عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
വിപത്തുകളില്‍ അക്ഷമ കാണിക്കല്‍
الصَّالِقَةِ وَالْحَالِقَةِ وَالشَّاقَّةِ
171 - عَنْ أَبِي مُوسَى عَبْدِ اللَّهِ بْنِ قَيْسٍ رضي الله عنه: ((أَنَّ رَسُولَ اللَّهِ صلى الله عليه وسلم بَرِيءٌ مِنْ الصَّالِقَةِ وَالْحَالِقَةِ وَالشَّاقَّةِ)). قال المصنف: الصالقة، التي ترفع صوتها عند المصيبة. أهـ
അബൂമൂസ അബ്ദുള്ളാഹിബ്നു ഖൈസ് رضي الله عنه നിവേദനം ചെയ്യുന്നു: "തീർച്ചയായും അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم സ്വാലിഖത്ത്, ഹാലിഖത്ത്, ശാഖത്ത് എന്നിവരിൽ നിന്നും (അവരുടെ പ്രവൃത്തികളിൽ നിന്നും) മുക്തമായിരിക്കുന്നു."
ഗ്രന്ഥകർത്താവ് (ഇമാം മഖ്'ദിസി) പറയുന്നു: الصالقة എന്നാൽ വിപത്തുകൾ ഉണ്ടാകുമ്പോൾ ഉറക്കെ നിലവിളിക്കുന്ന സ്ത്രീയാണ്.
الحالقة: അമിതമായ പരിഭ്രാന്തിയും ആകുലതയും കാരണം തലമുടി ക്ഷൗരം ചെയ്യുകയോ പിഴുതെടുക്കുകയോ ചെയ്യുന്നവൾ.
الشاقة: അല്ലാഹുവിന്‍റെ വിധിയിലുള്ള അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് വസ്ത്രം വലിച്ചു കീറുന്നവള്‍.
അല്ലാഹുവെക്കുറിച്ചുള്ള ഭയത്തിലും പ്രവാചകൻ صلى الله عليه وسلم -യുടെ ചര്യ പിന്തുടരുന്നതിലും സ്വഹാബികൾ رضي الله عنه എല്ലാ സന്ദര്‍ഭങ്ങളിലും ഒരുപോലെ ഉത്തമ മാതൃകകൾ കാഴ്ചവെച്ചിട്ടുണ്ട്.
ഈ ഹദീസിൽ അബൂ ബുർദ رضي الله عنه തന്റെ പിതാവായ അബൂ മൂസൽ അശ്അരി رضي الله عنه കഠിനമായി രോഗബാധിതനായതിനെക്കുറിച്ച് വിവരിക്കുന്നു. രോഗം മൂർച്ഛിച്ച് അദ്ദേഹം ബോധരഹിതനായി വീണു. ആ സമയത്ത് അദ്ദേഹത്തിന്‍റെ തല തന്‍റെ വീട്ടിലെ ഒരു സ്ത്രീയുടെ (അദ്ദേഹത്തിന്‍റെ പത്നി ഉമ്മു അബ്ദില്ലയുടെയോ അല്ലെങ്കിൽ അബൂബുർദയുടെ മാതാവായ സ്വഫിയ്യയുടെയോ) മടിയിലായിരുന്നു. അവർ ഉറക്കെ നിലവിളിക്കാൻ തുടങ്ങിയപ്പോൾ ബോധമില്ലാത്ത അവസ്ഥയിലായതിനാൽ അബൂ മൂസ رضي الله عنه-വിന് അവരെ തടയാൻ കഴിഞ്ഞില്ല.
ബോധം തിരികെ ലഭിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "റസൂല്‍ صلى الله عليه وسلم ആരിൽ നിന്നെല്ലാം മുക്തനാണോ അവരിൽ നിന്നെല്ലാം ഞാനും മുക്തനാണ്. തീർച്ചയായും റസൂല്‍ صلى الله عليه وسلم സ്വാലിഖത്ത് (വിപത്തുണ്ടാകുമ്പോൾ ഉറക്കെ നിലവിളിക്കുന്നവൾ), ഹാലിഖത്ത് (തലമുടി ക്ഷൗരം ചെയ്യുന്നവൾ), ശാഖത്ത് (വസ്ത്രം കീറുന്നവൾ) എന്നിവരിൽ നിന്ന് മുക്തനാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്."
ഇവയെല്ലാം ജാഹിലിയ്യാ കാലത്തെ ദുരാചാരങ്ങളാണ്. ഇസ്‌ലാമിക ശരീഅത്തിലൂടെ അല്ലാഹു ഇവയെല്ലാം ദുർബലപ്പെടുത്തി. സന്തോഷത്തിലും ദുഃഖത്തിലും മിതത്വം പാലിക്കാനും അതിരുകവിയാതിരിക്കാനും ഇസ്‌ലാം കൽപ്പിച്ചു. വിപത്തുകൾ വരുമ്പോൾ ക്ഷമിക്കാനും അതിന്‍റെ പ്രതിഫലം അല്ലാഹുവിൽ നിന്ന് പ്രതീക്ഷിക്കാനും എല്ലാ കാര്യങ്ങളും അവങ്കലേക്ക് ഭരമേൽപ്പിക്കാനും ഇസ്‌ലാം പ്രോത്സാഹിപ്പിച്ചു. അല്ലാഹു പറയുന്നു: {ക്ഷമാശീലർക്ക് നീ സന്തോഷവാർത്ത അറിയിക്കുക. തങ്ങൾക്ക് വല്ല വിപത്തും ബാധിച്ചാൽ അവർ പറയും: തീർച്ചയായും ഞങ്ങൾ അല്ലാഹുവിനുള്ളതാണ്, അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാണ്.} അല്‍ ബഖറ : 155-156
ദുന്‍യാവിന്‍റെ നശ്വരതയും പരലോകത്തേക്കുള്ള യാത്രയുടെ സാമീപ്യവും തിരിച്ചറിഞ്ഞ ഓരോ വിശ്വാസിയും ഐഹികമായ നഷ്ടങ്ങളിൽ ദുഃഖിക്കാതെ, അല്ലാഹുവിൽ നിന്നുള്ള ഉന്നതമായ പദവികൾ ലഭിക്കാനായി ക്ഷമയും സംതൃപ്തിയും കൈക്കൊള്ളേണ്ടതുണ്ട്.
ഹദീസിൽ പരാമർശിച്ച 'മുക്തനാണ്' (ബറാഅത്ത്) എന്നതിന്‍റെ അർത്ഥം അവരുടെ പ്രവർത്തികളിൽ നിന്നോ അവർക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷയിൽ നിന്നോ ഞാൻ മുക്തനാണ് എന്നാണ്. അല്ലെങ്കിൽ ആ കാര്യങ്ങൾ വ്യക്തമാക്കി തരേണ്ട ബാധ്യതയിൽ നിന്ന് ഞാൻ മുക്തനായി എന്നാണ്. ഇവ ചെയ്യുന്നവര്‍ മതത്തില്‍ നിന്ന് പുറത്ത് പോയി എന്ന് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നില്ല. എന്നാല്‍ ഇവ ഗുരുതര പാപങ്ങളാണ്.

No comments:
Post a Comment