ഫോളോ ചെയ്യാം

Tuesday, 1 July 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 256 دروس الحديث - വില്‍ക്കല്‍ നിഷിദ്ധമായവ

 

الأربعون النووية-حديث: 45

വില്‍ക്കല്‍ നിഷിദ്ധമായവ

عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم عَامَ الْفَتْحِ وَهُوَ بِمَكَّةَ يَقُولُ: "إِنَّ اللَّهَ وَرَسُولَهُ حَرَّمَ بَيْعَ الْخَمْرِ وَالْمَيْتَةِ وَالْخِنْزِيرِ وَالْأَصْنَامِ، فَقِيلَ: يَا رَسُولَ اللَّهِ أَرَأَيْتَ شُحُومَ الْمَيْتَةِ فَإِنَّهَا يُطْلَى بِهَا السُّفُنُ، وَيُدْهَنُ بِهَا الْجُلُودُ، وَيَسْتَصْبِحُ بِهَا النَّاسُ؟ فَقَالَ: لَا، هُوَ حَرَامٌ، ثُمَّ قَالَ رَسُولُ اللَّهِ صلى الله عليه وسلم عِنْدَ ذَلِكَ: قَاتَلَ اللَّهُ الْيَهُودَ، إِنَّ اللَّهَ حَرَّمَ عَلَيْهِم الشُحُومَ، فَأَجْمَلُوهُ، ثُمَّ بَاعُوهُ، فَأَكَلُوا ثَمَنَهُ".

رواه البخاري [رقم: 2236]، ومسلم [رقم:1581] .

ജാബിറു ബ്നു അബ്ദില്ലാ رَضِيَ اللَّهُ عَنْهُمَا നിവേദനം, അദ്ദേഹം മക്കാ വിജയ ദിവസം മക്കയിലായിരിക്കേ റസൂല്‍ صلى الله عليه وسلم പറയുന്നതായി കേട്ടു. നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹങ്ങള്‍ എന്നിവയെ വില്‍ക്കല്‍ അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയിരിക്കുന്നു. അപ്പോള്‍ ചോദിക്കപ്പെട്ടു: അല്ലാഹുവിന്‍റെ റസൂലേ... ശവത്തിന്‍റെ കൊഴുപ്പ്  കപ്പലുകള്‍ക്ക് പുരട്ടാനും, തോലില്‍ എണ്ണ പുരട്ടാനും, ജനങ്ങള്‍ വിളക്കിന് എണ്ണയായും ഉപയോഗിക്കുന്നതിനെ കുറിച്ച് താങ്കള്‍ എന്ത് പറയുന്നു? അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: പാടില്ല, അത് ഹറാം ആണ്. എന്നിട്ട് റസൂല്‍ صلى الله عليه وسلم പറഞ്ഞു: യഹൂദികളെ അല്ലാഹു ശപിച്ചിരിക്കുന്നു. നിശ്ചയം അല്ലാഹു അവര്‍ക്ക് (ഈ) കൊഴുപ്പ് നിഷിദ്ധമാക്കുകയുണ്ടായി, എന്നാല്‍ അവര്‍ അത് ഉരുക്കുകയും പിന്നെ വില്‍ക്കുകയും അതിന്‍റെ വില ഭക്ഷിക്കുകയും ചെയ്തു. 

വിവരണം

    വില്‍പ്പന പാടില്ലാത്ത ചില വസ്തുക്കളെയാണ് ഈ ഹദീസില്‍ അറിയിക്കുന്നത്. അവ വില്‍ക്കുന്നത് വലിയ തെറ്റാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. 
    മക്കാ വിജയ ദിവസമാണ് ഈ കാര്യങ്ങള്‍ റസൂല്‍ صلى الله عليه وسلم വ്യക്തമാക്കുന്നത്. ഹിജ്റ എട്ടാം വര്‍ഷം റമദാനില്‍ ആണ് മക്കാ വിജയം നടന്നത്. 
    ഈ ഹദീസില്‍ പറയപ്പെട്ട കാര്യങ്ങള്‍ മക്കാവിജയ ദിവസം ആണ് ഹറാമാക്കിയത് എന്ന് ഈ ഹദീസ് കൊണ്ട് പറയാവതല്ല. മറിച്ച് ഈ കാര്യങ്ങള്‍ എല്ലാ ജനങ്ങളെയും കേള്‍ക്കെ മക്കാവിജയ ദിവസം പ്രഖ്യാപിക്കുകയായിരുന്നു എന്ന് മനസ്സിലാക്കാം. കാരണം വേറെ ഹദീസുകളില്‍ നിന്ന് ഇവ മുമ്പേ നിഷിദ്ധമാക്കിയിരുന്നു എന്നാണ് വ്യക്തമാകുന്നത്.  ഈ കാര്യം ഹാഫിദ്വ് ഇബ്നു ഹജര്‍ رحمه الله ഫത്ഹുല്‍ ബാരിയില്‍ പറഞ്ഞിട്ടുണ്ട്. 
    അല്ലാഹുവും അവന്‍റെ റസൂല്‍ صلى الله عليه وسلم യും നിഷിദ്ധമാക്കിയ നാല് കാര്യങ്ങളാണ് മദ്യം, ശവം, പന്നി, വിഗ്രഹങ്ങള്‍ എന്നിവ വില്‍ക്കല്‍. ഇവ വില്‍ക്കാനും വാങ്ങാനും പാടുള്ളതല്ല. 
  • മദ്യം മനുഷ്യന്‍റെ ബുദ്ധിയെ നശിപ്പിക്കുന്ന ലഹരിയാണ്. 
  • ശവം എന്ന് പറയുന്നത് മത പരമായ ബലി നടപ്പിലാവാതെ സ്വയം ജീവന്‍ നഷ്ടപ്പെട്ടതാണ്. 
  • പന്നി അറിയപ്പെടുന്നത് വൃത്തികെട്ട ജീവിയായിട്ടാണ്. അതിന്‍റെ മാംസത്തില്‍ സൂക്ഷ്മമായിട്ടുള്ള പുഴുക്കള്‍ ഉണ്ടായിരിക്കും.
  • വിഗ്രഹങ്ങള്‍ അല്ലാഹുവിന് പുറമേ ആരാധിക്കാന്‍ മനുഷ്യര്‍ ഉണ്ടാക്കുന്ന വസ്തുക്കളാണ്. 
    ഈ നാലും വില്‍ക്കാനും വാങ്ങാനും പാടില്ല. 

    ശവത്തിന്‍റെ കൊഴുപ്പ് അല്ലെങ്കില്‍ നെയ്യിനെ കുറിച്ച് സ്വഹാബികള്‍ സംശയം ചോദിച്ചു. കാരണം അത് കപ്പലിന് കേടുകള്‍ വരാതിരിക്കാന്‍ പുരട്ടിയും, തോലുകളില്‍ പുരട്ടുന്ന എണ്ണയായും,, വിളക്കിന് ഇന്ധനമായും ആളുകള്‍ ഉപയോഗിക്കുമായിരുന്നു. 
    അത് അങ്ങനെയും ഉപയോഗിക്കാന്‍ പാടില്ലെന്നും അവ നിഷിദ്ധമാണ് എന്നുമാണ് റസൂല്‍ صلى الله عليه وسلم മറുപടി നല്‍കിയത്. 
    قَاتَلَ اللَّهُ الْيَهُودَ എന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം അല്ലാഹു അവരെ ശപിക്കട്ടെ എന്നും അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിന്ന് അവരെ അകറ്റട്ടെ എന്നുമാണ്. കാരണം അവര്‍ എന്നും അല്ലാഹുവിനോട് ശത്രുത പുലര്‍ത്തുന്നവരും നബിമാരെ വധിച്ചു കളയുന്നവരും  ധിക്കാരികളുമായിരുന്നു. ശവത്തിന്‍റെ കൊഴുപ്പ് അവര്‍ക്ക് നിഷിദ്ധമാക്കിയപ്പോള്‍ അവര്‍ അത് ഉരുക്കി അതിനെ വില്‍ക്കുകയും അതിന്‍റെ പണം ഭക്ഷിക്കുകയും ചെയ്തു. ശവത്തിന്‍റെ കൊഴുപ്പ് തിന്നുന്നതില്‍ നിന്ന് അല്ലാഹു അവരെ വിലക്കിയത് വിശുദ്ധ ക്വുര്‍ആനില്‍ കാണാം, അല്ലാഹു പറയുന്നു: 
﴿ وَعَلَى الَّذِينَ هَادُوا حَرَّمْنَا كُلَّ ذِي ظُفُرٍ وَمِنَ الْبَقَرِ وَالْغَنَمِ حَرَّمْنَا عَلَيْهِمْ شُحُومَهُمَا إِلَّا مَا حَمَلَتْ ظُهُورُهُمَا أَوِ الْحَوَايَا أَوْ مَا اخْتَلَطَ بِعَظْمٍ ﴾ [الأنعام: 146].
''നഖമുള്ള എല്ലാ ജീവികളെയും ജൂതൻമാർക്ക് നാം നിഷിദ്ധമാക്കുകയുണ്ടായി. പശു, ആട് എന്നീ വർഗങ്ങളിൽ നിന്ന് അവയുടെ കൊഴുപ്പുകളും നാം അവർക്ക് നിഷിദ്ധമാക്കി. അവയുടെ മുതുകിൻ മേലോ കുടലുകൾക്ക് മീതെയോ ഉള്ളതോ, എല്ലുമായി ഒട്ടിച്ചേർന്നതോ ഒഴികെ. അവരുടെ ധിക്കാരത്തിന്ന് നാമവർക്ക് നൽകിയ പ്രതിഫലമത്രെ അത്. തീർച്ചയായും നാം സത്യം പറയുകയാകുന്നു''. (അന്‍ആം 146)
    
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- മദ്യം, ശവം, പന്നി, വിഗ്രഹങ്ങള്‍ എന്നിവ വില്‍ക്കാന്‍ പാടില്ല. വാങ്ങുന്നത് മുസ്‌ലിം അല്ലാത്തവനാണെങ്കിലും ഇവ വില്‍ക്കാനും അതിന്‍റെ പണം ഉപയോഗിക്കാനും പാടില്ലാത്തതാണ്. 
2- ഭക്ഷിക്കുന്ന ഒരു സാധനം അല്ലാഹു നിഷിദ്ധമാക്കിയാല്‍ അതിന്‍റെ വിലയും ആ നിഷിദ്ധത്തില്‍ ഉള്‍പ്പെടും.
3- മദ്യവും ഇതില്‍ പറയപ്പെട്ടവയും വില്‍ക്കാനും അവ കച്ചവട സാധനങ്ങളില്‍ ഉള്‍പ്പെടുത്താനും ഒരു മുസ്‌ലിമിന് പാടുള്ളതല്ല. 
4- നിഷിദ്ധമായ ഒരു സാധനം ഉപയോഗിക്കാന്‍ വേണ്ടി അതില്‍ ചെയ്യുന്ന ക്രയവിക്രയങ്ങള്‍ തെറ്റായതും ഹറാം ആയതുമാണ്. ശവത്തിന്‍റെ നെയ്യ് ഭക്ഷിക്കരുതെന്ന് പറഞ്ഞപ്പോള്‍ അതിനെ ഉരുക്കി രൂപമാറ്റം വരുത്തി ഉപയോഗിക്കുന്ന അവസ്ഥ യഹൂദികള്‍ കാണിച്ച പോലെ അത് പാടില്ലാത്തതാണ്. 

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...