ഫോളോ ചെയ്യാം

Sunday, 19 October 2025

365 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 105- دروس الحديث - യാത്രയിലെ ഇശാഅ' നമസ്കാരം

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

യാത്രയിലെ ഇശാഅ' നമസ്കാരം

105 - عَنْ الْبَرَاءِ بْنِ عَازِبٍ رضي الله عنهما: ((أَنَّ النَّبِيَّ صلى الله عليه وسلم كَانَ فِي سَفَرٍ، فَصَلَّى الْعِشَاءَ الآخِرَةَ، فَقَرَأَ فِي إحْدَى الرَّكْعَتَيْنِ بِالتِّينِ وَالزَّيْتُونِ، فَمَا سَمِعْتُ أَحَداً أَحْسَنَ صَوْتاً أَوْ قِرَاءَةً مِنْهُ)) .

അൽ-ബറാഅ് ബ്നു ആസിബ് رضي الله عنه വിൽ നിന്ന് നിവേദനം: "നബി صلى الله عليه وسلم ഒരു യാത്രയിലായിരുന്നു. അവിടുന്ന് ഇശാഅ' നമസ്കരിച്ചു. അതിലെ ഒരു റക്അത്തിൽ 'സൂറത്തുത്തീൻ' (വത്തീനി വസ്സൈത്തൂൻ) പാരായണം ചെയ്തു. നബി صلى الله عليه وسلم യേക്കാള്‍ നല്ല ശബ്ദത്തിലോ പാരായണത്തിലോ ഉള്ള ഒരാളെയും ഞാൻ കേട്ടിട്ടില്ല."

വിവരണം

    ഇസ്‌ലാമിക ശരീഅത്ത് ആരാധനാ കാര്യങ്ങളിലും മറ്റെല്ലാ വിഷയങ്ങളിലും വിശ്വാസികൾക്ക് എളുപ്പം നൽകുന്നതും പ്രയാസങ്ങൾ ഒഴിവാക്കുന്നതുമാണ്. പ്രത്യേകിച്ചും യാത്രകളിൽ, കാരണം അവിടെ കൂടുതൽ ക്ഷീണത്തിനും പ്രയാസത്തിനും സാധ്യതയുണ്ട്.

  അൽ-ബറാഅ് ബ്നു ആസിബ് رضي الله عنه റിപ്പോർട്ട് ചെയ്യുന്നു: നബി صلى الله عليه وسلم ഒരു യാത്രയിലായിരിക്കെ, ഇശാ നമസ്കാരം ക്വസ്വ്'ര്‍ ആക്കി (ചുരുക്കി) രണ്ട് റക്അത്ത് നമസ്കരിച്ചു. അതിലെ ഒരു റക്അത്തിൽ ഫാത്തിഹക്ക് ശേഷം 'സൂറത്തു ത്തീൻ' (وَالتِّينِ وَالزَّيْتُونِ) പാരായണം ചെയ്തു. ഇമാം നസാഇയുടെ റിപ്പോർട്ടിൽ, അദ്ദേഹം അത് ഒന്നാമത്തെ റക്അത്തിലാണ് പാരായണം ചെയ്തത് എന്ന് വന്നിട്ടുണ്ട്.

 ജനങ്ങളോടുള്ള കാരുണ്യത്തിന്‍റെ ഭാഗമായി, യാത്രയിലും നാട്ടിലായിരിക്കുമ്പോഴും ഇശാ നമസ്കാരം ലഘൂകരിക്കുന്നത് നബി صلى الله عليه وسلم യുടെ ചര്യയിൽ പെട്ടതായിരുന്നു. അതിൽ ദീർഘിപ്പിക്കുന്നതിൽ നിന്ന് അദ്ദേഹം മുആദ് ബ്നു ജബൽ رضي الله عنه വിനെ വിലക്കിയിട്ടുണ്ട്. സ്വഹീഹൈനിയിൽ (ബുഖാരിയിലും മുസ്‌ലിമിലും) ജാബിർ ബ്നു അബ്ദില്ല رضي الله عنهما യുടെ ഹദീസിൽ വന്നതുപോലെ, അദ്ദേഹം (മുആദ്) ജനങ്ങളെയും കൊണ്ട് 'സൂറത്തുൽ ബഖറ' ഓതി നമസ്കരിച്ചപ്പോൾ നബി صلى الله عليه وسلم അദ്ദേഹത്തോട് പറഞ്ഞു: "ഏ മുആദ്, നീ ആളുകള്‍ക്ക് ഫിത്ന (കുഴപ്പം) ഉണ്ടാക്കുന്നവനാണോ - (ഇത് മൂന്നു തവണ പറഞ്ഞു)? നീ 'വശ്ശംസി വളുഹാഹാ', 'സബ്ബിഹിസ്മ റബ്ബികൽ അഅ്ലാ' പോലുള്ള സൂറത്തുകൾ പാരായണം ചെയ്യുക."

    ബുറൈദ ബ്നുൽ ഹുസൈബ് رضي الله عنه വിൽ നിന്ന് ഇമാം തുർമുദി റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ഇശാ നമസ്കാരത്തിൽ 'അശ്ശംസി വളുഹാഹാ'യും അതുപോലുള്ള മറ്റു സൂറത്തുകളും പാരായണം ചെയ്യാറുണ്ടായിരുന്നു.

    യാത്രയുടെ അവസ്ഥയും, അതിലുണ്ടാകുന്ന ക്ഷീണവും പ്രയാസവും പരിഗണിക്കണം. ഇത്, നാട്ടിലായാലും യാത്രയിലായാലും മഅ്മൂമീങ്ങളുടെ (പിന്നിൽ നമസ്കരിക്കുന്നവരുടെ) അവസ്ഥകൾ പരിഗണിക്കണം എന്നതിന് തെളിവാണ്.

 വഴിയരികിലുള്ള പള്ളികളിലോ, യാത്രകളിലോ ജനങ്ങൾക്ക് ഇമാമായി നമസ്കരിക്കുന്നവർ നമസ്കാരം ദീർഘിപ്പിക്കാതിരിക്കലാണ് സുന്നത്ത് (പ്രവാചക ചര്യ).

 കാരണം, ആളുകൾ അവരുടെ യാത്ര പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും. അവരുടെ കൂടെ സ്ത്രീകളും കുട്ടികളും ഉണ്ടായിരിക്കാം.

    നബി صلى الله عليه وسلم യാത്രയിൽ ഫജ്ർ നമസ്കാരത്തിൽ 'സൂറത്തുസ്സൽസല' പാരായണം ചെയ്തതായി ഹദീസില്‍ വന്നിട്ടുണ്ട്.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- സ്വഹാബികൾ നബി صلى الله عليه وسلم യുടെ വാക്കുകളും, പ്രവർത്തികളും, അവസ്ഥകളും, അറിവിനും അതനുസരിച്ച് പ്രവർത്തിക്കുന്നതിനും വേണ്ടി ഈ ഉമ്മത്തിന് കൈമാറുന്നതിൽ അതീവ താല്പര്യം കാണിച്ചിരുന്നു.

2- ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "നബി صلى الله عليه وسلم ഇശാ നമസ്കാരത്തിൽ 'ഖിസാറുൽ മുഫസ്സൽ' (ചെറിയ സൂറത്തുകൾ) പാരായണം ചെയ്തത് ഒരു യാത്രയിലായിരുന്നത് കൊണ്ടാണ്. യാത്രയിൽ ലഘൂകരിക്കൽ അഭികാമ്യമാണ്."

3- ഖുർആൻ പാരായണം ചെയ്യുമ്പോൾ ശബ്ദം ഭംഗിയാക്കൽ പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്. യാത്രയിലാണെങ്കിൽ പോലും നമസ്കാരത്തിലെ പാരായണത്തിനും ഇത് ബാധകമാണ്. കാരണം, അത് ഭയഭക്തി (ഖുശൂഅ്) ഉണ്ടാക്കാൻ സഹായിക്കും.

4- ഇശാ നമസ്കാരത്തിൽ ഉറക്കെ പാരായണം ചെയ്യലാണ് സുന്നത്ത് (നബിചര്യ).



No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...