الأربعون النووية-حديث: 50
അല്ലാഹുവിനെ സ്മരിക്കല്‍
عَنْ عَبْدِ اللَّهِ بْنِ بُسْرٍ
قَالَ: "أَتَى النَّبِيَّ صلى الله عليه وسلم رجلٌ فَقَالَ: يَا رَسُولَ اللَّهِ إِنَّ
شَرَائِعَ الْإِسْلَامِ قَدْ كَثُرَتْ عَلَيْنَا، فَبَابٌ نَتَمَسَّكُ بِهِ
جَامِعٌ؟ قَالَ: لَا يَزَالُ لِسَانُكَ رَطْبًا مِنْ ذِكْرِ اللَّهِ عَزَّ
وَجَلَّ".
رواه
أحمد [رقم:
188 و 190].
അബ്ദുല്ലാഹിബ്നു ബുസ്ര്‍ رضي الله عنه പറഞ്ഞു: ഒരാള്‍ റസൂല്‍ صلى الله عليه وسلم യുടെ അടുക്കല്‍ വന്ന് പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ നിശ്ചയം ഇസ്‌ലാമിന്‍റെ നയമ സംഹിതകള്‍ ഞങ്ങള്‍ക്ക് അധികരിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് മുറുകെ പിടിക്കാന്‍ (സ്ഥിരം ചെയ്യാന്‍) എല്ലാ നന്‍മകളും സംഗമിക്കുന്നതായ ഒരു കാര്യം (അറിയിച്ചു തന്നാലും), റസൂല്‍ صلى الله عليه وسلم പറഞ്ഞു: മഹോന്നതനും പ്രതാപശാലിയുമായ അല്ലാഹുവിന്‍റെ സ്മരണയില്‍ താങ്കളുടെ നാവ് നനവുള്ളതായിക്കൊണ്ടേയിരി
ക്കലാണ് അത്.
വിവരണം
- നന്മകള്‍ ചെയ്യാനും അവ സ്ഥിരമാക്കാനുമുള്ള സ്വഹാബികളുടെ ആവേശത്തെ ഈ ഹദീസ് അറിയിക്കുന്നു.
- ധാരാളം നന്മകള്‍ ലഭിക്കണമെന്ന മോഹം അവര്‍ക്കുണ്ട്.
- ഐച്ഛീകമായ കാര്യങ്ങള്‍ അധികരിച്ചപോള്‍ എല്ലാ നന്‍മകളുടെയും പ്രതിഫലങ്ങള്‍ ലഭിക്കുന്നതായ കാര്യങ്ങളെയാണ് സ്വഹാബി അന്വേഷിക്കുന്നത്.
- അവര്‍ ഐച്ഛീകമായ കാര്യങ്ങള്‍ ധാരാളം ചെയ്യുന്നവരാണ്, എന്നാല്‍ അവ വര്‍ധിക്കുകയും ധാരാളം കാര്യങ്ങള്‍ പഠിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ അവ ചെയ്യുന്നതില്‍ എന്തെങ്കിലും കുറവുകള്‍ വരുമോ എന്ന ഭയത്താലകാം അവരുടെ ഈ ചോദ്യം. അല്ലെങ്കില്‍ അവ മുഴുവന്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കിലോ എന്ന സംശയത്താലുമാകാം. അത് പോലെ ആ കാര്യത്തെ സ്ഥിരമാക്കി ചെയ്യാന്‍ വേണ്ടിയുമായിരിക്കാം ഈ ചോദ്യം.
- ധാരാളം നന്മകള്‍ ലഭിക്കുന്ന ഒറ്റ കാര്യം എന്താണെന്ന് റസൂല്‍ صلى الله عليه وسلم യോട് ചോദിച്ചപ്പോള്‍ എപ്പോഴും അല്ലാഹുവിനെ സ്മരിച്ച് കൊണ്ടിരിക്കുകയും അങ്ങനെ നാവ് നനവുള്ളതാക്കുകയും ചെയ്യുക എന്നതാണ് റസൂല്‍ صلى الله عليه وسلم യുടെ മറുപടി.
- ഐച്ഛീകമായ എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും ചെയ്യാന്‍ സാധിച്ചു എന്ന് വരില്ല, എന്നാല്‍ എല്ലാര്‍ക്കും എപ്പോഴും ചെയ്യാന്‍ സാധിക്കുന്ന കാര്യമാണ് റസൂല്‍ صلى الله عليه وسلم അവരെ അറിയിച്ചത്.
- رطبا എന്നാല്‍ طريّ അഥവാ ദിക്റുകള്‍ ചൊല്ലി നനവുള്ളതായ നാവ് എന്നാണ് അര്‍ത്ഥം.
- അല്ലാഹുവിനെ മനസ്സില്‍ ഓര്‍ക്കുന്നതോടൊപ്പം നാവ് കൊണ്ട് ദിക്റുകള്‍ ഉരുവിടല്‍ വേണമെന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. മനസ്സ് കൊണ്ട് മാത്രം ഓര്‍ക്കലല്ല, മറിച്ച് നാവ് കൊണ്ട് ദിക്റുകള്‍ ചൊല്ലാനാണ് റസൂല്‍ صلى الله عليه وسلم യുടെ അധ്യാപനം.
അല്ലാഹുവിനെ ഓര്‍ക്കല്‍
- അല്ലാഹുവിനെ ഓര്‍ക്കല്‍ രണ്ട് വിധമുണ്ട്:
ഒന്ന്: പൊതുവായി ഓര്‍ക്കല്‍, ഇത് നിര്‍ബന്ധ നമസ്കാരങ്ങള്‍, വിശുദ്ധ ക്വുര്‍ആന്‍ പാരായണം പോലെയുള്ള കാര്യങ്ങളിലൂടെ അല്ലാഹുവിനെ ഓര്‍ക്കലാണ്.
രണ്ട്: പ്രത്യേകമായി ഓര്‍ക്കല്‍, ഇത് തസ്ബീഹ്, തഹ്ലീല്‍, തഹ്മീദ്, തക്ബീര്‍ പോലെയുള്ള ദിക്റിന്‍റെ വചനങ്ങള്‍ ഉരുവിട്ട് കൊണ്ട് സംഭവിക്കുന്നതാണ്.
ഇതിലെ രണ്ടാമത്തെ ഭാഗമാണ് ഈ ഹദീസിലൂടെ റസൂല്‍ صلى الله عليه وسلم നിര്‍ദേശിച്ചിട്ടുള്ളത്. ദിക്റുകള്‍ ധാരാളമായി ചൊല്ലി നാവിനെ നനവുള്ളതാക്കല്‍ എന്ന് പറഞ്ഞതിനര്‍ത്ഥം അതാണ്.
- അല്ലാഹുവിനെ ഓര്‍ക്കാന്‍ വിശുദ്ധക്വുര്‍ആനില്‍ ധാരാളം കല്‍പനകളും നിര്‍ദേശങ്ങളും ഉണ്ട്. അല്ലാഹു പറയുന്നു:
{يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا * وَسَبِّحُوهُ بُكْرَةً وَأَصِيلًا} [الأحزاب:٤١ - ٤٢]
സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, * കാലത്തും വൈകുന്നേരവും അവനെ പ്രകീർത്തിക്കുകയും ചെയ്യുവിൻ.
നിന്നും ഇരുന്നും കിടന്നുമെല്ലാം ചെയ്യാന്‍ സാധിക്കുന്ന കര്‍മമാണ് ദിക്ര്‍. അല്ലാഹു പറയുന്നു:
﴿ الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ﴾ [ آل عمران: 191]
നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓർമിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. (അവർ പറയും:) ഞങ്ങളുടെ റബ്ബേ! നീ നിരർത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധൻ! അതിനാൽ നരകശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.
അല്ലാഹുവിനെ ഓര്‍ക്കുന്നവരെ അല്ലാഹുവും ഓര്‍ക്കും, അല്ലാഹു പറയുന്നു:
﴿ فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ﴾ [ البقرة: 152]
ആകയാൽ എന്നെ നിങ്ങൾ ഓർക്കുക. നിങ്ങളെ ഞാനും ഓർക്കുന്നതാണ്. എന്നോട് നിങ്ങൾ നന്ദി കാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്.
അല്ലാഹുവിന്‍റെ ഉദ്ബോധനങ്ങളെ ഓര്‍ക്കാതിരിക്കുന്നവരുടെ ജീവിതം പ്രയാസകരമായിരിക്കും, അല്ലാഹു പറയുന്നു:
﴿ وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ﴾ [ طه: 124]
എന്‍റെ ഉൽബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീർച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിർത്തെഴുന്നേൽപിന്‍റെ നാളിൽ അവനെ നാം അന്ധനായ നിലയിൽ എഴുന്നേൽപിച്ച് കൊണ്ട് വരുന്നതുമാണ്.
ദിക്റുകള്‍ രണ്ട് വിധമുണ്ട്:
1- നിരുപാധികമുള്ളത്, എല്ലായ്പ്പോഴും എല്ലാ സ്ഥലത്ത് വെച്ചും ചോല്ലാവുന്നവ.
2- സ്ഥലം, സമയം, അവസ്ഥ എന്നിവ നിബന്ധനയാക്കപ്പെട്ട ദിക്റുകള്‍. നമസ്കാര ശേഷമുള്ള ദിക്റുകള്‍, ബാങ്കിന് ശേഷമുള്ള ദിക്റുകള്‍, ഉറങ്ങുമ്പോഴും ഉറങ്ങി എണീക്കുമ്പോഴും ഉള്ള ദിക്റുകള്‍ പോലെ ഉള്ളവയാണ് ഇതില്‍ പെടുന്നത്.
വിശുദ്ധ ക്വുര്‍ആനിലും തിരു സുന്നത്തിലും ധാരാളം ദിക്റുകള്‍ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അവ നാം പഠിക്കുകയും അവയുടെ മഹത്വവും പ്രതിഫലവും മനസ്സിലാക്കി ജീവിതത്തില്‍ നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്.
ഹദീസില്‍ നിന്നുള്ള പാഠം
- അറിവിലും, ഓര്‍മയിലും, കര്‍മങ്ങള്‍ നിരന്തരമായി ചെയ്യുന്നതിലുമുള്ള കഴിവുകളില്‍ ആളുകള്‍ വ്യത്യസ്ഥ അവസ്ഥകളിലാണ് എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.
- ഇസ്‌ലാം ഐച്ഛീകമായ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പമാക്കുകയും അവക്ക് വലിയ പ്രതിഫലം നല്‍കുകയും ചെയ്യുന്നു എന്ന് റസൂല്‍ صلى الله عليه وسلم നമ്മെ അറിയിക്കുന്നു.
- എപ്പോഴും അല്ലാഹുവിനെ ഓര്‍ക്കുന്നതിന്‍റെ മഹത്വം വളരെ വലിയതാണ് എന്ന് ഹദീസ് അറിയിക്കുന്നു.
- ആരാധനാകാര്യങ്ങളുടെ വൈവിധ്യവും അവക്ക് ധാരാളം നേട്ടങ്ങളുണ്ട് എന്നും ഹദീസില്‍ നിന്ന് മനസ്സിലാക്കാം.
- ചെയ്യാന്‍ എളുപ്പമായ ചെറിയ കാര്യങ്ങള്‍ക്ക് വലിയ പ്രതിഫലങ്ങള്‍ നല്‍കുന്നത് അല്ലാഹുവിന്‍റെ വലിയ ഔദാര്യമാണ്.
- നന്മകളിലുള്ള സ്വഹാബികളുടെ താല്‍പര്യവും അവയോടുള്ള ഇഷ്ടവും ഹദീസ് പ്രകടമാക്കുന്നു.
- റസൂല്‍ صلى الله عليه وسلم എല്ലാവരെയും പരിഗണിക്കുകയും അവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നവരായിരുന്നു.
- സ്വഹാബിയുടെ ചോദ്യം സുന്നത്തായ കാര്യങ്ങള്‍ വര്‍ധിച്ചിരിക്കുന്നു എന്നത്തിലാണ് എന്ന് മനസ്സിലാക്കാം. കാരണം നിര്‍ബന്ധ കാര്യങ്ങള്‍ എല്ലാവരും അനിവാര്യമായും ചെയ്യേണ്ടതാണ്. അതില്‍ വീഴ്ച വരുത്താന്‍ പാടില്ല എന്നത് നിയമവുമാണ്..
No comments:
Post a Comment