ഫോളോ ചെയ്യാം

Thursday, 24 July 2025

278 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 18- دروس الحديث - ഖബ്'റിലെ ശിക്ഷ യാഥാര്‍ത്ഥ്യമാണ്

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

ഖബ്'റിലെ ശിക്ഷ യാഥാര്‍ത്ഥ്യമാണ്

18 - عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رضي الله عنهما قَالَ: مَرَّ النَّبِيُّ - صلى الله عليه وسلم - بِقَبْرَيْنِ ، فَقَالَ: ((إنَّهُمَا لَيُعَذَّبَانِ، وَمَا يُعَذَّبَانِ فِي كَبِيرٍ أَمَّا أَحَدُهُمَا: فَكَانَ لا يَسْتَتِرُ مِنْ الْبَوْلِ، وَأَمَّا الآخَرُ: فَكَانَ يَمْشِي بِالنَّمِيمَةِ فَأَخَذَ جَرِيدَةً رَطْبَةً، فَشَقَّهَا نِصْفَيْنِ، فَغَرَزَ فِي كُلِّ قَبْرٍ وَاحِدَةً، فَقَالُوا: يَا رَسُولَ اللَّهِ، لِمَ فَعَلْتَ هَذَا؟ قَالَ: لَعَلَّهُ يُخَفَّفُ عَنْهُمَا مَا لَمْ يَيْبَسَا)) .

അബ്'ദുല്ലാഹി ബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു: ഒരിക്കല്‍ നബി صلى الله عليه وسلم രണ്ട് ഖബ്റുകള്‍ക്ക് അരികിലൂടെ നടന്നു, അപ്പോള്‍ പറഞ്ഞു: ഇവര്‍ രണ്ടാളും ശിക്ഷിക്കപ്പെടുകയാണ്. (ജനങ്ങളുടെ കണ്ണില്‍) വലിയ ഒരു പാപത്തിന്‍റെ പേരിലല്ല രണ്ടാളും ശിക്ഷിക്കപ്പെടുന്നത്. ഇവരില്‍ ഒരാള്‍ മൂത്രം ഒഴിക്കുമ്പോള്‍ മറ സ്വീകരിക്കുമായിരുന്നില്ല. മറ്റേ ആള്‍ ഏഷണിയുമായി നടക്കുന്നവനായിരുന്നു. അങ്ങനെ റസൂല്‍ صلى الله عليه وسلم ഒരു പച്ച ഈന്തപ്പനയോലയുടെ കമ്പ് എടുക്കുകയും, അത് രണ്ടായി പിളർത്തിയ ശേഷം ഓരോന്നും ഓരോ ഖബ്റിന് മേൽ നട്ടുവെക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ (സ്വഹാബികള്‍) പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ.. നിങ്ങള്‍ ഇത് എന്തിനാണ് ചെയ്തത്? റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഇത് ഉണങ്ങാത്തിടത്തോളം അവര്‍ രണ്ട് പേര്‍ക്കും (ശിക്ഷയില്‍) ഇളവ് ലഭിച്ചേക്കാം. 

لايستترُ منَ البولِ: لايجعلُ سترةً تقيهِ منْ بولِهِ.

മൂത്രം ഒഴിക്കുമ്പോള്‍ അത് ശരീരത്തില്‍ ആവാതിരിക്കാന്‍ ഒരു മറ സ്വീകരിച്ചില്ല

النَّميمةُ: نقلُ كلامِ الغيرِ على وجهِ الإِفسادِ والإِضرارِ.

കുഴപ്പവും ദ്രോഹവും ഉണ്ടാക്കാള്‍ വേണ്ടി മറ്റുള്ളവരുടെ വര്‍ത്തമാനങ്ങള്‍ പ്രചരിപ്പിക്കല്‍ ആണ്  النَّميمةُ.


വിവരണം

    ഖബ്ര്‍ പരലോക ഭവനങ്ങളിലെ ആദ്യത്തെ ഭവനമാണ്. അതില്‍ രക്ഷയും ശിക്ഷയുമുണ്ട് എന്നത് യാഥാര്‍ത്ഥ്യം ആണ്. ഖബ്ര്‍ ശിക്ഷക്ക് കാരണമായ ചില  കാര്യങ്ങള്‍ റസൂല്‍ صلى الله عليه وسلم നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്.
    ഒരിക്കൽ റസൂല്‍ صلى الله عليه وسلم രണ്ട് ഖബ്റുകളുടെ അരികിലൂടെ നടന്നു പോയി. അപ്പോൾ അവിടുന്ന് പറഞ്ഞു: ഈ ഖബ്റിലുള്ള രണ്ടു പേരും ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ കാഴ്ച്ചപ്പാടിൽ വലിയ ഒരു കാര്യമായിട്ടുള്ള വിഷയത്തിലല്ല അവർ ശിക്ഷിക്കപ്പെടുന്നത്; എന്നാൽ ഈ രണ്ട് കാര്യങ്ങളും അല്ലാഹുവിങ്കൽ വളരെ ഗൗരവപ്പെട്ടത് തന്നെയാണ്. അവരിൽ ഒരാൾ മൂത്രമൊഴിക്കുമ്പോള്‍ തൻ്റെ ശരീരത്തിലോ വസ്ത്രത്തിലോ മൂത്രം തെറിക്കുന്നത് സൂക്ഷിക്കുന്നതിൽ ശ്രദ്ധ പുലർത്തിയിരുന്നില്ല. രണ്ടാമത്തെ വ്യക്തി ജനങ്ങൾക്കിടയിൽ ഏഷണിയുമായി നടന്നിരുന്ന മനുഷ്യനായിരുന്നു. ജനങ്ങൾക്കിടയിൽ കുഴപ്പവും ഭിന്നതയും പ്രശ്നങ്ങളും സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരെങ്കിലും പറഞ്ഞ കാര്യങ്ങൾ ജനങ്ങൾക്കിടയിൽ എത്തിച്ചു കൊടുക്കുകയായിരുന്നു അയാളുടെ പണി.

    മൂത്രമൊഴിക്കുമ്പോള്‍ ശുദ്ധിയുടെ കാര്യത്തില്‍ അശ്രദ്ധയുണ്ടാകലും ഏഷണിയുമായി നടക്കലും വലിയ തെറ്റാണെന്നാണ് ഈ ഹദീസിലൂടെ റസൂല്‍ صلى الله عليه وسلم വ്യക്തമാക്കുന്നത്. നമ്മള്‍ നിസാരം എന്ന് കരുതുന്ന പല കാര്യങ്ങളും അല്ലാഹുവിന്‍റെ അടുക്കല്‍ വളരെ ഗൗരവമുള്ളതാണ് എന്ന് നാം അറിഞ്ഞിരിക്കണം.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ഏഷണി പറയുക എന്നതും മൂത്രത്തിൽ നിന്ന് ശുചീകരിക്കാതിരിക്കുക എന്നതും വൻപാപങ്ങളിൽ പെടുന്ന കാര്യമാണ്. ഖബ്റിൽ ശിക്ഷ നൽകപ്പെടാനുള്ള കാരണങ്ങളിലൊന്നുമാണത്.
2- നബി صلى الله عليه وسلم യുടെ പ്രവാചകത്വത്തിനുള്ള തെളിവായി കൊണ്ട് ചില മറഞ്ഞ കാര്യങ്ങൾ അവിടുത്തേക്ക് അല്ലാഹു കാണിച്ചു നൽകിയിട്ടുണ്ട്. അതില്‍ പെട്ടതാണ് ഖബ്'റില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നബി صلى الله عليه وسلم ക്ക് അല്ലാഹു അറിയിച്ച് കൊടുത്തത്. 
3- ഈന്തപ്പനയോലയുടെ കമ്പ് രണ്ടായി ചീന്തി ഖബ്റിന് മേൽ വെക്കുക എന്ന ഈ പ്രവർത്തി നബി صلى الله عليه وسلم ക്ക് മാത്രം പ്രത്യേകമാണ്. കാരണം അല്ലാഹു അവിടുത്തേക്ക് ആ രണ്ട് ഖബ്റുകളിലെയും വ്യക്തികളുടെ അവസ്ഥ കാണിച്ചുകൊടുത്തു. അതിനാൽ ഈ വിധി മറ്റുള്ളവർക്ക് കൂടി ബാധകമാക്കാൻ സാധ്യമല്ല; കാരണം അവർക്കാർക്കും ഖബ്റുകളിലുള്ളവരുടെ അവസ്ഥ അറിയുകയില്ല.
4- ഖബ്ര്‍ ശിക്ഷ യാഥാര്‍ത്ഥ്യമാണെന്ന് ഈ ഹദീസ് അറിയിക്കുന്നു. 
5- ഖബ്റിലെ ശിക്ഷയെ നിഷേധിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ഹദീസ്. 
6- റസൂല്‍ صلى الله عليه وسلم തന്‍റെ ജനതയുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവരായിരുന്നു. അവര്‍ക്ക് കുഴപ്പങ്ങള്‍ ഇല്ലാതാവാനും അതില്‍ ലഘൂകരണം ലഭിക്കാനും റസൂല്‍ صلى الله عليه وسلم ആഗ്രഹിച്ചിരുന്നു. 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...