ഫോളോ ചെയ്യാം

Wednesday, 15 October 2025

361 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 101- دروس الحديث - നമസ്കാരത്തില്‍ ശാന്തത നിര്‍ബന്ധമാണ്‌



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

നമസ്കാരത്തില്‍ ശാന്തത നിര്‍ബന്ധമാണ്‌

بابُ وجوب الطمأنينة في الركوع والسجود

റുകൂഇലും സുജൂദിലും ശാന്തത (സമാധാനം) നിർബന്ധമാണെന്നതിനെക്കുറിച്ചുള്ള അദ്ധ്യായം.

101 - عَنْ أَبِي هُرَيْرَةَ رضي الله عنه: ((أَنَّ النَّبِيَّ صلى الله عليه وسلم دَخَلَ الْمَسْجِدَ، فَدَخَلَ رَجُلٌ فَصَلَّى، ثُمَّ جَاءَ فَسَلَّمَ عَلَى النَّبِيِّ صلى الله عليه وسلم فَقَالَ: ارْجِعْ فَصَلِّ، فَإِنَّك لَمْ تُصَلِّ. فَرَجَعَ فَصَلَّى كَمَا صَلَّى، ثُمَّ جَاءَ فَسَلَّمَ عَلَى النَّبِيِّ صلى الله عليه وسلم فَقَالَ: ارْجِعْ فَصَلِّ، فَإِنَّك لَمْ تُصَلِّ - ثَلاثاً - فَقَالَ: وَاَلَّذِي بَعَثَكَ بِالْحَقِّ لا أُحْسِنُ غَيْرَهُ، فَعَلِّمْنِي، فَقَالَ: إذَا قُمْتَ إلَى الصَّلاةِ فَكَبِّرْ، ثُمَّ اقْرَأْ مَا تَيَسَّرَ مِنْ الْقُرْآنِ، ثُمَّ ارْكَعْ حَتَّى تَطْمَئِنَّ رَاكِعاً، ثُمَّ ارْفَعْ حَتَّى تَعْتَدِلَ قَائِماً، ثُمَّ اُسْجُدْ حَتَّى تَطْمَئِنَّ سَاجِداً، ثُمَّ ارْفَعْ حَتَّى تَطْمَئِنَّ جَالِساً. وَافْعَلْ ذَلِكَ فِي صَلاتِكَ كُلِّهَا))

അബൂ ഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം: നബി صلى الله عليه وسلم പള്ളിയിൽ പ്രവേശിച്ചു. അപ്പോൾ ഒരാൾ കടന്നുവന്ന് നമസ്കരിച്ചു. ശേഷം അദ്ദേഹം നബി صلى الله عليه وسلم യുടെ അടുത്തുവന്ന് സലാം പറഞ്ഞു. അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: "താങ്കൾ തിരിച്ചുപോയി നമസ്കരിക്കുക, കാരണം താങ്കൾ നമസ്കരിച്ചിട്ടില്ല." അയാൾ മടങ്ങിപ്പോയി (മുൻപ്) നമസ്കരിച്ചതുപോലെ വീണ്ടും നമസ്കരിച്ചു. എന്നിട്ട് വീണ്ടും നബി صلى الله عليه وسلم യുടെ അടുത്തുവന്ന് സലാം പറഞ്ഞു. അപ്പോഴും നബി صلى الله عليه وسلم പറഞ്ഞു: "താങ്കൾ തിരിച്ചുപോയി നമസ്കരിക്കുക, കാരണം താങ്കൾ നമസ്കരിച്ചിട്ടില്ല." - ഇത് മൂന്ന് തവണ ആവർത്തിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: "സത്യവുമായി അങ്ങയെ നിയോഗിച്ചവൻ തന്നെയാണ് സത്യം, ഞാന്‍  ഇതിനെക്കാൾ നന്നാക്കുകയില്ല (നന്നാക്കി നമസ്കരിക്കാൻ അറിയില്ല), അതിനാൽ എനിക്ക് പഠിപ്പിച്ചുതന്നാലും." നബി صلى الله عليه وسلم പറഞ്ഞു: "നീ നമസ്കാരത്തിനായി നിന്നാൽ തക്ബീർ ചൊല്ലുക. ശേഷം ഖുർആനിൽ നിന്ന് നിനക്ക് എളുപ്പമായത് പാരായണം ചെയ്യുക. പിന്നെ നീ റുകൂഅ് ചെയ്യുക, അങ്ങനെ സമാധാനമായി റുകൂഇൽ നിലകൊള്ളുക. പിന്നീട് റുകൂഇൽ നിന്ന് ഉയർന്ന് നേരെ നിൽക്കുക. ശേഷം സുജൂദ് ചെയ്യുക, അങ്ങനെ ശാന്തമായി സുജൂദിൽ നിലകൊള്ളുക. പിന്നീട് സുജൂദിൽ നിന്ന് ഉയർന്ന് ശാന്തമായി ഇരിക്കുക. നിന്‍റെ നമസ്കാരത്തില്‍ മുഴുവനും നീ  ഇപ്രകാരം ചെയ്യുക."

വിവരണം

    നമസ്കാരം ദീനിന്റെ (മതത്തിന്‍റെ) നെടുംതൂണാണ്. പ്രവാചകൻ (സ) അതിൻ്റെ രൂപം വാചികമായും പ്രായോഗികമായും വിശദീകരിച്ചു തന്നിട്ടുണ്ട്. നമസ്കാരത്തിൽ തെറ്റുവരുത്തുന്നവരെ അദ്ദേഹം തിരുത്തുകയും ശരിയായ രീതി പഠിപ്പിക്കുകയും ചെയ്യുമായിരുന്നു.

    ഈ ഹദീസിൽ അബൂഹുറൈറ رضي الله عنه റിപ്പോർട്ട് ചെയ്യുന്നു: നബി صلى الله عليه وسلم പള്ളിയിൽ പ്രവേശിച്ചപ്പോൾ ഖല്ലാദ് ബ്നു റാഫിഅ് എന്ന് പേരുള്ള ഒരാൾ പള്ളിയിലേക്ക് കടന്നുവന്നു. അദ്ദേഹം വളരെ ധൃതിയിൽ നമസ്കരിച്ചു. അദ്ദേഹത്തിൻ്റെ നിറുത്തത്തിലോ റുകൂഇലോ സുജൂദിലോ അടക്കം (സമാധാനം) ഉണ്ടായിരുന്നില്ല. നമസ്കാരം കഴിഞ്ഞപ്പോൾ അദ്ദേഹം നബി صلى الله عليه وسلم ക്ക് സലാം പറഞ്ഞു. നബി صلى الله عليه وسلم സലാം മടക്കിയ ശേഷം അദ്ദേഹത്തോട് നമസ്കാരം ആവർത്തിക്കാൻ കൽപ്പിച്ചു. കാരണം, അതിൽ അടക്കം (ഓരോ കർമ്മത്തിലും അവയവങ്ങൾ നിശ്ചലമാകുന്ന അവസ്ഥ) ഉപേക്ഷിച്ചതിനാൽ ആ നമസ്കാരം ബാത്വിലായി (അസാധുവായി) പോയിരുന്നു.

    അദ്ദേഹം വീണ്ടും നമസ്കരിച്ചെങ്കിലും അതിലും അടക്കമുണ്ടായിരുന്നില്ല. വളരെ വേഗത്തിൽ, ഓരോ കർമ്മത്തിനും നൽകേണ്ട അടക്കമോ, സമാധാനമോ, നല്ല പാരായണമോ, ദിക്റുകളോ ഇല്ലാതെയായിരുന്നു അതും നിർവഹിച്ചത്. നബി صلى الله عليه وسلم മൂന്നു തവണ അദ്ദേഹത്തോട് നമസ്കാരം ആവർത്തിക്കാൻ കൽപ്പിച്ചു. ഒരുപക്ഷേ, അദ്ദേഹം മറന്നുപോയതാവാം എന്ന് കരുതി അദ്ദേഹത്തെ ഓർമ്മപ്പെടുത്താനായിരിക്കാം നബി صلى الله عليه وسلم അങ്ങനെ ചെയ്തത്. അല്ലെങ്കിൽ, വിഷയത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്താനും പഠനത്തിൽ കൂടുതൽ സ്വാധീനം ചെലുത്താനുമായിരിക്കാം.

    അപ്പോൾ ഖല്ലാദ് അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്തുകൊണ്ട് പറഞ്ഞു: "സത്യവുമായി അങ്ങയെ നിയോഗിച്ചവൻ തന്നെയാണ് സത്യം, ഇതില്‍ കൂടുതല്‍ നന്നായി നമസ്കരിക്കാൻ എനിക്കറിയില്ല. അതിനാൽ ശരിയായ നമസ്കാരം എങ്ങനെയാണെന്ന് എനിക്ക് പഠിപ്പിച്ചുതന്നാലും."

    അപ്പോൾ നബി صلى الله عليه وسلم അദ്ദേഹത്തിന് പഠിപ്പുകൊടുത്തു: "നീ നമസ്കാരത്തിനായി നിന്നാൽ തക്ബീറത്തുൽ ഇഹ്റാം ചൊല്ലുക. ശേഷം ഖുർആനിൽ നിന്ന് നിനക്ക് എളുപ്പമായത് ഓതുക, അതായത് ഫാത്തിഹ സൂറത്ത്. (ഇമാം അഹ്മദിന്റെ റിപ്പോർട്ടിൽ 'ഉമ്മുൽ ഖുർആൻ (ഫാത്തിഹ) ഓതുക, ശേഷം നീ ഉദ്ദേശിക്കുന്നത് ഓതുക' എന്ന് വന്നിട്ടുണ്ട്). പിന്നീട് റുകൂഅ് ചെയ്യുക, അങ്ങനെ സമാധാനമായി റുകൂഇൽ നിലകൊള്ളുക. (ഇമാം അഹ്മദിന്റെ റിപ്പോർട്ടിൽ ഇങ്ങനെ വിശദീകരിക്കുന്നു: 'നീ റുകൂഅ് ചെയ്താൽ, നിന്‍റെ കൈപ്പത്തികൾ കാൽമുട്ടുകളിൽ വെക്കുക, നിന്‍റെ മുതുകിനെ നിവർത്തുക, റുകൂഇനെ ശരിയായ രൂപത്തിൽ ചെയ്യുക...'). ശേഷം റുകൂഇൽ നിന്ന് തല ഉയർത്തി നേരെ നിൽക്കുക. പിന്നീട് സുജൂദ് ചെയ്യുക - നെറ്റിയും മൂക്കും, രണ്ട് കൈകളും, രണ്ട് കാൽമുട്ടുകളും, കാൽവിരലുകളുടെ അറ്റങ്ങളും നിലത്ത് വെച്ചുകൊണ്ട് - അങ്ങനെ സമാധാനമായി സുജൂദിൽ നിലകൊള്ളുക. ശേഷം സുജൂദിൽ നിന്ന് തല ഉയർത്തി സമാധാനമായി ഇരിക്കുക. നിന്‍റെ  നമസ്കാരത്തില്‍ മുഴുവനും ഇപ്രകാരം ചെയ്യുക." അതായത്, നിറുത്തത്തിലും റുകൂഇലും സുജൂദിലുമുള്ള അടക്കവും, എല്ലാ കർമ്മങ്ങളും നല്ല രീതിയിൽ നിർവഹിക്കലും, ധൃതി ഉപേക്ഷിക്കലും നിന്‍റെ  നമസ്കാരത്തില്‍ ശ്രദ്ധിക്കുക.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

  • നമസ്കാരത്തിലെ ഓരോ കർമ്മത്തിലും അടക്കവും ഒതുക്കവും ശാന്തതയും നിർബന്ധമാണ്.

  • പരുഷമായി പെരുമാറുകയോ കഠിനമാക്കുകയോ ചെയ്യാതെ, സൗമ്യതയോടെ പഠിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം.

  • നബി صلى الله عليه وسلم യുടെ ഉത്തമ സ്വഭാവവും സ്വഹാബികളോടുള്ള അദ്ദേഹത്തിൻ്റെ സൗമ്യമായ പെരുമാറ്റവും.

  • നമസ്കാരത്തിലെ കര്‍മങ്ങളിലെ ശാന്തത നമസ്കാരത്തിലെ റുക്നുകളാണ് (അനിവാര്യ ഘടകങ്ങൾ). മറവി കൊണ്ടോ അറിവില്ലായ്മ കൊണ്ടോ ഇവ ഒഴിവാകുന്നതല്ല. നമസ്കാരം ശരിയായി നിർവഹിക്കാത്ത സ്വഹാബിയോട് അത് ആവർത്തിക്കാൻ നബി صلى الله عليه وسلم കൽപ്പിച്ചതാണ് ഇതിന്റെ തെളിവ്. അദ്ദേഹത്തെ പഠിപ്പിക്കുക മാത്രം ചെയ്യുകയായിരുന്നില്ല. ശരിയാകുന്നത് വരെ നമസ്കാരം മടക്കി നിര്‍വ്വഹിക്കുകയാണ് ഉണ്ടയാത്.

  • ഇമാം നവവി رحمه الله പറഞ്ഞു: 'നമസ്കാരത്തിലെ നിർബന്ധ കാര്യങ്ങളിൽ വല്ലതും ഒരാൾ ഉപേക്ഷിച്ചാൽ അയാളുടെ നമസ്കാരം ശരിയാവുകയില്ല എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു'.

  • ഇമാം നവവി رحمه الله പറഞ്ഞു: പഠിതാവിനോടും അറിവില്ലാത്തവനോടും സൗമ്യമായി പെരുമാറേണ്ടതിൻ്റെയും, വിഷയം വ്യക്തമാക്കിക്കൊടുക്കേണ്ടതിൻ്റെയും പ്രാധാന്യം ഇതിലുണ്ട്. പഠിതാവിന് ഗ്രഹിക്കാൻ പ്രയാസകരമായേക്കാവുന്ന ഐച്ഛികമായ കാര്യങ്ങൾ ഒഴിവാക്കി, ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രം സംഗ്രഹിച്ച് പഠിപ്പിക്കണം.

  • "എനിക്ക് ഇതിനേക്കാൾ നന്നായി ചെയ്യാനറിയില്ല, അതിനാൽ എന്നെ പഠിപ്പിച്ചുതന്നാലും" എന്ന ആ സ്വഹാബിയുടെ വാക്കിൽ, സ്വന്തം കുറവുകൾ അംഗീകരിക്കുന്നതിൻ്റെ ശ്രേഷ്ഠതയുണ്ട്.

  • ഇബ്നു ഹജർ رحمه الله പറഞ്ഞു: ഇതിൽ നന്മ കൽപിക്കലും തിന്മ വിരോധിക്കലും ഉണ്ട്. അതോടൊപ്പം, ഒരു പഠിതാവ് അറിവുള്ള ആളോട് തന്നെ പഠിപ്പിക്കാൻ ആവശ്യപ്പെടുന്നതിൻ്റെ മാതൃകയുമുണ്ട്.

  • കണ്ടുമുട്ടുമ്പോൾ സലാം പറയൽ അഭികാമ്യമാണ് (സുന്നത്താണ്), അതിന് മറുപടി നൽകൽ നിർബന്ധവുമാണ്. കണ്ടുമുട്ടൽ ആവർത്തിക്കുകയാണെങ്കിൽ, ചെറിയ ഇടവേളക്ക് ശേഷമാണെങ്കിൽ പോലും സലാം ആവർത്തിക്കുന്നത് നല്ലതാണ്. ഓരോ തവണയും സലാം മടക്കൽ നിർബന്ധവുമാണ്.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...