ഫോളോ ചെയ്യാം

Saturday, 7 February 2026

474 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 214 دروس الحديث - ഇഅ്തികാഫ് പ്രബലമായ കര്‍മം

 

 




عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

ഇഅ്തികാഫ്  പ്രബലമായ കര്‍മം 


بابُ الاعتكافِ

ഇഅ്തികാഫ് 

214 - عَنْ عَائِشَةَ رضي الله عنها: ((أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَعْتَكِفُ فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ ، حَتَّى تَوَفَّاهُ اللَّهُ عَزَّ وَجَلَّ. ثُمَّ اعْتَكَفَ أَزْوَاجُهُ بَعْدَهُ)) . 
وَفِي لَفْظٍ ((كَانَ رَسُولُ اللَّهِ صلى الله عليه وسلم يَعْتَكِفُ فِي كُلِّ رَمَضَانَ. فَإِذَا صَلَّى الْغَدَاةَ جَاءَ مَكَانَهُ الَّذِي اعْتَكَفَ فِيهِ)) .

ആഇശ رضي الله عنها യില്‍ നിന്ന് നിവേദനം: «അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم റമദാനിലെ അവസാന പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു; അല്ലാഹു റസൂല്‍ صلى الله عليه وسلم യെ മരിപ്പിക്കുന്നത് വരെ അത് തുടർന്നു. അതിനു ശേഷം റസൂല്‍ صلى الله عليه وسلم യുടെ പത്നിമാരും ഇഅ്തികാഫ് ഇരുന്നു.»

    മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം വന്നിരിക്കുന്നു: «റസൂൽ صلى الله عليه وسلم എല്ലാ റമദാനിലും ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹം സുബ്ഹി നമസ്കരിച്ചു കഴിഞ്ഞാൽ  ഇഅ്തികാഫിനായി നിശ്ചയിച്ച സ്ഥലത്തേക്ക് പ്രവേശിക്കുമായിരുന്നു.»

  • الغداة: സുബ്ഹി (പ്രഭാതം).

വിവരണം

 അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുന്നതിനായി റസൂൽ صلى الله عليه وسلم  ആരാധനകളിൽ അതീവ ജാഗ്രത പുലർത്തിയിരുന്നു. ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ചുകൊണ്ടും, നോമ്പ്, നമസ്കാരം, ദിക്റുകൾ എന്നിവയിലൂടെ അല്ലാഹുവിലേക്ക് പൂർണ്ണമായി മടങ്ങുന്നതിനും വേണ്ടി റമദാനിലെ അവസാന പത്തിൽ റസൂല്‍ صلى الله عليه وسلم  ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു.

    ഈ ഹദീസിൽ വിശ്വാസികളുടെ മാതാവ് ആഇശ رضي الله عنها വിവരിക്കുന്നു: റസൂല്‍ صلى الله عليه وسلم റമദാനിലെ അവസാന പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. ഇരുപത്തിയൊന്നാം രാവ് മുതലാണ് ഈ പത്ത് ദിവസങ്ങൾ ആരംഭിക്കുന്നത്. അല്ലാഹുവിലേക്ക് അടുക്കുക എന്ന ഉദ്ദേശ്യത്തോടെ  പകലോ രാത്രിയോ പള്ളിയിൽ താമസിക്കുന്നതിനെയാണ് 'ഇഅ്തികാഫ്' എന്ന് പറയുന്നത്. റസൂല്‍ صلى الله عليه وسلم തന്‍റെ മരണം വരെ എല്ലാ റമദാനിലും അവസാന പത്തിൽ ഇഅ്തികാഫ് ഇരിക്കുന്നത് പതിവാക്കിയിരുന്നു. അദ്ദേഹത്തിന് ശേഷം അദ്ദേഹത്തിന്‍റെ പത്നിമാരും ഇപ്രകാരം പള്ളിയിൽ ഇഅ്തികാഫ് ഇരുന്നിരുന്നു. ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസിൽ, റസൂല്‍ صلى الله عليه وسلم യുടെ ജീവിതകാലത്തും ചില പത്നിമാർ അദ്ദേഹത്തോടൊപ്പം ഇഅ്തികാഫ് ഇരുന്നിരുന്നതായി ആഇശ رضي الله عنها വ്യക്തമാക്കുന്നുണ്ട്. റസൂല്‍ صلى الله عليه وسلم യുടെ ജീവിതകാലത്തും മരണശേഷവും അവർ ഈ കർമ്മം തുടർന്നുപോന്നു.

    ആദ്യകാലങ്ങളിൽ റസൂല്‍ صلى الله عليه وسلم റമദാനിലെ ആദ്യ പത്തിലും രണ്ടാം പത്തിലും ഇഅ്തികാഫ് ഇരുന്നിരുന്നു. പിന്നീട് ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ചുകൊണ്ട് അവസാന പത്തിൽ ഇഅ്തികാഫ് ഇരിക്കുന്നത് സ്ഥിരമാക്കുകയാണുണ്ടായത്.


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- പള്ളികളിൽ ഇഅ്തികാഫ് ഇരിക്കുന്നത് ശറഇയ്യായ കർമ്മമാണ്. അതിന് വലിയ പ്രാധാന്യമുണ്ടെന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നു. 

2- നിശ്ചിത നിബന്ധനകൾ പാലിച്ചുകൊണ്ടും ഫിത്‌നകളിൽ നിന്ന് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയും സ്ത്രീകൾക്കും പള്ളികളിൽ ഇഅ്തികാഫ് ഇരിക്കാവുന്നതാണ്.

3- റസൂല്‍ صلى الله عليه وسلم തന്‍റെ ജീവിതകാലമത്രയും പതിവാക്കിയതുപോലെ, റമദാനിലെ അവസാന പത്തിൽ ഇഅ്തികാഫ് ഇരിക്കുന്നത് ഏറെ പുണ്യകരമായ കാര്യമാണ്.

4- ഇഅ്തികാഫ് എന്നത് ദുർബലമാക്കപ്പെടാത്ത (നസ്ഖ് ചെയ്യപ്പെടാത്ത), എന്നും നിലനിൽക്കുന്ന സുന്നത്താണ്. റസൂല്‍ صلى الله عليه وسلم യുടെ മരണശേഷം അവരുടെ പത്നിമാർ ഇഅ്തികാഫ് ഇരുന്നത് ഇതിന് തെളിവാണ്.



No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...