ ഹാരിസ് പറയുന്നു. വിശ്വാസികളുടെ മാതാക്കളായ ആഇശ رضي الله عنها, ഉമ്മു സലമ رضي الله عنها എന്നിവർ തന്നോട് പറഞ്ഞ വിവരം അദ്ദേഹം മർവാനു ബ്നുൽ ഹകമിനെ അറിയിച്ചു.
അക്കാലത്ത് മദീനയിലെ ഗവർണറായിരുന്ന മർവാൻ ഇത് കേട്ടപ്പോൾ, ഈ ഹദീസ് അബൂഹുറൈറ رضي الله عنه വിനെ പോയി അറിയിക്കണമെന്ന് അബ്ദുറഹ്മാനോട് സത്യം ചെയ്ത് ആവശ്യപ്പെട്ടു. കാരണം, വലിയ അശുദ്ധിയോടെ പ്രഭാതത്തിൽ പ്രവേശിക്കുന്നവന്‍റെ നോമ്പ് ശരിയാകില്ല എന്നായിരുന്നു അബൂഹുറൈറ رضي الله عنه അന്ന് ഫത്‌വ (മതവിധി) നൽകിയിരുന്നത്. പ്രവാചകന്‍റെ പത്നിമാരാണല്ലോ ഇത്തരം കാര്യങ്ങളിൽ മറ്റാരെക്കാളും അറിവുള്ളവർ. 'നീ ഇതുകൊണ്ട് അബൂഹുറൈറയെ നേരിടുക തന്നെ വേണം' എന്നതുകൊണ്ട് മർവാൻ ഉദ്ദേശിച്ചത് ഒന്നുകിൽ പെട്ടെന്ന് ഈ വിവരം പറഞ്ഞ് അദ്ദേഹത്തെ ബോധ്യപ്പെടുത്തുക എന്നതോ, അല്ലെങ്കിൽ സത്യം അറിയിച്ച് അദ്ദേഹത്തെ തിരുത്തുക എന്നതോ ആണ്. ഈ വിഷയത്തിൽ അബൂഹുറൈറ رضي الله عنه വിന്‍റെ പക്കൽ മറ്റെന്തെങ്കിലും തെളിവുകളുണ്ടോ (അതായത് ഈ നിയമം മാറ്റപ്പെട്ടതാണോ - നസ്ഖ് - തുടങ്ങിയ കാര്യങ്ങൾ) എന്ന് ഉറപ്പുവരുത്താനാണ് മർവാൻ ഇപ്രകാരം നിർബന്ധിച്ചത്.
മർവാൻ പറഞ്ഞതുപോലെ ചെയ്യാൻ അബ്ദുറഹ്മാന് മടിയുണ്ടായിരുന്നു (അബൂഹുറൈറ رضي الله عنه വിനോടുള്ള ബഹുമാനം കാരണമാണത്). പിന്നീട് അദ്ദേഹം മദീനക്കാരുടെ മീഖാത്തായ 'ദുൽ ഹുലൈഫ'യിൽ വെച്ച് അബൂഹുറൈറ رضي الله عنه വിനെ കണ്ടുമുട്ടി. അവിടെ അബൂഹുറൈറ رضي الله عنه വിന് സ്വന്തമായി കുറച്ച് ഭൂമിയുണ്ടായിരുന്നു. അബ്ദുറഹ്മാൻ അദ്ദേഹത്തോട് പറഞ്ഞു: 'ഞാൻ നിങ്ങളോട് ഒരു കാര്യം പറയാൻ പോവുകയാണ്, മർവാൻ എന്നെക്കൊണ്ട് സത്യം ചെയ്യിച്ചില്ലായിരുന്നുവെങ്കിൽ ഞാനിത് പറയുമായിരുന്നില്ല.' തുടർന്ന് ആഇശ رضي الله عنها, ഉമ്മു സലമ رضي الله عنها എന്നിവരുടെ വാക്ക് അദ്ദേഹം വിവരിച്ചു കൊടുത്തു.
അപ്പോൾ അബൂഹുറൈറ رضي الله عنه പറഞ്ഞു: 'ഫദ്‌ലുബ്നു അബ്ബാസ് رضي الله عنه പ്രവാചകനിൽ നിന്ന് എന്നോട് പറഞ്ഞിരുന്നത് വലിയ അശുദ്ധിയോടെ പ്രഭാതത്തിലാകുന്നവന്‍റെ നോമ്പ് ശരിയാകില്ല എന്നായിരുന്നു. എന്നാൽ ആഇശ رضي الله عنها യും ഉമ്മു സലമ رضي الله عنها യും ഈ കാര്യത്തിൽ കൂടുതൽ അറിവുള്ളവരാണ്.' മുസ്‌ലിമിന്‍റെ മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്: 'അബൂഹുറൈറ رضي الله عنه ചോദിച്ചു: അവരാണോ നിന്നോട് ഇത് പറഞ്ഞത്? അബ്ദുറഹ്മാൻ പറഞ്ഞു: അതെ. അപ്പോൾ അദ്ദേഹം പറഞ്ഞു: അവർ തന്നെയാണ് കൂടുതൽ അറിവുള്ളവർ.'
ഫദ്‌ലുബ്നു അബ്ബാസ് رضي الله عنه വിനേക്കാൾ ഇക്കാര്യത്തിൽ അറിവ് അവർക്കാണ്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി പ്രവാചകന്‍റെ ജീവിതം നേരിട്ട് കണ്ട് ബോധ്യപ്പെട്ട കാര്യമാണ് അവർ നിവേദനം ചെയ്യുന്നത് എന്നതിനാൽ അവരുടെ ഹദീസിനാണ് മുൻഗണന നൽകപ്പെടുന്നത്."
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment