ഫോളോ ചെയ്യാം

Sunday, 5 October 2025

355 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 95- دروس الحديث - ജല്‍സത്തുല്‍ ഇസ്തിറാഹ

 


 



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  


ജല്‍സത്തുല്‍ ഇസ്തിറാഹ


95 - عَنْ أَبِي قِلابَةَ عَبْدِ اللَّهِ بْنِ زَيْدٍ الْجَرْمِيِّ الْبَصْرِيِّ قَالَ: ((جَاءَنَا مَالِكُ بْنُ الْحُوَيْرِثِ فِي مَسْجِدِنَا هَذَا، فَقَالَ: إنِّي لأُصَلِّي بِكُمْ، وَمَا أُرِيدُ الصَّلاةَ، أُصَلِّي كَيْفَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم يُصَلِّي، فَقُلْتُ لأَبِي قِلابَةَ: كَيْفَ كَانَ يُصَلِّي؟ فَقَالَ: مِثْلَ صَلاةِ شَيْخِنَا هَذَا، وَكَانَ يَجْلِسُ إذَا رَفَعَ رَأْسَهُ مِنْ السُّجُودِ قَبْلَ أَنْ يَنْهَضَ)) . أَرادَ بشيخِهمْ، أَبا يزيدَ، عَمرَو بنَ سَلَمَة الجَرْميَّ. 

അബൂ ഖിലാബ അബ്ദുല്ലാഹി ബ്നു സൈദ് അൽ-ജർമി അൽ-ബസ്വരി رحمه الله യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: മാലിക് ബ്നുൽ ഹുവൈരിസ് رضي الله عنه ഞങ്ങളുടെ ഈ പള്ളിയിൽ വന്നിട്ട് പറഞ്ഞു: "ഞാൻ നിങ്ങളെയും കൊണ്ട് നമസ്കരിക്കാൻ പോകുന്നു. (ഇപ്പോൾ) നമസ്കരിക്കണമെന്ന് ഉദ്ദേശിച്ചല്ല (ഞാനിത് ചെയ്യുന്നത്), മറിച്ച് അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم يُصَلِّي എങ്ങനെ നമസ്കരിക്കുന്നത് ഞാൻ കണ്ടുവോ അത് (നിങ്ങൾക്ക് കാണിച്ചു തരാൻ) വേണ്ടിയാണ് ഞാൻ നമസ്കരിക്കുന്നത്." അപ്പോള്‍ ഞാന്‍ (അയ്യൂബ് സഖ്തിയാനി) അബൂ ഖിലാബയോട് ചോദിച്ചു: "അദ്ദേഹം (മാലിക്) എങ്ങനെയാണ് നമസ്കരിച്ചത്?" അദ്ദേഹം പറഞ്ഞു: "നമ്മുടെ ഈ ശൈഖിനെപ്പോലെ (അംറ് ബ്നു സലമയെപ്പോലെ). അദ്ദേഹം സുജൂദിൽ നിന്ന് തല ഉയർത്തിയാൽ എഴുന്നേൽക്കുന്നതിന് മുമ്പ് (അൽപ്പസമയം) ഇരിക്കാറുണ്ടായിരുന്നു."

    (ഇവിടെ) അവരുടെ ശൈഖ് എന്ന് ഉദ്ദേശിച്ചത് അബൂ യസീദ്, അംറ് ബ്നു സലമ അൽ-ജർമി ആണ്.

വിവരണം

    സ്വഹാബികൾ മതപരമായ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നതിൽ ജനങ്ങളിൽ ഏറ്റവും കൂടുതൽ താൽപ്പര്യമുള്ളവരായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും അവരുടെ പ്രഥമ പരിഗണനയിലുള്ള വിഷയവും നമസ്കാരമായിരുന്നു.

    ഈ ഹദീസിൽ, താബിഈ ആയ അബൂ ഖിലാബ അബ്ദുല്ലാഹി ബ്നു സൈദ് അൽ-ജർമി അൽ-ബസ്വരി رحمه الله വിവരിക്കുന്നു: സ്വഹാബിയായ മാലിക് ബ്നുൽ ഹുവൈരിസ് رضي الله عنه നബി صلى الله عليه وسلم യുടെ നമസ്കാരത്തിന്‍റെ രൂപം പ്രായോഗികമായി പഠിപ്പിക്കുവാനായി അവരുടെ പള്ളിയിൽ വന്നു. അദ്ദേഹം താമസിച്ചിരുന്നത് ബസ്വറയിലായിരുന്നതിനാൽ, ഇതില്‍ പറയപ്പെട്ട പള്ളി ബസ്വറയിലെ പള്ളിയാണെന്ന് പറയപ്പെടുന്നു.

  മാലിക് ബ്നുൽ ഹുവൈരിസ് رضي الله عنه അവരോട് പറഞ്ഞു: "നിശ്ചയമായും ഞാൻ നിങ്ങളെയും കൊണ്ട് നമസ്കരിക്കുന്നു, എന്നാൽ ഞാൻ (ഈ) നമസ്കാരം ഉദ്ദേശിക്കുന്നില്ല". ഇതിനർത്ഥം, ഞാനിപ്പോൾ നിർവഹിക്കുന്ന ഈ നമസ്കാരം കൊണ്ട് ഒരു പ്രത്യേക നമസ്കാരത്തെ ഞാൻ ലക്ഷ്യം വെക്കുന്നില്ല. അദ്ദേഹം ഇമാമത്ത് നിൽക്കാൻ ഉദ്ദേശിച്ചില്ല എന്നും ഇതിന് അർത്ഥം പറയപ്പെട്ടിട്ടുണ്ട്. മറിച്ച്, "അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم എങ്ങനെ നമസ്കരിക്കുന്നത് ഞാൻ കണ്ടുവോ അത് (നിങ്ങൾക്ക് കാണിച്ചു തരാൻ) വേണ്ടിയാണ് ഞാൻ നമസ്കരിക്കുന്നത്" എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം. പ്രവൃത്തിയിലൂടെ അവിടുത്തെ നമസ്കാരത്തിന്‍റെ രീതി നിങ്ങളെ പഠിപ്പിക്കാനായിരുന്നു അത്. അദ്ദേഹത്തിന്‍റെ ഈ പഠിപ്പിക്കൽ ഒരു നിർബന്ധ നമസ്കാരത്തിന്‍റെ സമയത്തായിരുന്നില്ല. 

    അബൂ ഖിലാബ رحمه الله യോട് അദ്ദേഹത്തിൽ നിന്ന് ഹദീസ് റിപ്പോർട്ട് ചെയ്യുന്ന അയ്യൂബ് അസ്സഖ്തിയാനി رحمه الله, "അദ്ദേഹത്തിന്‍റെ (മാലിക്കിന്‍റെ) നമസ്കാരം എപ്രകാരമായിരുന്നു?" എന്ന് ചോദിച്ചപ്പോൾ, മാലിക് ബ്നുൽ ഹുവൈരിസ് رضي الله عنه വിന്‍റെ നമസ്കാരം അവരുടെ ശൈഖിന്‍റെ നമസ്കാരത്തിന് സമാനമായിരുന്നു എന്ന് മറുപടി നൽകി. അതുകൊണ്ട് അദ്ദേഹം സൂചിപ്പിച്ചത് സ്വഹാബിയായ അബൂ ബുറൈദ് അംറ് ബ്നു സലമ അൽ-ജർമി رضي الله عنه വിനെയായിരുന്നു. അദ്ദേഹം പ്രായം ചെന്ന ഒരു ശൈഖായിരുന്നു. അദ്ദേഹം നമസ്കാരത്തിൽ ഒന്നാമത്തെ റക്അത്തിലെ സുജൂദിന് ശേഷം രണ്ടാമത്തെ റക്അത്തിലേക്ക് എഴുന്നേൽക്കുന്നതിന് മുമ്പായി ഇരിക്കാറുണ്ടായിരുന്നു. ഈ ഇരുത്തത്തിനാണ് "ജൽസത്തുൽ ഇസ്തിറാഹ" (വിശ്രമത്തിനായുള്ള ഇരുത്തം) എന്ന് പറയുന്നത്.

    ഇമാം ബുഖാരി ഉദ്ധരിച്ച മറ്റൊരു ഹദീസിൽ മാലിക് ബ്നുൽ ഹുവൈരിസ് رضي الله عنه വ്യക്തമാക്കുന്നുണ്ട്: "നബി صلى الله عليه وسلم നമസ്കരിക്കുമ്പോൾ, അവിടുത്തെ നമസ്കാരത്തിലെ ഒറ്റയായ റക്അത്തുകളിൽ ഇരിക്കുന്നത് അദ്ദേഹം കണ്ടിട്ടുണ്ട്". അതായത്, ഈ 'ജൽസത്തുൽ ഇസ്തിറാഹ' നമസ്കാരത്തിലെ ഒറ്റയായ റക്അത്തുകളിൽ (ഒന്നും മൂന്നും) അദ്ദേഹം നിർവഹിച്ചിരുന്നു; ഒന്നാമത്തെ റക്അത്ത് കഴിഞ്ഞ് രണ്ടാമത്തേതിലേക്ക് എഴുന്നേൽക്കുന്നതിന് മുമ്പും, മൂന്നാമത്തെ റക്അത്ത് കഴിഞ്ഞ് നാലാമത്തേതിലേക്ക് എഴുന്നേൽക്കുന്നതിന് മുമ്പും. ഈ ഇരുത്തം റക്അത്തിനെ പൂർത്തിയാക്കുന്ന ഒന്നാണെന്ന് പറയപ്പെട്ടിട്ടുണ്ട്. നബി صلى الله عليه وسلم ഇത് ചെയ്തത് പ്രായാധിക്യം കൊണ്ടോ രോഗം കൊണ്ടോ പോലുള്ള പ്രത്യേക സാഹചര്യത്തിലാണെന്നും പറയുന്നവരുണ്ട്. അതല്ല, അത് നമസ്കാരത്തിൽ ഉദ്ദേശിക്കപ്പെട്ടതും എന്നാൽ ലഘുവായി ചെയ്യേണ്ടതുമായ ഒരു കാര്യമാണെന്നും അഭിപ്രായമുണ്ട്.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമുള്ള പ്രോത്സാഹനം.
2- 'ജൽസത്തുൽ ഇസ്തിറാഹ' നമസ്കാരത്തില്‍ അനുവദനീയമാണെന്നതിനുള്ള തെളിവ്.
3- ഇബാദത്തിന്‍റെ നിയ്യത്തോടെ (ആരാധന എന്ന ഉദ്ദേശത്തോടെ) പഠിപ്പിക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി ആരാധനാകർമ്മം ചെയ്യുന്നത് അനുവദനീയമാണ്.  നമസ്കാരം അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ഒരു പുണ്യകർമ്മം എന്നതുപോലെ, പഠിപ്പിക്കലും ഒരു പുണ്യകർമ്മമാണ്.
4- പ്രവൃത്തിയിലൂടെ പഠിപ്പിക്കുന്നത് അനുവദനീയമാണ്. കാരണം, പഠിതാവിന്‍റെ മനസ്സിൽ അത് കൂടുതൽ കാലം നിലനിൽക്കാൻ സഹായിക്കും.
5-ജനങ്ങളുടെ മനസ്സിലേക്ക് വിജ്ഞാനം എത്തിച്ചുകൊടുക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കുക.
6- സുന്നത്ത് പ്രചരിപ്പിക്കുന്നതിൽ സ്വഹാബികൾക്കുണ്ടായിരുന്ന അതീവ താൽപ്പര്യം.
7- 'ജൽസത്തുൽ ഇസ്തിറാഹ' (വിശ്രമത്തിനായുള്ള ഇരുത്തം) സുന്നത്താണ്.
8- 'ജൽസത്തുൽ ഇസ്തിറാഹ'യുടെ സ്ഥാനം സുജൂദിൽ നിന്ന് നിർത്തത്തിലേക്ക് ഉയരുമ്പോഴാണ്.
9- ഇതിന്‍റെ ഉദ്ദേശ്യം വിശ്രമമാണ്. അതുകൊണ്ട് തന്നെ ഇതിനായി പ്രത്യേക തക്ബീറോ ദിക്റോ നിർദ്ദേശിക്കപ്പെട്ടിട്ടില്ല.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...