الأربعون النووية-حديث: 47
ആവശ്യത്തിന് ഭക്ഷണം കഴിക്കുക.. അമിതമാക്കരുത്
عَنْ الْمِقْدَامِ بْنِ
مَعْدِيَكْرِبَ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: "مَا مَلَأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنٍ، بِحَسْبِ ابْنِ
آدَمَ أُكُلَاتٌ يُقِمْنَ صُلْبَهُ، فَإِنْ كَانَ لَا مَحَالَةَ، فَثُلُثٌ
لِطَعَامِهِ، وَثُلُثٌ لِشَرَابِهِ، وَثُلُثٌ لِنَفَسِهِ" .
رَوَاهُ
أَحْمَدُ [رقم:
4/132]، والتِّرْمِذِيُّ [رقم:
2380]، وابْنُ مَاجَهْ [رقم:
3349]، وَقَالَ التِّرْمِذِيُّ:
حَدِيثٌ حَسَنٌ .
മിഖ്ദാദു ബ്നു മഅ'ദീകരിബ് പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു: വയറിനേക്കാള്‍ മോശമായ ഒരു പാത്രവും ഒരു മനുഷ്യനും നിറക്കില്ല. ആദം സന്തതിക്ക് തന്‍റെ മുതുകിനെ നേരെയാക്കാന്‍ ആവശ്യമായ ഉരുളകള്‍ മതിയായതാണ്. അത് പോരെങ്കില്‍ (വയറിന്‍റെ) മൂന്നില്‍ ഒരു ഭാഗം ഭക്ഷണത്തിനും, മൂന്നിലൊരു ഭാഗം വെള്ളത്തിനും, മൂന്നിലൊരു ഭാഗം അവന്‍റെ ശ്വസനത്തിനും (ആവാം).
വിവരണം
- തന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്. അവന്‍ തന്‍റെ വയറിനെ സൂക്ഷിക്കണം. അത് ഒരു പാത്രം പോലെയാണ് എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിച്ചിരിക്കുന്നത്. അതില്‍ നിറക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് അവന്‍ അറിയണം.
- തനിക്ക് നിവര്‍ന്ന് നില്‍ക്കാന്‍ ആവശ്യമായ ഭക്ഷണം ആണ് ഓരോരുത്തരും കഴിക്കേണ്ടത്.
- ഭക്ഷണം കുറക്കല്‍ ആരോഗ്യത്തിന് നല്ലതാണ് എന്നും അമിതമായി ഭക്ഷണം കഴിക്കല്‍ വിവിധ രോഗങ്ങള്‍ക്ക് ഹേതുവാണ് എന്നും റസൂല്‍ صلى الله عليه وسلم നമ്മെ പഠിപ്പിക്കുന്നു.
- ജീവിക്കാന്‍ ആവശ്യമായ കുറച്ച് ഉരുളകള്‍ മാത്രം ഒരാള്‍ക്ക് മതിയായതാണ്. അത് പോരെങ്കില്‍ വയറിന്‍റെ മൂന്നില്‍ ഒരു ഭാഗം ഭക്ഷണത്തിനും മൂന്നിലൊരു ഭാഗം വെള്ളത്തിനും മൂന്നിലൊരു ഭാഗം ശ്വാസത്തിനും എന്ന നിലക്ക് ആകാവുന്നതാണ്.
- ഇങ്ങനെ ഒരാള്‍ ഭക്ഷണ പാനീയങ്ങളെ ക്രമീകരിക്കുന്നവനായാല്‍ അലസതയും, ബുദ്ധിമുട്ടുകളും ഒന്നും ബാധിക്കുകയില്ല. മാത്രമല്ല അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ ചെയ്യാന്‍ അവന് പ്രയാസം ഉണ്ടാവുകയുമില്ല.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- ഭക്ഷണ പാനീയങ്ങള്‍ ലഘൂകരിച്ച് കഴിക്കല്‍ ആരോഗ്യത്തിന് നല്ലതാണ്. അമിതമായാല്‍ അത് മുഖേന വിവിധ രോഗങ്ങള്‍ ബാധിക്കാന്‍ കാരണമാകും.
2- ഭക്ഷണത്തിന്‍റെ ലക്ഷ്യം ആരോഗ്യം സംരക്ഷിക്കുക എന്നതാണ്. അതിന് വിരുദ്ധമായി വയറിനെ നിറച്ചാല്‍ ആരോഗ്യം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.
3- സ്ഥിരമായി വയര്‍ നിറച്ച് കഴിക്കുന്നതിനെ ഈ ഹദീസ് ആക്ഷേപിക്കുന്നു. എപ്പോഴെങ്കിലും വയര്‍ നിറച്ച് കഴിച്ചാല്‍ അത് പ്രശ്നമുള്ളതല്ല.
4- ഭക്ഷണം കഴിക്കല്‍ വിവിധ രൂപത്തിലുണ്ട്:
1- നിര്‍ബന്ധമായത്. തന്‍റെ ശരീരത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ഭക്ഷണം കഴിക്കല്‍ ആണത്. അതാണ് ഹദീസില്‍ ആദ്യം പറഞ്ഞത്, ആവശ്യമായ കുറച്ച് ഉരുളകള്‍ ആണ് നിര്‍ബന്ധമായിട്ടുള്ളത്.
2- അനുവദനീയമായത്: നിര്‍ബന്ധമായ അളവില്‍ കൂടുതല്‍ ആയിട്ടുള്ളതാണ് ഇത്. ഇത് മുഖേന ശരീരത്തിന് ദ്രോഹം ഉണ്ടാവുകയും അരുത്.
3- മക്റൂഹ് ആയത്. ഇത് അത്യാവശ്യമായ ഭക്ഷണത്തില്‍ അധികം കഴിച്ച് ശരീരത്തിന് ദോഷം ഉണ്ടാവുന്നതാണ്.
4- നിഷിദ്ധമായാത്: ചില ഭക്ഷണങ്ങള്‍ ശരീരത്തിന് ദോഷമുണ്ടാക്കും എന്ന് അറിയപ്പെട്ടവ. അങ്ങനെയുള്ളവ കഴിക്കല്‍ നിഷിദ്ധമാണ്. അത് പോലെ ശരീരത്തിന്‍റെ ആരോഗ്യം നഷ്ടപ്പെടുന്ന വിധത്തിലുള്ള അളവില്‍ ഭക്ഷണം കഴിക്കുന്നതും ഇതില്‍ പെടും.
5- മുസ്തഹബ്ബ് ആയത്: അഥവാ സുന്നത്തായ ഭക്ഷണം, അത് ആരാധനകള്‍ കൃത്യമായി ചെയ്യാന്‍ സഹായിക്കുന്ന വിധത്തിലുള്ള ലഘുവായിട്ടുള്ള ഭക്ഷണമാണ്.
5- ഭക്ഷണം കഴിക്കലിന്‍റെ വിവിധ ഘട്ടങ്ങള്‍:
1- ശരീരത്തിന് അത്യാവശ്യമായ വിധം ഏതാനും ഉരുളകള്‍ അഥവാ ലഘുവായ ഭക്ഷണം
2- വയറിന്‍റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും മൂന്നിലൊരു ഭാഗം വെള്ളത്തിനും മൂന്നിലൊരു ഭാഗം ശ്വസനത്തിനും എന്ന വിധത്തില്‍ കഴിക്കല്‍
3- വയര്‍ നിറച്ച് കഴിക്കല്‍
6- ഭക്ഷണം അമിതമായി കഴിക്കാനും അതില്‍ ധൂര്‍ത്ത് പാടില്ല എന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.
7-മതത്തിന്‍റെ കാര്യങ്ങള്‍ക്കൊപ്പം ഭൗതികമായ കാര്യങ്ങളും ഇസ്‌ലാം പരിഗണിക്കുന്നു.
8- ആരോഗ്യപരമായ ബോധവത്കരണവും വൈദ്യശാസ്ത്രപരമായ നിര്‍ദേശങ്ങളും ഇസ്‌ലാം നല്‍കുന്നു.
9- യുക്തമായ കാര്യങ്ങള്‍ ആണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നന്മകള്‍ കൊണ്ട് വരാനും തിന്‍മകളെ അകറ്റാനും ഇസ്‌ലാം പഠിപ്പിക്കുന്നു.
10- അമിതമായ ഭക്ഷണം ഒരാളില്‍ തിന്മകള്‍ക്കുള്ള പ്രേരണകള്‍ ഉണ്ടാക്കും.
No comments:
Post a Comment