عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
നായയുടെ ഉമിനീര്‍ നജസ് ആണ്
7 -
وَلَهُ فِي حَدِيثِ عَبْدِ اللَّهِ بْنِ مُغَفَّلٍ: أَنَّ رَسُولَ اللَّهِ - صلى
الله عليه وسلم - قَالَ: ((إذَا وَلَغَ الْكَلْبُ فِي الإِناءِ فَاغْسِلُوهُ
سَبْعاً وَعَفِّرُوهُ الثَّامِنَةَ بِالتُّرَابِ)) .
അബ്ദുല്ലാഹി ബ്നു മുഗഫ്ഫല്‍ رضي الله عنه വില്‍ നിന്ന് ഇമാം മുസ്‌ലിം رحمه الله റിപ്പോര്‍ട്ട് ചെയ്യുന്നു. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നായ പാത്രത്തില്‍ തലയിട്ടാല്‍ (നക്കിയാല്‍) അത് നിങ്ങള്‍ ഏഴ് തവണ കഴുകുക, അതില്‍ എട്ടാമതായി നിങ്ങള്‍ മണ്ണ് പുരട്ടി വൃത്തിയാക്കുക.
ولَغَ: شَرِبَ بطَرَفِ لسانِهِ
നാവിന്‍റെ അറ്റം കൊണ്ട് കുടിക്കുന്നതിനാണ് ولَغَ എന്ന് പറയുന്നത്
عَفِّروهُ: التعفيرُ: التمريغُ في العَفْرِ وهو الترابُ.
عَفِّروهُ എന്നാല്‍ മണ്ണ് പുരട്ടുക എന്നാണ്.
വിവരണം
നായകള്‍ പ്രത്യേകതകളുള്ള ജീവികളാണ്. അവയില്‍ ഉപകാരങ്ങളും അത് പോലെ ഉപദ്രവങ്ങളും ഉണ്ട്. ഈ കാര്യങ്ങളിലൊക്കെ എങ്ങനെ ഇടപെടണം എന്ന് മതം നമുക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്.
ആദ്യ കാലങ്ങളില്‍ നായകളെ കൊല്ലാന്‍ നബി صلى الله عليه وسلم കല്‍പിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് വിലക്കുകയാണുണ്ടായത്. ശേഷം വേട്ടക്കും, കൃഷിക്കും, നാല്‍ക്കാലികളെ സംരക്ഷിക്കാനും, കാവലിനും അവയെ ഉപയോഗിക്കാന്‍ ഇളവ് നല്‍കി.
നായ മനുഷ്യര്‍ ഉപയോഗിക്കുന്നതായ ഒരു പാത്രത്തില്‍ തലയിടുകയോ അതില്‍ നിന്ന് നക്കി കുടിക്കുകയോ അല്ലെങ്കില്‍ നായയുടെ ഉമിനീര്‍ പാത്രത്തിലാവുകയോ ചെയ്‌താല്‍ എന്താണ് ചെയ്യേണ്ടതെന്ന് റസൂല്‍ صلى الله عليه وسلم വ്യക്തമാക്കുകയുണ്ടായിട്ടുണ്ട്.
നായയുടെ ഉമിനീര്‍ അങ്ങേയറ്റം നജസ് ആണ് എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. ആയതിനാല്‍ തന്നെ നായ തലയിട്ട പാത്രം ഏഴ് പ്രാവശ്യം കഴുകിയാലേ വൃത്തിയാവൂ എന്നും എട്ടാമാതായി മണ്ണ് കൊണ്ട് ശുദ്ധിയാക്കണമെന്നും ഈ ഹദീസിലൂടെ റസൂല്‍ صلى الله عليه وسلم പറഞ്ഞിരിക്കുന്നു.
ഇമാം മുസ്‌ലിം رحمه الله തന്നെ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസില്‍ ഈ കാര്യം വന്നിട്ടുണ്ട്. അതില്‍ ഏഴ് പ്രാവശ്യം കഴുകണം എന്നാണ് പറഞ്ഞിരിക്കുന്നത്, അതില്‍ ഒന്നാമത്തെ പ്രാവശ്യം മണ്ണ് കൊണ്ടായിരിക്കണം എന്നും പറഞ്ഞിട്ടുണ്ട്.
മണ്ണ് കൊണ്ട് വൃത്തിയാക്കുന്നത് നായയുടെ ഉമിനീരിലെ അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് മണ്ണിന് ഉള്ളത് കൊണ്ടാണ്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- നായ പാത്രത്തില്‍ തലയിട്ടാല്‍ അത് നജസ് ഉള്ളതായി തീരും
2- ഈ ഹദീസ് നായയുടെ വായുമായി മാത്രം ബന്ധപ്പെട്ടതാണ്. നായയുടെ ബാക്കി ഭാഗങ്ങള്‍ക്ക് ഇത് ബാധകമല്ല.
3- മറ്റു ഹദീസുകളില്‍ വന്നത് പോലെ മണ്ണ് കൊണ്ട് ഒന്നാമത് വൃത്തിയാക്കുന്നതാണ് ഉത്തമം.
4- ഇതില്‍ പറയപ്പെട്ട കല്‍പന നിര്‍ബന്ധ കല്‍പനയാണ്. അഥവാ ഏഴ് പ്രാവശ്യം കഴുകണമെന്നും അതില്‍ ഒരു പ്രാവശ്യം മണ്ണ് കൊണ്ടാവണം എന്നുമുള്ള കല്‍പന.
5- എല്ലാ നായകളും ഈ ഹദീസിന്‍റെ പരിധിയില്‍ വരും.
6- മണ്ണിന് പകരമായി മറ്റു വസ്തുക്കള്‍ കൊണ്ട് വൃത്തിയാക്കാന്‍ പറ്റില്ല. കാരണം മണ്ണ് കൊണ്ട് കഴുകണം എന്നത് പ്രത്യേക കല്‍പനയാണ്.

No comments:
Post a Comment