عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
അത്താഴം വരെ നോമ്പ് നീട്ടിക്കൊണ്ട് പോകല്‍
202 - وَلِمُسْلِمٍ عَنْ أَبِي سَعِيدٍ
الْخُدْرِيِّ رضي الله عنه: (فَأَيُّكُمْ أَرَادَ أَنْ يُوَاصِلَ
فَلْيُوَاصِلْ إلَى السَّحَرِ).
അബൂ സഈദ് അൽ ഖുദ്‌രി رضي الله عنه വിൽ നിന്ന് നിവേദനം; നബി صلى الله عليه وسلم പറഞ്ഞു: «നിങ്ങളിൽ ആരെങ്കിലും (നോമ്പ്) തുടർന്നു കൊണ്ടുപോകാൻ (വിസ്വാൽ ചെയ്യാൻ) ഉദ്ദേശിക്കുന്നുവെങ്കിൽ, അവൻ അത് അത്താഴ സമയം വരെ നീട്ടിക്കൊള്ളട്ടെ.»
വിവരണം
വിസ്വാൽ (തുടർച്ചയായ നോമ്പ്) എന്നാൽ എന്ത്?
ഖാളി ഇയ്യാദ് رحمه الله വ്യക്തമാക്കുന്നത് പോലെ, അസ്തമയ സമയം നോമ്പ് തുറക്കാതെ തുടർച്ചയായി നോമ്പ് നോൽക്കുന്നതിനെയാണ് 'വിസ്വാൽ' എന്ന് പറയുന്നത്. ഇബ്നുൽ അസീർ നൽകുന്ന വിശദീകരണപ്രകാരം, രണ്ട് ദിവസമോ അതിലധികമോ തുടർച്ചയായി ഭക്ഷണമോ പാനീയമോ ഇല്ലാതെ നോമ്പ് അനുഷ്ഠിക്കുന്നതാണിത്.
വിസാലിനെതിരെയുള്ള വിലക്കും പ്രവാചക മാതൃകയും:
നബി صلى الله عليه وسلم തന്‍റെ അനുയായികളോടുള്ള കാരുണ്യവും അനുകമ്പയും കാരണമാണ് വിസ്വാലിനെ വിലക്കിയത്. എന്നാൽ നബി صلى الله عليه وسلم വിസാൽ അനുഷ്ഠിക്കുന്നത് കണ്ട സ്വഹാബികൾ, നന്മകളോടുള്ള താല്പര്യം കാരണം നബി صلى الله عليه وسلم യെ മാതൃകയാക്കി വിസ്വാൽ അനുഷ്ഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: "എന്നെപ്പോലെയല്ല നിങ്ങൾ; ഞാന്‍ ഭക്ഷണം നൽകപ്പെടുകയും വെള്ളം കുടിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്", എങ്കിലും നിങ്ങളിൽ ആരെങ്കിലും നോമ്പ് നീട്ടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് അത്താഴ സമയം വരെ മാത്രമേ പാടുള്ളൂ എന്ന് നബി صلى الله عليه وسلم അനുവാദം നൽകി.
വിസ്വാൽ വിലക്കിയതിന്‍റെ പിന്നിലെ ലക്ഷ്യങ്ങൾ:
വിസ്വാൽ വിലക്കിയതിന് പിന്നിൽ ധാരാളം കാരണങ്ങളുണ്ട്. അവയില്‍ പെട്ടവയാണ്:-
1- വിശ്വാസികളോടുള്ള നബി صلى الله عليه وسلم യുടെ കാരുണ്യമാണത്.
2- ആരാധനകളിൽ അമിതമായ തീവ്രതയും കാപട്യവും ഒഴിവാക്കുക എന്നതാണ്.
3- ശാരീരികമായ തളർച്ചയും ബലഹീനതയും ഒഴിവാക്കാനാണ്.
4- ആരാധനകളിൽ മടുപ്പ് ഉണ്ടാകാതിരിക്കാനാണ്.
5- വേദക്കാരായ (അഹ്ലുൽ കിതാബ്) ജനതയുമായുള്ള ആരാധനാക്രമങ്ങളിലെ വ്യത്യാസം നിലനിർത്താനാണ്; അതിനാൽ അത്താഴം കഴിക്കൽ വിശ്വാസികൾക്ക് നിർബന്ധമാക്കി.
6- മറ്റ് ബാധ്യതകൾ നിറവേറ്റുന്നതിൽ വീഴ്ച വരുത്താതിരിക്കാനാണ്. തന്‍റെ റബ്ബിനോടും സ്വന്തം ശരീരത്തോടും കുടുംബത്തോടുമുള്ള അവകാശങ്ങൾ നിര്‍വ്വഹിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്.
ഇമാം ഖുർത്വുബി رحمه الله വിശദീകരിക്കുന്നത് ഇപ്രകാരമാണ്: വിസ്വാൽ (തുടർച്ചയായ നോമ്പ്) അനുവദനീയമാണെന്ന് വാദിക്കുന്നവർ പറയുന്നത്, നബി صلى الله عليه وسلم ഇത് വിലക്കിയത് അന്ന് ജനങ്ങൾ പുതുതായി ഇസ്‌ലാമിലേക്ക് വന്നവരായതുകൊണ്ടാണ് എന്നാണ്. അവർ വിസ്വാൽ പോലുള്ള കഠിനമായ ആരാധനകൾ ഏറ്റെടുക്കുകയും അത് വഴി തളർന്നുപോവുകയും, അതിനേക്കാൾ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ബലഹീനരാവുകയും ചെയ്യുമെന്ന് നബി صلى الله عليه وسلم ഭയപ്പെട്ടു.
നബി صلى الله عليه وسلم തന്‍റെ വ്യക്തിജീവിതത്തിൽ വിസ്വാലും ഉന്നതമായ ആരാധനകളും പതിവാക്കിയിരുന്നു. സ്വഹാബികൾ അതിനെക്കുറിച്ച് ചോദിച്ചപ്പോൾ താനും അവരും തമ്മിലുള്ള വ്യത്യാസം നബി صلى الله عليه وسلم വ്യക്തമാക്കുകയുണ്ടായി.
ഇമാം ഇബ്നു കസീർ رحمه الله പറയുന്നു: വിസ്വാലിനെതിരെയുള്ള വിലക്കിനെ സ്വഹാബികൾ ഒരു ഉപദേശമായിട്ടാണ് കണ്ടിരുന്നത്. അതായത് നബി صلى الله عليه وسلم യോടുള്ള സ്നേഹവും അനുകമ്പയും കാരണമുള്ള ഒരു നിർദ്ദേശമായിട്ടാണ് അവർ അതിനെ മനസ്സിലാക്കിയത്. ആഇശ رضي الله عنها നിവേദനം ചെയ്ത "അവരോടുള്ള കാരുണ്യത്താൽ" എന്ന ഹദീസ് ഇതിനെ സൂചിപ്പിക്കുന്നു.
ശൈഖ് ഇബ്നു ബാസ് رحمه الله ഇതിനെക്കുറിച്ച് വിശദീകരിക്കുന്നത് ഇപ്രകാരമാണ്: 'ഒരാൾക്ക് നോമ്പ് നീട്ടണം എന്നുണ്ടെങ്കിൽ നബി صلى الله عليه وسلم പറഞ്ഞതുപോലെ അത്താഴ സമയം വരെ നീട്ടാവുന്നതാണ്. രാത്രിയിലെ ഭക്ഷണവും നോമ്പ് തുറയും ഒഴിവാക്കി അത്താഴം മുതൽ അത്താഴം വരെ നോമ്പ് നോൽക്കുന്നതിൽ കുഴപ്പമില്ല. എങ്കിലും ജനങ്ങളോടൊപ്പം സൂര്യൻ അസ്തമിക്കുമ്പോൾ തന്നെ നോമ്പ് തുറക്കുന്നതാണ് ഏറ്റവും ഉത്തമം. അത് അല്ലാഹു നൽകിയ ഇളവിനെ സ്വീകരിക്കലുമാകുന്നു. നബി صلى الله عليه وسلم പറഞ്ഞു: "സൂര്യൻ അസ്തമിച്ചാൽ നോമ്പുകാരൻ നോമ്പ് തുറന്നു." മറ്റൊരു ഹദീസിൽ നബി صلى الله عليه وسلم പറഞ്ഞു: "നോമ്പ് തുറക്കാൻ ധൃതി കാണിക്കുന്ന കാലത്തോളം ജനങ്ങൾ നന്മയിലായിരിക്കും." അല്ലാഹു പറയുന്നു: "എന്‍റെ അടിമകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ നോമ്പ് തുറക്കാൻ ധൃതി കാണിക്കുന്നവരാണ്." ഇതാണ് സുന്നത്തും അതിരു വിടാതിരിക്കലും. (الموقع الرسمي لسماحة الشيخ ابن باز رحمه الله)
ഇസ്‌ലാമിക ശരീഅത്ത് എന്നത് അതീവ ലളിതവും എളുപ്പവുമാണ്. അതിൽ പ്രയാസങ്ങളോ, തീവ്രതയോ, അമിത ഭക്തിയോ ഇല്ല. സ്വന്തം ശരീരത്തെ പീഡിപ്പിക്കുന്നതിനെയോ തളർത്തുന്നതിനെയോ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മിതമായ പ്രവർത്തനങ്ങളാണ് കൂടുതൽ കാലം നിലനിൽക്കുന്നതും മടുപ്പ് ഒഴിവാക്കുന്നതും. ആരാധനകളിൽ അല്ലാഹുവിനുള്ള അവകാശവും ശരീരത്തിന് നൽകേണ്ട അവകാശവും നീതിയോടെ പാലിക്കുക എന്നതാണ് ഇസ്‌ലാമിന്‍റെ രീതി.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- അത്താഴ സമയത്തിന് ശേഷവും നോമ്പ് തുടരുന്നത് ശാരീരികമായ പ്രയാസങ്ങല്‍ക്കോ മറ്റോ കാരണമാകുമെന്നതിനാൽ അത് തടയപ്പെട്ടിരിക്കുന്നു.
2- ശാരീരിക ശേഷിയുള്ളവർക്ക് അത്താഴ സമയം വരെ നോമ്പ് നീട്ടുന്നത് അനുവദനീയമാണെങ്കിലും, അത് ഒഴിവാക്കി സൂര്യൻ അസ്തമിക്കുമ്പോൾ തന്നെ നോമ്പ് തുറക്കുന്നതാണ് ഏറ്റവും ഉത്തമം.
3- തന്‍റെ അടിമകൾക്ക് ദോഷകരമായ കാര്യങ്ങൾ നിഷിദ്ധമാക്കിയതിലൂടെ അല്ലാഹുവിന്‍റെയും നബി صلى الله عليه وسلم യുടെയും കാരുണ്യമാണ് വെളിപ്പെടുന്നത്.
4- ഏതൊരു കാര്യത്തിലും നബി صلى الله عليه وسلم യെ പിൻപറ്റുക എന്നതാണ് അടിസ്ഥാനം. എന്നാൽ നബി صلى الله عليه وسلم ക്ക് മാത്രം പ്രത്യേകമായ കാര്യങ്ങളിൽ നാം ചെയ്യേണ്ടതില്ല. തുടർച്ചയായ വിസ്വാൽ എന്നത് നബി صلى الله عليه وسلم ക്ക് മാത്രം പ്രത്യേകമായ ഒന്നാണ്.
5- നന്മകൾ ചെയ്യുന്നതിൽ സ്വഹാബികൾ കാണിച്ച അതീവ താല്പര്യവും നബി صلى الله عليه وسلم യെ മാതൃകയാക്കാനുള്ള അവരുടെ ആവേശവും ഈ വിഷയത്തില്‍ വ്യക്തമാണ്.
6- താൻ ചെയ്യുന്നതും സ്വഹാബികൾ ചെയ്യേണ്ടതും തമ്മിലുള്ള വ്യത്യാസം അവരെ ബോധ്യപ്പെടുത്തുകയും അവരുടെ ഹൃദയങ്ങളിൽ സമാധാനം ഉണ്ടാക്കുകയും ചെയ്ത നബി صلى الله عليه وسلم യുടെ രീതി മികച്ചൊരു അധ്യാപന മാതൃകയാണ്.
7- സൂര്യൻ അസ്തമിക്കുന്നതോടെ നോമ്പ് തുറക്കാനുള്ള സമയമാകുന്നു. എന്നാൽ സൂര്യൻ അസ്തമിച്ചാൽ ഉടൻ തന്നെ ഒരാൾ 'ഭക്ഷണവും പാനീയവും കഴിക്കാതെ തന്നെ' നോമ്പില്ലാത്തവനായി മാറുന്നില്ല; അങ്ങനെയെങ്കിൽ വിസ്വാൽ എന്ന ആശയത്തിന് തന്നെ പ്രസക്തിയുണ്ടാകില്ലായിരുന്നു.
8- ആരാധനയുടെ പേരിലാണെങ്കിൽ പോലും സ്വന്തം ശരീരത്തെ അനാവശ്യമായി പീഡിപ്പിക്കുന്നത് ഇസ്‌ലാം ഇഷ്ടപ്പെടുന്നില്ല. ശരീരത്തിന് വിശ്രമവും ഭക്ഷണവും നൽകൽ അല്ലാഹുവിനോടുള്ള ബാധ്യതയുടെ ഭാഗമാണ്.
9- കഠിനമായ കാര്യങ്ങൾ ഏറ്റെടുത്ത് പെട്ടെന്ന് മടുത്തുപോകുന്നതിനേക്കാൾ, ലളിതമായ കാര്യങ്ങൾ ജീവിതകാലം മുഴുവൻ സ്ഥിരമായി ചെയ്യുന്നതിനാണ് മുൻഗണന നൽകേണ്ടത്.
10- നബി صلى الله عليه وسلم തടഞ്ഞിട്ടും തങ്ങൾ കൂടി അത് ചെയ്യാൻ സ്വഹാബികള്‍ ആഗ്രഹിച്ചത് അഹങ്കാരം കൊണ്ടല്ല, മറിച്ച് അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനുള്ള അവരുടെ അതിയായ ആഗ്രഹം കൊണ്ടായിരുന്നു. പക്ഷേ നബി صلى الله عليه وسلم യുടെ വിലക്കിനെ അവര്‍ മാനിക്കുകയുണ്ടായി.
11- ഒരു കാര്യം വിലക്കുമ്പോൾ അത് എന്തിനാണ് എന്ന് വ്യക്തമാക്കുന്നത് അനുയായികൾക്ക് അത് സ്വീകരിക്കാനും മനസ്സിലാക്കാനും എളുപ്പമുണ്ടാക്കുന്നു. നബി صلى الله عليه وسلم സ്വഹാബികൾക്ക് കാരണം വിശദീകരിച്ചു കൊടുത്തത് ഇതുകൊണ്ടാണ്.
12- ഒരു വിശ്വാസി തന്‍റെ ഇഷ്ടങ്ങളേക്കാൾ നബി صلى الله عليه وسلم യുടെ കൽപ്പനകൾക്ക് മുൻഗണന നൽകണം. സ്വന്തം താല്പര്യപ്രകാരം ആരാധനകളിൽ പുതുമകൾ (ബിദ്അത്ത്) കൊണ്ടുവരുന്നത് അപകടമാണ്.
13- ഐഹികമായ സുഖങ്ങളെ പൂർണ്ണമായി ഉപേക്ഷിക്കുന്ന സന്യാസ ജീവിതത്തിനും അമിതമായ സുഖലോലുപതക്കും ഇടയിലുള്ള മധ്യമ നിലപാടാണ് ഇസ്‌ലാമിക ആരാധനാക്രമങ്ങൾ.

No comments:
Post a Comment