عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
കള്ള സത്യത്തിന്‍റെ
അനന്തര ഫലങ്ങള്‍
368 - عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: (مَنْ حَلَفَ عَلَى يَمِينِ صَبْرٍ يَقْتَطِعُ بِهَا مَالَ امْرِئٍ مُسْلِمٍ، هُوَ فِيهَا فَاجِرٌ، لَقِيَ اللَّهَ وَهُوَ عَلَيْهِ غَضْبَانُ). وَنَزَلَتْ: (إنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ وَأَيْمَانِهِمْ ثَمَناً قَلِيلاً) إلَى آخِرِ الآيَةِ ".
അബ്ദുല്ലാഹി ബ്നു മസ്ഊദ് رضي الله عنه നിവേദനം ചെയ്യുന്നു: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "ഒരു മുസ്‌ലിമായ മനുഷ്യന്‍റെ ധനം അനർഹമായി പിടിച്ചെടുക്കുന്നതിനായി, അറിഞ്ഞുകൊണ്ട് കളവായി ആരെങ്കിലും സത്യം ചെയ്താൽ; അല്ലാഹു അവനോട് കടുത്ത കോപത്തിലായിരിക്കെ മാത്രമായിരിക്കും അവൻ അല്ലാഹുവിനെ കണ്ടുമുട്ടുക." തുടർന്ന് അല്ലാഹു ഈ ഖുർആൻ ആയത്ത് ഇറക്കി: {തീർച്ചയായും അല്ലാഹുവുമായുള്ള കരാറും തങ്ങളുടെ സത്യങ്ങളും തുച്ഛമായ വിലക്ക് വിൽക്കുന്നവരാരോ...} (ആയത്തിന്‍റെ അവസാനം വരെ).
يَمِين صَبْر: ഇത് വിധികർത്താവിന്‍റെ ഉത്തരവ് പ്രകാരം നിർബന്ധിതനായി ചെയ്യേണ്ടി വരുന്ന സത്യത്തെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
فَاجِرٌ: കളവ് പറയുന്നവൻ. (ഇവിടെ: അറിഞ്ഞുകൊണ്ട് സത്യത്തിന് വിരുദ്ധമായി കള്ള സത്യം ചെയ്യുന്നവൻ).
ഈ ഹദീസിൽ അബ്ദുല്ലാഹി ബ്നു മസ്ഊദ് رضي الله عنه വ്യക്തമാക്കുന്നു: ഏതൊരാളാണോ തനിക്ക് അവകാശപ്പെട്ടതല്ലാത്ത മറ്റൊരാളുടെ ധനം പിടിച്ചെടുക്കുന്നതിനായി സത്യം ചെയ്യുന്നത്, താൻ ചെയ്യുന്നത് സത്യമല്ലെന്ന് അറിഞ്ഞുകൊണ്ട് അവൻ കളവായി സത്യം ചെയ്യുകയാണെങ്കിൽ; അല്ലാഹു അവനോട് കടുത്ത കോപത്തിലായിരിക്കെ മാത്രമായിരിക്കും അവൻ അല്ലാഹുവിനെ കണ്ടുമുട്ടുക.
അല്ലാഹുവിൻ്റെ കോപം എന്നത് അവൻ്റെ മഹത്വത്തിനും പ്രതാപത്തിനും അനുയോജ്യമായ രീതിയിൽ അല്ലാഹുവിന് സ്ഥിരപ്പെട്ട ഒരു വിശേഷണമാണ്. അത് സൃഷ്ടികളുടെ കോപത്തിന് സമാനമല്ല. {അവന് തുല്യമായി യാതൊന്നുമില്ല; അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമത്രേ} [അശ്ശൂറ: 11].
തുടർന്ന് അല്ലാഹു ഇതിനെ ശരിവെച്ചുകൊണ്ട് തൻ്റെ പരിശുദ്ധ ഗ്രന്ഥത്തിൽ അവതരിപ്പിച്ചു:
إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ وَأَيْمَانِهِمْ ثَمَنًا قَلِيلًا أُولَئِكَ لَا خَلَاقَ لَهُمْ فِي الْآخِرَةِ وَلَا يُكَلِّمُهُمُ اللَّهُ وَلَا يَنْظُرُ إِلَيْهِمْ يَوْمَ الْقِيَامَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ- سورة آل عمران : 77
അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക് വിൽക്കുന്നവരാരോ അവർക്ക് പരലോകത്തിൽ യാതൊരു ഓഹരിയുമില്ല. ഉയിർത്തെഴുന്നേൽപിന്‍റെ നാളിൽ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരുടെ നേർക്ക് (കാരുണ്യപൂർവ്വം) നോക്കുകയോ ചെയ്യുന്നതല്ല. അവൻ അവർക്ക് വിശുദ്ധി നൽകുന്നതുമല്ല. അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്. (ആലു ഇംറാന്‍ : 77)
അതായത്: അല്ലാഹുവിന്‍റെ കരാറിനും തങ്ങളുടെ കളവായ സത്യങ്ങൾക്കും പകരമായി അവർ ഐഹിക ലോകത്തെ താൽക്കാലിക ലാഭങ്ങളും വികാരങ്ങളും (ധനവും ആനുകൂല്യങ്ങളും മറ്റും) വാങ്ങുന്നു. ഇവിടെ അതിനെ 'തുച്ഛമായ വില' (ثَمَنًا قَلِيلًا) എന്ന് വിശേഷിപ്പിച്ചത് അതിനെ നിസ്സാരമാക്കാനാണ്. കാരണം, അല്ലാഹുവിന്‍റെ കരാറിനോട് വഞ്ചന കാണിക്കുകയും കളവായ സത്യം ചെയ്യാൻ തുനിയുകയും ചെയ്യുന്നതിന് പകരമായി ലഭിക്കുന്നത് ലൗകിക വിഭവങ്ങളിൽ നിന്ന് എത്ര വലുതാണെങ്കിലും, അല്ലാഹുവിന്‍റെ പ്രീതിക്കും അവൻ്റെ കരാറുകൾ പാലിക്കുന്നതിനും മുന്നിൽ അത് അങ്ങേയറ്റം തുച്ഛം മാത്രമാണ്.
തുടർന്ന്, ഈ വൻപാപം ചെയ്യുന്നവർക്കുള്ള ശിക്ഷ അല്ലാഹു തആലാ എടുത്തുപറഞ്ഞു: {أُولَئِكَ لَا خَلَاقَ لَهُمْ فِي الْآخِرَةِ وَلَا يُكَلِّمُهُمُ اللَّهُ} അതായത്: പരലോകത്തെ അനുഗ്രഹങ്ങളിൽ അവർക്ക് യാതൊരു പങ്കോ വിഹിതമോ ഉണ്ടായിരിക്കില്ല. അല്ലാഹു അവരോട് സന്തോഷകരമായ രീതിയിൽ സംസാരിക്കുകയുമില്ല, മറിച്ച് അവർക്ക് സങ്കടവും അപമാനവും വരുത്തുന്ന രീതിയിലായിരിക്കും സംസാരിക്കുക. {وَلَا يَنْظُرُ إِلَيْهِمْ يَوْمَ الْقِيَامَةِ} അന്ത്യനാളിൽ അല്ലാഹു അവരെ കരുണയുടെയോ ആർദ്രതയുടെയോ കണ്ണുകളോടെ നോക്കുകയോ, അവരെ സന്തോഷിപ്പിക്കുന്ന രീതിയിൽ പരിഗണിക്കുകയോ ഇല്ല. {وَلَا يُزَكِّيهِمْ} പാപമോചനം നൽകി പാപങ്ങളിൽ നിന്നും അഴുക്കുകളിൽ നിന്നും അവരെ ശുദ്ധീകരിക്കുകയില്ല; തൻ്റെ സ്വാലിഹീങ്ങളായ ദാസന്മാരെ പ്രശംസിക്കുന്നതുപോലെ അവരെ പ്രശംസിക്കുകയുമില്ല. മറിച്ച്, അവരുടെ വഞ്ചനക്കുള്ള പ്രതിഫലമായി അവൻ അവരോട് കോപിക്കുകയും പ്രതികാരം ചെയ്യുകയും ചെയ്യും. {وَلَهُمْ عَذَابٌ أَلِيمٌ} അവർ ചെയ്തുകൂട്ടിയ കാര്യങ്ങൾ കാരണം വേദനാജനകമായ ശിക്ഷയും അവർക്കുണ്ടായിരിക്കും.
തുടർന്ന് താബിഈ വര്യനായ അബൂവാഇൽ ശഖീഖ് ബ്നു സലമ رحمه الله നിവേദനം ചെയ്യുന്നു: അശ്അസ് ബിൻ ഖൈസ് رضي الله عنه ഞങ്ങള്‍ ഇരുന്ന സ്ഥലത്തേക്ക് വന്നു. അബ്ദുല്ലാഹി ബിൻ മസ്ഊദ് (അബൂ അബ്ദിർറഹ്മാൻ) رضي الله عنه എന്താണ് നിങ്ങളോട് ഉദ്ധരിച്ചത് എന്ന് അദ്ദേഹം ചോദിച്ചു. അവർ വിവരമറിയിച്ചപ്പോൾ അശ്അസ് رضي الله عنه പറഞ്ഞു: "അദ്ദേഹം പറഞ്ഞത് സത്യമാണ്." ശേഷം ഈ ആയത്ത് തൻ്റെ കാര്യത്തിലാണ് ഇറങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
അദ്ദേഹം സംഭവം വിവരിച്ചു: താനും മറ്റൊരാളും (മഅ്ദാൻ ബിൻ അൽ-അസ്‌വദ് ബിൻ മഅ്ദീ കരിബ് അൽ-കിന്ദി) തമ്മിൽ ഒരു കിണറിന്‍റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കമുണ്ടായി. അവർ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യുടെ അടുക്കൽ വിധിതേടിയെത്തി. അപ്പോൾ നബി صلى الله عليه وسلم അശ്അസിനോട് പറഞ്ഞു: "നിന്‍റെ രണ്ട് സാക്ഷികളെ കൊണ്ടുവരിക." അതായത് തെളിവ് ഹാജരാക്കുക. കാരണം അശ്അസ് رضي الله عنه ആണ് കിണർ തന്‍റെതാണെന്ന് അവകാശപ്പെട്ടത്; കിണറാകട്ടെ ആ മറ്റേയാളുടെ കൈവശത്തിലും കൈകാര്യത്തിലുമായിരുന്നു. "അല്ലെങ്കിൽ അവന്‍റെ സത്യം" (അതായത്: നിനക്ക് തെളിവില്ലെങ്കിൽ, പ്രതിയായ അവൻ സത്യം ചെയ്യട്ടെ). അപ്പോൾ അശ്അസ് رضي الله عنه പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂലേ, എന്നാൽ അവൻ യാതൊരു മടിയുമില്ലാതെ (സത്യത്തിന്‍റെ ഗൗരവം നോക്കാതെ) സത്യം ചെയ്യുമല്ലോ." തൻ്റെ പക്കൽ സാക്ഷികളോ തെളിവോ ഇല്ല എന്നതിലേക്കുള്ള സൂചനയായിരുന്നു അത്.
തുടർന്ന് ഇബ്നു മസ്ഊദ് رضي الله عنه ഉദ്ധരിച്ചതിന് സമാനമായ ഹദീസ് അദ്ദേഹവും വിവരിച്ചു. അബൂദാവൂദിന്‍റെ റിപ്പോർട്ടിൽ ഇപ്രകാരം കാണാം: പ്രതിയായ ആ കിന്ദി ഗോത്രക്കാരൻ സത്യം ചെയ്യാൻ ഒരുങ്ങിയപ്പോൾ, അവൻ സത്യം ചെയ്യുന്നതിന് തൊട്ടുമുമ്പ് നബി صلى الله عليه وسلم ഈ കഠിനമായ താക്കീത് അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. അത് കേട്ടപ്പോൾ ആ കിന്ദി ഗോത്രക്കാരൻ പറഞ്ഞു: "അത് അദ്ദേഹത്തിന്‍റെ (അശ്അസിന്‍റെ) ഭൂമി തന്നെയാണ് (കിണർ അദ്ദേഹത്തിന്‍റെതാണ്)."

No comments:
Post a Comment