ഫോളോ ചെയ്യാം

Tuesday, 22 July 2025

276 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 16- دروس الحديث - വെള്ളം കൊണ്ട് ശുദ്ധീകരിക്കല്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 


16 - عَنْ أَنَسِ بْنِ مَالِكٍ - رضي الله عنه - أَنَّهُ قَالَ: ((كَانَ رَسُولُ اللَّهِ - صلى الله عليه وسلم - يَدْخُلُ الْخَلاءَ، فَأَحْمِلُ أَنَا وَغُلامٌ نَحْوِي إدَاوَةً مِنْ مَاءٍ وَعَنَزَةً، فَيَسْتَنْجِي بِالْمَاءِ)) .

അനസുബ്നു മാലിക് رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم മലമൂത്ര വിസര്‍ജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുകയായിരുന്നു, ഞാനും എന്നെപ്പോലെയുള്ള ഒരു ഭൃത്യനും ആയിരുന്നു വെള്ളവും ഊന്നു വടിയും വഹിച്ചിരുന്നത്. റസൂല്‍ صلى الله عليه وسلم വെള്ളം കൊണ്ടായിരുന്നു ശൌച്യം ചെയ്തിരുന്നത്. 

العَنَزَةُ: الحَرْبَةُ الصَغِيرَةُ. والإِداوةُ: إِناءٌ صغيرٌ منْ جلدٍ.

العَنَزَةُ എന്നാല്‍ ഇരുമ്പിന്‍റെ കുന്ത മുനയുള്ള ഊന്നുവടി എന്നും الإِداوةُ എന്നാല്‍ ചെറിയ തോല്‍ പാത്രം എന്നുമാണ് അര്‍ത്ഥം.

غلامٌ نَحْوي: غلامٌ مقاربٌ لي في السنِّ.

എന്‍റെ തുല്യ പ്രായമുള്ള ഭൃത്യന്‍.

വിവരണം

അനസ് رضي الله عنه വിന് 10 വയസ്സ് ഉള്ളപ്പോള്‍ ആണ് അദ്ദേഹം റസൂല്‍ صلى الله عليه وسلم ക്ക് സേവനം ചെയ്ത് തുടങ്ങിയത്. റസൂല്‍ صلى الله عليه وسلم വഫാത്താകുന്നത് വരെ പത്തു വര്‍ഷക്കാലത്തോളം ഈ ജോലി തുടര്‍ന്നിരുന്നു. 

വെള്ളം കൊണ്ടായിരുന്നു റസൂല്‍ صلى الله عليه وسلم ശുദ്ധിയാക്കാറുണ്ടായിരുന്നത്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- അനസ് رضي الله عنه വിന്‍റെ മഹത്വം ഈ ഹദീസ് അറിയിക്കുന്നു. അദ്ദേഹം റസൂല്‍ صلى الله عليه وسلم ക്ക് 10 വര്‍ഷക്കാലം സേവനം ചെയ്തിട്ടുണ്ട്. 
2- ശുദ്ധിയാക്കുമ്പോള്‍ വെള്ളം മാത്രം ഉപയോഗിക്കാം എന്ന് ഈ ഹദീസ് അറിയിക്കുന്നു. വെള്ളം കൊണ്ട് ശുദ്ധിയാകുന്നതിന് മുമ്പേ കല്ലോ മറ്റോ കൊണ്ട് മാലിന്യം നീക്കല്‍ നിര്‍ബന്ധമില്ല എന്നും മനസ്സിലാക്കാം. 
3- ഊന്നു വടി കൊണ്ട് ധാരാളം ഉപയോഗങ്ങള്‍ ഉണ്ടായിരുന്നു. ക്ഷുദ്ര ജീവികളെ അകറ്റാനും, വസ്ത്രം മറയായി വെക്കാനും മറ്റും അറബികള്‍ വടി ഉപയോഗിക്കുമായിരുന്നു. റസൂല്‍ صلى الله عليه وسلم തന്‍റെ ആവശ്യ നിര്‍വഹണത്തിനു ശേഷം ശുധിയാക്കുകയും വുദൂഅ' ചെയ്യുകയും നമസ്കരികുകയും ചെയ്യുമായിരുന്നു. നമസ്കരിക്കുമ്പോള്‍ മറയായി മുമ്പില്‍ വടി നാട്ടി വെച്ചിരുന്നു. 
4- മലമൂത്ര വിസര്‍ജ്ജനത്തിനു പോകും മുമ്പേ അതിന് ആവശ്യമായ കാര്യങ്ങള്‍ ഒരുക്കി വെക്കല്‍ നല്ലതാണ്. പ്രത്യേകിച്ച് ശുദ്ധിയാക്കാനുള്ള വെള്ളം. ആവശ്യനിര്‍വ്വഹണത്തിനു ഇടക്ക് അതിനായി പോയാല്‍ അത് വൃത്തികേട് കൂടാന്‍ കാരണമാകും.




Monday, 21 July 2025

275 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 15- دروس الحديث - മലമൂത്ര വിസര്‍ജ്ജന മര്യാദകള്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

മലമൂത്ര വിസര്‍ജ്ജന മര്യാദകള്‍

15 - عَنْ عَبْدِ اللَّهِ بْنِ عُمَرَ بْنِ الْخَطَّابِ رضي الله عنهما قَالَ: ((رَقِيْتُ يَوْماً عَلَى بَيْتِ حَفْصَةَ، فَرَأَيْتُ النَّبِيَّ - صلى الله عليه وسلم - يَقْضِي حَاجَتَهُ مُسْتَقْبِلَ الشَّامَ، مُسْتَدْبِرَ الْكَعْبَةَ)) . وَفِي رِوَايَةٍ ((مُسْتَقْبِلاً بَيْتَ الْمَقْدِسِ)) .

അബ്ദുല്ലാഹിബ്നു ഉമറുബ്നുല്‍ ഖതാബ്‌ رضي الله عنهما പറഞ്ഞു: ഒരു ദിവസം ഞാന്‍ ഹഫ്സ്വ  رضي الله عنها യുടെ വീടിനു മുകളില്‍ കയറി. അപ്പോള്‍ നബി صلى الله عليه وسلم ശാമിലേക്ക് മുന്നിട്ടും കഅ'ബക്ക് പിന്നിട്ടുമായി തന്‍റെ ആവശ്യ നിര്‍വ്വഹണം നടത്തുന്നതായി ഞാന്‍ കണ്ടു.  മറ്റൊരു റിപ്പോര്‍ട്ടില്‍ (ബൈത്തുല്‍ മഖ്വ്'ദിസിന് മുന്നിട്ട്) എന്നുമുണ്ട്. 

رَقِيتُ: صعدتُ.

 ഞാന്‍ കയറി


വിവരണം

    മലമൂത്രവിസര്‍ജ്ജന മര്യാദകളില്‍ പെട്ട എല്ലാ കാര്യങ്ങളും റസൂല്‍ صلى الله عليه وسلم നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്. ആ സന്ദര്‍ഭത്തില്‍ പറയേണ്ടതും ചെയ്യേണ്ടതും എല്ലാം വിവരിക്കപ്പെട്ടിട്ടുണ്ട്. 

    മലമൂത്ര വിസജ്ജന സമയത്ത് കഅ'ബയിലേക്ക് മുന്നിടുവാണോ പിന്നിടുവാണോ പാടില്ല എന്ന് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഹദീസില്‍ പറയുന്നത്  റസൂല്‍ صلى الله عليه وسلم കഅ'ബക്ക് പിന്നിട്ടുകൊണ്ട് ആവശ്യനിര്‍വ്വഹണം ചെയ്യുന്നതായി ഇബ്നു ഉമര്‍ رضي الله عنهما കണ്ടു എന്നാണ്. ഈ ഹദീസുകള്‍ തമ്മില്‍ വൈരുധ്യമില്ല എന്ന് ശൈഖ് മുഹമ്മദുബ്നു സ്വാലിഹ് അല്‍ ഉസൈമീന്‍ رحمه الله  പറഞ്ഞിട്ടുണ്ട്. 

    ഒഴിഞ്ഞ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്ന സമയത്ത് ഒരിക്കലും ക'ബയെ മുന്നിടാണോ പിന്നിടാനോ പാടില്ല. എന്നാല്‍ ഒരു എടുപ്പിനുള്ളില്‍ വെച്ചാണ് കാര്യം സാധിക്കുന്നത് എങ്കില്‍ ഇത് കൊണ്ട് കുഴപ്പമില്ല എന്നാണ് ശൈഖ് ഉസൈമീന്‍ رحمه الله അറിയിച്ചിരിക്കുന്നത്. 

    വീടുകള്‍ നിര്‍മിക്കുമ്പോള്‍ കക്കൂസുകള്‍ ക്രമീകരിക്കുന്ന സമയത്ത് അവ ക്വിബ്'ലക്ക് അഭിമുഖമായോ പിന്നിട്ടോ വരുന്ന രീതിയില്‍ ആവാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. ഇതാണ് സൗദിയിലെ പണ്ഡിതസഭയുടെ വിശദീകരണം. 

    കെട്ടിടമുണ്ടാക്കുമ്പോള്‍ അതിന്  മറ്റു മാര്‍ഗ്ഗങ്ങളില്ലെങ്കില്‍ കുഴപ്പമില്ല എന്ന് പണ്ഡിതന്‍മാര്‍ അറിയിച്ചിട്ടുണ്ട്. 

    ഈ ഹദീസില്‍ ഇബ്നു ഉമര്‍ رضي الله عنهما തന്‍റെ സഹോദരിയായ ഹഫ്സ്വ رضي الله عنها യുടെ വീടിനു മുകളില്‍ എന്തോ ആവശ്യത്തിന് കയറിയപ്പോഴാണ് റസൂല്‍ صلى الله عليه وسلم ശാമിലേക്ക് മുന്നിട്ട് ഇരിക്കുന്നത് കണ്ടത്. മദീനയില്‍ വെച്ചാണ് ഇത്. റസൂല്‍ صلى الله عليه وسلم യെ ദൂരെ നിന്ന് അങ്ങനെ തിരിഞ്ഞ്  ഇരിക്കുന്നതായാണ് ഇബ്നു ഉമര്‍ رضي الله عنهما കണ്ടത്. 

Sunday, 20 July 2025

274 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 14- دروس الحديث - മല-മൂത്ര വിസര്‍ജ്ജന മര്യാദകള്‍

 


 من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

മല-മൂത്ര വിസര്‍ജ്ജന മര്യാദകള്‍

14 - عَنْ أَبِي أَيُّوبَ الأَنْصَارِيِّ - رضي الله عنه - قَالَ: قَالَ رَسُولُ اللَّهِ - صلى الله عليه وسلم -: ((إذَا أَتَيْتُمْ الْغَائِطَ، فَلا تَسْتَقْبِلُوا الْقِبْلَةَ بِغَائِطٍ وَلا بَوْلٍ، وَلا تَسْتَدْبِرُوهَا، وَلَكِنْ شَرِّقُوا أَوْ غَرِّبُوا)) . قَالَ أَبُو أَيُّوبَ: «فَقَدِمْنَا الشَّامَ، فَوَجَدْنَا مَرَاحِيضَ قَدْ بُنِيَتْ نَحْوَ الْكَعْبَةِ، فَنَنْحَرِفُ عَنْهَا، وَنَسْتَغْفِرُ اللَّهَ عَزَّ وَجَلَّ» .

അബൂ അയ്യൂബില്‍ അന്‍സ്വാരി رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിങ്ങള്‍ മല-മൂത്ര വിസര്‍ജ്ജന സ്ഥലത്ത് എത്തിയാല്‍ കാഷ്ടിക്കുമ്പോഴോ മൂത്രിക്കുമ്പോഴോ ക്വിബ്'ലക്ക് മുന്നിടുകയോ പിന്നിടുകയോ ചെയ്യരുത്. എന്നാല്‍ നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുക. അബൂ അയ്യൂബ് رضي الله عنه പറഞ്ഞു: അങ്ങനെ ഞങ്ങള്‍ ശാമിലേക്ക് എത്തി,അപ്പോള്‍ (അവിടെ) ക്ലോസറ്റുകള്‍ കഅ'ബക്ക് നേരെ നിര്‍മിക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടു. അതില്‍ നിന്ന് ഞങ്ങള്‍ തിരിയുകയും അല്ലാഹുവിനോട് പാപമോചനത്തിന് തേടുകയും ചെയ്യുന്നു. 

شَرِّقُوا أَوْ غَرِّبُوا: اتجهوا نحوَ المشرقِ أَوالمغربِ. وهذا بالنسبةِ لأَهلِ المدينةِ المنورةِ.

കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയുക എന്നത് മദീനക്കാരോടുള്ള കല്‍പനയാണ്. 


വിവരണം

  • മലമൂത്ര വിസര്‍ജ്ജന മര്യാദകള്‍ അറിയിക്കുന്ന ഹദീസ് ആണിത്.
  • മല-മൂത്ര വിസര്‍ജ്ജന സമയത്ത് ക്വിബ്'ലക്ക് അഭിമുഖമായോ പിന്തിരിഞ്ഞോ ഇരിക്കാന്‍ പാടില്ല എന്നതാണ് റസൂല്‍ صلى الله عليه وسلم വിലക്കുന്നത്. അതിനെ ആദരിക്കാനും ബഹുമാനിക്കാനും വേണ്ടിയാണിത്. കാരണം അത് ലോക മുസ്‌ലീംകളുടെ ക്വിബ്'ലയാണ്. അതിലേക്കാണ് അവര്‍ തിരിഞ്ഞു നമസ്കരിക്കുന്നത്. 
  • الغائط എന്നാല്‍ മല-മൂത്ര വിസര്‍ജ്ജനത്തിന് ഉപയോഗിച്ചിരുന്ന സ്ഥലം എന്നാണ് അര്‍ത്ഥം. ഇന്നത്തെ പോലെ അന്ന് കക്കൂസുകള്‍ നിര്‍മിക്കപ്പെട്ടിരുന്നില്ല.
  • നബി മദീനയില്‍ ആയിരിക്കുമ്പോള്‍ ഉള്ള വിലക്കാണ് ഇത്. അതിനാല്‍ തന്നെ അവരോട് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയാന്‍ ആണ് നബി صلى الله عليه وسلم കല്‍പിച്ചിരിക്കുന്നത്. ആ ദിശകളാണ് അവര്‍ക്ക് അതിന് അനുയോജ്യമായിട്ടുള്ളത്. 
  • കിഴക്കോ പടിഞ്ഞാറോ ക്വിബ്'ലയുടെ ദിശ ആയി വരുന്നവര്‍ അതിന് വിരുദ്ധമായാണ് മലമൂത്രവിസര്‍ജ്ജനത്തിനു ഇരിക്കേണ്ടത്. ഒരിക്കലും ക്വിബ്'ലയെ അഭിമുഖമായോ പിന്നിട്ടോ ഇരിക്കാന്‍ പാടില്ല. 
  • അബൂ അയ്യൂബ് رضي الله عنه പറഞ്ഞു: ഞങ്ങള്‍ ശേഷം ശാമില്‍ എത്തി. ഇന്നത്തെ സിറിയ, ജോര്‍ദാന്‍, ഫലസ്തീന്‍, ലബ്നാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഗമാണ് ശാം. അവിടെയുണ്ടായിരുന്ന കക്കൂസുകള്‍ ക്വിബ്'ലക്ക് അഭിമുഖമായിട്ടായിരുന്നു. റസൂല്‍ صلى الله عليه وسلم യുടെ വിലക്കിനെ അറിയാതെയാണ് അവര്‍ അങ്ങനെ കക്കൂസുകള്‍ നിര്‍മിച്ചത്. പക്ഷെ  അവരുടെ ആവശ്യ നിര്‍വ്വഹണ സമയത്ത് അവര്‍ തിരിഞ്ഞിരിക്കുകയും അല്ലാഹുവിനോട് പാപമോചനത്തിന് തേടുകയും ചെയ്തു. 

ഹദീസില്‍ നിന്നുള്ള പാഠം
1- മല-മൂത്ര വിസര്‍ജ്ജന സമയത്ത് ക്വിബ്'ലക്ക് മുന്നിടുകയോ പിന്നിടുകയോ ചെയ്യുന്നത് നിഷിദ്ധമാണ്. 
2- തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യുമ്പോഴാണ് ഈ നിലക്ക് ഇരിക്കുന്നത് ഹറാമാകുന്നത്. എന്നാല്‍ ഇന്നത്തെ പോലെയുള്ള മറകള്‍ ഉള്ള കക്കൂസുകളില്‍ ഇത് പ്രശ്നമില്ല. എന്നാലും അവ നിര്‍മിക്കുമ്പോള്‍ പരമാവധി ഈ വിലക്ക് മാനിച്ച് കൊണ്ടാകല്‍ ഉത്തമമാണ്. 
3- അബൂഅയ്യൂബ് رضي الله عنه ഞങ്ങള്‍ പാപമോചനത്തിന് തേടി എന്ന് പറഞ്ഞത് മലമൂത്ര വിസര്‍ജ്ജന സ്ഥലത്തിന് പുറത്താണ്. മല-മൂത്ര വിസര്‍ജ്ജന സ്ഥലത്ത് ദിക്റുകളോ മറ്റോ പാടുള്ളതല്ല. 
4- ഒരു മുസ്‌ലിം എല്ലായിടങ്ങളിലും മതപരമായ മര്യാദകള്‍ പാലിക്കണം. 
5- ഇസ്‌ലാമിന്‍റെ ചിഹ്നങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യല്‍ ഒരു മുസ്ലിമിന് ബാധ്യതയാണ്. 

Saturday, 19 July 2025

273 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 13- دروس الحديث - പിശാചില്‍ നിന്ന് രക്ഷ നേടല്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 


പിശാചില്‍ നിന്ന് രക്ഷ നേടല്‍


بابُ دخولِ الخلاءِ والاستطابةِ

ശൗച്യാലയത്തില്‍ പ്രവേശിക്കലും ശുദ്ധീകരണവും

13 - عَنْ أَنَسِ بْنِ مَالِكٍ - رضي الله عنه -: أَنَّ النَّبِيَّ - صلى الله عليه وسلم - كَانَ إذَا دَخَلَ الْخَلاءَ قَالَ: ((اللَّهُمَّ إنِّي أَعُوذُ بِكَ مِنْ الْخُبُثِ وَالْخَبَائِثِ)) .

അനസുബ്നു മാലിക് رضي الله عنه നിവേദനം. നബി صلى الله عليه وسلم  ശൗച്യാലയത്തില്‍ പ്രവേശിച്ചാല്‍ اللَّهُمَّ إنِّي أَعُوذُ بِكَ مِنْ الْخُبُثِ وَالْخَبَائِثِ (അല്ലാഹുവേ... ആണ്‍ പിശാച്ചുക്കളില്‍ നിന്നും പെണ്‍ പിശാച്ചുക്കളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ ചോദിക്കുന്നു.) എന്ന് പറയുമായിരുന്നു:

الاستطابةُ: الاستنجاءُ.

ശൗച്യം ചെയ്യല്‍

الخُبُثُ: بضمِّ الخاءِ والباءِ، جمعُ خبيثٍ، وهمْ ذُكرانُ الشياطينِ.

ആണ്‍ പിശാചുക്കള്‍

الخبائثُ: جمعُ خبيثةٍ، وهنَّ إِناثُ الشياطينِ.

പെണ്‍ പിശാചുക്കള്‍


വിവരണം
    മതപരമായ മര്യാദകള്‍ റസൂല്‍ صلى الله عليه وسلم ജീവിതത്തില്‍ നടപ്പിലാക്കുകയും മറ്റുള്ളവര്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുമായിരുന്നു. 
    അതില്‍ പെട്ടതാണ് മല-മൂത്ര വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍. അവിടേക്ക് പ്രവേശിക്കുമ്പോള്‍ പിശാചില്‍ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കല്‍ സുന്നത്താണ്. 
    മല മൂത്ര വിസര്‍ജ്ജനം നടത്തപ്പെടുന്ന എല്ലാ സ്ഥലങ്ങള്‍ക്കും الخلاء എന്ന് പറയുന്നു. 
    അവിടെ ഉണ്ടാകുന്ന എല്ലാ പിശാചുക്കളില്‍ നിന്നുമുള്ള രക്ഷ ചോദിക്കലാണ് ഇതില്‍ ഉള്ളത്. അവരുടെ കുഴപ്പങ്ങളില്‍ നിന്നും അവരുടെ കുതന്ത്രങ്ങളില്‍ നിന്നെല്ലാമുള്ള രക്ഷയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്ന സ്ഥലത്ത് പോകുമ്പോള്‍ ഈ ദിക്ര്‍ സുന്നത്താണ്. 
2- റസൂല്‍ صلى الله عليه وسلم യുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും സ്വഹാബികള്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു. 
3- ഒരു മുസ്‌ലിം എല്ലാ വേളകളിലും പിശാചില്‍ നിന്ന് സുരക്ഷ നേടാനാവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. 
4- എല്ലാ കാര്യങ്ങളിലും ഇസ്‌ലാമിക മര്യാദകള്‍ പാലിക്കല്‍ അനിവാര്യമാണ്.
5- എല്ലാ സൃഷ്ടികള്‍ക്കും അവര്‍ക്ക് ദോഷവും ഉപദ്രവവും ആയിട്ടുള്ള കാര്യങ്ങളില്‍ അല്ലാഹുവിന്‍റെ കാവല്‍ ആവശ്യമാണ്‌. 
6- ജനങ്ങള്‍ക്ക് ഓരോ കാര്യങ്ങള്‍ പഠിപ്പിച്ച് കൊടുക്കുന്നതില്‍ റസൂല്‍ صلى الله عليه وسلم അങ്ങേയറ്റം ശ്രദ്ധ കാണിച്ചിരുന്നു. 
7- പിശാചുക്കള്‍ മനുഷ്യര്‍ക്കിടയില്‍ ഉണ്ടെന്നും അവര്‍  മനുഷ്യര്‍ക്ക് ഉപദ്രവങ്ങള്‍ ഉണ്ടാക്കും എന്നുമുള്ള വിശ്വാസത്തെ ഈ ഹദീസ് ശക്തിപ്പെടുത്തുന്നു. 
8- പിശാച് മനുഷ്യന്‍റെ മുഖ്യ ശത്രുവാണ്. ആയതിനാല്‍ അവനില്‍ നിന്ന് നാം എല്ലായ്പ്പോഴും രക്ഷ നേടേണ്ടതുണ്ട്. അതിന് സഹായിക്കുന്ന കാര്യങ്ങളാണ് ദിക്റുകള്‍.

Friday, 18 July 2025

272 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 12- دروس الحديث - വുദൂഇനാല്‍ ലഭിക്കുന്ന ആഭരണം

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 


വുദൂഇനാല്‍ ലഭിക്കുന്ന ആഭരണം

12 - وَفِي لَفْظٍ لِمُسْلِمٍ: سَمِعْتُ خَلِيلِي - صلى الله عليه وسلم - يَقُولُ: ((تَبْلُغُ الْحِلْيَةُ مِنْ الْمُؤْمِنِ حَيْثُ يَبْلُغُ الْوُضُوءُ)) .

ഇമാം മുസ്‌ലിം رحمه الله യുടെറെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: (അബൂഹുറൈറ رضي الله عنه പറഞ്ഞു: എന്‍റെ കൂട്ടുകാരന്‍ റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു: ഒരു വിശ്വാസിക്ക് അവന്‍റെ വുദൂഅ' എത്തുന്നിടത്തെല്ലാം (പ്രാകാശം കൊണ്ടുള്ള) ആഭരണം എത്തും. 
الحِلْيةُ:ആഭരണം


വിവരണം
    വുദൂഉം ശുദ്ധീകരണവും വിശ്വാസികളുടെ അടയാളങ്ങളാണ്. വുദൂഇന്‍റെ അവയവങ്ങള്‍ പരലോകത്ത് പ്രകാശിക്കുന്നതായി മാറും. 

    ഈ ഹദീസിൽ താബിഈയായ അബൂ ഹാസിം അഷ്ജഅീ رحمه الله അറിയിക്കുന്ന കാര്യങ്ങളാണ്. അദ്ദേഹം അബൂഹുറൈറ رضي الله عنه വൂദു ചെയ്യുമ്പോൾ പിന്നിൽ നിന്നിരുന്നു. അബൂഹുറൈറ رضي الله عنه വുദൂഇന്‍റെ അവയവങ്ങള്‍ കൈകള്‍ കക്ഷം വരെ എത്തുവോളം കഴുകുന്നുണ്ടായിരുന്നു.  ഇങ്ങനെ ചെയ്യുന്നതിന്‍റെ കാരണം അബൂ ഹാസിം رحمه الله ചോദിച്ചപ്പോള്‍ അബൂഹുറൈറ رضي الله عنه പറഞ്ഞു:
"യാ ബനീ ഫറൂഖ് (بنو فروخ), നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ?" 
    ബനൂ ഫറൂഖ് എന്നത് അജം (അറബ് അല്ലാത്തവർ) ആയ ഗോത്രം എന്നർത്ഥം, മറ്റൊരു വിവരണപ്രകാരം ഫറൂഖ് (فروخ) എന്നത് ഇബ്റാഹീം عليه السلام ന്‍റെ പുത്രൻ (ഇസ്മാഈൽ, ഇസ്ഹാഖ് എന്നിവരുടെ സഹോദരൻ) ആയ ഫറൂഖിന്‍റെ സന്തതിയാണ് എന്ന് പറയുന്നു.

    അപ്പോൾ അബൂഹുറൈറ رضي الله عنه വിശദീകരിച്ച് പറഞ്ഞു: ഇങ്ങനെ ഒരാൾ നോക്കി നിൽക്കുന്നതായി ഞാന്‍ അറിഞ്ഞിരുന്നുവെങ്കിൽ ഇത്തരത്തിൽ വൂദു ചെയ്യില്ലായിരുന്നു എന്ന്. ഇതിലൂടെ അബൂഹുറൈറ رضي الله عنه ഉദ്ദേശിച്ചത്:
    ഒരു പണ്ഡിതന്‍ അല്ലെങ്കിൽ മാതൃകായോഗ്യനായ ആരെങ്കിലും തന്‍റെ വ്യക്തിപരമായ കർശന നിലപാടുകളോ ഇളവുകളോ അല്ലെങ്കില്‍ മറ്റുള്ളവര്‍ ചെയ്യാത്ത കാര്യങ്ങളോ പൊതു ജനങ്ങൾക്കു മുന്നിൽ പ്രയോഗിക്കരുത്, കാരണം അത് അവരെ തെറ്റിദ്ധരിപ്പിച്ചേക്കാം. കരശനമായി നടപ്പിലാക്കുന്ന കാര്യം  നിര്‍ബന്ധ സ്വഭാവമുള്ളതാണെന്ന് അവര്‍ മനസ്സിലാക്കാനും അല്ലെങ്കിൽ അനാവശ്യമായി ആ ഇളവുകളെ അനുകരിക്കാനും സാധ്യതയുണ്ട്.

    തുടർന്ന് അബൂഹുറൈറ رضي الله عنه ഈ രീതിയിൽ വുദൂഅ' ചെയ്യാനുള്ള കാരണം പറയുന്നു:
"എന്‍റെ കൂട്ടുകാരനായ നബി صلى الله عليه وسلم പറഞ്ഞു: വിശ്വാസിയുടെ അലങ്കാരം (ആഭരണം) അവൻ വുദൂഅ' ചെയ്യുന്നതുവരെ എത്തും."

    അതായത്, സ്വർഗത്തിൽ വിശ്വാസിക്ക് വുദൂഅ' കാരണം ആഭരണമണിയിക്കപ്പെടും. വുദൂഇന്‍റെ ഭാഗങ്ങള്‍ നന്നായി കഴുകല്‍ അതിന് അത്യാവശ്യമാണ്. അതിനാൽ തന്നെ അബൂഹുറൈറ رضي الله عنه കൂടുതല്‍ ശ്രേഷ്ടത കൈവരിക്കാന്‍ തന്‍റെ വുദൂഇല്‍ കൈകളുടെ കൂടുതൽ ഭാഗങ്ങൾ ഉൾപ്പെടുത്തി. 

ഹദീസിൽ നിന്നുള്ള പാഠങ്ങള്‍:

  • വിശ്വാസികൾക്ക് വലിയ ബഹുമാനവും സുഖലോലുപതയും സ്വർഗത്തിൽ ലഭിക്കും എന്നതിന്‍റെ തെളിവ്.

  • പൊതു ജനങ്ങൾക്ക് മനസ്സിലാകാത്ത പ്രത്യേക കാര്യങ്ങൾ വിവരമുള്ളവര്‍ പൊതുവിൽ ചെയ്യരുത്, തെറ്റിദ്ധാരണ ഒഴിവാക്കാനാണിത്.

  • വുദൂഅ' ചെയ്യുമ്പോൾ "غرة" (മുഖംത്തിലെ) പ്രകാശവും "تحجيل" (കൈകാലുകളിലെ)പ്രകാശവും പരിപൂര്‍ണ്ണമാകാന്‍ വുദൂഅ' ശരിക്കും ചെയ്യണം. 





Thursday, 17 July 2025

271 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 11- دروس الحديث - വുദൂഇന്‍റെ അവയവങ്ങള്‍ പ്രകാശിക്കും

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

വുദൂഇന്‍റെ അവയവങ്ങള്‍ പ്രകാശിക്കും

11 - عَنْ نُعَيْمٍ الْمُجْمِرِ عَنْ أَبِي هُرَيْرَةَ - رضي الله عنه - عَنْ النَّبِيِّ - صلى الله عليه وسلم - أَنَّهُ قَالَ: ((إنَّ أُمَّتِي يُدْعَوْنَ يَوْمَ القِيَامَةِ غُرّاً مُحَجَّلِينَ مِنْ آثَارِ الْوُضُوءِ)) . فَمَنْ اسْتَطَاعَ مِنْكُمْ أَنْ يُطِيلَ غُرَّتَهُ فَلْيَفْعَلْ.

നുഐമു ബ്നു മുജ്മിര്‍ അബൂഹുറൈറ رضي الله عنه വില്‍ നിന്ന് നിവേദനം ചെയ്യുന്നു. നബി صلى الله عليه وسلم പറഞ്ഞു: നിശ്ചയം എന്‍റെ സമുദായം വുദൂഇന്‍റെ അടയാളങ്ങളുമായി കാലുകളും നെറ്റിത്തടങ്ങളും (വുദൂഇന്‍റെ അവയവങ്ങള്‍) തിളക്കമുള്ളതായി അന്ത്യ ദിനത്തില്‍ വിളിക്കപ്പെടും. ആയതിനാല്‍ ആര്‍ക്ക് തന്‍റെ തിളക്കം നീളമുള്ളതാക്കാന്‍ കഴിയുന്നുവോ അവന്‍ അത് ചെയ്യട്ടെ. 

وَفِي لَفْظٍ لِمُسْلِمٍ: ((رَأَيْتُ أَبَا هُرَيْرَةَ يَتَوَضَّأُ، فَغَسَلَ وَجْهَهُ وَيَدَيْهِ حَتَّى كَادَ يَبْلُغُ الْمَنْكِبَيْنِ، ثُمَّ غَسَلَ رِجْلَيْهِ حَتَّى رَفَعَ إلَى السَّاقَيْنِ، ثُمَّ قَالَ: سَمِعْتُ رَسُولَ اللَّهِ - صلى الله عليه وسلم - يَقُولُ: إنَّ أُمَّتِي يُدْعَوْنَ يَوْمَ الْقِيَامَةِ غُرَّاً مُحَجَّلِينَ مِنْ آثَارِ الْوُضُوءِ)) فَمَنْ اسْتَطَاعَ مِنْكُمْ أَنْ يُطِيلَ غُرَّتَهُ وَتَحْجِيلَهُ فَلْيَفْعَلْ.

ഇമാം മുസ്‌ലിം رحمه الله ന്‍റെ റിപ്പോര്‍ട്ട്: (അബൂഹുറൈറ رضي الله عنه വുദൂഅ' ചെയ്യുന്നത് ഞാന്‍ കണ്ടു. അദ്ദേഹം തന്‍റെ മുഖവും ഇരു കൈകളും അദ്ദേഹത്തിന്‍റെ തോള്‍ ഭാഗം എത്തുമാറ് കഴുകുന്നതായി ഞാന്‍ കണ്ടു. പിന്നെ അദ്ദേഹം തന്‍റെ ഇരു കാലുകളും രണ്ട് കണങ്കാല്‍ വരെ കഴുകി. പിന്നെ പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു.
നിശ്ചയം എന്‍റെ സമുദായം വുദൂഇന്‍റെ  അടയാളങ്ങളുമായി കാലുകളും നെറ്റിത്തടങ്ങളും (വുദൂഇന്‍റെ അവയവങ്ങള്‍) തിളക്കമുള്ളതായി അന്ത്യ ദിനത്തില്‍ വിളിക്കപ്പെടും. ആയതിനാല്‍ ആര്‍ക്ക് തന്‍റെ മുഖത്തെയും കാലിലെയും തിളക്കം നീളമുള്ളതാക്കാന്‍ സാധിക്കുന്നുവോ അവനത് ചെയ്യട്ടെ. 

الغُرَّةُ: بَياضٌ في الجَبهةِ
മുഖത്തുള്ള വെളുപ്പ്‌ അല്ലെങ്കില്‍ തിളക്കം.
التَّحجيلُ: بَياضٌ في السَّاق
കണങ്കാലിലെ വെളുപ്പ്‌ അല്ലെങ്കില്‍ തിളക്കം.


വിവരണം

    അല്ലാഹു വിശ്വാസികളെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കാന്‍ ചില അടയാളങ്ങളും വിശേഷണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്ത്യദിനത്തില്‍ അവ മുഖേന  റസൂല്‍ صلى الله عليه وسلم തന്‍റെ ഉമ്മത്തിലെ ആളുകളെ തിരിച്ചറിയും. 
    വുദൂഅ', ബാങ്ക് വിളിക്കല്‍ പോലെയുള്ള കാര്യങ്ങള്‍ പതിവാക്കുന്നവരെ വേഗം തിരിച്ചറിയാനുള്ള അടയാളങ്ങളുണ്ട്. വുദൂഉമായി ബന്ധപ്പെട്ട വിവരണങ്ങളാണ് ഈ ഹദീസില്‍ ഉള്ളത്.
    വുദൂഇന്‍റെ അവയവങ്ങള്‍ പ്രകാശിക്കുന്ന വിധമായിരിക്കും അന്ത്യദിനത്തില്‍ അതിന്‍റെ ആളുകള്‍ വരിക. അവരെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. 
    വുദൂഅ' ചെയ്യുമ്പോള്‍ പരിപൂര്‍ണ്ണമായി ചെയ്യാനുള്ള പ്രേരണയാണ് ഈ ഹദീസ്.

    നനയേണ്ട ഭാഗങ്ങള്‍ കൃത്യമായി നനയുന്ന വിധമായിരിക്കണം വുദൂഅ' ചെയ്യേണ്ടത്. കഴുകുമ്പോള്‍ കഴുകേണ്ട ഭാഗം പരിപൂര്‍ണ്ണമാക്കി കഴുകല്‍ ശ്രേഷ്ടത വര്‍ധിക്കാന്‍ കാരണമായ കാര്യമാണ്. അതാണ്‌ റസൂല്‍ صلى الله عليه وسلم യുടെ വാക്കില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. 
    പരലോകത്ത് മുഴുവന്‍ മനുഷ്യര്‍ക്കിടയില്‍ നിന്നും അല്ലാഹു ഈ ഉമ്മത്തിലെ വിശ്വാസികളെ വിളിക്കും. അപ്പോള്‍ അവര്‍ മുഖവും കണങ്കാലുകളും വെളുത്ത് തിളങ്ങുന്ന അവസ്ഥയിലായിരിക്കും. 
    വുദൂഅ' ഇഹലോകത്തും പരലോകത്തും ശരീരത്തിലും മനസ്സിലും ശോഭയും വെളിച്ചവും പകരുന്ന കര്‍മ്മമാണ്. ഇത് വിശ്വാസികള്‍ക്ക് ലഭിക്കുന്ന സവിശേഷതയാണ്. റസൂല്‍ صلى الله عليه وسلم യുടെ ഉമ്മത്തിലെ വിശ്വാസികള്‍ക്ക് മാത്രം പ്രത്യേകമായ കാര്യം കൂടിയാണിത്. 
    വുദൂഇന്‍റെ അവയവങ്ങള്‍ പരിപൂര്‍ണ്ണമാക്കി കഴുകാനുള്ള കല്‍പനയാണ് റസൂല്‍ صلى الله عليه وسلم നല്‍കുന്നത്. വുദൂഇല്‍ അമിതമായി ധൂര്‍ത്ത് കാണിക്കാനല്ല. മുഖം കഴുകുമ്പോള്‍ തലയും കൂട്ടി കഴുകാനുമല്ല എന്ന് നാം മനസ്സിലാക്കണം.

Wednesday, 16 July 2025

270 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 10- دروس الحديث - വലതിനെ മുന്തിക്കല്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 


വലതിനെ മുന്തിക്കല്‍


10 - عَنْ عَائِشَةَ رضي الله عنها قَالَتْ: ((كَانَ رَسُولُ اللَّهِ - صلى الله عليه وسلم - يُعْجِبُهُ التَّيَمُّنُ فِي تَنَعُّلِهِ، وَتَرَجُّلِهِ، وَطُهُورِهِ، وَفِي شَأْنِهِ كُلِّهِ)) .

ആഇശ رضي الله عنها പറഞ്ഞു: തന്‍റെ ചെരിപ്പ് ധാരണത്തിലും മുടി ചീകുന്നതിലും ശുദ്ധീകരണത്തിലും തുടങ്ങി അവരുടെ എല്ലാ കാര്യങ്ങളിലും വലതിനെ മുന്തിക്കല്‍ റസൂല്‍ صلى الله عليه وسلم ക്ക് ഇഷ്ടമായിരുന്നു. 

يعجبُهُ التَّيَمُنُ: استعمالُ اليدِ اليمينِ، والبَدْءُ باليمينَ في كلِّ ماهو شريفٌ وطاهرٌ وطيبٌ.

يعجبُهُ التَّيَمُنُ എന്നാല്‍ വലത് കൈ ഉപയോഗിക്കല്‍ എന്നും എല്ലാ നല്ലതും ശുദ്ധമായതുമായ കാര്യം വലത് കൊണ്ട് തുടങ്ങല്‍ എന്നുമാണ്  ഉദ്ദേശം.

تنعُّله: لبْسُ النعلِ وهو الحِذاءُ.

تنعُّله എന്നാല്‍ ചെരിപ്പ് ധരിക്കല്‍ എന്നാണ് അര്‍ത്ഥം.

ترجلِهِ: تسريحُ شعرِهِ بالمِشطِ.

ترجلِهِ എന്നാല്‍ മുടി ചീകല്‍ എന്നാണ് അര്‍ത്ഥം,

طُهُورِهِ: بضم الطاء: يشملُ الوُضوءَ والغسلَ.

അംഗ ശുദ്ധി, കുളി എന്നിങ്ങനെയുള്ള ശുദ്ധീകരണങ്ങളാണ് طُهُورِهِ എന്നതില്‍ ഉള്‍ക്കൊള്ളുന്നത്.

وفي شأْنِهِ كلِهِ: في الأُمورِ الشريفةِ المُسْتَطابَةِ.

നല്ലതും മാന്യവുമായ എല്ലാ കാര്യങ്ങളിലും.


വിവരണം

സ്വഹാബിമാര്‍ നബി صلى الله عليه وسلم യുടെ ഓരോ കാര്യങ്ങളിലും കൃത്യമായ നിരീക്ഷണം നടത്തുന്നവരായിരുന്നു. റസൂല്‍ صلى الله عليه وسلم ചെയ്യുന്ന ഓരോ കാര്യങ്ങളും അതേ പ്രകാരം അനുധാവനം ചെയ്യാന്‍ വേണ്ടിയായിരുന്നു അവര്‍ അങ്ങനെ ചെയ്തിരുന്നത്.

    റസൂല്‍ صلى الله عليه وسلم യുടെ ഓരോ കാര്യങ്ങളെ പറ്റിയും കൃത്യമായി അറിയുന്ന ആഇശ رضي الله عنها യുടെ വാക്കുകളാണ് ഈ ഹദീസില്‍ ഉള്ളത്. റസൂല്‍ صلى الله عليه وسلم യുടെ ജീവിതത്തിലെ പതിവ് കാര്യങ്ങളില്‍ ഒന്നായ വലതിനെ മുന്തിക്കുന്ന വിഷയമാണ് ഇതില്‍ അറിയിക്കുന്നത്. 

    കര്‍മങ്ങളില്‍ വലത് കയ്യിനെയും വലത് ഭാഗത്തെയും മുന്തിക്കുന്നതിനെ കുറിച്ചാണ് ഈ ഹദീസ് അറിയിക്കുന്നത്. റസൂല്‍ صلى الله عليه وسلم ക്ക് വലതിനെ മുന്തിക്കല്‍ വളരെ ഇഷ്ടമായിരുന്നു. ഏതൊരു നല്ല കാര്യം ചെയ്യുമ്പോഴും വലതിനെ മുന്തിച്ചായിരുന്നു റസൂല്‍ صلى الله عليه وسلم അവ ചെയ്തിരുന്നത്. ഈ കാര്യം റസൂല്‍ صلى الله عليه وسلم യുടെ പതിവില്‍ പെട്ടതായിരുന്നു. 

   എന്നാല്‍ കക്കൂസില്‍ പ്രവേശിക്കുമ്പോഴും, പള്ളിയില്‍ നിന്ന് ഇറങ്ങുമ്പോഴും ഇടത് കാല്‍ വെച്ച് കൊണ്ടായിരുന്നു റസൂല്‍ صلى الله عليه وسلم ഇറങ്ങിയിരുന്നത്. 


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- മുടി ചീകുമ്പോഴും മുടി വെട്ടുമ്പോഴുമെല്ലാം തലയുടെ വലത് ഭാഗം കൊണ്ട് തുടങ്ങല്‍ സുന്നത്താണ്. 

2- ചെരിപ്പ് ധരിക്കുമ്പോള്‍ വലത് കാലില്‍ ആദ്യം ധരിക്കലും അഴിക്കുമ്പോള്‍ ഇടത് കാല്‍ കൊണ്ട് തുടങ്ങലും സുന്നത്താണ്. 

3- വുദൂഅ', കുളി എന്നിവയില്‍ വലതിനെ മുന്തിച്ച് ആണ് കഴുകേണ്ടത്. 

4- എല്ലാ നല്ല കാര്യങ്ങളിലും ഈ പാഠം നിറവേറ്റല്‍ സുന്നത്താണ്. 

5- കൊടുക്കല്‍, വാങ്ങല്‍, തിന്നല്‍, കുടിക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും ഈ ഒരു ചര്യ നാം ശീലമാക്കണം. 


Tuesday, 15 July 2025

269 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 9- دروس الحديث - വുദൂഇന്‍റെ രൂപം

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 


വുദൂഇന്‍റെ രൂപം

9 - عَنْ عَمْرِو بْنِ يَحْيَى الْمَازِنِيِّ عَنْ أَبِيهِ قَالَ:((شَهِدْتُ عَمْرَو بْنَ أَبِي حَسَنٍ سَأَلَ عَبْدَ اللَّهِ بْنَ زَيْدٍ عَنْ وُضُوءِ النَّبِيِّ - صلى الله عليه وسلم -؟ فَدَعَا بِتَوْرٍ مِنْ مَاءٍ، فَتَوَضَّأَ لَهُمْ وُضُوءَ رَسُولِ اللَّهِ - صلى الله عليه وسلم - فَأَكْفَأَ عَلَى يَدَيْهِ مِنْ التَّوْرِ، فَغَسَلَ يَدَيْهِ ثَلاثاً، ثُمَّ أَدْخَلَ يَدَهُ فِي التَّوْرِ، فَمَضْمَضَ وَاسْتَنْشَقَ وَاسْتَنْثَرَ ثَلاثاً بِثَلاثِ غَرْفَاتٍ، ثُمَّ أَدْخَلَ يَدَهُ فَغَسَلَ وَجْهَهُ ثَلاثاً، ثُمَّ أَدْخَلَ يَدَهُ فِي التَّوْرِ، فَغَسَلَهُمَا مَرَّتَيْنِ إلَى الْمِرْفَقَيْنِ ثُمَّ أَدْخَلَ  يَدَهُ فِي التَّوْرِ، فَمَسَحَ رَأْسَهُ، فَأَقْبَلَ بِهِمَا وَأَدْبَرَ مَرَّةً وَاحِدَةً، ثُمَّ غَسَلَ رِجْلَيْهِ)) .

അംറു ബ്നു യഹ്'യല്‍ മാസിനി  رضي الله عنه തന്‍റെ പിതാവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം (യഹ്'യല്‍ മാസിനി رضي الله عنه) പറഞ്ഞു: അംറുബ്നു അബീ ഹസന്‍ അബ്ദുല്ലാഹിബ്നു സൈദിനോട് നബി صلى الله عليه وسلم യുടെ വുദൂഇനെ കുറിച്ച് ചോദിക്കുന്നതിന് ഞാന്‍ സാക്ഷിയായി. അപ്പോള്‍ അദ്ദേഹം (അബ്ദുല്ലാഹിബ്നു സൈദ്‌) ഒരു പാത്രം വെള്ളം കൊണ്ട് വരാന്‍ പറഞ്ഞു. അങ്ങനെ അവര്‍ക്ക് നബി صلى الله عليه وسلم യുടെ വുദൂഅ' ചെയ്ത് കാണിച്ചു കൊടുത്തു. 

    അദ്ദേഹം പാത്രത്തില്‍ നിന്ന് തന്‍റെ ഇരു കൈകളിലേക്കും വെള്ളം ഒഴിച്ചു അവ മൂന്ന് പ്രാവശ്യം കഴുകി. പിന്നെ തന്‍റെ കൈ പാത്രത്തിലേക്ക് ഇടുകയും (വെള്ളമെടുത്ത്) മൂന്ന് പ്രാവശ്യം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്തു. പിന്നെ തന്‍റെ കൈ പാത്രത്തില്‍ പ്രവേശിപ്പിച്ചു (വെള്ളമെടുത്ത്) മുഖം മൂന്ന് പ്രാവശ്യം കഴുകി. വീണ്ടും കൈ വെള്ളത്തില്‍ പ്രവേശിപ്പിച്ചു ഇരു കൈകളും രണ്ട് പ്രാവശ്യം മുട്ട് വരെ കഴുകി. പിന്നെയും കൈ വെള്ളത്തിലിട്ടു തന്‍റെ തല മുന്നില്‍ നിന്ന് പിന്നിലേക്കും ശേഷം മുന്നിലേക്കും ഒരു പ്രാവശ്യം തടവി. പിന്നെ അദ്ദേഹത്തിന്‍റെ ഇരു കാലുകളും കഴുകി. 

وَفِي رِوَايَةٍ: ((بَدَأَ بِمُقَدَّمِ رَأْسِهِ، حَتَّى ذَهَبَ بِهِمَا إلَى قَفَاهُ، ثُمَّ رَدَّهُمَا حَتَّى رَجَعَ إلَى الْمَكَانِ الَّذِي بَدَأَ مِنْهُ)) . وَفِي رِوَايَةٍ ((أَتَانَا رَسُولُ اللَّهِ - صلى الله عليه وسلم - فَأَخْرَجْنَا لَهُ مَاءً فِي تَوْرٍ مِنْ صُفْرٍ)) . التَّوْرُ: شِبْهُ الطَّسْتِ. أهـ

    മറ്റൊരു റിപ്പോര്‍ട്ടില്‍ (തലയുടെ മുന്‍ ഭാഗത്ത് നിന്ന് തുടങ്ങി അദ്ദേഹത്തിന്‍റെ പിരടി വരെയും പിന്നെ തുടങ്ങിയ സ്ഥലത്തേക്ക് തന്നെ (കൈ) മടക്കുകയും ചെയ്തു.) എന്നുണ്ട്. 

    മറ്റൊരു റിപ്പോര്‍ട്ടില്‍ (ഞങ്ങളുടെ അടുക്കല്‍ റസൂല്‍ വരികയും ഞങ്ങള്‍ അദ്ദേഹത്തിന് ചെമ്പ് കൊണ്ടുള്ള ഒരു പാത്രത്തില്‍ വെള്ളം കൊണ്ട് വരികയും ചെയ്തു) എന്നുണ്ട്.

التَّورُ: هو إِناءٌ صغيرٌ.

ചെറിയ വെള്ള പാത്രം


فأَكْفَأَ على يديْهِ: أَمالَ وصَبَّ على يديْهِ.

വെള്ളം ഒഴിച്ചു.

منْ صُفْرٍ: هوَ نوعٌ منَ النُّحاسِ.
ചെമ്പിന്‍റെ ഒരു ഇനം

വിവരണം

    ഈ ഹദീസിലും വുദൂഇന്‍റെ രൂപം ആണ് അറിയിക്കുന്നത്. 

    സ്വഹാബികള്‍ നബി صلى الله عليه وسلم യില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൃത്യമായി അറിയിച്ച് കൊടുത്തിരുന്നു എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം. 

 വുദൂഇന്‍റെ കര്‍മങ്ങള്‍ എല്ലാം മൂന്ന് തവണയാണ് കഴുകേണ്ടത്. ഇത് സുന്നത്താണ്. എന്നാല്‍ നിര്‍ബന്ധമായിട്ടുള്ളത് ഒരു തവണ മാത്രമാണ്.  എന്നാല്‍ തലയും ചെവിയും ഒരു തവണ മാത്രം തടവിയാല്‍ മതി. 

    ഈ ഹദീസില്‍ കൈകള്‍ മുട്ട് വരെ രണ്ട് തവണ കഴുകി എന്നാണ് ഉള്ളത്. ഇങ്ങനെ കഴുകല്‍ മതിയായതാണ്. അത് സുന്നത്തായ രൂപവുമാണ്.

    ചെവി തടവേണ്ട കാര്യം ഈ ഹദീസില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. ചെവി തലയില്‍ ഉള്‍പ്പെടുന്നതാണ്. 

    തല തടവുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഈ ഹദീസില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അവ: 

1- തല ഒരു പ്രാവശ്യം തടവിയാല്‍ മതി

2- തല തടവുമ്പോള്‍ മുന്‍ഭാഗം മാത്രം തടവിയാല്‍ പോരാ. മറിച്ച് മുന്‍ഭാഗത്തെ മുടിയുടെ തുടക്കം മുതല്‍ പിന്നില്‍ പിരടി വരെയും തുടര്‍ന്ന് തുടങ്ങിയ സ്ഥലം വരേയും തടവണം.

    ചെവി തടവല്‍ നിര്‍ബന്ധമാണോ അല്ലെയോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഹമ്പലി മദ്ഹബില്‍ ഇത് നിര്‍ബന്ധമാണ്‌. ചെവികള്‍ തലയില്‍ പെട്ടതാണ് എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിച്ചിരിക്കുന്നത്. 

عَنْ عَبْدِ اللَّهِ بْنِ زَيْدٍ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: الْأُذُنَانِ مِنْ 

الرَّأْسِ، والحديث مختلف في صحته، وقد صححه الألباني رحمه الله في صحيح ابن ماجة.

അബ്ദുല്ലാഹിബ്നു സൈദ്‌ رضي الله عنه നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു:  രണ്ട് ചെവികള്‍ തലയില്‍ പെട്ടതാണ്.(ഇബ്നു മാജ).

    ചെവി തടവല്‍ വുദൂഇന്‍റെ സുന്നത്തുകളില്‍ പെട്ടതാണ് എന്നാണ് ഭൂരിഭാഗം പണ്ഡിതരുടെ അഭിപ്രായം. അവര്‍ തെളിവ് പിടിക്കുന്നത് സൂറത്തുല്‍ മാഇദയിലെ ആറാമത്തെ ആയത്താണ്. അത്: 

  يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُؤُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ [المائدة: 6]

സത്യവിശ്വാസികളേ, നിങ്ങൾ നമസ്കാരത്തിന് ഒരുങ്ങിയാൽ, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകൾ കഴുകുകയും ചെയ്യുക. (മാഇദ :6)

    ഇതില്‍ അല്ലാഹു തല തടവാന്‍ ആണ് കല്‍പിച്ചത്. അതോടൊപ്പം ചെവി തടവാന്‍ നിര്‍ദേശിച്ചിട്ടില്ല എന്നതാണ് ഭൂരിഭാഗം പണ്ഡിതരുടെ വാദം. 

    എന്നാല്‍ റസൂല്‍ صلى الله عليه وسلم ഈ കാര്യം പതിവായി ചെയ്യാറുണ്ടായിരുന്നു. 


268 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 8- دروس الحديث - വുദൂഇന്‍റെ രൂപം

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 


വുദൂഇന്‍റെ രൂപം

8 - عَنْ حُمْرَانَ مَوْلَى عُثْمَانَ بْنِ عَفَّانَ رضي اللهُ عنهما: ((أَنَّهُ رَأَى عُثْمَانَ دَعَا بِوَضُوءٍ، فَأَفْرَغَ عَلَى يَدَيْهِ مِنْ إنَائِهِ، فَغَسَلَهُمَا ثَلاثَ مَرَّاتٍ، ثُمَّ أَدْخَلَ يَمِينَهُ فِي الْوَضُوءِ، ثُمَّ تَمَضْمَضَ وَاسْتَنْشَقَ وَاسْتَنْثَرَ، ثُمَّ غَسَلَ وَجْهَهُ ثَلاثاً، وَيَدَيْهِ إلَى الْمِرْفَقَيْنِ ثَلاثًا، ثُمَّ مَسَحَ بِرَأْسِهِ، ثُمَّ غَسَلَ كِلْتَا رِجْلَيْهِ ثَلاثًا، ثُمَّ قَالَ: رَأَيْتُ النَّبِيَّ - صلى الله عليه وسلم - يَتَوَضَّأُ نَحْوَ وُضُوئِي هَذَا، وَقَالَ: ((مَنْ تَوَضَّأَ نَحْوَ وُضُوئِي هَذَا، ثُمَّ صَلَّى رَكْعَتَيْنِ، لا يُحَدِّثُ فِيهِمَا نَفْسَهُ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ))

ഹുംറാന്‍ رحمه اللهُ -ഉസ്മാനു ബ്നു അഫ്ഫാന്‍ رضي اللهُ عنه മോചിപ്പിച്ച അടിമ- പറഞ്ഞു: ഉസ്മാന്‍ رضي اللهُ عنه വുദൂഇനുള്ള വെള്ളം കൊണ്ട് വരാന്‍ പറയുന്നതായി അദ്ദേഹം കണ്ടു. എന്നിട്ട് അദ്ദേഹത്തിന്‍റെ പാത്രത്തില്‍ നിന്ന് തന്‍റെ രണ്ട് കൈകളിലേക്കും വെള്ളം ഒഴിച്ചു. അങ്ങനെ അവ രണ്ടും മൂന്ന് പ്രാവശ്യം കഴുകി. പിന്നെ അദ്ദേഹത്തിന്‍റെ വലത് കൈ വുദൂഇന്‍റെ വെള്ളത്തില്‍ പ്രവേശിപ്പിച്ചു, പിന്നെ കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്തു. പിന്നെ അദ്ദേഹത്തിന്‍റെ മുഖവും ഇരു കൈകളും മുട്ട് വരെ മൂന്ന് തവണ കഴുകി. പിന്നെ അദ്ദേഹത്തിന്‍റെ തല തടവി. പിന്നെ അദ്ദേഹത്തിന്‍റെ ഇരു കൈകളും മൂന്ന് തവണ കഴുകി. എന്നിട്ട് പറഞ്ഞു: പിന്നെ പറഞ്ഞു: എന്‍റെ ഈ വുദൂഅ' പോലെ നബി صلى الله عليه وسلم വുദൂഅ' ചെയ്യുന്നതായി ഞാന്‍ കണ്ടു. എന്നിട്ട് (നബി صلى الله عليه وسلم) പറഞ്ഞു: ആരെങ്കിലും എന്‍റെ ഈ വുദൂഅ' പോലെ  ആരെങ്കിലും വുദൂഅ' ചെയ്യുകയും പിന്നെ (നമസ്കാരവുമായി ബന്ധമില്ലാത്ത) കാര്യങ്ങള്‍ മനസ്സില്‍ മന്ത്രിക്കാതെ (ഭക്തിയോടെ) രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്‌താല്‍ അവന്‍ മുമ്പ് ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടും. 

بِوَضوءٍ: الوَضوءُ بفتحِ الواوِ، معناه الماءُ الذي يتوضأُ بِهِ، وبضمِّها، فعلُ الوُضوءِ.
വദൂഅ' എന്നാല്‍ വുദൂഅ' ചെയ്യാനുള്ള വെള്ളത്തിനാണ് പറയുന്നത്. വുദൂഅ' എന്നാല്‍ അംഗ ശുദ്ധിയുമാണ്‌. 

വിവരണം

  • സ്വഹാബികള്‍ സുന്നത്തുകള്‍ പഠിക്കുകയും അത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്നതില്‍ അതീവ താല്‍പരരായിരുന്നു.
  • ഇസ്‌ലാമിന്‍റെ തനതായ കാര്യങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ അത് വളരെ സഹായകമായിരുന്നു. 
  • ഹുംറാന്‍ رحمه الله താബിഈ പണ്ഡിതന്‍ ആയിരുന്നു. അദ്ദേഹം അടിമയും അദ്ദേഹത്തെ മോചിപ്പിച്ചത് ഉസ്മാന്‍ رضي الله عنه വും ആയിരുന്നു.
  • ഒരിക്കല്‍ ഉസ്മാന്‍ رضي الله عنه വുദൂഅ' ചെയ്യാന്‍ വെള്ളം കൊണ്ട് വരാന്‍ ആവശ്യപ്പെട്ടത് ഹുംറാന്‍ رحمه الله കാണുകയുണ്ടായി. അതിന്‍റെ വിവരങ്ങളാണ് ഈ ഹദീസില്‍ ഉള്ളത്. ഉസ്മാന്‍ رضي الله عنه വുദൂഇന്‍റെ രൂപം ജനങ്ങള്‍ക്ക് വ്യക്തമാക്കി ക്കൊടുക്കുകയായിരുന്നു. 
  • വുദൂഇനുള്ള വെള്ളം കൊണ്ട് വന്നപ്പോള്‍ അതിലേക്ക് കൈ ഇടുന്നതിനു മുമ്പായി തന്‍റെ ഇരു കൈപടങ്ങളും മൂന്ന് പ്രാവശ്യം അദ്ദേഹം കഴുകുകയുണ്ടായി. വുദൂഇന്‍റെ വെള്ളം വൃത്തിയോടെ ഉപയോഗിക്കാന്‍ വേണ്ടിയായിരുന്നു ഇത്. 

വുദൂഇന്‍റെ രൂപം
  • ഈ ഹദീസില്‍ വുദൂഇന്‍റെ കര്‍മപരമായ രൂപമാണ് വിവരിക്കുന്നത്. വുദൂഇന്‍റെ ഓരോ കാര്യങ്ങള്‍ ക്രമത്തില്‍ അദ്ദേഹം ജനങ്ങള്‍ക്ക് കാണിച്ചു കൊടുത്തു. 
  • വുദൂഇന്‍റെ വെള്ളത്തില്‍ കൈ കടത്തുന്നതിന് മുമ്പ് ഇരു കൈപടങ്ങളും മൂന്ന് പ്രാവശ്യം കഴുകി. 
  • പിന്നെ ഇരു കൈപടങ്ങളിലും വെള്ളമെടുത്ത് കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്തു. 
  • വായ വൃത്തിയാവാന്‍ അതിലേക്ക് വെള്ളം കയറ്റി ശക്തിയായി ചലിപ്പിക്കുന്നതാണ് വായ കൊപ്ലിക്കല്‍. പിന്നെ വെള്ളം പുറത്തേക്ക് കളയുകയും ചെയ്യുന്നു. 
  • അതിന് ശേഷം മൂക്കില്‍ വെള്ളം കയറ്റി ചീറ്റുന്നു. മൂക്കിലെ മാലിന്യങ്ങള്‍ പുറത്ത് പോകും വിധം ഇത് ചെയ്യണം. 
  • അതിന് ശേഷം മുഖം മൂന്ന് തവണ കഴുകണം. മുഖത്തിന്‍റെ പരിധി മുഖത്തിന്‍റെ മുകളില്‍ മുടി വളരുന്ന സ്ഥലം മുതല്‍ താടിയെല്ലിന്‍റെ അടിയില്‍ വരെയും രണ്ട് ചെവികള്‍ക്കിടയിലും ആയാണ്. ഈ ഭാഗം കൃത്യമായി മൂന്ന് തവണ കഴുകണം.


  • അതിന് ശേഷം ഇരു കൈകളും മുട്ട് വരെ മൂന്ന് പ്രാവശ്യം കഴുകണം. ശേഷം തല ഒരു പ്രാവശ്യം തടവണം. തലയില്‍ സാധാരണ മുടി വരുന്ന ഭാഗമാണ് തടവേണ്ടത്. കൈയില്‍ വെള്ളം നനച്ച് മുന്നില്‍ നിന്ന് പിന്നിലേക്കും തുടര്‍ന്ന് മുന്നിലേക്കും തടവണം. 


  • ശേഷം ഇരു കാലുകളും മൂന്ന് തവണ കഴുകണം. 
  • ഇങ്ങനെ വുദൂഅ' ചെയ്ത് കാണിച്ച് ഉസ്മാന്‍ رضي الله عنه പറഞ്ഞു: ഞാന്‍ ഈ വുദൂഅ' ചെയ്ത പോലെ റസൂല്‍ صلى الله عليه وسلم വുദൂഅ' ചെയ്യുന്നതായി ഞാന്‍ കണ്ടു. അഥവാ അദ്ദേഹം നബി صلى الله عليه وسلم യില്‍ നിന്ന് പഠിച്ച വുദൂഇന്‍റെ രൂപം ജനങ്ങള്‍ക്ക് കാണിച്ച് കൊടുക്കുകയായിരുന്നു.
  • ഇങ്ങനെ ഒരാള്‍ വുദൂഅ' ചെയ്യുകയും ശേഷം ഭക്തിയോടെ രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്‌താല്‍ അവന് മുമ്പ് ചെയ്ത പാപങ്ങള്‍ പോറുക്കപ്പെടും എന്ന് നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു എന്ന് അദ്ദേഹം ജനങ്ങളെ അറിയിക്കുകയും ചെയ്തു.

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...