ഫോളോ ചെയ്യാം

Monday, 9 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 233 دروس الحديث - സ്വര്‍ഗ്ഗപ്പ്രവേശനം സാധ്യമാക്കുന്ന കാര്യങ്ങള്‍

 

الأربعون النووية-حديث: 22


സ്വര്‍ഗ്ഗപ്രവേശനം 

സാധ്യമാക്കുന്ന കാര്യങ്ങള്‍

عَنْ أَبِي عَبْدِ اللَّهِ جَابِرِ بْنِ عَبْدِ اللَّهِ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُمَا: "أَنَّ رَجُلًا سَأَلَ رَسُولَ اللَّهِ صلى الله عليه وسلم فَقَالَ: أَرَأَيْت إذَا صَلَّيْت الْمَكْتُوبَاتِ، وَصُمْت رَمَضَانَ، وَأَحْلَلْت الْحَلَالَ، وَحَرَّمْت الْحَرَامَ، وَلَمْ أَزِدْ عَلَى ذَلِكَ شَيْئًا؛ أَأَدْخُلُ الْجَنَّةَ؟ قَالَ: نَعَمْ".

رَوَاهُ مُسْلِمٌ [رقم:15].  

അബൂ അബ്ദില്ല ജാബിറു ബ്നി അബ്ദില്ല അല്‍ അന്‍സ്വാരി رَضِيَ اللَّهُ عَنْهُمَا നിവേദനം. ഒരാള്‍ റസൂല്‍ صلى الله عليه وسلم ചോദിച്ചു: ഞാന്‍ നിര്‍ബന്ധ നമസ്കാരങ്ങള്‍ നമസ്കരിക്കുകയും, റമദാനില്‍ നോമ്പ് എടുക്കുകയും, ഹലാലിനെ ഹലാലായി കാണുകയും ഹറാമിനെ ഹറാമാക്കുകയും, അതില്‍ കൂടുതലായി ഒന്നും ചെയ്യാതിരിക്കുകയും ചെയ്‌താല്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമോ? റസൂല്‍ صلى الله عليه وسلم പറഞ്ഞു: അതെ.


വിവരണം

ഈ ഹദീസ് ഇസ്‌ലാമിന്‍റെ അടിസ്ഥാന കാര്യങ്ങളെയും ശാഖാ വിഷയങ്ങളെയും ഒരുമിപ്പിക്കുന്ന ഹദീസ് ആണെന്ന് ഇബ്നു ഹജറുല്‍ ഹൈതമി رحمه الله പറഞ്ഞിട്ടുണ്ട്. അഥവാ ഇസ്‌ലാമിന്‍റെ എല്ലാ പാഠങ്ങളും ഇതില്‍ സംഗമിക്കുന്നുണ്ട്. 

ഓരോ വിഷയങ്ങളെ കുറച്ച് ശരിക്ക് അറിയാനുള്ള സ്വഹാബിമാരുടെ ആവേശം ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്. സ്വര്‍ഗ്ഗത്തിലേക്ക് എത്താനുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കാന്‍ പരിശ്രമിക്കുക എന്നത് അവരുടെ ജീവിത ചര്യയായിരുന്നു. അതിന് വേണ്ട കാര്യങ്ങള്‍ അവര്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യാറുണ്ട് എന്ന് ഹദീസ് വ്യക്തമാക്കുന്നു. 

ഈ ജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യം സ്വര്‍ഗ്ഗം നേടലാണ്. അതിന് വേണ്ടി പണിയെടുക്കാന്‍ മനുഷ്യര്‍ ബാധ്യസ്ഥരുമാണ്. 

സ്വര്‍ഗ്ഗ പ്രവേശനത്തിന് അത്യാവശ്യമായ കാര്യമാണ് നിര്‍ബന്ധ നമസ്കാരങ്ങള്‍. അത് അതിന്‍റെ സമയത്ത് കൃത്യമായി നമസ്കരിക്കാന്‍ സാധിക്കണം. ഇസ്‌ലാമിലെ ഏറ്റവും വലിയതും മഹത്തരവുമായ കര്‍മമാണ് നമസ്കാരം.

റമദാനിലെ നോമ്പും പ്രധാനപ്പെട്ടതാണ്. നോമ്പിലൂടെ മനുഷ്യന്‍ ശുദ്ധനാകും. ജീവിതത്തില്‍ വന്ന് പോയ തിന്മകള്‍ എല്ലാം ഇല്ലാതാവുകയും ചെയ്യും. 

അനുവദനീയമായത് ചെയ്യലും നിഷിദ്ധമായവ ചെയ്യാതിരിക്കലും നല്ല ജീവിതത്തിന് അനിവാര്യമാണ്. അതിലൂടെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കപ്പെടുകയും പദവികള്‍ വര്‍ദ്ധിക്കുകയും ചെയ്യും. നല്ല സൂക്ഷ്മത ഉള്ളവര്‍ക്കേ ഇതിന് കഴിയുകയുള്ളൂ. 

മനുഷ്യരില്‍ കര്‍മങ്ങള്‍ കൊണ്ടും പദവികള്‍ കൊണ്ടും ഏറ്റക്കുറച്ചിലുകള്‍ ഉള്ളവരുണ്ടാകും. ചിലര്‍ ധാരാളം കര്‍മങ്ങള്‍ കൊണ്ട് ഏറ്റവും ഉന്നതമായ പദവികളില്‍ എത്തും. എന്നാല്‍ ചിലര്‍ അവരുടെ കര്‍മങ്ങളുടെ കുറവുകള്‍ കൊണ്ട് പദവികളില്‍ പിന്നിലാവുകയും ചെയ്യും. ഈ ഹദീസില്‍ സ്വര്‍ഗ്ഗ പ്രവേശനം സാധ്യമാകാനുള്ള കാര്യമാണ് അറിയിക്കുന്നത്. ഹദീസില്‍ പറയപ്പെട്ട കാര്യങ്ങള്‍ ചെയ്‌താല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിച്ചത്. എന്നാല്‍ സ്വര്‍ഗ്ഗത്തിലെ ഉന്നത പദവികള്‍ നേടാന്‍ ഇസ്‌ലാം പഠിപ്പിച്ച എല്ലാ കാര്യങ്ങളും ജീവിതത്തില്‍ നടപ്പിലാക്കണം. 

നിര്‍ബന്ധ കാര്യങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അതില്‍ വീഴ്ചകള്‍ വരുത്താന്‍ പാടില്ല. എന്നാല്‍ ഐഛീക കാര്യങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് ചെയ്യാം. നിര്‍ബന്ധ കാര്യങ്ങള്‍ക്കൊപ്പം ഐഛീക കാര്യങ്ങള്‍ കൂടി ചെയ്യലാണ് വലിയ പ്രതിഫലങ്ങള്‍ ലഭിക്കാന്‍ കാരണമാകുന്നത്. 

സകാത്ത്, ഹജ്ജ് എന്നിവ നിര്‍ബന്ധമാണ്‌. പക്ഷെ രണ്ടിനും കഴിവുള്ള ആളുകള്‍ക്ക് മാത്രമേ അവ നിര്‍ബന്ധമുള്ളൂ. ഇതില്‍ ചോദ്യം ചോദിച്ച സ്വഹാബി അവ രണ്ടും ചോദ്യത്തില്‍ ഉള്‍പ്പെടുത്തിയില്ല. 

ഈ ഹദീസ് വന്നത് സകാത്തും ഹജ്ജും നിര്‍ബന്ധമാക്കപ്പെടുന്നതിന് മുമ്പായിരിക്കാം എന്ന് ഹദീസ് വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. ഹജ്ജ് നിര്‍ബന്ധമാക്കപ്പെട്ടത് ഹിജ്റ എട്ടാം വര്‍ഷമാണ്‌. സകാത്ത് മക്കയില്‍ വെച്ച് തന്നെ നിര്‍ബന്ധമാക്കപ്പെട്ടിരുന്നെങ്കിലും മദീനയില്‍ വെച്ചാണ് അതിന്‍റെ നിസ്വാബുകളും മറ്റും വിവരിക്കപ്പെട്ടത്. 

നിര്‍ബന്ധ നമസ്കാരങ്ങള്‍ കൃത്യമായി തന്നെ നടപ്പിലാക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം. എന്നാല്‍ സുന്നത്ത് നമസ്കാരങ്ങള്‍ കൂടി നിര്‍വ്വഹിക്കപ്പെടുമ്പോള്‍ അത് കൂടുതല്‍ പ്രതിഫലത്തിന് കാരണമാകുന്നു. അതോടൊപ്പം നിര്‍ബന്ധ നമസ്കാരങ്ങളില്‍ വല്ല ന്യൂനതയും വന്നിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടാനും ഇത് സഹായിക്കുന്നു. 

നമസ്കാരവും നോമ്പും എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്നതും ആളുകളെ സ്വര്‍ഗ്ഗത്തിലേക്ക് എത്തിക്കുന്ന കാര്യങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നവയുമാണ്. 

മനുഷ്യര്‍ക്ക് ചെയ്യല്‍ അനുവദനീയമായ കാര്യങ്ങള്‍ അഥവാ ഹലാലായ കാര്യങ്ങള്‍ തടയാനോ അത് ഹറാം ആണെന്ന് പറയാനോ പാടില്ല. ഹലാല്‍ ഹലായി മനസ്സിലാക്കുകയും ജീവിതത്തില്‍ ആവശ്യാനുസരണം നടപ്പിലാക്കുകയും വേണം. ഹലാല്‍ ആയ ഒരു കാര്യത്തെ ഹറാം ആയി കാണുന്ന നിലപാട് ആക്ഷേപര്‍ഹമായ കാര്യമാണ്. 

ഹലാലും ഹറാമും നിര്‍ണ്ണയിക്കപ്പെടുന്നത് തെളിവുകള്‍ക്ക് അടിസ്ഥാനമാക്കിയാണ്. ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ക്ക് അനുസരിച്ചല്ല. 







Sunday, 8 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 232 دروس الحديث - അല്ലാഹുവില്‍ വിശ്വസിക്കലും നേരെ ചൊവ്വേ നിലകൊള്ളലും

 


الأربعون النووية-حديث: 21


അല്ലാഹുവില്‍ വിശ്വസിക്കലും നേരെ ചൊവ്വേ നിലകൊള്ളലും

عَنْ أَبِي عَمْرٍو وَقِيلَ: أَبِي عَمْرَةَ سُفْيَانَ بْنِ عَبْدِ اللَّهِ رضي الله عنه  قَالَ: "قُلْت: يَا رَسُولَ اللَّهِ! قُلْ لِي فِي الْإِسْلَامِ قَوْلًا لَا أَسْأَلُ عَنْهُ أَحَدًا غَيْرَك؛ قَالَ: قُلْ: آمَنْت بِاَللَّهِ ثُمَّ اسْتَقِمْ" .

رَوَاهُ مُسْلِمٌ [رقم:38].  


അബൂ അംര്‍ (അബൂ അംറ) സുഫയാനു ബ്നി അബ്ദില്ല رضي الله عنه പറഞ്ഞു: ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ... എനിക്ക് ഇസ്‌ലാമില്‍ പെട്ട ഒരു കാര്യം അറിയിച്ചു തന്നാലും, അതിനെ കുറിച്ച് താങ്കളോടല്ലാത ഞാന്‍ ചോദിക്കുകയില്ല. റസൂല്‍ صلى الله عليه وسلم പറഞ്ഞു: 'ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചു എന്ന് നീ പറയണം, എന്നിട്ട് നീ നേരെ ചൊവ്വേ നിലകൊള്ളണം'. 

വിവരണം

സ്വഹാബികള്‍  അവര്‍ക്ക് അറിയാനും ജീവിതത്തില്‍ പകര്‍ത്താനും വേണ്ട ഓരോ കാര്യങ്ങള്‍ റസൂല്‍ صلى الله عليه وسلم യോട് ചോദിക്കുമായിരുന്നു. 

മതപരമായ കാര്യങ്ങള്‍ അറിയാന്‍ വിവരമുള്ളവരോട് ചോദിക്കല്‍ നല്ല കാര്യമാണ്. സംശയമുള്ള കാര്യങ്ങളും അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കണം. 

ഈ ഹദീസില്‍ സ്വഹാബി ചോദിച്ചത് റസൂല്‍ صلى الله عليه وسلم യോട് മാത്രം ചോദിക്കുന്ന ഒരു ചോദ്യമാണ്. വേറെ ഒരാളോടും അതിനെ കുറിച്ച് അദ്ദേഹം ചോദിക്കുകയില്ല. അഥവാ അങ്ങനെ ചോദിക്കാന്‍ ഇടവരാത്ത വിധം എനിക്ക് മനസ്സിലാക്കാനും ജീവിതത്തില്‍ പാകര്‍ത്താനുമുള്ള ഒരു കാര്യം എനിക്ക് പഠിപ്പിച്ച് തരണമെന്നാണ് സ്വഹാബി അഭ്യര്‍ഥിച്ചത്. 

റസൂല്‍ صلى الله عليه وسلم സ്വഹബിക്ക് ലളിതമായ ഭാഷയില്‍ മറുപടി നല്‍കി. ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചു എന്ന് നീ പറയണം. അതോടൊപ്പം അതില്‍ നീ നേരെ ചൊവ്വേ നിലകൊള്ളുകയും വേണം. ഇതാണ് റസൂല്‍ صلى الله عليه وسلم യുടെ അധ്യാപനം. 

രണ്ട് തരത്തിലുള്ള കര്‍മങ്ങള്‍ ഈ മറുപടിയില്‍ ഉള്‍ക്കൊള്ളുന്നു. 

ഒന്ന്: ഹൃദയത്തിന്‍റെ പ്രവര്‍ത്തനം. അതാണ്‌ വിശ്വാസം.

രണ്ട്: ശരീരത്തിന്‍റെ പ്രവര്‍ത്തനം. അതാണ്‌ ഇസ്തിഖാമ. 

അല്ലാഹുവില്‍ വിശ്വസിക്കല്‍


അല്ലാഹുവില്‍ വിശ്വസിക്കല്‍ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാവരും അല്ലാഹുവില്‍ കൃത്യമായി വിശ്വസിക്കണം എന്നതാണ് ഇസ്‌ലാമിന്‍റെ കല്‍പന. അല്ലാഹുവിന്‍റെ ഉണ്മയിലും അല്ലാഹുവിന്‍റെ റുബൂബിയ്യത്തിലും ഉലൂഹിയ്യത്തിലും നാമങ്ങളിലും വിശേഷനങ്ങളിലും എല്ലാം നാം വിശ്വസിക്കണം. 

അല്ലാഹുവിലുള്ള വിശ്വാസം 3 കാര്യങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാവുക. 

ഒന്ന്: ഹൃദയം കൊണ്ട് വിശ്വസിക്കല്‍

രണ്ട്: നാവ് കൊണ്ട് പ്രഖ്യാപിക്കലും അംഗീകരിക്കലും

മൂന്ന്: ശരീരാവയവങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കലും

ഈ മൂന്ന് കാര്യങ്ങളും ഒരു പോലെ ഉണ്ടായാലേ വിശ്വാസം ശരിയാവുകയുള്ളൂ. നാവ് കൊണ്ട് പറഞ്ഞാല്‍ മാത്രം പോരാ, ഹൃദയം കൊണ്ട് വിശ്വസിച്ചാലും മാത്രം പോരാ, ശരീരാവയവങ്ങള്‍ കൊണ്ട് പ്രവര്‍ത്തിച്ചാലും പോരാ. മുകളില്‍ പറയപ്പെട്ട മൂന്ന് രൂപങ്ങളും ഉണ്ടാകണം. 

അല്ലാഹുവിലുള്ള വിശ്വാസത്തിന് പുറമേ ഈമാനിന്‍റെ മറ്റു ആറു സ്തംഭങ്ങളെയും അറിയുകയും അവയില്‍ വിശ്വസിക്കുകയും വേണം. 


ഇസ്തിഖാമ

ഈമാനിനു ശേഷമുള്ള നന്മയുടെ സംഗമം ആണ് ഇസ്തിഖാമ. ഇസ്തിഖാമാത്തിലൂടെ ഒരാളുടെ വിശ്വാസം ഭംഗിയാവുകയും കര്‍മങ്ങള്‍ നന്നാവുകയും ചെയ്യുന്നു. 

''ഇസ്തിഖാമ എന്നാല്‍ സ്വിറാത്വുല്‍ മുസ്തഖീമില്‍ പ്രവേശിക്കലാണ്. ഇടത്തോട്ടോ വലത്തോട്ടോ ഒരു വളവും വക്രതയുമില്ലാത്ത നേരെ ചൊവ്വേയുള്ള മതമാണത്. പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ സല്‍കര്‍മങ്ങളും ചെയ്യല്‍ അതില്‍ ഉള്‍ക്കൊള്ളുന്നു. അത് പോലെ വിരോധിക്കപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഒഴിവാക്കലും അതില്‍ പെടുന്നു''.  (ഇബ്നു റജബ്, ജാമിഉല്‍ ഉലൂമി വല്‍ ഹികം:193)

വാക്കിലും പ്രവൃത്തിയിലും ചിന്താഗതിയിലുമെല്ലാം ഇസ്തിഖാമ അനിവാര്യമാണ്. മനസ്സിന്‍റെ ഉദ്ദേശങ്ങളില്‍ വരെ ഇസ്തിഖാമ അത്യാവശ്യമാണ്. ഒരാളുടെ പ്രത്യക്ഷ്യം ഇസ്തിഖാമാത്ത് ഉള്ളതാണ്, എന്നാല്‍ അവന്‍റെ ഹൃദയത്തില്‍ അതില്ല എങ്കില്‍ അവന്‍റെ ഇസ്തിഖാമാത്ത് പരിപൂര്‍ണ്ണമല്ല. 

ഹൃദയം തൗഹീദില്‍ ഇസ്തിഖാമാത്തുള്ളതായാല്‍ ബാക്കിയുള്ളതിലെല്ലാം ഇസ്തിഖാമാത്ത് ഉണ്ടാകും.  തൗഹീദ് അതിപ്രധാനമാണ്. അതില്ലെങ്കില്‍ വേറെ എന്തുണ്ടായിട്ടും കാര്യമില്ല.  

ഇസ്തിഖാമാത്ത് ഉണ്ടാവുകയെന്ന് പറഞ്ഞാല്‍ ഒരു തിന്മയും വരാതിരിക്കലല്ല, മറിച്ച് തിന്‍മയെ സൂക്ഷിക്കലും തിന്‍മ വന്നാല്‍ ഉടന്‍ അതില്‍ നിന്ന് മുക്തമാവലുമാണ്. ഇസ്തിഖാമാത്ത് ഉള്ള ആള്‍ക്ക് അതില്‍ നിന്ന് തെറ്റിപ്പോകുമോ എന്ന ഭയമുണ്ടാകല്‍ സ്വാഭാവികമാണ്. തിന്മകളെയും തിനമകളുടെ അനന്തര ഫലങ്ങളെയും ഭയപ്പെടുന്നവനായിരിക്കും യഥാര്‍ത്ഥ ഇസ്തിഖാമാത്ത് ഉള്ള വ്യക്തി. 

ഇസ്തിഖാമാത്തിന്‍റെ ശ്രേഷ്ടതകളും ഫലങ്ങളും

1- ഇസ്തിഖാമാത്തുള്ളവരിലേക്ക് മലക്കുകള്‍ ഇറങ്ങും (ഫുസ്സ്വിലത്ത് 30)

2- അവര്‍ക്ക് ശാന്തിയും സമാധാനവുമുണ്ടാകും (ഫുസ്സ്വിലത്ത് 30)

3- സ്വര്‍ഗ്ഗം ലഭിക്കും, അഥവാ മലക്കുകള്‍ അവര്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കുമെന്ന സന്തോഷ വാര്‍ത്ത അറിയിക്കും (ഫുസ്സ്വിലത്ത് 30)

4- ദുന്‍യാവില്‍ വിഭവങ്ങളില്‍ വിശാലത ലഭിക്കും (അല്‍ജിന്ന് 16)

5- നല്ല ജീവിതാവും ഹൃദയ വിശാലതയും ലഭിക്കും (നഹ്ല്‍ 97)

ഇസ്തിഖാമാത്ത് ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

1- നല്ല കര്‍മങ്ങള്‍ ചെയ്യലും അതില്‍ നന്നായി പരിശ്രമിക്കുകയും ചെയ്യല്‍

2- മത വിജ്ഞാനം നേടാന്‍ വ്യാപൃതമാകല്‍ 

3- വിജ്ഞാനത്തിലും കര്‍മത്തിലും ഇഖ്‌ലാസ്വ് കാണിക്കല്‍

4- ഇസ്തിഖാമത്ത് ലഭിക്കാന്‍ പ്രാര്‍ഥിക്കല്‍

5- ക്വുര്‍ആന്‍ പാരായണം വര്‍ധിപ്പിക്കല്‍

6- നല്ല കൂട്ട് കെട്ട് ഉണ്ടാക്കല്‍

7- മതത്തില്‍ അതിരു വിടാതെ മധ്യമ നിലപാടുകള്‍ സ്വീകരിക്കല്‍

ഇസ്തിഖാമാത്ത് നഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍

1- തിന്മകള്‍ ചെയ്യലും തിന്മകളെ നിസ്സാരവത്കരിക്കലും

2- പരലോകത്തെ മറന്ന് ഇഹലോകത്തിന് വേണ്ടി വ്യാപൃതമാകല്‍

3- മോശം കൂട്ടുകെട്ടും അത്തരം സഹവാസങ്ങളും



Friday, 6 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 231دروس الحديث - നിനക്ക് ലജ്ജയില്ലെങ്കില്‍ നീ തോന്നിയത് ചെയ്തോ...

 

الأربعون النووية-حديث: 20

നിനക്ക് ലജ്ജയില്ലെങ്കില്‍ നീ തോന്നിയത് ചെയ്തോ...

عَنْ ابْنِ مَسْعُودٍ عُقْبَةَ بْنِ عَمْرٍو الْأَنْصَارِيِّ الْبَدْرِيِّ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم "إنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلَامِ النُّبُوَّةِ الْأُولَى: إذَا لَمْ تَسْتَحِ فَاصْنَعْ مَا شِئْت" .

رَوَاهُ الْبُخَارِيُّ [رقم:3483].  

ഇബ്നു മസ്ഊദ് ഉഖ്ബതു ബ്നി അംരില്‍  അന്‍സ്വാരി رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിശ്ചയം ആദ്യകാല പ്രവാചകത്വത്തിന്‍റെ വചനങ്ങളില്‍ പെട്ടതായി ജനങ്ങള്‍ക്ക് കിട്ടിയതില്‍ പെട്ടതാണ്: ''നീ ലജ്ജ കാണിക്കുന്നില്ലെങ്കില്‍ നിനക്ക് തോന്നിയത് നീ ചെയ്യുക''  എന്നത്. 

വിവരണം
ലജ്ജയെ കുറിച്ചാണ് ഈ ഹദീസ് അറിയിക്കുന്നത്. ലജ്ജയില്ലാത്തവര്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാനാകും. 
ലജ്ജ എന്ന മഹത് ഗുണത്തെ കുറിച്ച് മുന്‍കാല നബിമാരും അവരുടെ ജനതകളെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാ നബിമാര്‍ക്കും ഈ സന്ദേശം ലഭിക്കുകയും അതിന്‍റെ അധ്യാപനം തുടര്‍ന്ന് കൊണ്ടേ ഇരിക്കുകയും ചെയ്യുന്നു. 
ലജ്ജയും ഈമാനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്. അതില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ മറ്റേതും നഷ്ടപ്പെടും.
വിശ്വാസത്തിന് എഴുപതില്‍ ചില്ലറ ശാഖകളുണ്ട്. ലജ ഈമാനിന്‍റെ ശാഖയാകുന്നു എന്നും റസൂല്‍ അറിയിച്ചിട്ടുണ്ട്. 
ഒരാളില്‍ ലജ്ജ ഉണ്ടായാല്‍ അവനില്‍ അത് ഒരു അലങ്കാരമായി നില്‍ക്കും. 

ലജ്ജയുടെ ശ്രേഷ്ടതകള്‍
1- ഒരാള്‍ ലജ്ജ ഉപേക്ഷിച്ചാല്‍ അവനില്‍ ഒരു നന്മയും ഉണ്ടാവുകയില്ല. 
2- ലജ്ജ മുഴുവന്‍ നന്മയാണ്
3- നല്ല സ്വഭാവങ്ങളുടെ അടിസ്ഥാനമാണ് ലജ്ജ
4- ഇസ്ലാമിന്‍റെയും ഈമാനിന്‍റെയും ഭാഗങ്ങളില്‍ പെട്ടതാണ് ലജ്ജ
5- ഐഹികവും പാരത്രികവുമായ നിന്ദ്യതകളില്‍ നിന്ന് ലജ്ജ നമ്മെ അകറ്റുന്നു.
6- ഉദാത്തമായ വ്യക്തിത്വത്തിന്‍റെയും മാന്യതയുടെയും അടയാളമാണ് ലജ്ജ
7- നബിമാരുടെയും സജ്ജനങ്ങളുടെയും വിശേഷണങ്ങളില്‍ പെട്ടതാണ് ലജ്ജ
8- ലജ്ജയുള്ളവരെ ജനങ്ങള്‍ ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുന്നു
9- ലജ്ജ അല്ലാഹുവിന് ഇഷ്ടമുള്ള ഒരു സ്വഭാവ ഗുണമാകുന്നു
10- ലജ്ജ മനുഷ്യനെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കും
11- എല്ലാ മതങ്ങള്‍ക്കും ഓരോ സ്വഭാവങ്ങളുണ്ട്, ഇസ്‌ലാമിന്‍റെ സ്വഭാവം ലജ്ജയാകുന്നു എന്ന് റസൂല്‍ അറിയിച്ചിട്ടുണ്ട്
12- ലജ്ജയുള്ളവന് തിന്മകളില്‍ നിന്ന് അകന്നു നില്‍ക്കാനാകും. അവന് തിന്മകള്‍ ചെയ്യുന്നതിനെ ലജ്ജ തടഞ്ഞ് വെക്കും

വാക്കിലും നോക്കിലും സംസാരത്തിലും പെരുമാറ്റത്തിലും ആള്‍ക്കൂട്ടത്തിലും തനിച്ചും എല്ലാം ലജ്ജ മുറുകെ പിടിക്കണം. ഇന്ന് ലജ്ജയില്ലായ്മ വളരെയധികം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ലജയുടെ ഫലങ്ങള്‍ മനസ്സിലാക്കി ഈ ഗുണത്തെ ജീവിതത്തില്‍ പിടിച്ചു നിര്‍ത്താന്‍ നാം നന്നായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. .

ലജ്ജയില്ലായ്മയുടെ അടയാളങ്ങള്‍
1- വൃത്തികേടുകള്‍ സംസാരിക്കല്‍. 
2- ആദരവും ബഹുമാനവും വേണ്ടിടത്ത് തോന്നിയ പോലെ സംസാരിക്കല്‍
3- മോശം വസ്ത്രധാരണം.
4- സ്ത്രീ പുരുഷനെ പോലെയും പുരുഷന്‍ സ്ത്രീയെ പോലെയും വസ്ത്രം ധരിക്കലും പെരുമാറലും.
5- പാപങ്ങള്‍ ചെയ്യല്‍.
6- മാതാപിതാക്കളോട് കയര്‍ത്ത് സംസാരിക്കല്‍.
7- വൃത്തികേടുകള്‍ കാണലും ആസ്വദിക്കലും.


 

Thursday, 5 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 230 دروس الحديث - നീ അല്ലാഹുവിനോട് മാത്രം തേടുക

 


الأربعون النووية-حديث: 19

നീ അല്ലാഹുവിനോട് മാത്രം തേടുക

عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: "كُنْت خَلْفَ رَسُولِ اللَّهِ صلى الله عليه وسلم  يَوْمًا، فَقَالَ: يَا غُلَامِ! إنِّي أُعَلِّمُك كَلِمَاتٍ: احْفَظْ اللَّهَ يَحْفَظْك، احْفَظْ اللَّهَ تَجِدْهُ تُجَاهَك، إذَا سَأَلْت فَاسْأَلْ اللَّهَ، وَإِذَا اسْتَعَنْت فَاسْتَعِنْ بِاَللَّهِ، وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوك بِشَيْءٍ لَمْ يَنْفَعُوك إلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَك، وَإِنْ اجْتَمَعُوا عَلَى أَنْ يَضُرُّوك بِشَيْءٍ لَمْ يَضُرُّوك إلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْك؛ رُفِعَتْ الْأَقْلَامُ، وَجَفَّتْ الصُّحُفُ" . رَوَاهُ التِّرْمِذِيُّ [رقم:2516] وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ.

وَفِي رِوَايَةِ غَيْرِ التِّرْمِذِيِّ: "احْفَظْ اللَّهَ تَجِدْهُ أمامك، تَعَرَّفْ إلَى اللَّهِ فِي الرَّخَاءِ يَعْرِفُك فِي الشِّدَّةِ، وَاعْلَمْ أَنَّ مَا أَخْطَأَك لَمْ يَكُنْ لِيُصِيبَك، وَمَا أَصَابَك لَمْ يَكُنْ لِيُخْطِئَك، وَاعْلَمْ أَنَّ النَّصْرَ مَعَ الصَّبْرِ، وَأَنْ الْفَرَجَ مَعَ الْكَرْبِ، وَأَنَّ مَعَ الْعُسْرِ يُسْرًا". 

അബ്ദുല്ലാഹിബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا പറഞ്ഞു: ''ഞാന്‍ ഒരിക്കല്‍ റസൂല്‍ صلى الله عليه وسلم യുടെ പിറകില്‍ (യാത്ര ചെയ്യുക) ആയിരുന്നു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഏ.. കുട്ടീ... ഞാന്‍ നിനക്ക് കുറച്ച് വചനങ്ങള്‍ പഠിപ്പിച്ച് തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എങ്കില്‍ അല്ലാഹു നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക.. എങ്കില്‍ അല്ലാഹുവിനെ നിനക്ക് നിന്‍റെ മുമ്പില്‍ കാണാം. നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് മാത്രം ചോദിക്കുക, നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് മാത്രം സഹായം തേടുക. നീ അറിയുക, ഒരു ജനത മുഴുവന്‍ നിനക്ക് ഒരു ഉപകാരം ചെയ്യാന്‍ വേണ്ടി ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാത്ത ഒരു ഉപകാരവും അവര്‍ നിനക്ക് ചെയ്യില്ല. ഇനി ഒരു ജനത ഒന്നടങ്കം നിനക്ക് ഒരു ദ്രോഹം ഉണ്ടാക്കാന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു നിനക്ക് വിധിച്ചതല്ലാതെ ഒരു ദ്രോഹവും അവര്‍ വരുത്തില്ല. പേനകള്‍ ഉയര്‍ത്തപ്പെടുകയും ഏടുകള്‍ ഉണങ്ങുകയും ചെയ്തിരിക്കുന്നു''. 

തിര്‍മിദിയുടെതല്ലാത്ത റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ''നീ അല്ലാഹുവിനെ സൂക്ഷിക്കുക, എങ്കില്‍ അല്ലാഹുവിനെ നിന്‍റെ മുമ്പില്‍ നിനക്ക് കാണാം. ഐശ്വര്യ കാലത്ത് നീ അല്ലാഹുവിനെ മനസ്സിലാക്കുക, എങ്കില്‍ പ്രയാസ കാലത്ത് അല്ലാഹു നിന്നെ മനസ്സിലാക്കും. നീ അറിയണം.. നിന്നില്‍ നിന്ന് തെറ്റി പോയത് ഒരിക്കലും നിന്നെ ബാധിക്കില്ല. നിനക്ക് ബാധിക്കാന്‍ (വിധിച്ചത്) ഒരിക്കലും തെറ്റിപോവുകയുമില്ല. നിശ്ചയം ക്ഷമയോടൊപ്പമാണ് സഹായം എന്നും, വിപത്തിനോടോപ്പമാണ് സന്തോഷം എന്നും,  പ്രയാസത്തോടോപ്പമാണ് എളുപ്പമെന്നും നീ അറിയണം''. 

വിവരണം

റസൂല്‍ صلى الله عليه وسلم യുടെ മഹത്തരമായ ഉപദേശങ്ങളാണ് ഈ ഹദീസിലുള്ളത്. തന്‍റെ പിതൃവ്യ പുത്രന്‍ അബ്ദുല്ലഹിബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا ക്ക് ആണ് ഈ ഉപദേശം നല്‍കിയത്. ഏ.. കുട്ടീ എന്ന് വിളിച്ചാണ് ഉപദേശം നല്‍കിയത്. غلام എന്നാല്‍ ഒമ്പത് വയസ്സ് വരെയുള്ള കുട്ടിക്കാണ് പറയുക. 

അധ്യാപന രീതിയുടെ മഹിതമായ മാതൃക റസൂല്‍ صلى الله عليه وسلم യുടെ പ്രയോഗങ്ങളിലുണ്ട്. ഞാന്‍ നിന്നോട് കല്‍പിക്കുന്നു എന്നോ മറ്റോ അല്ല പറഞ്ഞത്. പറയപ്പെട്ട കാര്യങ്ങള്‍ എല്ലാം കല്‍പനകളാണ്. പക്ഷെ വേഗത്തില്‍ മനസ്സിനിണങ്ങുന്ന പ്രയോഗമാണ് റസൂല്‍ صلى الله عليه وسلم നടത്തിയത്. ഞാന്‍ നിനക്ക് പഠിപ്പിച്ചു തരാം എന്ന ആമുഖത്തോടെയാണ് ഉപദേശം തുടങ്ങിയത് . 

റസൂല്‍ صلى الله عليه وسلم പഠിപ്പിച്ച് കൊടുത്തത് ചില വചനങ്ങളാണ് അഥവാ ചില സാരവത്തായ ഉപദേശങ്ങള്‍.

റസൂല്‍ صلى الله عليه وسلم യുടെ ഉപദേശങ്ങള്‍

ഒന്ന്: നീ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹു നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക എങ്കില്‍ അല്ലാഹുവിനെ നിന്‍റെ മുമ്പില്‍ നിനക്ക് കാണാം. 

അല്ലാഹുവിനെ സൂക്ഷിക്കേണ്ടത് അല്ലാഹുവിനോടുള്ള കടമകള്‍ നിറവേറ്റിക്കൊണ്ടാണ്. ഒരു അടിമക്ക് അല്ലാഹുവുമായി ബന്ധപ്പെട്ട കടമകള്‍ രണ്ട് ഇനമാണ്:

ഒന്ന്: നിര്‍ബന്ധമായവ

രണ്ട്: ഐച്ഛീകമായവ

ഒരു അടിമ അല്ലാഹുവിനെ സൂക്ഷിക്കുക എന്നാല്‍ അവന്‍ ഈ രണ്ട് കടമകളും നിറവേറ്റുക എന്നാണ് അര്‍ത്ഥമാക്കുന്നത്. വിശ്വാസപരവും കര്‍മപരവുമായ എല്ലാ കാര്യങ്ങളും ജീവിതത്തില്‍ നടപ്പിലാക്കിക്കൊണ്ടാണ് അവന്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ടത്. അതോടൊപ്പം അവന്‍ നിഷിദ്ധങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയും വേണം. 

അടിമയെ അല്ലാഹു സംരക്ഷിക്കുന്നത് രണ്ട് വിധമാണ്:

ഒന്ന്: അടിമയെ ഈ ലോകത്ത് വെച്ച് സംരക്ഷിക്കല്‍. ഇവിടെ അവന് വേണ്ട എല്ലാ കാര്യങ്ങളും അല്ലാഹു ഒരുക്കിക്കൊടുക്കും.

രണ്ട്: വിശ്വാസികള്‍ക്ക് അല്ലാഹു പ്രത്യേകം നല്‍കുന്ന പദവിയാണിത്‌. അഥവാ അവന്‍റെ ദീനില്‍ ഉള്ള സംരക്ഷണമാണ് ഇത്. ഇതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ഇതിലൂടെ അവന് കൂടുതല്‍ നന്മകളിലേക്കും അനുഗ്രഹങ്ങളിലെക്കും വഴിതുറക്കപ്പെടും. റസൂല്‍ صلى الله عليه وسلم ഏറ്റവും അധികം പ്രാര്‍ഥിച്ചതും ഇതിന് വേണ്ടിയാണ്. ഹൃദയം അല്ലാഹുവിന്‍റെ മതത്തില്‍ ഉറച്ച് നില്‍ക്കാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥന. 

മതവിഷയങ്ങളില്‍ വിടവുകള്‍ വന്നാല്‍ അടിമക്ക് അല്ലാഹുവിന്‍റെ സംരക്ഷണം കുറയുന്നു എന്ന് മനസ്സിലാക്കാം. ആയതിനാല്‍ അല്ലാഹുവിലേക്ക് മടങ്ങാനും അവന്‍റെ കല്‍പനകളും വിലക്കുകളും മാനിക്കാനും തൗബയും ഇസ്തിഗ്ഫാറും വര്‍ധിപ്പിക്കാനും അടിമക്ക് സാധിക്കണം. ഭൗതിക കാര്യങ്ങളെക്കാള്‍ മഹത്തരമായ സംരക്ഷണം മത വിഷയത്തില്‍ ഉള്ളതാകുന്നു. അതിലുള്ള സംരക്ഷണക്കുറവ് അല്ലാഹുവിന്‍റെ ശിക്ഷയായേക്കാം.

അല്ലാഹുവിന്‍റെ സംരക്ഷണം ഒരാള്‍ക്ക് ലഭിച്ചാല്‍ അല്ലാഹു അവനോടൊപ്പം ഉണ്ടാകും. അവന് സൗഭാഗ്യവും സഹായവും നല്ലത് തോന്നിപ്പിക്കലും എല്ലാം ഉണ്ടാകും. 

അല്ലാഹുവിനെ യഥാവിധി സൂക്ഷിച്ചാല്‍ അല്ലാഹുവിനോട് ചോദിക്കുന്ന ഏത് കാര്യവും അവന് ലഭിക്കും. അതാണ്‌ അല്ലാഹുവിനെ നിനക്ക് നിന്‍റെ മുമ്പില്‍ കാണാം എന്നതിന്‍റെ അര്‍ത്ഥം. 

എന്ത് കാര്യം ചോദിക്കുകയാനെങ്കിലും അല്ലാഹുവിനോട് മാത്രം ചോദിക്കുക, സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് മാത്രം സഹായം തേടുക. ഇത് ഈമാനിന്‍റെ വലിയ സന്ദേശമാണ്. അല്ലാഹുവുമായി അടിമക്ക് എല്ലായ്'പ്പോഴും ബന്ധമുണ്ടാകണം എന്നും അവന്‍റെ ഹൃദയം അല്ലാഹുവുമായി സദാ അടുപ്പമുള്ളതാവണം എന്നും ഇത് സൂചിപ്പിക്കുന്നു. 

അല്ലാഹുവിനോടുള്ള ചോദ്യവും സഹായ തേട്ടവും രണ്ട് വിധമുണ്ട്:

ഒന്ന്: നിര്‍ബന്ധമായ സഹായ തേട്ടം

അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങളില്‍ അല്ലാഹുവിനോട് മാത്രം സഹായം ചോദിക്കലാണ് അത്. അതില്‍ ഒരാളെയും പങ്ക് ചേര്‍ക്കാന്‍ പാടില്ല. കാരണം അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ത്ഥന കടുത്ത ശിര്‍ക്ക് ആകുന്നു. 

രണ്ട്: സുന്നത്തായ സഹായ തേട്ടം

കഴിയുന്നതും ഒരാള്‍ ആരോടും ഒന്നും ചോദിക്കാതിരിക്കുക. ഇത് നിര്‍ബന്ധമല്ലെങ്കിലും മഹത്തരമായ കാര്യമാണ്. നമുക്ക് ആവശ്യമുള്ളത് അവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളാണെങ്കില്‍ മറ്റുള്ളവരോട് ചോദിക്കാം. . ചോദിക്കാതിരിക്കുന്നതാണ് പരിപൂര്‍ണ്ണത. അല്ലാഹുവിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ അല്ലാഹുവിനോട് മാത്രം ചോദിക്കല്‍ നിര്‍ബന്ധവുമാണ്‌. 

വിധി വിശ്വാസത്തെ കുറിച്ചാണ് ശേഷം പറയുന്നത്. 

ഉപകാരവും ഉപദ്രവവും സംഭവിക്കുന്നത് അല്ലാഹുവിന്‍റെ ഉദ്ദേശപ്രകാരവും അവന്‍റെ തീരുമാനപ്രകാരവുമാണ്. ഏതൊരാള്‍ മറ്റൊരാള്‍ക്ക് ഉപകാരം ചെയ്യണമെങ്കിലും ഉപദ്രവം ചെയ്യണമെങ്കിലും അത് നടപ്പിലാകാന്‍ അല്ലാഹു വിചാരിക്കണം. 

ഈ ഒരു വിശ്വാസം വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കാന്‍ ഇത് മുഖേന സാധിക്കും. ജീവിതത്തില്‍ സമാധാനവും സുഖവും ഇത് മുഖേന ലഭിക്കുകയും ചെയ്യും. 

നമ്മള്‍ അല്ലാഹുവില്‍ എന്ത് കാര്യം ഭരമേല്‍പിക്കുകയാണെങ്കിലും നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ നാം ചെയ്യണം. പ്രതിസന്ധികള്‍ വരാതിരിക്കാനുള്ള കാരണങ്ങള്‍ നമ്മള്‍ തന്നെ ചെയ്യണം. 

ഓരോ സൃഷ്ടിയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും മുമ്പേ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവ രേഖപ്പെടുത്തിയ പേനകള്‍ ഉയര്‍ത്തപ്പെടുകയും ഏടുകള്‍ ഉണങ്ങുകയും ചെയ്തിട്ടുണ്ട്. 

നല്ല കാലത്ത് അല്ലാഹുവിനെ ശരിക്ക് മനസ്സിലാക്കി ജീവിക്കാന്‍ നമുക്ക് കഴിയണം. എങ്കില്‍ പ്രയാസ ഘട്ടങ്ങളില്‍ അല്ലാഹു നമ്മെയും മനസ്സിലാക്കും. അഥവാ അല്ലാഹുവിന്‍റെ സഹായങ്ങള്‍ നമുക്ക് ലഭിക്കും. 

നമുക്ക് വരാനുള്ളത് നമുക്ക് തന്നെ വരും, നമ്മില്‍ നിന്ന് മാറിപ്പോയത് മാറിപ്പോവുകയും ചെയ്യും. ഇത് രണ്ടും നാം മനസ്സിലാക്കി വെക്കണം. 

ജീവിത പ്രതിസന്ധികളില്‍ ക്ഷമിക്കണം, അപ്പോഴാണ്‌ സഹായങ്ങളുണ്ടാവുക. അത് പോലെ ഒരു പ്രയാസം ജീവിതത്തിലുണ്ടായാല്‍ അതോടൊപ്പം സന്തോഷവും ഉണ്ടാകും. നിശ്ചയം ഞെരുക്കത്തോടോപ്പമാണ് എളുപ്പമുള്ളത്. മനസ്സിന്‍റെ തൃപ്തിയോടെ ക്ഷമിക്കുന്നവര്‍ക്ക് സമാധാനവും പാപമോചനവും പ്രതിസന്ധികളില്‍ നിന്നുള്ള കരകയറലും സാധ്യമാകും. 


പെരുന്നാളിന്‍റെ വിധിവിലക്കുകൾ ചുരുക്കത്തിൽ


പെരുന്നാളിന്‍റെ വിധിവിലക്കുകൾ ചുരുക്കത്തിൽ


1- പെരുന്നാൾ നമസ്കാരം വാജിബ് (നിർബന്ധം ആണ്)

2- പെരുന്നാൾ നമസ്കാരത്തിന്‍റെ മുമ്പും പിമ്പും സുന്നത്ത് നമസ്കാരങ്ങളില്ല.

3- പെരുന്നാൾ നമസ്കാരം മുസ്വല്ലയിൽ (മൈതാനത്ത്) വെച്ച് ആണ് നിർവഹിക്കപ്പെടേണ്ടത്.

4- പെരുന്നാൾ നമസ്കാരം ദ്വുഹാ സമയത്താണ് നിർവഹിക്കപ്പെടേണ്ടത്.

5- പെരുന്നാൾ നമസ്കാരം ഖുത്ബക്ക് മുമ്പ് നിർവഹിക്കപ്പെടണം.

6- പെരുന്നാൾ നമകാരത്തിന് ബാങ്കും ഇഖാമത്തും ഇല്ല.

7- പെരുന്നാൾ നമസ്കാരത്തിൽ ഒന്നാമത്തെ റക്അത്തിൽ തക്ബീറത്തുൽ ഇഹ്റാമിന് പുറമെ ഏഴ് തക്ബീറുകളും, രണ്ടാമത്തെ റക്അത്തിൽ സുജൂദിൽ നിന്ന് ഉയരുമ്പോഴുള്ള തക്ബീറിന് പുറമെ അഞ്ച് തക്ബീറുകളും ചൊല്ലണം. ഓരോ തക്ബീർ ചൊല്ലുമ്പോഴും കൈ ഉയർത്തണം.

8- പെരുന്നാൾ നമസ്കാരത്തിൽ ഒന്നാം റക്അത്തിൽ ഫാതിഹക്ക് ശേഷം സൂറത്തു ക്വാഫോ, രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ ക്വമറോ, അല്ലെങ്കിൽ ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ അഅ്ലയോ, രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ ഗ്വാശിയയോ ഓതുന്നത് സുന്നത്താണ്.

9- സമയം തെറ്റിയതിന് ശേഷമാണ് പെരുന്നാൾ അറിഞ്ഞതെങ്കിൽ അടുത്ത ദിവസമാണ് നമസ്കാരം നിർവഹിക്കേണ്ടത്. മറ്റു കാരണങ്ങളാൽ നമസ്കാരം നഷ്ടപ്പെട്ടവന് പിന്നീട് അത് നിർവഹി ക്കേണ്ടതില്ല. ഇമാം അവസാന ഇരുത്തത്തിൽ ആകുമ്പോൾ ആണ് ഒരാൾ നമസ്കാരത്തിന് എത്തിയതെങ്കിൽ ഇമാം സലാം വീട്ടിയ തിന് ശേഷം എഴുന്നേറ്റ് അവൻ രണ്ട് റക്അത്ത് (പെരുന്നാൾ നമസ്കാരം) നിർവഹിക്കണം.

10- യാത്രയിൽ പെരുന്നാൾ നമസ്കാരം നിർവഹിക്കപ്പെടുന്ന സ്ഥലത്ത് എത്തിയവന് അത് നിർവഹിക്കാവുന്നതാണ്. ഇല്ലെങ്കിൽ അവന് അത് ഒഴിവാക്കുന്നത് കൊണ്ട് പ്രശ്നമില്ല.

11- ജുമുഅ ദിവസം പെരുന്നാൾ ആയാൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചവന് ജുമുഅ നമസ്കാരത്തിന് ഇളവുണ്ട്. ഇങ്ങനെ വന്നാൽ നബി صلى الله عليه وسلم ജുമുഅയും നിർവഹിക്കാറുണ്ടായിരുന്നു.

12- പെരുന്നാൾ ഖുത്ബയില്‍ പങ്കെടുക്കുന്നത് സുന്നത്ത് ആണ്.

13- പെരുന്നാളിലെ ഖുത്ബ ഒറ്റ ഖുത്ബയാണ്. ഫുക്വഹാക്കൾ പറഞ്ഞത് പോലെ ജുമുഅ പോലെ രണ്ട് ഖുത്ബ നടത്താവുന്നതുമാണ്.

14- പെരുന്നാൾ ഖുത്ബയിൽ സ്ത്രീകളെ പ്രത്യേകം  ഉപദേശിക്കൽ സുന്നത്താണ്.

15- പെരുന്നാൾ ഖുത്ബ തക്ബീർ കൊണ്ട് തുടങ്ങാനോ, ഖുത്ബകൾക്കിടയിൽ തക്ബീർ ചൊല്ലാനോ സ്വഹീഹായ ഹദീസ് തെളിവായില്ല.


പെരുന്നാളിന്‍റെ സുന്നത്തുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

1- തക്ബീർ ചൊല്ലൽ.

2- കുളിക്കൽ, നല്ല വസ്ത്രം ധരിക്കൽ.

3- ബലിപെരുന്നാൾ നമസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് ഭക്ഷിക്കാതിരിക്കലും, ഫിത്വ്'ര്‍ പെരുന്നാൾ നമസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് വല്ലതും ഭക്ഷിക്കലും.

4- മുസ്വല്ലയിലേക്ക് നേരത്തെ പോകൽ.

5- സ്ത്രീകൾ, കുട്ടികൾ അടക്കം എല്ലാ മുസ്ലീംകളും മുസ്വല്ലയിലേക്ക് പുറപ്പെടൽ.

6- മുസ്വല്ലയിലേക്ക് പോകുമ്പോഴും തിരിച്ച് വരുമ്പോഴും രണ്ട് വഴി സ്വീകരിക്കൽ.

7- ഈദ് ആശംസ നേരൽ.

8- നമസ്കാര സ്ഥലത്തേക്ക് നടന്നോ വാഹനത്തിലോ പോകാം.


മാസം കാണല്‍ നിര്‍ബന്ധം

നോമ്പും പെരുന്നാളും ഹജ്ജും നിര്‍ണ്ണയിക്കാന്‍ മാസം കാണല്‍ നിര്‍ബന്ധം

ഇസ്‌ലാമില്‍ മാസപ്പിറവി അനിവാര്യമാണ്, കാരണം ആരാധനകൾ, ആഘോഷങ്ങള്‍ തുടങ്ങിയവ ചന്ദ്രമാസം അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ഇടക്കിടക്ക് വിവാദങ്ങള്‍ ഉണ്ടാകുന്നു. അതില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു. 
1 - മാസം കണ്ടിട്ടാണ് നോമ്പും പെരുന്നാളും ഉറപ്പിക്കേണ്ടത് എന്നത് മതകൽപനയാണ്. അത് പ്രമാണമാണ്. അത് പിന്തുടരല്‍ നമുക്ക് നിര്‍ബന്ധമാണ്.
2- മാസപ്പിറവി ദൃശ്യമാകാൻ സംവിധാനങ്ങളൊരുക്കുന്ന വിശ്വാസയോഗ്യരുടെ അറിയിപ്പ് പരിഗണിക്കപ്പെടണമെന്നാണ് മതത്തിൻ്റെ നിർദ്ദേശം.
3- നാടുകളിൽ എല്ലായിടത്തും ഒരൊറ്റ സമയത്തല്ല ചന്ദ്രനുദിക്കുന്നത്. അതിൽ വ്യത്യാസമുണ്ട്.
4_ അതനുസരിച്ച് ഒരു പ്രദേശത്തിൻ്റെ ഉദയസ്ഥാനം (مطلع) അവിടുത്തെ ആളുകൾ നിർണ്ണയിക്കും. അങ്ങനെയാണ് പൂർവ്വികർ ചെയ്തത്. ചന്ദ്രപ്പിറവി മക്കയിൽ കണ്ടോ എന്ന് നോക്കിയല്ല.
5- ഇന്ന് നാം പറയുന്ന ശാസ്ത്രവും സാങ്കേതിക വിദ്യയും നാളെ മാറിയേക്കാം. പക്ഷെ ഇസ്ലാം മാറുന്നില്ല. അത് എന്നെന്നേക്കുമുള്ളതാണ്.
6. ഫോണും സംവിധാനങ്ങളും കണ്ട് പിടിക്കുന്നതിന് മുമ്പും ലോകത്ത് നോമ്പും പെരുന്നാളും ഉണ്ടായിരുന്നു. മക്കയിൽ മാസപ്പിറവി കണ്ടു എന്ന് പറയാൻ അവർക്ക് വഹ്‌യ് ഒന്നും വന്നിരുന്നില്ല. അവരുടെ നിർണ്ണിത പ്രദേശത്തെ മാസപ്പിറവി മാത്രമാണ് അവർക്ക് ആശ്രയമായിട്ടുണ്ടായിരുന്നത്.
7- നാം കണ്ടുപിടിച്ച ടെക്നോളജികളൊക്കെ എപ്പോൾ വേണമെങ്കിലും തകരാറിലാകാം അപ്പോഴും നോമ്പും പെരുന്നാളുമുണ്ടാകും. ഒരു യുദ്ധം അല്ലെങ്കിൽ സമാന സംഭവങ്ങൾ ഉണ്ടായാൽ ഈ വിനിമയ സംവിധാനങ്ങളെ ബ്ലോക്ക് ചെയ്യാൻ പറ്റും എന്നത് പുതുവിവരമല്ല. അപ്പോഴും നോമ്പും പെരുന്നാളുമുണ്ടാകും. മാസപ്പിറവിയും ഉണ്ടാകും.
8- അല്ലാഹുവിൻ്റെ അറിയിപ്പാണ് മാസപ്പിറവി. അത് വിട്ട് കണ്ടതിൻ്റെ പിറകെ പോകുമ്പോഴാണ് ഭിന്നിപ്പുകളുണ്ടാകുന്നത്. അപ്പോൾ പിന്നെ സമുദായത്തെയും 'മൊല്ല' മാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
9- പ്രമാണത്തിനൊപ്പമാണ് നിൽക്കേണ്ടത്. അത് മാസം കാണൽ തന്നെയാണ്. കണ്ടാലേ ഉറപ്പിക്കാവൂ. അത് കാണൽ ചന്ദ്രമാസം 29 നും ആയിരിക്കും. 28ന് ഉറപ്പിക്കാൻ ഒരു നിർവ്വാഹവുമില്ല
10- ചന്ദ്രപ്പിറവിയുണ്ടായാലും മേഘം മൂടി കാണാത്ത അവസ്ഥ വന്നാൽ പോലും എന്ത് ചെയ്യണമെന്നത് മതം പഠിപ്പിച്ചിട്ടുണ്ട്. 
    ഈ മതത്തിനും മതവിശ്വാസികൾക്കും ഇല്ലാത്ത വേവലാതി നമുക്ക് എന്തിന്?

Wednesday, 4 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 229 دروس الحديث - തഖ്‌വ, നന്‍മ ചെയ്യല്‍, സല്‍സ്വഭാവം

 

الأربعون النووية-حديث: 18

തഖ്‌വ, നന്‍മ ചെയ്യല്‍, സല്‍സ്വഭാവം

عَنْ أَبِي ذَرٍّ جُنْدَبِ بْنِ جُنَادَةَ، وَأَبِي عَبْدِ الرَّحْمَنِ مُعَاذِ بْنِ جَبَلٍ رَضِيَ اللَّهُ عَنْهُمَا، عَنْ رَسُولِ اللَّهِ صلى الله عليه وسلم  قَالَ: "اتَّقِ اللَّهَ حَيْثُمَا كُنْت، وَأَتْبِعْ السَّيِّئَةَ الْحَسَنَةَ تَمْحُهَا، وَخَالِقْ النَّاسَ بِخُلُقٍ حَسَنٍ" .

رَوَاهُ التِّرْمِذِيُّ [رقم:1987] وَقَالَ: حَدِيثٌ حَسَنٌ، وَفِي بَعْضِ النُّسَخِ: حَسَنٌ صَحِيحٌ. 


അബൂദര്‍ ജുന്‍ദുബ് ബ്നു ജനാദ, അബൂ അബ്ദിറഹ്മാന്‍ മുആദു ബ്നു ജബല്‍  رَضِيَ اللَّهُ عَنْهُمَ എന്നിവര്‍ നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: ''നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. നീ തിന്‍മക്ക്  ശേഷം നന്‍മ തുടര്‍ത്തുക, എങ്കില്‍ അതിനെ നന്‍മ മായ്ക്കും. ജനങ്ങളോട് നല്ല സ്വഭാവം കൊണ്ട് നീ പെരുമാറുക''.  

വിവരണം

ജീവിതത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക, തിന്‍മ ചെയ്‌താല്‍ അതിന് പിന്നാലെ നന്മകള്‍ ചെയ്യുക, നല്ല സ്വഭാവത്തില്‍ പെരുമാറുക എന്നീ സുപ്രധാന കാര്യങ്ങളാണ് ഈ ഹദീസ് അറിയിക്കുന്നത്

അല്ലാഹുവിനെ സൂക്ഷിക്കല്‍

അല്ലാഹുവിനെ എല്ലായ്പ്പോഴും നാം സൂക്ഷിക്കണം. ജനങ്ങള്‍ക്കിടയില്‍ വെച്ച് നാം അല്ലാഹുവിനെ സൂക്ഷിക്കുന്ന പോലെ തനിച്ചിരിക്കുമ്പോഴും അല്ലാഹുവിനെ സൂക്ഷിക്കണം. 

എല്ലാ സ്ഥലത്തും എല്ലാ സമയത്തും അല്ലാഹുവിനെ സൂക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അത് വലിയ അനുഗ്രഹമാണ്. ഒരു അടിമയുടെ എല്ലാ അവസ്ഥയിലും അല്ലാഹു അവനെ കണ്ടുകൊണ്ടിരിക്കുകയാണ്. ആയതിനാല്‍ ജീവിതാന്ത്യം വരെ തക്വ്'വയിലായി ജീവിക്കാന്‍ നമുക്ക് കഴിയണം. 

തക്വ്'വ എന്നാല്‍ നന്മകള്‍ ചെയ്യലും തിന്മകള്‍ ഒഴിവാക്കലുമാണ്. ഹറാമുകളില്‍ നിന്ന് വിട്ട് നില്‍ക്കലും നിര്‍ബന്ധ കാര്യങ്ങള്‍ കൃത്യമായി ചെയ്യലുമാണ് തഖ്‌വ എന്ന് ഉമര്‍ رضي الله عنه പറഞ്ഞതായി കാണാം. 

ത്വല്‍ക്വ് ബ്നു ഹബീബ് رحمه الله പറഞ്ഞു: 'തഖ്‌വ എന്നാല്‍, നീ അല്ലാഹുവിന്‍റെ പ്രതിഫലം ആഗ്രഹിച്ച് അല്ലാഹുവിന്‍റെ പ്രമാണമനുസരിച്ച് നല്ല കാര്യങ്ങള്‍ ചെയ്യലാണ്, അത് പോലെ അല്ലാഹുവിന്‍റെ ശിക്ഷയെ ഭയന്ന് അല്ലാഹുവിന്‍റെ പ്രമാണമനുസരിച്ച് നീ തിന്മകള്‍ ഒഴിവാക്കലുമാണ്' അത്. (ജാമിഉല്‍ ഉലൂം വാല്‍ഹികം 1/307)

ജീവിതത്തില്‍ തക്വ്'വ കാത്തു സൂക്ഷിക്കുന്നവര്‍ക്ക് ധാരാളം പ്രത്യേകതകളും മഹത്വങ്ങളും ഉണ്ട് എന്ന് ക്വുര്‍ആനും ഹദീസും വ്യക്തമാക്കിയിട്ടുണ്ട്. 

തിന്മക്ക് ശേഷം നന്‍മ ചെയ്യല്‍

നീ തിന്മകള്‍ ചെയ്താല്‍ അതിനെ തുടര്‍ന്ന് നന്മകള്‍ ചെയ്യുക എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത്. അത് മുഖേന ആ തിന്‍മ മാഞ്ഞു പോകും എന്നും റസൂല്‍ صلى الله عليه وسلم പഠിപ്പിക്കുന്നു. ഇത് വലിയൊരു അനുഗ്രഹമാണ്. നാം ചെയ്ത തിന്മകള്‍ക്കുള്ള പരിഹാരമാണിത്. ഈ ഒരു കാര്യം ജീവിതത്തില്‍ നടപ്പിലാക്കുമ്പോള്‍ തിന്മകള്‍ മാഞ്ഞു പോവുകയും തിന്‍മ ചെയ്യാനുള്ള അവസരങ്ങള്‍ കുറയുകയും നന്മകള്‍ക്കുള്ള അവസരങ്ങള്‍ വര്‍ധിക്കുകയും ചെയ്യും. 

തിന്മകള്‍ക്ക് ധാരാളം അനന്തര ഫലങ്ങളുണ്ട്. മനപ്രയാസവും, ദുഖവും, വിദ്വേഷവും, ശാരീരിക രോഗങ്ങള്‍ വരെയും അത് മുഖേനയുണ്ടാവാം. നന്മകള്‍ ചെയ്യുന്നതിലൂടെ അത്തരം അനന്തര ഫലങ്ങളും ജീവിതത്തില്‍ നിന്ന് തുടച്ച് മാറ്റപ്പെടും. 

തിന്മയുടെ ഗൗരവവും നന്മയുടെ മഹത്വവും ഈ ഹദീസ് നമ്മെ അറിയിക്കുന്നു. തിന്മകള്‍ എല്ലാം അപകടകാരികളാണ്. 

ചെറുതും വലുതുമായ എല്ലാ തിന്‍മകളും നാം ഒഴിവാക്കണം. നമ്മുടെ ജീവിതത്തിലെ ഏത് തിന്‍മ കൊണ്ടാണ് നാം ശിക്ഷിക്കപ്പെടുക എന്ന് നമുക്കാര്‍ക്കുമറിയില്ല. ആയതിനാല്‍ എല്ലാ തിന്‍മകളെയും നാം തിരിച്ചറിയുകയും അവയില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണം. അത് കൊണ്ടുള്ള ഗുണം നമുക്കാണ്. 

നന്‍മ മനുഷ്യ ജീവിതത്തിന് അനിവാര്യമാണ്. അവന് സമാധാനത്തോടെ ജീവിക്കാന്‍ നന്‍മ അത്യാവശ്യമാണ്. തിന്മ സമാധാനം നഷ്ടപ്പെടുത്തുമെങ്കില്‍ നന്‍മ സമാധാനമുണ്ടാക്കുന്നതാണ്. 

വലുതും ചെറുതുമായ എല്ലാ തിന്മകളില്‍ നിന്നും മുക്തരായി മരണം വരിക്കാന്‍ കഴിയണമെങ്കില്‍ സൂക്ഷ്മതാ ബോധവും നമകള്‍ അധികരിപ്പിക്കലും നാം ചര്യയാക്കണം. 

നന്‍മ തിന്‍മയെ മായ്ക്കും

നന്മകള്‍ ചെയ്യുന്നതിലൂടെ നമ്മുടെ ജീവിതത്തില്‍ വന്ന് പോയ ചെറിയ ചെറിയ തിന്മകള്‍ എല്ലാം ഇല്ലാതായിപ്പോകും. 

നമസ്കാരം, നോമ്പ് പോലെയുള്ള സല്‍ക്കര്‍മങ്ങള്‍ തിന്‍മയെ ഇല്ലാതാക്കുമെന്ന് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുണ്ട്. തിന്മകളെ മായ്ക്കുന്ന ധാരാളം വാക്കുകളും പ്രവര്‍ത്തനങ്ങളുമുണ്ട്. വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും അവ വന്നിട്ടുണ്ട്. 

വലിയ തിന്മകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍  അതില്‍ നിന്ന് നാം തൗബ ചെയ്യണം. അത് അനിവാര്യമാണ്. എങ്കിലേ ആ തിന്മകള്‍ ഇല്ലാതായിപ്പോവുകയുള്ളൂ.  ചെറിയ തിന്മകള്‍ മാത്രമേ സല്‍ക്കര്‍മങ്ങള്‍ കൊണ്ട് ഇല്ലാതാവുകയുള്ളൂ.


ജനങ്ങളോട് നല്ല നിലക്ക് പെരുമാറല്‍

ജനങ്ങളോട്‌ നല്ല സ്വഭാവത്തില്‍ പെരുമാറണം. നല്ല സ്വഭാവം സ്വര്‍ഗ്ഗത്തിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇസ്‌ലാം പഠിപ്പിച്ച ഏറ്റവും നല്ല സ്വഭാവങ്ങള്‍ക്കുടമകളാകുവാന്‍ നമുക്ക് കഴിയണം. എങ്കില്‍ നമ്മുടെ ജീവിതത്തില്‍ ധാരാളം നന്മകള്‍ ഉണ്ടാകാന്‍ സാധ്യതയേറും. 

ഏറ്റവും അധികം ഈമാന്‍ പൂര്‍ത്തിയായവര്‍ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ് എന്ന് റസൂല്‍ صلى الله عليه وسلم പറഞ്ഞിട്ടുണ്ട്. 

റസൂല്‍ صلى الله عليه وسلم ഏറ്റവും നല്ല സ്വഭാവത്തിനുടമയായിരുന്നു എന്ന് വിശുദ്ധ ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

നമ്മലുമായി ഇടപെടുന്ന എല്ലാവരോടും നാം നല്ല സ്വഭാവത്തില്‍ പെരുമാറണം. സ്നേഹവും, ബഹുമാനവും, ദയയും, കാരുണ്യവും തുടങ്ങി എല്ലാ സ്വഭാവ ഗുണങ്ങളെയും ശിരസ്സാവഹിക്കുന്നവരാകാന്‍ നാം പരിശ്രമിക്കണം. 



Tuesday, 3 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 228 دروس الحديث - എല്ലാറ്റിലും നന്‍മ ചെയ്യുന്നവരാവുക

 



الأربعون النووية-حديث: 17


എല്ലാറ്റിലും നന്‍മ ചെയ്യുന്നവരാവുക

عَنْ أَبِي يَعْلَى شَدَّادِ بْنِ أَوْسٍ رضي الله عنه عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ: "إنَّ اللَّهَ كَتَبَ الْإِحْسَانَ عَلَى كُلِّ شَيْءٍ، فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ، وَإِذَا ذَبَحْتُمْ فَأَحْسِنُوا الذِّبْحَةَ، وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ، وَلْيُرِحْ ذَبِيحَتَهُ".

رَوَاهُ مُسْلِمٌ [رقم:1955].  

അബൂ യഅ'ല ശദ്ദാദു ബ്നു ഔസ് رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിശ്ചയം അല്ലാഹു ഇഹ്സാന്‍ (നന്‍മ ചെയ്യല്‍) എല്ലാ കാര്യത്തിലും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിങ്ങള്‍ വധിക്കുകയാനെങ്കില്‍ നല്ല നിലക്ക് വധിക്കുക, നിങ്ങള്‍ ബലി അറുക്കുകയാണെങ്കില്‍ അറവും നന്നാക്കുക. നിങ്ങളില്‍ ഒരാള്‍ (കത്തിയുടെ) മൂര്‍ച്ഛ കൂട്ടുകയും അറവ് മൃഗത്തിന് ആശ്വാസം നല്‍കുകയും ചെയ്യുക. 

വിവരണം

അല്ലാഹു ഇഹ്സാന്‍ അഥവാ നല്ലത് ചെയ്യല്‍, നന്നാക്കി ചെയ്യല്‍ എല്ലാ കാര്യത്തിലും നിര്‍ബന്ധമാക്കിയിരിക്കുന്നു. كَتَبَ എന്ന പദം നിര്‍ബന്ധത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് ഉസ്വൂലി പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

إحسان എന്നാല്‍ നന്‍മ ചിലവഴിക്കുക അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ഗുണം ചെയ്യുക എന്നാണ് ഭാഷാര്‍ത്ഥം. അത് പോലെ ആരാധനാ കാര്യങ്ങള്‍ സൂക്ഷ്മതയോടെ പരിപൂര്‍ണ്ണമാക്കി ചെയ്യുന്നതിനും ഇഹ്സാന്‍ എന്ന് പറയുന്നു.

ഇഹ്സാന്‍ എന്നത് അല്ലാഹു മാനവരോട് കല്പിച്ച കാര്യമാണ്. അല്ലാഹു പറയുന്നു: 

''തീർച്ചയായും അല്ലാഹു കൽപിക്കുന്നത് നീതി പാലിക്കുവാനും നൻമ ചെയ്യുവാനും കുടുംബബന്ധമുള്ളവർക്ക് (സഹായം) നൽകുവാനുമാണ്'' . (നഹ്ല്‍:90)

അല്ലാഹു പറയുന്നു:

''നിങ്ങൾ നല്ലത് പ്രവർത്തിക്കുക. നൻമ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും''. (അല്‍ബക്വറ:195)

ഇഹ്സാന്‍ രണ്ട് വിധമുണ്ട്:

ഒന്ന്: നിരബന്ധമായവ, മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യല്‍ പോലെയുള്ളത്. 

രണ്ട്: ഐച്ഛീകം ആയത്. ദാനം ചെയ്യല്‍, ജനങ്ങള്‍ക്ക് നല്ലത് ചെയ്യല്‍ പോലെയുള്ളത്. 

എല്ലാ കാര്യങ്ങളിലും ഇഹ്സാന്‍ അനിവാര്യമാണ് എന്നാണ് ഈ ഹദീസ് അറിയിക്കുന്നത്. 

ഇഹ്സാന്‍ വിവിധ രൂപങ്ങളിലുണ്ട്. 

  • ഇസ്‌ലാം നിര്‍ബന്ധ കാര്യങ്ങളായി പഠിപ്പിച്ച കാര്യങ്ങള്‍ കൃത്യമായി പഠിപ്പിക്കപ്പെട്ട രൂപത്തില്‍ ചെയ്യല്‍ അതിലുള്ള ഇഹ്സാന്‍ ആണ്. 
  • ഇസ്‌ലാം നിഷിദ്ധമായി പഠിപ്പിച്ച കാര്യങ്ങളില്‍ അടുക്കാതെ അവയില്‍ നിന്ന് അകന്നു നില്‍ക്കല്‍ അതിലെ ഇഹ്സാന്‍ ആണ്
  • വിധിയില്‍ സംഭവിക്കുന്ന ധാരാളം കാര്യങ്ങള്‍ ഉണ്ട്. അവയില്‍ ക്ഷമിച്ച് കൊണ്ട് അല്ലാഹുവിന്‍റെ വിധിയില്‍ കൃത്യമായി വിശ്വസിച്ച് കൊണ്ട് ജീവിക്കല്‍. അതാണ്‌ അതിലുള്ള ഇഹ്സാന്‍. 
  • ജനങ്ങളുമായി ഇടപെടുമ്പോഴുള്ള ഇഹ്സാന്‍. അത് അവരുമായി ഇടപെടുമ്പോള്‍ ഏറ്റവും നല്ല നിലയില്‍ അല്ലാഹു കല്‍പിച്ച പോലെ അത് നിര്‍വ്വഹിക്കല്‍ ആണ്. 

കൊല്ലുമ്പോള്‍ വരെ ഇഹ്സാന്‍ വേണം എന്ന് പറഞ്ഞതില്‍ ഇസ്‌ലാമിന്‍റെ നന്മക്കുള്ള ആഹ്വാനം എത്രത്തോളം ഉണ്ട് എന്നതിനെ വ്യക്തമാക്കുന്നു. 

കൊല്ലല്‍ എന്നതില്‍ എല്ലാം ഉള്‍പ്പെടുന്നു. യുദ്ധത്തിലും പ്രതിക്രിയയായും മനുഷ്യരെ വധിക്കുന്നതും, ക്ഷുദ്ര ജീവികളെ കൊല്ലുന്നതും എല്ലാം ഇതില്‍ പെടുന്നു. ഈ കാര്യം നടപ്പിലാക്കുമ്പോള്‍ വേഗം ജീവന്‍ പോകുന്ന വിധത്തില്‍ ആയിരിക്കണം  നടപ്പിലാക്കേണ്ടത്. കൂടുതല്‍ വേദനകളും പ്രയാസങ്ങളും ഈ സമയത്ത് ഏല്‍പിക്കാന്‍ പാടില്ല. 

ബലി അറുക്കുമ്പോഴും ഈ കാര്യം ശ്രദ്ധിക്കണം. വേഗത്തില്‍ ജീവന്‍ പോകുന്ന വിധം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വേണം ബലിയറുക്കാന്‍. 

ജീവികളോടും കാരുണ്യം കാണിക്കണം എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇസ്‌ലാം അതിനും വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഒരിക്കല്‍ ഒരാള്‍ ഒരു ആടിനെ ചെവിയില്‍ പിടിച്ച് വലിച്ച് കൊണ്ടു പോകുന്നത് റസൂല്‍ صلى الله عليه وسلم കണ്ടപ്പോള്‍ അതിന്‍റെ കഴുത്തില്‍ പിടിച്ച് കൊണ്ട് പോകുവാന്‍ പറഞ്ഞത് ഇബ്നുമാജ റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. ബലി മൃഗത്തിന്‍റെ മുമ്പില്‍ അറവ് സമയത്ത് മാത്രമേ കത്തി കാണിക്കാവൂ എന്നും ഇമാം അഹ്മദ് رحمه الله പറഞ്ഞിട്ടുണ്ട്. 

ഇഹ്സാന്‍ ചെയ്യേണ്ട എല്ലാ മേഖലകളിലും നാം അത് കൃത്യമായി പാലിക്കണം. മുസ്‌ലീംകളോട് ശത്രുതയില്‍ അല്ലാത്ത മുസ്‌ലിംകള്‍ അല്ലാത്തവരോടും ഇഹ്സാന്‍ ചെയ്യണമെന്നത് അല്ലാഹുവിന്‍റെ അറിയിപ്പാണ്. അല്ലാഹു പറയുന്നു: ''മതകാര്യത്തിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവർക്ക് നൻമ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു''. (മുംതഹന:8)




Monday, 2 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 227 دروس الحديث - നീ കോപിക്കരുത്

 

الأربعون النووية-حديث: 16


നീ കോപിക്കരുത്

عَنْ أَبِي هُرَيْرَةَ رضي الله عنه  أَنْ رَجُلًا قَالَ لِلنَّبِيِّ صلى الله عليه وسلم  أَوْصِنِي. قَالَ: لَا تَغْضَبْ، فَرَدَّدَ مِرَارًا، قَالَ: لَا تَغْضَبْ" .

رَوَاهُ الْبُخَارِيُّ [رقم:6116].  

അബൂഹുറൈറ رضي الله عنه നിവേദനം. ഒരാള്‍ റസൂല്‍ صلى الله عليه وسلم യോട് പറഞ്ഞു. താങ്കള്‍ എന്നെ ഉപദേശിച്ചാലും... റസൂല്‍ صلى الله عليه وسلم പറഞ്ഞു: നീ കോപിക്കരുത്. അയാള്‍ പലതവണ (ചോദ്യം) ആവര്‍ത്തിച്ചു. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നീ കോപിക്കരുത്. 

വിവരണം

റസൂല്‍ صلى الله عليه وسلم യോട് ഉപദേശം തേടല്‍ സ്വഹാബിമാരുടെ പതിവായിരുന്നു. ഓരോരുത്തര്‍ക്കും വിവിധങ്ങളായ ഉപദേശങ്ങള്‍ റസൂല്‍ صلى الله عليه وسلم നല്‍കുകയും ചെയ്തിരുന്നു. ചിലപ്പോള്‍ ഉപദേശം തേടാതെ തന്നെ റസൂല്‍ صلى الله عليه وسلم ഉപദേശം നല്‍കുമായിരുന്നു. 

കോപത്തിന്‍റെ ഗൗരവത്തെയാണ്‌ ഈ ഹദീസ് സൂചിപ്പിക്കുന്നത്. കോപം അപകടകാരിയായ ദൂഷ്യസ്വഭാവമാണ്. പല തിന്‍മകളും ഉണ്ടാകാന്‍ കാരണം കോപമാണ്. ദേഷ്യം വരുമ്പോള്‍ മനസ്സിനെ ഒതുക്കി വെക്കാന്‍ സാധിക്കണം. അതൊരു വലിയ ഗുണമാണ്.

ഇമാം മുനാവി رحمه الله  പറഞ്ഞു: ദേഷ്യത്തെ കുറിച്ചുള്ള ഈ ഹദീസ് ഇസ്‌ലാമിന്‍റെ നാലിലൊന്നാണ്. കാരണം കര്‍മങ്ങള്‍ നല്ലതും ചീത്തയുമുണ്ട്. തിന്‍മ ഉണ്ടാകുന്നത് ഇച്ഛയില്‍ നിന്നും കോപത്തില്‍ നിന്നുമാണ്. നന്‍മ എന്നത് കോപം ഇല്ലാത്തതിനെയും ചീത്ത കാര്യങ്ങള്‍ ഇല്ലാത്തതിനെയും ആണ് ഉള്‍ക്കൊള്ളുന്നത്. (ഫീദുല്‍ ക്വദീര്‍: 6/537)

ഇവിടെ ഉപദേശം തേടിയ ആള്‍ അബുദ്ദര്‍ദാഅ' رضي الله عنه ആണ് എന്ന് പറയപ്പെടുന്നു. ഇമാം ത്വബ്റാനി رحمه الله റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം. അബുദ്ദര്‍ദാഅ' رضي الله عنه പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ.. എന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നതായ ഒരു കര്‍മത്തെ എനിക്ക് അറിയിച്ചു തന്നാലും? റസൂല്‍ صلى الله عليه وسلم പറഞ്ഞു: നീ കോപിക്കരുത്... (എങ്കില്‍) നിനക്ക് സ്വര്‍ഗ്ഗമുണ്ട്. (അത്തര്‍ഈബു വത്തര്‍ഹീബ്:3/446).

ഉപദേശം തേടിയ ആള്‍ ജാരിയത്തു ബ്നു ക്വുദാമ رضي الله عنه ആണെന്നും പറയപ്പെടുന്നുണ്ട്. 

ദേഷ്യം വരുമ്പോള്‍ അതിനെ പിടിച്ചു വെക്കുന്ന ആളെ നബി صلى الله عليه وسلم പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. നബി صلى الله عليه وسلم പറയുന്നു: 'മല്‍ പിടിത്തത്തില്‍ (വിജയിക്കുന്നവനല്ല) ശക്തവാന്‍. ദേഷ്യം വരുമ്പോള്‍ മനസ്സിനെ നിയന്ത്രിക്കുന്നവനാണ്‌ യഥാര്‍ത്ഥ ശക്തവാന്‍'. (ബുഖാരി, മുസ്‌ലിം)

കോപത്തെ മറച്ചു വെക്കുന്നവരെ അല്ലാഹുവിന്  ഇഷ്ടമാണ് എന്ന് അല്ലാഹു  പറയുന്നു: " (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധർമ്മങ്ങൾ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർക്ക് വേണ്ടി. (അത്തരം) സൽകർമ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു'. (ആലു ഇംറാന്‍:134)

ദേഷ്യത്തെ ഒതുക്കി വെക്കല്‍ സ്വര്‍ഗ്ഗത്തില്‍ പദവികള്‍ ലഭിക്കാനും കാരണമാകുന്ന കാര്യമാണ് എന്ന് റസൂല്‍ صلى الله عليه وسلم പറഞ്ഞിട്ടുണ്ട്. 

ദേഷ്യം വരുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1- പിശാചില്‍ നിന്ന് അല്ലാഹുവില്‍ രക്ഷ തേടല്‍.

2- ദേഷ്യം ഒതുക്കി വെക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്‌ലാം പഠിപ്പിച്ച കാര്യങ്ങള്‍ ഓര്‍ക്കല്‍.

3- ദേഷ്യം കൊണ്ട് ഉണ്ടാകുന്ന ദൂഷ്യങ്ങളെ കുറിച്ച് ഓര്‍ക്കല്‍.

4- ദേഷ്യം വരുമ്പോള്‍ ഉള്ള അവസ്ഥ മാറ്റല്‍. അഥവാ നില്‍ക്കുമ്പോഴാണ് ദേഷ്യം വരുന്നതെങ്കില്‍ ഇരിക്കുക. 

സദുപദേശങ്ങള്‍ക്കും നല്ല കാര്യങ്ങള്‍ കണ്ടെത്താനും അത്യാഗ്രഹമുണ്ടാകണമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. 

നാവിന്‍റെ അപകടങ്ങള്‍ നിരവധിയാണ്. ആതില്‍ പെട്ട ഒന്നാണ് ദേഷ്യം. ദേഷ്യം വരുമ്പോള്‍ എന്തൊക്കെയാണ് പറയുക എന്ന് നമ്മള്‍ക്കറിയില്ല. ആയതിനാല്‍  നാവിന്‍റെ വിപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കോപത്തെ ഒതുക്കി നിര്‍ത്തല്‍ അത്യാവശ്യമാണ്

മുസ്‌ലിം ഏറ്റവും നല്ല സ്വഭാവഗുണങ്ങള്‍ ഉള്ളവനായിരിക്കണം. അതിന് കോട്ടമുണ്ടാക്കുന്ന ഒന്നും അവനില്‍ ഉണ്ടായിക്കൂടാ. 


Sunday, 1 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 226 دروس الحديث - നല്ലത് പറയുക.. അയല്‍ക്കാരനെയും അതിഥിയെയും ആദരിക്കുക

 

الأربعون النووية-حديث: 15


നല്ലത് പറയുക.. അയല്‍ക്കാരനെയും അതിഥിയെയും ആദരിക്കുക

عَنْ أَبِي هُرَيْرَةَ رضي الله عنه  أَنَّ رَسُولَ اللَّهِ صلى الله عليه وسلم  قَالَ: "مَنْ كَانَ يُؤْمِنُ بِاَللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ، وَمَنْ كَانَ يُؤْمِنُ بِاَللَّهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ جَارَهُ، وَمَنْ كَانَ يُؤْمِنُ بِاَللَّهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ ضَيْفَهُ".

رَوَاهُ الْبُخَارِيُّ [رقم:6018]، وَمُسْلِمٌ [رقم:47].  

അബൂ ഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നു എങ്കില്‍ അവന് നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നു എങ്കില്‍ അവന്‍ അവന്‍റെ അയല്‍വാസിയെ ആദരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നു എങ്കില്‍ അവന്‍ അവന്‍റെ അതിഥിയെ ആദരിക്കട്ടെ. 

വിവരണം

ഈ ഹദീസ് ജവാമിഉല്‍ കലിമില്‍ പെട്ടതാണ്. ഇതില്‍ നന്മകള്‍ എല്ലാം നിറഞ്ഞിരിക്കുന്നു. മനുഷ്യ ജീവിതത്തില്‍ തിന്മകള്‍ വരാനിടയുള്ള മുഖ്യ സാധ്യതകളെ അടക്കുന്നതാണ് ഇതില്‍ പറയപ്പെട്ട കാര്യങ്ങള്‍. 

ഒരു മുസ്‌ലിം നിര്‍ബന്ധമായും കാത്തു സൂക്ഷിക്കേണ്ട മര്യാദകളില്‍ പെട്ടതാണ് ഈ കാര്യങ്ങള്‍. 

നല്ലത് പറയല്‍

ഒരാള്‍ സംസാരിക്കുമ്പോള്‍ അത് കൊണ്ട് അവന് ഗുണവും അല്ലെങ്കില്‍ പ്രതിഫലവും ലഭിക്കുമെങ്കില്‍ അവന്‍ അത് പറയട്ടെ, അവന്‍റെ സംസാരം കൊണ്ട് അവന് നഷ്ടവും മറ്റുള്ളവര്‍ക്ക് ദ്രോഹവുമാണെങ്കില്‍ അവന്‍ സംസാരിക്കാതിരിക്കട്ടെ. 

നാവ് കൊണ്ട് വലിയ വിപത്തുകള്‍ ഉണ്ടാകാനിടയുണ്ട്. ഒരാള്‍ തനിക്ക് അത്യാവശ്യമുള്ളത് മാത്രം പറയുകയും സംസാരിക്കുകയും ചെയ്യണം. 

അമിതമായ സംസാരം ഒരുപാട് ഖേദങ്ങള്‍ക്ക് കാരണമാണ്. എന്നാല്‍ മൗനം അവന് സമാധാനം നല്‍കുന്നതുമാണ്. അനാവശ്യമായിടങ്ങളില്‍ മൗനം അവലംബിക്കല്‍ യുക്തിയുള്ളവര്‍ ചെയ്യുന്ന കാര്യമാണ്. 

ഒരാള്‍ ഏതൊരു കാര്യം സംസാരിക്കുമ്പോഴും അതൊക്കെ രേഖപ്പെടുത്തപ്പെടുന്നുണ്ട് എന്നാണ് വിശുദ്ധ ക്വുര്‍ആന്‍ (ക്വാഫ്:18) അറിയിക്കുന്നത്. 

നന്മയുടെ മര്യാദകള്‍ നാല് ഹദീസുകളില്‍ ഉള്‍ക്കൊള്ളുന്നു: അവ: 

1- ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നു എങ്കില്‍ അവന് നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. 

2- ഒരാള്‍ക്ക് അനുഗുണമല്ലാത്ത കാര്യങ്ങളെ ഒഴിവാക്കല്‍ ഒരാളുടെ നല്ല ഇസ്‌ലാമില്‍ പെട്ടതാണ്

3- റസൂല്‍ صلى الله عليه وسلم പറഞ്ഞു: നീ കോപിക്കരുത്

4- ഒരാള്‍ തനിക്ക് ഇഷ്ടപ്പെടുന്നത് തന്‍റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല.

ഈ നാല് ഹദീസുകളും വലിയ ആശയങ്ങള്‍ നല്‍കുന്നതും ഇസ്‌ലാമിന്‍റെ മര്യാദകളെ വ്യക്തമാക്കുന്നവയുമാണ്. 

പൂര്‍വ്വികരായ പണ്ഡിതരില്‍ ചിലരോട് ചോദിക്കപ്പെട്ടു: നിങ്ങള്‍ എന്താ മിണ്ടാത്തത്? അപ്പോള്‍ അവര്‍ പറഞ്ഞ മറുപടി നിശബ്ദത കൊണ്ട് എനിക്ക് ഖേദിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ സംസാരം കൊണ്ട് ഞാന്‍ ധാരാളമായി ഖേദിച്ചിട്ടുണ്ട് എന്നാണ്. 

സംസാരിക്കല്‍ വെള്ളിയാണെങ്കില്‍ മൗനം സ്വര്‍ണ്ണമാണ് എന്ന് ലുഖ്മാന്‍ തന്‍റെ മകനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ കാണാം. 

നാം ആവശ്യമുള്ളത് മാത്രം സംസാരിക്കുക. നാവിനെ നല്ലതിന് മാത്രം ഉപയോഗിക്കുന്നവരാവുക.

അയല്‍വാസിക്ക് നല്ലത് ചെയ്യല്‍.

അയല്‍വാസിക്ക്‌ നന്‍മ ചെയ്യണം. അവന് ദ്രോഹമുണ്ടാക്കരുത്. 

വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കൊപ്പം അയല്‍വാസിക്ക് നന്‍മ ചെയ്യേണ്ടതിന്‍റെ പ്രാധാന്യം അല്ലാഹു അറിയിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: 

''നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കു ചേർക്കാതിരിക്കുക യും മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബ ബന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല''. (നിസാഅ': 36)

അയല്‍വാസി മുസ്‌ലിം ആണെങ്കിലും മുസ്‌ലിം അല്ലെങ്കിലും അയല്‍പ്പക്ക ബന്ധം നന്നാക്കണം. അയല്‍വാസി ആരായാലും അവന് ആദരിക്കപ്പെടണം. അവര്‍ക്ക് ദ്രോഹം ഉണ്ടാക്കാന്‍ പാടില്ല. 

പണ്ഡിതന്മാര്‍ പറയുന്നു: അയല്‍വാസി മുസ്‌ലിമും കുടുംബത്തില്‍ പെട്ടവനുമാണെങ്കില്‍ അവനോട് മൂന്ന് കടമകള്‍ ഉണ്ട്: 

ഒന്ന്: അയല്‍പക്കവുമായി ബന്ധപ്പെട്ട കടമ, 

രണ്ട്: ഇസ്‌ലാമിന്‍റെ കടമ, 

മൂന്ന്: ബന്ധത്തിന്‍റെ കടമ. 

ഇനി കുടുംബത്തില്‍ പെട്ടതല്ലാത്ത അയല്‍വാസിയാണെങ്കില്‍ അവനോട് രണ്ട് കടമകളുണ്ട്, 

ഒന്ന്: അയല്‍പ്പക്കവുമായി ബന്ധപ്പെട്ട കടമ, 

രണ്ട്: ഇസ്‌ലാമിന്‍റെ കടമ. 

ഇനി അയല്‍വാസി ബന്ധത്തില്‍ പെടാത്ത  അമുസ്‌ലിം ആണെങ്കില്‍ അവരോട് അയല്‍പ്പക്കവുമായി ബന്ധപ്പെട്ട കടമകള്‍ നിറവേറ്റണം. 

അയല്‍ക്കാരനെ ദ്രോഹിക്കല്‍ ഈമാനില്ലാത്തവരില്‍ നിന്നാണ് ഉണ്ടാവുക. തന്‍റെ ദ്രോഹത്തില്‍ നിന്ന് അയല്‍ക്കാരന്‍ നിര്‍ഭയനല്ലെങ്കില്‍ അയാള്‍ വിശ്വാസിയല്ല എന്ന് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുണ്ട്.   

അതിഥിയെ ആദരിക്കല്‍

അതിഥിയെ ആദരിക്കല്‍ ഇസ്‌ലാം പഠിപ്പിച്ച വലിയ നന്മകളില്‍ ഒന്നാണ്. 

മൂന്ന് ദിവസമാണ് ആദിത്യം. ഇമാം നവവി رحمه الله പറഞ്ഞു: മുസ്ലീംകള്‍ ആതിത്യത്തിന്‍റെ കാര്യത്തില്‍ യോജിച്ച അഭിപ്രായമുള്ളവരാണ്. ഇസ്‌ലാം പ്രബലമാക്കിയ കാര്യങ്ങളില്‍ പെട്ടതാണ് അത്.

അതിഥികളും മര്യാദകള്‍ പാലിക്കണം, മൂന്ന് ദിവസത്തില്‍ അധികം അതിഥിയായി താമസിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നല്ല മനസ്സോടെ ആതിഥേയര്‍ നിര്‍ബന്ധിച്ചാല്‍ അതില്‍ കൂടുതലാവാം. 

ഇസ്‌ലാം ഇത്തരം മൂല്യങ്ങള്‍ക്ക് വലിയ മഹത്വം നല്‍കുന്നു എന്ന് ഈ ഹദീസില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ഈമാനുമായാണ് ഇവയെ ബന്ധപ്പെടുത്തിയത്. അഥവാ ഈ കാര്യങ്ങള്‍ പാലിക്കുന്നവരില്‍ ഇമാന്‍ പൂര്‍ണ്ണമാകും എന്നര്‍ത്ഥം. ഇല്ലെങ്കില്‍ അവരുടെ വിശ്വാസത്തില്‍ ന്യൂനതകളുണ്ട്.

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...