ഫോളോ ചെയ്യാം

Wednesday, 9 July 2025

262 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 2- دروس الحديث -വുദൂഇന്‍റെ അനിവാര്യത

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)


വുദൂഇന്‍റെ അനിവാര്യത

2 - عَنْ أَبِي هُرَيْرَةَ - رضي الله عنه - قَالَ: قَالَ رَسُولُ اللَّهِ - صلى الله عليه وسلم -: ((لا يَقْبَلُ اللَّهُ صَلاةَ أَحَدِكُمْ إذَا أَحْدَثَ حَتَّى يَتَوَضَّأَ))

أَحدثَ: حصل منه الحدثُ، وهو الخارجُ منْ أَحدِ السبيلينِ أَوغيرهِ منْ نواقض الوُضوءِ

അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: വുദൂഅ നഷ്ടമായാല്‍ അത് ചെയ്യുന്നത് വരെ നിങ്ങളില്‍ ഒരാളുടെയും നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല.


അര്‍ത്ഥം

لا يقبل  സീകാര്യമല്ല

أحدثَ വുദൂഅ ഇല്ലാത്ത അവസ്ഥ ഉണ്ടാകല്‍. (വുദൂഅ' നഷ്ടപ്പെട്ടു.

 

വിവരണം

    നമസ്കാരം ശരിയാകാന്‍ ശുദ്ധി അനിവാര്യമാണ് എന്ന് ഈ ഹദീസ് അറിയിക്കുന്നു. നമസ്കാരം സ്വീകരിക്കാനുള്ള നിബന്ധനയാണ് വുദൂഅ'.

   حدث    എന്നാല്‍ വുദൂഅ' മുറിയാന്‍ കാരണമാകുന്ന ഏതെങ്കിലും കാര്യം സംഭവിക്കുക എന്നതാണ്. ഒരാള്‍ ഹദറുമൗത്തില്‍ വെച്ച് അബൂഹുറൈറ رضي الله عنه വിനോട് ചോദിച്ചു: ഏ അബൂ ഹുറൈറാ.. എന്താണ് حدث?. അപ്പോള്‍ അബൂഹുറൈറ رضي الله عنه പറഞ്ഞു: അത് ശബ്ദത്തോടെയോ അല്ലാതെയോ  കീഴ്വായു പോകലാണ്.

    കാഷ്ടവും മൂത്രവും പോകല്‍ വുദൂഅ' ഇല്ലാതാക്കും. ഇവിടെ അബൂഹുറൈറ ചോദ്യത്തിനുള്ള മറുപടി എന്ന നിലയില്‍ സാന്ദര്‍ഭികമായ മറുപടിയാണ് നല്‍കിയത്. حدث എന്നാല്‍ വുദൂഅ' മുറിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും പൊതുവായി പറയുന്ന വാക്കാണ്‌.  

حدث രണ്ട് വിധമുണ്ട്:

ഒന്ന്: الحدث الأكبر വലിയ അശുദ്ധി

രണ്ട്: الحدث الأصغر ചെറിയ അശുദ്ധി

    വലിയ അശുദ്ധിയുണ്ടായാല്‍ കുളി നിര്‍ബന്ധമാകും, എന്നാല്‍ ചെറിയ അശുദ്ധി വുദൂഅ' നഷ്ടപ്പെടുന്ന അവസ്ഥക്കാണ് പറയുന്നതാണ്. ഈ ഹദീസില്‍ സൂച്ചിപ്പിച്ചത് രണ്ടാമത്തെ ഇനമാണ്.

വുദൂഅ' മുറിക്കുന്ന കാര്യങ്ങള്‍
1- കഷ്ടിക്കള്‍, മൂത്രിക്കല്‍, കീഴ്വായു എന്നിവ പുറത്ത് വരല്‍
2- ബുദ്ധി നഷ്ടപ്പെടല്‍
3- മനപ്പൂര്‍വ്വം ഗുഹ്യസ്ഥാനം സ്പര്‍ശിക്കല്‍
4- ഒട്ടക മാംസം ഭക്ഷിക്കല്‍
5- മയ്യിത്ത് കുളിപ്പിക്കല്‍
6- മതത്തില്‍ നിന്ന് പുറത്ത് പോകല്‍.
7- ബോധം നഷ്ടപ്പെടുന്ന വിധത്തില്‍ ഉറങ്ങല്‍

    വുദൂഇല്ലാതെ നമസ്കാരം എത്ര നന്നാക്കി ചെയ്താലും അത് ശരിയാവുകയില്ല. 


Monday, 7 July 2025

261 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 1- دروس الحديث - നിയ്യത്ത് നന്നാക്കുക

 

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)


നിയ്യത്ത് നന്നാക്കുക

1 - عَنْ عُمَرَ بْنِ الْخَطَّابِ - رضي الله عنه - قَالَ: سَمِعْتُ رَسُولَ اللَّهِ - صلى الله عليه وسلم - يَقُولُ: ((إنَّمَا الأَعْمَالُ بِالنِّيَّاتِ - وَفِي رِوَايَةٍ: بِالنِّيَّةِ - وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إلَى اللَّهِ وَرَسُولِهِ ، فَهِجْرَتُهُ إلَى اللَّهِ وَرَسُولِهِ ، وَمَنْ كَانَتْ هِجْرَتُهُ إلَى دُنْيَا يُصِيبُهَا أَوْ امْرَأَةٍ يَتَزَوَّجُهَا ، فَهِجْرَتُهُ إلَى مَا هَاجَرَ إلَيْهِ)) .
النيةُ: القصدُ والعزمُ على الشيء. 

ഉമറു ബ്നുല്‍ ഖത്താബ് رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു. കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്നത് ഉദ്ദേശങ്ങള്‍ക്കനുസരിച്ചാണ്. (മറ്റൊരു റിപ്പോര്‍ട്ടില്‍ النِّيَّةِ (ഉദ്ദേശം) അനുസരിച്ചാണ് എന്നാണ് ഉള്ളത്) ഓരോരുത്തര്‍ക്കും അവനവന്‍ ഉദ്ദേശിച്ചത് ഉണ്ട്. ആരുടെയെങ്കിലും ഹിജ്റ അല്ലാഹുവിലേക്കും അവന്‍റെ റസൂലിലേക്കും (ലക്ഷ്യം വെച്ചുള്ളത്) ആണെങ്കില്‍ അവന്‍റെ ഹിജ്റ അല്ലാഹുവിലേക്കും അവന്‍റെ റസൂലിലേക്കുമാകുന്നു.  ഇനി ആരുടെയെങ്കിലും ഹിജ്റ ദുന്‍യാവിന് വേണ്ടി അത് ആസ്വദിക്കാനോ അല്ലെങ്കില്‍ വിവാഹം കഴിക്കാനോ ആണെങ്കില്‍ അപ്പോള്‍ അവന്‍റെ ഹിജ്റ അവന് ഏതൊന്നിനാണോ ഹിജ്റ പോയത് അതിനുള്ളതാണ്.

അര്‍ഥങ്ങള്‍

إنما الأعمال بالنيات  പ്രവൃത്തികൾ നല്ലതും അല്ലാഹുവിന്‍റെ അടുക്കല്‍ സ്വീകരിക്കപ്പെടുന്നതു മാകുന്നത് ശുദ്ധമായ നിയ്യത്തുകൾ കൊണ്ടു മാത്രമാണ്.

وإنما لكل امرئ ما نوى ഓരോരുത്തര്‍ക്കും അവനവന്‍ ഉദ്ദേശിച്ചതിനനുസരിച്ച് മാത്രമേ പ്രതിഫലങ്ങള്‍ ലഭിക്കുകയുള്ളൂ.

الهجرة സത്യനിഷേധം ശക്തമായ നാട്ടില്‍ നിന്നും ഇസ്‌ലാമിന്‍റെ നാട്ടിലേക്കുള്ള പലായനമാണ് ഹിജ്റ.



വിവരണം

    ഇത് മഹത്തരമായ ഒരു ഹദീസ് ആണ്. അതിനാല്‍ പണ്ഡിതന്‍മാര്‍ അവരുടെ ഗ്രന്ഥങ്ങള്‍ രചിക്കുമ്പോള്‍ ആദ്യം ഈ ഹദീസ് നല്‍കിയിരുന്നു. നല്ല ഉദ്ദേശങ്ങള്‍ ആയിരിക്കണം ഓരോ കാര്യങ്ങള്‍ തുടങ്ങുമ്പോഴും എന്ന സന്ദേശമാണ് അതിലൂടെ അവര്‍ നല്‍കുന്നത്. 
    ഈ ഹദീസ് വിജ്ഞാനത്തിന്‍റെ മൂന്നിലൊന്ന് ഭാഗമാണ് എന്നും ഫിഖ്ഹിന്‍റെ എഴുപത് അധ്യായങ്ങളില്‍ ഈ ഹദീസ് കടക്കുന്നു എന്നും  ഇമാം ശാഫിഈ رحمه الله പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 
    ഇമാം അഹ്മദ് رحمه الله പറഞ്ഞു: ഇസ്‌ലാമിന്‍റെ അടിത്തറകള്‍ മൂന്ന് ഹദീസുകളിലായി വലയം ചെയ്യുന്നു. അവ:
ഒന്ന്: ഉമര്‍ വിന്‍റെ ഹദീസ് ആയ (إنما الأعمال بالنيات) "ഉദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് കര്‍മങ്ങള്‍ സീകരിക്കപ്പെടുക'.
രണ്ട്: ആഇശ യുടെ ഹദീസ് (من أحدث في أمرنا هذا ما ليس منه فهو رد) 'നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) ആരെങ്കിലും പുതിയതായി വല്ലതും ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടുന്നതാണ്'. 
മൂന്ന്: നുഅ'മാനു ബാനു ബഷീര്‍ വിന്‍റെ ഹദീസ് (الحلال بيّن والحرام بيّن) 'ഹലാല്‍ വ്യക്തമാണ്, ഹറാമും വ്യക്തമാണ്'.

   ഇമാം സുഫ്യാനുസൗരി رحمه الله പറഞ്ഞു: ഞാന്‍ എന്‍റെ മേല്‍ നിയ്യത്തിനെ ചികിത്സിച്ചതിനേക്കാള്‍ കഠിനമായി മറ്റൊന്നിനെയും ചികിത്സിച്ചിട്ടില്ല. കാരണം അത് എന്നില്‍ മാറിമറിഞ്ഞു കൊണ്ടിരുന്നു.


    ഉദ്ദേശം, മനസ്സില്‍ വിചാരിക്കല്‍ എന്നിവയാണ്  നിയ്യത്ത് എന്നതിന്‍റെ വിവക്ഷ.
    ഓരോ കര്‍മങ്ങള്‍ ചെയ്യുമ്പോഴും അത് മനസ്സില്‍ കരുതണം. നല്ല ഉദ്ദേശത്തോടെ അത് ചെയ്യാനും സാധിക്കണം. 

നിയ്യത്തിന്‍റെ ഫലങ്ങള്‍

ഒന്ന്: ഓരോ ആരാധനാ കര്‍മങ്ങള്‍ മറ്റു കര്‍മങ്ങളില്‍ നിന്ന് വേര്‍തിരിക്കല്‍.
ഉദാഹരണം: ദുഹ്ര്‍ നമസ്കാരം അസ്വര്‍ നമസ്കാരത്തില്‍ നിന്ന് വേര്‍തിരിക്കല്‍, ഫര്‍ദ് നമസ്കാരം സുന്നത്ത് നമസ്കാരത്തില്‍ നിന്ന് വേര്‍തിരിക്കല്‍ പോലെയുള്ളത്.

രണ്ട്: ഇതര ആചാരങ്ങളില്‍ നിന്ന് ആരാധനയെ വേര്‍തിരിക്കല്‍.

ഉദാഹരണം: സാധാരണ കുളിയില്‍ നിന്ന് ജനാബത്ത് കുളി വേര്‍തിരിക്കല്‍ പോലെയുള്ളത്. 

    മതപരമായി ചെയ്യുന്നവ ആചാരങ്ങള്‍ ചെയ്യുന്ന പോലെ ചെയ്‌താല്‍ പോരാ. അവ കൃത്യമായ അടുക്കും ചിട്ടയോടും കൂടി ചെയ്യണം. അപ്പോള്‍ മാത്രമേ അത് സ്വീകരിക്കപ്പെടൂ..

    നല്ല നിയ്യത്ത് കൊണ്ട് ആചാരങ്ങള്‍ ആരാധനകളും ചീത്ത നിയ്യത്ത് കൊണ്ട് ആരാധനകള്‍ ആചാരങ്ങളും ആയി മാറും എന്ന് പറയപ്പെട്ടത് ശ്രദ്ധേയമാണ്. 

بصلاح النيّات تُصبح العادات عبادات
وبفساد النيّات تُصبح العبادات عادات

    തിന്നല്‍, കുടിക്കല്‍, ഉറങ്ങല്‍ പോലെയുള്ള കാര്യങ്ങള്‍ സാധാരണ ചെയ്യുന്നവയാണ്, എന്നാല്‍ അവ നല്ല നിയ്യത്തോടെ ചെയ്‌താല്‍ അവ ആരാധനയാകുന്നു.  
    ഇനി നമസ്കാരം, നോമ്പ് പോലെയുള്ള ആരാധനാ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവയില്‍ നിയ്യത്ത് മോശമായാല്‍ അത് മുഖേന അവ ഉപകാരമില്ലാത്ത വെറും കര്‍മങ്ങള്‍ മാത്രമായി മാറുന്നു. 

ശരിയായ നിയ്യത്ത് സംഭവിക്കുന്നതിന്‍റെ മാനദണ്ഡം: 
ഇബ്നുല്‍ മുലക്വിന്‍ رحمه الله പറയുന്നു: "ഒരു പ്രവൃത്തി ചെയ്തതില്‍ ശരീഅത്തിന്‍റെ ആജ്ഞ അനുസരിക്കലും, അല്ലെങ്കിൽ ഒരു കാര്യം  ഒഴിവാക്കുമ്പോള്‍ അതിലുള്ള വിലക്കിനെ അനുസരിക്കലും ആണ് ഉദ്ദേശ്യമെങ്കിൽ, ആ നിലക്ക് നിയ്യത്ത് സാധുവാകുന്നു, അതിന് പ്രതിഫലം ലഭിക്കും. എന്നാൽ ഈ ഉദ്ദേശം ഇല്ലെങ്കിൽ പ്രതിഫലവും ലഭിക്കില്ല".

    മതപരമായ കാര്യങ്ങള്‍ക്ക് പ്രതിഫലം ലഭിക്കാന്‍ നിയ്യത്ത് അത്യന്താപേക്ഷിതമാണെന്ന് നമുക്ക് മനസ്സിലായി. അപ്പോള്‍ നല്ല നിയ്യത്തോടെ ആര് എന്ത് ചെയ്താലും അവ സ്വീകരിക്കപ്പെടുന്നു. എന്നാല്‍ കര്‍മങ്ങളില്‍ നല്ല നിയ്യത്ത് ഇല്ലെങ്കില്‍ എത്ര വലിയ കര്‍മമായാലും അത് സ്വീകരിക്കപ്പെടില്ല എന്നാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്.
    ഇസ്‌ലാമില്‍ വളരെ പ്രതിഫലം ലഭിക്കുന്ന കാര്യമാണ് ഹിജ്റ. അത് ചെയ്യുമ്പോള്‍ ഭൗതിക ലക്ഷ്യങ്ങള്‍ കടന്ന് വന്നാല്‍ അത് ഹിജ്റയുടെ കണക്കില്‍ പെടില്ല എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത്. 

ഹിജ്റ പലവിധമുണ്ട്:
  1. കുഫ്‌റിന്‍റെ ദേശത്ത് നിന്ന് ഇസ്‌ലാമിന്‍റെ ദേശത്തേക്കുള്ള ഹിജ്‌റ.

  2. ബിദ്‌അത്തിന്റെ ദേശത്ത് നിന്ന് സുന്നത്തിന്‍റെ ദേശത്തേക്കുള്ള ഹിജ്‌റ.

  3. പാപത്തിന്‍റെ ദേശത്തിൽ നിന്ന് നന്മയുടെ ദേശത്തേക്കുള്ള ഹിജ്‌റ.

  4. അല്ലാഹു നിരോധിച്ച കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കലും ഇതില്‍ ഉള്‍പ്പെടുന്നു. 

    കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ ലോകമാന്യതക്ക് വേണ്ടിയാണ് ചെയ്തതെങ്കില്‍ അതിന്‍റെ തോതനുസരിച്ച് അത് ചെയ്തയാള്‍ ശിക്ഷാര്‍ഹാനാകും.

    ലോകമാന്യം ചേർന്ന് വരുന്ന പ്രവർത്തി കര്‍മങ്ങളുടെ സ്വീകാര്യതയുടെ  അടിസ്ഥാനത്തിൽ പല വിഭാഗങ്ങളിലായി വിഭജിക്കപ്പെടുന്നു:

  1. പ്രവൃത്തിയുടെ തുടക്കത്തിൽ തന്നെ ലോകമാന്യം ചേർന്നാൽ, ആ പ്രവൃത്തി മുഴുവനായും നശിക്കുന്നു (പ്രതിഫലം ലഭിക്കില്ല).

  2. പ്രവൃത്തി നടക്കുന്നതിനിടെ ലോകമാന്യം കടന്നുവന്നാൽ, അതിനെ പ്രതിരോധിച്ചാൽ അതിൽ നാശം സംഭവിക്കില്ല.
    എന്നാൽ ലോകമാന്യത്തെ പ്രതിരോധിച്ചില്ലെങ്കിൽ, അവന് രണ്ടു അവസ്ഥകൾ ഉണ്ട്:

    • പ്രവൃത്തി വിഭജിക്കാവുന്നതാണ് എങ്കില്‍ (ഉദാ: സദഖപോലെയുള്ളത്), അതിൽ ലോകമാന്യം ചേർന്ന ഭാഗം മാത്രമേ നശിക്കുകയുള്ളൂ. ലോകമാന്യം ബാധിക്കാത്ത ഭാഗം കുഴപ്പമില്ലാതെ നിലനില്‍ക്കും.

    • പ്രവൃത്തി വിഭജിക്കാനാകാത്തതാണ് എങ്കില്‍ (ഉദാ: നമസ്‌കാരം പോലെയുള്ളത്), അവയില്‍ ലോകമാന്യം പടർന്നാൽ, അത് മുഴുവനായും നശിക്കും, കാരണം അവന്‍ ലോകമാന്യത്തെ പ്രതിരോധിച്ചില്ല.

നിയ്യത്ത്  ആണ് പ്രവൃത്തികളുടെ സംശുദ്ധതയുടെ അടിസ്ഥാനം. അതില്‍ മറ്റെന്തും കലരാന്‍ പാടില്ല. ഓരോ കര്‍മങ്ങളും പ്രതിഫലേച്ഛയോടെയാണ് ചെയ്യേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ കര്‍മങ്ങള്‍ നന്നാക്കാന്‍ അത് കാരണമാകും. 

Sunday, 6 July 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 261 دروس الحديث - അല്ലാഹുവിനെ സ്മരിക്കല്‍

 

الأربعون النووية-حديث: 50


അല്ലാഹുവിനെ സ്മരിക്കല്‍

عَنْ عَبْدِ اللَّهِ بْنِ بُسْرٍ قَالَ: "أَتَى النَّبِيَّ صلى الله عليه وسلم رجلٌ فَقَالَ: يَا رَسُولَ اللَّهِ إِنَّ شَرَائِعَ الْإِسْلَامِ قَدْ كَثُرَتْ عَلَيْنَا، فَبَابٌ نَتَمَسَّكُ بِهِ جَامِعٌ؟ قَالَ: لَا يَزَالُ لِسَانُكَ رَطْبًا مِنْ ذِكْرِ اللَّهِ عَزَّ وَجَلَّ". 

رواه أحمد [رقم: 188 و 190].

അബ്ദുല്ലാഹിബ്നു ബുസ്ര്‍ رضي الله عنه പറഞ്ഞു: ഒരാള്‍ റസൂല്‍ صلى الله عليه وسلم യുടെ അടുക്കല്‍ വന്ന് പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ നിശ്ചയം ഇസ്‌ലാമിന്‍റെ നയമ സംഹിതകള്‍ ഞങ്ങള്‍ക്ക് അധികരിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് മുറുകെ പിടിക്കാന്‍ (സ്ഥിരം ചെയ്യാന്‍) എല്ലാ നന്‍മകളും സംഗമിക്കുന്നതായ ഒരു കാര്യം (അറിയിച്ചു തന്നാലും), റസൂല്‍ صلى الله عليه وسلم പറഞ്ഞു: മഹോന്നതനും പ്രതാപശാലിയുമായ അല്ലാഹുവിന്‍റെ സ്മരണയില്‍ താങ്കളുടെ നാവ് നനവുള്ളതായിക്കൊണ്ടേയിരി
ക്കലാണ് അത്. 

വിവരണം

  • നന്മകള്‍ ചെയ്യാനും അവ സ്ഥിരമാക്കാനുമുള്ള സ്വഹാബികളുടെ ആവേശത്തെ ഈ ഹദീസ് അറിയിക്കുന്നു. 
  • ധാരാളം നന്മകള്‍ ലഭിക്കണമെന്ന മോഹം അവര്‍ക്കുണ്ട്.
  • ഐച്ഛീകമായ കാര്യങ്ങള്‍ അധികരിച്ചപോള്‍ എല്ലാ നന്‍മകളുടെയും പ്രതിഫലങ്ങള്‍ ലഭിക്കുന്നതായ കാര്യങ്ങളെയാണ് സ്വഹാബി അന്വേഷിക്കുന്നത്.
  • അവര്‍ ഐച്ഛീകമായ കാര്യങ്ങള്‍ ധാരാളം ചെയ്യുന്നവരാണ്, എന്നാല്‍ അവ വര്‍ധിക്കുകയും ധാരാളം കാര്യങ്ങള്‍ പഠിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ അവ ചെയ്യുന്നതില്‍ എന്തെങ്കിലും കുറവുകള്‍ വരുമോ എന്ന ഭയത്താലകാം അവരുടെ ഈ ചോദ്യം. അല്ലെങ്കില്‍ അവ മുഴുവന്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കിലോ എന്ന സംശയത്താലുമാകാം. അത് പോലെ ആ കാര്യത്തെ സ്ഥിരമാക്കി ചെയ്യാന്‍ വേണ്ടിയുമായിരിക്കാം ഈ ചോദ്യം. 
  • ധാരാളം നന്മകള്‍ ലഭിക്കുന്ന ഒറ്റ കാര്യം എന്താണെന്ന് റസൂല്‍ صلى الله عليه وسلم യോട് ചോദിച്ചപ്പോള്‍ എപ്പോഴും അല്ലാഹുവിനെ സ്മരിച്ച് കൊണ്ടിരിക്കുകയും അങ്ങനെ നാവ് നനവുള്ളതാക്കുകയും ചെയ്യുക എന്നതാണ് റസൂല്‍ صلى الله عليه وسلم യുടെ മറുപടി. 
  • ഐച്ഛീകമായ എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും ചെയ്യാന്‍ സാധിച്ചു എന്ന് വരില്ല, എന്നാല്‍ എല്ലാര്‍ക്കും എപ്പോഴും ചെയ്യാന്‍ സാധിക്കുന്ന കാര്യമാണ് റസൂല്‍ صلى الله عليه وسلم അവരെ അറിയിച്ചത്. 
  • رطبا എന്നാല്‍ طريّ അഥവാ ദിക്റുകള്‍ ചൊല്ലി നനവുള്ളതായ നാവ് എന്നാണ് അര്‍ത്ഥം. 
  • അല്ലാഹുവിനെ മനസ്സില്‍ ഓര്‍ക്കുന്നതോടൊപ്പം നാവ് കൊണ്ട് ദിക്റുകള്‍ ഉരുവിടല്‍ വേണമെന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. മനസ്സ് കൊണ്ട് മാത്രം ഓര്‍ക്കലല്ല, മറിച്ച് നാവ് കൊണ്ട് ദിക്റുകള്‍ ചൊല്ലാനാണ് റസൂല്‍ صلى الله عليه وسلم യുടെ അധ്യാപനം. 
അല്ലാഹുവിനെ ഓര്‍ക്കല്‍
  • അല്ലാഹുവിനെ ഓര്‍ക്കല്‍ രണ്ട് വിധമുണ്ട്: 
ഒന്ന്: പൊതുവായി ഓര്‍ക്കല്‍, ഇത് നിര്‍ബന്ധ നമസ്കാരങ്ങള്‍, വിശുദ്ധ ക്വുര്‍ആന്‍ പാരായണം പോലെയുള്ള കാര്യങ്ങളിലൂടെ അല്ലാഹുവിനെ ഓര്‍ക്കലാണ്.
രണ്ട്: പ്രത്യേകമായി ഓര്‍ക്കല്‍, ഇത് തസ്ബീഹ്, തഹ്ലീല്‍, തഹ്മീദ്, തക്ബീര്‍ പോലെയുള്ള ദിക്റിന്‍റെ വചനങ്ങള്‍ ഉരുവിട്ട് കൊണ്ട്  സംഭവിക്കുന്നതാണ്. 
    ഇതിലെ രണ്ടാമത്തെ ഭാഗമാണ് ഈ ഹദീസിലൂടെ റസൂല്‍ صلى الله عليه وسلم നിര്‍ദേശിച്ചിട്ടുള്ളത്. ദിക്റുകള്‍ ധാരാളമായി ചൊല്ലി നാവിനെ നനവുള്ളതാക്കല്‍ എന്ന് പറഞ്ഞതിനര്‍ത്ഥം അതാണ്‌.

  • അല്ലാഹുവിനെ ഓര്‍ക്കാന്‍ വിശുദ്ധക്വുര്‍ആനില്‍ ധാരാളം കല്‍പനകളും നിര്‍ദേശങ്ങളും ഉണ്ട്. അല്ലാഹു പറയുന്നു: 
{يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا * وَسَبِّحُوهُ بُكْرَةً وَأَصِيلًا} [الأحزاب:٤١ - ٤٢]
സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, * കാലത്തും വൈകുന്നേരവും അവനെ പ്രകീർത്തിക്കുകയും ചെയ്യുവിൻ.
    
    നിന്നും ഇരുന്നും കിടന്നുമെല്ലാം ചെയ്യാന്‍ സാധിക്കുന്ന കര്‍മമാണ് ദിക്ര്‍. അല്ലാഹു പറയുന്നു: 
﴿ الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ﴾ [ آل عمران: 191]
നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓർമിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. (അവർ പറയും:) ഞങ്ങളുടെ റബ്ബേ! നീ നിരർത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധൻ! അതിനാൽ നരകശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.
    
    അല്ലാഹുവിനെ ഓര്‍ക്കുന്നവരെ അല്ലാഹുവും ഓര്‍ക്കും, അല്ലാഹു പറയുന്നു:
﴿ فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ﴾ [ البقرة: 152]
ആകയാൽ എന്നെ നിങ്ങൾ ഓർക്കുക. നിങ്ങളെ ഞാനും ഓർക്കുന്നതാണ്. എന്നോട് നിങ്ങൾ നന്ദി കാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്.
    
    അല്ലാഹുവിന്‍റെ ഉദ്ബോധനങ്ങളെ ഓര്‍ക്കാതിരിക്കുന്നവരുടെ ജീവിതം പ്രയാസകരമായിരിക്കും, അല്ലാഹു പറയുന്നു:
﴿ وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ﴾ [ طه: 124]
എന്‍റെ ഉൽബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീർച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിർത്തെഴുന്നേൽപിന്‍റെ നാളിൽ അവനെ നാം  അന്ധനായ നിലയിൽ എഴുന്നേൽപിച്ച് കൊണ്ട് വരുന്നതുമാണ്.

ദിക്റുകള്‍ രണ്ട് വിധമുണ്ട്: 
1- നിരുപാധികമുള്ളത്, എല്ലായ്പ്പോഴും എല്ലാ സ്ഥലത്ത് വെച്ചും ചോല്ലാവുന്നവ. 
2- സ്ഥലം, സമയം, അവസ്ഥ എന്നിവ നിബന്ധനയാക്കപ്പെട്ട ദിക്റുകള്‍. നമസ്കാര ശേഷമുള്ള ദിക്റുകള്‍, ബാങ്കിന് ശേഷമുള്ള ദിക്റുകള്‍, ഉറങ്ങുമ്പോഴും ഉറങ്ങി എണീക്കുമ്പോഴും ഉള്ള ദിക്റുകള്‍ പോലെ ഉള്ളവയാണ് ഇതില്‍ പെടുന്നത്. 
    വിശുദ്ധ ക്വുര്‍ആനിലും തിരു സുന്നത്തിലും ധാരാളം ദിക്റുകള്‍ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അവ നാം പഠിക്കുകയും അവയുടെ മഹത്വവും പ്രതിഫലവും മനസ്സിലാക്കി ജീവിതത്തില്‍ നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്. 

ഹദീസില്‍ നിന്നുള്ള പാഠം
  • അറിവിലും, ഓര്‍മയിലും, കര്‍മങ്ങള്‍ നിരന്തരമായി ചെയ്യുന്നതിലുമുള്ള കഴിവുകളില്‍ ആളുകള്‍ വ്യത്യസ്ഥ അവസ്ഥകളിലാണ് എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.
  •  ഇസ്‌ലാം ഐച്ഛീകമായ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പമാക്കുകയും അവക്ക് വലിയ പ്രതിഫലം നല്‍കുകയും ചെയ്യുന്നു എന്ന് റസൂല്‍ صلى الله عليه وسلم നമ്മെ അറിയിക്കുന്നു.
  • എപ്പോഴും അല്ലാഹുവിനെ ഓര്‍ക്കുന്നതിന്‍റെ മഹത്വം വളരെ വലിയതാണ് എന്ന് ഹദീസ് അറിയിക്കുന്നു.
  • ആരാധനാകാര്യങ്ങളുടെ വൈവിധ്യവും അവക്ക് ധാരാളം നേട്ടങ്ങളുണ്ട് എന്നും ഹദീസില്‍ നിന്ന് മനസ്സിലാക്കാം.
  • ചെയ്യാന്‍ എളുപ്പമായ ചെറിയ കാര്യങ്ങള്‍ക്ക് വലിയ പ്രതിഫലങ്ങള്‍ നല്‍കുന്നത് അല്ലാഹുവിന്‍റെ വലിയ ഔദാര്യമാണ്‌.
  • നന്മകളിലുള്ള സ്വഹാബികളുടെ താല്‍പര്യവും അവയോടുള്ള ഇഷ്ടവും ഹദീസ് പ്രകടമാക്കുന്നു.
  • റസൂല്‍ صلى الله عليه وسلم  എല്ലാവരെയും പരിഗണിക്കുകയും അവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നവരായിരുന്നു. 
  • സ്വഹാബിയുടെ ചോദ്യം സുന്നത്തായ കാര്യങ്ങള്‍ വര്‍ധിച്ചിരിക്കുന്നു എന്നത്തിലാണ്  എന്ന് മനസ്സിലാക്കാം. കാരണം നിര്‍ബന്ധ കാര്യങ്ങള്‍ എല്ലാവരും അനിവാര്യമായും ചെയ്യേണ്ടതാണ്. അതില്‍ വീഴ്ച വരുത്താന്‍ പാടില്ല എന്നത് നിയമവുമാണ്.. 

Saturday, 5 July 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 260 دروس الحديث - അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക

 

الأربعون النووية-حديث: 49


അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക

عَنْ عُمَرَ بْنِ الْخَطَّابِ رضي الله عنه  عن النبي صلى الله عليه وسلم  قَالَ: "لَوْ أَنَّكُمْْ تَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرَزَقَكُمْ كَمَا يَرْزَقُ الطَّيْرَ تَغْدُو خِمَاصًا وَتَرُوحُ بِطَانًا".

رَوَاهُ أَحْمَدُ [رقم: 1 0 و52]، وَالتِّرْمِذِيُّ [رقم:2344]، وَالنَّسَائِيُّ فِي "الْكُبْرَى" كَمَا فِي "التُّحْفَة: [رقم: 8/79]، وَابْنُ مَاجَهْ [رقم: 4164]، وَصَحَّحَهُ ابْنُ حِبَّانَ (730)، وَالْحَاكِمُ 418، وَقَالَ التِّرْمِذِيُّ: حَسَنٌ صَحِيحٌ.

ഉമറുബ്നുല്‍ ഖത്താബ് رضي الله عنه നിവേദനം. നബി  صلى الله عليه وسلم പറഞ്ഞു: നിശ്ചയം നിങ്ങള്‍ അല്ലാഹുവില്‍ ശരിയാം വിധം ഭരമേല്‍പ്പിക്കുന്നു എങ്കില്‍ പക്ഷിക്ക് ഉപജീവനം നല്‍കുന്നത് പോലെ നിങ്ങള്‍ക്കും അല്ലാഹു വിഭവം നല്‍കും. (പക്ഷി) രാവിലെ വയറൊട്ടിയ വിധം പോവുകയും വൈകുന്നേരം വയര്‍ നിറഞ്ഞതായി അത് മടങ്ങുകയും ചെയ്യുന്നു.

വിവരണം

  സൃഷ്ടികളുടെ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കണം എന്ന പാഠം ഈ ഹദീസ് നല്‍കുന്നു. തവക്കുല്‍ എന്നത് ഭൗതികമായും പാരത്രികമായും ഉള്ള നന്മകള്‍ നേടിത്തരുന്ന വിഷയമാണ്.  അല്ലാഹുവില്‍ തവക്കുല്‍ ചെയ്യല്‍ സൗഭാഗ്യത്തിലേക്കുള്ള മാര്‍ഗ്ഗമാണ് എന്ന് നാം മനസ്സിലാക്കണം. 
    ഐഹികവും പാരത്രികവുമായ എല്ലാ കാര്യങ്ങളിലും നന്‍മ നല്‍കലും തിന്‍മ തടുക്കലും ചെയ്യുന്നത് അല്ലാഹു മാത്രമാണ് എന്ന ഹൃദയത്തിന്‍റെ വിശ്വാസവും അതില്‍ സത്യസന്ധമായി മനസ്സ് അവലംബിക്കലുമാണ് തവക്കുല്‍. ഏതൊരു നന്‍മയും തിന്മയും അല്ലാഹുവിന്‍റെ ഉദ്ദേശ പ്രകാരം മാത്രമേ നടക്കൂ. മറ്റൊരാള്‍ക്കും അതില്‍ യാതൊരു ഇടപെടലുമില്ല.
    ഒരു മയ്യിത്ത് അതിനെ കുളിപ്പിക്കുന്നവന്‍റെ മുമ്പില്‍ കീഴൊതുങ്ങുന്ന പോലെ അല്ലാഹുവിന്‍റെ മുമ്പില്‍ മനുഷ്യ ഹൃദയം കീഴടങ്ങുന്നതാണ് തവക്കുല്‍ എന്നും പറയപ്പെട്ടിട്ടുണ്ട്, മയ്യിത്ത് കുളിപ്പിക്കുന്നവന്‍ ഉദ്ദേശിക്കുന്ന പോലെ മയ്യിത്തിനെ തിരിച്ചും മറിച്ചും കിടത്തും. 

    തവക്കുല്‍ എന്നത് ഈമാനിന്‍റെ സംഗമം ആണ് എന്ന് സഈദ് ബ്നു ജുബൈര്‍ رحمه الله പറഞ്ഞിട്ടുണ്ട്. വിശ്വാസികളോട് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കാന്‍ അല്ലാഹു കല്‍പച്ചിട്ടുണ്ട്. 
അല്ലാഹു പറയുന്നു:
 وَعَلَى اللَّهِ فَتَوَكَّلُوا إِنْ كُنْتُمْ مُؤْمِنِينَ ﴾ [المائدة: 23]﴿

(നിങ്ങൾ വിശ്വാസികളാണെങ്കിൽ അല്ലാഹുവിൽ നിങ്ങൾ ഭരമേൽപിക്കുക).

    തവക്കുലുമായി ബന്ധപ്പെട്ട് നിരവധി ആയത്തുകള്‍ വിശുദ്ധ ക്വുര്‍ആനില്‍ കാണാം. അവയില്‍ ചിലത് ശ്രദ്ധിക്കൂ. 
അല്ലാഹു പറയുന്നു: 
﴿ فَاعْبُدْهُ وَتَوَكَّلْ عَلَيْهِ ﴾ [هود: 123]
(ആകയാൽ നീ അവനെ ആരാധിക്കുകയും, അവന്‍റെ മേൽ ഭരമേൽപിക്കുകയും ചെയ്യുക).

﴿ فَإِنْ تَوَلَّوْا فَقُلْ حَسْبِيَ اللَّهُ لَا إِلَهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ ﴾ [التوبة: 129].
(എന്നാൽ അവർ തിരിഞ്ഞുകളയുന്ന പക്ഷം (നബിയേ,) നീ പറയുക: എനിക്ക് അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്റെ മേലാണ് ഞാൻ ഭരമേൽപിച്ചിരിക്കുന്നത്. അവനാണ് മഹത്തായ സിംഹാസനത്തിന്റെ നാഥൻ).

﴿ وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا * وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ﴾ [الطلاق: 2، 3].
(അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, *  അവൻ കണക്കാക്കാത്ത വിധത്തിൽ അവന്ന് ഉപജീവനം നൽകുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവിൽ ഭരമേൽപിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്).

﴿ إِنْ يَنْصُرْكُمُ اللَّهُ فَلَا غَالِبَ لَكُمْ وَإِنْ يَخْذُلْكُمْ فَمَنْ ذَا الَّذِي يَنْصُرُكُمْ مِنْ بَعْدِهِ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ ﴾ [آل عمران: 160].
(നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോൽപിക്കാനാരുമില്ല. അവൻ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവന്നു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്? അതിനാൽ സത്യവിശ്വാസികൾ അല്ലാഹുവിൽ ഭരമേൽപിക്കട്ടെ).

﴿ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ ﴾ [آل عمران: 159]
(അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാൽ അല്ലാഹുവിൽ ഭരമേൽപിക്കുക. തന്നിൽ ഭരമേൽപിക്കുന്നവരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്).

തവക്കുലിന്‍റെ ശ്രേഷ്ടതകള്‍
1- തവക്കുല്‍ ചെയ്യുന്നവന് അല്ലാഹു നല്ല ഉപജീവന മാര്‍ഗ്ഗം നല്‍കും.
2- തവക്കുല്‍ ചെയ്യുന്നവന് അല്ലാഹു മതിയായവനാണ്.
3- അല്ലാഹുവില്‍ തവക്കുല്‍ ചെയ്‌താല്‍ ഏത് കഠിന പ്രയാസത്തില്‍ നിന്നും അല്ലാഹു അവനെ രക്ഷപ്പെടുത്തും.
4- തവക്കുല്‍ ചെയ്യുന്നവര്‍ക്ക് പിശാചില്‍ നിന്ന് രക്ഷപ്പെടാനാകും.
5- തവക്കുല്‍ ദുശ്ശകുനങ്ങളെ ഇല്ലാതാക്കും.
6- തവക്കുല്‍ ചെയ്യുന്നവര്‍ക്ക്  വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കും.
7- തവക്കുല്‍ അന്തസ്സിന്‍റെ മാര്‍ഗ്ഗമാണ്.
8- തവക്കുല്‍ ചെയ്യുന്നവരെ അല്ലാഹുവിന് ഇഷ്ടമാണ്.
9- തവക്കുല്‍ ഈമാനിന്‍റെ അടയാളമാണ്.
10- തവക്കുല്‍ കൊണ്ട് മനപ്രയാസങ്ങള്‍ നീങ്ങുകയും ദുഃഖങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യും. 

ആമിറു ബ്നു ക്വൈസ് رحمه الله പറഞ്ഞു: അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ നിന്നുള്ള മൂന്ന് ആയത്തുകള്‍ മുഴുവന്‍ സൃഷ്ടികള്‍ക്കും മതിയായതാണ്. അവ:
ഒന്ന്:

﴿ وَإِنْ يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ وَإِنْ يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ﴾ [يونس: 107]

(നിനക്ക് അല്ലാഹു വല്ല ദോഷവും ഏൽപിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്‍റെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാളുമില്ല. തന്റെ ദാസൻമാരിൽ നിന്ന് താൻ ഇച്ഛിക്കുന്നവർക്ക് അത് (അനുഗ്രഹം) അവൻ അനുഭവിപ്പിക്കുന്നു. അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ).

രണ്ട്:

﴿ مَا يَفْتَحِ اللَّهُ لِلنَّاسِ مِنْ رَحْمَةٍ فَلَا مُمْسِكَ لَهَا وَمَا يُمْسِكْ فَلَا مُرْسِلَ لَهُ مِنْ بَعْدِهِ وَهُوَ الْعَزِيزُ الْحَكِيمُ ﴾ [فاطر: 2]

(അല്ലാഹു മനുഷ്യർക്ക് വല്ല കാരുണ്യവും തുറന്നുകൊടുക്കുന്ന പക്ഷം അത് പിടിച്ച് വെക്കാനാരുമില്ല. അവൻ വല്ലതും പിടിച്ച് വെക്കുന്ന പക്ഷം അതിന് ശേഷം അത് വിട്ടുകൊടുക്കാനും ആരുമില്ല. അവനത്രെ പ്രതാപിയും യുക്തിമാനും).

മൂന്ന്:

﴿ وَمَا مِنْ دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا كُلٌّ فِي كِتَابٍ مُبِينٍ ﴾ [هود: 6].

(ഭൂമിയിൽ യാതൊരു ജന്തുവും അതിന്‍റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവൻ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്).

    തവക്കുല്‍ ചെയ്യുമ്പോള്‍ ഭൗതികമായി നാം ചെയ്യേണ്ട കാരണങ്ങള്‍ നാം ചെയ്തിരിക്കണം. അപ്പോഴാണ്‌ തവക്കുല്‍ ചെയ്യുന്നത് കൊണ്ടുള്ള ഫലം ഉണ്ടാവൂ. 

തവക്കുലും തവാക്കുലും 
    തവക്കുല്‍ എന്നാല്‍ ഇസ്‌ലാം പഠിപ്പിച്ച വിധം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കലാണ്. അതിന് നാം ചെയ്യേണ്ട കാര്യങ്ങള്‍ നാം ചെയ്യണം. ഒട്ടകത്തിനെ കെട്ടിയിടുക, എന്നിട്ട ഭരമേല്‍പ്പിക്കുക എന്നാണ് ഇസ്‌ലാമിന്‍റെ അധ്യാപനം. ഒട്ടകത്തെ കെട്ടിയിടാതെ ഭരമേല്‍പിച്ചാല്‍ അത് കൊണ്ട് കാര്യമില്ല. നമുക്ക് ചെയ്യാന്‍ സാധിക്കുന്നവ നാം ചെയ്യണം. എന്നിട്ട് ഭരമേല്‍പ്പിക്കുകയാണ് വേണ്ടത്. 
    തവാക്കുല്‍ എന്നാല്‍ നാം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ കാര്യങ്ങള്‍ എല്ലാം ആല്ലാഹുവില്‍ ഭരമേല്‍പ്പിക്കലാണ്. ഇത് കൊണ്ട് ഫലം ഉണ്ടാവുകയില്ല. അത് ചെയ്യുന്നയാള്‍ കുറ്റക്കാരനാവുകയും ചെയ്യും.

    തവക്കുല്‍ ആരാധനയാണ്. അത് അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അല്ലാഹു അല്ലാത്തവരില്‍ ആരെങ്കിലും കാര്യങ്ങള്‍ ഭരമേല്‍പ്പിച്ചാല്‍ അത് ശിര്‍ക്കാകുന്നു.  


ദുറൂസുല്‍ ഹദീസ് - ഭാഗം 259 دروس الحديث - കപടവിശ്വാസിയുടെ ലക്ഷങ്ങള്‍

 

الأربعون النووية-حديث: 48


കപടവിശ്വാസിയുടെ ലക്ഷങ്ങള്‍

عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا أَنَّ النَّبِيَّ صلى الله عليه وسلم  قَالَ: "أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا، وَإِنْ كَانَتْ خَصْلَةٌ مِنْهُنَّ فِيهِ كَانَتْ فِيهِ خَصْلَةٌ مِنْ النِّفَاقِ حَتَّى يَدَعَهَا: مَنْ إِذَا حَدَّثَ كَذَبَ، وإِذَا وَعَدَ أَخْلَفَ، وإذَا خَاصَمَ فَجَرَ، وَإِذَا عَاهَدَ غَدَرَ".

رواه البخاري [رقم:34]، ومسلم [رقم:58].

അബ്ദുല്ലാഹിബ്നു അംറു رَضِيَ اللَّهُ عَنْهُمَا നിവേദനം,  നബി صلى الله عليه وسلم പറഞ്ഞു: നാല് കാര്യങ്ങള്‍ ആരിലെങ്കിലും ഉണ്ടായാല്‍ അവന്‍ കപടവിശ്വാസിയാണ്. അവയില്‍ പെട്ട ഏതെങ്കിലും കാര്യങ്ങള്‍ അവനിലുണ്ടായാല്‍ അവനില്‍ കാപട്യത്തിന്‍ല്‍ പെട്ട സ്വഭാവം ഉണ്ടായിരിക്കും. അവന് അത് ഉപേക്ഷിക്കുന്നത് വരെ. (അവ) ഒരാള്‍, അവന് സംസാരിച്ചാല്‍ കളവ് പറയും, അവന് വാഗ്ദത്തം ചെയ്‌താല്‍ ലംഘിക്കും, അവന് തര്‍ക്കിച്ചാല്‍ തെറി പറയും, അവന് ഉടമ്പടി ചെയ്‌താല്‍ ചതിക്കും. 

വിവരണം

കപടവിശ്വാസികളുടെ ലക്ഷണങ്ങളാണ് ഈ ഹദീസില്‍ വിശദീകരിക്കുന്നത്. ഇതില്‍ നാല് കാര്യങ്ങളാണ് ലക്ഷണങ്ങളായി പറയുന്നത്. ഇവ ഒരാളിലുണ്ടായാല്‍ അവന്‍ പരിപൂര്‍ണ്ണ കപടനാണ്. എന്നാല്‍ ഇതില്‍ പെട്ട ഏതെങ്കിലും കാര്യങ്ങളാണ് അവനിലുള്ളത് എങ്കില്‍  അതിന്‍റെ തോതനുസരിച്ച്  അവനില്‍ കാപട്യമുണ്ടാകും.

    കപട വിശ്വാസികളുടെ ധാരാളം അടയാളങ്ങളും വിശേഷണങ്ങളും വിശുദ്ധ ക്വുര്‍ആനും തിരു സുന്നത്തും പഠിപ്പിക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടതും പോതുവായതുമായ സ്വഭാവ വിശേഷണങ്ങളാണ് ഈ ഹദീസില്‍ ഉള്ളത്. 

 കാപട്യം എന്നാല്‍ ഒരാള്‍ തന്‍റെ ഉള്ളില്‍ ഉള്ളതിന് വിപരീതമായ കാര്യങ്ങള്‍ പ്രകടിപ്പിക്കലാണ്. 

കാപട്യം രണ്ട് വിധമുണ്ട്: 
ഒന്ന്: വിശ്വാസത്തിലുള്ള കാപട്യം.     അത് ഒരാള്‍ തന്‍റെ മനസ്സില്‍ സത്യനിഷേധവും കളവും ഒളിപ്പിച്ച് പുറത്ത് ഇസ്‌ലാം പ്രകടിപ്പിക്കലാണ്.     ഇങ്ങനെ ചെയ്യുന്നവന്‍ നരകത്തില്‍ ശാശ്വതനായിരിക്കും. അവര്‍ നരകത്തിന്‍റെ അടിത്തട്ടിലായിരിക്കും എന്ന് അല്ലാഹു അറിയിച്ചിട്ടുണ്ട്. 

രണ്ട്: കര്‍മങ്ങളിലുള്ള കാപട്യം. 
    ഇത് ചെയ്യുന്നയാള്‍ തൗഹീദുള്ളവന്‍ ആയിരിക്കും. അവന് നരകത്തില്‍ ശാശ്വതനായിരിക്കില്ല. 
    ഈ ഹദീസില്‍ പറഞ്ഞിട്ടുള്ളത് കര്‍മ പരമായ കാപട്യത്തെ കുറിച്ചാണ്. ഇതില്‍ പറഞ്ഞ നാല് ലക്ഷണങ്ങളും ഒരാളിലുണ്ടായാല്‍ അവന്‍ ശരിക്കുള്ള കപടവിശ്വാസിയെ പോലെയാകും എന്നാണ് ഹദീസ് വ്യക്തമാക്കുന്നത്.
    എന്നാല്‍ ഇതില്‍ പറയപ്പെട്ട എല്ലാ ലക്ഷണങ്ങളും ഒരാളില്‍ ഇല്ല, അവനില്‍ ഇതിലെ ചില ലക്ഷണങ്ങള്‍ ഉണ്ട് താനും. അപ്പോള്‍ അവന്‍റെ അവസ്ഥ അവനില്‍ ഉള്ള കാപട്യത്തിന്‍റെ തോതനുസരിച്ച് ആയിരിക്കും. കാപട്യത്തിന്‍റെ സ്വഭാവങ്ങള്‍ അവനിലുണ്ടാകും. 

കപട വിശ്വാസിയുടെ ലക്ഷണങ്ങള്‍
1- സംസാരിച്ചാല്‍ കളവ് പറയല്‍ 
2- വാഗ്ദത്തം ചെയ്‌താല്‍ ലംഘിക്കല്‍
3- തര്‍ക്കിച്ചാല്‍ തെറി പറയല്‍ 
4- ഉടമ്പടി വെച്ചാല്‍ ചതിക്കല്‍ 

    വിശ്വസിച്ചാല്‍ ചതിക്കല്‍ കപട വിശ്വാസിയുടെ ലക്ഷണങ്ങളില്‍ പെട്ടതാണെന്നും വേറെ ഹദീസില്‍ വന്നിട്ടുണ്ട്

സംസാരിച്ചാല്‍ കളവ് പറയല്‍ 
ഒരാള്‍ അവന്‍റെ സംസാരങ്ങളില്‍ കളവുകള്‍ പതിവാക്കിയാല്‍ അത് കപട വിശ്വാസത്തിന്‍റെ ലക്ഷണമാണ്. എപ്പോഴെങ്കിലും കളവ് വന്ന് പോയാല്‍ അത് ഈ ഗണത്തില്‍ പെടില്ല. സ്ഥിരമായി കളവ് പറയല്‍ ഒരാളുടെ രീതിയായാല്‍ അത് കാപട്യത്തിന്‍റെ ലക്ഷണമാണ്. 
    ഒരു മുസ്‌ലിം എപ്പോഴും സത്യം മാത്രം പറയുന്നവനാകണം. തമാശക്ക് പോലും കളവ് പറയരുതെന്നാണ് റസൂല്‍ صلى الله عليه وسلم പഠിപ്പിച്ചിരിക്കുന്നത്. കളവ് തെമ്മാടിത്തത്തിലേക്കാണ് നയിക്കുക. തെമ്മാടിത്തം നരകത്തിലേക്കും നയിക്കും. 

വാഗ്ദത്തം ചെയ്‌താല്‍ ലംഘിക്കല്‍
    വാഗ്ദത്തങ്ങള്‍ ലംഘിക്കല്‍ നിഷിദ്ധമാണ്. ഒരാള്‍ ഒരു നല്ല കാര്യം വാഗ്ദത്തം ചെയ്‌താല്‍ അത് പൂര്‍ത്തീകരിക്കല്‍ അവന് നിര്‍ബന്ധമാണ്‌. സാമ്പത്തിക സഹായം പോലെയുള്ള കാര്യങ്ങള്‍ ഒരാള്‍ ഓഫര്‍ ചെയ്‌താല്‍ അവന്‍ അത് പൂര്‍ത്തീകരിക്കണം. അത്തരം വാഗ്ദത്തങ്ങള്‍ നിസാരമായി കണ്ടുകൂടാ. ഈ ദുസ്വഭാവങ്ങള്‍ കപടവിശ്വാസികളുടെ     സ്വഭാവങ്ങളില്‍ പെട്ടതാണ് എന്ന് മുസ്‌ലീംകള്‍ മനസ്സിലാക്കണം. 

തര്‍ക്കിച്ചാല്‍ തെറി പറയല്‍
    തമ്മില്‍ പിണങ്ങുകയോ തര്‍ക്കങ്ങള്‍ ഉണ്ടാവുകയോ ചെയ്‌താല്‍ അസഭ്യവും തെറി വിളികളും പറയുന്നവരില്‍ കാപട്യത്തിന്‍റെ ലക്ഷണം ഉണ്ട്. എല്ലായ്പ്പോഴും നല്ലത് മാത്രമേ നമുക്ക് പറയാന്‍ പറ്റൂ. അസഭ്യങ്ങളും അത് പോലെയുള്ള തെറിവിളികളും ഇരട്ടപ്പേരുകളും വിളിക്കല്‍ പാടില്ലാത്തതാണ്. തര്‍ക്കങ്ങളില്‍ സംയമനം പാലിക്കാന്‍ നമുക്ക് സാധിക്കണം. ദേഷ്യത്തെ ഒതുക്കി വെച്ച് നല്ലത് മാത്രം പറയുന്നവരാവുകയും വേണം.

ഉടമ്പടി വെച്ചാല്‍ ചതിക്കല്‍ 
    കപടവിശ്വാസിയുടെ ലക്ഷണത്തില്‍ പെട്ടതാണ് അവന് ഉടമ്പടി ചെയ്‌താല്‍ അത് പൂര്‍ത്തീകരിക്കാതെ വീഴ്ച വരുത്തല്‍. അവന്‍റെ ഉടമ്പടി അല്ലാഹുവുമായിട്ടുള്ളതോ സൃഷ്ടികളുമായിട്ടുള്ളതോ ആവാം. അതില്‍ അവന്‍ ചതിച്ചാല്‍ അത് അവനില്‍ കാപട്യം ഉള്ളത് കൊണ്ടാണ്. ഉടമ്പടികള്‍ പൂര്‍ത്തീകരിക്കല്‍ വിശ്വാസിയുടെ ലക്ഷണമാണ്. വിശ്വാസികള്‍ അവ കാത്തു സൂക്ഷിക്കണം. 


Thursday, 3 July 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 258 دروس الحديث - ആവശ്യത്തിന് ഭക്ഷണം കഴിക്കുക.. അമിതമാക്കരുത്

 


الأربعون النووية-حديث: 47


ആവശ്യത്തിന് ഭക്ഷണം കഴിക്കുക.. അമിതമാക്കരുത്

عَنْ الْمِقْدَامِ بْنِ مَعْدِيَكْرِبَ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم  يَقُولُ: "مَا مَلَأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنٍ، بِحَسْبِ ابْنِ آدَمَ أُكُلَاتٌ يُقِمْنَ صُلْبَهُ، فَإِنْ كَانَ لَا مَحَالَةَ، فَثُلُثٌ لِطَعَامِهِ، وَثُلُثٌ لِشَرَابِهِ، وَثُلُثٌ لِنَفَسِهِ" .

رَوَاهُ أَحْمَدُ [رقم: 4/132]، والتِّرْمِذِيُّ [رقم: 2380]، وابْنُ مَاجَهْ [رقم: 3349]، وَقَالَ التِّرْمِذِيُّ: حَدِيثٌ حَسَنٌ .

മിഖ്ദാദു ബ്നു മഅ'ദീകരിബ് പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു: വയറിനേക്കാള്‍ മോശമായ ഒരു പാത്രവും ഒരു മനുഷ്യനും നിറക്കില്ല. ആദം സന്തതിക്ക് തന്‍റെ മുതുകിനെ നേരെയാക്കാന്‍ ആവശ്യമായ ഉരുളകള്‍ മതിയായതാണ്. അത് പോരെങ്കില്‍ (വയറിന്‍റെ) മൂന്നില്‍ ഒരു ഭാഗം ഭക്ഷണത്തിനും, മൂന്നിലൊരു ഭാഗം വെള്ളത്തിനും, മൂന്നിലൊരു ഭാഗം അവന്‍റെ ശ്വസനത്തിനും (ആവാം).

 വിവരണം

  • തന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്. അവന്‍ തന്‍റെ വയറിനെ സൂക്ഷിക്കണം. അത് ഒരു പാത്രം പോലെയാണ് എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിച്ചിരിക്കുന്നത്. അതില്‍ നിറക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് അവന്‍ അറിയണം. 
  • തനിക്ക് നിവര്‍ന്ന് നില്‍ക്കാന്‍ ആവശ്യമായ ഭക്ഷണം ആണ് ഓരോരുത്തരും കഴിക്കേണ്ടത്.  
  • ഭക്ഷണം കുറക്കല്‍ ആരോഗ്യത്തിന് നല്ലതാണ് എന്നും അമിതമായി ഭക്ഷണം കഴിക്കല്‍ വിവിധ രോഗങ്ങള്‍ക്ക് ഹേതുവാണ് എന്നും റസൂല്‍ صلى الله عليه وسلم നമ്മെ പഠിപ്പിക്കുന്നു. 
  • ജീവിക്കാന്‍ ആവശ്യമായ കുറച്ച് ഉരുളകള്‍ മാത്രം ഒരാള്‍ക്ക് മതിയായതാണ്. അത് പോരെങ്കില്‍ വയറിന്‍റെ മൂന്നില്‍ ഒരു ഭാഗം ഭക്ഷണത്തിനും മൂന്നിലൊരു ഭാഗം വെള്ളത്തിനും മൂന്നിലൊരു ഭാഗം ശ്വാസത്തിനും എന്ന നിലക്ക് ആകാവുന്നതാണ്. 
  • ഇങ്ങനെ ഒരാള്‍ ഭക്ഷണ പാനീയങ്ങളെ ക്രമീകരിക്കുന്നവനായാല്‍ അലസതയും, ബുദ്ധിമുട്ടുകളും ഒന്നും ബാധിക്കുകയില്ല. മാത്രമല്ല അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ ചെയ്യാന്‍ അവന് പ്രയാസം ഉണ്ടാവുകയുമില്ല.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- ഭക്ഷണ പാനീയങ്ങള്‍ ലഘൂകരിച്ച് കഴിക്കല്‍ ആരോഗ്യത്തിന് നല്ലതാണ്. അമിതമായാല്‍ അത് മുഖേന വിവിധ രോഗങ്ങള്‍ ബാധിക്കാന്‍ കാരണമാകും.
2- ഭക്ഷണത്തിന്‍റെ ലക്ഷ്യം ആരോഗ്യം സംരക്ഷിക്കുക എന്നതാണ്. അതിന് വിരുദ്ധമായി വയറിനെ നിറച്ചാല്‍ ആരോഗ്യം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.
3- സ്ഥിരമായി വയര്‍ നിറച്ച് കഴിക്കുന്നതിനെ ഈ ഹദീസ് ആക്ഷേപിക്കുന്നു. എപ്പോഴെങ്കിലും വയര്‍ നിറച്ച് കഴിച്ചാല്‍ അത് പ്രശ്നമുള്ളതല്ല.
4- ഭക്ഷണം കഴിക്കല്‍ വിവിധ രൂപത്തിലുണ്ട്: 
    1- നിര്‍ബന്ധമായത്. തന്‍റെ ശരീരത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ഭക്ഷണം കഴിക്കല്‍ ആണത്. അതാണ്‌ ഹദീസില്‍ ആദ്യം പറഞ്ഞത്, ആവശ്യമായ കുറച്ച് ഉരുളകള്‍ ആണ് നിര്‍ബന്ധമായിട്ടുള്ളത്.
    2- അനുവദനീയമായത്:  നിര്‍ബന്ധമായ അളവില്‍ കൂടുതല്‍ ആയിട്ടുള്ളതാണ് ഇത്. ഇത് മുഖേന ശരീരത്തിന് ദ്രോഹം ഉണ്ടാവുകയും അരുത്. 
    3- മക്റൂഹ് ആയത്. ഇത് അത്യാവശ്യമായ ഭക്ഷണത്തില്‍ അധികം കഴിച്ച് ശരീരത്തിന് ദോഷം ഉണ്ടാവുന്നതാണ്.
    4- നിഷിദ്ധമായാത്: ചില ഭക്ഷണങ്ങള്‍ ശരീരത്തിന് ദോഷമുണ്ടാക്കും എന്ന് അറിയപ്പെട്ടവ. അങ്ങനെയുള്ളവ കഴിക്കല്‍ നിഷിദ്ധമാണ്. അത് പോലെ ശരീരത്തിന്‍റെ ആരോഗ്യം നഷ്ടപ്പെടുന്ന വിധത്തിലുള്ള അളവില്‍ ഭക്ഷണം കഴിക്കുന്നതും ഇതില്‍ പെടും.
    5- മുസ്തഹബ്ബ് ആയത്: അഥവാ സുന്നത്തായ ഭക്ഷണം, അത് ആരാധനകള്‍ കൃത്യമായി ചെയ്യാന്‍ സഹായിക്കുന്ന വിധത്തിലുള്ള ലഘുവായിട്ടുള്ള ഭക്ഷണമാണ്. 
5- ഭക്ഷണം കഴിക്കലിന്‍റെ വിവിധ ഘട്ടങ്ങള്‍:
    1- ശരീരത്തിന് അത്യാവശ്യമായ വിധം ഏതാനും ഉരുളകള്‍ അഥവാ ലഘുവായ ഭക്ഷണം
    2- വയറിന്‍റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും മൂന്നിലൊരു ഭാഗം വെള്ളത്തിനും മൂന്നിലൊരു ഭാഗം ശ്വസനത്തിനും എന്ന വിധത്തില്‍ കഴിക്കല്‍
    3- വയര്‍ നിറച്ച് കഴിക്കല്‍
6- ഭക്ഷണം അമിതമായി കഴിക്കാനും അതില്‍ ധൂര്‍ത്ത് പാടില്ല എന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.
7-മതത്തിന്‍റെ കാര്യങ്ങള്‍ക്കൊപ്പം ഭൗതികമായ കാര്യങ്ങളും ഇസ്‌ലാം പരിഗണിക്കുന്നു. 
8- ആരോഗ്യപരമായ ബോധവത്കരണവും വൈദ്യശാസ്ത്രപരമായ നിര്‍ദേശങ്ങളും ഇസ്‌ലാം നല്‍കുന്നു.
9- യുക്തമായ കാര്യങ്ങള്‍ ആണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നന്മകള്‍ കൊണ്ട് വരാനും തിന്‍മകളെ അകറ്റാനും ഇസ്‌ലാം പഠിപ്പിക്കുന്നു. 
10- അമിതമായ ഭക്ഷണം ഒരാളില്‍ തിന്മകള്‍ക്കുള്ള പ്രേരണകള്‍ ഉണ്ടാക്കും. 

Wednesday, 2 July 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 257 دروس الحديث - ലഹരിയെല്ലാം നിഷിദ്ധമാണ്

 

الأربعون النووية-حديث: 46

ലഹരിയെല്ലാം നിഷിദ്ധമാണ്

عَنْ أَبِي بُرْدَةَ عَنْ أَبِيهِ عَنْ أَبِي مُوسَى الْأَشْعَرِيِّ رضي الله عنه  أَنَّ النَّبِيَّ صلى الله عليه وسلم  بَعَثَهُ إِلَى الْيَمَنِ، فَسَأَلَهُ عَنْ أَشْرِبَةٍ تُصْنَعُ بِهَا، فَقَالَ: وَمَا هِيَ؟ قَالَ: الْبِتْعُ وَالْمِزْرُ، فَقِيلَ لِأَبِي بُرْدَةَ: مَا الْبِتْعُ؟ قَالَ: نَبِيذُ الْعَسَلِ، وَالْمِزْرُ نَبِيذُ الشَّعِيرِ، فَقَالَ: كُلُّ مُسْكِرٍ حَرَام"ٌ .

رواه البخاري [رقم:4343] .

അബൂ ബുര്‍ദ തന്‍റെ പിതാവായ അബൂ മൂസല്‍ അശ്അരി رضي الله عنه വില്‍ നിന്ന് നിവേദനം ചെയ്യുന്നു, നബി صلى الله عليه وسلم  അദ്ദേഹത്തെ യമനിലേക്ക് നിയോഗിച്ചു, അപ്പോള്‍ അദ്ദേഹം അവിടെ ഉണ്ടാക്കപ്പെടുന്ന ചില പാനീയങ്ങളെ കുറിച്ച് നബി صلى الله عليه وسلم  യോട് ചോദിച്ചു. അപ്പോള്‍ നബി صلى الله عليه وسلم പറഞ്ഞു: ഏതൊക്കെയാണവ? അദ്ദേഹം പറഞ്ഞു: الْمِزْرُ , الْبِتْعُ എന്നിവയാണ്. അപ്പോള്‍ അബൂബുര്‍ദയോദ് ചോദിക്കപ്പെട്ടു: എന്താണ് الْبِتْعُ ?, അദ്ദേഹം പറഞ്ഞു: الْبِتْعُ തേനിന്‍റെ കള്ളും, الْمِزْرُ ബാര്‍ളിയുടെ കള്ളുമാണ് അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: ലഹരിയുണ്ടാക്കുന്ന എല്ലാം നിഷിദ്ധമാണ്. 


വിവരണം
  • മദ്യം മനുഷ്യന്‍റെ ബുദ്ധിയെ നശിപ്പിക്കുന്നതും ജനങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉണ്ടാക്കുന്നതുമാണ്. 
  • അതിനാല്‍ എല്ലാ തോന്നിവാസങ്ങളുടേയും മാതാവ് എന്ന് മദ്യം അറിയപ്പെടുന്നു. 
  • അനൂ മൂസല്‍ അശ്അരി رضي الله عنه വിനെ യമനിലെ ഗവര്‍ണറായി നിയോഗിക്കുന്ന വേളയില്‍ യമനില്‍ ആളുകള്‍ ഉണ്ടാക്കുമായിരുന്ന വിവിധ പാനീയങ്ങളെ കുറിച്ചുള്ള സംശയം നബി صلى الله عليه وسلم യോട് ചോദിച്ചു. അവയെ കുറിച്ച് അറിവില്ലാത്തതിനാല്‍ അവ ഏതൊക്കെയാണ് എന്ന് നബി صلى الله عليه وسلم അദ്ദേഹത്തോട് ചോദിച്ചു. തേനില്‍ നിന്നും ബാര്‍ലിയില്‍ നിന്നും ഉണ്ടാക്കുന്ന പാനീയങ്ങള്‍ ആയിരുന്നു അവ. 
  • الْبِتْعُ - എന്നാല്‍ തേന്‍ കൊണ്ടുണ്ടാക്കുന്ന പാനീയവും الْمِزْرُ എന്നാല്‍ ബാര്‍ളി കൊണ്ട് ഉണ്ടാക്കുന്ന പാനീയവുമാണ്. 
  • വിവിധ പഴങ്ങളുടെ സത്തകള്‍ കുറെ ദിവസങ്ങള്‍ സൂക്ഷിച്ച് വെക്കുകയും അതില്‍ രുചിയിലും ഗുണത്തിലും മാറ്റങ്ങള്‍ വരികയും ചെയ്യും. അവയില്‍ ലഹരിയുണ്ടാക്കുന്നവ എല്ലാം നിഷിദ്ധമാണ് എന്നാണ് റസൂല്‍ صلى الله عليه وسلم പറഞ്ഞത്. അവ കുടിക്കാന്‍ പാടില്ല. 
  • ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് ബുദ്ധിയെ നശിപ്പിക്കുന്നതോടൊപ്പം മനുഷ്യന്‍റെ ശരീരത്തെയും നശിപ്പിക്കും. വിവിധ തിന്‍മകളിലേക്ക് അവ മനുഷ്യനെ നയിക്കുകയും ചെയ്യും. 
  • അബൂ മൂസ رضي الله عنه ചോദിച്ച ഈ പാനീയങ്ങളെ കുറിച്ച് നബി صلى الله عليه وسلم ക്ക് അറിവില്ലായിരുന്നു. അതിനാലാണ് ഈ പാനീയങ്ങള്‍ ഏതൊക്കെയാണ് എന്ന് റസൂല്‍ صلى الله عليه وسلم ചോദിച്ചത്. പാനീയങ്ങളുടെ പേരുകള്‍ പറഞ്ഞപ്പോള്‍ റസൂല്‍ صلى الله عليه وسلم മറുപടി നല്‍കിയത് പൊതുവായിട്ടാണ്. അഥവാ ലഹരി ഉണ്ടാക്കുന്ന എല്ലാ വസ്തുക്കളും ഹറാം ആണ് എന്ന്. 
  • മനുഷ്യന്‍റെ ബുദ്ധിക്ക് കുറവ് വരുത്തുന്ന പാനീയങ്ങളും പദാര്‍ഥങ്ങളും കഴിക്കല്‍ ഹറാം ആണ്. അത് കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും ശരി.


Tuesday, 1 July 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 256 دروس الحديث - വില്‍ക്കല്‍ നിഷിദ്ധമായവ

 

الأربعون النووية-حديث: 45

വില്‍ക്കല്‍ നിഷിദ്ധമായവ

عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم عَامَ الْفَتْحِ وَهُوَ بِمَكَّةَ يَقُولُ: "إِنَّ اللَّهَ وَرَسُولَهُ حَرَّمَ بَيْعَ الْخَمْرِ وَالْمَيْتَةِ وَالْخِنْزِيرِ وَالْأَصْنَامِ، فَقِيلَ: يَا رَسُولَ اللَّهِ أَرَأَيْتَ شُحُومَ الْمَيْتَةِ فَإِنَّهَا يُطْلَى بِهَا السُّفُنُ، وَيُدْهَنُ بِهَا الْجُلُودُ، وَيَسْتَصْبِحُ بِهَا النَّاسُ؟ فَقَالَ: لَا، هُوَ حَرَامٌ، ثُمَّ قَالَ رَسُولُ اللَّهِ صلى الله عليه وسلم عِنْدَ ذَلِكَ: قَاتَلَ اللَّهُ الْيَهُودَ، إِنَّ اللَّهَ حَرَّمَ عَلَيْهِم الشُحُومَ، فَأَجْمَلُوهُ، ثُمَّ بَاعُوهُ، فَأَكَلُوا ثَمَنَهُ".

رواه البخاري [رقم: 2236]، ومسلم [رقم:1581] .

ജാബിറു ബ്നു അബ്ദില്ലാ رَضِيَ اللَّهُ عَنْهُمَا നിവേദനം, അദ്ദേഹം മക്കാ വിജയ ദിവസം മക്കയിലായിരിക്കേ റസൂല്‍ صلى الله عليه وسلم പറയുന്നതായി കേട്ടു. നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹങ്ങള്‍ എന്നിവയെ വില്‍ക്കല്‍ അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയിരിക്കുന്നു. അപ്പോള്‍ ചോദിക്കപ്പെട്ടു: അല്ലാഹുവിന്‍റെ റസൂലേ... ശവത്തിന്‍റെ കൊഴുപ്പ്  കപ്പലുകള്‍ക്ക് പുരട്ടാനും, തോലില്‍ എണ്ണ പുരട്ടാനും, ജനങ്ങള്‍ വിളക്കിന് എണ്ണയായും ഉപയോഗിക്കുന്നതിനെ കുറിച്ച് താങ്കള്‍ എന്ത് പറയുന്നു? അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: പാടില്ല, അത് ഹറാം ആണ്. എന്നിട്ട് റസൂല്‍ صلى الله عليه وسلم പറഞ്ഞു: യഹൂദികളെ അല്ലാഹു ശപിച്ചിരിക്കുന്നു. നിശ്ചയം അല്ലാഹു അവര്‍ക്ക് (ഈ) കൊഴുപ്പ് നിഷിദ്ധമാക്കുകയുണ്ടായി, എന്നാല്‍ അവര്‍ അത് ഉരുക്കുകയും പിന്നെ വില്‍ക്കുകയും അതിന്‍റെ വില ഭക്ഷിക്കുകയും ചെയ്തു. 

വിവരണം

    വില്‍പ്പന പാടില്ലാത്ത ചില വസ്തുക്കളെയാണ് ഈ ഹദീസില്‍ അറിയിക്കുന്നത്. അവ വില്‍ക്കുന്നത് വലിയ തെറ്റാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. 
    മക്കാ വിജയ ദിവസമാണ് ഈ കാര്യങ്ങള്‍ റസൂല്‍ صلى الله عليه وسلم വ്യക്തമാക്കുന്നത്. ഹിജ്റ എട്ടാം വര്‍ഷം റമദാനില്‍ ആണ് മക്കാ വിജയം നടന്നത്. 
    ഈ ഹദീസില്‍ പറയപ്പെട്ട കാര്യങ്ങള്‍ മക്കാവിജയ ദിവസം ആണ് ഹറാമാക്കിയത് എന്ന് ഈ ഹദീസ് കൊണ്ട് പറയാവതല്ല. മറിച്ച് ഈ കാര്യങ്ങള്‍ എല്ലാ ജനങ്ങളെയും കേള്‍ക്കെ മക്കാവിജയ ദിവസം പ്രഖ്യാപിക്കുകയായിരുന്നു എന്ന് മനസ്സിലാക്കാം. കാരണം വേറെ ഹദീസുകളില്‍ നിന്ന് ഇവ മുമ്പേ നിഷിദ്ധമാക്കിയിരുന്നു എന്നാണ് വ്യക്തമാകുന്നത്.  ഈ കാര്യം ഹാഫിദ്വ് ഇബ്നു ഹജര്‍ رحمه الله ഫത്ഹുല്‍ ബാരിയില്‍ പറഞ്ഞിട്ടുണ്ട്. 
    അല്ലാഹുവും അവന്‍റെ റസൂല്‍ صلى الله عليه وسلم യും നിഷിദ്ധമാക്കിയ നാല് കാര്യങ്ങളാണ് മദ്യം, ശവം, പന്നി, വിഗ്രഹങ്ങള്‍ എന്നിവ വില്‍ക്കല്‍. ഇവ വില്‍ക്കാനും വാങ്ങാനും പാടുള്ളതല്ല. 
  • മദ്യം മനുഷ്യന്‍റെ ബുദ്ധിയെ നശിപ്പിക്കുന്ന ലഹരിയാണ്. 
  • ശവം എന്ന് പറയുന്നത് മത പരമായ ബലി നടപ്പിലാവാതെ സ്വയം ജീവന്‍ നഷ്ടപ്പെട്ടതാണ്. 
  • പന്നി അറിയപ്പെടുന്നത് വൃത്തികെട്ട ജീവിയായിട്ടാണ്. അതിന്‍റെ മാംസത്തില്‍ സൂക്ഷ്മമായിട്ടുള്ള പുഴുക്കള്‍ ഉണ്ടായിരിക്കും.
  • വിഗ്രഹങ്ങള്‍ അല്ലാഹുവിന് പുറമേ ആരാധിക്കാന്‍ മനുഷ്യര്‍ ഉണ്ടാക്കുന്ന വസ്തുക്കളാണ്. 
    ഈ നാലും വില്‍ക്കാനും വാങ്ങാനും പാടില്ല. 

    ശവത്തിന്‍റെ കൊഴുപ്പ് അല്ലെങ്കില്‍ നെയ്യിനെ കുറിച്ച് സ്വഹാബികള്‍ സംശയം ചോദിച്ചു. കാരണം അത് കപ്പലിന് കേടുകള്‍ വരാതിരിക്കാന്‍ പുരട്ടിയും, തോലുകളില്‍ പുരട്ടുന്ന എണ്ണയായും,, വിളക്കിന് ഇന്ധനമായും ആളുകള്‍ ഉപയോഗിക്കുമായിരുന്നു. 
    അത് അങ്ങനെയും ഉപയോഗിക്കാന്‍ പാടില്ലെന്നും അവ നിഷിദ്ധമാണ് എന്നുമാണ് റസൂല്‍ صلى الله عليه وسلم മറുപടി നല്‍കിയത്. 
    قَاتَلَ اللَّهُ الْيَهُودَ എന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം അല്ലാഹു അവരെ ശപിക്കട്ടെ എന്നും അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിന്ന് അവരെ അകറ്റട്ടെ എന്നുമാണ്. കാരണം അവര്‍ എന്നും അല്ലാഹുവിനോട് ശത്രുത പുലര്‍ത്തുന്നവരും നബിമാരെ വധിച്ചു കളയുന്നവരും  ധിക്കാരികളുമായിരുന്നു. ശവത്തിന്‍റെ കൊഴുപ്പ് അവര്‍ക്ക് നിഷിദ്ധമാക്കിയപ്പോള്‍ അവര്‍ അത് ഉരുക്കി അതിനെ വില്‍ക്കുകയും അതിന്‍റെ പണം ഭക്ഷിക്കുകയും ചെയ്തു. ശവത്തിന്‍റെ കൊഴുപ്പ് തിന്നുന്നതില്‍ നിന്ന് അല്ലാഹു അവരെ വിലക്കിയത് വിശുദ്ധ ക്വുര്‍ആനില്‍ കാണാം, അല്ലാഹു പറയുന്നു: 
﴿ وَعَلَى الَّذِينَ هَادُوا حَرَّمْنَا كُلَّ ذِي ظُفُرٍ وَمِنَ الْبَقَرِ وَالْغَنَمِ حَرَّمْنَا عَلَيْهِمْ شُحُومَهُمَا إِلَّا مَا حَمَلَتْ ظُهُورُهُمَا أَوِ الْحَوَايَا أَوْ مَا اخْتَلَطَ بِعَظْمٍ ﴾ [الأنعام: 146].
''നഖമുള്ള എല്ലാ ജീവികളെയും ജൂതൻമാർക്ക് നാം നിഷിദ്ധമാക്കുകയുണ്ടായി. പശു, ആട് എന്നീ വർഗങ്ങളിൽ നിന്ന് അവയുടെ കൊഴുപ്പുകളും നാം അവർക്ക് നിഷിദ്ധമാക്കി. അവയുടെ മുതുകിൻ മേലോ കുടലുകൾക്ക് മീതെയോ ഉള്ളതോ, എല്ലുമായി ഒട്ടിച്ചേർന്നതോ ഒഴികെ. അവരുടെ ധിക്കാരത്തിന്ന് നാമവർക്ക് നൽകിയ പ്രതിഫലമത്രെ അത്. തീർച്ചയായും നാം സത്യം പറയുകയാകുന്നു''. (അന്‍ആം 146)
    
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- മദ്യം, ശവം, പന്നി, വിഗ്രഹങ്ങള്‍ എന്നിവ വില്‍ക്കാന്‍ പാടില്ല. വാങ്ങുന്നത് മുസ്‌ലിം അല്ലാത്തവനാണെങ്കിലും ഇവ വില്‍ക്കാനും അതിന്‍റെ പണം ഉപയോഗിക്കാനും പാടില്ലാത്തതാണ്. 
2- ഭക്ഷിക്കുന്ന ഒരു സാധനം അല്ലാഹു നിഷിദ്ധമാക്കിയാല്‍ അതിന്‍റെ വിലയും ആ നിഷിദ്ധത്തില്‍ ഉള്‍പ്പെടും.
3- മദ്യവും ഇതില്‍ പറയപ്പെട്ടവയും വില്‍ക്കാനും അവ കച്ചവട സാധനങ്ങളില്‍ ഉള്‍പ്പെടുത്താനും ഒരു മുസ്‌ലിമിന് പാടുള്ളതല്ല. 
4- നിഷിദ്ധമായ ഒരു സാധനം ഉപയോഗിക്കാന്‍ വേണ്ടി അതില്‍ ചെയ്യുന്ന ക്രയവിക്രയങ്ങള്‍ തെറ്റായതും ഹറാം ആയതുമാണ്. ശവത്തിന്‍റെ നെയ്യ് ഭക്ഷിക്കരുതെന്ന് പറഞ്ഞപ്പോള്‍ അതിനെ ഉരുക്കി രൂപമാറ്റം വരുത്തി ഉപയോഗിക്കുന്ന അവസ്ഥ യഹൂദികള്‍ കാണിച്ച പോലെ അത് പാടില്ലാത്തതാണ്. 

Monday, 30 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 255 دروس الحديث - മുലകുടിബന്ധം രക്ത ബന്ധം പോലെയാണ്

 

الأربعون النووية-حديث: 44

മുലകുടിബന്ധം 

രക്ത ബന്ധം പോലെയാണ്

عَنْ عَائِشَةَ رَضِيَ اللَّهُ عَنْها عَنْ النَّبِيِّ صلى الله عليه وسلم  قَالَ: " الرَّضَاعَةُ تُحَرِّمُ مَا تُحَرِّمُ الْوِلَادَةُ".

رواه البخاري [رقم:2646]، ومسلم [رقم:1444].

ആഇശ رَضِيَ اللَّهُ عَنْهُا നിവേദനം. നബി  صلى الله عليه وسلم പറഞ്ഞു: പ്രസവം കൊണ്ട് (രക്തബന്ധം കൊണ്ട്) നിഷിദ്ധമാക്കുന്നതെല്ലാം മുലകുടി ബന്ധം കൊണ്ടും നിഷിദ്ധമാകും. 

വിവരണം

    മുലകുടി ബന്ധത്തെ ഇസ്‌ലാം രക്തബന്ധം പോലെ ആക്കിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഹദീസ് ആണിത്. രക്ത ബന്ധത്തില്‍ നിഷിദ്ധമായവയെല്ലാം മുലകുടി ബന്ധത്തിലും നിഷിദ്ധമാകും, അഥവാ രക്ത ബന്ധത്തില്‍ വിവാഹം നിഷിദ്ധമായവരെ പോലെയാണ് മുലകുടി ബന്ധത്തിലുള്ളവരും. 
    ഒരു സ്ത്രീക്ക് രക്തബന്ധത്തില്‍ ഉള്ള സഹോദരനെ പോലെയാണ് മുലകുടി ബന്ധത്തിലുള്ള സഹോദരന്‍. അവന്‍ അവള്‍ക്ക് മഹ്റം ആയിരിക്കും. 
    മുലകുടി ബന്ധത്തിലൂടെ മഹ്റം ആയ ആളുമായി തനിച്ചിരിക്കാനും, കാണാനും, യാത്ര ചെയ്യാനുമെല്ലാം ഒരു സ്ത്രീക്ക് അനുവാദമുണ്ട് എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം. എന്നാല്‍ രക്ത ബന്ധത്തിലെ പോലെ അനന്തരാവകാശം, ചിലവിന് നല്‍കല്‍ പോലെയുള്ളവ ഇതിലൂടെ നിര്‍ബന്ധമാകില്ല.
    ഒരു സ്ത്രീ തന്‍റെതല്ലാത്ത ഒരു കുഞ്ഞിന് മുലപ്പാലൂട്ടിയാല്‍ ആ കുഞ്ഞ് അവളുടെ കുഞ്ഞിനെ പോലെ ആയിരിക്കും എന്നാണ് ഈ ഹദീസ് അറിയിക്കുന്നത്. അപ്പോള്‍ ആ സ്ത്രീയുടെ മക്കള്‍ ഈ മുലയൂട്ടപ്പെട്ട കുഞ്ഞിന്‍റെ സഹോദരങ്ങളാകും. അത് പോലെ അവളുടെ ഭര്‍ത്താവ് ഈ കുഞ്ഞിന്‍റെ പിതാവിനെ പോലെയും അയാളുടെ മക്കള്‍ ഈ കുഞ്ഞിന്‍റെ സഹോദരങ്ങളെ പോലെയും ആയിരിക്കും. ഇമാം നവവി رحمه الله ഈ കാര്യം ശര്‍ഹു മുസലിമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

രക്തബന്ധം കൊണ്ടും മുലകുടി ബന്ധം കൊണ്ടും വിവാഹ ബന്ധം നിഷിദ്ധമായവര്‍ ആരൊക്കെയാണെന്ന് വിശുദ്ധ ഖുര്‍ആനില്‍ വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: 

وَلَا تَنْكِحُوا مَا نَكَحَ آبَاؤُكُمْ مِنَ النِّسَاءِ إِلَّا مَا قَدْ سَلَفَ إِنَّهُ كَانَ فَاحِشَةً وَمَقْتًا وَسَاءَ سَبِيلًا (22) حُرِّمَتْ عَلَيْكُمْ أُمَّهَاتُكُمْ وَبَنَاتُكُمْ وَأَخَوَاتُكُمْ وَعَمَّاتُكُمْ وَخَالَاتُكُمْ وَبَنَاتُ الْأَخِ وَبَنَاتُ الْأُخْتِ وَأُمَّهَاتُكُمُ اللَّاتِي أَرْضَعْنَكُمْ وَأَخَوَاتُكُمْ مِنَ الرَّضَاعَةِ وَأُمَّهَاتُ نِسَائِكُمْ وَرَبَائِبُكُمُ اللَّاتِي فِي حُجُورِكُمْ مِنْ نِسَائِكُمُ اللَّاتِي دَخَلْتُمْ بِهِنَّ فَإِنْ لَمْ تَكُونُوا دَخَلْتُمْ بِهِنَّ فَلَا جُنَاحَ عَلَيْكُمْ وَحَلَائِلُ أَبْنَائِكُمُ الَّذِينَ مِنْ أَصْلَابِكُمْ وَأَنْ تَجْمَعُوا بَيْنَ الْأُخْتَيْنِ إِلَّا مَا قَدْ سَلَفَ إِنَّ اللَّهَ كَانَ غَفُورًا رَحِيمًا- النساء 22-23

നിങ്ങളുടെ പിതാക്കൾ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങൾ വിവാഹം കഴിക്കരുത്; മുമ്പ് ചെയ്തുപോയതൊഴികെ. തീർച്ചയായും അത് ഒരു നീചവൃത്തിയും വെറുക്കപ്പെട്ട കാര്യവും ദുഷിച്ച മാർഗവുമാകുന്നു. * നിങ്ങളുടെ മാതാക്കൾ, പുത്രിമാർ, സഹോദരിമാർ, പിതൃസഹോദരിമാർ, മാതൃസഹോദരിമാർ, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാർ, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാർ, നിങ്ങളുടെ ഭാര്യാമാതാക്കൾ എന്നിവർ (അവരെ വിവാഹം ചെയ്യൽ) നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ലൈംഗികവേഴ്ചയിൽ ഏർപെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളർത്ത് പുത്രിമാരും (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). ഇനി നിങ്ങൾ അവരുമായി ലൈംഗികവേഴ്ചയിൽ ഏർപെട്ടിട്ടില്ലെങ്കിൽ (അവരുടെ മക്കളെ വേൾക്കുന്നതിൽ) നിങ്ങൾക്കു കുറ്റമില്ല. നിങ്ങളുടെ മുതുകിൽ നിന്ന് പിറന്ന പുത്രൻമാരുടെ ഭാര്യമാരും (നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) രണ്ടു സഹോദരിമാരെ ഒന്നിച്ച് ഭാര്യമാരാക്കുന്നതും (നിഷിദ്ധമാകുന്നു.) മുമ്പ് ചെയ്ത് പോയതൊഴികെ. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.- നിസാഅ': 22-23

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...