ഫോളോ ചെയ്യാം

Saturday, 5 July 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 260 دروس الحديث - അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക

 

الأربعون النووية-حديث: 49


അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക

عَنْ عُمَرَ بْنِ الْخَطَّابِ رضي الله عنه  عن النبي صلى الله عليه وسلم  قَالَ: "لَوْ أَنَّكُمْْ تَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرَزَقَكُمْ كَمَا يَرْزَقُ الطَّيْرَ تَغْدُو خِمَاصًا وَتَرُوحُ بِطَانًا".

رَوَاهُ أَحْمَدُ [رقم: 1 0 و52]، وَالتِّرْمِذِيُّ [رقم:2344]، وَالنَّسَائِيُّ فِي "الْكُبْرَى" كَمَا فِي "التُّحْفَة: [رقم: 8/79]، وَابْنُ مَاجَهْ [رقم: 4164]، وَصَحَّحَهُ ابْنُ حِبَّانَ (730)، وَالْحَاكِمُ 418، وَقَالَ التِّرْمِذِيُّ: حَسَنٌ صَحِيحٌ.

ഉമറുബ്നുല്‍ ഖത്താബ് رضي الله عنه നിവേദനം. നബി  صلى الله عليه وسلم പറഞ്ഞു: നിശ്ചയം നിങ്ങള്‍ അല്ലാഹുവില്‍ ശരിയാം വിധം ഭരമേല്‍പ്പിക്കുന്നു എങ്കില്‍ പക്ഷിക്ക് ഉപജീവനം നല്‍കുന്നത് പോലെ നിങ്ങള്‍ക്കും അല്ലാഹു വിഭവം നല്‍കും. (പക്ഷി) രാവിലെ വയറൊട്ടിയ വിധം പോവുകയും വൈകുന്നേരം വയര്‍ നിറഞ്ഞതായി അത് മടങ്ങുകയും ചെയ്യുന്നു.

വിവരണം

  സൃഷ്ടികളുടെ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കണം എന്ന പാഠം ഈ ഹദീസ് നല്‍കുന്നു. തവക്കുല്‍ എന്നത് ഭൗതികമായും പാരത്രികമായും ഉള്ള നന്മകള്‍ നേടിത്തരുന്ന വിഷയമാണ്.  അല്ലാഹുവില്‍ തവക്കുല്‍ ചെയ്യല്‍ സൗഭാഗ്യത്തിലേക്കുള്ള മാര്‍ഗ്ഗമാണ് എന്ന് നാം മനസ്സിലാക്കണം. 
    ഐഹികവും പാരത്രികവുമായ എല്ലാ കാര്യങ്ങളിലും നന്‍മ നല്‍കലും തിന്‍മ തടുക്കലും ചെയ്യുന്നത് അല്ലാഹു മാത്രമാണ് എന്ന ഹൃദയത്തിന്‍റെ വിശ്വാസവും അതില്‍ സത്യസന്ധമായി മനസ്സ് അവലംബിക്കലുമാണ് തവക്കുല്‍. ഏതൊരു നന്‍മയും തിന്മയും അല്ലാഹുവിന്‍റെ ഉദ്ദേശ പ്രകാരം മാത്രമേ നടക്കൂ. മറ്റൊരാള്‍ക്കും അതില്‍ യാതൊരു ഇടപെടലുമില്ല.
    ഒരു മയ്യിത്ത് അതിനെ കുളിപ്പിക്കുന്നവന്‍റെ മുമ്പില്‍ കീഴൊതുങ്ങുന്ന പോലെ അല്ലാഹുവിന്‍റെ മുമ്പില്‍ മനുഷ്യ ഹൃദയം കീഴടങ്ങുന്നതാണ് തവക്കുല്‍ എന്നും പറയപ്പെട്ടിട്ടുണ്ട്, മയ്യിത്ത് കുളിപ്പിക്കുന്നവന്‍ ഉദ്ദേശിക്കുന്ന പോലെ മയ്യിത്തിനെ തിരിച്ചും മറിച്ചും കിടത്തും. 

    തവക്കുല്‍ എന്നത് ഈമാനിന്‍റെ സംഗമം ആണ് എന്ന് സഈദ് ബ്നു ജുബൈര്‍ رحمه الله പറഞ്ഞിട്ടുണ്ട്. വിശ്വാസികളോട് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കാന്‍ അല്ലാഹു കല്‍പച്ചിട്ടുണ്ട്. 
അല്ലാഹു പറയുന്നു:
 وَعَلَى اللَّهِ فَتَوَكَّلُوا إِنْ كُنْتُمْ مُؤْمِنِينَ ﴾ [المائدة: 23]﴿

(നിങ്ങൾ വിശ്വാസികളാണെങ്കിൽ അല്ലാഹുവിൽ നിങ്ങൾ ഭരമേൽപിക്കുക).

    തവക്കുലുമായി ബന്ധപ്പെട്ട് നിരവധി ആയത്തുകള്‍ വിശുദ്ധ ക്വുര്‍ആനില്‍ കാണാം. അവയില്‍ ചിലത് ശ്രദ്ധിക്കൂ. 
അല്ലാഹു പറയുന്നു: 
﴿ فَاعْبُدْهُ وَتَوَكَّلْ عَلَيْهِ ﴾ [هود: 123]
(ആകയാൽ നീ അവനെ ആരാധിക്കുകയും, അവന്‍റെ മേൽ ഭരമേൽപിക്കുകയും ചെയ്യുക).

﴿ فَإِنْ تَوَلَّوْا فَقُلْ حَسْبِيَ اللَّهُ لَا إِلَهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ ﴾ [التوبة: 129].
(എന്നാൽ അവർ തിരിഞ്ഞുകളയുന്ന പക്ഷം (നബിയേ,) നീ പറയുക: എനിക്ക് അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്റെ മേലാണ് ഞാൻ ഭരമേൽപിച്ചിരിക്കുന്നത്. അവനാണ് മഹത്തായ സിംഹാസനത്തിന്റെ നാഥൻ).

﴿ وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا * وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ﴾ [الطلاق: 2، 3].
(അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, *  അവൻ കണക്കാക്കാത്ത വിധത്തിൽ അവന്ന് ഉപജീവനം നൽകുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവിൽ ഭരമേൽപിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്).

﴿ إِنْ يَنْصُرْكُمُ اللَّهُ فَلَا غَالِبَ لَكُمْ وَإِنْ يَخْذُلْكُمْ فَمَنْ ذَا الَّذِي يَنْصُرُكُمْ مِنْ بَعْدِهِ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ ﴾ [آل عمران: 160].
(നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോൽപിക്കാനാരുമില്ല. അവൻ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവന്നു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്? അതിനാൽ സത്യവിശ്വാസികൾ അല്ലാഹുവിൽ ഭരമേൽപിക്കട്ടെ).

﴿ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ ﴾ [آل عمران: 159]
(അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാൽ അല്ലാഹുവിൽ ഭരമേൽപിക്കുക. തന്നിൽ ഭരമേൽപിക്കുന്നവരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്).

തവക്കുലിന്‍റെ ശ്രേഷ്ടതകള്‍
1- തവക്കുല്‍ ചെയ്യുന്നവന് അല്ലാഹു നല്ല ഉപജീവന മാര്‍ഗ്ഗം നല്‍കും.
2- തവക്കുല്‍ ചെയ്യുന്നവന് അല്ലാഹു മതിയായവനാണ്.
3- അല്ലാഹുവില്‍ തവക്കുല്‍ ചെയ്‌താല്‍ ഏത് കഠിന പ്രയാസത്തില്‍ നിന്നും അല്ലാഹു അവനെ രക്ഷപ്പെടുത്തും.
4- തവക്കുല്‍ ചെയ്യുന്നവര്‍ക്ക് പിശാചില്‍ നിന്ന് രക്ഷപ്പെടാനാകും.
5- തവക്കുല്‍ ദുശ്ശകുനങ്ങളെ ഇല്ലാതാക്കും.
6- തവക്കുല്‍ ചെയ്യുന്നവര്‍ക്ക്  വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കും.
7- തവക്കുല്‍ അന്തസ്സിന്‍റെ മാര്‍ഗ്ഗമാണ്.
8- തവക്കുല്‍ ചെയ്യുന്നവരെ അല്ലാഹുവിന് ഇഷ്ടമാണ്.
9- തവക്കുല്‍ ഈമാനിന്‍റെ അടയാളമാണ്.
10- തവക്കുല്‍ കൊണ്ട് മനപ്രയാസങ്ങള്‍ നീങ്ങുകയും ദുഃഖങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യും. 

ആമിറു ബ്നു ക്വൈസ് رحمه الله പറഞ്ഞു: അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ നിന്നുള്ള മൂന്ന് ആയത്തുകള്‍ മുഴുവന്‍ സൃഷ്ടികള്‍ക്കും മതിയായതാണ്. അവ:
ഒന്ന്:

﴿ وَإِنْ يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ وَإِنْ يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ﴾ [يونس: 107]

(നിനക്ക് അല്ലാഹു വല്ല ദോഷവും ഏൽപിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്‍റെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാളുമില്ല. തന്റെ ദാസൻമാരിൽ നിന്ന് താൻ ഇച്ഛിക്കുന്നവർക്ക് അത് (അനുഗ്രഹം) അവൻ അനുഭവിപ്പിക്കുന്നു. അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ).

രണ്ട്:

﴿ مَا يَفْتَحِ اللَّهُ لِلنَّاسِ مِنْ رَحْمَةٍ فَلَا مُمْسِكَ لَهَا وَمَا يُمْسِكْ فَلَا مُرْسِلَ لَهُ مِنْ بَعْدِهِ وَهُوَ الْعَزِيزُ الْحَكِيمُ ﴾ [فاطر: 2]

(അല്ലാഹു മനുഷ്യർക്ക് വല്ല കാരുണ്യവും തുറന്നുകൊടുക്കുന്ന പക്ഷം അത് പിടിച്ച് വെക്കാനാരുമില്ല. അവൻ വല്ലതും പിടിച്ച് വെക്കുന്ന പക്ഷം അതിന് ശേഷം അത് വിട്ടുകൊടുക്കാനും ആരുമില്ല. അവനത്രെ പ്രതാപിയും യുക്തിമാനും).

മൂന്ന്:

﴿ وَمَا مِنْ دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا كُلٌّ فِي كِتَابٍ مُبِينٍ ﴾ [هود: 6].

(ഭൂമിയിൽ യാതൊരു ജന്തുവും അതിന്‍റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവൻ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്).

    തവക്കുല്‍ ചെയ്യുമ്പോള്‍ ഭൗതികമായി നാം ചെയ്യേണ്ട കാരണങ്ങള്‍ നാം ചെയ്തിരിക്കണം. അപ്പോഴാണ്‌ തവക്കുല്‍ ചെയ്യുന്നത് കൊണ്ടുള്ള ഫലം ഉണ്ടാവൂ. 

തവക്കുലും തവാക്കുലും 
    തവക്കുല്‍ എന്നാല്‍ ഇസ്‌ലാം പഠിപ്പിച്ച വിധം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കലാണ്. അതിന് നാം ചെയ്യേണ്ട കാര്യങ്ങള്‍ നാം ചെയ്യണം. ഒട്ടകത്തിനെ കെട്ടിയിടുക, എന്നിട്ട ഭരമേല്‍പ്പിക്കുക എന്നാണ് ഇസ്‌ലാമിന്‍റെ അധ്യാപനം. ഒട്ടകത്തെ കെട്ടിയിടാതെ ഭരമേല്‍പിച്ചാല്‍ അത് കൊണ്ട് കാര്യമില്ല. നമുക്ക് ചെയ്യാന്‍ സാധിക്കുന്നവ നാം ചെയ്യണം. എന്നിട്ട് ഭരമേല്‍പ്പിക്കുകയാണ് വേണ്ടത്. 
    തവാക്കുല്‍ എന്നാല്‍ നാം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ കാര്യങ്ങള്‍ എല്ലാം ആല്ലാഹുവില്‍ ഭരമേല്‍പ്പിക്കലാണ്. ഇത് കൊണ്ട് ഫലം ഉണ്ടാവുകയില്ല. അത് ചെയ്യുന്നയാള്‍ കുറ്റക്കാരനാവുകയും ചെയ്യും.

    തവക്കുല്‍ ആരാധനയാണ്. അത് അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അല്ലാഹു അല്ലാത്തവരില്‍ ആരെങ്കിലും കാര്യങ്ങള്‍ ഭരമേല്‍പ്പിച്ചാല്‍ അത് ശിര്‍ക്കാകുന്നു.  


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...