ഫോളോ ചെയ്യാം

Friday, 7 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 112 دروس الحديث - ജുമുഅ നടക്കുമ്പോള്‍ സംസാരം പാടില്ല

 

عن أَبي هُرَيْرَةَ قال، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: إِذَا قُلْتَ لِصَاحِبِكَ: أَنْصِتْ، يَوْمَ الْجُمُعَةِ، وَالإِمَامُ يَخْطُبُ، فَقَدْ لَغَوْتَ . مسلم

അബൂഹുറൈറ رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: വെള്ളിയാഴ്ച ഇമാം ഖുത്ബ നടത്തിക്കൊണ്ടിരിക്കേ താങ്കള്‍ താങ്കളുടെ അടുത്തിരിക്കന്നവനോട് മിണ്ടരുത് എന്ന് പറഞ്ഞാല്‍ താങ്കള്‍ അനാവശ്യം പറഞ്ഞിരിക്കുന്നു- (മുസ്ലിം).

 

വിവരണം

v ജുമുഅ സന്ദര്‍ഭത്തില്‍ പാലിക്കേണ്ട മര്യാദയെക്കുറിച്ചാണ് ഈ ഹദീസ് അറിയിക്കുന്നത്.

v  വളരെയേറെ പ്രാധാന്യമുള്ള ഒരു കര്‍മമാണ് ജുമുഅ. അതിന് മുമ്പും ജുമുഅ സമയത്തും ജുമുഅക്ക് ശേഷവുമെല്ലാം ചില മര്യാദകളും സുന്നത്തുകളും പാലിക്കേണ്ടതുണ്ട്. വെറുതെ ഒരു ചടങ്ങായി കഴിച്ചു കൂട്ടേണ്ട കാര്യമല്ല ജുമുഅ.

v  ജുമുഅ സമയത്ത് ആരെങ്കിലും സംസാരിക്കുകയാണെങ്കില്‍ നീ മിണ്ടരുത് എന്ന് പോലും പറയാന്‍ പാടില്ല എന്നാണ് നബി ഴ  അറിയിച്ചിരിക്കുന്നത്. അങ്ങനെ പറഞ്ഞാല്‍ അവന്‍ അനാവശ്യം സംസാരിച്ചിരിക്കുന്നു, അല്ലെങ്കില്‍ അവന്‍ ജുമുഅയില്‍ ബഹളം വെച്ചിരിക്കുന്നു എന്നാണ്. അവന്‍റെ ജുമുഅക്ക് ന്യൂനത സംഭവിച്ചിരിക്കുകയും ചെയ്തിരിക്കുന്നു.

v   لَغَا  എന്നാല്‍ അനാവശ്യ സംസാരം, ബഹളം, ബാത്വിലായ സംസാരം എന്നിവയില്‍ ഇടപെട്ടു എന്നൊക്കെയാണര്‍ത്ഥം.

v  لَغْو വാക്ക് കൊണ്ടും പ്രവര്‍ത്തനം കൊണ്ടും സംഭവിക്കും. ജുമുഅ നടക്കുമ്പോള്‍ കല്ലിലോ മറ്റു സാധനങ്ങളിലോ തൊട്ടാല്‍ അവന്‍ അനാവശ്യം ചെയ്തിരിക്കുന്നു എന്ന് നബി ഴ പറഞ്ഞിട്ടുണ്ട്. മൊബൈല്‍, ചാവി പോലുള്ള വസ്തുക്കളില്‍ മനഃപ്പൂര്‍വ്വം തൊടുന്നത് ഇതില്‍ പെടും.

v  ജുമുഅ സമയത്ത് പരിപൂര്‍ണ്ണമായും മിണ്ടാതിരിക്കല്‍ നിര്‍ബന്ധമാണ്. ആ സന്ദര്‍ഭത്തില്‍ സംസാരിച്ചാല്‍ അവന്‍റെ ജുമുഅയുടെ പ്രതിഫലം നഷ്ടപ്പെടും.

v  ഖുത്വ്ബ തുടങ്ങിയത് മുതല്‍ അവസാനിക്കുന്നത് വരെയാണ് നിശബ്ധമായിരിക്കല്‍ നിര്‍ബന്ധമായിട്ടുള്ളത്. സംസാരിക്കാതെ ചൂണ്ടിക്കാണിച്ചോ മറ്റോ സൂചന നല്‍കലും ഒഴിവാക്കേണ്ടതാണെന്ന് സലഫുകളുടെ അധ്യാപനങ്ങളില്‍ വന്നിട്ടുണ്ട്.

v  ജുമുഅ സമയം സലാം വീട്ടലും തുമ്മിയാല്‍ അല്‍ഹംദുലില്ലാഹ് പറയുലും പാടില്ലാത്തതാണെന്നാണ് ഭൂരിഭാഗം പണ്ഡിതരുടേയും അഭിപ്രായം.

v ജുമുഅയുടെ സുന്നത്തുകളും, മര്യാദകളും കൃത്യമായി പഠിച്ച് ജുമുഅയുടെ പ്രതിഫലം പരിപൂര്‍ണ്ണമായി കരസ്ഥമാക്കാന്‍ നാം ശ്രമിക്കണം.

Thursday, 6 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 111 دروس الحديث - മനുഷ്യന്‍റെ ശുദ്ധ പ്രകൃതിയില്‍ പെട്ട അഞ്ച് കാര്യങ്ങള്‍

 

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "الفِطْرَةُ خَمْسٌ: الخِتَانُ، وَالِاسْتِحْدَادُ، وَنَتْفُ الإِبْطِ، وَقَصُّ الشَّارِبِ، وَتَقْلِيمُ الأَظْفَارِ "- البخاري ومسلم

അബൂ ഹുറൈറ h നിവേദനം, നബി g പറഞ്ഞു: ശുദ്ധപ്രകൃതി (മനുഷ്യന്‍റെ ശുദ്ധ പ്രകൃതിയില്‍ പെട്ടവ) അഞ്ചെണ്ണമാണ്: ചേലാ കര്‍മം, ഗുഹ്യ രോമം വടിക്കല്‍, കക്ഷ രോമം പറിക്കല്‍, മീശ വെട്ടല്‍, നഖം വെട്ടല്‍ എന്നിവയാണവ. (ബുഖാരി, മുസ്ലിം).

 

വിവരണം

·  ശുചിത്വവുമായി ബന്ധപ്പെട്ട ഹദീസ് ആണിത്. മനുഷ്യന്‍റെ ശുദ്ധ പ്രകൃതിയില്‍ പെട്ട അഞ്ച് കാര്യങ്ങള്‍ ഈ ഹദീസില്‍ വിശദീകരിക്കപ്പെടുന്നു. ശുദ്ധപ്രകൃതിയില്‍ പെട്ട വേറെയും ചില കാര്യങ്ങള്‍ മറ്റു ഹദീസുകളില്‍ വന്നിട്ടുണ്ട്.

· فِطْرَة എന്നാല്‍ പ്രവാചകന്‍മാരുടെ ചര്യ എന്നാണ് അര്‍ത്ഥമാക്കുന്നത്.


ചേലാകര്‍മം:

·    പുരുഷന്‍മാര്‍ക്ക് ഇത് വാജിബ് ആണ്. മൂത്രത്തില്‍ നിന്നുള്ള പരിപൂര്‍ണ്ണ ശുചിത്വം ഉറപ്പു വരത്തുന്നതിന് ഇത് ചെയ്യല്‍ നിര്‍ബന്ധമാണ്. ഇസ്ലാമിലേക്ക് കടന്നു വരുന്നവരോട് നബി g  ചേലാ കര്‍മം ചെയ്യാന്‍ കല്‍പിക്കാറുണ്ടായിരുന്നു.

·    ഇത് ഈ ഉമ്മത്തിന്‍റെ അടയാളവും മുന്‍ സമുദായങ്ങളില്‍ അറിയപ്പെട്ടതുമായ കാര്യമാണ്. ചെറുപ്പ കാലത്ത് ചേലാ കര്‍മം ചെയ്യുന്നതാണ് ഉത്തമം. പ്രായപൂര്‍ത്തിയാകുമ്പോഴേക്ക് ചേലാകര്‍മം ചെയ്തിരിക്കണം.


ഗുഹ്യ രോമം കളയല്‍

·    اسْتِحْدَاد എന്ന് പേര് വരാന്‍ കാരണം ഇരുമ്പ് (حَدِيد) ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനാലാണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

·   ഇത് പ്രബലമായ സുന്നത്താണ്. സ്ത്രീക്കും പുരുഷനുമെല്ലാം ഇത് ബാധകമാണ്. പുരുഷന് ഇത് നിര്‍ബന്ധവും സ്ത്രീക്ക് സുന്നത്തുമാണ്.


കക്ഷ രോമം കളയല്‍

·    ഇതും സുന്നത്താണ്. കക്ഷ രോമം പറിക്കുക എന്നാണ് ഹദീസില്‍ വന്നിട്ടുള്ളത്. കഴിയുന്നവര്‍ക്ക് അതാണ് നല്ലത് എന്ന് പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. വടിച്ചു കളഞ്ഞാലും മതിയാകുന്നതാണ്, അതിന്‍റെ ഉദ്ദേശ്യം അഴുക്ക് നീക്കം ചെയ്യലാണ്.


മീശ വെട്ടല്‍

·    മീശയുടെ ചുണ്ടിലേക്കിറങ്ങുന്ന ഭാഗം വെട്ടല്‍ സുന്നത്താണ്. പലരും അശ്രദ്ധരാകുന്ന ഒരു വിഷയമാണിത്. മേല്‍ചുണ്ട് വ്യക്തമായി കാണുന്ന വിധം മീശയുടെ അഗ്രമോ, അല്ലെങ്കില്‍ മുഴുവാനായോ ചെറുതാക്കാവുന്നതാണ്. മീശ വടിക്കല്‍ മത നിയമമായി വന്നിട്ടില്ല. ഇമാം മാലിക് رحمه الله പറഞ്ഞത് മീശ വടിക്കല്‍ ബിദ്അത്താണെന്നാണ്.

·    താടി വളര്‍ത്തുകയും മീശ വെട്ടുകയും വേണം എന്ന് ഹദീസുകളില്‍ കാണാം. താടി വളര്‍ത്താനാണ് മതം നിര്‍ദേശിക്കുന്നത്. അത് നിര്‍ബന്ധവുമാണ്.


നഖം വെട്ടല്‍

·     നഖം വെട്ടല്‍ പ്രബലമായ സുന്നത്താണ്. കാലിന്‍റേയും കയ്യിന്‍റേയും നഖങ്ങള്‍ വെട്ടല്‍ ഇതില്‍ ഉള്‍പ്പെടും. നഖം വളര്‍ത്തല്‍ പാടില്ലാത്ത കാര്യമാണ്. നഖം വെട്ടുന്ന കാര്യത്തില്‍ ഏത് വിരലിന്‍റേത് ആദ്യം വെട്ടണം എന്നൊന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല എന്ന് ഇബ്നു ഹജര്‍ رحمه الله പറഞ്ഞിട്ടുണ്ട്.

·    ഇതില്‍ പറഞ്ഞ ഗുഹ്യ രോമം കളയല്‍, കക്ഷ രോമം പറിക്കല്‍, മീശ വെട്ടല്‍, നഖം വെട്ടല്‍ എന്നിവ നാല്‍പത് ദിവസം കൂടുമ്പോള്‍ ചെയ്യണം എന്ന് റസൂല്‍ g പഠിപ്പിച്ചിട്ടുണ്ട്. നാല്‍പത് ദിവസത്തില്‍ കൂടുതല്‍ അവ നീക്കം ചെയ്യാതെ വെക്കരുത്.

·    നാല്‍പത് ദിവസത്തിനുള്ളില്‍ തന്നെ അത് വളര്‍ന്ന് വൃത്തികേടായാല്‍ ഉടന്‍ നീക്കം ചെയ്യാം. ഓരോ വ്യക്തിക്കനുസരിച്ച് നീക്കം ചെയ്യുന്ന സമയം വ്യത്യാസപ്പെടും. എന്നാല്‍ നാല്‍പത് ദിവസത്തില്‍ കൂടുതല്‍ അവ നീക്കം ചെയ്യാതിരിക്കരുത്.

Tuesday, 4 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 110 دروس الحديث - എല്ലാ ലഹരിയും നിഷിദ്ധമാണ്

 

عَنِ ابْنِ عُمَرَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: كُلُّ مُسْكِرٍ خَمْرٌ، وَكُلُّ مُسْكِرٍ حَرَامٌ، وَمَنْ شَرِبَ الْخَمْرَ فِي الدُّنْيَا فَمَاتَ وَهُوَ يُدْمِنُهَا لَمْ يَتُبْ، لَمْ يَشْرَبْهَا فِي الآخِرَةِ -مسلم  

ഇബ്നു ഉമര്‍ رضي الله عنهما നിവേദനം. റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ലഹരിയുണ്ടാക്കുന്ന എല്ലാം മദ്യമാണ്, ലഹരി ഉണ്ടാക്കുന്ന എല്ലാം നിഷിദ്ധവുമാണ്. ആരെങ്കിലും ദുന്‍യാവില്‍ മദ്യം കുടിക്കുകയും അതിന് അടിമപ്പെട്ട്, പശ്ചാത്തപിക്കാതെ മരിക്കുകയും ചെയ്താല്‍ പരലോകത്ത് അവനത് കുടിക്കുകയില്ല. (മുസ്ലിം).

 

വിവരണം

ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യം എന്ന ഇനത്തില്‍ പെട്ടതാണ്. അത്തരത്തില്‍ ലഹരിയായിട്ടുള്ളതെല്ലാം ഹറാമുമാണ്. ലഹരിക്ക് മദ്യം എന്ന പേരിട്ടാലും ഇല്ലെങ്കിലും ശരി. അത് കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും ഹറാം തന്നെയാണ്.

v ലഹരി എന്നാല്‍: ആസ്വാദനത്തിലൂടെയോ മറ്റോ ബുദ്ധിയെ മൂടലാണ് ലഹരി. ആസ്വാദനത്തില്‍ അവന്‍ ആരാണെന്ന് വരെ അറിയാത്ത അവസ്ഥയുണ്ടാവും.

v ലഹരിക്കായി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും ഹറാം തന്നെയാണ്.

v ലഹരിക്ക് അടിപ്പെട്ട് മരണം വരിക്കുന്നവന് അതിന്‍റെ ശിക്ഷയുണ്ടാകും, മാത്രമല്ല പരലോകത്ത് അവനത് കുടിക്കാന്‍ സാധിക്കുകയുമില്ല.

v മദ്യവും മയക്കുമരുന്നുകളുമെല്ലാം മ്ലേച്ചവും പൈശാചികവുമാണ്. അല്ലാഹു പറയുന്നു:

ﱡﭐ يَاأَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلَامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ  المائدة: ٩٠

സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. (മാഇദ:90)

v ഇത്തരം ലഹരികള്‍ക്ക് അടിമപ്പെട്ടവര്‍ വേഗം അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങണം. ആ തിന്‍മ ഉപേക്ഷിക്കുകയും ചെയ്ത് പോയതില്‍ ഖേദമുണ്ടാവുകയും അതിലേക്ക് ഇനി മടങ്ങുകയില്ല എന്ന് ദൃഢനിശ്ചയം എടുക്കുകയും വേണം. അപ്പോഴാണ് അതിന്‍റെ തൗബ ശരിയാവുകയുള്ളൂ.

v മദ്യപാനം സകല തിന്‍മകളുടേയും താക്കോലാണ്.

v സ്വര്‍ഗ്ഗത്തില്‍ മദ്യമുണ്ടാകും. അത് നല്ലതും ലഹരിയോ, ശരീരത്തിന് ഉപദ്രവമോ ഇല്ലാത്തതാണ്. എന്നാല്‍ ഇവിടത്തെ മദ്യം എല്ലാ നിലക്കും മനുഷ്യനും, സമൂഹത്തിനും ദോഷകരമായിട്ടുള്ളതാണ്.

v സ്വര്‍ഗ്ഗത്തിലെ പാനീയത്തെ കുറിച്ചുള്ള അല്ലാഹുവിന്‍റെ വചനം നോക്കൂ:

ﱡﭐ يُطَافُ عَلَيْهِمْ بِكَأْسٍ مِنْ مَعِينٍ (45) بَيْضَاءَ لَذَّةٍ لِلشَّارِبِينَ (46) لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنْزَفُونَ  الصافات: ٤٥ - ٤٧

ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും. * വെളുത്തതും കുടിക്കുന്നവര്‍ക്ക് ഹൃദ്യവുമായ പാനീയം. * അതില്‍ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല. (സ്വാഫ്ഫാത്ത്:45-47)


ദുറൂസുല്‍ ഹദീസ് - ഭാഗം 109 دروس الحديث - നാല് കാര്യങ്ങളില്‍ നിന്ന് രക്ഷ ചോദിക്കല്‍

 

عن أَبي هُرَيْرَةَ، قال: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: إِذَا فَرَغَ أَحَدُكُمْ مِنَ التَّشَهُّدِ الآخِرِ، فَلْيَتَعَوَّذْ بِاللَّهِ مِنْ أَرْبَعٍ: مِنْ عَذَابِ جَهَنَّمَ، وَمِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ شَرِّ الْمَسِيحِ الدَّجَّالِ. - مسلم

അബൂ ഹുറൈറ رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ അവസാനത്തെ തശഹ്ഹുദില്‍ നിന്ന് വിരമിച്ചാല്‍ അവന്‍ നാല് കാര്യങ്ങളില്‍ നിന്ന് അല്ലാഹുവിന കൊണ്ട് രക്ഷ ചോദിക്കട്ടെ: നരക ശിക്ഷയില്‍ നിന്നും, ക്വബ്റിലെ ശിക്ഷയില്‍ നിന്നും, ജീവിതത്തിലേയും മരണത്തിലേയും കുഴപ്പങ്ങളില്‍ നിന്നും, മസീഹുദ്ദജ്ജാലിന്‍റെ കുഴപ്പത്തില്‍ നിന്നും ആണ് അവ. (മുസ്ലിം).

 

വിവരണം

·    നമസ്കാരത്തില്‍ പ്രാര്‍ത്ഥിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ ഹദീസ് വിവരിക്കുന്നത്.


·       നമസ്കാരത്തില്‍ അല്ലാഹുവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം. അവസാനത്തെ തശഹ്ഹുദ് (അത്തഹിയ്യാത്ത്) ന് ശേഷം നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ മേലുള്ള സ്വലാത്ത് കഴിഞ്ഞാല്‍ അല്ലാഹുവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്.

·        പ്രാര്‍ത്ഥനകള്‍ നമസ്കാരത്തിലും ദിക്റുകള്‍ നമസ്കാര ശേഷവും എന്ന രീതിയിലാണ് അധ്യാപനങ്ങളുള്ളാത്. നമസ്കാര ശേഷവും ആവശ്യമുള്ള കാര്യങ്ങള്‍ പ്രാര്‍ത്ഥിക്കാവുന്നതാണ്.

·        അതില്‍ പ്രാര്‍ത്ഥിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ടതും എല്ലാം ഉള്‍ക്കൊള്ളുന്നതുമായ ഒരു പ്രാര്‍ത്ഥനയെ കുറിച്ചാണ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ  പഠിപ്പിക്കുന്നത്.

·        നാല് കാര്യങ്ങളെ തൊട്ട് അല്ലാഹുവിനോട് രക്ഷ ചോദിക്കല്‍ നമസ്കരിക്കുന്നവന് സുന്നത്താണ്. ഇത് വാജിബല്ല.

1- നരക ശിക്ഷയില്‍ നിന്ന്

2- ക്വബ്റിലെ ശിക്ഷയില്‍ നിന്ന്

3- ജീവിതത്തിലേയും മരണത്തിലേയും ഫിത്നയില്‍ നിന്ന്

4- മസീഹുദ്ദജ്ജാലിന്‍റെ കുഴപ്പത്തില്‍ നിന്ന്

·     നരകശിക്ഷയെ തൊട്ട് നാം എല്ലായ്പ്പോഴും അല്ലാഹുവിനോട് രക്ഷ ചോദിക്കേണ്ടതാണ്.


·      ക്വബ്ര്‍ ശിക്ഷ യാഥാര്‍ത്ഥ്യമാണ്. അതിനെ നിഷേധിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ഹദീസ്. വിവിധ തരത്തിലുള്ള ശിക്ഷകള്‍ ക്വബ്റില്‍ ഉണ്ടാവുമെന്ന് ഹദീസുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജീവിതത്തിലേയും മരണത്തിലേയും കുഴപ്പങ്ങള്‍ എന്താണ്?

·      ജീവിതത്തിലെ കുഴപ്പങ്ങള്‍: ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന വിവിധ കുഴപ്പങ്ങളുണ്ട്, തിന്‍മകള്‍ ചെയ്യലും, നന്‍മ ചെയ്യതിരിക്കലും തുടങ്ങി ധാരാളം പ്രശ്നങ്ങള്‍ ഇതില്‍ പെടുന്നു.

·      മരണത്തിന്‍റെ കുഴപ്പങ്ങള്‍: അഥവാ മരണ വേളയില്‍ ഒരു അടിമക്ക് അനുഭവിക്കേണ്ടതായ പ്രയാസങ്ങളുണ്ട്. നല്ല ആള്‍ക്ക് ആ സന്ദര്‍ഭം വളരെ എളുപ്പമായിരിക്കും. എന്നാല്‍ തിന്‍മകളില്‍ കഴിഞ്ഞ ആളുകള്‍ക്ക് വലിയ പ്രയാസം തന്നെയാണ് ആ സന്ദര്‍ഭം.

·      മരണ ശേഷമുള്ള വിവിധ ഫിത്നകളും കുഴപ്പങ്ങളും ഇതില്‍ പെടും.

·     മസീഹുദ്ദജ്ജാല്‍ മനുഷ്യരെ വഴി തെറ്റിക്കാനും നരകത്തിലേക്ക് നയിക്കാനും ശ്രമിക്കും. അവന്‍റെ പക്കലുള്ള വിവിധ തന്ത്രങ്ങളിലൂടെ മനുഷ്യരെ അവന്‍ വഴി തെറ്റിക്കും. ആദം عليه السلام നെ സൃഷ്ടിച്ചത് മുതല്‍ അന്ത്യദിനം വരെയുള്ള കാലത്തെ ഏറ്റവും വലിയ ഫിത്നയാണ് മസീഹുദ്ദജ്ജാലിന്‍റെ ഫിത്ന. ആയതിനാല്‍ അതില്‍ നിന്നും രക്ഷ തേടാന്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ കല്‍പിച്ചിരിക്കുന്നു.

·      പ്രാര്‍ത്ഥിക്കേണ്ട രൂപം:

اللهم إِنِّيي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ الْمَسِيحِ الدَّجَّالِ.

അര്‍ത്ഥം: അല്ലാഹുവേ.. നരക ശിക്ഷയില്‍ നിന്നും, ക്വബ്റിലെ ശിക്ഷയില്‍ നിന്നും, ജീവിതത്തിന്‍റേയും മരണത്തിന്‍റേയും കുഴപ്പങ്ങളില്‍ നിന്നും, മസീഹുദ്ദജ്ജാലിന്‍റെ കുഴപ്പങ്ങളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ ചോദിക്കുന്നു.


91 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 


ചോദ്യം: 91

? അനര്‍ഹമായി മുസ്ലീംകളെ കാഫിര്‍ ആക്കുന്നവന്‍റെ വിധി എന്താണ്?


മറുപടി: 

അത് നിഷിദ്ധമാണ്, അത് പാപങ്ങളില്‍ കഠിനമായതാണ്. റസൂല്‍ صلى الله عليه وسلم പറഞ്ഞു: (ഏതെങ്കിലും ഒരാള്‍ അവന്‍റെ സഹോദരനോട് ഏ കാഫിര്‍ എന്ന് പറഞ്ഞാല്‍ അത് രണ്ടില്‍ ഒരാളിലേക്ക് മടങ്ങും. അവന്‍ പറഞ്ഞത് പോലെയാണ് എങ്കില്‍ (ആരോപിക്കപ്പെട്ടവനിലേക്ക് മടങ്ങും), അതല്ലെങ്കില്‍ അവനിലേക്ക് (പറഞ്ഞവനിലേക്ക്) അത് മടങ്ങും. - ബുഖാരി, മുസ്ലിം


90 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 


ചോദ്യം: 90

? നമസ്കാരം ഉപേക്ഷിക്കുന്നതിന്‍റെ വിധി എന്താണ്?


മറുപടി: 

നമസ്കാരം ഉപേക്ഷിക്കല്‍ സത്യനിഷേധമാണ്. ജാബിര്‍ സ നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: (നിശ്ചയം ഒരു മനുഷ്യന്‍റേയും, ശിര്‍ക്കിന്‍റേയും കുഫ്റിന്‍റേയും ഇടയില്‍ ഉള്ള (മറയാണ്) നമസ്കാരം ഉപേക്ഷിക്കല്‍. - മുസ്ലിം


88 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 


ചോദ്യം: 88



? ഇസ്ലാമില്‍ നല്ല ബിദ്അത്ത് എന്ന ഒന്ന് ഉണ്ടോ?

മറുപടി: 
ഇസ്ലാമില്‍ നല്ല ബിദ്അത്ത് എന്ന ഒന്നില്ല. റസൂല്‍ صلى الله عليه وسلم പറഞ്ഞു: (എല്ലാ ബിദ്അത്തും വഴികേടാണ്)-മുസ്ലിം

89 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 ? ബിദ്അത്ത് ചെയ്യുന്നവരോട് അഹ്ലുസ്സുന്നയുടെ   നിലപാടെന്താണ്?

ചോദ്യം:89

? ബിദ്അത്ത് ചെയ്യുന്നവരോടുള്ള നിലപാടെന്താണ്?


മറുപടി: 

ബിദ്അത്ത് ചെയ്യുന്നവരെ സൂക്ഷിക്കുകയും അവരെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും, അവരോടൊന്നിച്ച് ഇരിക്കല്‍ ഉപേക്ഷിക്കുകയും, അവരുടെ ഗ്രന്ഥങ്ങള്‍ നോക്കാതിരിക്കുകയും ചെയ്യല്‍ നിര്‍ബന്ധമാണ്. ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു: (നീ തന്നിഷ്ടക്കാരോടൊപ്പം ഇരിക്കരുത്. നിശ്ചയം അവരോടൊപ്പം ഇരിക്കല്‍ ഹൃദയങ്ങള്‍ക്ക് രോഗമുണ്ടാക്കുന്നതാണ്)- അല്‍ഇബാന: 2/438


ഇമാം ബഗവി رحمه الله പറഞ്ഞു: സ്വഹാബികളും, താബിഉകളും, താബിഉ താബിഉകളും, അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാ രും ബിദ്അത്ത് ചെയ്യുന്നവരോട് ശത്രുതയിലാവുന്നതിലും, അവരെ ബഹിഷ്കരിക്കുന്നതിലും യോജിച്ച അഭിപ്രായത്തില്‍ കഴിഞ്ഞു പോയിരിക്കുന്നു- ശര്‍ഹുസ്സുന്ന: 1/127


87 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 

ചോദ്യം: 87

? മതത്തില്‍ ബിദ്അത്ത് ചെയ്യുന്നതിന്‍റെ വിധി എന്താണ്?

മറുപടി: 

അത് നിഷിദ്ധമാണ്, പാപങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ കഠിനമാണത്.


റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിശ്ചയം വര്‍ത്തമാനങ്ങളില്‍ ഉത്തമമായത് അല്ലാഹുവിന്‍റെ ഗ്രന്ഥമാണ്, മാര്‍ഗ്ഗദര്‍ശനത്തില്‍ ഉത്തമമായത് മുഹമ്മദ് صلى الله عليه وسلم യുടെ മാര്‍ഗ്ഗദര്‍ശനമാണ്. (മത) കാര്യങ്ങളില്‍ തിന്‍മയായിട്ടുള്ളത് അതില്‍ പുതുതായുണ്ടായവയാണ്, എല്ലാ ബിദ്അത്തും വഴികേടാണ്- മുസ്ലിം



86 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 

ചോദ്യം: 86


? ബിദ്അത്തിന്‍റെ നിര്‍വ്വചനം എന്താണ്?


മറുപടി: 

റസൂല്‍ صلى الله عليه وسلم യോ, സ്വഹാബിമാരോ ചെയ്യാത്തവ കൊണ്ട് അല്ലാഹുവിന് ആരാധന ചെയ്യലാണ് ബിദ്അത്ത്.



Monday, 3 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 108 دروس الحديث - അന്ത്യദിനത്തിന്‍റെ അടയാളങ്ങള്‍

 

عن أَبي مُوسَى: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ بَيْنَ يَدَيِ السَّاعَةِ أَيَّامًا، يُرْفَعُ فِيهَا العِلْمُ، وَيَنْزِلُ فِيهَا الجَهْلُ، وَيَكْثُرُ فِيهَا الهَرْجُ» وَالهَرْجُ: القَتْلُ- رواه البخاري ومسلم

അബൂമൂസ h നിവേദനം. നബി g പറഞ്ഞു: നിശ്ചയം അന്ത്യ ദിനത്തിന്‍റെ മുന്നോടിയായി ചില ദിവസങ്ങള്‍ വരാനുണ്ട്, അതില്‍ അറിവ് ഉയര്‍ത്തപ്പെടുകയും, അറിവില്ലായ്മ ഇറക്കപ്പെടുകയും, ഹര്‍ജ് അഥവാ കൊല വര്‍ദ്ധിക്കുകയും ചെയ്യും. (ബുഖാരി മുസ് ലിം)


വിവരണം

v അന്ത്യ ദിനത്തിന്‍റെ അടയാളങ്ങളായിട്ടുള്ള ചില കാര്യങ്ങളാണ് ഹദീസില്‍ വിശദീകരിച്ചിരിക്കുന്നത്.

v അന്ത്യദിനത്തിന് തൊട്ടുമുമ്പായി വിജ്ഞാനം ഉയര്‍ത്തപ്പെടുകയും അഥവാ വിജ്ഞാനം ലോകത്ത് നിന്ന് നഷ്ടമാവുകയും, അജ്ഞത സമൂഹത്തില്‍ വരികയും, കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും.

v  ഇതില്‍ പറയപ്പെട്ട ലക്ഷണങ്ങളെല്ലാം നമ്മുടെ കണ്‍മുന്നില്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. വിജ്ഞാനം ഉള്ളവര്‍ കുറവായിരിക്കുന്നു, അറിവില്ലായ്മ സമൂഹത്തില്‍ വ്യാപകമായിരിക്കുന്നു, കൊലപാതങ്ങളും വര്‍ദ്ധിച്ചിരിക്കുന്നു. മാത്രമല്ല അന്ത്യദിനത്തിന്‍റെ അടയാളമായി പറയപ്പെട്ട പല കാര്യങ്ങളും നമ്മുടെ ചുറ്റുപാടുകളില്‍ സംഭവിച്ച് കൊണ്ടിരിക്കുകയും ചെയ്തിരിക്കുന്നു.

v വിജ്ഞാനം ഒന്നടങ്കം ഉയര്‍ത്തപ്പെടുകയില്ല, അറിവുള്ള പണ്ഡിതന്‍മാരെ മരിപ്പിച്ച് കൊണ്ടായിരിക്കും ഇല്‍മിനെ ഉയര്‍ത്തുന്നത്. പരിപൂര്‍ണ്ണമായും ഇല്‍മ് ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ല.

v ഈ ഹദീസില്‍ പറയപ്പെട്ട വിജ്ഞാനം വിശുദ്ധ ക്വുര്‍ആനിന്‍റേയും തിരുസുന്നത്തിന്‍റേയും വിജ്ഞാനമാണ്. നബിമാരിലൂടെ കൈമാറി വന്ന വിജ്ഞാനമാണത്. പണ്ഡിതന്‍മാര്‍ നബിമാരുടെ അനന്തരാവകാശികളാണ്, അവര്‍ വിജ്ഞാനമാണ് അനന്തരമെടുത്തത്. അവരുടെ മരണത്തിലൂടെ അറിവ് നഷ്ടപ്പെടുകയും, സുന്നത്തുകള്‍ ഇല്ലാതാവുകയും, ബിദ്അത്തുകള്‍ വെളിപ്പെടുകയും അറിവില്ലായ്മ പ്രചരിക്കുകയും ചെയ്യും.

v പണ്ഡിതന്‍മാരില്ലാത്തപ്പോള്‍ വിവരമില്ലാത്തവര്‍ ഫത് വ നല്‍കുന്ന അവസ്ഥയുണ്ടാവും, അവര്‍ വഴിതെറ്റുകയും മറ്റുള്ളവരെ വഴി തെറ്റിക്കുകയും ചെയ്യും.

v കൊലപാതകം ഇന്ന് വ്യാപിച്ച് കൊണ്ടിരിക്കുന്നു. അന്യായമായി ഒരു ആത്മാവിനെയും വധിക്കാന്‍ പാടില്ല. അത് മഹാ അപരാധമാകുന്നു. ആത്മഹത്യയും, കൊലപാതകങ്ങളും വലിയ ദുരന്തങ്ങളായി കാണപ്പെട്ടു കൊണ്ടിരിക്കുന്ന കാലമാണിത്. ഉറ്റവരെയും ഉടയവരെയും വരെ നിസാര കാര്യങ്ങള്‍ക്ക് വേണ്ടി കൊന്നൊടുക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു.


 ഹദീസില്‍ നിന്നള്ള പാഠങ്ങള്‍:

1- അന്ത്യ ദിനത്തിന്‍റെ അടയാളമായി പറയപ്പെട്ടവ സമൂഹത്തില്‍ വ്യാപിക്കും,അറിവ് ഉയര്‍ത്തലും, അറിവില്ലായ്മ പരക്കലും, മദ്യപാനം വര്‍ധിക്കലും, വ്യഭിചാരം പ്രകടമാകലും എല്ലാം വലിയ തോതില്‍ അന്ത്യദിനത്തിന്‍റെ മുന്നോടിയായി കാണപ്പെടും. ഇതിന് വിപരീതമായ കാര്യങ്ങള്‍ വളരെ കുറയുന്ന സാഹചര്യമായിരിക്കും അന്ന്.

2- അറിവില്ലായ്മ എന്നാല്‍ മതപരമായ വിഷയങ്ങളില്‍ അറിവില്ലായ്മ പെരുകും എന്നാണ്. ഭൗതിക വിജ്ഞാനങ്ങള്‍ ഇതില്‍ പെടില്ല. ഇസ്ലാമിന്‍റെ അടിസ്ഥാന കാര്യങ്ങള്‍ പോലും നല്ല പോലെ അറിയാത്ത അവസ്ഥയായിരിക്കും ഉണ്ടാവുക.

3- അറിവിനെ ഉയര്‍ത്തുന്നത് അറിവുള്ളവരുടെ മരണത്തിലൂടെയാണ്.

4- അറിവില്ലാത്തവരില്‍ നിന്ന് അറിവ് തേടുന്ന അവസ്ഥ അന്ത്യ ദിനത്തിന്‍റെ അടയാളത്തില്‍ പെട്ടതാണ്. പല യുവാക്കളും മത വിഷയത്തില്‍ ഫത്വ നല്‍കാന്‍ ധൈര്യം കാണിക്കുന്ന അവസ്ഥ കാണാവുന്നതാണ്. അങ്ങനെ ഫത്വകള്‍ നല്‍കി വഴിതെറ്റിക്കുന്നതും ഇതില്‍ പെടും. 

85 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

  

ചോദ്യം: 85


? ക്രിസ്മസ് പോലെയുള്ള  ആഘോഷങ്ങള്‍ക്ക് ആശംസയര്‍പ്പിക്കുന്നതിന്‍റെ വിധിയെന്താണ്?


മറുപടി: 

ശൈഖ് ഇബ്നു ഉഥൈമീന്‍ رحمه الله പറഞ്ഞു: മുസ്ലീംകളല്ലാത്തവരുടെ മതപരമായ ആഘോഷങ്ങളില്‍ പെട്ട ക്രിസ്മസിനോ മറ്റോ ആശംസയര്‍പ്പിക്കുന്നത് പണ്ഡിതരുടെ യോജിച്ച അഭിപ്രായമനുസരിച്ച് നിഷിദ്ധമാണ്. അഹ്കാമു അഹ്ലിദ്ദിമ്മ എന്ന ഗ്രന്ഥത്തില്‍ ഇബ്നുല്‍ ക്വയ്യിം അത് പണ്ഡിതന്‍മാരില്‍ നിന്ന് ഉദ്ധരിച്ചിട്ടുള്ളത് പോലെ. (ഫതാവാ ഇബ്നി ഉഥൈമീന്‍: 3/44)


Sunday, 2 February 2025

84 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 

ചോദ്യം: 84

? വലാഅ്, ബറാഅ് (സ്നേഹവും, വെറുപ്പും) എന്നാല്‍ എന്താണ്?

മറുപടി: 

വലാഅ് എന്നാല്‍ അല്ലാഹുവിനോടും റസൂല്‍ g യോടും, മുസ്ലീംകളോടും ഉള്ള സ്നേഹവും സഹായവുമാണ്.

ഇതിന് തെളിവ്: അല്ലാഹു പറഞ്ഞു:

ﱡﭐ  إِنَّمَا وَلِيُّكُمُ اللَّهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ (55) وَمَنْ يَتَوَلَّ اللَّهَ وَرَسُولَهُ وَالَّذِينَ آمَنُوا فَإِنَّ حِزْبَ اللَّهِ هُمُ الْغَالِبُونَ  المائدة: ٥٥ - ٥٦ 

(അല്ലാഹുവും അവന്‍റെ ദൂതനും, താഴ്മയുള്ളവരായിക്കൊണ്ട് നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്രങ്ങള്‍. * വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും, സത്യവിശ്വാസികളെയും മിത്രങ്ങളായി സ്വീകരിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷി തന്നെയാണ് വിജയം നേടുന്നവര്‍.) (മാഇദ:55-56)

ബറാഅ് എന്നാല്‍: സത്യനിഷേധത്തോടും, സത്യനിഷേധികളോടുമുള്ള വെറുപ്പും, അവരോടുള്ള ശത്രുതയുമാണ്. 

ഇതിന് തെളിവ്: അല്ലാഹു പറഞ്ഞു:

ﭐﱡﭐ  قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنْكُمْ وَمِمَّا تَعْبُدُونَ مِنْ دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّى تُؤْمِنُوا بِاللَّهِ وَحْدَهُ  الممتحنة: ٤ 

(നിങ്ങള്‍ക്ക് ഇബ്റാഹീമിലും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു.) (മുംതഹന:4)


Saturday, 1 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 107 دروس الحديث - ഊഹം ഒരു രോഗമാണ്

 

عَنِ الأَعْرَجِ، قَالَ: قَالَ أَبُو هُرَيْرَةَ: يَأْثُرُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «إِيَّاكُمْ وَالظَّنَّ، فَإِنَّ الظَّنَّ أَكْذَبُ الحَدِيثِ، وَلاَ تَجَسَّسُوا، وَلاَ تَحَسَّسُوا، وَلاَ تَبَاغَضُوا، وَكُونُوا إِخْوَانًا- البخاري ومسلم

അഅ്റജ്  നിവേദനം, അബൂ ഹുറൈറ h നബി  g യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന: നബി  g പറഞ്ഞു: നിശ്ചയം നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കണം. നിശ്ചയം ഊഹം സംസാരത്തിലെ ഏറ്റവും കളവായതാണ്. നിങ്ങള്‍ ചാരവൃത്തി നടത്തരുത്, നിങ്ങള്‍ കാര്യങ്ങള്‍ ചൂഴ്ന്നന്വേഷിക്കരുത്, നിങ്ങള്‍ പരസ്പരം പക കാണിക്കരുത്. നിങ്ങള്‍ സഹോദരന്‍മാരായിത്തീരുക. (ബുഖാരി, മുസ്ലിം)


വിവരണം

· സാമൂഹികമായി മനുഷ്യര്‍ ശ്രദ്ധിക്കേണ്ട വലിയ മര്യാദകളാണ് ഈ ഹദീസിന്‍റെ ഉള്ളടക്കം. ഇവ സമൂഹത്തിലെ ആളുകള്‍ പാലിച്ചാല്‍ പല പ്രശ്നങ്ങള്‍ക്കും അസ്വാരസ്യങ്ങള്‍ക്കും പരിഹാരമാകും.


·  ഒരു വിശ്വാസി കാര്യങ്ങളില്‍ ഇടപെടേണ്ടത് ഉറപ്പ് കൊണ്ടാണ്, ഊഹം കൊണ്ടല്ല. ഊഹങ്ങള്‍ തെറ്റാവാന്‍ ഇടയുണ്ട്. അല്ലാഹു പറയുന്നു:

ﱡﭐ يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ الحجرات: ١٢

സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. (ഹുജുറാത്ത്:12)


· നമ്മള്‍ ഊഹിക്കുന്നതാണ് ശരി എന്ന് നമുക്ക് ഉറപ്പിക്കാന്‍ സാധിച്ച് കൊള്ളണമെന്നില്ല. ചിലപ്പോള്‍ അത് സംസാരത്തിലെ വലിയ കളവായി മാറും. അത് കൊണ്ടാണത് സൂക്ഷിക്കണം എന്ന് റസൂല്‍ g പറഞ്ഞത്.

· ഊഹം സംസാരത്തിലെ വലിയ കളവാണ് എന്ന് റസൂല്‍ g പറഞ്ഞത് ഊഹം മനസ്സിന്‍റെ സംസാരമായത് കൊണ്ടാണ്.

· ഊഹം നല്ലതും ചീത്തയും ഉണ്ട്. ഒരാളെ കുറിച്ച് നല്ലത് ഊഹിക്കല്‍ സ്തുത്യര്‍ഹമായ കാര്യമാണ്. അത് പോലെ അല്ലാഹുവിനെ കുറിച്ചും ഒരു വിശ്വാസിക്ക് നല്ല വിചാരം ആയിരിക്കണം.

· അല്ലാഹുവിനെ കുറിച്ചും, ഇതര മനുഷ്യരെ കുറിച്ചും മോശമായി ഊഹിക്കല്‍ മനസ്സിന്‍റെ രോഗമാണ്. അത് അപകടകരവുമാണ്.

· ജനങ്ങളെ കുറിച്ച് മോശമായി ഊഹിക്കാനുള്ള കാരണങ്ങള്‍:

1- ഒരാള്‍ സ്വന്തത്തെ നല്ലവനായി കാണല്‍, മുള്ളവരേക്കാള്‍ ഞാന്‍ നല്ലവനാണെന്ന തോന്നലാണത്.

2- മനസിന്‍റെ വൃത്തികേട് കാരണം.

3- മതവിഷയങ്ങളില്‍ അതിരു വിടലും അമിതമായ കാര്‍ക്കശ്യവും

4- മറ്റുള്ളവരെയും അവരുടെ അഭിപ്രായങ്ങളേയും പരിഗണിക്കാ തിരിക്കല്‍

5- ദേഹേച്ഛയെ പിന്തുടരല്‍

· ഊഹത്തിന്‍റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നോക്കി നടക്കലും (تجسس), അവരുടെ സംസാരങ്ങള്‍ ശ്രദ്ധിക്കലും (تحسس) പാടില്ലാത്തവയാണ്.

· പ്രത്യക്ഷവും പരോക്ഷവുമായ അവരുടെ കുറ്റങ്ങളും കുറവുകളും ചിക്കിചികയാന്‍ പാടില്ല എന്നാണ് ഹദീസിലുള്ളത്.

· അതുപോലെ മുസ്ലീംകള്‍ തമ്മില്‍ പരസ്പരം ദേഷ്യത്തില്‍ കഴിയുകയും അരുത്. വിശ്വാസികള്‍ പരസ്പരം സാഹോദര്യത്തില്‍ കഴിയേണ്ടവരാണ്.

· മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പ്രചരിപ്പിക്കുകയല്ല വേണ്ടത്. അവ മറച്ച് വെക്കുകയാണ് വേണ്ടത് എന്ന് നബി g പഠിപ്പിച്ചിട്ടുണ്ട്. അത്തരക്കാര്‍ക്ക് വലിയ പ്രതിഫലങ്ങളുമുണ്ട്.


ദുറൂസുല്‍ ഹദീസ് - ഭാഗം 106 دروس الحديث - പരദൂഷണം മഹാ അപകടം

 

 عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: أَتَدْرُونَ مَا الْغِيبَةُ؟ قَالُوا: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: ذِكْرُكَ أَخَاكَ بِمَا يَكْرَهُ، قِيلَ أَفَرَأَيْتَ إِنْ كَانَ فِي أَخِي مَا أَقُولُ ؟ قَالَ: إِنْ كَانَ فِيهِ مَا تَقُولُ، فَقَدِ اغْتَبْتَهُ، وَإِنْ لَمْ يَكُنْ فِيهِ فَقَدْ بَهَتَّهُ.- صحيح مسلم

അബൂ ഹുറൈറ h നിവേദനം. റസൂല്‍ g പറഞ്ഞു: പരദൂഷണം എന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അല്ലാഹുവിനും റസൂലിനുമാണ് കൂടുതല്‍ അറിയുക. റസൂല്‍ g പറഞ്ഞു: നിന്‍റെ സഹോദരന്‍ വെറുക്കുന്നതായ ഒരു കാര്യം അവനെ പറ്റി പറയലാണത്. ഞാന്‍ പറയുന്നത് എന്‍റെ സഹോദരനില്‍ ഉണ്ടെങ്കില്‍ താങ്കള്‍ എന്ത് പറയുന്നു എന്ന് ചോദിക്കപ്പെട്ടു. റസൂല്‍ g പറഞ്ഞു: നീ പറയുന്നത് അവനില്‍ ഉണ്ടെങ്കില്‍ താങ്കള്‍ അവനെ പരദൂഷണം പറഞ്ഞിരിക്കുന്നു, ഇനി അത് അവനില്‍ ഇല്ലെങ്കില്‍ നീ അവനെ കുറിച്ച് ആരോപണം പറഞ്ഞിരിക്കുന്നു. (മുസ്ലിം).

  

വിവരണം

vപരദൂഷണം പറയല്‍ നിഷിദ്ധമാണ്. അത് വലിയ പാപവും വ്യക്തിയിലും സമൂഹത്തിലും ധാരാളം അനന്തരഫലങ്ങള്‍ ഉണ്ടാക്കുന്നതുമായ വിപത്താണ്.

v  നിങ്ങള്‍ പരദൂഷണം പറയരുതെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്:

ﱡﭐوَلَا يَغْتَب بَّعْضُكُم بَعْضًا الحجرات: ١٢

നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചു പറയുകയും അരുത്. (ഹുജുറാത്ത്:12)

പരദൂഷണം മൂന്ന് വിധമുണ്ട്:

1- ഒരാളില്‍ ഉള്ള കാര്യം പറയല്‍

2- അയാളിലില്ലാത്ത കാര്യം പറയല്‍, അത് കളവ് കെട്ടിച്ചമക്കലാണ്.

3- ആരെങ്കിലും പറഞ്ഞ കാര്യം പ്രചരിപ്പിക്കല്‍


v  വിവിധ വിഷയങ്ങളില്‍ പരദൂഷണം സംഭവിക്കാനിടയുണ്ട്. മതം, സ്വഭാവം, ശരീരം, സമ്പത്ത്, മക്കള്‍, മാതാപിതാക്കള്‍, തറവാട്, ഭാര്യ, ഭര്‍ത്താവ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടെല്ലാം ഏഷണി സംഭവിക്കാം. അത് വാക്കിലൂടെയും, ഭാവ പ്രകടനത്തിലൂടെയും, ഗോഷ്ടി കാണിക്കുന്നതിലൂടെയും, ആംഗ്യത്തിലൂടെയും, എഴുത്തിലൂടെയും എല്ലാം സംഭവിക്കാം.

v  സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ഇതില്‍ പെടാന്‍ സാധ്യത കൂടുതലാണ്.

v  ഇതിന്‍റെ കാരണങ്ങള്‍:

1- വിശ്വാസ ദുര്‍ബലത

2- തിന്മ ചെയ്യുന്നവരോടൊത്തുള്ള സഹവാസം

3- അസൂയ

4- ദുന്‍യാവിനോടുള്ള ഇഷ്ടം

5- ഒഴിവ് സമയം കിട്ടല്‍

v  ചില സന്ദര്‍ഭങ്ങളില്‍ ഇത് പരദൂഷണം ആവില്ല: അവ:-

1- അക്രമത്തെ പറ്റിയും മറ്റും വിധികര്‍ത്താക്കളെ മുന്നില്‍ അവതരിപ്പിക്കല്‍.

2- മതത്തില്‍ ബിദ്അത്ത് ചെയ്യുന്നത് തുറന്ന് കാട്ടല്‍

3- ചില മതവിധി തേടുമ്പോള്‍ മറ്റുള്ളവരെ കുറിച്ച് പറയല്‍ അനിവാര്യമാണെങ്കില്‍ പറയാം.

4- വിവാഹന്വേഷണം നടത്തുമ്പോള്‍ വ്യക്തിയെ കുറിച്ച് യഥാര്‍ത്ഥ രൂപത്തില്‍ പറയാം.


v പരദൂഷണം പറയുന്നവന് ദുന്‍യാവിലും, ക്വബ്റിലും, അന്ത്യ ദിനത്തിലും, പരലോകത്തും ശിക്ഷകള്‍ അനുഭവിക്കേണ്ടി വരും.


v  പരദൂഷണത്തിനുള്ള ചികിത്സ:

1- തക്വ് വ

2- സ്വന്തം ന്യൂനതകളില്‍ വ്യാപൃതമാവല്‍, അതിനെ കുറിച്ച് ബോധമുള്ളവനാകല്‍

3- ആത്മ വിചാരണ ചെയ്യല്‍

4- അല്ലാഹുവിനെ ഓര്‍ക്കല്‍ പതിവാക്കല്‍

5- നല്ലവരോടൊത്ത് സഹവസിക്കല്‍


v ഏഷണി/പരദൂഷണം പറഞ്ഞു പോയാല്‍ അതിനുള്ള പ്രായശ്ചിത്തം:

1- ആരെക്കുറിച്ച് ഏഷണി/പരദൂഷണം പറഞ്ഞുവോ അവരോട് അത് പറഞ്ഞ് മാപ്പ് ചോദിക്കല്‍.

2- അതിന് സാധിച്ചില്ലെങ്കില്‍ അവര്‍ക്ക് വേണ്ടി നന്‍മക്കായി പ്രാര്‍ത്ഥിക്കല്‍

3- അല്ലാഹുവിനോട് തൗബ തേടല്‍.


​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...