ഫോളോ ചെയ്യാം

Monday, 11 August 2025

296 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 36- دروس الحديث - സ്വപ്ന സ്ഖലനമുണ്ടായാല്‍

 



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

സ്വപ്ന സ്ഖലനമുണ്ടായാല്‍


36 - عَنْ أُمِّ سَلَمَةَ رضي الله عنها - زَوْجِ النَّبِيِّ - صلى الله عليه وسلم - قَالَتْ: ((جَاءَتْ أُمُّ سُلَيْمٍ امْرَأَةُ أَبِي طَلْحَةَ - إلَى رَسُولِ اللَّهِ - صلى الله عليه وسلم - فَقَالَتْ: يَا رَسُولَ اللَّهِ ، إنَّ اللَّهَ لا يَسْتَحْيِي مِنْ الْحَقِّ ، فَهَلْ عَلَى الْمَرْأَةِ مِنْ غُسْلٍ إذَا هِيَ احْتَلَمَتْ؟ فَقَالَ رَسُولُ اللَّهِ - صلى الله عليه وسلم -: نَعَمْ ، إذَا رَأَتِ الْمَاءَ)) . 

നബി صلى الله عليه وسلم യുടെ ഭാര്യ ഉമ്മു സലമ رضي الله عنها നിവേദനം. അവര്‍ പറഞ്ഞു: അബൂ ത്വല്‍ഹയുടെ ഭാര്യ ഉമ്മു സുലൈം رضي الله عنها റസൂല്‍ صلى الله عليه وسلم യുടെ അടുക്കലേക്ക് വന്നു. അവര്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ... നിശ്ചയം അല്ലാഹു സത്യത്തിന്‍റെ കാര്യത്തില്‍ ലജ്ജിക്കുകയില്ല. അപ്പോള്‍ ഒരു സ്ത്രീക്ക് സ്വപ്ന സ്ഖലനം ഉണ്ടായാല്‍ അവള്‍ക്ക് കുളി നിര്‍ബന്ധമാണോ? അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: അതെ. അവള്‍ വെള്ളം (പുറത്ത് വന്നത്) കണ്ടാല്‍. 

احتلمتْ: الاحتلامُ: هوَ مايراهُ النائمُ في نومِهِ، ومايصحبُ ذلكَ منْ إنزالِ المنِيِّ، ويكونُ منَ الرجلِ والمرأَةِ.

സ്വപ്ന സ്ഖലനം എന്നാല്‍ ഒരാള്‍ ഉറക്കത്തില്‍ കാണുന്നതാണ്, അതിലൂടെ ശുക്ലം പുറത്ത് പോവുകയും ചെയ്യും. സ്ത്രീക്കും പുരുഷനും ഇത് സംഭവിക്കും.


വിവരണം

    ലജ്ജ മുഴുവനും നന്മയാണ്. അത് ഈമാനില്‍ പെട്ടതുമാണ്. അത് സ്തുത്യര്‍ഹമായ കാര്യങ്ങളില്‍ പ്രധാനമാണ്. സ്ത്രീയും പുരുഷനും ലജ്ജയുള്ളവരാകണം. 

    ഉമ്മു സുലൈം رضي الله عنها അനസുബ്നു മാലിക് رضي الله عنه വിന്‍റെ മാതാവും അബൂത്വല്‍ഹ അല്‍ അന്‍സ്വാരി رضي الله عنه വിന്‍റെ പത്നിയുമാണ്‌. അവര്‍ റസൂല്‍ صلى الله عليه وسلم യുടെ ഭാര്യ ഉമ്മു സലമ رضي الله عنها ഹാജറുള്ളപ്പോള്‍ മത വിഷയത്തില്‍ സംശയം ചോദിക്കാനായി റസൂല്‍ صلى الله عليه وسلم യുടെ അടുക്കലേക്കു വന്നു.  ചോദിക്കാന്‍ ലജ്ജയുള്ള കാര്യമായതിനാല്‍ അവര്‍ അതുമായി ബന്ധപ്പെട്ട് ഒരു ആമുഖം പറയുകയുണ്ടായി. സാധാരണ സ്ത്രീകള്‍ ചോദിക്കാന്‍ മടിക്കുന്ന ചോദ്യമായതിനാലാണത്. അഥവാ സത്യത്തിന്‍റെ വിഷയത്തില്‍ അല്ലാഹു ലജ്ജ കാണിക്കുകയില്ല, അല്ലാഹു എല്ലാ കാര്യങ്ങളും വിശദീകരിക്കും എന്നാണ് അവര്‍ ഉദ്ദേശിച്ചത്. മതപരമായ വിഷയങ്ങള്‍ അറിയുന്നതില്‍ ലജ്ജിക്കേണ്ടതില്ല എന്ന സന്ദേശമാണ് അവര്‍ ആമുഖമായി നല്‍കിയത്. 

    പിന്നെ അവര്‍ ചോദ്യം ചോദിച്ചു: സ്ത്രീക്ക് സ്വപ്നസ്ഖലനം ഉണ്ടായാല്‍ കുളി നിര്‍ബന്ധമാണോ? എന്നാണ് ചോദ്യം. ഒരു സ്ത്രീ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സ്വപ്നം കാണുകയും സ്ഖലനം സംഭവിക്കുകയും ചെയ്‌താല്‍ എന്താണ് വിധി എന്നാണ് ചോദ്യത്തിന്‍റെ സാരം. ആ സ്ത്രീ വെള്ളം പുറത്ത് പോയതായി കണ്ടാല്‍ കുളിക്കണം എന്നാണ് റസൂല്‍ صلى الله عليه وسلم മറുപടി നല്‍കിയത്. എന്നാല്‍ വെള്ളം പുറത്ത് വന്നതായി കണ്ടില്ലെങ്കില്‍ അവള്‍ക്ക് കുളി നിര്‍ബന്ധമില്ല. 

ഹദീസില്‍ നിന്നുള്ള പാഠം

1- മത വിഷയങ്ങള്‍ ചോദിച്ചറിയുന്നതില്‍ ലജ്ജ പാടില്ല.

2- പുരുഷന്‍ മാരെ പോലെ സ്ത്രീകള്‍ക്കും സ്വപ്നസ്ഖലനം ഉണ്ടാകും.

3- സ്വപ്നസ്ഖലനം ഉണ്ടായി വെള്ളം (ശുക്ലം) പുറത്ത് പോയാല്‍ കുളി നിര്‍ബന്ധമാണ്‌.

4- സ്വഹാബി വനിതകള്‍ മതനിയമങ്ങള്‍ പഠിക്കുന്നതില്‍ അതീവ തല്‍പരരായിരുന്നു. 

5- അല്ലാഹുവിന്‍റെ മഹത്വത്തിന് യോജിച്ച വിധം അല്ലാഹുവിന് ലജ്ജ എന്ന വിശേഷണം സ്ഥിരപ്പെട്ടിരിക്കുന്നു.

6- ലജ്ജയുണ്ടാക്കുന്ന കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ തുടക്കത്തില്‍ ഹദീസില്‍ ഉള്ളത് പോലെയുള്ള ആമുഖം പറയുന്നത് നല്ലതാണ്. 

 

Sunday, 10 August 2025

295 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 35- دروس الحديث - ജനാബത്തുകാരനായി ഉറങ്ങല്‍

 



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  


ജനാബത്തുകാരനായി ഉറങ്ങല്‍

35 - عَنْ عَبْدِ اللَّهِ بْنِ عُمَرَ: أَنَّ عُمَرَ بْنَ الْخَطَّابِ - رضي الله عنه - قَالَ: ((يَا رَسُولَ اللَّهِ، أَيَرْقُدُ أَحَدُنَا وَهُوَ جُنُبٌ؟ قَالَ: نَعَمْ، إذَا تَوَضَّأَ أَحَدُكُمْ فَلْيَرْقُدْ)) .

അബ്ദുല്ലാഹി ബ്നു ഉമര്‍ رضي الله عنهما നിവേദനം. ഉമറുബ്നുല്‍ ഖത്താബ് رضي الله عنه പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ... ജനാബത്തുകാരനായി ഞങ്ങളില്‍ ഒരാള്‍ക്ക് ഉറങ്ങാന്‍ പറ്റുമോ? റസൂല്‍ صلى  الله عليه وسلم  പറഞ്ഞു:: അതെ, നിങ്ങളില്‍ ഒരാള്‍ വുദൂഅ' ചെയ്‌താല്‍ അവന്‍ ഉറങ്ങട്ടെ.

يرقد : ഉറങ്ങുന്നു  


വിവരണം

    മത വിഷയങ്ങള്‍ ചോദിച്ച് അറിയുന്നതില്‍ സ്വഹാബികള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. രാത്രിയുടെ ആദ്യഭാഗത്ത് ഒരാള്‍ക്ക് ജനാബത്ത് സംഭവിച്ചാല്‍ അതെ അവസ്ഥയില്‍ (ശുദ്ധിയാവാതെ) അദ്ദേഹത്തിന് ഉറങ്ങാന്‍ പാടുണ്ടോ എന്നാണ് ഉമറുബ്നുല്‍ ഖത്താബ് رضي الله عنه ചോദിച്ചത്. ആ അവസ്ഥയില്‍ വുദൂഅ' ചെയ്ത് കൊണ്ട് ഉറങ്ങാം എന്നാണ് റസൂല്‍ صلى  الله عليه وسلم യുടെ മറുപടി. 

    വലിയ അശുദ്ധി സംഭവിച്ചാല്‍ വേഗത്തില്‍ ശുദ്ധിയാവുന്നതാണ് ഉത്തമം. എന്നാല്‍ ഏതെങ്കിലും കാരണം കൊണ്ട് അതിന് സാധിക്കുന്നില്ലെങ്കില്‍ വുദൂഅ' ചെയ്ത് കൊണ്ട് ഉറങ്ങാവുന്നതാണ്. വലിയ അശുദ്ധിയുണ്ടായിട്ട് വുദൂഅ' ചെയ്യാതെ ഉറങ്ങുന്നത് കറാഹത്ത് ആണ്. 


ഹദീസില്‍ നിന്നുള്ള പാഠം

1- മതവിഷയങ്ങള്‍ പഠിക്കുന്നതില്‍ സ്വഹാബികള്‍ക്കുള്ള താല്‍പര്യം ഈ ഹദീസ് അറിയിക്കുന്നു. 

2- ജനാബത്ത് കുളി പെട്ടെന്ന് നിര്‍വഹിക്കണമെന്ന് നിര്‍ബന്ധമില്ല. നമസ്കാരത്തിന് മുമ്പ് കുളിച്ചാല്‍ മതിയാകുന്നതാണ്. 

3- വലിയ അശുദ്ധിയില്‍ നിന്ന് വേഗത്തില്‍ ശുദ്ധിയാകുന്നത് ഉത്തമമാണ്. അതാണ്‌ പരിപൂര്‍ണ്ണത.

4- വലിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകാതെ ഉറങ്ങുകയാണെങ്കില്‍ വുദൂഅ' ചെയ്ത് കൊണ്ട് ഉറങ്ങാം. ഇതൊരു ഇളവാണ്. ഈ വുദൂഅ' കൊണ്ട് ജനാബത്തില്‍ നിന്ന് ശുദ്ധിയാവുകയില്ല എന്ന് മനസ്സിലാക്കണം. നമസ്കാരത്തിന് മുമ്പ് അവന് കുളിക്കേണ്ടി വരും. 

5- വലിയ അശുദ്ധി ഉണ്ടായിട്ട് കുളിക്കാതെയും വുദൂഅ' ചെയ്യാതെയും ഉറങ്ങല്‍ കറാഹത്ത് ആണ്. 

Saturday, 9 August 2025

294 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 34- دروس الحديث - ജനാബത്ത് കുളിയുടെ രൂപം

 



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ജനാബത്ത് കുളിയുടെ രൂപം


34 - عَنْ مَيْمُونَةَ بِنْتِ الْحَارِثِ رضي الله عنها زَوْجِ النَّبِيِّ - صلى الله عليه وسلم - أَنَّهَا قَالَتْ: ((وَضَعْتُ لِرَسُولِ اللَّهِ - صلى الله عليه وسلم - وَضُوءَ الْجَنَابَةِ، فَأَكْفَأَ بِيَمِينِهِ عَلَى يَسَارِهِ مَرَّتَيْنِ - أَوْ ثَلاثاً - ثُمَّ غَسَلَ فَرْجَهُ، ثُمَّ ضَرَبَ يَدَهُ بِالأَرْضِ، أَوْ الْحَائِطِ، مَرَّتَيْنِ - أَوْ ثَلاثاً - ثُمَّ تَمَضْمَضَ وَاسْتَنْشَقَ، وَغَسَلَ وَجْهَهُ وَذِرَاعَيْهِ، ثُمَّ أَفَاضَ عَلَى رَأْسِهِ الْمَاءَ، ثُمَّ غَسَلَ جَسَدَهُ، ثُمَّ تَنَحَّى، فَغَسَلَ رِجْلَيْهِ، فَأَتَيْتُهُ بِخِرْقَةٍ فَلَمْ يُرِدْهَا، فَجَعَلَ يَنْفُضُ الْمَاءَ بِيَدِهِ)) .

നബി صلى الله عليه وسلم യുടെ ഭാര്യ മയ്മൂന ബിന്‍ത്ത് അല്‍ഹാരിസ് رضي الله عنها പറഞ്ഞു: നബി صلى الله عليه وسلم ക്ക് കുളിക്കാൻ വേണ്ടി ഞാൻ വെള്ളം ഒരുക്കി കൊടുത്തു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم വലത് കൈകൊണ്ട് ഇടത് കയ്യിലേക്ക് രണ്ട് -അല്ലെങ്കില്‍ മൂന്ന്- തവണ വെള്ളം ഒഴിച്ചു. പിന്നെ തന്‍റെ ഗുഹ്യ സ്ഥാനം കഴുകുകയും ചെയ്തു. പിന്നീട് നബി صلى الله عليه وسلم തന്‍റെ കൈ ഭൂമിയില്‍ അല്ലെങ്കില്‍ മതിലില്‍ രണ്ടോ മൂന്നോ തവണ അടിക്കുകയും (അത് തടവിക്കളയുകയും) ചെയ്തു. പിന്നീട് അവിടുന്ന് വായിൽ വെള്ളം കയറ്റി കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റുകയും ചെയ്തു. എന്നിട്ട്, തൻ്റെ മുഖം കഴുകുകയും, രണ്ട് മുഴം കൈകളും  (കൈമുട്ടുകൾ വരെ) കഴുകുകയും ചെയ്തു. ശേഷം തൻ്റെ തലക്ക് മുകളിലൂടെ വെള്ളം ഒഴിക്കുകയും, ശരീരം കഴുകുകയും ചെയ്തു. അതിന് ശേഷം അവിടുന്ന് (നിന്നിടത്തു നിന്ന്) മാറിനിൽക്കുകയും, തൻ്റെ രണ്ട് കാൽപാദങ്ങളും കഴുകുകയും ചെയ്തു. ഞാൻ അവിടുത്തേക്ക് (തോർത്താനായി) തുണി കൊണ്ടു വന്നെങ്കിലും അവിടുന്ന് അത് ഉദ്ദേശിച്ചിരുന്നില്ല. റസൂല്‍ صلى الله عليه وسلم തൻ്റെ കൈകള്‍ കൊണ്ട് വെള്ളം തുടക്കുകയുണ്ടായി.

വിവരണം
    നബി صلى الله عليه وسلم ജനാബത്തിൽ (വലിയ അശുദ്ധിയിൽ) നിന്ന് കുളിക്കാറുണ്ടായിരുന്ന രൂപമാണ് വിശ്വാസികളുടെ ഉമ്മയായ മൈമൂന رضي الله عنها ഈ ഹദീഥിൽ വിവരിക്കുന്നത്. അവർ നബിക്ക് صلى الله عليه وسلم കുളിക്കാൻ വേണ്ടി വെള്ളം ഒരുക്കി കൊടുക്കുകയും, ഒരു മറ വിരിച്ചു കൊടുക്കുകയും ചെയ്തു. 

ശേഷം നബി صلى الله عليه وسلم ജനാബത്തിൽ നിന്ന് കുളിച്ചത് താഴെ പറയുന്ന വിധത്തിലാണ്:

1- തൻ്റെ രണ്ട് കൈകളിലേക്കും വെള്ളം ചൊരിയുകയും, അവ രണ്ടും പാത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് കഴുകുകയും ചെയ്തു.
2- വലതു കൈ കൊണ്ട് ഇടതു കൈയ്യിലേക്ക് വെള്ളം ചൊരിയുകയും ഇടതു കൈ കൊണ്ട് തൻ്റെ ഗുഹ്യസ്ഥാനം കഴുകുകയും ചെയ്തു. ജനാബത്തിൻ്റെ ഭാഗമായി അവിടെ പറ്റിപ്പിടിക്കുന്നത് നീക്കുന്നതിന് വേണ്ടിയാണ് അപ്രകാരം ചെയ്തത്.
3- കൈകളിലെ വൃത്തികേടുകൾ കളയാൻ അവ കൊണ്ട് ഭൂമിയിൽ അടിക്കുകയും, തടവുകയും, ശേഷം കഴുകുകയും ചെയ്തു.
4- വായിൽ വെള്ളം കയറ്റി കൊപ്ലിച്ചു; അതായത് വെള്ളം വായിലേക്ക് പ്രവേശിപ്പിക്കുകയും, അത് വായിൽ വെച്ച് കൊണ്ട് കുലുക്കുകയും, ശേഷം പുറത്തേക്ക് തുപ്പിക്കളയുകയും ചെയ്തു. അതോടൊപ്പം അവിടുന്ന് മൂക്കിലേക്ക്  വെള്ളം  കയറ്റുകയും, ശേഷം അത് പുറത്തേക്ക് ചീറ്റിക്കളയുകയും ചെയ്തു.
5- തൻ്റെ മുഖം കഴുകുകയും, രണ്ട് കൈകളും മുട്ട് വരെ കഴുകുകയും ചെയ്തു.
6- തൻ്റെ തലയിലൂടെ വെള്ളം ഒഴിച്ചു.
7- ശരീരത്തിലെ മറ്റെല്ലാ ഭാഗങ്ങളിലേക്കും വെള്ളമൊഴിച്ചു കഴുകി.
8- താൻ നിന്നിരുന്ന സ്ഥലത്ത് നിന്ന് നീങ്ങിനിൽക്കുകയും, തൻ്റെ രണ്ട് കാലുകൾ മറ്റൊരു സ്ഥാനത്ത് നിന്നു കൊണ്ട് കഴുകുകയും ചെയ്തു. ഇത്രയും ചെയ്തു കഴിഞ്ഞതിന് ശേഷം മയ്മൂന رضي الله عنها നബി صلى الله عليه وسلم ക്ക് ശരീരം തുടക്കുന്നതിന് വേണ്ടി ഒരു മുണ്ട് എടുത്തു കൊടുത്തു. എന്നാൽ നബി صلى الله عليه وسلم അത് സ്വീകരിച്ചില്ല. മറിച്ച് തൻ്റെ ശരീരത്തിൽ നിന്ന് കൈകൾ കൊണ്ട് വെള്ളം തടവിക്കളയുകയാണ് ചെയ്തത്. 


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- നബി صلى الله عليه وسلم യുടെ ജീവിതത്തിലെ അതി സൂക്ഷ്മമായ കാര്യങ്ങൾ വരെ മുഅ്മിനീങ്ങളുടെ മാതാക്കൾ (നബി صلى الله عليه وسلم യുടെ പത്‌നിമാർ) നമുക്ക് വിശദീകരിച്ചു തന്നിരിക്കുന്നു. അവിടുത്തെ ഉമ്മത്തിനെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് അവർ അപ്രകാരം ചെയ്തത്.
2- നബി صلى الله عليه وسلم ജനാബത്തിൽ നിന്ന് കുളിക്കുന്നതിൻ്റെ പൂർണ രൂപങ്ങൾ വ്യത്യസ്ത വിധത്തിൽ വന്നിട്ടുണ്ട്. ഇത് അവയിൽ ഒരു രൂപം മാത്രമാണ്. എന്നാൽ ജനാബത്ത് കുളിയുടെ ഏറ്റവും കുറഞ്ഞ രൂപം, ശരീരം മുഴുവൻ വെള്ളം എത്തുക എന്നതും, വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റുകയും ചെയ്യുക എന്നതുമാണ്.
3- വുദൂഅ് ചെയ്തതിനും കുളിച്ചതിനുമെല്ലാം ശേഷം തോർത്തു കൊണ്ട് വെള്ളം തുടച്ചു കളയുക എന്നതും, തുടക്കാതെ വിടുക എന്നതും അനുവദനീയമാണ്.

Friday, 8 August 2025

293 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 33- دروس الحديث - ദമ്പതികള്‍ ഒന്നിച്ചുള്ള ജനാബത്ത് കുളി

 



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ദമ്പതികള്‍ ഒന്നിച്ചുള്ള 

ജനാബത്ത് കുളി

عَنْ عَائِشَةَ رضي الله عنها 

33 - وَكَانَتْ تَقُولُ: كُنْتُ أَغْتَسِلُ أَنَا وَرَسُولُ اللَّهِ - صلى الله عليه وسلم - مِنْ إنَاءٍ وَاحِدٍ، نَغْتَرِفُ مِنْهُ جَمِيعاً)) .

ആഇശ  رضي الله عنها പറയാറുണ്ടായിരുന്നു. ഞാനും റസൂല്‍ صلى الله عليه وسلم യും ഒരേ പാത്രത്തില്‍ നിന്ന് കുളിക്കാറുണ്ടായിരുന്നു. അതില്‍ നിന്ന് ഞങ്ങള്‍ ഒന്നിച്ച് വെള്ളം ഒഴിക്കുമായിരുന്നു. 


വിവരണം

ആഇശ  رضي الله عنها നബി صلى الله عليه وسلم യോടൊപ്പം ഒരേ പാത്രത്തില്‍ നിന്ന് വെള്ളം എടുത്ത് വലിയ അശുദ്ധിയില്‍ നിന്ന് കുളിച്ചിരുന്നു എന്നാണ് ഈ ഹദീസില്‍ പറയുന്നത്. ദമ്പതികള്‍ക്ക് ഈ രൂപത്തില്‍ കുളിക്കാവുന്നതാണ്‌ എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം. റസൂല്‍ صلى الله عليه وسلم യുടെ നല്ല സ്വഭാവവും കുടുംബത്തോടുള്ള അവരുടെ സ്നേഹവും ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്.  . 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- മത നിയമങ്ങള്‍ വിശദീകരിക്കപ്പെടണം, പറയാന്‍ മടിയുള്ളതാണെങ്കിലും മത നിയമങ്ങള്‍ ചോദിക്കുകയും പറയുകയും വേണം എന്ന പാഠം ഈ ഹദീസ് നല്‍കുന്നു. അറിയേണ്ട മത വിഷയങ്ങള്‍ ലജ്ജ കാണിച്ച് അറിയാതിരിക്കുന്ന അവസ്ഥ ഉണ്ടാകരുത്. 

2- ഭര്‍ത്താവിന് ഭാര്യയോടൊപ്പം ഒന്നിച്ച് കുളിക്കാവുന്നതാണ്. അവരുടെ ഔറത്തുകള്‍ അവര്‍ പരസ്പരം കാണുന്നത് കൊണ്ട് കുഴപ്പമില്ല. 

3- സ്ത്രീയും പുരുഷനും ഒരേ പാത്രത്തില്‍ നിന്ന് കുളിക്കുന്നത് കൊണ്ട് ആ വെള്ളം അഴുക്കാവുകയോ അതിന്‍റെ ശുദ്ധിക്ക് ഭംഗം വരികയോ ചെയ്യുന്നില്ല. 

4- ജനാബത്ത് (വലിയ അശുദ്ധി) ഉള്ളവര്‍ കുളിക്കാനുള്ള വെള്ളത്തില്‍ കയ്യിട്ടാല്‍ ആ വെള്ളം അഴുക്കുള്ളതാവില്ല. 

5- കുളിക്കും, വുദൂഇനും കുറച്ച് മാത്രം വെള്ളം ഉപയോഗിക്കല്‍ പ്രാധാന്യമുള്ള കാര്യമാണ്. 

6- ഭാര്യാ-ഭര്‍ത്താക്കന്‍മാരുടെ കൈകള്‍ പരസ്പരം സ്പര്‍ശിക്കുന്നത് കൊണ്ട് ശുദ്ധിക്ക് കോട്ടം തട്ടില്ല. 

7- കുടുംബത്തോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നതിന്‍റെ ഉത്തമോദാഹരണമാണ് ഈ ഹദീസില്‍ പറയപ്പെട്ടിട്ടുള്ളത്. 

8- നബി صلى الله عليه وسلم യുടെ ഭാര്യ ആഇശ رضي الله عنها യുടെ ശ്രേഷ്ടത ഈ ഹദീസ് അറിയിക്കുന്നു. 


Thursday, 7 August 2025

292 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 32- دروس الحديث - ജനാബത്ത് കുളിയുടെ രൂപം

 




عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

 ജനാബത്ത് കുളിയുടെ രൂപം


32 - عَنْ عَائِشَةَ رضي الله عنها قَالَتْ: ((كَانَ النَّبِيُّ - صلى الله عليه وسلم - إذَا اغْتَسَلَ مِنَ الْجَنَابَةِ غَسَلَ يَدَيْهِ، ثُمَّ تَوَضَّأَ وُضُوءَهُ لِلصَّلاةِ، ثُمَّ اغْتَسَلَ، ثُمَّ يُخَلِّلُ بِيَدَيْهِ شَعْرَهُ، حَتَّى إذَا ظَنَّ أَنَّهُ قَدْ أَرْوَى بَشَرَتَهُ، أَفَاضَ عَلَيْهِ الْمَاءَ ثَلاثَ مَرَّاتٍ، ثُمَّ غَسَلَ سَائِرَ جَسَدِهِ. 

അഇശ رضي الله عنها പറഞ്ഞു: നബി صلى الله عليه وسلم ജനാബത്ത് കുളിക്കുമ്പോള്‍ തന്‍റെ ഇരു കൈകളും കഴുകുകയും നമസ്കാരത്തിന് വുദൂഅ' ചെയ്യുന്നത് പോലെ വുദൂഅ' ചെയ്യുകയും പിന്നെ കുളിക്കുകയും ചെയ്യുമായിരുന്നു. തന്‍റെ ഇരു കൈകള്‍ കൊണ്ടും തലമുടികള്‍ക്കിടയിലൂടെ തടവുകയും (ചീകുകയും) ചെയ്യുമായിരുന്നു. നബി صلى الله عليه وسلم തന്‍റെ തൊലിയില്‍ വെള്ളം നനച്ചു എന്ന് തോന്നുന്നത് വരെ അങ്ങനെ ചെയ്യും. ശേഷം മൂന്ന് തവണ ശരീരത്തില്‍ വെള്ളം ഒഴിക്കുകയും പിന്നെ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളും കഴുകുകയും ചെയ്യുമായിരുന്നു.  


വിവരണം

   ജനാബത്ത് ഉണ്ടായവന് നമസ്കാരം പോലെയുള്ള ആരാധനാ കാര്യങ്ങള്‍ ചെയ്യാന്‍ പാടുള്ളതള്ള. അവന് വേഗം ശുദ്ധിയുള്ളവനാകല്‍ അതിന് അത്യാവശ്യമാണ്. ഇന്ദ്രിയ സ്ഖലനം സംഭവിച്ചവനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവനും ജനാബത്ത് സംഭവിച്ചവനാണ്. വലിയ അശുദ്ധിയില്‍ നിന്ന് വേഗത്തില്‍ ശുദ്ധിയാകുന്നതാണ് പ്രവാചക മാതൃക.  
    നബി صلى الله عليه وسلم ജനാബത്തിൽ നിന്ന് കുളിക്കാൻ ഉദ്ദേശിച്ചാൽ ആദ്യം തൻ്റെ രണ്ട് കൈപ്പത്തികളും കഴുകുമായിരുന്നു. ശേഷം നിസ്കാരത്തിന് വേണ്ടി വുദൂഅ് ചെയ്യുന്നത് പോലെ വുദൂഅ് എടുക്കും. അതിന് ശേഷം ശരീരത്തിൽ വെള്ളം ഒഴിക്കുകയും, പിന്നീട് തൻ്റെ കൈകൾ കൊണ്ട് തലമുടിയിലൂടെ വിരലുകൾ ഓടിക്കുകയും ചെയ്യുമായിരുന്നു. മുടിയുടെ ഉള്ളിലേക്ക് വെള്ളം എത്തുകയും, തൊലി മുഴുവനായി നനവെത്തുകയും ചെയ്തു എന്ന് ബോധ്യമായാൽ നബി صلى الله عليه وسلم തൻ്റെ തലയുടെ മുകളിലൂടെ മൂന്ന് തവണ വെള്ളമൊഴിക്കുകയും, ശേഷം ശരീരത്തിലെ ബാക്കിയുള്ള ഭാഗങ്ങളെല്ലാം കഴുകുകയും ചെയ്യുമായിരുന്നു. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- ജനാബത്തില്‍ നിന്ന് കുളിക്കല്‍ നിര്‍ബന്ധമായ കാര്യമാണ്.
2-  ജനാബത്തിൽ നിന്നുള്ള കുളി രണ്ട് രൂപത്തിലുണ്ട്. ഒന്ന് കേവല നിർബന്ധ കർമ്മങ്ങൾ മാത്രം അടങ്ങുന്നതാണെങ്കിൽ രണ്ടാമത്തേത് പൂർണ്ണമായ രൂപത്തിലുള്ളതാണ്.
    കേവലമായ കുളി (المجزئ) എന്നാൽ: അശുദ്ധിയിൽ നിന്ന് ശുദ്ധി വരുത്തുക എന്ന ഉദ്ദേശ്യത്തോടെ ശരീരം മുഴുവൻ വെള്ളമൊഴിക്കുകയും, വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റുകയും ചെയ്യലാണ്.
    പൂർണ്ണമായ കുളി (الكامل) എന്നാൽ: നബി صلى الله عليه وسلم കുളിച്ചതായി ഈ ഹദീഥിൽ വിവരിക്കപ്പെട്ടത് പോലെ കുളിക്കലാണ്.
3- ഇന്ദ്രിയസ്ഖലനമുണ്ടായവരും, ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവരും -സ്ഖലനം സംഭവിച്ചിട്ടില്ലെങ്കിലും ശരി- ജനാബത്ത് (വലിയ അശുദ്ധി) ഉള്ളവരാണ്.
4- ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ റസൂല്‍ صلى الله عليه وسلم ജനാബത്തില്‍ നിന്ന് പരിപൂര്‍ണ്ണമായി കുളിക്കുന്നത് പതിവാക്കിയിരുന്നു എന്ന് മനസ്സിലാക്കാം. 

5- ജനാബത്ത് കുളിയില്‍ തലമുടികള്‍ക്കിടയിലൂടെ വിരല്‍ കൊണ്ട് തടവി എല്ലായിടത്തും വെള്ളം നനഞ്ഞു എന്ന് ഉറപ്പു വരുത്തുന്നത് അതില്‍ പ്രത്യേകം പഠിപ്പിക്കപ്പെട്ട കാര്യമാണ്. 

 





Wednesday, 6 August 2025

291 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 31- دروس الحديث - ജനാബത്ത് എന്നത് നജസുള്ള അവസ്ഥയല്ല


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  



بابُ الجنابةِ

വലിയ അശുദ്ധി


ജനാബത്ത് എന്നത് നജസുള്ള അവസ്ഥയല്ല

31 - عنْ أَبي هُرَيْرَةَ - رضي الله عنه - ((أَنَّ النَّبِيَّ - صلى الله عليه وسلم - لَقِيَهُ في بعْضِ طُرُقِ المدينَةِ وهو جُنُبٌ، قالَ: فَانْخَنَسْتُ مِنْهُ، فَذَهَبْتُ فَاغْتَسَلْتُ ثُمَّ جِئْتُ، فقَالَ: أَيْنَ كُنْتَ ياأَبا هُرَيْرَةَ؟ قَالَ: كُنْتُ جُنُبَاً فَكَرِهْتُ أَنْ أُجالِسَكَ على غَيْرِ طَهارَةٍ، فَقَالَ: سُبْحانَ اللهِ، إِنَّ المُؤْمِنَ لايَنْجُسُ)) . 

അബൂഹുറൈറ رضي الله عنه നിവേദനം. ഒരിക്കല്‍ മദീനയിലെ ചില വഴികളില്‍ വെച്ച് അദ്ദേഹം ജനാബത്തുകാരനായിരിക്കെ (വലിയ അശുദ്ധിയിലായിരിക്കെ) നബി صلى الله عليه وسلم യെ കണ്ടുമുട്ടി. അബൂഹുറൈറ رضي الله عنه പറഞ്ഞു: അപ്പോള്‍ ഞാന്‍ നബി صلى الله عليه وسلم യില്‍ നിന്ന് മറഞ്ഞു നിന്നു.  അങ്ങനെ ഞാന്‍ പോയി കുളിച്ചതിന് ശേഷം വന്നു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഏ അബൂഹുറൈറാ.. താങ്കള്‍ എവിടെയായിരുന്നു? അദ്ദേഹം പറഞ്ഞു: ഞാന്‍ വലിയ അശുദ്ധിയുള്ളവനായിരുന്നു. അതിനാല്‍ ശുദ്ധിയില്ലാതെ താങ്കളുമായി കൂടിയിരിക്കാന്‍ ഞാന്‍ വെറുത്തു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: സുബ്ഹാനല്ലാഹ് (അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു), നിശ്ചയം ഒരു വിശ്വാസി നജസ് ആവുകയില്ല. 


انْخَنَسْتُ: ഞാന്‍ മറഞ്ഞു നിന്നു.


വിവരണം

ജനാബത്തുമായി -വലിയ അശുദ്ധിയുമായി- ബന്ധപ്പെട്ട ഹദീസ് ആണ് ഇത്. കുളി നിര്‍ബന്ധമാകുന്ന അവസ്ഥക്കാണ്‌ വലിയ അശുദ്ധി എന്ന് പറയുന്നത്. ഒരാളില്‍ നിന്ന് ശുക്ലം പുറപ്പെടുന്നതിലൂടെ ഇത് സംഭവിക്കും. ഈ നിലക്ക് വലിയ അശുദ്ധിയുണ്ടാകുന്ന അവസ്ഥയെ ആണ് ഈ ഹദീസില്‍ പരാമര്‍ശിച്ചിട്ടുള്ളത്. 

 ഒരിക്കല്‍ മദീനയിലൂടെ സഞ്ചരിക്കുമ്പോള്‍ അബൂഹുറൈറ رضي الله عنه  നബി صلى الله عليه وسلم യെ കാണാനിടയായി. അപ്പോള്‍ അബൂഹുറൈറ رضي الله عنه ജനാബത്തുകാരനായിരുന്നു. ആയതിനാല്‍ അദ്ദേഹം നബി صلى الله عليه وسلم യില്‍ നിന്ന് മറഞ്ഞു നിന്നു. അങ്ങനെ അദ്ദേഹം കുളിക്കുകയും ശേഷം നബി صلى الله عليه وسلم യുടെ അടുക്കലെത്തുകയും ചെയ്തു. അപ്പോള്‍ താങ്കളെവിടെയായിരുന്നു എന്ന് നബി صلى الله عليه وسلم അദ്ദേഹത്തോട് ചോദിച്ചു. ജനാബത്ത് ഉള്ള അവസ്ഥയില്‍ നബി صلى الله عليه وسلم യോടൊപ്പം കൂടിയിരിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് അബൂഹുറൈറ رضي الله عنه പറഞ്ഞു. അത്തരം അവസ്ഥയില്‍ ഒരാള്‍ നജസ് ഉള്ള അവസ്ഥയില്‍ ആയിരിക്കും എന്ന് വിചാരിച്ചായിരിക്കാം അദ്ദേഹം അങ്ങനെ ചെയ്തത്. എന്നാല്‍ റസൂല്‍ صلى الله عليه وسلم അദ്ദേഹത്തെ തിരുത്തുന്നതാണ് ഹദീസില്‍ ഉള്ളത്. നബി صلى الله عليه وسلم പറഞ്ഞു: നിശ്ചയം ഒരു വിശ്വാസി നജസ് ആവുകയില്ല.  ജനാബത്തുകാരനായിരിക്കെ മറ്റുള്ളവരുമായി ഇടപഴകുന്നത് കൊണ്ട് പ്രശ്നമില്ല എന്ന പാഠമാണ് റസൂല്‍ صلى الله عليه وسلم നല്‍കിയത്. 


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ജനാബത്തുകാരനായാല്‍ അവന് നിഷിദ്ധമായിട്ടുള്ളത്‌ നമസ്കാരവും, മുസ്വ്'ഹാഫ് സ്പര്‍ശിക്കലും, പള്ളിയില്‍ കഴിയലും, ത്വവാഫും  ആണ്. 

2- വലിയ ആശുദ്ധിയുണ്ടായാല്‍ മറ്റുള്ളവരുമായി ഇടപഴകാനും ഒന്നിച്ചിരിക്കാനും അത് തടസ്സമാവില്ല. 

3- ഒരു വിശ്വാസി ജീവിച്ചിരിക്കുമ്പോഴും മരിച്ച അവസ്ഥയിലും നജസ് ആവുകയില്ല. വിശ്വാസി എല്ലായ്പ്പോഴും ശുദ്ധിയുള്ളവനാണ്. 

4- അറിവ് കൊണ്ടും മറ്റും ഇസ്‌ലാമില്‍ വലിയ സ്ഥാനങ്ങളുള്ളവരുമായി കണ്ടുമുട്ടുമ്പോഴും അവരുമായി കൂടിയിരിക്കുമ്പോഴും -വൃത്തിയിലും വേഷത്തിലും - നല്ല അവസ്ഥയില്‍ ആവല്‍ ഉത്തമമായ കാര്യമാണ്. ആ നിലക്ക് അവരെ ബഹുമാനിക്കല്‍ നല്ലതാണ്. 

5- അത്ഭുതവും അതിശയവും ഉള്ള കാര്യങ്ങള്‍ കാണുമ്പോള്‍ سُبْحانَ اللهِ എന്ന് പറയല്‍ റസൂല്‍ صلى الله عليه وسلم യുടെ മാതൃകയില്‍ പെട്ടതാണ്. 

6- സ്വന്തത്തെ കുറിച്ച് പറയാന്‍ ലജ്ജയുള്ള കാര്യങ്ങള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പറയല്‍ അനുവദനീയമാണ്. 

7- സ്വഹാബികള്‍ റസൂല്‍ صلى الله عليه وسلم യെ അങ്ങേയറ്റം ആദരിക്കുന്നവരും ബഹുമാനിക്കുന്നവരുമായിരുന്നു. 

8- انْخَنَسَ എന്നാല്‍ ഒരാളെ കണ്ടതിനു ശേഷം അദ്ദേഹത്തോട് സംസാരിക്കാതെ മാറി നില്‍ക്കുന്നതിന് പറയുന്നതാണ്.

 

Tuesday, 5 August 2025

290 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 30- دروس الحديث - ശുദ്ധ പ്രകൃതിയില്‍ പെട്ട അഞ്ച് കാര്യങ്ങള്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ശുദ്ധ പ്രകൃതിയില്‍ പെട്ട 

അഞ്ച് കാര്യങ്ങള്‍

30 - عَنْ أَبِي هُرَيْرَةَ - رضي الله عنه - قَالَ: سَمِعْتُ رَسُولَ اللَّهِ - صلى الله عليه وسلم - يَقُولُ: ((الْفِطْرَةُ خَمْسٌ: الْخِتَانُ، وَالاسْتِحْدَادُ، وَقَصُّ الشَّارِبِ، وَتَقْلِيمُ الأَظْفَارِ، وَنَتْفُ الإِبِطِ)) .

അബൂഹുറൈറ رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു. ശുദ്ധ പ്രകൃതി (ശുദ്ധപ്രകൃതിയില്‍ പെട്ട കാര്യങ്ങള്‍) അഞ്ചെണ്ണമാണ്. (അവ): ചേലാ കര്‍മ്മം, ഗുഹ്യ രോമം കളയല്‍, മീശ വെട്ടല്‍, നഖങ്ങള്‍ വെട്ടല്‍, കക്ഷ രോമം പറിക്കല്‍ എന്നിവയാണ്. 

الختانُ: ചേലാകര്‍മം

الاسْتِحْدَادُ: ഗുഹ്യരോമം വടിക്കല്‍

الشَّارِبِ: മീശ
الأَظْفَارِ : നഖങ്ങള്‍
نَتْفُ : പറിക്കല്‍, കളയല്‍
الإِبِطِ : കക്ഷ രോമം

വിവരണം
    ഇസ്‌ലാമിൻ്റെ സ്വഭാവഗുണങ്ങളിൽ പെട്ടതും, നബിമാരുടെ ചര്യയിൽ പെട്ടതുമായ അഞ്ച് കാര്യങ്ങൾ നബി صلى الله عليه وسلم ഈ ഹദീഥിൽ വിവരിക്കുന്നു.
    ഇസ്‌ലാമിക ശരീഅത്ത് ഏറ്റവും നല്ലതും പരിപൂര്‍ണ്ണവുമാണ്. അവ എല്ലാ ശുദ്ധ പ്രകൃതിയോടും യോജിച്ചവയും സമഗ്രവുമാണ്. ഒരു മനുഷ്യന്‍റെ പ്രത്യക്ഷവും പരോക്ഷവുമായ ശുദ്ധി കാത്തുസൂക്ഷിക്കല്‍ അതില്‍ പെട്ടതാണ്. 
    ശുദ്ധ പ്രകൃതി എന്നാല്‍ നബിമാരുടെയും മതത്തിന്‍റെയും ചര്യകള്‍ എന്നാണ്. ഇതില്‍ പെട്ട അഞ്ച് കാര്യങ്ങളാണ് ഈ ഹദീസില്‍ അറിയിക്കുന്നത്.  അവ: 1- ചേലാകര്‍മം, 2- ഗുഹ്യ രോമം കളയല്‍, 3- മീശ വെട്ടല്‍, 4- നഖം വെട്ടല്‍, 5- കക്ഷരോമം കളയല്‍ എന്നിവയാണ്. വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവ.
 
ഒന്ന്: ചേലാകർമ്മം. ലിംഗാഗ്ര ഭാഗം മറക്കുന്ന വിധത്തിൽ അധികമായി കാണുന്ന ചർമ്മം മുറിച്ചു നീക്കുക എന്നതാണ് ചേലാകർമ്മത്തിൻ്റെ ഉദ്ദേശ്യം.
 സ്ത്രീകളുടെ യോനിയുടെ പ്രവേശഭാഗത്തായി കാണപ്പെടുന്ന തൊലിയുടെ അഗ്രഭാഗം നീക്കം ചെയ്യലും ചേലാകർമ്മത്തിൽ പെടും.
രണ്ട്: ഗുഹ്യസ്ഥാനത്തെ രോമങ്ങൾ നീക്കം ചെയ്യൽ. ലിംഗത്തിന് ചുറ്റുമുള്ള രോമങ്ങൾ വടിച്ചു കളയുക എന്നതാണ് ഉദ്ദേശ്യം.
മൂന്ന്: മീശ ചെറുതാക്കൽ. പുരുഷൻ്റെ മേൽചുണ്ടിന് മുകളിലേക്ക് ഇറങ്ങുന്ന രോമങ്ങൾ വെട്ടുകയും, ചുണ്ട് വെളിവാവുകയും ചെയ്യുന്ന വിധത്തിൽ വെട്ടിച്ചെറുതാക്കലാണ് ഇത്.


നാല്: നഖം വെട്ടൽ.

അഞ്ച്: കക്ഷത്തിലെ രോമങ്ങൾ പറിക്കൽ. 


  
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- നബിമാരുടെ ചര്യകൾ അല്ലാഹുവിന് ഇഷ്ടമുള്ളതും പ്രിയങ്കരമായതുമാണ്. അവ ചെയ്യാന്‍ അവൻ കൽപ്പിക്കുകയും ചെയ്തിരിക്കുന്നു. അവ പൂർണ്ണതയും വൃത്തിയും ഭംഗിയും നേടിത്തരുന്ന നന്മകളാണ്.
2- ഈ ഹദീഥിൽ പറയപ്പെട്ട കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. അത് അശ്രദ്ധമാക്കി വിട്ടുകൂടാ.
3- ഈ ഹദീഥിൽ പറയപ്പെട്ട ഗുണങ്ങൾക്ക് മതപരവും ഭൗതികവുമായ ധാരാളം ഉപകാരങ്ങളുണ്ട്. രൂപം നന്നാക്കുക, ശരീരം വൃത്തിയിൽ സൂക്ഷിക്കുക, ശുദ്ധി കാത്തു സംരക്ഷിക്കുക എന്നിവ അതിൽ പെട്ടതാണ്. അതോടൊപ്പം സത്യനിഷേധികളായ ആളുകളുടെ അടയാളങ്ങളോട് എതിരാകാനും, അല്ലാഹുവിൻ്റെ കൽപ്പന പ്രാവർത്തികമാക്കാനും ഇവ അനുസരിക്കുന്നതിലൂടെ സാധിക്കുന്നു.
4- ശുദ്ധപ്രകൃതിയില്‍ പെട്ട കാര്യങ്ങള്‍ ഈ അഞ്ചെണ്ണം മാത്രമല്ല. ഈ ഹദീഥിൽ പറയപ്പെട്ട അഞ്ച് കാര്യങ്ങൾക്ക് പുറമെ, ചില കാര്യങ്ങൾ കൂടുതലായി മറ്റു ചില ഹദീഥുകളിൽ വന്നിട്ടുണ്ട്. താടി വെട്ടാതെ വിടുക, പല്ലു തേക്കുക പോലുള്ളവ അതിൽ പെട്ടതാണ്. 
ഇമാം മുസ്‌ലിം  رحمه الل റിപ്പോര്‍ട്ട് ചെയ്യുന്നു:- ശുദ്ധ പ്രകൃതിയില്‍ പെട്ട കാര്യങ്ങള്‍ പത്തെന്നമാണ്: 1- മീശ വെട്ടല്‍, 2- താടി വെട്ടാതെ വിടല്‍, 3- പല്ലുതേക്കല്‍, 4- മൂക്കില്‍ വെള്ളം കയറ്റിചീറ്റല്‍, 5- നഖം വെട്ടല്‍, 6- വിരലുകളുടെ സന്ധികളുടെ പുറം ഭാഗം കഴുകല്‍, 7- കക്ഷ രോമം പറിക്കല്‍, 8- ഗുഹ്യരോമം കളയല്‍, 9- മലമൂത്രവിസര്‍ജ്ജനത്തിന് ശേഷം വൃത്തിയാക്കല്‍, 10- കൊപ്ലിക്കല്‍ എന്നിവയാണ് അവ.






Monday, 4 August 2025

289 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 29- دروس الحديث - ഗ്രാമീണന്‍ പള്ളിയില്‍ മൂത്രമൊഴിച്ചപ്പോള്‍



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

ഗ്രാമീണന്‍ പള്ളിയില്‍ മൂത്രമൊഴിച്ചപ്പോള്‍

29 - عَنْ أَنَسِ بْنِ مَالِكٍ - رضي الله عنه - قَالَ: ((جَاءَ أَعْرَابِيٌّ ، فَبَالَ فِي طَائِفَةِ الْمَسْجِدِ، فَزَجَرَهُ النَّاسُ ، فَنَهَاهُمُ النَّبِيُّ - صلى الله عليه وسلم - فَلَمَّا قَضَى بَوْلَهُ أَمَرَ النَّبِيُّ - صلى الله عليه وسلم - بِذَنُوبٍ مِنْ مَاءٍ ، فَأُهْرِيقَ عَلَيْهِ)) . 

അനസ് ബ്നു മാലിക് رضي الله عنه പറഞ്ഞു: ഒരിക്കല്‍ ഒരു ഗ്രാമീണന്‍ വരികയും പള്ളിയുടെ ഒരു ഭാഗത്ത് മൂത്രമൊഴിക്കുകയും ചെയ്തു. അപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തോട് ശബ്ദകോലാഹലമുണ്ടാക്കി. അപ്പോള്‍ നബി صلى الله عليه وسلم അവരെ വിലക്കി. അദ്ദേഹത്തിന്‍റെ മൂതമൊഴിക്കല്‍ കഴിഞ്ഞപ്പോള്‍ ഒരു പാത്രം വെള്ളം കൊണ്ട് വരാന്‍ നബി صلى الله عليه وسلم കല്പിക്കുകയും അത് (ആ) മൂത്രത്തില്‍ ഒഴിക്കപ്പെടുകയും ചെയ്തു. 

طائفةِ المسجدِ: പള്ളിയുടെ ഒരു ഭാഗം 
فزجره الناس: അപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തോട് അട്ടഹസിച്ചു
الذَّنوبُ: വെള്ളം നിറഞ്ഞ വലിയ ബാക്കറ്റ്
أُهريقَ عليه: അതിന്‍  മേല്‍ ഒഴിക്കപ്പെട്ടു


വിവരണം

ഗ്രാമീണരായ അറബികള്‍ നിരക്ഷരരും പരുക്കന്‍ സ്വഭാവക്കാരുമായിരിക്കും. കാരണം അവര്‍ റസൂല്‍ صلى الله عليه وسلم ക്ക് അവതരിക്കപ്പെട്ടത് പഠിക്കുന്നതില്‍ നിന്ന് ഏറെ അകലത്തില്‍ ആയിരിക്കുന്നതിനാലാണത്. ഒരിക്കല്‍ നബി صلى الله عليه وسلم സ്വഹാബികളുമായി മസ്ജിദുന്നബവിയില്‍ ആയിരിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ കടന്ന് വരികയും പള്ളിയുടെ ഒരു ഭാഗത്ത് മൂത്രമൊഴിക്കുകയും ചെയ്തു. അദ്ദേഹം അത് ഒഴിഞ്ഞ സ്ഥലമാണെന്ന് വിചാരിച്ച് ചെയ്തതാകാം. ആ പ്രവൃത്തി സ്വഹാബികള്‍ക്ക് വളരെ മോശമായി തോന്നുകയും അവര്‍ അയാള്‍ മൂത്രമൊഴിക്കുമ്പോള്‍ ശബ്ദകോലാഹലമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ നബി صلى الله عليه وسلم  അദ്ദേഹം മൂത്രം ഒഴിച്ച് തീരുന്നത് വരെ സ്വഹാബികളെ തടഞ്ഞു നിര്‍ത്തി. മൂത്രം ഒഴിക്കുന്നത് ഇടക്ക് വെച്ച് നിര്‍ത്തി അയാള്‍ക്ക് ദോഷം ഉണ്ടാകാതിരിക്കാനും മൂത്രം അയാളുടെ വസ്ത്രത്തിലും പള്ളിയുടെ മറ്റു ഭാഗങ്ങളിലും ആവാതിരിക്കാനും അവരെ അങ്ങനെ തടഞ്ഞു നിര്‍ത്തയാലാണ് നല്ലത് എന്നതിനാലാണത്. അങ്ങനെ അദ്ദേഹം മൂത്രമൊഴിച്ച് കഴിഞ്ഞപ്പോള്‍ റസൂല്‍ صلى الله عليه وسلم ആ സ്ഥലം വെള്ളമൊഴിച്ച് കഴുകാന്‍ പറയുകയാണ്‌ ഉണ്ടായത്.  

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- പള്ളികള്‍ പവിത്രമായ സ്ഥലങ്ങളാണ്. അവ വൃത്തിയായി സൂക്ഷിക്കല്‍ അനിവാര്യമാണ്. 

2- പള്ളിയില്‍ മാലിന്യങ്ങള്‍ കണ്ടാല്‍ വളരെ പെട്ടെന്ന് വൃത്തിയാക്കല്‍ നിര്‍ബന്ധമാണ്‌.

3- മണ്ണില്‍ മൂത്രമൊഴിച്ചാല്‍ അതിലേക്ക് വെള്ളം ഒഴിച്ചാല്‍ അത് ശുദ്ധിയാകും. മണ്ണ് അവിടെ നിന്ന് എടുത്ത് മാറ്റേണ്ടതില്ല. 

4- ജനങ്ങളോടുള്ള നബി صلى الله عليه وسلم യുടെ സ്നേഹവും അനുകമ്പയും ഉത്തമ സ്വഭാവവും ഈ ഹദീസ് വ്യക്തമാക്കുന്നു.

5- ജനങ്ങളുടെ പ്രകൃതങ്ങള്‍ അനുസരിച്ച് ആണ് റസൂല്‍ صلى الله عليه وسلم അവരോട് പെരുമാറിയിരുന്നത്. 

6- കുഴപ്പങ്ങള്‍ വര്‍ധിക്കുമ്പോള്‍ അതില്‍ ഏറ്റവും ലഘുവായത് നിലനിര്‍ത്തി മറ്റുള്ളവ ഒഴിവാക്കാന്‍ ശ്രമിച്ചത് ഹദീസില്‍ നിന്നുള്ള പാഠമാണ്. അഥവാ അയാള്‍ പള്ളിയില്‍ മൂത്രമൊഴിച്ചപ്പോള്‍ ആളുകള്‍ കൂടി ശബ്ദമുണ്ടാക്കി മൂത്രമൊഴിക്കല്‍ തടസ്സപ്പെടുത്തിയാല്‍ അത് കൂടുതല്‍ പ്രയാസകരമായ അവസ്ഥയുണ്ടാകാന്‍ ഇടവരുമെന്ന് മനസ്സിലാക്കിയതിനാലാണ് മൂത്രം ഒഴിച്ച് കഴിയുന്നത് വരെ അയാളെ ശല്യപ്പെടുത്താതിരിക്കാന്‍ നിര്‍ദേശിച്ചത്. 

7- വിവരമില്ലാത്തയാളെ പഠിപ്പിക്കുമ്പോള്‍ വളരെ മയത്തോടെ പെരുമാറണം 

8- മനുഷ്യന്‍റെ മൂത്രം നജസ് (മാലിന്യം) ആണ് 

9- മൂത്രമൊഴിച്ച് കഴിഞ്ഞതിനു ശേഷം നബി صلى الله عليه وسلم അയാളെ ഉപദേശിച്ചതായി വേറെ ഹദീസുകളില്‍ വന്നിട്ടുണ്ട്. 


Sunday, 3 August 2025

288 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 28- دروس الحديث - ചെറിയ കുട്ടികളുടെ മൂത്രത്തില്‍ നിന്നുള്ള ശുദ്ധീകരണം

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 


ചെറിയ കുട്ടികളുടെ മൂത്രത്തില്‍ നിന്നുള്ള ശുദ്ധീകരണം

28 - وَعَنْ عَائِشَةَ أُمِّ الْمُؤْمِنِينَ رضي الله عنها ((أَنَّ النَّبِيَّ - صلى الله عليه وسلم - أُتِيَ بِصَبِيٍّ ، فَبَالَ عَلَى ثَوْبِهِ ، فَدَعَا بِمَاءٍ ، فَأَتْبَعَهُ إيَّاهُ)) وَلِمُسْلِمٍ: ((فَأَتْبَعَهُ بَوْلَهُ ، وَلَمْ يَغْسِلْهُ)) .

ഉമ്മുല്‍ മുഅ'മിനീന്‍ ആഇശ رضي الله عنها നിവേദനം. ഒരിക്കല്‍ നബി صلى الله عليه وسلم യുടെ അടുക്കല്‍ ഒരു കുഞ്ഞ് കൊണ്ട് വരപ്പെടുകയും ആ കുഞ്ഞ് നബി صلى الله عليه وسلم യുടെ വസ്ത്രത്തില്‍ മൂത്രമൊഴിക്കുകയും ചെയ്തു. അപ്പോള്‍ നബി صلى الله عليه وسلم വെള്ളം കൊണ്ട് വരാന്‍ പറയുകയും അത് ആ മൂത്രത്തിലേക്ക് കുടയുകയും ചെയ്തു. ഇമാം മുസ്‌ലിമിന്‍റെ റിപ്പോര്‍ട്ടില്‍ (ആ മൂത്രത്തില്‍ വെള്ളം കുടഞ്ഞു, അത് നബി صلى الله عليه وسلم കഴുകിയിരുന്നില്ല) എന്നുണ്ട്. 


വിവരണം

ഭക്ഷണം കഴിച്ച് തുടങ്ങാത്ത മുലകുടി പ്രായത്തിലുള്ള ആണ്‍ കുഞ്ഞുങ്ങള്‍ വസ്ത്രത്തില്‍ മൂത്രമോഴിച്ചാലുള്ള വിധിയാണ് ഈ ഹദീസില്‍ ഉള്ളത്. ഈ അവസരത്തില്‍ മൂത്രമൊഴിച്ച ഭാഗത്ത് വെള്ളം ഒഴിക്കുകയോ കുടയുകയോ ചെയ്‌താല്‍ മതി.  ഭക്ഷണം കഴിച്ച് തുടങ്ങാത്ത ആണ്‍ കുഞ്ഞിന്‍റെ മൂത്രം ശുദ്ധിയാക്കാന്‍ ആണ് ഇങ്ങനെ ചെയ്യേണ്ടത്. പെണ്‍ കുഞ്ഞിന്‍റെ മൂത്രമാണെങ്കില്‍ അത് കഴുകി തന്നെ വൃത്തിയാക്കണം. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ഭക്ഷണം കഴിച്ച് തുടങ്ങിയിട്ടില്ലാത്ത മുലകുടി പ്രായത്തിലുള്ള ആണ്‍ കുഞ്ഞുങ്ങള്‍ വസ്ത്രത്തില്‍ മൂത്രമൊഴിച്ചാല്‍ അതിലേക്ക് വെള്ളം കുടയുകയോ ഒഴിക്കുകയൊ ചെയ്‌താല്‍ മതി. കഴുകേണ്ടതില്ല.

2- ഇത് ഈ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ ആയാലാണ് ഇങ്ങനെ ചെയ്യേണ്ടത്. പെണ്‍കുട്ടികളുടെ മൂത്രമായാല്‍ കഴുകി വൃത്തിയാക്കണം. 

3- കുട്ടികളോട് കരുണയും സ്നേഹവും കാണിക്കല്‍ നബി صلى الله عليه وسلم യുടെ മാതൃകയില്‍ പെട്ടതാണ്.

4- ഈ ഹദീസില്‍ പറയപ്പെട്ട കുഞ്ഞ് ഉമ്മു ക്വൈസ് رضي الله عنها യുടെ കുഞ്ഞാണെന്ന് മറ്റു ഹദീസില്‍ നിന്ന് മനസ്സിലാക്കാം. ഇതില്‍ പറയപ്പെട്ടത് ഹസന്‍ رضي الله عنه വോ അല്ലെങ്കില്‍ ഹുസൈന്‍ رضي الله عنه വോ ആണെന്നും അഭിപ്രായമുണ്ട്.


Saturday, 2 August 2025

287 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 27- دروس الحديث - കുഞ്ഞിന്‍റെ മൂത്രം വസ്ത്രത്തിലായാല്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

കുഞ്ഞിന്‍റെ മൂത്രം വസ്ത്രത്തിലായാല്‍

27 - عَنْ أُمِّ قَيْسِ بِنْتِ مِحْصَنٍ الأَسَدِيَّةِ ((أَنَّهَا أَتَتْ بِابْنٍ لَهَا  صَغِيرٍ ، لَمْ يَأْكُلِ الطَّعَامَ إلَى رَسُولِ اللَّهِ - صلى الله عليه وسلم - فَأَجْلَسَهُ فِي حِجْرِهِ ، فَبَالَ عَلَى ثَوْبِهِ ، فَدَعَا بِمَاءٍ فَنَضَحَهُ عَلَى ثَوْبِهِ ، وَلَمْ يَغْسِلْهُ)) . 

ഉമ്മു ഖൈസ് ബിന്‍ത് മിഹസ്വനില്‍ അസദിയ്യ رضي الله عنها നിവേദനം. അവര്‍ ഭക്ഷണം കഴിച്ച് തുടങ്ങാത്ത അവരുടെ ചെറിയ മകനെയുമായി റസൂല്‍  صلى الله عليه وسلم യുടെ അടുക്കലേക്ക് വന്നു, എന്നിട്ട് കുഞ്ഞിനെ റസൂല്‍  صلى الله عليه وسلم യുടെ മടിയില്‍ ഇരുത്തി, അപ്പോള്‍ റസൂല്‍  صلى الله عليه وسلم യുടെ വസ്ത്രത്തില്‍ കുഞ്ഞ് മൂത്രമൊഴിച്ചു. ആ സന്ദര്‍ഭത്തില്‍ റസൂല്‍  صلى الله عليه وسلم കുറച്ച് വെള്ളം കൊണ്ട് വരാന്‍ ആവശ്യപ്പെടുകയും വസ്തത്തില്‍ വെള്ളം തളിക്കുകയും ചെയ്തു. വസ്ത്രം കഴുകിയിരുന്നില്ല.  

نَضَحَهُ: എന്നാല്‍ വെള്ളം കുടഞ്ഞു എന്നാണ് അര്‍ത്ഥം


വിവരണം
റസൂല്‍ صلى الله عليه وسلم യുടെ പ്രാര്‍ഥനയും ബറകത്തും ആഗ്രഹിച്ച് സ്വഹാബിമാര്‍ അവരുടെ മക്കലെയുമായി നബി صلى الله عليه وسلم യുടെ അടുക്കല്‍ വരാറുണ്ടായിരുന്നു. നബി صلى الله عليه وسلم അവരെ വളരെ വാത്സല്യപൂര്‍വ്വം സ്വീകരിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഉമ്മു ക്വൈസ് رضي الله عنها എന്ന സ്വഹാബി വനിത ഭക്ഷണം കഴിച്ചു തുടങ്ങാത്ത തന്‍റെ കുഞ്ഞുമായി റസൂല്‍ صلى الله عليه وسلم യുടെ അടുക്കല്‍ എത്തി. കുഞ്ഞിനെ നബി صلى الله عليه وسلم യുടെ മടിയില്‍ ഇരുത്തുകയും അപ്പോള്‍ കുഞ്ഞ് റസൂല്‍ صلى الله عليه وسلم യുടെ വസ്ത്രത്തില്‍ മൂത്രമൊഴിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ച് തുടങ്ങാത്ത കുഞ്ഞായതിനാല്‍ നബി صلى الله عليه وسلم തന്‍റെ വസ്ത്രം കഴുകുന്നതിന്‌ പകരം മൂത്രമായ ഭാഗത്ത് വെള്ളം കുടയുകയാണ് ചെയ്തത്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- ചെറിയ മക്കളോട് വാത്സല്യവും കാരുണ്യവും കാണിക്കണം
2- മൂത്രം നജസ് ആണ്. അത് ഭക്ഷണം കഴിച്ചു തുടങ്ങാത്ത കുഞ്ഞിന്‍റെതാണെങ്കിലും ശരി. 
3- ഭക്ഷണം കഴിച്ചു തുടങ്ങാത്ത കുഞ്ഞിന്‍റെ മൂത്രം വസ്ത്രത്തിലായാല്‍ വെള്ളം കുടഞ്ഞാല്‍ മതി. കഴുകേണ്ടതില്ല.
4- ഭക്ഷണം കഴിച്ചു തുടങ്ങുന്ന കുഞ്ഞിന്‍റെ മൂത്രം വസ്ത്രത്തിലായാല്‍ അത് കഴുകിക്കളയല്‍ നിര്‍ബന്ധമാണ്‌. 
5- നജസുകള്‍ (മാലിന്യങ്ങള്‍) വസ്ത്രത്തിലോ ശരീരത്തിലോ ആയാല്‍ വേഗത്തില്‍ കഴുകിക്കളയണം. മറന്ന് പോകാതിരിക്കാന്‍ അതാണ്‌ നല്ലത്. 
6- നബി صلى الله عليه وسلم യുടെ ഉത്തമ സ്വഭാവ മാതൃകകള്‍ ഈ ഹദീസിലൂടെ മനസ്സിലാക്കാം 

Friday, 1 August 2025

286 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 26- دروس الحديث - തോന്നലുകള്‍ കൊണ്ട് ആരാധനകള്‍ അസാധുവാകുകയില്ല

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 


 തോന്നലുകള്‍ കൊണ്ട് ആരാധനകള്‍ അസാധുവാകുകയില്ല

26 - عَنْ عَبَّادِ بْنِ تَمِيمٍ عَنْ عَبْدِ اللَّهِ بْنِ زَيْدٍ بْنِ عَاصِمٍ الْمَازِنِيِّ - رضي الله عنه - قَالَ: ((شُكِيَ إلَى النَّبِيِّ - صلى الله عليه وسلم - الرَّجُلُ يُخَيَّلُ إلَيْهِ أَنَّهُ يَجِدُ الشَّيْءَ فِي الصَّلاةِ، فَقَالَ: لا يَنْصَرِفُ حَتَّى يَسْمَعَ صَوْتاً، أَوْ يَجِدَ رِيحاً)) .

അബ്ബാദ്ബ്നു തമീം അബ്ദുല്ലാഹി ബ്നു സൈദ്‌ ബ്നു ആസ്വിം അല്‍മാസിനി رضي الله عنه വില്‍ നിന്ന് നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹ് رضي الله عنه പറഞ്ഞു: ഒരാളെ കുറിച്ച് നബി صلى الله عليه وسلم യുടെ അടുക്കല്‍ പരാതി പറയപ്പെട്ടു, അയാള്‍ക്ക് നമസ്കാരത്തില്‍ (വുദൂഅ' പോയതായി) എന്തെങ്കിലും സംഭവിച്ചതായി തോന്നപ്പെടുന്നു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: അയാള്‍ ശബ്ദം കേള്‍ക്കുകയോ മണം അനുഭവപ്പെടുകയോ ചെയ്യുന്നത് വരെ നമസ്കാരത്തില്‍ നിന്ന് പിന്തിരിയെണ്ടതില്ല.


വിവരണം

    ഈ ഹദീസ് വളരെ പ്രധാനപ്പെട്ടതാണ്. വിവിധ മതനിയമങ്ങള്‍ അറിയിക്കുന്ന അടിസ്ഥാന കാര്യങ്ങളാണ് ഈ ഹദീസില്‍ ഉള്ളത്. സംശയങ്ങളും തോന്നലുകളും കൊണ്ട് മാത്രം ഒരു വ്യക്തമായ മതനിയമത്തെ അസാധുവാക്കുകയില്ല. സംശയം ദുരീകരിക്കുന്ന തരത്തിലുള്ള ഉറപ്പ് അതിന് അത്യന്താപേക്ഷിതമാണ്. ഒരു മനുഷ്യന്‍ ശുദ്ധിയിലും വുദൂഉള്ള അവസ്ഥയിലും ആയിരിക്കുകയും പിന്നെ വുദൂഅ' പോയോ എന്ന് സംശയിക്കുകയും ചെയ്‌താല്‍ വുദൂഅ' മുറിയാന്‍ കാരണമായ ശബ്ദമോ, വാസനയോ ഉണ്ടാവുന്നത് വരെ അവന്‍ ശുദ്ധിയില്‍ തന്നെയായിരിക്കും. കീഴ്വായു മൂലം ശബ്ദമോ വാസനയോ പ്രകടമായാല്‍ അവന്‍ അശുദ്ധിയുള്ളവനാകും. വെറും സംശയം മാത്രമാണെങ്കില്‍ അവന്‍ ശുദ്ധിയില്‍ തന്നെയായിരിക്കും എന്നാണ് ഹദീസ് അറിയിക്കുന്നത്. സംശയത്തെ ബാലവത്താക്കുന്ന അടയാളങ്ങള്‍ ഉണ്ടാകുമ്പോഴാണ് അശുദ്ധി ഉറപ്പിക്കുന്നത്. 

ഇത് പോലെ തന്നെയാണ് മതത്തിന്‍റെ ബാക്കി വിഷയങ്ങളും. ഉദാഹരണത്തിന് ഒരാള്‍ മഗ്രിബ് നമസ്കരിച്ചപ്പോള്‍ അയാള്‍ക്ക് അത് നാല് റക്അത്ത് ആയോ എന്ന് സംശയമുണ്ടായി. ഇവിടെ അവന്‍ അവന്‍റെ മനസ്സില്‍ ഉറപ്പുള്ളത് എടുക്കണം എന്നാണ് മതനിയമം. സംശയം കൊണ്ട് മാത്രം നമസ്കാരത്തില്‍ മാറ്റം വരുത്തരുത്. സംശയത്തെ ബലപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടാകുമ്പോഴാണ് ആ സംശയത്തിന് സാധുതയുള്ളൂ...


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍


1- ഒരു കാര്യത്തിന്‍റെ ആദ്യസ്ഥിതിയാണ് അടിസ്ഥാനമായി കണക്കാക്കേണ്ടത്. 
2- കേവലം സംശയം കൊണ്ട് മാത്രം നമസ്കാരമോ വുദൂഓ അസാധുവാകുകയില്ല.
3- വ്യക്തമായ കാരണമില്ലാതെ നമസ്കാരത്തില്‍ നിന്ന് പിന്തിരിയല്‍ നിഷിദ്ധമാണ്.
4- മലദ്വാരത്തിലൂടെ ശബ്ദത്തോടെയോ അല്ലാതെയോ പുറത്ത് വരുന്നവ കൊണ്ട് വുദൂഅ' നഷ്ടപ്പെടും.
5- ശബ്ദമോ വാസനയോ കൊണ്ട് കീഴ്വായു ഉണ്ടായി എന്ന് ഉറപ്പിക്കാവുന്നതാണ്. 
6- നമസ്കാരത്തില്‍ വസ്'വാസ് ഉണ്ടാക്കുന്നതിനെ ഈ ഹദീസ് ഖണ്ഡിക്കുന്നു.
7- വസ്'വാസ് ആണ് ഒരു അടിമയുടെ വുദൂഉം, നമസ്കാരവും, ആരാധനാകാര്യങ്ങളും കുഴപ്പത്തിലാക്കാന്‍ പിശാച് ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ ആയുധം.
 

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...