ഫോളോ ചെയ്യാം

Thursday, 22 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 216 دروس الحديث - ബിദ്അത്തുകള്‍ സ്വീകരിക്കപ്പെടില്ല, തള്ളപ്പെടുന്നതാണ്

 

  الأربعون النووية-حديث:5 



ബിദ്അത്തുകള്‍ സ്വീകരിക്കപ്പെടില്ല.. 

തള്ളപ്പെടുന്നതാണ്

عَنْ أُمِّ الْمُؤْمِنِينَ أُمِّ عَبْدِ اللَّهِ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ: رَسُولُ اللَّهِ صلى الله عليه وسلم: "مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ".  رَوَاهُ الْبُخَارِيُّ [رقم:2697]، وَمُسْلِمٌ [رقم:1718].

وَفِي رِوَايَةٍ لِمُسْلِمٍ:"مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ" . 

ഉമ്മുല്‍ മുഅ'മിനീന്‍, ഉമ്മു അബ്ദില്ലാഹ് ആഇശ رَضِيَ اللَّهُ عَنْهَا പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറഞ്ഞു: നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) ഇല്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടുന്നതാണ്. 

ഇമാം മുസ്‌ലിം رحمه الله യുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: നമ്മുടെ കല്‍പനയില്ലാത്ത ഒരു പ്രവര്‍ത്തനം ആരെങ്കിലും ചെയ്‌താല്‍ അത് തള്ളപ്പെടുന്നതാണ്. 

വിവരണം
ഇസ്‌ലാമിന്‍റെ അടിസ്ഥാന നിയമങ്ങളില്‍ ഒന്നാണ് ഈ ഹദീസിലുള്ളത്. 
അല്ലാഹു ഇസ്‌ലാമിനെ പരിപൂര്‍ണ്ണമാക്കിയിട്ടുണ്ട്. ഇസ്‌ലാമിന്‍റെ പരിപൂര്‍ണ്ണതക്ക് ശേഷമാണ് റസൂല്‍ صلى الله عليه وسلم ഇഹലോകത്ത് നിന്ന് വിടവാങ്ങിയത്. ഇത് വിശുദ്ധ ക്വുര്‍ആനും സുന്നത്തും അറിയിക്കുന്ന കാര്യമാണ്. 
ഒരു വിശ്വാസി അവന്‍റെ ജീവിതത്തില്‍ റസൂല്‍ صلى الله عليه وسلم യെ പരിപൂര്‍ണ്ണമായി ഇത്തിബാഅ' (പിന്തുടരല്‍) ചെയ്യണം. അതില്ലെങ്കില്‍ അവന്‍റെ വിശ്വാസം ശരിയാവുകയില്ല. 
മതത്തില്‍ പുതുതായി ഒന്നും ഉണ്ടാക്കാന്‍ ആര്‍ക്കും അവകാശമില്ല. ആരെങ്കിലും മതത്തിലേക്ക് വല്ലതും കടത്തിക്കൂട്ടാന്‍ ശ്രമിക്കുകയോ അവ ചെയ്യുകയോ ചെയ്‌താല്‍ അത് വലിയ കുറ്റമാകുന്നു. ബിദ്അത്തുകള്‍ ചെയ്‌താല്‍ അത് അല്ലാഹു ഒരിക്കലും സ്വീകരിക്കില്ല. മാത്രമല്ല ആ ബിദ്അത്തിന്‍റെ പേരില്‍ അത് ചെയ്തവന്‍ ശിക്ഷിക്കപ്പെടുകയാണ് ഉണ്ടാവുക. 
ഭൗതിക കാര്യങ്ങള്‍ നമുക്ക് വേണ്ട പോലെ ചെയ്യാം. എന്നാല്‍ മത കാര്യങ്ങളില്‍ ക്വുര്‍ആനും ഹദീസും പഠിപ്പിക്കാത്തത് ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്‌താല്‍  അവ പാഴ് പ്രവര്‍ത്തനങ്ങളായി മാറും.

ഇസ്‌ലാം മനുഷ്യര്‍ക്ക് വേണ്ട ഒരു നന്മയേയും പഠിപ്പിക്കാതെ വിട്ടുപോയിട്ടില്ല. സമ്പൂര്‍ണ്ണവും സമഗ്രവുമായി എല്ലാ കാര്യങ്ങളും മതം അറിയിക്കുന്നുണ്ട്. തിന്മകളേയും ഇസ്‌ലാം അറിയിക്കുന്നുണ്ട്. എല്ലാ തിന്മകളില്‍ നിന്നും വിട്ടുനില്‍ക്കണം എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. 
ഇസ്‌ലാമിന്‍റെ പരിപൂര്‍ണ്ണത ക്വുര്‍ആന്‍ പ്രഖ്യാപിച്ചത് നമുക്ക് കാണാം. അല്ലാഹു പറയുന്നു:  
(ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.)- മാഇദ: 3
 
ഈ മതം പരിപൂര്‍ണ്ണമായ അവസ്ഥയില്‍, അതിൽ  ഏതെങ്കിലും വർദ്ധനവ് ചെയ്യുന്നതിനോ അതിന്‍റെ നിയമങ്ങളിൽ എന്തെങ്കിലും പുതുതായി ഉൾപ്പെടുത്തുന്നതിനോ ഇനി ഇടമില്ല. കാരണം, അല്ലാഹുവും റസൂല്‍ صلى الله عليه وسلم യും മതത്തിന്‍റെ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിരിക്കുന്നു. ആരാധനകൾ നിർവഹിക്കാനുള്ള രീതികൾ ശാരീഅത്ത് നിർദ്ദിഷ്ടമാക്കിയിട്ടുണ്ട്. അവയുടെ രൂപവും എണ്ണവും, സമയവും സ്ഥാനവും എല്ലാം നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. 
പ്രസ്തുത കാര്യങ്ങളെ അത് പോലെ പിന്തുടരാനാണ് ഇസ്‌ലാം കല്‍പിക്കുന്നത്. അതില്‍ കൈക്കടത്താനല്ല. 

മതത്തില്‍ അതിവാദത്തിനോ പുതു നിയമങ്ങളുണ്ടാക്കാനോ അല്ലാഹുവിന്‍റെ ഖുര്‍ആനും പ്രവാചകന്‍റെ  സുന്നത്തും ഇടം നല്‍കുന്നില്ല. ഇവക്കുപുറമേ മറ്റ് മാർഗം അന്വേഷിക്കുന്നവനും, തന്‍റെ അഭിപ്രായങ്ങള്‍ ഇരുവഹ്'യുകളുടെ മാർഗ്ഗദർശനത്തേക്കാള്‍ ഉത്തമമെന്നു അവകാശപ്പെടുന്നവനും ഇസ്‌ലാമില്‍ കുറ്റക്കാരാണ്. അവരും അവര്‍ കൊണ്ടു വന്നതും തള്ളപ്പെടേ ണ്ടതാണ്. 

"مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ" എന്ന് റസൂല്‍ صلى الله عليه وسلم പറഞ്ഞതില്‍ മതത്തില്‍ പുതുതായി ഉണ്ടാക്കപ്പെടുന്ന ഏത് കാര്യത്തെയും നിരോധിക്കുന്നു, പ്രത്യേകിച്ച് ആരാധനാ സംബന്ധമായ കാര്യങ്ങളില്‍ എന്തെങ്കിലും പുതിയതായി ചേര്‍ക്കുന്നത് ഖണ്ഡിതമായി വിലക്കിയിരിക്കുന്നു. ഇവിടെ പറയുന്ന "أمرنا" എന്നത് അല്ലാഹുവിന്‍റെ വഹ്'യും ശരീഅത്തുമാണ്. 

അതിന്‍റെ അടിസ്ഥാനത്തിൽ, ഓരോ ആരാധനയും ശരീഅത്ത് വിധിച്ചതും, അല്ലാഹുവിന്‍റെ കല്‍പനക്ക് വിധേയമായിട്ടുള്ളതുമായിരിക്കണം. അതല്ലാത്തതെല്ലാം, അതിന്‍റെ ആളിലേക്ക് തന്നെ മടക്കപ്പെടുന്നതായിരിക്കും. അത് അവന്‍റെ കാഴ്ചപ്പാടിൽ നല്ലതായിരുന്നാലും ശരി.

അല്ലാഹുവിന്‍റെ അടുക്കല്‍ ഒരു കാര്യം അംഗീകരിക്കപ്പെടുന്നതിന്‍റെ മാനദണ്ഡം അത് നന്നാവലും, അവന്‍റെ കല്‍പനയോട് യോജിച്ചതാവലുമാണ്. ഫുദൈലുബ്നുഇയാദ് رحمه الله പറഞ്ഞു:

"إن الله تعالى لا يقبل من العمل إلا ما كان خالصا، ولا يقبله إذا كان خالصا له إلا على السنة"

നിശ്ചയം ഇഖ്ലാസ്വോട് കൂടിയല്ലാതെയുള്ള ഒരു കര്‍മത്തെയും അല്ലാഹു സ്വീകരിക്കില്ല. ഇനി ഇഖ്‌ലാസ്വോട് കൂടിയുള്ളതാണെങ്കിലും  സുന്നത്തനുസരിച്ചുള്ളതല്ലെങ്കില്‍ അല്ലാഹു സ്വീകരിക്കില്ല.  

അത് കൊണ്ട് തന്നെ, ആരാധനകൾ ശരീഅത്തിലും സുന്നത്തിലും സ്ഥിരപ്പെട്ടതായിരിക്കണം.

മതത്തില്‍ ബിദ്അത്തുണ്ടാക്കുകയും റസൂല്‍ صلى الله عليه وسلم യോട് എതിരാവുകയും ചെയ്യുന്നത് വലിയ കുറ്റമായാണ് ഇസ്‌ലാം കാണുന്നത്. അത്തരക്കാര്‍ക്ക് വലിയ ശിക്ഷകള്‍ ഉണ്ടാവുകയും ചെയ്യും. ബിദ്അത്തുകള്‍ ഉണ്ടാക്കുന്നവര്‍ വലിയ പാപങ്ങള്‍ ചെയ്യുന്നവരെക്കാള്‍ വലിയ കുറ്റക്കാരാണ് എന്ന് പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ട്.
സുന്ദരമായ ഈ മതത്തെ പുത്തനാചാരങ്ങള്‍ കൊണ്ട് വികൃതമായി അവതരിപ്പിക്കുന്നതിന് ധാരാളം ഉദാഹരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. നബി صلى الله عليه وسلم ജാഗ്രത കൈക്കൊള്ളണമെന്ന് അറിയിച്ച കാര്യങ്ങളില്‍ തന്നെ ഈ ഉമ്മത്തിലെ ആളുകള്‍ പ്രവേശിക്കുന്നത് അത്യന്തം ഗൗരവമുള്ള കാര്യമാണ്. 
ആരാധനാ കാര്യങ്ങള്‍ മതം പഠിപ്പിച്ച രൂപത്തില്‍ മാത്രം ചെയ്തെങ്കിലേ സ്വീകരിക്കപ്പെടുകയുള്ളൂ. റസൂല്‍ صلى الله عليه وسلم പഠിപ്പിച്ച രൂപത്തില്‍ മാത്രം ആരാധനകള്‍ ചെയ്യപ്പെടണം. ഇല്ലെങ്കില്‍ കര്‍മങ്ങള്‍ വൃതാവിലാകും എന്ന് നാം മനസ്സിലാക്കണം.


Wednesday, 21 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 215 دروس الحديث - ഈ നാല് കാര്യങ്ങള്‍ ഗര്‍ഭാശയത്തില്‍ വെച്ച് നിര്‍ണ്ണയിക്കപ്പെടുന്നു

  الأربعون النووية-حديث:4 



 ഈ നാല് കാര്യങ്ങള്‍ ഗര്‍ഭാശയത്തില്‍ വെച്ച് നിര്‍ണ്ണയിക്കപ്പെടുന്നു

عَنْ أَبِي عَبْدِ الرَّحْمَنِ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه قَالَ: حَدَّثَنَا رَسُولُ اللَّهِ صلى الله عليه وسلم -وَهُوَ الصَّادِقُ الْمَصْدُوقُ-: "إنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا نُطْفَةً، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يُرْسَلُ إلَيْهِ الْمَلَكُ فَيَنْفُخُ فِيهِ الرُّوحَ، وَيُؤْمَرُ بِأَرْبَعِ كَلِمَاتٍ: بِكَتْبِ رِزْقِهِ، وَأَجَلِهِ، وَعَمَلِهِ، وَشَقِيٍّ أَمْ سَعِيدٍ؛ فَوَاَللَّهِ الَّذِي لَا إلَهَ غَيْرُهُ إنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ فَيَسْبِقُ عَلَيْهِ الْكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ النَّارِ فَيَدْخُلُهَا. وَإِنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ النَّارِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ فَيَسْبِقُ عَلَيْهِ الْكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ فَيَدْخُلُهَا".رَوَاهُ الْبُخَارِيُّ [رقم:3208]، وَمُسْلِمٌ [رقم:2643].  

അബ്ദുല്ലാഹിബ്നു മസ്ഊദ്  رضي الله عنه പറഞ്ഞു: സത്യസന്ധനും സത്യപ്പെടുത്തപ്പെടുന്നവരുമായ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم  ഞങ്ങളോട് പറഞ്ഞിരിക്കുന്നു. ‘നിങ്ങളില്‍ ഓരോരുത്തരുടെയും സൃഷ്ടിപ്പ് നാല്പത് ദിവസം തന്‍റെ മാതാവിന്‍റെ വയറ്റില്‍ ബീജകണമായി സംയോജിക്കപ്പെടുന്നു. പിന്നെ നാല്‍പത് ദിവസക്കാലം രക്തക്കട്ടയായും പിന്നെ അത്രതന്നെ കാലം മാംസപിണ്ഡമായും കഴിയും. പിന്നീട് അതിലേക്ക് ഒരു മലക്ക് അയക്കപ്പെടും. അത് അതില്‍ ആത്മാവിനെ (روح) ഊതുകയും നാല് വചനങ്ങള്‍ കല്‍പ്പിക്കപ്പെടുകയും ചെയ്യും. അത് അതിന്‍റെ ജീവിതോപാധി, ആയുസ്, കര്‍മം, ഭാഗ്യവാനോ നി൪ഭാഗ്യവാനോ തുടങ്ങിയവ രേഖപ്പെടുത്തിയാണ്. അല്ലാഹുവാണ് സത്യം, അവനല്ലാതെ ഒരു ആരാധ്യനില്ല. ഒരാളുടെയും സ്വര്‍ഗ്ഗത്തിന്‍റെയും ഇടക്ക് ഒരു മുഴം അകലമുള്ളൂവെന്ന അവസ്ഥ വരുന്നത് വരെ നിങ്ങളില്‍ ഒരാള്‍ സ്വ൪ഗ്ഗക്കാരുടെ കര്‍മം ചെയ്യും. അപ്പോള്‍ അവന്‍റെ വിധി അവനെ മുന്‍ കടക്കുകയും അനന്തരം അവന്‍ നരകക്കാരുടെ കര്‍മം ചെയ്യുകയും തുടര്‍ന്ന് അവന്‍ നരകത്തില്‍ പ്രവേശിക്കുകയും ചെയ്യും. (അത് പോലെ) ഒരാളുടെയും നരകത്തിന്‍റെയും  ഇടക്കുള്ള ദൂരം ഒരു മുഴം അകലമുള്ളൂവെന്ന അവസ്ഥ വരുന്നത് വരെ നിങ്ങളില്‍ ഒരാള്‍ നരകാവകാശിയുടെ കര്‍മം ചെയ്യും. അപ്പോള്‍ വിധി അവനെ മുന്‍കടക്കുകയും അനന്തരം അവന്‍ സ്വ൪ഗ്ഗാവകാശിയുടെ കര്‍മം ചെയ്യുകയും അങ്ങനെ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും. (ബുഖാരി, മുസ്‌ലിം).

വിവരണം
ഓരോരുത്തരുടേയും വിധികള്‍ അല്ലാഹു ലൌഹുല്‍ മഹ്ഫൂദില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. 
അത് അല്ലാഹു ഉദ്ദേശിക്കുന്നതിനനുസരിച്ച് സംഭവിക്കും. 
ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ ആ വിധി സമര്‍പ്പിക്കുന്ന സന്ദര്‍ഭത്തെ ഈ ഹദീസ് അറിയിക്കുന്നു. 
ഒരു ഗര്‍ഭസ്ഥ ശിശുവിന് ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ നാല് ഘട്ടങ്ങളുണ്ട്. ഓരോന്നും നാല്‍പത് ദിവസമാണ്. അവ:
ഒന്ന്: അണ്ഡവും ബീജവും ഒന്നിച്ച് ചേര്‍ന്ന അവസ്ഥ.
രണ്ട്: രണ്ടാമത്തെ ഘട്ടത്തില്‍ അവന് വെറുമൊരു രക്തപിണ്ഡമാണ്.
മൂന്ന്: ശേഷം അവന് മാംസ പിണ്ഡമാകുന്നു. ഒരാള്‍ക്ക് വായില്‍ ഇട്ട് ചവക്കാവുന്നത്ര ചെറിയ മാംസക്കട്ടയാണ് അത്. 
നാല്: ഈ ഘട്ടത്തില്‍ അവന് രൂപവും ആകൃതിയും കൈവരികയും നാല് മാസം പൂര്‍ത്തിയാവുകയും ചെയ്യും.
അല്ലാഹു പറയുന്നു:  (പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു.) മുഅ'മിനൂന്‍:14

ശേഷം ആത്മാവ് നല്‍കാന്‍ ചുമതലയുള്ള മലക്ക് വരികയും ആത്മാവ് നല്‍കുകയും ചെയ്യും. അതോടൊപ്പം നാല് കാര്യങ്ങള്‍ കല്‍പ്പിക്കപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്യും.
ഒന്ന്: അവനുള്ള ഭൗതിക വിഭവങ്ങള്‍ (رزق)
രണ്ട്: അവന്‍റെ ആയുസ്സ് (أجل)
മൂന്ന്: അവന്‍റെ കര്‍മങ്ങള്‍ (عمل)
നാല്: അവന് ദൗര്‍ഭാഗ്യവാനാണോ സൗഭാഗ്യവാനാണോ എന്നീ കാര്യങ്ങള്‍.

ഒരു മനുഷ്യന് ജീവിക്കാന്‍ ആവശ്യമായ ഭൗതിക വിഭവങ്ങള്‍ അല്ലാഹു അവന് നിര്‍ണ്ണയിച്ചിട്ടുണ്ട്. അത് അവന് ലഭിക്കുകതന്നെ ചെയ്യും. ആ നിര്‍ണ്ണയമനുസരിച്ച് മാത്രമേ അവ അവന് ലഭിക്കുകയുള്ളൂ. വിഭവങ്ങളില്‍ ധൂര്‍ത്തും പാഴാക്കലും അവന്‍റെ ജീവിതത്തെ ബാധിക്കും. 
ഒരാള്‍ ഭൂമിയില്‍ എത്ര കാലം ജീവിക്കും എന്നും രേഖപ്പെടുത്തപ്പെട്ടതാണ്. ആ അവധി അനുസരിച്ച് അവന്‍റെ ജീവതം കഴിയും. അതില്‍ മുന്തിക്കാലോ പിന്തിക്കലോ നടക്കില്ല. ഓരോ നിമിഷങ്ങള്‍ കഴിയുമ്പോഴും നമ്മുടെ അവധി തീരുകയാണ് എന്നും ആയുസ് കുറയുകയാണ് എന്നും നാം അറിയണം.
ഓരോരുത്തരും എന്താണ് പ്രവര്‍ത്തിക്കുക എന്നും രേഖപ്പെടുത്തപ്പെട്ടതാണ്. ഓരോ കാര്യങ്ങളും സംഭവിക്കുന്നതിന് മുമ്പേ തന്നെ അവയെക്കുറിച്ചുള്ള അല്ലാഹുവിന്‍റെ അറിവിന്‍റെ അടിസ്ഥാനത്തിലാണ് ഇത് രേഖപ്പെടുത്തിയത്. അല്ലാതെ അല്ലാഹു ചിലരോട് അനീതിയും ചിലരോട് നീതിയും ചെയ്തു എന്ന് വിവരമില്ലാത്തവര്‍ പറയുന്നത് പോലെയല്ല. 
ഒരാള്‍ക്ക് ജീവിതത്തില്‍ കര്‍മങ്ങള്‍ എങ്ങനെ ആക്കണമെന്ന സ്വാതന്ത്ര്യം അല്ലാഹു നല്‍കിയിട്ടുണ്ട്. നല്ലത് തെരെഞ്ഞെടുക്കാം അല്ലെങ്കില്‍ ചീത്ത തെരെഞ്ഞെടുക്കാം. നന്ദിയുള്ളവനാകാം അല്ലെങ്കില്‍ നന്ദി കേട്ടവനാകാം. നല്ലത് ചെയ്‌താല്‍ നല്ല പ്രതിഫലവും ചീത്ത ചെയ്‌താല്‍ ശിക്ഷയും ലഭിക്കും. ഇത് വിശുദ്ധ ക്വുര്‍ആന്‍ അറിയിക്കുന്ന കാര്യമാണ്. 
 
മനുഷ്യന്‍റെ ജീവിതം മൊത്തത്തില്‍ രണ്ട് വിധമാണ്. 
ഒന്ന്: സൗഭാഗ്യമുള്ള ജീവിതം.
രണ്ട്: ദൗര്‍ഭാഗ്യം നിറഞ്ഞ ജീവിതം. 

ജീവിതത്തില്‍ ഭാഗ്യ-ദൗര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞു വരുന്നതാണ്. സൗഭാഗ്യങ്ങളില്‍ അഹങ്കരിക്കുകയും ദൗര്‍ഭാഗ്യങ്ങളില്‍ നിരാശരാവുകയും ചെയ്യാന്‍ പാടില്ല. 
ഒരു ജീവിത കാലം മുഴുവന്‍ നന്‍മ ചെയ്ത് സ്വര്‍ഗ്ഗത്തിലേക്ക് ഒരു മുഴം ദൂരം മാത്രം ഉള്ളപ്പോള്‍ അവന്‍റെ അവസ്ഥ മാറാനിടയുണ്ടെന്ന് റസൂല്‍ صلى الله عليه وسلم ആണ് അറിയിച്ചത്. സ്വര്‍ഗ്ഗത്തോട് അടുത്തെത്തിയപ്പോള്‍ ആണ് അവന്‍റെ വിധി മാറുന്നത്. അങ്ങനെ അവന് നരകക്കാരുടെ കര്‍മങ്ങളില്‍ ഏര്‍പ്പെടുകയും നരകാവകാശി ആവുകയും ചെയ്യും. 
ചെയ്ത നന്മകളില്‍ അഹങ്കരിക്കാതെ ഹിദായത്ത് നിലനിര്‍ത്താനും സന്മാര്‍ഗ്ഗത്തില്‍ ഉറച്ച്നില്‍ക്കാനും വേണ്ട കാര്യങ്ങള്‍ ചെയ്യാനാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. 
ധാരാളം തിന്മകള്‍ ചെയ്യുന്നവര്‍ക്കും വിധിയില്‍ മാറ്റം ഉണ്ടായേക്കാം. അത്തരക്കാര്‍ നിരാശരാവുകയോ മറ്റുള്ളവര്‍ അവരെ പരിഹസിക്കുകയോ ചെയ്യേണ്ടതില്ല. അവര്‍ക്ക് നസ്വീഹത്തും അവരെ ഗുണദോഷിക്കലുമാണ് വേണ്ടത്. 
തിന്മകള്‍ ചെയ്ത് നരകത്തോട് അടുത്തെത്തിയ ആള്‍, ഒരു മുഴം അഥവാ ഇനി ഒരടി വെച്ചാല്‍ നരകത്തിലെന്ന പോലെയുള്ള ആളുടെ വിധിയും മാറും എന്ന്‍  റസൂല്‍ صلى الله عليه وسلم അറിയിച്ചിരിക്കുന്നു. അയാള്‍ നല്ല കാര്യങ്ങള്‍ ചെയ്യുകയും അല്ലാഹു അവന് പൊറുത്ത് കൊടുക്കുകയും അനന്തരം അവന് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും. 
ഒരാളുടെ ജീവിതത്തിന്‍റെ അവസാനം എങ്ങനെയാണ് എന്നാണ് പരിഗണിക്കപ്പെടുന്നത്. നല്ല പര്യവസാനമാണെങ്കില്‍ അവന് സ്വര്‍ഗ്ഗാവകാശിയാകുന്നു. മോശം പര്യവസാനമാണെങ്കില്‍ അവന് നരകാവകാശിയും ആകുന്നു. ആയതിനാല്‍ നല്ല പര്യവസാനത്തിനായി പരിശ്രമിക്കുക. 

Tuesday, 20 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 214 دروس الحديث - ഇസ്‌ലാമിന്‍റെ അഞ്ച് സ്തംഭങ്ങള്‍


 الأربعون النووية-حديث:3 



 ഇസ്‌ലാമിന്‍റെ അഞ്ച് സ്തംഭങ്ങള്‍

ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങള് സ്‌ലാമിന്‍റെ അഞ്ച് സ്തംഭങ്ങള്‍

عَنْ أَبِي عَبْدِ الرَّحْمَنِ عَبْدِ اللَّهِ بْنِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُمَا قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: " بُنِيَ الْإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ". رَوَاهُ الْبُخَارِيُّ [رقم:8]، وَمُسْلِمٌ [رقم:16].  

അബ്ദുല്ലാഹിബ്നുഉമര്‍ رَضِيَ اللَّهُ عَنْهُمَا പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു: ഇസ്‌ലാം അഞ്ച് സ്തംഭങ്ങളിലായാണ് പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്ന ത്. لَا إلَهَ إلَّا اللَّهُ، مُحَمَّدٌ رَسُولُ اللَّهِ എന്നീ രണ്ട് സാക്ഷ്യ വാക്യങ്ങളും, നമസ്കാരം നിലനിര്‍ത്തലും, സകാത്ത് നല്‍കലും, ഹജ്ജ് ചെയ്യലും, റമദാനിലെ നോമ്പ് നോല്‍ക്കലും ആണ് അവ.

വിവരണം
  • ഈ ഹദീസ് മതത്തിന്‍റെ വിവരങ്ങളില്‍ അതിപ്രധാനമാണ്. ഇസ്‌ലാമിലെ അഞ്ച് അടിസ്ഥാന കാര്യങ്ങളെ വളരെ ചുരുങ്ങിയ സാരവത്തായ വാക്കുകളില്‍ വിവരിച്ചിരിക്കുന്നു. 
  • ഒരു കെട്ടിടം പോലെയാണ് ഇസ്‌ലാമിനെ ഉപമിച്ചിരിക്കുന്നത്. ചില ഭാഗങ്ങള്‍ ഒഴിവാക്കി മറ്റു ചില ഭാഗങ്ങള്‍ പൂര്‍ത്തീകരിക്കല്‍ ഒരു എടുപ്പില്‍ പറ്റില്ല. അത് പോലെയാണ് ഈ അഞ്ച് കാര്യങ്ങള്‍. ഒന്ന് നഷ്ടപ്പെട്ടാല്‍ ബാക്കിയുള്ളവയും നഷ്ടപ്പെടും.
  • ഈ അഞ്ച് സ്തംഭങ്ങളില്‍ ഓരോന്നും ഒരു വിശ്വാസി കാത്തുസൂക്ഷിക്കണം. 
  • അതിലെ ഏതെങ്കിലും ഒന്നില്‍ വിള്ളലുണ്ടായാല്‍ അവന്‍റെ മതകാര്യത്തില്‍ വിള്ളലുകള്‍ ഉണ്ടാകും. 
  • ഇസ്‌ലാം എന്നാല്‍ പരിപൂര്‍ണ്ണ സമര്‍പ്പണമാണ്‌. ഒരാള്‍ തന്‍റെ ജീവിതം അല്ലാഹുവിന് വേണ്ടി സമര്‍പ്പിക്കുന്നതാണത്. 
രണ്ട് സാക്ഷ്യവാക്യങ്ങള്‍
  • രണ്ട് സാക്ഷ്യവാക്യങ്ങള്‍ ഇസ്‌ലാമിന്‍റെ അടിത്തറയാണ്. ഒരാള്‍ മുസ്‌ലിം ആകണമെങ്കില്‍ ഈ രണ്ട് സാക്ഷ്യവാക്യങ്ങള്‍ മനസ്സറിഞ്ഞ് പറയുകയും ഉള്‍ക്കൊള്ളുകയും വേണം. 
  • സാക്ഷ്യവാക്യങ്ങള്‍ ഹൃദയത്തില്‍ തട്ടി അംഗീകരിച്ച് നാവ് കൊണ്ട് പ്രഖ്യാപിക്കേണ്ടതാണ്. 
  • അല്ലാഹുവിനെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ. അവനില്‍ ഒന്നിനേയും പങ്കു ചേര്‍ക്കാന്‍ പാടില്ല. ഇതാണ് لا إله إلا الله യുടെ പൊരുള്‍. 
  • لا إله إلا الله എന്നാല്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി ഒന്നും തന്നെ ഇല്ല എന്നാണ് അര്‍ത്ഥം. 
  • മുഹമ്മദ്‌ നബി صلى الله عليه وسلم യെ കൃത്യമായി പിന്‍പറ്റി ജീവിക്കല്‍ നിര്‍ബന്ധമാണ്‌.
  • محمد رسول الله എന്ന സാക്ഷ്യവാക്യം മുഹമ്മദ് നബി صلى الله عليه وسلم മുഴുവന്‍ മനുഷ്യരിലേക്കും ജിന്നുകളിലെക്കുമുള്ള ദൂതനാണ്‌ എന്ന പ്രഖ്യാപനമാണ്. 
  • محمد رسول الله യുടെ നാല് അടിസ്ഥാന കാര്യങ്ങള്‍ ഇവയാണ്:
1- റസൂല്‍ صلى الله عليه وسلم അറിയിച്ച കാര്യങ്ങളെ സത്യപ്പെടുത്തല്‍ 
2- റസൂല്‍ صلى الله عليه وسلم കല്പിച്ച കാര്യങ്ങളെ അനുസരിക്കല്‍ 
3- റസൂല്‍ صلى الله عليه وسلم വിരോധിച്ച കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ 
4- റസൂല്‍ صلى الله عليه وسلم അല്ലാഹുവിനെ ആരാധച്ച പോലെ മാത്രം നാം അല്ലാഹുവിനെ ആരാധിക്കല്‍. 
  • റസൂല്‍ صلى الله عليه وسلم ഒരു മനുഷ്യനാണ്. അല്ലാഹു അവരിലേക്ക് ദിവ്യബോധനം (وحي) നല്‍കിയിരിക്കുന്നു. 
  • ഒരു പാപവും കലര്‍ന്നിട്ടില്ലാത്ത ജീവിതത്തിന്‍റെ ഉടമയാണ് റസൂല്‍ صلى الله عليه وسلم. ഒരു കളവും റസൂല്‍ صلى الله عليه وسلم പറഞ്ഞിട്ടില്ല. മതം അനുശാസിക്കുന്ന പോലെ റസൂല്‍ صلى الله عليه وسلم യെ മനസ്സിലാക്കുകയും പിന്തുടരുകയും ചെയ്യല്‍ അനിവാര്യമാണ്. 
  • ഈ രണ്ട് സാക്ഷ്യവാക്യങ്ങളും പ്രധാനപ്പെട്ടതാണ്. ക്വുര്‍ആന്‍ മാത്രം മതി എന്ന് വാദിക്കുന്ന ഹദീസ് നിഷേധികള്‍ രണ്ടാമത്തെ സാക്ഷ്യവാക്യത്തെ നിഷേധിക്കുന്നവരാണ്.
നമസ്കാരം
  • നമസ്കാരം ഇസ്‌ലാമിലെ പ്രധാനപ്പെട്ട ആരാധനയാണ്. പ്രാര്‍ത്ഥന എന്നാണ് അതിന്‍റെ ഭാഷാര്‍ത്ഥം. അത് തക്ബീര്‍ കൊണ്ട് തുടങ്ങുകയും സലാം കൊണ്ട് അവസാനിക്കുകയും ചെയ്യുന്നു. 
  • അത് വാക്കുകളും പ്രവര്‍ത്തനങ്ങളുമാകുന്നു.
  • എല്ലാ ദിവസവും അഞ്ച് നേരത്തെ നമസ്കാരം നമുക്ക് നിര്‍ബന്ധമാണ്‌. അത് കൃത്യമായി ചെയ്യാന്‍ കഴിയണം. ഓരോ നമസ്കാരത്തിനും അതിന്‍റേതായ നിര്‍ണ്ണിത സമയമുണ്ട്. ആ സമയത്ത് തന്നെ അത് നിര്‍വ്വഹിക്കപ്പെടണം.
  • നമസ്കാരത്തിന്‍റെ വിഷയത്തില്‍ അലസത കാണിക്കാന്‍ പാടില്ല. നമസ്കാരം പാപങ്ങള്‍ മായ്ച്ചു കളയുന്ന ആരാധനയാണ്. 
സകാത്ത് അഥവാ നിര്‍ബന്ധ ദാനം
  • സകാത്ത് എന്നാല്‍ നിര്‍ബന്ധ ദാനമാണ്. സകാത്ത് എന്ന പദത്തിന്‍റെ ഭാഷാര്‍ത്ഥം വളര്‍ച്ച, ശുദ്ധി എന്നൊക്കെയാണ്. 
  • അത് നല്‍കാന്‍ ബാധ്യസ്ഥരായവര്‍ കൃത്യമായി അത് നല്‍കണം. അത് നല്‍കിയില്ലെങ്കില്‍ വലിയ ശിക്ഷകള്‍ അവര്‍ക്കുണ്ടാകും എന്ന് ക്വുര്‍ആനും ഹദീസുകളും അറിയിക്കുന്നുണ്ട്. 
  • നിര്‍ണ്ണിത സമയത്ത് നിര്‍ണ്ണിത ആളുകള്‍ക്ക് നല്‍കേണ്ട സമ്പത്തിലെ നിര്‍ബന്ധ ബാധ്യതയാണ് ഇത്. സൂചിപ്പിക്കപ്പെട്ടത് പോലെ ഇത് നല്‍കിയില്ലെങ്കില്‍ അവന്‍  മതത്തില്‍ നിന്ന് പുറത്ത് പോകും. 
നോമ്പ്
  • നോമ്പ് എന്നാല്‍ തടഞ്ഞ് വെക്കല്‍, ഒഴിവാക്കല്‍ എന്നൊക്കെയാണര്‍ത്ഥം. പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെ പ്രത്യേക രീതിയില്‍ ചില കാര്യങ്ങള്‍ തടഞ്ഞ് വെച്ച് കൊണ്ട് അനുഷ്ടിക്കുന്ന ആരാധനയാണത്.
  • അന്നപാനീയങ്ങളും അനാവശ്യങ്ങളും മോശം വാക്കുകളും പ്രവര്‍ത്തനങ്ങളുമെല്ലാം ഒഴിവാക്കുന്ന ഗണത്തില്‍ പെടും. 
ഹജ്ജ്
  • ഹജ്ജ് എന്നാല്‍ ഉദ്ദേശം എന്നാണ് ഭാഷാര്‍ത്ഥം. ആരാധനക്ക് വേണ്ടി അല്ലാഹുവിന്‍റെ ഭവനമായ കഅ'ബയെ ലക്ഷ്യം വെച്ച് പോകലാണ് അത്.  ഇതും വളരെ പ്രധാനപ്പെട്ട ആരാധനയാണ്.
  • കഴിവുള്ളവന്‍ ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാണ്‌. ഹജ്ജിന് ആവശ്യമായ യാത്രാ സൗകര്യവും ഭക്ഷണവും എല്ലാം ലഭ്യമായിട്ടുള്ള ആളാണ്‌ കഴിവുള്ളവന്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ശാരീരികമായും സാമ്പത്തികമായും കഴിവ് ഹജ്ജിന് ആവശ്യമാണ്‌. 
സംഗ്രഹം
  • ഈ ഹദീസില്‍ പറഞ്ഞ അഞ്ച് കാര്യങ്ങള്‍ ആരെങ്കിലും ചെയ്തില്ലെങ്കില്‍ അവന് ഇസ്ലാമിന്‍റെ വൃത്തത്തില്‍ നിന്ന് പുറത്ത് പോകുന്നതാണ്. 
  • ഇസ്‌ലാം വിശ്വാസം മാത്രമല്ല, പ്രവൃത്തികളിലൂടെയുള്ള പ്രാക്ടിക്കൽ ജീവിതം കൂടിയാണ്.
  • ഇസ്‌ലാം ആത്മാവ്, ശരീരം, ധനം, സമൂഹം എന്നിവയെ മുഴുവനായി ഉൾക്കൊള്ളുന്ന സമഗ്ര മതമാണ്.
  • ഇസ്‌ലാം വ്യക്തികളെ  അവരുടെ സ്രഷ്ടാവിനോടും, വ്യക്തിത്വത്തോടും, സമൂഹത്തോടും ബന്ധിപ്പിക്കുന്നു.


Monday, 19 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 213 دروس الحديث - ഹദീസു ജിബ്‌രീല്‍

الأربعون النووية-حديث:2 




ഹദീസു ജിബ്‌രീല്‍

عَنْ عُمَرَ رضي الله عنه أَيْضًا قَالَ: " بَيْنَمَا نَحْنُ جُلُوسٌ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم ذَاتَ يَوْمٍ، إذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعْرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ. حَتَّى جَلَسَ إلَى النَّبِيِّ صلى الله عليه وسلم . فَأَسْنَدَ رُكْبَتَيْهِ إلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخْذَيْهِ، وَقَالَ: يَا مُحَمَّدُ أَخْبِرْنِي عَنْ الْإِسْلَامِ. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم الْإِسْلَامُ أَنْ تَشْهَدَ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إنْ اسْتَطَعْت إلَيْهِ سَبِيلًا. قَالَ: صَدَقْت . فَعَجِبْنَا لَهُ يَسْأَلُهُ وَيُصَدِّقُهُ! قَالَ: فَأَخْبِرْنِي عَنْ الْإِيمَانِ. قَالَ: أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ. قَالَ: صَدَقْت. قَالَ: فَأَخْبِرْنِي عَنْ الْإِحْسَانِ. قَالَ: أَنْ تَعْبُدَ اللَّهَ كَأَنَّك تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاك. قَالَ: فَأَخْبِرْنِي عَنْ السَّاعَةِ. قَالَ: مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنْ السَّائِلِ. قَالَ: فَأَخْبِرْنِي عَنْ أَمَارَاتِهَا؟ قَالَ: أَنْ تَلِدَ الْأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ. ثُمَّ انْطَلَقَ، فَلَبِثْنَا مَلِيًّا، ثُمَّ قَالَ: يَا عُمَرُ أَتَدْرِي مَنْ السَّائِلُ؟. قلتُ: اللَّهُ وَرَسُولُهُ أَعْلَمُ. قَالَ: فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ ". رَوَاهُ مُسْلِمٌ [رقم:8]  .

ഉമർ رضي الله عنه പറഞ്ഞു: 
"ഒരു ദിവസം ഞങ്ങള്‍ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യുടെ സമീപത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ  തൂവെള്ള വസ്ത്രവും നന്നായി കറുത്ത തലമുടിയും ഉള്ള ഒരാൾ അവിടെ വന്നു. അദ്ദേഹത്തില്‍ യാത്രയുടെ ഒരു അടയാളവും കാണാനില്ലായിരുന്നു, ഞങ്ങളിൽ ആരും തന്നെ അദ്ദേഹത്തെ അറിയുകയുമില്ല.  അദ്ദേഹം നബി صلى الله عليه وسلم യുടെ അടുത്തേക്ക് വന്നു, തന്‍റെ കാല്‍മുട്ടുകള്‍ നബി صلى الله عليه وسلم യുടെ കാല്‍മുട്ടുകളോട് ചേർത്ത് ഇരുന്നു. കൈകൾ തൻ്റെ കാല്‍തുടകളില്‍ വെക്കുകയും ചെയ്തു.

അദ്ദേഹം ചോദിച്ചു: “മുഹമ്മദേ, ഇസ്‌ലാം എന്താണ് എന്ന് എനിക്ക് പറഞ്ഞ് തരൂ. 
നബി صلى الله عليه وسلم പറഞ്ഞു: “ഇസ്‌ലാം എന്നത്:  ‘അല്ലാഹുവല്ലാതെ ആരാധനക്ക് അർഹൻ മറ്റാരുമില്ല എന്നും, മുഹമ്മദ്‌ നബി  അല്ലാഹുവിന്‍റെ ദൂതനാണെന്നും’ (لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ) താങ്കള്‍ സാക്ഷ്യപ്പെടുത്തലും, നമസ്കാരം നിര്‍വ്വഹിക്കലും, സകാത്ത് നൽകലും, റമളാനിലെ നോമ്പ് നോല്‍ക്കലും  കഴിവുണ്ടെങ്കിൽ ഹജ്ജ് ചെയ്യലും” ആണ്.

അദ്ദേഹം പറഞ്ഞു: “താങ്കള്‍ പറഞ്ഞത് സത്യമാണ്.”
അദ്ദേഹം ചോദിക്കുകയും പിന്നെ ശരിയാണെന്ന് സമ്മതിക്കലും ചെയ്യുന്നത് ഞങ്ങള്‍ക്ക് അത്ഭുതമുണ്ടാക്കി. 
അദ്ദേഹം ചോദിച്ചു: “ഇമാൻ എന്താണ് എന്ന് എനിക്ക് പറഞ്ഞു തരൂ?”
നബി صلى الله عليه وسلم പറഞ്ഞു: “ഇമാൻ എന്നത്: നീ  അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും, വിശുദ്ധ ഗ്രന്ഥങ്ങളിലും, ദൂതന്മാരിലും, അന്ത്യ ദിനത്തിലും, വിധിയിലും–അതിലെ നന്മയിലും തിന്മയിലും-വിശ്വസിക്കലാണ്.”
അദ്ദേഹം പറഞ്ഞു: “താങ്കള്‍ പറഞ്ഞത് സത്യമാണ്.”

അദ്ദേഹം ചോദിച്ചു: “ഇഹ്‌സാൻ എന്താണ് എന്ന് എനിക്ക് പറഞ്ഞു തരൂ?”
നബി صلى الله عليه وسلم പറഞ്ഞു: “ഇഹ്‌സാൻ എന്നത്: നീ അല്ലാഹുവിനെ കാണുന്നത് പോലെ അവനെ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്. (എന്ന ബോധത്തില്‍ ആരാധന ചെയ്യുക).”

അദ്ദേഹം ചോദിച്ചു: “അന്ത്യദിനം എപ്പോഴാണ് എന്ന് എനിക്ക് പറഞ്ഞു തരൂ?”
നബി صلى الله عليه وسلم പറഞ്ഞു: “അതിനെക്കുറിച്ച് ചോദിക്കപ്പെട്ടവന്‍  ചോദിച്ചവനേക്കാള്‍  കൂടുതൽ അറിവുള്ളവനല്ല.”
അദ്ദേഹം ചോദിച്ചു: “അവയുടെ അടയാളങ്ങൾ എന്തൊക്കെയാണ് എന്ന് എനിക്ക് പറഞ്ഞു തരൂ?” 
നബി صلى الله عليه وسلم പറഞ്ഞു: “ഒരു അടിമസ്ത്രീ തന്‍റെ യജമാനനെ പ്രസവിക്കുന്നതും, നഗ്ന പാദരും, വിവസ്ത്രരും, ദരിദ്രരുമായ ആട്ടിടയന്മാര്‍  വലിയ കെട്ടിടങ്ങൾ പണിയുന്നതില്‍ മത്സരിക്കുന്നതായി താങ്കള്‍ കാണല്‍.” എന്നിവയാണ്.

പിന്നെ അദ്ദേഹം പോയി. ഞങ്ങള്‍ കുറച്ച് അധികം സമയം കഴിച്ചു കൂട്ടി. 
പിന്നീട് നബി صلى الله عليه وسلم ചോദിച്ചു: “ഉമര്‍.., ആ ചോദിച്ച ആള്‍ ആരായിരുന്നെന്ന് താങ്കള്‍ക്കറിയുമോ?”
ഞാൻ പറഞ്ഞു: “അല്ലാഹുവും അവന്‍റെ റസൂലും ആണ് കൂടുതല്‍ അറിയുന്നത്.”
നബി صلى الله عليه وسلم പറഞ്ഞു: “അത് ജിബ്‌രീൽ ആയിരുന്നു. നിങ്ങളെ നിങ്ങളുടെ മതം പഠിപ്പിക്കാനായിരുന്നു അദ്ദേഹം വന്നത്.”


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

  • ഇസ്‌ലാമിന്‍റെ അഞ്ച് സ്തംഭങ്ങളെ കുറിച്ചുള്ള വിവരണം ഈ ഹദീസിലുണ്ട്
  • ഈമാന്‍ കാര്യങ്ങളായ ആറു കാര്യങ്ങളെ കുറിച്ചുള്ള വിവരണവും ഇതിലുണ്ട്.
  • എന്താണ് ഇഹ്സാന്‍ എന്ന് ഹദീസ് അറിയിക്കുന്നു.
  • അന്ത്യ ദിനത്തിന്‍റെ വിവരം അല്ലാഹുവിന് മാത്രമേ അറിയൂ. മറ്റാര്‍ക്കും അതറിയില്ല എന്ന് ഹദീസില്‍ നിന്ന് മനസ്സിലാക്കാം.
  • മത വിജ്ഞാനം നേടുമ്പോള്‍ പാലിക്കേണ്ട മര്യാദകളും അതില്‍ വിനയം കാണിക്കുന്നതിന്‍റെയും പാഠങ്ങള്‍ ഈ ഹദീസിലുണ്ട്.
  • അറിവ് അന്വേഷിക്കുന്നതിന്‍റെ ശൈലിയും രീതിയും ഈ ഹദീസ് വ്യക്തമാക്കുന്നു. ചോദിക്കുകയും മറുപടി പറയുകയും ചെയ്യുന്ന രീതി വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. 
  • സ്വഹാബികള്‍ നബി صلى الله عليه وسلم യുടെ അടുക്കല്‍ നല്ല മര്യാദയുള്ളവരായിരുന്നു എന്ന് ഹദീസില്‍ നിന്ന് മനസ്സിലാക്കാം. 
  • നബി صلى الله عليه وسلم യുടെ അടുക്കല്‍ ജിബ്‌രീല്‍ വിവിധ രൂപത്തില്‍ വരാറുണ്ടായിരുന്നു. ഈ കാര്യവും ഹദീസില്‍ നിന്ന് വ്യക്തമാണ്. 
  • നല്ല വസ്ത്രവും നല്ല രൂപവും വൃത്തിയും അത്യാവശ്യമാണെന്നും, അറിവ് നേടുമ്പോഴും അത് പകര്‍ന്ന് നല്‍കുമ്പോഴും അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഹദീസ് പഠിപ്പിക്കുന്നു.
  • أَنْ تَلِدَ الْأَمَةُ رَبَّتَهَا എന്നാല്‍ മാതാക്കളെ നിന്ദിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുന്നതിനെ കുറിച്ചാണെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. അത് പോലെ അടിമ സ്ത്രീകളില്‍ ഭരണാധികാരികളും നേതാക്കളും ജനിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകും എന്നാണെന്നും അഭിപ്രായമുണ്ട്.
  • ഇസ്‌ലാം, ഈമാന്‍, ഇഹ്സാന്‍ എന്നീ മൂന്ന് പ്രധാന കാര്യങ്ങളില്‍ ഇസ്‌ലാം മതം ഉള്‍ക്കൊള്ളുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. 
  • അല്ലാഹുവിനെ ഭൂമിയില്‍ വെച്ച് നമുക്ക് കാണാന്‍ സാധ്യമല്ല. എന്നാല്‍ അല്ലാഹുവിനെ കാണുന്നത് പോലെ നമ്മള്‍ അവനെ ആരാധിക്കണം. നമ്മള്‍ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കാണുന്നു എന്ന ബോധം എല്ലായ്പോഴും നമ്മിലുണ്ടാവണം.






Sunday, 18 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 212 دروس الحديث - ഉദ്ദേശങ്ങള്‍ക്കനുസരിച്ചാണ് കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുക

 الأربعون النووية-حديث:1 


ഉദ്ദേശങ്ങള്‍ക്കനുസരിച്ചാണ് 

കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുക

عَنْ أَمِيرِ الْمُؤْمِنِينَ أَبِي حَفْصٍ عُمَرَ بْنِ الْخَطَّابِ رضي الله عنه  قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه وسلم  يَقُولُ: " إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إلَى اللَّهِ وَرَسُولِهِ فَهِجْرَتُهُ إلَى اللَّهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا أَوْ امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إلَى مَا هَاجَرَ إلَيْهِ". -رواه البخاري ومسلم

ഉമറുബ്നുല്‍ ഖത്വാബ് رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു. ഉദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ കര്‍മങ്ങള്‍ (സ്വീകരിക്കപ്പെടുകയുള്ളൂ). ഓരോ മനുഷ്യനും അവനവന്‍ ഉദ്ദേശിച്ചത് ലഭിക്കും. ആരുടെയെങ്കിലും ഹിജ്റ (പാലായനം) അല്ലാഹുവിലേക്കും അവന്‍റെ റസൂലിലേക്കും (ലക്ഷ്യം വെച്ചുള്ളത്) ആണെങ്കില്‍ അവന്‍റെ ഹിജ്റ അല്ലാഹുവിലേക്കും അവന്‍റെ റസൂലിലേക്കും ആയിരിക്കുന്നു. ഇനി ആരുടെയെങ്കിലും ഹിജ്റ ദുന്‍യാവ് (ഇഹലോക സുഖം) ലഭിക്കാനോ ഒരു പെണ്ണിനെ കെട്ടാനോ ആണെങ്കില്‍ അപ്പോള്‍ അവന്‍റെ ഹിജ്റ അവന്‍ ഏതൊന്നിനാണോ ഹിജ്റ പോയത് അതിനുള്ളതാണ്.

വിവരണം

ഒരു മനുഷ്യന്‍റെ കര്‍മങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത് അവന്‍റെ ഉദ്ദേശങ്ങള്‍ നോക്കിയാണ്. നല്ല ഉദ്ദേശങ്ങള്‍ അനുസരിച്ചുള്ളതിന് പ്രതിഫലം നല്‍കപ്പെടുകയും, മോശം ഉദ്ദേശങ്ങള്‍ക്കനുസരിച്ചുള്ളവക്ക് പ്രതിഫലം നല്കപ്പെടാതിരിക്കുകയുംചെയ്യും. ഒരു പക്ഷെ അതിന് ശിക്ഷ ലഭിക്കുകയും ചെയ്യും. 

ഓരോരുത്തര്‍ക്കും അവനവന്‍ ഉദ്ദേശിച്ചത് ലഭിക്കും എന്നുള്ളത് മതത്തിന്‍റെ മഹത്തായ ഒരു നിയമമാണ്.

അഥവാ നീ ഉദ്ദേശിക്കുന്നത് നീ ചെയ്യുക. അല്ലാഹു നിന്‍റെ ഹൃദയത്തെ നിരീക്ഷിക്കുന്നവനാണ്. നിന്‍റെ നിയ്യത്തിനനുസരിച്ച് നിനക്ക് പ്രതിഫലം നല്‍കപ്പെടുകയോ ശിക്ഷ നല്‍കപ്പെടുകയോ  ചെയ്യും. 


നന്മകള്‍ ചെയ്യുമ്പോള്‍ നമുക്ക് നല്ല ഉദ്ദേശങ്ങള്‍ ആയിരിക്കാം. പക്ഷെ പിശാച് നമ്മെ വഴിതെറ്റിക്കാനിടയുണ്ട്. നമ്മുടെ ഉദ്ദേശങ്ങള്‍ തെറ്റിക്കാന്‍ പിശാച് ശ്രമിക്കും എന്ന് നാം തിരിച്ചറിയണം. 

ഇസ്‌ലാമിലെ സുപ്രധാന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വരെ നമ്മുടെ ഉദ്ദേശങ്ങള്‍ മാറിപ്പോകാന്‍ സാധ്യതയുണ്ട്. 

എല്ലാ കര്‍മങ്ങളും അല്ലാഹുവിന്‍റെ പ്രതിഫലം കാംക്ഷിച്ച് മാത്രം ചെയ്യണം. അത്  ചെറിയവയാണെങ്കിലും വലിയവയാണെങ്കിലും ശരി. 


ഒരാള്‍ ഹിജ്റ പോകുന്നത് മതപരമായ കാര്യങ്ങള്‍ മാത്രം ഉദ്ദേശിച്ചാണെങ്കില്‍ അവന്‍റെ പാലായനം ശരിയായിരിക്കുന്നു. അതില്‍ അവന്‍ ഉദ്ദേശിക്കുന്നത് അല്ലാഹുവിനെയും അവന്‍റെ റസൂലിനേയും മാത്രമാണ്. ആ ഹിജ്റയാണ് യഥാര്‍ത്ഥ ഹിജ്റ. 

എന്നാല്‍ ഒരാള്‍ ഹിജ്റ പോകുന്നു, പക്ഷെ അവന്‍ പോകുന്നത് ഭൗതിക സുഖങ്ങള്‍ക്കോ വിവാഹം കഴിക്കാനോ മറ്റോ ആണ്. എങ്കില്‍ അവന്‍റെ ആ ഹിജ്റ അവന്‍ ഉദ്ദേശിച്ച കാര്യത്തിന് മാത്രമുള്ളതാണ്. 

ഇസ്‌ലാമില്‍ അനുവദനീയമായ കാര്യങ്ങള്‍ ഉദ്ദേശിച്ച് യാത്ര പോകാം. അത്തരം കാര്യങ്ങള്‍ക്ക് അതിനനുസരിച്ചുള്ള പ്രതിഫലം ലഭിച്ചേക്കാം. എന്നാല്‍ യഥാര്‍ത്ഥ ഹിജ്റ മതം സംരക്ഷിക്കാന്‍ വേണ്ടി സ്വന്തം നാടും വീടും എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്യലാണ്. അതില്‍ ഹിജ്റ പോകുന്നവന്‍ ഉദ്ദേശിക്കുന്നത് മതത്തിന്‍റെ കാര്യങ്ങളാണ്. 

നിയ്യത്ത് എന്നാല്‍ ഹൃദയത്തിന്‍റെ ഉദ്ദേശമാണ്. അല്ലാഹുവിലേക്ക് അടുപ്പം ഉണ്ടാകാനുള്ള ഉദ്ദേശമാണത്. 

നിയ്യത്തിന്‍റെ സ്ഥാനം ഹൃദയമാണ്. അത് ഉറക്കെപറയേണ്ടതില്ല. 

ഇവിടെ ഹിജ്റയെ ഉപമിക്കാന്‍ കാരണം അറബികള്‍ സ്വന്തം നാടും ഭൂമിയും ഇഷ്ടമുള്ളവരായിരുന്നു. അവര്‍ അത് വിട്ട് പോകുമായിരുന്നില്ല. പോയാല്‍ തന്നെ അവര്‍ അവിടേക്ക് തന്നെ തിരിച്ചെത്തുമായിരുന്നു. മതം അനുസരിച്ച് ജീവിക്കാന്‍ സാധിക്കാത്ത നാടുകളില്‍ നിന്ന് ഹിജ്റ പോകാന്‍ ഇസ്‌ലാം ആണ് കല്‍പിച്ചത്. 


ഹദീസില്‍ നിന്നുള്ളപാഠങ്ങള്‍
  • കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാനുള്ള നിബന്ധനയാണ് നിയ്യത്ത് ശരിയാവുക എന്നത്. 
  • പതിവ് കാര്യങ്ങളേയും ആരാധനാ കാര്യങ്ങളെയും വേര്‍തിരിക്കുന്നത് നിയ്യത്ത് ആണ്. അഥവാ ഭക്ഷണം കഴിക്കുന്നത് നല്ല ഉദ്ദേശത്തില്‍ അതിന്‍റെ കൃത്യമായ രൂപത്തിലാണെങ്കില്‍ അതിന് പ്രതിഫലമുണ്ട്. ഇല്ലെങ്കില്‍ അത് ഒരു പതിവ് മാത്രം ആകുന്നു. 
  • ആരാധനാ കാര്യങ്ങളില്‍ തന്നെ ചിലത് ചിലതിനെ വേര്‍തിരിക്കുന്നത് നിയ്യത്താണ്. അഥവാ നിര്‍ബന്ധ കാര്യങ്ങളും സുന്നത്തായ കാര്യങ്ങളും പോലെയുള്ളത്. 
  • നിയ്യത്ത് അനുസരിച്ച് കര്‍മങ്ങള്‍ നന്നാവുകയും പ്രതിഫലം വര്‍ദ്ധിക്കുകയും ചെയ്യും. 
  • ഒരേ കാര്യത്തില്‍ തന്നെ നിയ്യത്ത് കൊണ്ട് പ്രതിഫലങ്ങള്‍ വര്‍ധിക്കും. ഒരാള്‍ അംഗശുദ്ധി വരുത്തുമ്പോള്‍ അതിന്‍റെ നിയ്യത്ത് മനസ്സില്‍ കരുതുന്നു. അതോടൊപ്പം ശുദ്ധിയാവാനും, റസൂല്‍ صلى الله عليه وسلم യെ പിന്തുടരാനും പാപമോചനത്തിനും നിയ്യത്ത് വെക്കുമ്പോള്‍ അതിനൊക്കെയും പ്രതിഫലം ലഭിക്കുന്നു. 
  • നല്ലത് ഉദ്ദേശിച്ചാല്‍ അത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും പൂര്‍ണ്ണമായ നന്മയായി അത് രേഖപ്പെടുത്തപ്പെടും. 
  • മോശം നിയ്യത്ത് കര്‍മങ്ങളെ കുഴപ്പത്തിലാക്കും. 
  • ഈ ഹദീസ് ഇഖലാസിന്‍റെ അടിത്തറയാണ്. 
  • നിയ്യത്ത് നല്ല പതിവിനെ പ്രതിഫലം ലഭിക്കുന്ന കാര്യമാക്കി മാറ്റും. ഒരാള്‍ രാത്രി നമസ്കാരം നല്ല നിലക്ക് നിര്‍വഹിക്കാന്‍ വേണ്ടി കിട്ടിയ സമയം ഉറങ്ങുന്നു. ആ ഉറക്കം പ്രതിഫലാര്‍ഹമാണ്. 
  • ഓരോരുത്തരും അവനവന്‍റെ കര്‍മങ്ങളെ കുറിച്ച് ആത്മ വിചാരണ നടത്തണം എന്ന പാഠം ഈ ഹദീസ് നല്‍കുന്നു. 
  • ഓരോരുത്തരുടെയും കര്‍ങ്ങളുടെ പ്രകടനതയല്ല നോക്കുന്നത്, മറിച്ച് അവന് മനസ്സില്‍ എന്ത് ഉദ്ദേശിച്ചാണോ നന്മകള്‍ ചെയ്യുന്നത് എന്നാണ്.  കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ മനസ്സിന്‍റെ ഉദ്ദേശം നന്നാകണം എന്ന് സാരം.

Saturday, 17 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 211 دروس الحديث - ഇസ്‌ലാമിലെ ആഘോഷങ്ങള്‍ ചെറിയ പെരുന്നാളും ബലി പെരുന്നാളും

 


ഇസ്‌ലാമിലെ ആഘോഷങ്ങള്‍:

ചെറിയ പെരുന്നാളും ബലി പെരുന്നാളും

عَنْ أَنَسٍ قَالَ قَدِمَ رَسُولُ اللَّهِ صلى الله عليه وسلم الْمَدِينَةَ وَلَهُمْ يَوْمَانِ يَلْعَبُونَ فِيهِمَا فَقَالَ «مَا هَذَانِ الْيَوْمَانِ». قَالُوا كُنَّا نَلْعَبُ فِيهِمَا فِى الْجَاهِلِيَّةِ. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم «إِنَّ اللَّهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا يَوْمَ الأَضْحَى وَيَوْمَ الْفِطْرِ»- رواه أبو داود-  صحيح

അനസ് رضي الله عنه പറഞ്ഞു: അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم മദീനയിലേക്ക് വന്നു, അവര്‍ക്ക് കളിക്കാന്‍ (ആഘോഷിക്കാന്‍) രണ്ട് ദിനങ്ങളുണ്ടായിരുന്നു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم ചോദിച്ചു: ഈ രണ്ട് ദിവസങ്ങള്‍ ഏതാണ്? അവര്‍ പറഞ്ഞു: ഞങ്ങള്‍ ജാഹിലിയ്യത്തില്‍ ഈ രണ്ട് ദിവസങ്ങളിലും ആഘോഷിക്കാറുണ്ടായിരുന്നു. അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിശ്ചയം അവ രണ്ടിനേക്കാളും ഉത്തമമായത് അല്ലാഹു നിങ്ങള്‍ക്ക് പകരമാക്കിയിരിക്കുന്നു: അദ്വ്'ഹാ ദിനവും, ഫിത്വ്'ര്‍ ദിനവും. (ബലി പെരുന്നാളും, ചെറിയ പെരുന്നാളും)

വിവരണം

നമുക്ക് ആഘോഷിക്കാന്‍ രണ്ട് ആഘോഷങ്ങള്‍ മാത്രമേ ഇസ്‌ലാം അനുവദിച്ചിട്ടുള്ളൂ. അവ രണ്ടും നാം നല്ലനിലക്ക് ആഘോഷിക്കണം.. മറ്റു  മതാഘോഷങ്ങളില്‍ പങ്കാളിയാവാന്‍ നമുക്ക് പാടുള്ളതല്ല..

ജാഹിലിയ്യാ കാലത്ത് ആളുകള്‍ വിവിധ ആഘോഷങ്ങള്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ ആ ആഘോഷങ്ങള്‍ എല്ലാം ഒഴിവാക്കി ഇസ്‌ലാമിന്‍റെ വിശ്വാസസംഹിതകളില്‍ ഒതുങ്ങി നില്‍ക്കുന്ന രണ്ട് ആഘോഷങ്ങള്‍ മാത്രം അനുവദിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഈ രണ്ട് ആഘോഷങ്ങള്‍ക്ക് പുറമേ മറ്റു ആഘോഷങ്ങള്‍ ഒരു മുസ്‌ലിമിന് പാടുള്ളതല്ല. 

ഇസ്‌ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമായ ഒരു ആഘോഷത്തിലും പങ്കെടുക്കാനോ സഹകരിക്കാനോ വിശ്വാസികള്‍ക്ക് പാടില്ലാത്തതാണ്. 

ബഹുദൈവാരാധകരുടെയും, ശിര്‍ക്ക് -ബിദ്'അത്തുകളില്‍ ജീവിക്കുന്നവരുടെയും ധാരാളം ആഘോഷങ്ങള്‍ പ്രചാരത്തിലുണ്ട്. അവ മനസ്സിലാക്കാനും അവയില്‍ നിന്ന് വിട്ടു നില്‍ക്കാനും വിശ്വാസിക്ക് സാധിക്കണം. 


ഇസ്‌ലാമിലെ ആഘോഷങ്ങള്‍ മതത്തിന്‍റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് ആഘോഷിക്കേണ്ടത്. അവ നമുക്ക് മനസ്സിലാക്കാം.


പെരുന്നാള്‍ നമസ്കാരത്തിന്‍റെ വിധിവിലക്കുകള്‍ ചുരുക്കത്തില്‍:

1- പെരുന്നാള്‍ നമസ്കാരം വാജിബ് (നിര്‍ബന്ധം ആണ്)

2-പെരുന്നാള്‍ നമസ്കാരത്തിന്‍റെ മുമ്പും പിമ്പും സുന്നത്ത് നമസ്കാരങ്ങളില്ല.

3- പെരുന്നാള്‍ നമസ്കാരം മുസ്വല്ലയില്‍ (മൈതാനത്ത്) വെച്ച് നിര്‍വഹിക്കലാണ് ഉത്തമം.

4- പെരുന്നാള്‍ നമസ്കാരം ദ്വുഹാ സമയത്താണ് നിര്‍വഹിക്കപ്പെടേണ്ടത്.

5- പെരുന്നാള്‍ നമസ്കാരം ഖുത്വ്ബക്ക് മുമ്പ് നിര്‍വഹിക്കപ്പെടണം.

6- പെരുന്നാള്‍ നമകാരത്തിന് ബാങ്കും ഇഖാമത്തും ഇല്ല.

7- പെരുന്നാള്‍ നമസ്കാരത്തില്‍ ഒന്നാമത്തെ റക്അത്തില്‍ തക്ബീറത്തുല്‍ ഇഹ്റാമിന് പുറമെ ഏഴ് തക്ബീറുകളും, രണ്ടാമത്തെ റക്അത്തില്‍ സുജൂദില്‍ നിന്ന് ഉയരുമ്പോഴുള്ള തക്ബീറിന് പുറമെ അഞ്ച് തക്ബീറുകളും ചൊല്ലണം. ഓരോ തക്ബീര്‍ ചൊല്ലുമ്പോഴും കൈ ഉയര്‍ത്തണം.

8- പെരുന്നാള്‍ നമസ്കാരത്തില്‍ ഒന്നാം റക്അത്തില്‍ ഫാതിഹക്ക് ശേഷം സൂറത്തു ക്വാഫോ, രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ക്വമറോ, അല്ലെങ്കില്‍ ഒന്നാമത്തെ റക്അത്തില്‍ സൂറത്തുല്‍ അഅ്ലയോ, രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ഗ്വാശിയയോ ഓതുന്നത് സുന്നത്താണ്.

9- സമയം തെറ്റിയതിന് ശേഷമാണ് പെരുന്നാള്‍ അറിഞ്ഞതെങ്കില്‍ അടുത്ത ദിവസമാണ് നമസ്കാരം നിര്‍വഹിക്കേണ്ടത്. മറ്റു കാരണങ്ങളാല്‍ നമസ്കാരം നഷ്ടപ്പെട്ടവന് പിന്നീട് അത് നിര്‍വഹിക്കേണ്ടതില്ല. ഇമാം അവസാന ഇരുത്തത്തില്‍ ആകുമ്പോള്‍ ആണ് ഒരാള്‍ നമസ്കാരത്തിന് എത്തിയതെങ്കില്‍ ഇമാം സലാം വീട്ടിയതിന് ശേഷം എഴുന്നേറ്റ് അവന്‍ രണ്ട് റക്അത്ത് (പെരുന്നാള്‍ നമസ്കാരം) നിര്‍വഹിക്കണം.

10-യാത്രയില്‍ പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കപ്പെടുന്ന സ്ഥലത്ത് എത്തിയവന് അത് നിര്‍വഹിക്കാവുന്നതാണ്. ഇല്ലെങ്കില്‍ അവന് അത് ഒഴിവാക്കുന്നത് കൊണ്ട് പ്രശ്നമില്ല.

11-ജുമുഅ ദിവസം പെരുന്നാള്‍ ആയാല്‍ പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചവന് ജുമുഅ നമസ്കാരത്തിന് ഇളവുണ്ട്. ഇങ്ങനെ വന്നാല്‍ നബി صلى الله عليه وسلم ജുമുഅയും നിര്‍വഹിക്കാറുണ്ടായിരുന്നു.

12-പെരുന്നാള്‍ ഖുത്വ്'ബയില്‍ പങ്കെടുക്കല്‍ പ്രബലമായ സുന്നത്താണ്.

13- പെരുന്നാളിലെ ഖുത്വ്'ബ ഒറ്റ ഖുത്വ്'ബയാണ്.

14-പെരുന്നാള്‍ ഖുത്വ്'ബയില്‍ സ്ത്രീകളെ പ്രത്യേകം ഉപദേശിക്കല്‍ സുന്നത്താണ്.

15-പെരുന്നാള്‍ ഖുത്വ്'ബ തക്ബീര്‍ കൊണ്ട് തുടങ്ങാനോ, ഖുത്വ്'ബകള്‍ക്കിടയില്‍ തക്ബീര്‍ ചൊല്ലാനോ സ്വഹീഹായ ഹദീസ് തെളിവായില്ല.


പെരുന്നാളിന്‍റെ സുന്നത്തുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

1- തക്ബീര്‍ ചൊല്ലല്‍.

2- കുളിക്കല്‍, നല്ല വസ്ത്രം ധരിക്കല്‍.

3- ബലിപെരുന്നാള്‍ നമസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് ഭക്ഷിക്കാതിരിക്കലും, ഫിത്വ്ര്‍ പെരുന്നാള്‍ നമസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് വല്ലതും ഭക്ഷിക്കലും.

4- മുസ്വല്ലയിലേക്ക് നേരത്തെ പോകല്‍.

5- സ്ത്രീകള്‍, കുട്ടികള്‍ അടക്കം എല്ലാ മുസ്ലീംകളും മുസ്വല്ലയിലേക്ക് പുറപ്പെടല്‍.

6- മുസ്വല്ലയിലേക്ക് പോകുമ്പോഴും തിരിച്ച് വരുമ്പോഴും രണ്ട് വഴി സ്വീകരിക്കല്‍.

7- നമസ്കാര സ്ഥലത്തേക്ക് നടന്നോ വാഹനത്തിലോ പോകാം.

9- ഈദ് ആശംസ നേരല്‍ നല്ല കാര്യമാണ്.

Friday, 16 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 210 دروس الحديث - അക്രമികളും വസ്ത്രം നേരെ ധരിക്കാത്ത സ്ത്രീകളും


 


അക്രമികളും 

വസ്ത്രം നേരെ ധരിക്കാത്ത സ്ത്രീകളും

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا، قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلاَتٌ مَائِلاَتٌ، رُؤُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ، لاَ يَدْخُلْنَ الْجَنَّةَ، وَلاَ يَجِدْنَ رِيحَهَا، وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا- رواه مسلم

അബൂഹുറൈറ رضي اللَّهُ عنه നിവേദനം. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ  പറഞ്ഞു: നരകത്തിലെ രണ്ട് വിഭാഗങ്ങള്‍! ഞാന്‍ അവരെ കണ്ടിട്ടില്ല.  ഒരു വിഭാഗം, അവരുടെ കയ്യില്‍ പശുക്കളുടെ വാലുകള്‍ പോലെയുള്ള ചാട്ടവാറുകള്‍ ഉണ്ട്. അവര്‍ അവ കൊണ്ട് ജനങ്ങളെ അടിക്കുന്നവരാണ്. (വേറൊരു വിഭാഗം) വസ്ത്രം ധരിച്ചിട്ടും നഗ്നരായിരിക്കുന്ന, സ്വയം വഴിതെറ്റിയവരും മറ്റുള്ളവരെ വഴിതെറ്റിക്കുന്നവരുമായ സ്ത്രീകളാണ്. അവര്‍ ഒരിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല, അതിന്‍റെ സുഗന്ധം പോലും അനുഭവിക്കുകയില്ല. എന്നാല്‍, ഈ സുഗന്ധം ഇത്രയധികം (വളരെയേറെ) ദൂരെ നിന്ന് പോലും അനുഭവപ്പെടും.


വിവരണം


നരകക്കാരായ രണ്ട് വിഭാഗങ്ങളെ കുറിച്ചാണ് ഈ ഹദീസ് അറിയിക്കുന്നത്. അവ:

1-     ജനങ്ങളെ ദ്രോഹിക്കുന്ന ഒരു വിഭാഗം

2- വഴി തെറ്റുകയും മറ്റുള്ളവരെ വഴി തെറ്റിക്കുകയും ചെയ്യുന്ന ഒരു വിഭാഗം സ്ത്രീകള്‍ എന്നിവരാണ്.


ഈ രണ്ട് വിഭാഗങ്ങളെയും നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ കണ്ടിട്ടില്ല. അഥവാ ആ കാലത്ത് ഈ രണ്ട് വിഭാഗങ്ങള്‍ ഉടലെടുത്തിട്ടില്ല.


ഇതില്‍ ഒന്നാമത്തെ വിഭാഗം ജനങ്ങളെ ദ്രോഹിക്കുന്നവരാണ്. 

ഭരണാധികാരികളോ, മറ്റുള്ളവരോ ആരായാലും അന്യായമായി ജനങ്ങളെ ദ്രോഹിക്കുന്നവര്‍ എല്ലാം ഈ ഗണത്തില്‍ പെടും.


ജനങ്ങളെ അന്യായമായി ദ്രോഹിക്കാന്‍ ആര്‍ക്കും പാടില്ല. അത് നരകം ലഭിക്കാനുള്ള മാര്‍ഗ്ഗമായിത്തീരും. 


അക്രമം പാടില്ലെന്നും അത് അല്ലാഹു സ്വന്തത്തിന് തന്നെ നിഷിദ്ധമാക്കിയിട്ടുണ്ടെന്നും ആരും പരസ്പരം അക്രമം ചെയ്യരുതെന്നും അല്ലാഹു പറഞ്ഞിട്ടുണ്ടെന്ന് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ നമ്മെ അറിയിച്ചിട്ടുണ്ട്. 


രണ്ടാമത്തെ വിഭാഗം: ഒരുകൂട്ടം സ്ത്രീകളാണ്. അവരുടെ പ്രത്യേകത അവര്‍ വസ്ത്രം ധരിച്ചിട്ടും നഗ്നത പ്രദര്‍ശിപ്പിക്കുന്നവരാണ് എന്നാണ്.

ഈ കാലത്ത് ഇത് വ്യാപകമായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതാണ്. ശരീരത്തിന്‍റെ മറക്കേണ്ട ഭാഗങ്ങള്‍ വെളിവാക്കുന്ന രൂപത്തില്‍ വസ്ത്രം ധരിക്കുകയാണ് ഇന്ന്. ശരീര ഭാഗങ്ങള്‍ കാണുന്ന വിധം നേര്‍ത്തതോ, ഇടുങ്ങിയതോ, വലിപ്പമില്ലാത്തതോ  ആയ വസ്ത്രങ്ങള്‍ ധരിക്കുന്നവരാണ് അവര്‍.


كاسيات عاريات എന്നാല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ ധാരാളം ലഭിച്ചവരും എന്നാല്‍ അതിനുള്ള നന്ദി നല്‍കുന്നതില്‍ കുറവ് വരുത്തുന്നവരും ആണ് എന്നും പണ്ഡിതന്‍മാര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.


വസ്ത്രം ഒരു അനുഗ്രഹമാണ്. അത് അല്ലാഹു നല്‍കിയതാണ്. എന്നാല്‍ നഗ്നത മറക്കണം എന്ന് കല്പിച്ചതിനെ അവര്‍ ധിക്കരിക്കുന്നു. അത് അല്ലാഹുവിനോടുള്ള വലിയ നന്ദികേടാകുന്നു.


ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നവര്‍ വഴിതെറ്റിയവരും മറ്റുള്ളവരെ വഴി തെറ്റിക്കുന്നവരുമാണ്. അവര്‍ അവരുടെ സൗന്ദര്യം പ്രകടിപ്പിച്ച് ചാഞ്ഞും ചെരിഞ്ഞും നടക്കുന്നവരായിരിക്കും. അവരുടെ ജീവിതത്തില്‍ ഒരു സൂക്ഷ്മതയുമുണ്ടാവില്ല.


ഇങ്ങനെയുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കുകയില്ല എന്ന് മാത്രമല്ല, സ്വര്‍ഗ്ഗത്തിന്‍റെ പരിമളം പോലും അവര്‍ക്ക് ലഭിക്കില്ല എന്നാണ് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുള്ളത്. 


സ്വര്‍ഗ്ഗത്തിന്‍റെ പരിമളം എഴുപത് വര്‍ഷത്തെ വഴിദൂരം വരെ എത്തുന്നതായിരിക്കും. അത്രയും വലിയ അനുഗ്രഹങ്ങള്‍ അവരുടെ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ  നിഷിദ്ധമാകും.




Thursday, 15 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 209 دروس الحديث - ഈ അഞ്ച് കാര്യങ്ങള്‍ ചെയ്തവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും

 


ഈ അഞ്ച് കാര്യങ്ങള്‍ ചെയ്തവന്‍ 

സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും

عَنْ أَبِى الدَّرْدَاءِ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم «خَمْسٌ مَنْ جَاءَ بِهِنَّ مَعَ إِيمَانٍ دَخَلَ الْجَنَّةَ، مَنْ حَافَظَ عَلَى الصَّلَوَاتِ الْخَمْسِ عَلَى وُضُوئِهِنَّ وَرُكُوعِهِنَّ وَسُجُودِهِنَّ وَمَوَاقِيتِهِنَّ وَصَامَ رَمَضَانَ وَحَجَّ الْبَيْتَ إِنِ اسْتَطَاعَ إِلَيْهِ سَبِيلاً وَأَعْطَى الزَّكَاةَ طَيِّبَةً بِهَا نَفْسُهُ وَأَدَّى الأَمَانَةَ»- رواه أبو داود - حسن

അബുദ്ദര്‍ദാഅ് رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: ഈമാനോട് കൂടി അഞ്ച് കാര്യങ്ങള്‍ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവ: ആരെങ്കിലും വുദൂഅ്, റുകൂഅ്, സുജൂദ്, സമയനിഷ്ഠ എന്നിവയോടെ അഞ്ച് നേരത്തെ നിസ്കാരം നിര്‍വ്വഹിക്കല്‍, റമദാന്‍ മാസം നോമ്പ് നോല്‍ക്കല്‍, ഹജ്ജ് ചെയ്യാന്‍ സാധിക്കുമെങ്കില്‍ വിശുദ്ധ ഭവനത്തില്‍ (പോയി) ഹജ്ജ് ചെയ്യല്‍, നല്ല മനസ്സോടെ സകാത്ത് നല്‍കല്‍, അമാനത്ത് നിറവേറ്റല്‍. എന്നിവയാണവ.


വിവരണം

 ഒരു വിശ്വാസി തന്‍റെ ജീവിതത്തില്‍ സൂക്ഷിക്കേണ്ട അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഈ ഹദീസില്‍ വിശദീകരിക്കുന്നത്.

 

 കൃത്യമായ വിശ്വാസത്തോടെ ആയിരിക്കണം ഈ കാര്യങ്ങള്‍ നടപ്പിലാക്കേണ്ടത്. ഏത് കാര്യവും സ്വീകരിക്കപ്പെടാനും അത് ഭംഗിയാകാനും വിശ്വാസം പരമ പ്രധാനമാണ്. വിശ്വാസം ശരിയാവാതെ എത്ര നല്ല കര്‍മങ്ങള്‍ ചെയ്തത് കൊണ്ടും പ്രയോജനമില്ല.


ഒന്ന്: നമസ്കാരം

 ഇസ്ലാമിലെ പ്രധാനപ്പെട്ട ആരാധനയാണ് നമസ്കാരം. നമസ്കാരത്തിന്‍റെ വിഷയത്തില്‍ കണിശത പുലര്‍ത്തല്‍ നമുക്ക് നിര്‍ബന്ധമാണ്.


 നബി صلى الله عليه وسلم യുടെ ജീവിതത്തില്‍ നമസ്കാരത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു എന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്.


 നമസ്കാരം കൃത്യസമയത്ത് ശരിയാംവിധം നിര്‍വ്വഹിക്കണം. അത് നമ്മുടെ ജീവിതത്തില്‍ വെളിച്ചവും ഉള്‍ക്കാഴ്ചയും ധാരാളം നന്‍മകളും സമ്മാനിക്കും.


 നമസ്കാരത്തിന്‍റെ കാര്യം പറഞ്ഞപ്പോള്‍ അതുമായി ബന്ധപ്പെട്ട നാല് കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാന്‍ നബി صلى الله عليه وسلم അറിയിച്ചിരിക്കുന്നു. അവ:

1.     വുദൂഅ്

2.    റുകൂഅ്

3.     സുജൂദ്

4.    സമയനിഷ്ഠ

എന്നിവയാണ്. ഇവ കൃത്യവും പരിപൂര്‍ണ്ണവും ആക്കിയാലേ നമസ്കാരം യഥാര്‍ത്ഥ രൂപത്തിലാകൂ എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.

നിത്യവും അഞ്ച് നേരം ഓരോ നമസ്കാരവും അതാതിന്‍റെ സമയത്ത് നിര്‍വ്വഹിക്കാന്‍ നാം ഓരോരുത്തരും പരിശ്രമിക്കണം.


രണ്ട്: നോമ്പ്

നോമ്പിനെ കുറിച്ച് നാം മുമ്പ് പറയുകയുണ്ടായി. ജീവിതത്തില്‍ ശീലമാക്കേണ്ട വലിയ നന്മയാണ് നോമ്പ്. നിര്‍ബന്ധ നോമ്പുകള്‍ക്ക് പുറമേ ധാരാളം സുന്നത്ത് നോമ്പുകള്‍ നമ്മുടെ ജീവിതത്തിലുണ്ടാവട്ടെ.


മൂന്ന്: ഹജ്ജ്

ജീവിതത്തിലൊരിക്കല്‍ ഹജ്ജ് ചെയ്യല്‍ അതിന് സാധിക്കുന്നവര്‍ക്ക് നിര്‍ബന്ധമാണ്. ഹജ്ജിന് സ്വര്‍ഗ്ഗമല്ലാതെ പ്രതിഫലമില്ല എന്ന് നബി صلى الله عليه وسلم അറിയിച്ചിട്ടുണ്ട്.

 ഹജ്ജിന് പോകാന്‍ കഴിവുള്ളവര്‍ ഹജ്ജ് ചെയ്യുന്ന കാര്യത്തില്‍ വളരെയേറെ താല്‍പര്യം കാണിക്കണം. അത് പിന്നേക്ക് നീട്ടിവെക്കരുത്.


നാല്: സകാത്ത്

 നമ്മുടെ സ്വത്തില്‍ അല്ലാഹു നിശ്ചയിച്ച നിര്‍ബന്ധ ദാനമാണ് സകാത്ത്.


 സകാത്ത് നല്‍കാനുള്ള നിസ്വാബ് (തോത്) എത്തിയാല്‍ അത് കൊടുത്ത് വീട്ടല്‍ ഓരോരുത്തര്‍ക്കും ബാധ്യതയാണ്.


 സകാത്ത് നല്‍കാതെ സമ്പത്ത് സൂക്ഷിച്ച് വെച്ചാല്‍ അത് വലിയ തിന്മയാണ്. ഇഹലോകത്തും പരലോകത്തും അതിന്‍റെ ശിക്ഷ അവന് അനുഭവിക്കേണ്ടി വരും.


സകാത്ത് നല്‍കല്‍ നിര്‍ബന്ധമായ സമ്പത്തുകള്‍ ഇവയാണ്:

1-     നാണയങ്ങള്‍

2-     സ്വര്‍ണ്ണം, വെള്ളി

3-     കൃഷിയുല്‍പ്പന്നങ്ങള്‍

4-     കച്ചവട സാധനങ്ങള്‍

5-     നാല്‍ക്കാലികള്‍ (ആട്, പശു, ഒട്ടകം വര്‍ഗ്ഗങ്ങള്‍)


ഇതില്‍ ഒരോന്നിന്‍റെയും നിസ്വാബും സകാത്തിന്‍റെ കണക്കും ഓരോരുത്തരും അറിഞ്ഞിരിക്കണം.


ഓരോന്നിനും സകാത്ത് നല്‍കേണ്ടത് വര്‍ഷം തികയുമ്പോഴാണ്.


അഞ്ച്: അമാനത്ത് നിറവേറ്റല്‍

 അമാനത്ത് നിറവേറ്റല്‍ വിശ്വാസികളുടെ വിശേഷണമാണ്.

 അത് ഭൗതികവും ആത്മീയവുമായ വിജയങ്ങള്‍ നേടിത്തരും.

 അത് ജനങ്ങള്‍ക്ക് നമ്മളിലുള്ള വിശ്വാസം ശക്തിപ്പെടുത്തും.


അമാനത്ത് വിവിധ ഇനങ്ങളുണ്ട്. അവ:

- സാമ്പത്തികമായ അമാനത്തുകള്‍

- വാക്കിലും പ്രവര്‍ത്തനത്തിലും ഉള്ള അമാനത്തുകള്‍

- രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതിലെ അമാനത്തുകള്‍

 യഥാര്‍ത്ഥ വിശ്വാസികള്‍ അമാനത്തുകളും കരാറുകളും പാലിക്കുന്നവരാണ് എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. (23/8)

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...