عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
വെള്ളിയാഴ്ച പ്രത്യേകമായി നോമ്പെടുക്കല്‍
206 - عَنْ مُحَمَّدِ بْنِ عَبَّادِ بْنِ جَعْفَرٍ قَالَ: ((سَأَلْتُ جَابِرَ بْنَ عَبْدِ اللَّهِ أَنَهَى النَّبِيُّ صلى الله عليه وسلم عَنْ صَوْمِ يَوْمِ الْجُمُعَةِ؟ قَالَ: نَعَمْ)) وَزَادَ مُسْلِمٌ ((وَرَبِّ الْكَعْبَةِ)) .
ഐച്ഛിക നോമ്പുകളുടെ (സുന്നത്ത് നോമ്പുകൾ) വിധികൾ പ്രവാചകൻ صلى الله عليه وسلم കൃത്യമായി വിവരിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് വെള്ളിയാഴ്ച ദിവസം പ്രത്യേകമായി നോമ്പ് നോല്‍ക്കുന്നതിന്‍റെ വിധി.
വെള്ളിയാഴ്ച ദിവസം മാത്രമായി നോമ്പ് നോൽക്കുന്നത് പ്രവാചകൻ صلى الله عليه وسلم വിലക്കിയിട്ടുണ്ട്. എന്നാൽ ഈ വിലക്ക് നീങ്ങണമെങ്കിൽ രണ്ട് കാര്യങ്ങളിൽ ഒന്ന് സംഭവിക്കണം:
വെള്ളിയാഴ്ചയ്ക്ക് തൊട്ടുമുമ്പുള്ള ദിവസം (വ്യാഴാഴ്ച) നോമ്പ് നോൽക്കുക.
അല്ലെങ്കിൽ വെള്ളിയാഴ്ചയ്ക്ക് തൊട്ടുപിന്നാലെയുള്ള ദിവസം (ശനിയാഴ്ച) നോമ്പ് നോൽക്കുക.
ഈ വിലക്ക് ബാധകമല്ലാത്ത സാഹചര്യങ്ങൾ: പതിവായി നോമ്പ് നോൽക്കുന്ന ശീലമുള്ളവർക്ക് ഈ വിലക്ക് ബാധകമല്ല. ഉദാഹരണത്തിന്: ഒരാൾ ഒരു ദിവസം നോമ്പ് നോൽക്കുകയും അടുത്ത ദിവസം നോമ്പ് ഒഴിവാക്കുകയും (ദാവൂദ് നബി عليه السلام ന്‍റെ നോമ്പ്) ചെയ്യുന്ന ശീലക്കാരനാണെങ്കിൽ, അത് വെള്ളിയാഴ്ച വന്നാൽ അദ്ദേഹത്തിന് നോമ്പ് നോൽക്കാം.
ഒരാൾ തന്‍റെ രോഗം മാറിയാൽ ആ ദിവസം നോമ്പ് നോൽക്കുമെന്ന് നേർച്ചയാക്കുകയും, ആ ദിവസം വെള്ളിയാഴ്ചയാവുകയും ചെയ്താൽ നോമ്പ് നോൽക്കുന്നതിന് വിരോധമില്ല.
മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം: "മറ്റ് രാത്രികളിൽ നിന്ന് വെള്ളിയാഴ്ച രാത്രിയെ മാത്രം നിസ്കാരത്തിനായി പ്രത്യേകമാക്കരുത്, മറ്റ് ദിവസങ്ങളിൽ നിന്ന് വെള്ളിയാഴ്ചയെ മാത്രം നോമ്പിനായും പ്രത്യേകമാക്കരുത്."
വെള്ളിയാഴ്ച നോമ്പ് വിലക്കിയതിലെ യുക്തി: വെള്ളിയാഴ്ച ദിവസം കുളി, നേരത്തെ പള്ളിയിൽ പോകൽ, ഖുതുബ ശ്രവിക്കൽ, ജുമുഅയ്ക്ക് ശേഷമുള്ള ദിക്റുകൾ എന്നിങ്ങനെ ഒട്ടേറെ ആരാധനകളുള്ള ദിവസമാണ്. നോമ്പ് നോൽക്കുന്നത് ഇത്തരം ശാരീരിക അധ്വാനമുള്ള ആരാധനകൾക്ക് ക്ഷീണമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ ഉന്മേഷത്തോടെയും ആനന്ദത്തോടെയും ഈ കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് അന്ന് നോമ്പ് ഒഴിവാക്കാൻ നിർദ്ദേശിച്ചത്. ഇത് അറഫാ ദിനത്തിൽ ഹാജിമാർ നോമ്പ് നോൽക്കാതിരിക്കുന്നതിന് സമാനമാണ്.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം വെള്ളിയാഴ്ച ആഴ്ചയിലെ ആഘോഷദിവസം (ഈദ്) കൂടിയാണ്. ഇബ്‌നു മാജ റിപ്പോർട്ട് ചെയ്ത ഹദീസിൽ പ്രവാചകൻ صلى الله عليه وسلم പറഞ്ഞു: "തീർച്ചയായും ഇത് അല്ലാഹു മുസ്‌ലിംകൾക്ക് നിശ്ചയിച്ച ആഘോഷദിവസമാണ്. അതിനാൽ ജുമുഅക്ക് വരുന്നവർ കുളിക്കുകയും സുഗന്ധം പൂശുകയും പല്ലുകള്‍ വൃത്തിയാക്കുകയും ചെയ്യുകയും ചെയ്യട്ടെ."
വെള്ളിയാഴ്ച ദിവസം മാത്രമായി നോമ്പ് അനുഷ്ഠിക്കുന്നത് കറാഹത്താണ്.
നോമ്പ് നോൽക്കണമെന്നുണ്ടെങ്കിൽ വ്യാഴാഴ്ചയോ ശനിയാഴ്ചയോ കൂടി ചേർത്ത് നോൽക്കണം.
നേർച്ചയാക്കിയ നോമ്പുകൾക്കോ പതിവായി നോൽക്കുന്ന നോമ്പുകൾക്കോ ഈ വിലക്ക് ബാധകമല്ല.
വെള്ളിയാഴ്ച മുസ്‌ലീംകളുടെ പെരുന്നാൾ ദിവസമാണ്.
ഭക്തിയുടെ പേരിൽ അമിതമാകുന്നതിനേക്കാൾ പ്രവാചകചര്യ പിന്തുടരുന്നതിലാണ് നന്മയുള്ളത്.
ആരാധനകൾക്ക് വിഘാതമാകുന്ന വിധം ശരീരത്തെ അമിതമായി കഷ്ടപ്പെടുത്തുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല.
വെള്ളിയാഴ്ച ദിവസത്തെ ദിക്ർ, ദുആ, ഖുതുബ ശ്രവിക്കൽ എന്നിവക്ക് നോമ്പിനേക്കാൾ മുൻഗണന നൽകണം.
മറ്റ് മതസ്ഥരുടെ ആചാരങ്ങളോട് സാമ്യത പുലർത്തുന്നത് ഇസ്‌ലാം തടയുന്നു.
ഐച്ഛികമായ പുണ്യത്തേക്കാൾ പ്രമാണങ്ങൾ നൽകുന്ന കൽപ്പനകൾക്കും നിരോധനങ്ങൾക്കും പ്രാധാന്യം നൽകണം.
ഒരു കാര്യം ഉറപ്പിച്ചു പറയാൻ വേണ്ടി (സത്യം ചെയ്യൽ അമിതമാകാത്ത പക്ഷം) സത്യം ചെയ്യുന്നത് അനുവദനീയമാണ്. ഇത് കപടവിശ്വാസികളുടെ ലക്ഷണമല്ല; മറിച്ച് സംസാരത്തിൽ വിശ്വാസ്യത ഉറപ്പാക്കാനാണ്.

No comments:
Post a Comment