ഫോളോ ചെയ്യാം

Sunday, 19 October 2025

364 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 104- دروس الحديث - മഗ്‌രിബ് നമസ്കാരത്തിലെ പാരായണം

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

മഗ്‌രിബ് നമസ്കാരത്തിലെ പാരായണം

104 - عَنْ جُبَيْرِ بْنِ مُطْعِمٍ رضي الله عنه قَالَ: ((سَمِعْتُ النَّبِيَّ صلى الله عليه وسلم يَقْرَأُ فِي الْمَغْرِبِ بِالطُّورِ)) .

ജുബൈർ ബ്നു മുത്ഇം رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "നബി صلى الله عليه وسلم മഗ്‌രിബ് നമസ്കാരത്തിൽ "അത്ത്വൂര്‍" (സൂരുത്തുത്ത്വൂര്‍) പാരായണം ചെയ്യുന്നത് ഞാൻ കേട്ടു."

വിവരണം

    സ്വഹാബികൾ എല്ലാ കാര്യങ്ങളിലും, പ്രത്യേകിച്ച് നമസ്കാരത്തിൽ, അല്ലാഹുവിന്‍റെ റസൂലിന്‍റെ صلى الله عليه وسلم മാതൃക പിന്തുടരാൻ വളരെയേറെ താല്പര്യം കാണിച്ചിരുന്നു. ഈ ഹദീസ് മഗ്‌രിബ് നമസ്കാരത്തിലെ പ്രവാചകന്‍റെ صلى الله عليه وسلم ഒരു ചര്യയെ വിവരിക്കുന്നു.

  ജുബൈർ ബ്നു മുത്ഇം رضي الله عنه മഗ്‌രിബ് നമസ്കാരത്തിൽ ഫാത്തിഹക്ക് ശേഷം നബി صلى الله عليه وسلم 'സൂറത്തു ത്വൂർ' പാരായണം ചെയ്യുന്നത് കേട്ടു. ചിലപ്പോൾ അദ്ദേഹം ആ സൂറത്ത് പൂർണ്ണമായി പാരായണം ചെയ്തിരിക്കാം, അല്ലെങ്കിൽ അതിൽ നിന്ന് കുറച്ചു ഭാഗം പാരായണം ചെയ്തിരിക്കാം.

    മഗ്‌രിബിൽ നബി صلى الله عليه وسلم 'സൂറത്തുൽ മുർസലാത്ത്' പാരായണം ചെയ്തതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ഉമ്മുൽ ഫദ്ൽ ബിൻത് അൽ-ഹാരിഥ് رضي الله عنها യിൽ നിന്ന് സ്വഹീഹൈനിയിൽ (ബുഖാരിയിലും മുസ്‌ലിമിലും) ഈ ഹദീസ് കാണാം. സൈദ് ബ്നു ഥാബിത് رضي الله عنه വിൽ നിന്ന് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസിൽ അദ്ദേഹം 'സൂറത്തുൽ അഅ്റാഫ്' പാരായണം ചെയ്തതായി വന്നിട്ടുണ്ട്. ഇബ്നു ഉമറിനെ തൊട്ട് ഇബ്നു മാജ റിപ്പോർട്ട് ചെയ്തതനുസരിച്ച് അദ്ദേഹം {قُلْ يَا أَيُّهَا الْكَافِرُونَ} (സൂറത്തുൽ കാഫിറൂൻ), {قُلْ هُوَ اللَّهُ أَحَدٌ} (സൂറത്തുൽ ഇഖ്‌ലാസ്) എന്നിവയും പാരായണം ചെയ്തിട്ടുണ്ട്. അൽ-ബറാഅ് ബ്നു ആസിബ് رضي الله عنه വിൽ നിന്ന് ഇമാം അഹ്മദ് റിപ്പോർട്ട് ചെയ്ത ഹദീസിൽ {التِّينِ وَالزَّيْتُونِ} (സൂറത്തു ത്തീൻ) പാരായണം ചെയ്തതായും കാണാം.

    ഇതെല്ലാം സൂചിപ്പിക്കുന്നത്, നമസ്കാരത്തിലെ ഖിയാമിന്റെ (നിറുത്തത്തിന്‍റെ) ദൈർഘ്യം സാഹചര്യങ്ങൾക്കും സമയങ്ങൾക്കും അനുസരിച്ച് നബി صلى الله عليه وسلم മാറ്റങ്ങൾ വരുത്തിയിരുന്നു എന്നാണ്.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1-മഗ്‌രിബ് നമസ്കാരത്തിൽ സാധാരണയായി പാരായണം ചെയ്യാറുള്ളത് 'ഖിസാറുൽ മുഫസ്സൽ' (ഖുർആനിലെ അവസാന ഭാഗത്തുള്ള ചെറിയ സൂറത്തുകൾ) ആണ്. കാരണം അതിന്‍റെ സമയം വളരെ ചുരുങ്ങിയതാണ്. എങ്കിലും, ചിലപ്പോൾ ദൈർഘ്യമേറിയ സൂറത്തുകളും പാരായണം ചെയ്യാറുണ്ട്. അത് ചെറിയ സൂറത്തുകളിൽ മാത്രം പരിമിതമല്ല. നബി صلى الله عليه وسلم 'സൂറത്തു ത്വൂർ' പാരായണം ചെയ്തതായി സ്ഥിരപ്പെട്ടിട്ടുണ്ട്, അത് 'ത്വിവാലുൽ മുഫസ്സലി'ൽ (ഖുർആനിലെ അവസാന ഭാഗത്തുള്ള വലിയ സൂറത്തുകൾ) പെട്ടതാണ്.

2- നബി صلى الله عليه وسلم മഗ്‌രിബ് നമസ്കാരത്തിൽ താഴെ പറയുന്ന സൂറത്തുകൾ പാരായണം ചെയ്തതായി റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്:

  • സൂറത്തുൽ അഅ്റാഫ്

  • സൂറത്തു സ്സാഫ്ഫാത്ത്

  • സൂറത്തു ദ്ദുഖാൻ

  • സൂറത്തുൽ മുർസലാത്ത്

  • സൂറത്തു ത്തീൻ

  • മുഅവ്വിദതൈനി (സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ്)

ഈ വിഷയത്തിൽ വന്ന ഹദീസുകളെല്ലാം സ്വഹീഹായവയാണ്.

3-ജുബൈർ ബ്നു മുത്ഇം رضي الله عنه നബി صلى الله عليه وسلم യിൽ നിന്ന് 'സൂറത്തു ത്വൂർ' കേൾക്കുന്ന സമയത്ത് അദ്ദേഹം അവിശ്വാസിയായിരുന്നു. എന്നാൽ അദ്ദേഹം ഈ ഹദീസ് മറ്റുള്ളവർക്ക് കൈമാറുന്നത് മുസ്‌ലിമായ ശേഷമാണ്. പണ്ഡിതന്മാർ പറയുന്നു: "ഒരു കാര്യം സ്വീകരിക്കുന്നതിലല്ല, അത് കൈമാറുന്നതിലാണ് പരിഗണന." അതിനാൽ, ഒരാൾ അവിശ്വാസിയോ അധർമ്മികനോ ആയിരിക്കുമ്പോൾ ഒരു കാര്യം ഗ്രഹിക്കുകയും, പിന്നീട് മുസ്‌ലിമോ നീതിമാനോ ആയ ശേഷം അത് കൈമാറുകയും ചെയ്താൽ ആ സാക്ഷ്യം സ്വീകാര്യമാണ്. ഹദീസ് റിപ്പോർട്ട് ചെയ്യുന്നതും സാക്ഷ്യം പറയുന്നതും പോലെയാണ്.

4- നബി صلى الله عليه وسلم ചില സന്ദർഭങ്ങളിൽ മഗ്‌രിബ് നമസ്കാരം ദീർഘിപ്പിക്കാറുണ്ടായിരുന്നു. എങ്കിലും, സാധാരണയായി അത് ലഘൂകരിക്കുകയായിരുന്നു പതിവ്.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...