عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
തഹിയ്യത്ത് നമസ്കാരം
بابٌ جامعٌ
116 - عَنْ أَبِي قَتَادَةَ بْنِ رِبْعِيٍّ الأَنْصَارِيِّ رضي الله عنه قَالَ: قَالَ رَسُولُ صلى الله عليه وسلم: ((إذَا دَخَلَ أَحَدُكُمْ الْمَسْجِدَ فَلا يَجْلِسْ حَتَّى يُصَلِّيَ رَكْعَتَيْنِ)) .
അബൂ ഖതാദ ബ്നു രിബ്ഇയ്യ് അൽ-അൻസാരി رضي الله عنه വിൽ നിന്ന് നിവേദനം: റസൂൽ صلى الله عليه وسلم പറഞ്ഞു: "നിങ്ങളിൽ ആരെങ്കിലും പള്ളിയിൽ പ്രവേശിച്ചാൽ, രണ്ട് റക്അത്ത് നമസ്കരിക്കുന്നതുവരെ ഇരിക്കരുത്."
വിവരണം
തഹിയ്യത്തുൽ മസ്ജിദ് (പള്ളിയോടുള്ള അഭിവാദ്യ നമസ്കാരം) നബി صلى الله عليه وسلم കൽപ്പിച്ച സുന്നത്തുകളിൽ പെട്ടതാണ്. ഈ ഹദീസിൽ, പള്ളിയിൽ പ്രവേശിക്കുന്നയാൾ- അത് നമസ്കാരത്തിനായാലും, നമസ്കാരം കാത്തിരിക്കാനായാലും, അറിവ് തേടാനായാലും, അതുപോലുള്ള മറ്റ് ആവശ്യങ്ങൾക്കായാലും- ഇരിക്കുന്നതിന് മുമ്പ് രണ്ട് റക്അത്ത് നമസ്കരിക്കണമെന്ന് നബി صلى الله عليه وسلم കൽപ്പിക്കുന്നു. ഈ രണ്ട് റക്അത്താണ് തഹിയ്യത്തുൽ മസ്ജിദ്.
എല്ലാ പള്ളികളിലും പ്രവേശിക്കുമ്പോൾ ബാധകമായ ഒരു പൊതു നിയമമാണിത്, മസ്ജിദുൽ ഹറാം ഒഴികെ. കാരണം, അവിടുത്തെ തഹിയ്യത്ത് ത്വവാഫ് ചെയ്യാൻ സൗകര്യപ്പെടുന്നവർ കഅ്ബയെ ഏഴ് പ്രാവശ്യം ത്വവാഫ് (ചുറ്റൽ) ചെയ്യലാണ്. എന്നാൽ ആർക്കാണോ ത്വവാഫ് ചെയ്യാൻ സൗകര്യപ്പെടാത്തത്, അവർ രണ്ട് റക്അത്ത് നമസ്കരിച്ച് ഇരിക്കുക. എന്നാൽ ത്വവാഫ് സൗകര്യപ്പെടുന്നുവെങ്കിൽ, അതാണ് ഏറ്റവും ശ്രേഷ്ഠമായത്, അവർ ത്വവാഫ് കൊണ്ട് തുടങ്ങുക. നബി صلى الله عليه وسلم പള്ളിയിൽ (മസ്ജിദുൽ ഹറാമിൽ) പ്രവേശിച്ചാൽ ത്വവാഫ് കൊണ്ടായിരുന്നു തുടങ്ങിയിരുന്നത്. അതുകൊണ്ട്, അതിന് (ത്വവാഫിന്) സൗകര്യപ്പെട്ടാൽ, ഏഴ് തവണ ത്വവാഫ് ചെയ്തുകൊണ്ട് തുടങ്ങലും, ശേഷം രണ്ട് റക്അത്ത് (ത്വവാഫിൻ്റെ രണ്ട് റക്അത്ത്) നമസ്കരിക്കലുമാണ് അഭികാമ്യം.
(ഫർള്) നമസ്കാരത്തിന് ഇഖാമത്ത് കൊടുത്തിട്ടില്ലാത്ത സന്ദർഭത്തിൽ പള്ളിയിൽ പ്രവേശിക്കുന്നവർക്ക് മാത്രമാണ് ഈ ഹദീസ് ബാധകമാകുന്നത്. അഥവാ (ഫർള് നമസ്കാരത്തിന്) ഇഖാമത്ത് കൊടുത്തിട്ടുണ്ടെങ്കിൽ, ഈ രണ്ട് റക്അത്ത് നമസ്കരിക്കുന്നതിനേക്കാൾ മുൻഗണന നൽകേണ്ടത് ആ (ഫർള്) നമസ്കാരത്തിൽ ചേരുന്നതിനാണ്.
തഹിയ്യത്ത് നമസ്കാരത്തിന്‍റെ വിധി
തഹിയ്യത്ത് നമസ്കാരം മിക്ക പണ്ഡിതന്മാരുടെ അടുത്തും സുന്നത്താണ്. ചില പണ്ഡിതന്മാർ ഇക്കാര്യത്തിൽ ഇജ്മാഅ് (പണ്ഡിതരുടെ ഏകാഭിപ്രായം) ഉദ്ധരിച്ചിട്ടുണ്ട്.
അബൂ ഖതാദ رضي الله عنه വിൽ നിന്ന് നിവേദനം: നബി صلى الله عليه وسلم പറഞ്ഞു: "നിങ്ങളിൽ ആരെങ്കിലും പള്ളിയിൽ പ്രവേശിച്ചാൽ, രണ്ട് റക്അത്ത് നമസ്കരിക്കുന്നതുവരെ ഇരിക്കരുത്." - ബുഖാരി (1167), മുസ്ലിം (714).
ഇമാം നവവി رحمه الله പറഞ്ഞു: "തഹിയ്യത്തുൽ മസ്ജിദ് ഐച്ഛികമാണ് (മുസ്തഹബ്ബ്) എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്. വ്യക്തമായ നിരോധനം ഉദ്ധരിക്കുന്ന അബൂഖതാദയുടെ ഹദീസ് കാരണം, ഒരു കാരണവുമില്ലാതെ തഹിയ്യത്ത് നമസ്കരിക്കാതെ ഇരിക്കുന്നത് കറാഹത്താണ്" - "അൽ-മജ്മൂഅ്" (3/544).
ഹാഫിസ് ഇബ്നു ഹജർ رحمه الله പറഞ്ഞു: "ഈ വിഷയത്തിലെ കൽപ്പന ഐച്ഛികമാണ് (النَّدْبِ) എന്നതിൽ ഫത്‌വ നൽകുന്ന ഇമാമുമാർ യോജിച്ചിരിക്കുന്നു. അഹ്‌ലുൽ ളാഹിർ ഇത് നിർബന്ധമാണെന്ന് പറഞ്ഞതായി ഇബ്നു ബത്വാല്‍ ഉദ്ധരിച്ചു. എന്നാൽ ഇബ്നു ഹസം വ്യക്തമാക്കിയത് അത് നിർബന്ധമില്ല എന്നാണ്...". -ഫത്ഹുൽ ബാരി (1/538, 539), "അൽ-മുഹല്ല" (2/7).
ലജ്നത്തുദ്ദാഇമയുടെ (സൗദി അറേബ്യയിലെ സ്ഥിരം പണ്ഡിത സമിതി) ഫത്‌വകളിൽ (7/137) ഇപ്രകാരം വന്നിരിക്കുന്നു: "ഏത് സമയത്തായാലും പള്ളിയിൽ പ്രവേശിക്കുന്നയാൾക്ക് തഹിയ്യത്തുൽ മസ്ജിദ് നമസ്കരിക്കൽ സുന്നത്താണ്. നബി صلى الله عليه وسلم യുടെ പൊതുവായ ഈ വാക്ക് കാരണം: 'നിങ്ങളിൽ ആരെങ്കിലും പള്ളിയിൽ പ്രവേശിച്ചാൽ, രണ്ട് റക്അത്ത് നമസ്കരിക്കുന്നതുവരെ ഇരിക്കരുത്.'
ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: "തഹിയ്യത്തുൽ മസ്ജിദ് നിർബന്ധമാണെന്ന വാദം ശക്തമായ ഒരു വാദമാണ്. എങ്കിലും ഏറ്റവും അടുത്ത വാദം അത് 'സുന്നത്ത് മുഅക്കദ' (പ്രബലമായ സുന്നത്ത്) ആണെന്നതാണ്. അല്ലാഹുവാണ് ഏറ്റവും അറിയുന്നവൻ." -"മജ്മൂഉൽ ഫതാവ" (14/354).
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- പള്ളിയിൽ ഇരിക്കുന്നതിന് മുമ്പ് അഭിവാദ്യമായി (തഹിയ്യത്ത്) രണ്ട് റക്അത്ത് നമസ്കരിക്കല്‍ നിര്‍ബന്ധമാണെന്ന് ഈ ഹദീസ് അറിയിക്കുന്നു.
2- ഈ കൽപ്പന ഇരിക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ളതാണ്. ആരെങ്കിലും പള്ളിയിൽ പ്രവേശിച്ച് ഇരിക്കുന്നതിന് മുമ്പ് പുറത്തുപോയാൽ, അവനെ ഈ കൽപ്പന ബാധിക്കുന്നതല്ല.
3- നമസ്കരിക്കുന്നയാൾ പള്ളിയിൽ പ്രവേശിക്കുമ്പോൾ ആളുകൾ (ജമാഅത്തായി) നമസ്കാരത്തിലാണെങ്കിൽ, അവൻ അവരോടൊപ്പം അതിൽ (നമസ്കാരത്തിൽ) പ്രവേശിക്കുന്നത് ആ രണ്ട് റക്അത്തിന് (തഹിയ്യത്തിന്) പകരമാകുന്നതാണ്.
4- നമസ്കാരം വിലക്കപ്പെട്ട സമയത്താണ് പള്ളിയില്‍ പ്രവേശിച്ചതെങ്കിലും തഹിയ്യത്ത് നമസ്കാരം നിര്‍വ്വഹിക്കാവുന്നതാണ്. അഥവാ ഫജ്ര്‍ , അസ്വര്‍ എന്നീ നമസ്കാരങ്ങള്‍ക്ക് ശേഷം നമസ്കാരം വിരോധിക്കപ്പെട്ട സമയത്ത് പള്ളിയില്‍ പ്രവേശിച്ചാലും ഇത് നമസ്കരിക്കാം.

No comments:
Post a Comment