ഫോളോ ചെയ്യാം

Thursday, 23 July 2026

627 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 367 دروس الحديث - കാര്യങ്ങൾ നിശ്ചയിക്കുമ്പോള്‍ 'ഇൻശാ അല്ലാഹ്' പറയുന്നതിന്‍റെ ഫലം

 



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


കാര്യങ്ങൾ നിശ്ചയിക്കുമ്പോള്‍ 

'ഇൻ ശാ അല്ലാഹ്' പറയുന്നതിന്‍റെ ഫലം

367 - عَنْ أَبِي هُرَيْرَةَ رضي الله عنه عَنْ النَّبِيِّ صلى الله عليه وسلم قَالَ: (قَالَ سُلَيْمَانُ بْنُ دَاوُد عليهما السلام: لأَطُوفَنَّ اللَّيْلَةَ عَلَى سَبْعِينَ امْرَأَةً، تَلِدُ كُلُّ امْرَأَةٍ مِنْهُنَّ غُلامًا يُقَاتِلُ فِي سَبِيلِ اللَّهِ، فَقِيلَ لَهُ: قُلْ: إنْ شَاءَ اللَّهُ، فَلَمْ يَقُلْ، فَطَافَ بِهِنَّ، فَلَمْ تَلِدْ مِنْهُنَّ إلاَّ امْرَأَةٌ وَاحِدَةٌ: نِصْفَ إنْسَانٍ. قَالَ: فَقَالَ رَسُولُ اللَّهِ صلى الله عليه وسلم : لَوْ قَالَ إنْ شَاءَ اللَّهُ لَمْ يَحْنَثْ، وَكَانَ دَرَكاً لِحَاجَتِهِ) . قولُهُ: (فَقِيلَ لَهُ: قُلْ: إنْ شَاءَ اللَّهُ) يعني قالَ له المَلَكُ.


അബൂഹുറൈറ رضي الله عنه നിവേദനം ചെയ്യുന്നു: നബി صلى الله عليه وسلم പറഞ്ഞു: "ദാവൂദ് നബി عليه السلام യുടെ മകൻ സുലൈമാൻ عليه السلام പറഞ്ഞു: 'ഇന്നു രാത്രി ഞാൻ (എന്‍റെ) എഴുപത് ഭാര്യമാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടും. അവരിൽ ഓരോ സ്ത്രീയും അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്ന ഓരോ ആൺകുട്ടിക്ക് ജന്മം നൽകും.' അപ്പോൾ അദ്ദേഹത്തോട് പറയപ്പെട്ടു: 'إنْ شَاءَ اللَّهُ (അല്ലാഹു ഉദ്ദേശിച്ചുവെങ്കിൽ) എന്ന് പറയൂ.' എന്നാൽ അദ്ദേഹം അങ്ങനെ പറഞ്ഞില്ല. തുടർന്ന് അദ്ദേഹം അവരുമായി ബന്ധപ്പെടുകയും, ഒരൊറ്റ സ്ത്രീ ഒഴികെ മറ്റാരും പ്രസവിച്ചതുമില്ല. ആ സ്ത്രീ പ്രസവിച്ചതാകട്ടെ അര മനുഷ്യനെ മാത്രമായിരുന്നു (പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞിനെ)."

  അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم പറഞ്ഞു: "അദ്ദേഹം 'إنْ شَاءَ اللَّهُ' എന്ന് പറഞ്ഞിരുന്നെങ്കിൽ സത്യം ലംഘിക്കപ്പെടുകയില്ലായിരുന്നു; താൻ ആഗ്രഹിച്ച കാര്യം അദ്ദേഹത്തിന് നേടിയെടുക്കാനും സാധിക്കുമായിരുന്നു."

 (فَقِيلَ لَهُ: قُلْ: إنْ شَاءَ اللَّهُ) "അദ്ദേഹത്തോട് പറയപ്പെട്ടു: 'إنْ شَاءَ اللَّهُ' എന്ന് പറയൂ": അതായത് മലക്ക് അദ്ദേഹത്തോട് പറഞ്ഞു.

  • لأَطُوفَنَّ: (ഞാന്‍ കറങ്ങും), ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്നതിനെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

  • دَرَكاً لِحَاجَتِهِ (അവന്‍റെ ആവശ്യത്തിന് പ്രാപ്തിയുണ്ടാവുക): ഉദ്ദേശിച്ച കാര്യത്തിലേക്ക് എത്തിച്ചേരുകയും അത് നേടിയെടുക്കുകയും ചെയ്യുക.

വിവരണം

 മഹാനും പ്രതാപവാനുമായ അല്ലാഹുവിന്‍റെ പ്രപഞ്ചത്തില്‍ അവന്‍റെ ഉദ്ദേശ്യവും ഇച്ഛയും ഇല്ലാതെ യാതൊന്നും സംഭവിക്കുകയില്ല. അതിനാൽ തന്നെ, സ്വന്തം മനസ്സിന്‍റെ ഇച്ഛകളിൽ നിന്നും താൽപ്പര്യങ്ങളിൽ നിന്നും മുക്തനായി, പ്രതീക്ഷിക്കുന്ന എല്ലാ കാര്യങ്ങളെയും അല്ലാഹുവിന്‍റെ ഇച്ഛയിലേക്കും ഉദ്ദേശ്യത്തിലേക്കും ചേർത്തു വെക്കുക എന്നത് ഉദ്ദേശിച്ച ലക്ഷ്യം നേടിയെടുക്കാനുള്ള വഴിയാണ്.

 ഈ ഹദീസിൽ നബി صلى الله عليه وسلم വ്യക്തമാക്കുന്നത്, സുലൈമാനു ബ്നു ദാവൂദ് عليهما السلام ഇപ്രകാരം പറഞ്ഞു എന്നാണ്: "ഇന്ന് രാത്രി ഞാൻ എന്‍റെ എഴുപത് (മറ്റു റിപ്പോര്‍ട്ടില്‍ തൊണ്ണൂറ്) ഭാര്യമാരെയും സന്ദർശിക്കുക തന്നെ ചെയ്യും." അതായത്: അല്ലാഹുവാണെ സത്യം, ഞാൻ എന്‍റെ  ഭാര്യമാരുമായി ബന്ധപ്പെടും. അവരെല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യുന്ന ഓരോ യോദ്ധാക്കളെ വീതം പ്രസവിക്കുകയും ചെയ്യും.

 അപ്പോൾ അദ്ദേഹത്തിന്‍റെ കൂടെയുള്ളയാൾ- അദ്ദേഹം വഹ്‌യുമായി വരാറുള്ള മലക്കാണ്, അതല്ല മറ്റൊരാളാണെന്നും പറയപ്പെട്ടിട്ടുണ്ട്- അദ്ദേഹത്തോട് പറഞ്ഞു: "താങ്കൾ 'إنْ شَاءَ اللَّهُ' (അല്ലാഹു ഉദ്ദേശിച്ചുവെങ്കിൽ) എന്ന് പറയുക." എന്നാൽ സുലൈമാൻ عليه السلام അത് മറന്നുപോയതുകൊണ്ട് 'إنْ شَاءَ اللَّهُ' എന്ന് പറഞ്ഞില്ല. തൻ്റെ ഹൃദയം കൊണ്ട് കാര്യം അല്ലാഹുവിലേക്ക് ഭരമേൽപ്പിച്ചില്ല എന്ന് ഇതിനർത്ഥമില്ല; തന്‍റെ നബിയായ അദ്ദേഹത്തിന്‍റെ ഹൃദയം അല്ലാഹുവിലേക്ക് കാര്യങ്ങൾ ഏല്പിക്കുന്നതില്‍ (ഭരമേൽപ്പിക്കുന്നതിൽ) നിന്ന് അശ്രദ്ധമായിപ്പോവുക എന്നത് അങ്ങേയറ്റം വിദൂരമാണ്. എല്ലാ നബിമാര്‍ക്കും പാപങ്ങളില്‍ നിന്നുള്ള സുരക്ഷ സ്ഥിരപ്പെട്ടതുമാണ്. അതിനാൽ ഇവിടുത്തെ മറവി എന്നത് 'إنْ شَاءَ اللَّهُ' എന്ന് നാക്കുകൊണ്ട് പറയുന്നതിലെ മറവി മാത്രമായിരുന്നു.

 തുടർന്ന് നബി صلى الله عليه وسلم അറിയിച്ചു: അവരിൽ ഒരൊറ്റ സ്ത്രീയല്ലാതെ ഗർഭം ധരിച്ചില്ല. അവരാകട്ടെ  അര മനുഷ്യനുമായാണ് (പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞുമായി) വന്നത്.

 അതിനുശേഷം, നബി صلى الله عليه وسلم പറഞ്ഞു: തന്‍റെ സംസാരത്തില്‍ സുലൈമാൻ عليه السلام 'ഇൻശാ അല്ലാഹ്' എന്ന വാക്ക് ഉപയോഗിച്ചിരുന്നെങ്കിൽ, അദ്ദേഹം പറഞ്ഞതുപോലെ അല്ലാഹു അദ്ദേഹത്തിന് നൂറ് യോദ്ധാക്കളെ നൽകുകയും, അവരെല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യുകയും ചെയ്യുമായിരുന്നു. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍ 

1- ഭാവിയില്‍ ചെയ്യുന്ന ഒരു കാര്യം ഉറപ്പിച്ച് പറയുമ്പോള്‍ 'إنْ شَاءَ اللَّهُ' എന്ന് പറയല്‍ ഉദ്ദേശിച്ച കാര്യം നേടിയെടുക്കുന്നതിനും ആഗ്രഹിച്ചത് പ്രാപിക്കുന്നതിനും അങ്ങേയറ്റം ഉപകാരപ്രദവും ഫലപ്രദവുമാണ്. കാരണം, അല്ലാഹുവിന്‍റെ ഉദ്ദേശം അനുസരിച്ച് മാത്രമേ ലോകത്ത് ഇതൊരു കാര്യവും നടക്കുകയുള്ളൂ. 

2- ഇങ്ങനെ ഭാവിയില്‍ ചെയ്യാനുള്ള കാര്യം ഉറപ്പിച്ച് പറയുമ്പോള്‍ അതിനെ അല്ലാഹുവിന്‍റെ ഉദ്ദേശ്യത്തിലേക്ക് ചേർക്കുകയും (إنْ شَاءَ اللَّهُ എന്ന് പറയുകയും) പിന്നീട് ആ കാര്യം ചെയ്യാതിരിക്കുകയും ചെയ്താൽ അവൻ അത് ലംഘിച്ചവനായി മാറുന്നില്ല. (പ്രായശ്ചിത്തം നൽകേണ്ടതില്ല).

3- അല്ലാഹുവിന്‍റെ നബിമാരിൽ ഒരാൾക്ക് സംഭവിച്ച വലിയൊരു ഉപദേശവും ഗുണപാഠവും ഈ ഹദീസിലുണ്ട്. അദ്ദേഹം തൻ്റെ കാര്യത്തിൽ വൻ നിശ്ചയദാർഢ്യം കാണിച്ചെങ്കിലും അല്ലാഹുവിന്‍റെ ഉദ്ദേശ്യം അതിൽ നിന്ന് വിഭിന്നമായിരുന്നു. അവൻ്റെ സ്മരണ നിലനിർത്തുകയല്ലാതെ, അല്ലാഹുവുമായുള്ള അദ്ദേഹത്തിന്‍റെ സാമീപ്യം പോലും തൻ്റെ ആഗ്രഹം നിറവേറ്റാൻ അദ്ദേഹത്തിന് ശുപാർശയായില്ല! അങ്ങനെയെങ്കിൽ നബിമാരേക്കാള്‍ പദവിയിലും മഹത്വത്തിലും താഴെയുള്ളവരുടെ കാര്യം പിന്നെ പറയേണ്ടതുണ്ടോ?!

4- കാര്യങ്ങളുടെ പൂർണ്ണ നിയന്ത്രണം  അല്ലാഹുവിന് മാത്രമാണെന്നും, അവന്‍റെ അധികാരത്തിലും കൽപ്പനയിലും അവന് യാതൊരു പങ്കാളിയുമില്ലെന്നും ജനങ്ങളെ കാണിച്ചുകൊടുക്കുന്നതിനായി, അല്ലാഹു തൻ്റെ ദാസന്മാരിൽ ഉത്തമരായവരുടെ മേൽ ഇത്തരം കാര്യങ്ങൾ വരുത്തുകയും ഖദ്‌റാക്കുകയും ചെയ്യുന്നു.

5- പ്രതീക്ഷയുടെയും ഊഹത്തിന്‍റെയും അടിസ്ഥാനത്തിൽ ഒരു കാര്യം സംഭവിക്കുമെന്ന് മുൻകൂട്ടി പറയൽ അനുവദനീയമാണ്. കാരണം, സുലൈമാൻ നബിയുടെ ഈ പ്രസ്താവന വഹ്‌യിന്‍റെ അടിസ്ഥാനത്തിലായിരുന്നില്ല. വഹ്‌യിന്‍റെ അടിസ്ഥാനത്തിലായിരുന്നുവെങ്കിൽ അദ്ദേഹം അറിയിച്ച കാര്യം അതുപോലെ സംഭവിക്കൽ നിർബന്ധമാകുമായിരുന്നു.

6- വിധിയോട് (ഖദറിനോട്) എതിർപ്പുപ്രകടിപ്പിക്കുന്ന രീതിയിലല്ലെങ്കിൽ لَوْ 'എങ്കില്‍' (അങ്ങനെ ചെയ്തിരുന്നെങ്കിൽ/ ഉണ്ടായിരുന്നുവെങ്കിൽ) എന്ന് ഉപയോഗിക്കുന്നത് അനുവദനീയമാണ്.

7- ഒരു മുസ്‌ലിം നന്മയായ ഒരു കാര്യമാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ പോലും അവൻ 'إن شاء الله' എന്ന് പറയേണ്ടതുണ്ട്. ഒന്നാമതായി അത് മര്യാദയുടെ  ഭാഗമാണ്, രണ്ടാമതായി 'إن شاء الله' എന്ന് പറയുന്നത് താൻ ഉദ്ദേശിച്ച കാര്യം നേടിയെടുക്കുന്നതിന് കാരണമായി മാറുകയും ചെയ്യും.

8- അല്ലാഹു നബിമാര്‍ക്കും ദൂതന്മാര്‍ക്കും ഉയർന്ന ശാരീരികശേഷി നൽകിയിരുന്നു. ഹദീസില്‍ വന്നതുപോലെ സുലൈമാൻ عليه السلام തൻ്റെ എഴുപതോ തൊണ്ണൂറോ ഭാര്യമാരെ സന്ദർശിക്കുകയുണ്ടായി എന്നതില്‍ നിന്ന് ഇത് മനസ്സിലാക്കാം.

9- കേൾക്കാൻ അരോചകമല്ലാത്ത മാന്യമായ പദപ്രയോഗങ്ങൾ ഉപയോഗിച്ച് സംസാരിക്കല്‍ അനിവാര്യമാണ്. "لأطوفنّ" (ഞാൻ സന്ദർശിക്കും/ചുറ്റും) എന്ന പ്രയോഗം ഇതിന് ഉദാഹരണമാണ്. ഇവിടെ ഇതിന്‍റെ അര്‍ത്ഥം ഞാന്‍ ഭാര്യമാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും എന്നാണ്. 


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...