عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي
الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
നിയ്യത്ത് നന്നാക്കുക
1 - عَنْ عُمَرَ بْنِ الْخَطَّابِ - رضي الله
عنه - قَالَ: سَمِعْتُ رَسُولَ اللَّهِ - صلى الله عليه وسلم - يَقُولُ: ((إنَّمَا
الأَعْمَالُ بِالنِّيَّاتِ - وَفِي رِوَايَةٍ: بِالنِّيَّةِ - وَإِنَّمَا لِكُلِّ
امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إلَى اللَّهِ وَرَسُولِهِ ،
فَهِجْرَتُهُ إلَى اللَّهِ وَرَسُولِهِ ، وَمَنْ كَانَتْ هِجْرَتُهُ إلَى دُنْيَا
يُصِيبُهَا أَوْ امْرَأَةٍ يَتَزَوَّجُهَا ، فَهِجْرَتُهُ إلَى مَا هَاجَرَ
إلَيْهِ)) .
النيةُ: القصدُ والعزمُ على الشيء.
ഉമറു ബ്നുല്‍ ഖത്താബ് رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു. കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്നത് ഉദ്ദേശങ്ങള്‍ക്കനുസരിച്ചാണ്. (മറ്റൊരു റിപ്പോര്‍ട്ടില്‍ النِّيَّةِ (ഉദ്ദേശം) അനുസരിച്ചാണ് എന്നാണ് ഉള്ളത്) ഓരോരുത്തര്‍ക്കും അവനവന്‍ ഉദ്ദേശിച്ചത് ഉണ്ട്. ആരുടെയെങ്കിലും ഹിജ്റ അല്ലാഹുവിലേക്കും അവന്‍റെ റസൂലിലേക്കും (ലക്ഷ്യം വെച്ചുള്ളത്) ആണെങ്കില്‍ അവന്‍റെ ഹിജ്റ അല്ലാഹുവിലേക്കും അവന്‍റെ റസൂലിലേക്കുമാകുന്നു. ഇനി ആരുടെയെങ്കിലും ഹിജ്റ ദുന്‍യാവിന് വേണ്ടി അത് ആസ്വദിക്കാനോ അല്ലെങ്കില്‍ വിവാഹം കഴിക്കാനോ ആണെങ്കില്‍ അപ്പോള്‍ അവന്‍റെ ഹിജ്റ അവന് ഏതൊന്നിനാണോ ഹിജ്റ പോയത് അതിനുള്ളതാണ്.
അര്‍ഥങ്ങള്‍
إنما الأعمال بالنيات പ്രവൃത്തികൾ നല്ലതും അല്ലാഹുവിന്‍റെ അടുക്കല്‍ സ്വീകരിക്കപ്പെടുന്നതു മാകുന്നത് ശുദ്ധമായ നിയ്യത്തുകൾ കൊണ്ടു മാത്രമാണ്.
وإنما لكل امرئ ما نوى ഓരോരുത്തര്‍ക്കും അവനവന്‍ ഉദ്ദേശിച്ചതിനനുസരിച്ച് മാത്രമേ പ്രതിഫലങ്ങള്‍ ലഭിക്കുകയുള്ളൂ.
الهجرة സത്യനിഷേധം ശക്തമായ നാട്ടില്‍ നിന്നും ഇസ്‌ലാമിന്‍റെ നാട്ടിലേക്കുള്ള പലായനമാണ് ഹിജ്റ.
വിവരണം
ഇത് മഹത്തരമായ ഒരു ഹദീസ് ആണ്. അതിനാല്‍ പണ്ഡിതന്‍മാര്‍ അവരുടെ ഗ്രന്ഥങ്ങള്‍ രചിക്കുമ്പോള്‍ ആദ്യം ഈ ഹദീസ് നല്‍കിയിരുന്നു. നല്ല ഉദ്ദേശങ്ങള്‍ ആയിരിക്കണം ഓരോ കാര്യങ്ങള്‍ തുടങ്ങുമ്പോഴും എന്ന സന്ദേശമാണ് അതിലൂടെ അവര്‍ നല്‍കുന്നത്.
ഈ ഹദീസ് വിജ്ഞാനത്തിന്‍റെ മൂന്നിലൊന്ന് ഭാഗമാണ് എന്നും ഫിഖ്ഹിന്‍റെ എഴുപത് അധ്യായങ്ങളില്‍ ഈ ഹദീസ് കടക്കുന്നു എന്നും ഇമാം ശാഫിഈ رحمه الله പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇമാം അഹ്മദ് رحمه الله പറഞ്ഞു: ഇസ്‌ലാമിന്‍റെ അടിത്തറകള്‍ മൂന്ന് ഹദീസുകളിലായി വലയം ചെയ്യുന്നു. അവ:
ഒന്ന്: ഉമര്‍ വിന്‍റെ ഹദീസ് ആയ (إنما الأعمال بالنيات) "ഉദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് കര്‍മങ്ങള്‍ സീകരിക്കപ്പെടുക'.
രണ്ട്: ആഇശ യുടെ ഹദീസ് (من أحدث في أمرنا هذا ما ليس منه فهو رد) 'നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) ആരെങ്കിലും പുതിയതായി വല്ലതും ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടുന്നതാണ്'.
മൂന്ന്: നുഅ'മാനു ബാനു ബഷീര്‍ വിന്‍റെ ഹദീസ് (الحلال بيّن والحرام بيّن) 'ഹലാല്‍ വ്യക്തമാണ്, ഹറാമും വ്യക്തമാണ്'.
ഇമാം സുഫ്യാനുസൗരി رحمه الله പറഞ്ഞു: ഞാന്‍ എന്‍റെ മേല്‍ നിയ്യത്തിനെ ചികിത്സിച്ചതിനേക്കാള്‍ കഠിനമായി മറ്റൊന്നിനെയും ചികിത്സിച്ചിട്ടില്ല. കാരണം അത് എന്നില്‍ മാറിമറിഞ്ഞു കൊണ്ടിരുന്നു.
ഉദ്ദേശം, മനസ്സില്‍ വിചാരിക്കല്‍ എന്നിവയാണ് നിയ്യത്ത് എന്നതിന്‍റെ വിവക്ഷ.
ഓരോ കര്‍മങ്ങള്‍ ചെയ്യുമ്പോഴും അത് മനസ്സില്‍ കരുതണം. നല്ല ഉദ്ദേശത്തോടെ അത് ചെയ്യാനും സാധിക്കണം.
നിയ്യത്തിന്‍റെ ഫലങ്ങള്‍
ഒന്ന്: ഓരോ ആരാധനാ കര്‍മങ്ങള്‍ മറ്റു കര്‍മങ്ങളില്‍ നിന്ന് വേര്‍തിരിക്കല്‍.
ഉദാഹരണം: ദുഹ്ര്‍ നമസ്കാരം അസ്വര്‍ നമസ്കാരത്തില്‍ നിന്ന് വേര്‍തിരിക്കല്‍, ഫര്‍ദ് നമസ്കാരം സുന്നത്ത് നമസ്കാരത്തില്‍ നിന്ന് വേര്‍തിരിക്കല്‍ പോലെയുള്ളത്.
രണ്ട്: ഇതര ആചാരങ്ങളില്‍ നിന്ന് ആരാധനയെ വേര്‍തിരിക്കല്‍.
ഉദാഹരണം: സാധാരണ കുളിയില്‍ നിന്ന് ജനാബത്ത് കുളി വേര്‍തിരിക്കല്‍ പോലെയുള്ളത്.
മതപരമായി ചെയ്യുന്നവ ആചാരങ്ങള്‍ ചെയ്യുന്ന പോലെ ചെയ്‌താല്‍ പോരാ. അവ കൃത്യമായ അടുക്കും ചിട്ടയോടും കൂടി ചെയ്യണം. അപ്പോള്‍ മാത്രമേ അത് സ്വീകരിക്കപ്പെടൂ..
നല്ല നിയ്യത്ത് കൊണ്ട് ആചാരങ്ങള്‍ ആരാധനകളും ചീത്ത നിയ്യത്ത് കൊണ്ട് ആരാധനകള്‍ ആചാരങ്ങളും ആയി മാറും എന്ന് പറയപ്പെട്ടത് ശ്രദ്ധേയമാണ്.
بصلاح النيّات تُصبح العادات عبادات
وبفساد النيّات تُصبح العبادات عادات
തിന്നല്‍, കുടിക്കല്‍, ഉറങ്ങല്‍ പോലെയുള്ള കാര്യങ്ങള്‍ സാധാരണ ചെയ്യുന്നവയാണ്, എന്നാല്‍ അവ നല്ല നിയ്യത്തോടെ ചെയ്‌താല്‍ അവ ആരാധനയാകുന്നു.
ഇനി നമസ്കാരം, നോമ്പ് പോലെയുള്ള ആരാധനാ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവയില്‍ നിയ്യത്ത് മോശമായാല്‍ അത് മുഖേന അവ ഉപകാരമില്ലാത്ത വെറും കര്‍മങ്ങള്‍ മാത്രമായി മാറുന്നു.
ശരിയായ നിയ്യത്ത് സംഭവിക്കുന്നതിന്‍റെ മാനദണ്ഡം:
ഇബ്നുല്‍ മുലക്വിന്‍ رحمه الله പറയുന്നു: "ഒരു പ്രവൃത്തി ചെയ്തതില്‍ ശരീഅത്തിന്‍റെ ആജ്ഞ അനുസരിക്കലും, അല്ലെങ്കിൽ ഒരു കാര്യം ഒഴിവാക്കുമ്പോള്‍ അതിലുള്ള വിലക്കിനെ അനുസരിക്കലും ആണ് ഉദ്ദേശ്യമെങ്കിൽ, ആ നിലക്ക് നിയ്യത്ത് സാധുവാകുന്നു, അതിന് പ്രതിഫലം ലഭിക്കും. എന്നാൽ ഈ ഉദ്ദേശം ഇല്ലെങ്കിൽ പ്രതിഫലവും ലഭിക്കില്ല".
മതപരമായ കാര്യങ്ങള്‍ക്ക് പ്രതിഫലം ലഭിക്കാന്‍ നിയ്യത്ത് അത്യന്താപേക്ഷിതമാണെന്ന് നമുക്ക് മനസ്സിലായി. അപ്പോള്‍ നല്ല നിയ്യത്തോടെ ആര് എന്ത് ചെയ്താലും അവ സ്വീകരിക്കപ്പെടുന്നു. എന്നാല്‍ കര്‍മങ്ങളില്‍ നല്ല നിയ്യത്ത് ഇല്ലെങ്കില്‍ എത്ര വലിയ കര്‍മമായാലും അത് സ്വീകരിക്കപ്പെടില്ല എന്നാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്.
ഇസ്‌ലാമില്‍ വളരെ പ്രതിഫലം ലഭിക്കുന്ന കാര്യമാണ് ഹിജ്റ. അത് ചെയ്യുമ്പോള്‍ ഭൗതിക ലക്ഷ്യങ്ങള്‍ കടന്ന് വന്നാല്‍ അത് ഹിജ്റയുടെ കണക്കില്‍ പെടില്ല എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത്.
ഹിജ്റ പലവിധമുണ്ട്:
കുഫ്‌റിന്‍റെ ദേശത്ത് നിന്ന് ഇസ്‌ലാമിന്‍റെ ദേശത്തേക്കുള്ള ഹിജ്‌റ.
ബിദ്‌അത്തിന്റെ ദേശത്ത് നിന്ന് സുന്നത്തിന്‍റെ ദേശത്തേക്കുള്ള ഹിജ്‌റ.
പാപത്തിന്‍റെ ദേശത്തിൽ നിന്ന് നന്മയുടെ ദേശത്തേക്കുള്ള ഹിജ്‌റ.
അല്ലാഹു നിരോധിച്ച കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കലും ഇതില്‍ ഉള്‍പ്പെടുന്നു.
കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ ലോകമാന്യതക്ക് വേണ്ടിയാണ് ചെയ്തതെങ്കില്‍ അതിന്‍റെ തോതനുസരിച്ച് അത് ചെയ്തയാള്‍ ശിക്ഷാര്‍ഹാനാകും.
ലോകമാന്യം ചേർന്ന് വരുന്ന പ്രവർത്തി കര്‍മങ്ങളുടെ സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ പല വിഭാഗങ്ങളിലായി വിഭജിക്കപ്പെടുന്നു:
-
പ്രവൃത്തിയുടെ തുടക്കത്തിൽ തന്നെ ലോകമാന്യം ചേർന്നാൽ, ആ പ്രവൃത്തി മുഴുവനായും നശിക്കുന്നു (പ്രതിഫലം ലഭിക്കില്ല).
-
പ്രവൃത്തി നടക്കുന്നതിനിടെ ലോകമാന്യം കടന്നുവന്നാൽ, അതിനെ പ്രതിരോധിച്ചാൽ അതിൽ നാശം സംഭവിക്കില്ല.
എന്നാൽ ലോകമാന്യത്തെ പ്രതിരോധിച്ചില്ലെങ്കിൽ, അവന് രണ്ടു അവസ്ഥകൾ ഉണ്ട്:
-
പ്രവൃത്തി വിഭജിക്കാവുന്നതാണ് എങ്കില്‍ (ഉദാ: സദഖപോലെയുള്ളത്), അതിൽ ലോകമാന്യം ചേർന്ന ഭാഗം മാത്രമേ നശിക്കുകയുള്ളൂ. ലോകമാന്യം ബാധിക്കാത്ത ഭാഗം കുഴപ്പമില്ലാതെ നിലനില്‍ക്കും.
-
പ്രവൃത്തി വിഭജിക്കാനാകാത്തതാണ് എങ്കില്‍ (ഉദാ: നമസ്‌കാരം പോലെയുള്ളത്), അവയില്‍ ലോകമാന്യം പടർന്നാൽ, അത് മുഴുവനായും നശിക്കും, കാരണം അവന്‍ ലോകമാന്യത്തെ പ്രതിരോധിച്ചില്ല.
നിയ്യത്ത് ആണ് പ്രവൃത്തികളുടെ സംശുദ്ധതയുടെ അടിസ്ഥാനം. അതില്‍ മറ്റെന്തും കലരാന്‍ പാടില്ല. ഓരോ കര്‍മങ്ങളും പ്രതിഫലേച്ഛയോടെയാണ് ചെയ്യേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ കര്‍മങ്ങള്‍ നന്നാക്കാന്‍ അത് കാരണമാകും.
No comments:
Post a Comment